മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

പളുങ്ക്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 22-12-2006 സമയദൈർഘ്യം : 150  മിനുട്സ്  സംവിധാനം : ബ്ലെസ്സി    നിർമ്മാണം : ഹൗളി പോട്ടൂർ ബാനർ : ഡ്രീം ടീം പ്രൊഡക്ഷൻ  രചന : ബ്ലെസ്സി    ഛായാഗ്രഹണം : സന്തോഷ് തുണ്ടിയിൽ  ചിത്രസന്നിവേശം : രാജ മുഹമ്മദ്     സംഗീതം :മോഹൻ സിത്താര  പ്രധാന അഭിനേതാക്കൾ  : മമ്മൂട്ടി, ലക്ഷ്മി ശർമ്മ, നസ്രിയ നസീം, ബേബി നിവേദിത,ജഗതി ശ്രീകുമാർ



സിനിമ സംഗ്രഹം:

ഹൈറേഞ്ചിലെ ഒരു കർഷകനായ മോനിിച്ചൻ ഭാര്യയോടും രണ്ട് പെൺമക്കളോടുമൊപ്പം സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന മോനിിച്ചൻ, അവരെ നല്ല നിലയിൽ പഠിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഗ്രാമത്തിൽ നിന്നും നഗരത്തിനടുത്തേക്ക് താമസം മാറുന്നു. എന്നാൽ നഗരത്തിലെ ആഡംബര ജീവിതവും വേഗതയും മോനിച്ചന്റെ ചിന്താഗതികളെ പതിയെ മാറ്റിമറിക്കുന്നു.കൂടുതൽ പണം സമ്പാദിക്കാനുള്ള മോഹവും നഗരത്തിലെ ആചാരങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമവും മോനിച്ചനെ തന്റെ തനിമയിൽ നിന്ന് അകറ്റുന്നു. ലളിതമായി ജീവിച്ചിരുന്ന ഒരു മനുഷ്യൻ പണത്തിന് പിന്നാലെ പായുമ്പോൾ കുടുംബത്തെയും മക്കളെയും ശ്രദ്ധിക്കാൻ മറന്നുപോകുന്നു. ഇതിനിടയിൽ മോനിച്ചന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ചില ദുരന്തങ്ങൾ കടന്നുവരുന്നു. നഗരത്തിന്റെ ക്രൂരതയും ചതിക്കുഴികളും അവന്റെ കുടുംബത്തിന്റെ അടിത്തറ ഇളക്കുന്നു.താൻ കെട്ടിപ്പൊക്കിയ സ്വപ്നങ്ങളെല്ലാം ഒരു പളുങ്ക് പാത്രം പോലെ ഉടഞ്ഞുപോകുന്നത് മോനിച്ചൻ തിരിച്ചറിയുന്നതാണ് സിനിമയുടെ മർമ്മം.



 



പഠനങ്ങൾ / ലിങ്കുകൾ:

“ഗ്രാമം = നന്മ എന്നതും നഗരം = നരകം എന്നതും ശീലമായി പ്പോയ ഒരു കാഴ്ചയും ഉറച്ചുപോയ വിശ്വാസവുമാണ്. നമ്മുടെ സിനിമ കൾ മിക്ക സമയത്തും പങ്കുവെയ്ക്കുന്നത് ഈയൊരു പ്രമാണം തന്നെ. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ഇടപെടലുകളെക്കൂടി അതി ജീവിച്ച ഒരു പ്രത്യയശാസ്ത്രപരിസരം ഇവിടെ കാണാനാകും. പലതു കൊണ്ടും നല്ലൊരു കാഴ്ചാനുഭവമാകുന്ന ബ്ലെസ്സിയുടെ ‘പളുങ്ക്’ ഒരു പക്ഷേ ആവശ്യപ്പെടുന്ന നിരൂപണപരിസരം ഈയൊരു ഗ്രാമനഗരദ്വന്ദ്വ മാണ്. കാരണം ഗൗരവാവഹമായ ട്രീറ്റ്‌മെന്റ് കൊണ്ട് ശ്രദ്ധേയമാകുന്ന ഈ സിനിമയുടെ പ്രമേയം സത്യത്തിൽ ഈ ദ്വന്ദ്വമാണ്.””(”പേ:107,മുഹമ്മദ് ഫക്രുദീൻ അലി,’പളുങ്കിന്റെ പകിട്ടും പരിസരവും’,താരശരീരവും ദേശചരിത്രവും’,ചിന്താ പബ്ലിഷേഴ്സ് , ,2012)



 



View Online



ഒരിടത്തൊരു ഫയൽവാൻ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 06-11-1981 സമയദൈർഘ്യം : 128 മിനുട്സ്  സംവിധാനം : പദ്മരാജൻ  നിർമ്മാണം :സുരേഷ്     ബാനർ :തുണ്ടത്തിൽ ഫിലിംസ്   രചന : പദ്മരാജൻ ഛായാഗ്രഹണം : വിപിൻ ദാസ്    ചിത്രസന്നിവേശം : പദ്മരാജൻ    കലാസംവിധാനം : സനന്ദരാജ് സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ  : റഷീദ്, ജയന്തി, നെടുമുടി വേണു, അശോകൻ       



 



സിനിമ സംഗ്രഹം:

എവിടെ നിന്നോ ഒരു രാത്രി പുഴയും നീന്തി വന്ന ഫയൽവാൻ തയ്യൽക്കാരൻ മേസ്ത്രിയുടെ മേൽനോട്ടത്തിൽ ഗ്രാമത്തിൽ താമസമുറപ്പിക്കുന്നു. മേസ്ത്രി ഏർപ്പാടാക്കിക്കൊടുക്കുന്ന ഗുസ്തികളിൽ എതിരാളികളെയെല്ലാം തോൽപ്പിച്ചു ഫയൽവാൻ ഗ്രാമാവാസികൾക്കിടയിൽ നായക പരിവേഷം നേടുന്നു. പിന്നീട് ഗ്രാമത്തിലെ സുന്ദരിയായ ചക്കരയെ കല്യാണം കഴിക്കുന്നു. പക്ഷെ ക്രമേണ ഗുസ്തിക്കാരാരും വരാതാവുകയും വരുമാനം കുറഞ്ഞു തുടങ്ങുകയും ചെയ്യുമ്പോൾ കണ്ടമാനം ഭക്ഷണം കഴിക്കുകയും പണിയൊന്നും എടുക്കാതെ സദാ കസർത്ത് കാസർത്തു മാത്രമായി ഒതുങ്ങുന്ന  ഫയൽവാൻ മേസ്ത്രിക്കൊരു ബാദ്ധ്യതയാകുന്നു. തടിമിടുക്കുണ്ടെങ്കിലും അയാൾ ഒരു ഷണ്ഡനാണ്  എന്ന് അറിയുന്നതോടെ ചക്കരയും അയാളെ ഉപേക്ഷിക്കുന്നു. ഒടുവിൽ വന്നത് പോലെ എങ്ങോട്ടെന്നറിയാതെ ഫയൽവാൻ നടന്നകലുന്നു.



പഠനങ്ങൾ / ലിങ്കുകൾ:

“ഒരിടത്ത് ഒരു ഫയൽവാൻ’ മലയാളസിനിമയിൽ അതുവരെ എടുത്തു പരീക്ഷിക്കാത്ത ഒരു പ്രമേയമാണ് അവതരിപ്പിക്കുന്നത്. സ്ത്രീയുടെ ലൈംഗികത നമ്മുടെ സിനിമയിലില്ലായിരുന്നു. പുരുഷമേധാവിത്വത്തിന്റെ സന്മാർഗവ്യവസ്ഥ സ്ത്രീയുടെ ലൈംഗികത അംഗീകരിക്കില്ലല്ലോ. ലൈംഗികതയുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന ശക്തിബന്ധങ്ങൾ ബാഹ്യതലത്തിൽ പെട്ടെന്ന് വെളിവാകുന്നില്ല. പുരുഷൻ ലൈംഗികതയുടെ പര്യായമെന്നും സ്ത്രീ പുരുഷന്റെ ലൈംഗികത ശമിപ്പിക്കാനുള്ള ഉപകരണം എന്നുമാണ് പുരുഷലിഖിതം.”.(”പേ :71,പി.എൻ.ശ്രീകുമാർ ,ചലച്ചിത്ര സ്വരൂപം ,പരിധി പുബ്ലിക്കേഷൻസ്,1998)



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

വിദേശ ചലച്ചിത്രപുരസ്കാരം 




  • മികച്ച രചന – കോലാലംപുർ ഇന്റർനാഷണൽ ഫിലിം ഫെസ്റിവൽ 

  • സ്വർണ്ണ പതക്കം – ഏഷ്യൻ ഫിലിം ഫെസ്റിവൽ , ഡാല്ലാസ് 



പി പത്മരാജൻ തന്നെയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗും ചെയ്തിരിക്കുന്നത്



 



കടവ്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 1994 സമയദൈർഘ്യം : 104 മിനുട്സ് സംവിധാനം : എം.ടി.വാസുദേവൻ നായർ  നിർമ്മാണം : എം.ടി.വാസുദേവൻ നായർ ബാനർ :നേവൽ ഫിലിംസ്  രചന : എം.ടി.വാസുദേവൻ നായർ     ഛായാഗ്രഹണം : വേണു ചിത്രസന്നിവേശം : ബി.ലെനിൻ      സംഗീതം :രാജീവ് തരാനാഥ് പ്രധാന അഭിനേതാക്കൾ  : സന്തോഷ് ആന്റണി, കുഞ്ഞാണ്ടി, ബാലൻ കെ നായർ  



 



സിനിമ സംഗ്രഹം:

അമ്മയാൽ ഉപേക്ഷിക്കപ്പെട്ട കൗമാരക്കാരനായ രാജുവിനെ ബീരാനിക്ക എന്ന കടത്തുവള്ളക്കാരൻ ദത്തെടുക്കുന്നു. രാജു ബീരാനിക്കയെ വഞ്ചി പണിയിൽ സഹായിക്കുന്നു. ഒരു ദിവസം, അമ്മയുടെ മരണശേഷം ജന്മനാടായ കോഴിക്കോടേക്ക് മടങ്ങുന്ന രാജു ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു. അച്ഛനും അമ്മാവനുമൊപ്പം താമസിക്കുന്ന പെൺകുട്ടി , രാജുവിനെ കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നു. കടത്തുവള്ള ജോലി ഉപേക്ഷിക്കാൻ താൽപ്പര്യമില്ലാത്ത രാജു ക്ഷണം നിരസിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പെൺകുട്ടിയുടേതാണെന്ന് കരുതുന്ന ഒരു ആഭരണം രാജുവിന് കയ്യിൽ കിട്ടുന്നു. ആഭരണം തിരികെ നൽകാൻ രാജു  കോഴിക്കോട്ടേക്ക് പോകുകയും ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്യുന്നു. രാജുവിനെ അറിയില്ലെന്നും ആഭരണം തന്റേതല്ലെന്നും പെൺകുട്ടി പറയുന്നു. നിരാശനായ രാജു കടത്തുവള്ളത്തിലേക്ക് മടങ്ങുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

“എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘കടവുതോണി’ എന്ന ചെറുകഥയുടെ ഉപപാഠം ആണ് എം.ടി.യുടെ ‘കടവ്’. സാഹിത്യത്തിന്റെ ദൃശ്യവൽക്കരണം മാത്രമാണ് സാധാരണ ചിത്രങ്ങൾ. എന്നാൽ മൂലകൃതിയെ ഉപജീവിച്ചുള്ള ഉപപാഠങ്ങൾ സൃഷ്ടിക്കുകയാണ് ഉത്തമ ചലച്ചിത്ര രചയിതാക്കൾ ചെയ്യുന്നത്. ഗോദാർദ്ദിന്റെ ‘കിങ് ലിയർ’ ജാക്സോയുടെ ‘ഹോറോസ്കോപ്പ് ഓഫ് ദി ക്രൈസ്റ്റ്’ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇത്തരം ഉപപാഠങ്ങളിൽ ചലച്ചിത്രകാരന്റെ വ്യക്തിത്വമാണ് മൂലകൃതിയെ അതിജീവിച്ചുകൊണ്ട് നമുക്ക് അനുഭവിക്കാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ എം.ടി.യുടെ ‘കടവ്’ എസ്.കെ.യുടെ ‘കടവുതോണി’യുടെ പദാനുപദ ദൃശ്യവൽക്കരണമല്ല. മറിച്ച്, അതിൽ ഒരു എം.ടി. സൃഷ്ടിയുടെ പൊതുസ്വഭാവങ്ങളാണ് നമുക്ക് ദർശിക്കുവാൻ കഴിയുന്നത്.(”പേ:62,പി.എൻ.ശ്രീകുമാർ ,ചലച്ചിത്ര സ്വരൂപം ,പരിധി പുബ്ലിക്കേഷൻസ്,1998)



 



''എസ്.കെ. പൊറ്റെക്കാട്ടിന്റെ 'കടവുതോണി' എന്ന കഥയില്‍ ആ കടവുതോണിയാണ് എന്നെ ആകര്‍ഷിച്ചത്. ഏറെക്കാലം കഴിഞ്ഞു തിരികെ വരുമ്പോള്‍ അയാളെ തിരിച്ചറിഞ്ഞിട്ടെന്നോണം ആ തോണി ഓളങ്ങളിലൂടെ അയാളുടെ അടുത്തേയ്ക്ക് വന്നു എന്നു വായിച്ചപ്പോള്‍ തോണിക്കൊരു മനസ്സുണ്ടെന്ന് എനിക്കു തോന്നി. ആ കണ്‍സപ്റ്റില്‍ ഊന്നിനിന്നുകൊണ്ടാണ് ഞാന്‍ സ്‌ക്രിപ്റ്റ് ചെയ്തത്. ഇതൊരു ടേക്ക് ഓഫ് പോയിന്റായി ഒരു പ്രചോദനം. അവിടംതൊട്ട് അതു പിന്നെ എന്റെ സൃഷ്ടിയായി. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ഞാന്‍ ചെയ്ത ചിത്രമാണ് കടവ്. ദൂരദര്‍ശന്‍ എനിക്കൊരു ഫ്രീഹാന്‍ഡ് ആണ് തന്നിരുന്നത്.''(എം.ടി, യന്ത്രവല്‍ക്കരിച്ച കാവ്യദേവത)(Author:രാകേഷ് നാഥ് Updated on: 10 Jan 2025, 11:22 am,​​https://www.samakalikamalayalam.com/malayalam-vaarika/essays/about-the-movie-kadav-by-mt)



 



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

അന്തർദേശീയ പുരസ്കാരങ്ങൾ




  • സിംഗപ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ - സ്പെഷ്യൽ ജൂറി പുരസ്കാരം

  • ജാപ്പനീസ് ഫിലിം ഫെസ്റ്റിവൽ - ഗ്രാൻഡ് പ്രീ



 ദേശീയ ചലച്ചിത്രപുരസ്കാരം 




  • മികച്ച തിരക്കഥ

  • മികച്ച ഫീച്ചർ ഫിലിം



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച ചലച്ചിത്രം

  • മികച്ച തിരക്കഥ

  • മികച്ച ബാലതാരം - സന്തോഷ് ആന്റണി



കാലാപാനി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 12-12-1996 സമയദൈർഘ്യം :160 മിനുട്സ്  സംവിധാനം : പ്രിയദർശൻ നിർമ്മാണം : മോഹൻ ലാൽ ,ആർ.മോഹനൻ    ബാനർ :പ്രണവം ആർട്സ് ,ഷോഗൺ ഫിലിംസ്  രചന : ടി.ദാമോദരൻ, പ്രിയദർശൻ ഛായാഗ്രഹണം : സന്തോഷ് ശിവൻ   ചിത്രസന്നിവേശം : എൻ.ഗോപാലകൃഷ്ണൻ   കലാസംവിധാനം :സാബു സിറിൾ   ശബ്ദലേഖനം :  ദീപം ചാറ്റർജി  സംഗീതം :ഇളയ രാജ പ്രധാന അഭിനേതാക്കൾ  : മോഹൻ ലാൽ, തബു,നെടുമുടി വേണു, ശ്രീനിവാസൻ, പ്രഭു, അമരീഷ് പുരി     



 



സിനിമ സംഗ്രഹം:

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത അധ്യായമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് ‘കാലാപാനി’ . ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ആൻഡമാനിലെ നരകതുല്യമായ ജയിലിലെത്തുന്ന ഡോ. ഗോവർദ്ധൻ എന്ന മലയാളി ഡോക്ടറുടെയും മറ്റ് രാഷ്ട്രീയ തടവുകാരുടെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണിത്. ജയിലിനുള്ളിൽ ഡേവിഡ് ബാരി എന്ന ക്രൂരനായ ജയിലറുടെ കീഴിൽ തടവുകാർ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളും, പുറത്ത് ഗോവർദ്ധനെ കാത്തിരിക്കുന്ന പർവ്വതിയുടെ വിരഹവും ചിത്രം അവതരിപ്പിക്കുന്നു.



പഠനങ്ങൾ / ലിങ്കുകൾ:

“അത്യുക്തികൊണ്ടും സ്വയം രൂപപ്പെടുത്തിയ വിവാദങ്ങൾകൊണ്ടും കെട്ടിപ്പൊക്കിയ പന്തലുകൾ കാലിളകി നിലംപതിക്കുകയും വെറുമൊരു സാധാരണ സിനിമയുടെ പദവിയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത ചിത്രമാണ് 'കാലാപാനി'. ചരിത്രസിനിമ നിർമ്മിച്ചതിന്റെ ഹോളിവുഡ് ബാലപാഠങ്ങളിൽനിന്ന് അനുകരണോർജ്ജം ഉൾക്കൊണ്ട്, ജനപ്രിയതയിലും മസാലയിലുമുള്ള തന്റെ മുൻപരിചയത്തെ അതുമായി കൂട്ടിഘടിപ്പിച്ചാണ് പ്രിയദർശൻ ഈ നൂറ്റാണ്ടുസാഹസത്തിന് ഒരുമ്പെട്ടത്. സാധാരണക്കാരിൽ ചിലരെയും സിനിമാവ്യവസായത്തിനുള്ളിലേക്ക് വഴിതെറ്റിയെത്തിയ മന്ദബുദ്ധികളെയും (ഇതിൽ ചില നടീനടന്മാരും പെടും) വിഭ്രമിപ്പിക്കാൻതക്ക ചില കെട്ടുകാഴ്ചകൾ അങ്ങിങ്ങായി ഉയർന്നുനിൽക്കുന്നുണ്ടെങ്കിലും, സാമാന്യബുദ്ധിക്ക് നിരക്കുന്ന പരസ്പരപ്പൊരുത്തം എവിടെയും പാലിക്കാനാകാത്തതുകൊണ്ടായിരിക്കണം ഈ സിനിമ, തെക്കെ ഇന്ത്യയിലെ അങ്ങാടിയിൽ മുടന്തിവീണത്.”(പേ :74,ജി.പി.രാമചന്ദ്രൻ,’സിനിമയും മലയാളിയുടെ ജീവിതവും ‘,സാഹിത്യ പ്രവർത്തകസംഘം ,1998)



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം 




  •   മികച്ച കലാസംവിധാനം   

  •  മികച്ച ഛായാഗ്രഹണം  



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച രണ്ടാമത്തെ ചിത്രം 

  • മികച്ച  നടൻ -മോഹൻ ലാൽ  

  • മികച്ച സംഗീതം  

  • മികച്ച കലാസംവിധാനം  

  • മികച്ച വസ്ത്രാലങ്കാരം -സജിൻ രാഘവൻ   



 



 



പൈതൃകം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 23-04-1993 സമയദൈർഘ്യം : 160 മിനുട്സ്  സംവിധാനം : ജയരാജ്  നിർമ്മാണം : ബി.ശ്രീകണ്ഠൻ ബാനർ : ശ്രീ മൂവി ആർട്സ്   രചന : ജോർജ്ജ്  വെട്ടം, കലൂർ ഡെന്നിസ്  ഛായാഗ്രഹണം : എസ്.കുമാർ    ചിത്രസന്നിവേശം : ബി.ലെനിൻ    കലാസംവിധാനം : നേമം പുഷ്പരാജ്   ശബ്ദലേഖനം :ആനന്ദ് സംഗീതം : എസ്.പി.വെങ്കടേഷ് പ്രധാന അഭിനേതാക്കൾ: നരേന്ദ്ര പ്രസാദ്, സുരേഷ് ഗോപി,  ജയറാം, ഗീത  പുരി



സിനിമ സംഗ്രഹം:

വിശ്വാസവും യുക്തിവാദവും തമ്മിലുള്ള സംഘർഷത്തെ വിശകലനം ചെയ്യുന്ന ഒരു ചലച്ചിത്രമാണിത് . പരമ്പരാഗതമായ ആചാരങ്ങളിലും വേദപഠനത്തിലും വിശ്വസിക്കുന്ന സോമയാജിപ്പാടിന്റെയും മൂത്ത മകനും യുക്തിവാദിയുമായ ഭാനുദത്തന്റെയും ആശയപരമായ ഏറ്റുമുട്ടലുകളിലൂടെയാണ് കഥ വികസിക്കുന്നത്. ശാസ്ത്രീയത വച്ചുപുലർത്തുന്ന ഭാനുദത്തൻ പിതാവിന്റെ പാരമ്പര്യത്തെയും അനുഷ്ഠാനങ്ങളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. ഒടുവിൽ കുടുംബത്തിൽ സംഭവിക്കുന്ന വൈകാരികമായ വഴിത്തിരിവുകളും, പിതാവ് നടത്തുന്ന യജ്ഞവും ഭാനുദത്തന്റെ ചിന്താഗതികളെ സ്വാധീനിക്കുന്നതും പാരമ്പര്യത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്നു. 



 



പഠനങ്ങൾ / ലിങ്കുകൾ:

“ഈ ചിത്രത്തിന്റെ ദൃശ്യപ്രതീതികളും പരിഗണിക്കേണ്ടതുണ്ട്. കാവിപുരണ്ട മഞ്ഞനിറത്തിൽ പ്രഭാപൂർണ്ണമായ പകലുകളും സ്വർണ്ണവർണ്ണം കൊണ്ട് തിളക്കമുറ്റ മഞ്ഞയിൽ കുളിച്ച രാത്രികളുമാണീ സിനിമയിലുള്ളത്. പൗരാണികതയുടെ സൗമ്യമുഖം മഞ്ഞരാശിയുടെ പ്രതലത്തിൽ വതരിക്കുന്നത് ഇതേ സംവിധായകന്റെ ‘കുടുംബസമേതം’ എന്ന മുൻ ചിത്രത്തിലും പ്രകടമായിരുന്നല്ലോ. രവിവർമ്മചിത്രങ്ങളിൽ കാണാവുന്ന, നിലവിളക്കിന്റെ തിരിവെട്ടത്തിൽ ദൃശ്യങ്ങൾ തെളിയുന്ന ഒരു ദീപവിധാനത്തിലാണീ സിനിമയുടെ ഛായ നിർണ്ണയിക്കപ്പെടുന്നത്. നിലവിളക്ക്, ചുറ്റുവിളക്ക്, തൂക്കുവിളക്ക്, ദീപസ്തംഭം, കളിവിളക്ക് എന്നിങ്ങനെ ചിത്രത്തിലുടനീളം, ഈ ജനുസ്സിലുള്ള വെളിച്ചത്തിന്റെ പ്രഭകേന്ദ്രം സ്പഷ്ടമായി അവതരിപ്പിക്കപ്പെടുന്നുമുണ്ട്. ആധുനികവും യഥാതഥവുമായ പരികല്പനപോലുമാണീതെന്ന തോന്നൽ നിലനിർത്തിക്കൊണ്ടാണീ മഞ്ഞനിറം ചിത്രത്തെയാകെ പൊതിഞ്ഞുനിൽക്കുന്നത്”(പൈതൃകം ) (“പേ :62,ജി.പി.രാമചന്ദ്രൻ,’സിനിമയും മലയാളിയുടെ ജീവിതവും ‘,സാഹിത്യ പ്രവർത്തകസംഘം ,1998)



 



View Online



ദേവാസുരം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 14-04-1993 സമയദൈർഘ്യം : 182 മിനുട്സ്  സംവിധാനം :ഐ.വി.ശശി നിർമ്മാണം : വി.ബി.കെ.മേനോൻ    ബാനർ : അനുഗ്രഹ സിനി ആർട്സ്  രചന : രഞ്ജിത്ത് ബാലകൃഷ്ണൻ   ഛായാഗ്രഹണം : വി.ജയറാം ചിത്രസന്നിവേശം : കെ.നാരായണൻ കലാസംവിധാനം : മണി സുചിത്ര  ശബ്ദലേഖനം :  ആനന്ദ്,ഡി.രാജേന്ദ്രൻ സംഗീതം :എസ്.പി.വെങ്കടേഷ് പ്രധാന അഭിനേതാക്കൾ  : മോഹൻ ലാൽ, രേവതി, നെപ്പോളിയൻ,ഇന്നസെന്റ് ,നെടുമുടി വേണു, ചിത്ര 



 



സിനിമ സംഗ്രഹം:

വള്ളുവനാട്ടിലെ പ്രതാപിയായ മംഗലശ്ശേരി തറവാട്ടിലെ അനന്തരാവകാശിയാണ് മംഗലശ്ശേരി നീലകണ്ഠൻ. അളവറ്റ സമ്പത്തും തറവാടിത്ത മഹിമയും നൽകിയ അഹങ്കാരത്തിൽ, നിയമങ്ങളെയും മര്യാദകളെയും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരാളാണ് നീലകണ്ഠൻ . നീലകണ്ഠനും അയൽനാട്ടിലെ മുണ്ടയ്ക്കൽ ശേഖരനും തമ്മിലുള്ള കുടിപ്പകയാണ് കഥയുടെ സംഘർഷഭൂമി ഒരുക്കുന്നത്. ഈ സാഹചര്യത്തിലേക്കാണ് നർത്തകിയായ ഭാനുമതി കടന്നുവരുന്നത്. നീലകണ്ഠന്റെ അഹന്തയ്ക്ക് മുന്നിൽ വഴങ്ങാൻ കൂട്ടാക്കാത്ത ഭാനുമതിയെ നീലകണ്ഠൻ  അപമാനിക്കുന്നു.  ഭാനുമതിയുടെ പ്രതികരണവും ശാപവും നീലകണ്ഠന്റെ ഉള്ളിലെ മനുഷ്യനെ ഉണർത്താൻ തുടങ്ങുന്നു.അഹങ്കാരിയായ 'അസുരനിൽ' നിന്ന് പശ്ചാത്താപമുള്ള മനുഷ്യനിലേക്കുള്ള നീലകണ്ഠന്റെ മാറ്റമാണ് ചിത്രത്തിന്റെ മറ്റൊരു വശം . ഭാനുമതിയോടുള്ള തെറ്റുകൾക്ക് മാപ്പുചോദിക്കുകയും അടുക്കുകയും ചെയ്യുന്നു .  പഴയ ശത്രുതയുടെ പേരിൽ മുണ്ടയ്ക്കൽ ശേഖരൻ നീലകണ്ഠനെ ക്രൂരമായി ആക്രമിക്കുന്നു. ശാരീരികമായി അവശനാക്കപ്പെട്ടിട്ടും,  പ്രിയപ്പെട്ടവർക്ക് വേണ്ടി ആയുധമെടുക്കാൻ നീലകണ്ഠൻ  നിർബന്ധിതനാകുന്നു. 



 



 



പഠനങ്ങൾ / ലിങ്കുകൾ:

“മംഗലശ്ശേരി തറവാട്ടിലെ, നീലകണ്ഠൻ എന്ന ചെറുപ്പക്കാരൻ കൊല്ലും കൊലയും നടത്തിയും നടത്തിച്ചും പണംവച്ച് ചീട്ടുകളിച്ചും കള്ളുകുടിച്ചും മയക്കുമരുന്ന് സേവിച്ചും പെണ്ണുപിടിച്ചും ഒക്കെ നടക്കുന്ന ഒരു താന്തോന്നി. ചിത്രത്തിന്റെ പരസ്യവാചകപ്രകാരം ഒരുമ്പാടിക്കണ്ണൻ! ഇങ്ങനെയൊക്കെയായതുകൊണ്ടുതന്നെ നാം ഇയാളെ ഇഷ്ടപ്പെടുന്നു എന്നതാണ് ആസ്വാദനത്തിന്റെ നടപ്പുരീതി. മോഹൻലാലിന്റെ അതിശക്തമായ നാട്യപ്രകൃതത്തിൽ എല്ലാം മറന്നു ലയിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം കാഴ്ചയിലൂടെ സാക്ഷാൽക്കൃതമാകുന്നത് അവരുടെകൂടി പ്രാകൃതചോദനകളാണ്. പുരാണകഥയിലെ ഉണ്ണിക്കണ്ണനോടുള്ള അബോധവാത്സല്യത്തിന്റെ ആവർത്തനംകൊണ്ട് അത് സുദൃഢമാകുകയുമാണ്പേ.”(“പേ:56,ജി.പി.രാമചന്ദ്രൻ,’സിനിമയും മലയാളിയുടെ ജീവിതവും ‘,സാഹിത്യ പ്രവർത്തകസംഘം ,1998)



 



View Online



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല