മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

സാൾട്ട് ആൻഡ് പെപ്പെർ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  :  08-07-2011    സമയദൈർഘ്യം : 118 മിനുട്സ്   സംവിധാനം : ആഷിഖ് അബു        നിർമ്മാണം : സദാനന്ദൻ രാഗോരത്ത്         ബാനർ :ലുക്‌സാം ക്രിയേഷൻസ്       രചന  :ശ്യാം പുഷ്ക്കരൻ , ദിലീഷ് നായർ   ഛായാഗ്രഹണം: ഷൈജു ഖാലിദ്                       ചിത്രസന്നിവേശം: വി.സാജൻ             കലാസംവിധാനം : കൊല്ലം സുരേഷ്                ശബ്ദലേഖനം : പി.എസ് .ചാൾസ്   സംഗീതം : ബിജി ബാൽ പ്രധാന അഭിനേതാക്കൾ: ലാൽ, ആസിഫ് അലി, ശ്വേതാ മേനോൻ ,മൈഥിലി, ബാബുരാജ് 



 



സിനിമ സംഗ്രഹം:

ഭക്ഷണത്തോടുള്ള ഇഷ്ടവും പ്രണയവും ഒത്തുചേരുന്ന ഒരു റൊമാന്റിക് കോമഡി പരിചരണമാണ് സിനിമയുടെ പ്രമേയത്തിന്. . പുരാവസ്തു വകുപ്പിൽ ഉദ്യോഗസ്ഥനായ കാളിദാസനും ഡബ്ബിംഗ് ആർട്ടിസ്റ്റായ മായയും ഒരു കോളിലൂടെ പരിചയപ്പെടുന്നതും, ഭക്ഷണത്തോടുള്ള ഇരുവരുടെയും താല്പര്യം അവരെ ആത്മമിത്രങ്ങളാക്കി മാറ്റുന്നതുമാണ് കഥയുടെ കാതൽ. നേരിൽ കാണാൻ തീരുമാനിക്കുമ്പോൾ പ്രായക്കൂടുതൽ കാരണമുള്ള അപകർഷതാബോധം മൂലം ഇരുവരും തങ്ങൾക്ക് പകരം പ്രായം കുറഞ്ഞ മനുവിനെയും മീനാക്ഷിയെയും അയക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രം ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത്. കാളിദാസനും മായയും ഒന്നിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു. .



 



പഠനങ്ങൾ / ലിങ്കുകൾ:

 



“മലയാളികളുടെ അഭിരുചികൾ മാറുന്നതിന്റെ പ്രതിഫലനം വസ്ത്രധാരണത്തിൽ, ഭക്ഷണവിനിയോഗത്തിൽ, കലകളുടെ ആസ്വാദനത്തിൽ, വിദ്യാഭ്യാസരീതിയിൽ, ഗൃഹനിർമ്മാണത്തിൽ, വ്യക്തിബന്ധങ്ങളിലെല്ലാം ദർശിക്കാനാവും. സവിശേഷമായ ഈ മാറ്റം ചലച്ചിത്രത്തിന്റെ കാഴ്ചാനുഭവത്തിലും മാറ്റങ്ങൾ സൃഷ്ടിച്ചു. ആ മാറ്റം സിനിമയിലെ ജനപ്രിയഘടകങ്ങളെപ്പറ്റിയുള്ള ചിന്തയിലും ജനപ്രിയഘടകങ്ങളുടെ സ്വഭാവത്തിലും ഉചിതമായ മാറ്റം വരുത്തി. ഈ പശ്ചാത്തലത്തിലാണ് സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമയാകുന്നത്. സിനിമയുടെ സവിശേഷതകളെപ്പറ്റി ചിത്രവിശേഷമെന്ന ബ്ലോഗിൽ പറയുന്ന കാര്യങ്ങളും വിലമതിക്കേണ്ടതുണ്ട്. …."



(പേജ് :112,സാൾട്ആൻഡ്പെപ്പർ:മാറുന്നജനപ്രിയകാഴ്ചകൾ .,ജോസ് കെ മാനുവൽ ,ന്യൂ ജനറേഷൻ സിനിമ ,dc books ,2012)



 



പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം




  • മികച്ച ജനപ്രിയ ചിത്രം 

  • മികച്ച നടി -ശ്വേതാ മേനോൻ 



പ്രയാണം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  : 20-006- 1975      സമയദൈർഘ്യം : 110 മിനുട്സ്   സംവിധാനം : ഭരതൻ                   നിർമ്മാണം : ഭരതൻ           ബാനർ : ഗംഗാ മൂവി മേക്കേഴ്‌സ്    രചന  : പദ്മരാജൻ   ഛായാഗ്രഹണം: ബാലു മഹേന്ദ്ര             ചിത്രസന്നിവേശം : എൻ.പി.സുരേഷ്            കലാസംവിധാനം :ഭരതൻ                 ശബ്ദലേഖനം : ദേവദാസ്.പി   സംഗീതം :എം.ബി.ശ്രീനിവാസൻ   പ്രധാന അഭിനേതാക്കൾ: മോഹൻ ശർമ്മ, കൊട്ടാരക്കര ശ്രീധരൻ നായർ, മാസ്റ്റർ രഘു, ലക്ഷ്മി, കവിയൂർ പൊന്നമ്മ



സിനിമ സംഗ്രഹം:

ഒരു ബ്രാഹ്മണ കുടുംബത്തിലെ സങ്കീർണ്ണമായ ബന്ധങ്ങളെയും വ്യക്തിപരമായ സംഘർഷങ്ങളെയും പശ്ചാത്തലമാക്കിയാണ് പ്രമേയം വികസിക്കുന്നത്. വാർദ്ധക്യത്തിലെത്തിയ മൂത്ത നമ്പൂതിരി  തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു യുവതിയെ വിവാഹം കഴിക്കുന്നതും, ആ ബന്ധത്തിൽ ഉണ്ടാകുന്ന വൈകാരികമായ വിടവുകളാണ് ചിത്രത്തിന്റെ കാതൽ. യുവതിയായ ഭാര്യയുടെ ഏകാന്തതയും പ്രണയത്തോടുള്ള ആഗ്രഹവും, അപ്രതീക്ഷിതമായി കടന്നുവരുന്ന മറ്റൊരു പുരുഷനുമായുള്ള  ബന്ധവും വലിയൊരു വേദനയായി  നമ്പൂതിരിക്ക് അനുഭവപ്പെടുന്നു. പരമ്പരാഗതമായ വിശ്വാസങ്ങളും മനുഷ്യമനസ്സിന്റെ സ്വാഭാവികമായ വികാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ആവിഷ്കരിച്ച ഈ ചിത്രം ഭരതന്റെ തനതായ ദൃശ്യഭാഷയാൽ രചിക്കപ്പെട്ട ഒന്നാണ് .



 



പഠനങ്ങൾ / ലിങ്കുകൾ:

"പ്രയാണം എന്ന ചിത്രത്തിന്റെ മാംസനിബദ്ധമായ ഇതിവൃത്തവും ചടുലമായ തിരക്കഥയും ജനപ്രിയ സിനിമയുടെ നാന്ദി കുറിച്ചു. ഒരു വൃദ്ധന്റെ മാനസിക വ്യാപാരങ്ങളിലൂടെ യുവതിയായ ഭാര്യയുടെ വിഹ്വലതകളും സഫലീകരിക്കപ്പെടാത്ത ആഗ്രഹങ്ങളും വെള്ളിത്തിരയിൽ തെളിഞ്ഞപ്പോൾ ജനത്തിന് അത് അനുഭൂതിയായി. കഥാബീജം ഭരതൻ നൽകി. തിരക്കഥ പത്മരാജനും. അതുവരെ കണ്ടുവന്ന ചലച്ചിത്രത്തിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു പ്രയാണത്തിന്റെ പ്രമേയം." (പേ:18,ജനപ്രിയതയുടെ രാജശില്പികൾ ,കാവിൽരാജ് .എഛ് ആൻഡ് സി ബുക്ക്സ് ,2005)



 



 






View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം




  • മികച്ച ബാല  നടൻ - മാസ്റ്റർ രഘു 

  • മികച്ച കലാ സംവിധാനം   - ഭരതൻ 

  • മികച്ച ഛായാഗ്രാഹണം  -ബാലു മഹേന്ദ്ര



ചെമ്മീൻ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം  :  19-08-1965   സമയദൈർഘ്യം : 140 മിനുട്സ്   സംവിധാനം : രാമു കാര്യാട്ട്         നിർമ്മാണം : ബാബു സേട്ട്           ബാനർ : കണ്മണി ഫിലിംസ്      രചന  : തകഴി, എസ്.എൽ.പുരം സദാനന്ദൻ  ഛായാഗ്രഹണം: മർക്കസ് ബട്ടർലി                      ചിത്രസന്നിവേശം : ഋഷികേശ് മുഖർജി            കലാസംവിധാനം : എസ്.കൊന്നനാട്ട്                 ശബ്ദലേഖനം : രഘു   സംഗീതം : സലീൽ ചൗധരി   പ്രധാന അഭിനേതാക്കൾ: സത്യൻ, ഷീല, മധു, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭവാനി 



 



സിനിമ സംഗ്രഹം:

തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീൻ’ എന്ന  നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ചെമ്മീൻ', കടപ്പുറത്തെ അരയന്മാരുടെ ജീവിതവും വിശ്വാസങ്ങളും പ്രണയവും പ്രമേയമാക്കിയ ഒരു ചലച്ചിത്രമാണ്. ഹിന്ദുവായ കറുത്തമ്മയും മുസ്ലിം വ്യാപാരിയായ പരീക്കുട്ടിയും തമ്മിലുള്ള തീവ്രമായ പ്രണയവും, മകളുടെ പ്രണയത്തെ അവഗണിച്ചു പരീക്കുട്ടിയുടെ പണം ഉപയോഗിച്ച് വലയും വള്ളവും വാങ്ങി ധനികനാകാൻ ശ്രമിക്കുന്ന ചെമ്പൻകുഞ്ഞിന്റെ അത്യാഗ്രഹവുമാണ് കഥയുടെ കേന്ദ്രബിന്ദു. കടലിൽ പോകുന്ന പുരുഷന്റെ സുരക്ഷ തീരത്തിരിക്കുന്ന ഭാര്യയുടെ പരിശുദ്ധിയിലാണെന്ന കടപ്പുറത്തെ അന്ധവിശ്വാസം കഥാഗതിയെ സ്വാധീനിക്കുന്നു. കറുത്തമ്മയുടെ വിവാഹം പളനിയുമായി നടക്കുന്നുണ്ടെങ്കിലും, പരീക്കുട്ടിയുമായുള്ള  പ്രണയം കറുത്തമ്മയെ  വേട്ടയാടുന്നു. ഒടുവിൽ ഒരു രാത്രിയിൽ കറുത്തമ്മയും പരീക്കുട്ടിയും വീണ്ടും കണ്ടുമുട്ടുമ്പോൾ, കടലിൽ പളനി ചുഴിയിൽപ്പെട്ട് മരണമടയുന്നതും തുടർന്ന് പരീക്കുട്ടിയും കറുത്തമ്മയും കടപ്പുറത്ത് ജീവനറ്റ നിലയിൽ കാണപ്പെടുന്നതുമായ ദുരന്തപര്യവസായമാണ് ചിത്രത്തിനുള്ളത്.



പഠനങ്ങൾ / ലിങ്കുകൾ:

“ആത്മബലിയോളമെത്തുന്ന പരസ്പരമുള്ള ‘കരുതൽ’നിന്നും സമർപ്പണത്തിൽനിന്നുമാണ്, ഏതൊരു പ്രണയവും കരുത്താർജിക്കുന്നത്. ‘എല്ലാം നിനക്കുവേണ്ടി’ എന്ന പറയപ്പെടാത്ത ഒരൊറ്റ വാക്കത്തിൽ വെച്ച്, നിർവൃതിയുടെ പൂങ്കാവനങ്ങൾ നിർമ്മിക്കും. അയാൾ ആണയിട്ട് പറഞ്ഞു, അയാളുടെ ഏറ്റവും വലിയ ആശ അവളുടെ സുഖമാണെന്ന്. അയാൾ പറഞ്ഞു: “ഞാനിവിടിരുന്നു പാടും, ഉറച്ചുപാടും” അവൾ പ്രതിവചിച്ചു: “ഞാനീ പാട്ട് തുടങ്ങുപ്പഴേ കടപ്പുറത്തിരുന്നു കേൾക്കും”. അങ്ങനെ പാടിപ്പാടി തൊണ്ട പൊട്ടി ഞാനങ്ങു ചാകും”. “നെഞ്ചു പൊട്ടി ഞാനും ചാകും”.അപ്പൊ ഈ കടപ്പുറത്ത് രണ്ടാത്മാക്കൾ ഈ നിലാവത്തു പറഞ്ഞു നടക്കും”. “അതെ” എന്ന് പരീക്കുട്ടി പറഞ്ഞു. പിന്നെ ആരുമാരും ഒന്നും മിണ്ടിയില്ല. അവൾ ഒന്നും മിണ്ടാതെ സാവധാനം കിഴക്കോട്ടു നടന്നു. അതായിരുന്നു അവളുടെ യാത്ര പറച്ചിൽ. അവളെത്തന്നെ അയാൾ നോക്കിക്കൊണ്ടിരുന്നു. അതായിരുന്നു അയാളുടെ വിട നൽകൽ. അങ്ങനെ അവർ അകന്നു” (ചെമ്മീൻ). വേർപിരിയാനാവാത്തവിധമുള്ള ഒരടുപ്പത്തിന്റെ ആമുഖമാകുംവിധം മൗനനിർഭരമായ ആ അകൽച്ച മാറുകയും ‘ചെമ്മീൻ’ അതോടെ ഹൃദ്യമായ ഒരു ‘പ്രണയകഥ’യായി വളരുകയും ചെയ്തു.”(പേ :23,ചെമ്മീനിലെ സംഘർഷങ്ങൾ ,കെ .ഇ .എൻ .റാസ്ബെറി ബുക്ക്സ് ,2013)



 



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ  ചലച്ചിത്ര പുരസ്കാരം




  •  മികച്ച ചിത്രം



സംസ്ഥാന ചലച്ചിത്ര പുരസ്കാരം



പ്രസിദ്ധ സാഹിത്യകാരൻ തകഴി ശിവശങ്കരപിള്ളയുടെ അതെ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം  



പ്രസിഡന്റിന്റെ “സുവർണ്ണകമലം”  നേടിയ ദക്ഷിണെന്ത്യയിൽ നിന്നുള്ള ആദ്യ ചിത്രമാണ് “ചെമ്മീൻ”



 



22 ഫീമെയിൽ കോട്ടയം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 13-04-2012  സമയദൈർഘ്യം : 122 മിനുട്സ്   സംവിധാനം : ആഷിഖ് അബു      നിർമ്മാണം : ഒ .ജി.സുനിൽ    ബാനർ :ഫിലിം ബ്രൂവറീ  രചന : അഭിലാഷ് എസ്. കുമാർ,ശ്യാം പുഷ്കരൻ    ഛായാഗ്രഹണം : ഷൈജു ഖാലിദ്  ചിത്രസന്നിവേശം :.വിവേക് ഹർഷൻ       സംഗീതം : റെക്സ് വിജയൻ,ബിജി ബാൽ   പ്രധാന അഭിനേതാക്കൾ  : റീമ കല്ലിങ്ങൽ,ഫഹദ് ഫാസിൽ, പ്രതാപ് പോത്തൻ, ടി.ജി.രവി, സത്താർ



സിനിമ സംഗ്രഹം:

ബംഗളൂരുവിൽ നഴ്സായി ജോലി ചെയ്യുന്ന കൊട്ടയം സ്വദേശിനി ടെസ്സ കെ. എബ്രഹാമിനെ കേന്ദ്രീകരിച്ചാണ് പ്രമേയം  വികസിക്കുന്നത്. വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിനിടയിൽ ടെസ്സ സിറിൾ എന്ന യുവാവുമായി പ്രണയത്തിലാകുന്നു. സിറിളിന്നെ പൂർണ്ണമായും വിശ്വസിക്കുന്ന ടെസ്സ കൂടെ താമസം തുടങ്ങുന്നു.സിറിളിന്റെ ഒത്താശയോടെ അവന്റെ ബോസായ ഹെഗ്‌ഡെ എന്നയാൾ ടെസ്സയെ പീഡിപ്പിക്കുന്നു. ഈ ചതിയിൽ തകർന്നുപോയ  ടെസ്സ പീഡിപ്പിച്ചവരോട് പ്രതികാരം ചെയ്യുകയും  ജയിലിലാകുകയും ചെയ്യുന്നു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുന്ന ടെസ്സ, തന്നെ ചതിച്ചവരോട് തന്ത്രത്തിൽ  ക്രൂരമായി  പകവീട്ടുന്നതാണ് സിനിമയുടെ കാതൽ



പഠനങ്ങൾ / ലിങ്കുകൾ:

“കനലുകൾ വാരിയിട്ട സിനിമയാണ് 22 ഫീമെയിൽ കോട്ടയം. മലയാളത്തിലെ പുതുകാല സിനിമകളുമായി ബന്ധപ്പെട്ട് ഏറെ വിലയിരുത്തപ്പെട്ട സിനിമകളിൽ ഒന്നും ഇതുതന്നെയാണ്. നിലനിൽക്കുന്നെന്നു വിശ്വസിക്കുന്ന സാംസ്കാരിക പശ്ചാത്തലത്തെയും മൂല്യബോധത്തെയും തകിടം മറിച്ചുകൊണ്ട് ഈ സമൂഹത്തിൽ നടക്കുന്ന ഹിതകരമല്ലാത്ത സംഭവങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ സംവാദാത്മകമായി അവതരിപ്പിക്കുകയെന്ന ദൗത്യവും ഈ സിനിമ നിർവ്വഹിക്കുന്നുണ്ട്. ചരിത്രം, സദാചാരം, മൂല്യബോധം, സ്നേഹം, പ്രണയം, സ്ത്രീ, പുരുഷൻ, ജീവിതക്രമങ്ങൾ തുടങ്ങിയ പദങ്ങൾ ഇതുവരെ വിനിമയം ചെയ്ത അർത്ഥത്തെ സാഹചര്യവുമായി ബന്ധപ്പെടുത്തി പുനർചിന്തനത്തിന് വിധേയമാക്കുന്ന അവസ്ഥയും 22 ഫീമെയിൽ കോട്ടയം എന്ന സിനിമ മുന്നോട്ടുവെക്കുന്നു. നവമാധ്യമങ്ങളും പുതുകാലസംസ്കാരവും ആഗോളവൽക്കരണത്തിന്റെ ഭാഗമായി നിർണ്ണയിക്കപ്പെടുമ്പോൾ സാധാരണ മനുഷ്യന്റെ വിശേഷിച്ച് സ്ത്രീകളുടെ അവസ്ഥ എന്തെന്നുമുള്ള ചിന്തോദ്ദീപകമായ മറുചോദ്യം ഈ സിനിമ ഉൾക്കൊള്ളുന്നു”.



(24,,22ഫീമെയിൽ കോട്ടയം :കാലബോധം ഉൾകൊണ്ട സിനിമ ,ജോസ് കെ മാനുവൽ ,ന്യൂ ജനറേഷൻ സിനിമ , ഡി.സി.ബുക്ക്സ്  ,2012)






പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം




  • മികച്ച നടി  -റിമ കല്ലിങ്ങൽ 

  • മികച്ച സഹനടൻ-ഫഹദ് ഫാസിൽ 



 



ട്രാഫിക്ക്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 11-01-2011  സമയദൈർഘ്യം : 122 മിനുട്സ്   സംവിധാനം : രാജേഷ് പിള്ള       നിർമ്മാണം :ലിസ്റ്റിൻ സ്റ്റീഫൻ     ബാനർ :മാജിക് ഫ്രെയിംസ്   രചന : ബോബി സഞ്ജയ്     ഛായാഗ്രഹണം : ഷൈജു ഖാലിദ്  ചിത്രസന്നിവേശം :.മഹേഷ് നാരായണൻ        സംഗീതം : സാംസൺ കോട്ടൂർ,മെജോ ജോസഫ് കല : റാം സാബു ശബ്ദ ലേഖനം: എം.ആർ.രാജകൃഷ്ണൻ  പ്രധാന അഭിനേതാക്കൾ  : ശ്രീനിവാസൻ,റഹ്മാൻ ,ആസിഫ് അലി ,ലെന,കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ



 



സിനിമ സംഗ്രഹം:

പരസ്പര ബന്ധമില്ലാത്ത  വ്യക്തികളുടെ ജീവിതം ഒരു പ്രത്യേക ദിവസം ഒരു സംഭവത്തിലൂടെ കൂട്ടിമുട്ടുന്നതാണ് സിനിമയുടെ ഇതിവൃത്തം. കൊച്ചിയിൽ വെച്ച് ഒരു അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം (Brain Death) സംഭവിക്കുന്ന റൈഹാൻ എന്ന പത്രപ്രവർത്തകന്റെ ഹൃദയം, പാലക്കാട് മരണാസന്നയായി കഴിയുന്ന ഒരു പെൺകുട്ടിക്ക് എത്തിച്ചു നൽകണം എന്നതാണ് പ്രധാന ദൗത്യം.നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കിനിടയിലൂടെ രണ്ട് മണിക്കറിനുള്ളിൽ   ഹൃദയം കൊച്ചിയിൽ നിന്ന് പാലക്കാട് എത്തിക്കുക എന്നത് അസാധ്യമായ ഒന്നാണ്. ഈ വെല്ലുവിളി ഏറ്റെടുക്കുന്നത് അഴിമതിയുടെ പേരിൽ സസ്പെൻഷനിലായിരുന്ന ട്രാഫിക് പോലീസ് ഓഫീസർ സുദേവൻ ആണ്. ഹൃദയവുമായി പോകുന്ന ആ യാത്രയിൽ അവർ നേരിടുന്ന തടസ്സങ്ങളും, ആ ദൗത്യം വിജയിപ്പിക്കാൻ പലരും നടത്തുന്ന പരിശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം 



 



പഠനങ്ങൾ / ലിങ്കുകൾ:

“മലയാളസിനിമ പൊതുവേ അതിന്റെ ആഖ്യാനവേളയിൽ പിന്തുടരുന്ന ബാഹ്യസംഘട്ടനത്തിന്റെ അവതരണം, പ്രണയാവതരണത്തിന്റെ രീതി, കഥാപാത്രങ്ങളുടെ ശരീരഭാഷാവതരണം, ആവർത്തനമുളവാക്കുന്ന ഹാസ്യരംഗങ്ങൾ, ഗാനരംഗാവിഷ്കാരം തുടങ്ങിയവയെല്ലാം ട്രാഫിക് മാറ്റിമറിച്ചു. മാധ്യമങ്ങൾ സ്വാധീനം ചെലുത്തുന്ന പുതിയ കാലത്തോട് കഥാപാത്രങ്ങൾ നടത്തുന്ന സംവാദത്തിനും മാറ്റമുണ്ട്. മാധ്യമ സാക്ഷരത ജീവിതത്തോടുള്ള മനോഭാവത്തെത്തന്നെ കാതലായി സ്വാധീനിച്ചു. ഈ സ്വാധീനത്തിൽ നിന്നാണ് അവരുടെ തൊഴിൽ, ജീവിതം, ഇതര വ്യവഹാരങ്ങൾ തുടങ്ങിയവ ആവിഷ്കാരവിധേയമാകുന്നത്”



(പേജ്:69, ട്രാഫിക്:ധീരമായപരീക്ഷണം., ജോസ് കെ മാനുവൽ ,ന്യൂ ജനറേഷൻ സിനിമ , ഡി.സി.ബുക്ക്സ്  ,2012)



 



പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം




  • മികച്ച തിരക്കഥ -ബോബി സഞ്ജയ് 



പൊന്തന്മാട


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 10-04-1994  സമയദൈർഘ്യം : 119  മിനുട്സ്   സംവിധാനം : ടി.വി.ചന്ദ്രൻ     നിർമ്മാണം : രവീന്ദ്രനാഥ്   ബാനർ :ഹൊറൈസൺ സിനിമ രചന : ടി.വി.ചന്ദ്രൻ, സി.വി.ശ്രീരാമൻ    ഛായാഗ്രഹണം : വേണു ചിത്രസന്നിവേശം :.എം.വേണുഗോപാൽ      കലാസംവിധാനം : സി.കെ.സുരേഷ്    ശബ്ദലേഖനം : എം.ശിവറാവു     സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ  : മമ്മൂട്ടി, നസറുദ്ധീൻ ഷാ,ലബോണി സർക്കാർ, മണിയൻ പിള്ള രാജു, ജനാർദ്ദനൻ  



 



സിനിമ സംഗ്രഹം:

1940-കളിലെ ബ്രിട്ടീഷ് ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. പൊന്തന്മാടയും , മാടയുടെ  ജന്മിയായ ശീമത്തമ്പുരാനും തമ്മിലുള്ള സങ്കീർണ്ണമായ  ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ഐറിഷ് റിപ്പബ്ലിക്കൻ ആർമിയെ (IRA) പിന്തുണച്ചതിന്റെ പേരിൽ ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കപ്പെട്ട് നാട്ടിലെത്തിയ ആളാണ് ശീമത്തമ്പുരാൻ. അദ്ദേഹം നാട്ടിലും ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. ശീമത്തമ്പുരാൻ വീടിന്റെ ജനലിലൂടെ  മാടയുമായി സംസാരിക്കാറുണ്ട്. ഈ സംഭാഷണങ്ങളിലൂടെ അവർക്കിടയിൽ രൂപപ്പെടുന്ന അസാധാരണമായ സൗഹൃദം കൂടിയാണ്  സിനിമ പകർത്തിയിരിക്കുന്നത്. അധികാരം, ജാതി, ഏകാന്തത, അതിജീവനം തുടങ്ങിയവ  ദാർശനികമായി  സിനിമ ചർച്ച ചെയ്യുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

“സി.വി. ശ്രീരാമന്റെ രണ്ടു കഥകളിൽ നിന്നാണ് (ശ്രീമത്തമ്പുരാൻ, പൊന്തൻമാട) ഈ സിനിമ അതിന്റെ പ്രമേയം സ്വീകരിച്ചിരിക്കുന്നത്. രണ്ടു കഥകളെയും ഉരുക്കി ഒറ്റക്കഥയാക്കി സിനിമയുണ്ടാക്കുകയും ആ സിനിമ വെറും ഒരു കഥ മാത്രമായി ഒടുങ്ങാതിരിക്കുകയും ചെയ്യുന്ന പുത്തൻ അനുഭവമാണ് പൊന്തൻമാട നൽകുന്നത്. കഥ ഒരു അസംസ്‌കൃത വസ്തുവായി സ്വീകരിക്കുകയും സംവിധായകന്റെ ജീവിത വീക്ഷണം മുദ്രിതമായ ചലച്ചിത്രം രൂപപ്പെടുത്തുകയും ചെയ്യുന്നത് ആ സിനിമയിലൂടെ നാം തിരിച്ചറിയുന്നു. നഷ്ടമായിക്കൊണ്ടിരിക്കുന്ന മലയാളീത്തം തിരിച്ചുകൊണ്ടുവരാനുള്ള ധീരമായ പരിശ്രമമായാണ് ‘പൊന്തൻമാട’യെ കാണേണ്ടത്.”



(പേ .84, വി കെ ജോസഫ് , ടി.വി. ചന്ദ്രൻ: സിനിമ, ജീവിതം, ദർശനം,ചലച്ചിത്ര അക്കാദമി )







 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം




  • മികച്ച സംവിധായകൻ 

  • മികച്ച നടൻ -മമ്മൂട്ടി

  • മികച്ച പശ്ചാത്തല സംഗീതം-ജോൺസൻ 



കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം




  • മികച്ച നടൻ -മമ്മൂട്ടി



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല