ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 28-09-1979 സമയദൈർഘ്യം : 111 മിനുട്സ് സംവിധാനം : ഭരതൻ നിർമ്മാണം : വി.ബി.ബാബു ബാനർ :ജോവിയൽ ഫിലിംസ് രചന : പി.പദ്മരാജൻ ഛായാഗ്രഹണം : അശോക് കുമാർ ചിത്രസന്നിവേശം : എൻ.പി.സുരേഷ് കലാസംവിധാനം: ഭരതൻ ശബ്ദലേഖനം : ദേവദാസ്.പി സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ : പ്രതാപ് പോത്തൻ,നെടുമുടി വേണു , സുരേഖ,കെ.ജി.മേനോൻ, വെമ്പായം തമ്പി, ശാന്താ ദേവി
സിനിമ സംഗ്രഹം:
ബുദ്ധിമാന്ദ്യമുള്ള ശാരീരികമായി കരുത്തനായ 'തകര' എന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. അനാഥനായ തകരക്ക് സുഭാഷിണിയോട് തോന്നുന്ന പ്രണയം ഗ്രാമത്തിലെ സദാചാര ബോധങ്ങളെ അസ്വസ്ഥമാക്കുന്നു. തകരയുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്ന ചെല്ലപ്പൻ ആശാരി എന്ന കഥാപാത്രം അവരുടെ ജീവിതത്തിൽ വില്ലനായി മാറുകയും തകരയെ തെറ്റായ വഴികളിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രണയവും ലൈംഗികതയും പകയും ഇഴചേർന്ന ഈ ചിത്രം, മനുഷ്യസഹജമായ വികാരങ്ങളെയും ഗ്രാമീണ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെയും വളരെ തീവ്രമായി ആവിഷ്കരിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“അന്തര്ലീനമായ രതിചോദനയുണ്ടെങ്കിലും ലൈംഗികതയുടെ ഭാവുകത്വപരിണാമങ്ങളെക്കുറിച്ച് തകര ബോധവാനല്ല. പക്വമായ ലൈംഗികത അവനിൽ രൂപംകൊള്ളുന്നില്ല. സൗഹൃദങ്ങളിൽ നിന്ന് ലഭിച്ച നിറംപിടിപ്പിച്ച കഥകളിൽ മയങ്ങിയാണ് അവൻ ലൈംഗികതയുടെ വന്യമായ ലോകങ്ങളിൽ എത്തിയത്. അവിടെ തകര നേടിയത് ആസക്തികളുടെ പൂർണ്ണതയാണ്. ലൈംഗികത എന്ന വികാരത്തെക്കാൾ അമിതമായ ലൈംഗിക തൃഷ്ണകളിൽ അവൻ പെട്ടുപോയി. സമൂഹത്തിൽനിന്ന് കേൾക്കുന്നതും കാണുന്നതുമായ ലൈംഗിക സംബന്ധിയായ വിഷയങ്ങളിൽ നിന്നാണ് അവന്റെ കാമനകൾ രൂപപ്പെട്ടത്. ലഭിച്ച അറിവുകളിൽ നിന്ന് സങ്കല്പം സൃഷ്ടിച്ച് അതിനെ അനുകരിക്കുകയാണ് തകര ചെയ്തത്.” (പേ : 38 ഭരതൻസിനിമ ലൈംഗികതയുടെ പാരികല്പനകൾ, ഡോ:സ്‌മൃതി എസ്ബാബു,പാപ്പാത്തി , 2021)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 12-05-1978 സമയദൈർഘ്യം : 128 മിനുട്സ് സംവിധാനം : അടൂർ ഗോപാലകൃഷ്ണൻ നിർമ്മാണം : ചിത്രലേഖ ബാനർ :ചിത്രലേഖ ഫിലിംസ് രചന : അടൂർ ഗോപാലകൃഷ്ണൻ ഛായാഗ്രഹണം : മങ്കട രവി വർമ്മ ചിത്രസന്നിവേശം : എം.എസ്.മണി കലാസംവിധാനം: എൻ.ശിവൻ ശബ്ദലേഖനം :ദേവദാസ് പ്രധാന അഭിനേതാക്കൾ :ഭാരത് ഗോപി, ലളിത,അസീസ്,തിക്കുറിശ്ശി ,അടൂർ ഭവാനി
സിനിമ സംഗ്രഹം:
ശങ്കരൻ കുട്ടിയുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാർക്ക് ഉപകാരമായി നടന്ന ശങ്കരൻകുട്ടി ശാന്തമ്മയെ കല്യാണം കഴിക്കുന്നു. പങ്കാളി എന്ന നിലയിൽ പക്വത ഇല്ലാത്ത പെരുമാറ്റങ്ങളാണ് ശങ്കരൻകുട്ടി കാണിക്കുന്നത് . ഭാര്യയെ വീട്ടിൽ തനിച്ചാക്കിയിട്ട് ദിവസങ്ങളോളം ഊരുചുറ്റുന്നു.ഉത്സവങ്ങൾക്ക് പോകുന്നു ഗർഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരൻ കുട്ടിയെ അവർ അപമാനിച്ചു പറഞ്ഞുവിട്ടു. പിന്നീട് ആന പാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിക്കുന്നു. ഒടുവിൽ ഒന്നരവർഷത്തിനുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിൽ സിനിമ തീരുന്നു
പഠനങ്ങൾ / ലിങ്കുകൾ:
“സമൂഹവുമായി വളരെയേറെ ഇഴുകിച്ചേർന്ന് ജീവിക്കുമ്പോഴും, സമൂഹത്തിന്റെ കനിവും പരിഗണനയും സ്നേഹവും സഹാനുഭൂതിയും പരിഹാസവും അവഹേളനവുമെല്ലാം ആവോളം അനുഭവിക്കുമ്പോഴും, സാമൂഹ്യനിയമങ്ങളും ചട്ടങ്ങളും അനുസരിക്കാനോ, ജീവിതത്തിന്റെ താളത്തിലേയ്ക്ക് കയറാനോ കഴിയാത്ത ഒരുവൻ പൊതുധാരയിലേയ്ക്ക് സാവധാനം ചിട്ടപ്പെട്ടു വരുന്നതാണ് 'കൊടിയേറ്റ'ത്തിന്റെ ബാഹ്യമായ ആഖ്യാനഭാവതലം. ബോധപൂർവ്വമായ ശ്രമത്തിലൂടെ സമൂഹജീവിയായ ഒരു മനുഷ്യൻ മാറ്റത്തിന് സ്വയം സന്നദ്ധനാകുമ്പോൾ സംഭവിക്കുന്ന ഗുണപരമായ പരിവർത്തനമാണ് ആന്തരികതലം. ഈ അന്തർധാരയിൽ ചലച്ചിത്രകാരന്റെ സാമൂഹ്യവീക്ഷണവും പ്രത്യാശാഭരിതമായ മാനവികദർശനവും ഉൾച്ചേർന്നിരിക്കുന്നു.”(പേ :48,_കൊടിയേറ്റം ,കാഴ്ചയിലെ കാണാതലങ്ങൾ ,ആർ പവിത്രൻ,യുവമേള പുബ്ലിക്കേഷൻസ്,കൊല്ലം,1998)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
പുരസ്കാരം
ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം :1998 സമയദൈർഘ്യം :131 minute സംവിധാനം : ടി.ഹരിഹരൻ നിർമ്മാണം : പി.വി.ഗംഗാധരൻ ബാനർ : കെ.ടി.സി രചന : എം.ടി .വാസുദേവൻ നായർ ഛായാഗ്രഹണം : ഹരി നായർ ചിത്രസന്നിവേശം : എം.എസ്.മണി കലാസംവിധാനം: രാധാകൃഷ്ണൻ ശബ്ദലേഖനം : കെ.സമ്പത്ത് സംഗീതം : സഞ്ജയ് ചൗധരി,അന്ധര ചൗധരി പ്രധാന അഭിനേതാക്കൾ :ജോമോൾ,ചഞ്ചൽ ,ശരത് ദാസ്, വത്സല മേനോൻ
സിനിമ സംഗ്രഹം:
കൗമാരക്കാരിയായ ജാനകിക്കുട്ടി എന്ന പെൺകുട്ടിയുടെ ഏകാന്തതയും ഭാവനാലോകവുമാണ് സിനിമയുടെ ഇതിവൃത്തം. കൂട്ടുകുടുംബത്തിലെ അവഗണനകളിൽ നിന്ന് രക്ഷപെടാൻ അവൾ കണ്ടെത്തുന്ന അഭയം മുത്തശ്ശി പറഞ്ഞു കൊടുത്ത കഥകളിലെ 'കുട്ടിച്ചാത്തനും' 'യക്ഷി'യുമാണ്. ജാനകിക്കുട്ടിക്ക് മാത്രം കാണാൻ കഴിയുന്ന രൂപത്തിൽ കരിനീലക്കണ്ണുകളുള്ള ഒരു സുന്ദരി യക്ഷി അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും അവർ തമ്മിലുള്ള സൗഹൃദവുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. യഥാർത്ഥ ജീവിതത്തിലെ വിഷമങ്ങളും കൗമാരസഹജമായ പ്രണയനൈരാശ്യങ്ങളും നേരിടാൻ ഈ സാങ്കൽപ്പിക രൂപം അവളെ സഹായിക്കുന്നുണ്ടെങ്കിലും, ഒടുവിൽ ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള നേർത്ത അതിർവരമ്പുകൾ മായുന്നിടത്ത് സിനിമ അവസാനിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“സിനിമ കാണുക അഥവാ സിനിമയെ കാണുക എന്നുവെച്ചാൽ അതിലൊളിഞ്ഞിരിക്കുന്ന സത്യത്തെ കണ്ടുപിടിക്കുക അല്ല എന്നും സത്യമായി ചമയിക്കപ്പെട്ട നുണ കണ്ടുപിടിക്കുക എന്നതാണെന്നും ഈയിടെ 'ജാനകിക്കുട്ടി'യെയും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വെളിപ്പെടുന്ന നുണകളും സത്യരൂപങ്ങളും അതീവ കൗതുകകരമാണ്. ഒരു എഴുത്തുകാരൻ അയാളുടെ എല്ലാ കൃതികളിലും ഒഴിയാബാധപോലെ പിന്തുടരുന്ന ഒരു മൂലവിഷയം ഉണ്ടായിരിക്കുമെന്നുള്ള ധാരണയനുസരിച്ച്, എം. ടി.യുടെ കൃതികളെ പരിശോധിച്ച നിരൂപകർ കണ്ടെത്തിയ ഒരു കാര്യമുണ്ട്. ആദ്യപ്രണയിനിയാൽ നിരസിക്കപ്പെട്ട കാമുകന്റെ തപ്തനിരാശതകളാണ് അദ്ദേഹത്തിന്റെ ഒഴിയാബാധ. അദ്ദേഹത്തിന്റെ എല്ലാ നോവലുകളുടെയും എല്ലാ ചെറുകഥകളുടെയും എല്ലാ തിരക്കഥകളുടെയും അടിസ്ഥാനം ഈ പ്രമേയമായിരുന്നു/രിക്കും എന്ന് ഈ കൃതികളെ നിർദ്ധാരണം ചെയ്താൽ ബോധ്യപ്പെടും.”(പേ :103,ജി.പി.രാമചന്ദ്രൻ,’സിനിമയും മലയാളിയുടെ ജീവിതവും ‘,സാഹിത്യ പ്രവർത്തകസംഘം ,1998)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം :06-12-2019 സമയദൈർഘ്യം : ? മിനുട്സ് സംവിധാനം : ഉണ്ണികൃഷ്ണൻ ആവള നിർമ്മാണം : ഡോ.മനോജ്.കെ.ടി,ഡോ.രാജേഷ്.എം.പി., ഡോ.സജീഷ് .എം ബാനർ : ഡോക്‌ടേഴ്‌സ് ഡിലെമ രചന : ഉണ്ണികൃഷ്ണൻ ആവള ഛായാഗ്രഹണം : മുഹമ്മദ്.എ ചിത്രസന്നിവേശം : അപ്പു.എൻ.ഭട്ടതിരി കലാസംവിധാനം : സുരേഷ് ചാലിയത്ത് ശബ്ദലേഖനം : രംഗനാഥ് രവി സംഗീതം : ബിജിബാൽ പ്രധാന അഭിനേതാക്കൾ : മണി, അനുമോൾ ,ഇന്ദ്രൻസ്, ജോയ് മാത്യു,രമ്യ വത്സല,സജിത മഠത്തിൽ
സിനിമ സംഗ്രഹം:
സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് പാർശ്വവൽക്കരിക്കപ്പെട്ട ട്രാൻസ്ജെൻഡർ വ്യക്തിയുടെ അതിജീവനത്തിന്റെയും സ്വത്വസംഘർഷത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട ഗുളികൻ എന്ന യുവാവ് തന്റെ ഉള്ളിലെ സ്ത്രീത്വത്തെ തിരിച്ചറിയുന്നതും, പ്രകൃതിയോടും ചുറ്റുമുള്ള സമൂഹത്തോടും നടത്തുന്ന നിശബ്ദമായ പോരാട്ടവുമാണ് ചിത്രത്തിന്റെ കാതൽ. ചെറുപ്പത്തിൽ തന്നെ വിവാഹിതനാകേണ്ടി വരുന്ന ഗുളികൻ, തന്റെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ മൂലം നേരിടുന്ന പരിഹാസങ്ങളും ഒറ്റപ്പെടലും സിനിമ വളരെ തീവ്രമായി ആവിഷ്കരിക്കുന്നു. പ്രകൃതിയും മനുഷ്യശരീരവും തമ്മിലുള്ള അഗാധമായ ബന്ധത്തെ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം, ലിംഗസമത്വത്തെക്കുറിച്ചും ഗോത്രവർഗ്ഗക്കാരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾ ഉയർത്തുന്നുണ്ട്
പഠനങ്ങൾ / ലിങ്കുകൾ:
“പാരിസ്ഥിതിക വിമർശന (Eco-critical) കാലത്തിന്റെ ശക്തമായ ചലച്ചിത്രാവിഷ്കാരം കൂടിയായിത്തീരുന്നുണ്ട് ഉടലാഴം. ആദിവാസിയുടെ ഉൽപ്പന്നങ്ങൾക്ക് തുരുമ്പുവില നൽകി സ്വന്തമാക്കുന്ന ഇടത്തട്ടുകാരും കാക്കിയിട്ടതുകൊണ്ട് കാടിന്റെ ഉടമകൾ തങ്ങളാണെന്ന് കണ്ണുരുട്ടുന്ന നിയമപാലകരും പുതിയ കാഴ്ചയല്ല. നിലനിൽപ്പിന്റെ നിസ്സഹായമായ കുതറിപ്പിടച്ചിലിൽ ഗുളികൻ കണ്ടെത്തുന്ന തൊഴിൽ — നാട്ടുവൈദ്യനു വേണ്ടി ചോരയട്ടകളെ പിടിച്ചു കൊടുക്കുന്ന ജോലി — കീടനാശിനിക്കാലത്തിന്റെ ബാക്കിപത്രമായി പരാജയപ്പെട്ടു തുടങ്ങുന്നത് മുതലാളിത്ത സംസ്കൃതി ആദിമ ജീവിതങ്ങളിലേക്ക് നടത്തുന്ന അധിനിവേശത്തിന്റെ പുതിയ മാതൃകയാണ്. മുമ്പ് ഇരുപതും മുപ്പതും അട്ടകളെ എത്തിക്കുമായിരുന്ന സ്ഥാനത്ത് മൂന്നുനാലെണ്ണത്തെ മാത്രം കുപ്പിയിലാക്കി എത്തുന്ന ഗുളികൻ നേരിടുന്ന തിരസ്കാരം പരിഷ്കൃതസമൂഹത്തിൽ നിന്ന് ആദിവാസി നേരിടുന്ന ബഹുമുഖമായ തിരസ്കാരത്തിന്റെ തനതു രൂപകമാണ്.”(“പേ: 175 ,ഫസൽറഹ്മാൻ ,പ്രതിബിംബങ്ങൾപറഞ്ഞുവെക്കുന്നത് , ലോഗോസ്ബുക്ക്സ് , 2019)
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1989 സമയദൈർഘ്യം :105 മിനുട്സ് സംവിധാനം : കെ.പി.കുമാരൻ നിർമ്മാണം :എസ്.സി .പിള്ള, ജിജി അബ്രഹാം ബാനർ : ഫിലിം ഫോറം രചന : കെ.പി.കുമാരൻ , മാധവികുട്ടി ഛായാഗ്രഹണം : കെ.ജി.ജയൻ ചിത്രസന്നിവേശം :.വേണുഗോപാൽ കലാസംവിധാനം :ആർ.എസ് .മധു ശബ്ദലേഖനം : എൻ.ഹരികുമാർ സംഗീതം : ജി.ദേവരാജൻ പ്രധാന അഭിനേതാക്കൾ : അഞ്ജു, അശോകൻ, ഇന്നസെന്റ് , നെടുമുടി വേണു , മാവേലിക്കര പൊന്നമ്മ, ലിസി
സിനിമ സംഗ്രഹം:
സമൂഹത്തിന്റെ താഴെത്തട്ടിലുള്ള, ലൈംഗിക തൊഴിലിലേക്ക് തള്ളിവിടപ്പെട്ട സ്ത്രീകളുടെയും അവരുടെ മക്കളുടെയും ദുരവസ്ഥയാണ് സിനിമ പ്രമേയമാക്കുന്നത്. കൗമാരപ്രായക്കാരിയായ രുഗ്മിണി എന്ന പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ദാരിദ്ര്യം കാരണം സ്വന്തം അമ്മ തന്നെ രുഗ്മിണിയെ ലൈംഗിക തൊഴിലിലേക്ക് എത്തിക്കാൻ നിർബന്ധിതയാകുന്നു. എന്നാൽ, ആ കലുഷിതമായ ചുറ്റുപാടിലും രുഗ്മിണി തന്റെ നിഷ്കളങ്കത കൈവിടാതെ സൂക്ഷിക്കുന്നു. അവൾക്ക് കിട്ടുന്ന ഒരു പാവക്കുട്ടി അവളുടെ സ്വപ്നങ്ങളുടെയും നഷ്ടപ്പെട്ട ബാല്യത്തിന്റെയും പ്രതീകമായി മാറുന്നു. ക്രൂരമായ ഈ ലോകത്ത് പെൺകുട്ടി നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെയും അവളുടെ വിചാരലോകങ്ങളെയും സിനിമ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“പുരുഷകഥാപാത്രങ്ങൾക്ക് അകമ്പടി സേവിക്കുക, പുരുഷന്മാരുടെ സാഡിസത്തെ പ്രീണിപ്പിക്കാനായി യാതനകൾ സഹിക്കുക; കണ്ണീരൊഴുക്കുക; പ്രേക്ഷകരുടെ ഹീനവികാരങ്ങളെ വിരുന്നുട്ടാൻ പാകത്തിൽ പലമട്ടിൽ ശരീരം പ്രദർശിപ്പിക്കുക ഇതൊക്കെയാണ് സിനിമയിലെ സ്ത്രീകളുടെ മുഖ്യ ചുമതല. സ്ത്രീകൾക്ക് വികാരപ്പെടുക്കയും വേദനിക്കുകയും ചെയ്യുന്ന ഒരു മനസ്സുണ്ടെന്ന്, ഒരാത്മാവുണ്ടെന്ന് ഭൂരിപക്ഷം സിനിമകളും സമ്മതിച്ചുതരില്ല. സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി നിലനിർത്തിക്കൊണ്ടുപോകുന്ന തലതിരിഞ്ഞ കാഴ്ചപ്പാട് സമൂഹത്തിലാകെയും സിനിമയിൽ വിശേഷിച്ചും അസഹനീയമാം വിധം ആധിപത്യം പുലർത്തുകയാണ്. ഇങ്ങനെ, പുരുഷ സമൂഹത്തിന്റെ വികൃതവും ക്രൂരവുമായ സ്വാർത്ഥ താല്പര്യങ്ങൾക്കായി നിരന്തരം അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ നിസ്സഹായതയും വിഹ്വലതകളും കലാപരമായ സത്യസന്ധതയോടെ ആവിഷ്ക്കരിക്കുന്നുവെന്നതാണ് കെ.പി. കുമാരന്റെ രുഗ്മിണിയെ ശ്രദ്ധേയമാക്കുന്നത്. സ്ത്രീയെ സംബന്ധിച്ച് കമ്പോളകലകളും ജനപ്രിയ സാഹിത്യവും രൂപപ്പെടുത്തി വെച്ച കപടമൂല്യങ്ങളെ ഈ സിനിമ നിശിതമായ യാഥാർത്ഥ്യബോധം കൊണ്ട് മുറിവേൽപ്പിക്കുന്നു”.(ഒക്കെ ജോണി ,കെ പി കുമാരൻ :പ്രദേശം ആധുനികത സിനിമ ,സംസ്ഥാന ചലച്ചിത്ര അക്കാദമി ,2017)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 08-07-2011 സമയദൈർഘ്യം : 118 മിനുട്സ് സംവിധാനം : ആഷിഖ് അബു നിർമ്മാണം : സദാനന്ദൻ രാഗോരത്ത് ബാനർ :ലുക്‌സാം ക്രിയേഷൻസ് രചന :ശ്യാം പുഷ്ക്കരൻ , ദിലീഷ് നായർ ഛായാഗ്രഹണം: ഷൈജു ഖാലിദ് ചിത്രസന്നിവേശം: വി.സാജൻ കലാസംവിധാനം : കൊല്ലം സുരേഷ് ശബ്ദലേഖനം : പി.എസ് .ചാൾസ് സംഗീതം : ബിജി ബാൽ പ്രധാന അഭിനേതാക്കൾ: ലാൽ, ആസിഫ് അലി, ശ്വേതാ മേനോൻ ,മൈഥിലി, ബാബുരാജ്
സിനിമ സംഗ്രഹം:
ഭക്ഷണത്തോടുള്ള ഇഷ്ടവും പ്രണയവും ഒത്തുചേരുന്ന ഒരു റൊമാന്റിക് കോമഡി പരിചരണമാണ് സിനിമയുടെ പ്രമേയത്തിന്. . പുരാവസ്തു വകുപ്പിൽ ഉദ്യോഗസ്ഥനായ കാളിദാസനും ഡബ്ബിംഗ് ആർട്ടിസ്റ്റായ മായയും ഒരു കോളിലൂടെ പരിചയപ്പെടുന്നതും, ഭക്ഷണത്തോടുള്ള ഇരുവരുടെയും താല്പര്യം അവരെ ആത്മമിത്രങ്ങളാക്കി മാറ്റുന്നതുമാണ് കഥയുടെ കാതൽ. നേരിൽ കാണാൻ തീരുമാനിക്കുമ്പോൾ പ്രായക്കൂടുതൽ കാരണമുള്ള അപകർഷതാബോധം മൂലം ഇരുവരും തങ്ങൾക്ക് പകരം പ്രായം കുറഞ്ഞ മനുവിനെയും മീനാക്ഷിയെയും അയക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രം ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത്. കാളിദാസനും മായയും ഒന്നിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു. .
പഠനങ്ങൾ / ലിങ്കുകൾ:
“മലയാളികളുടെ അഭിരുചികൾ മാറുന്നതിന്റെ പ്രതിഫലനം വസ്ത്രധാരണത്തിൽ, ഭക്ഷണവിനിയോഗത്തിൽ, കലകളുടെ ആസ്വാദനത്തിൽ, വിദ്യാഭ്യാസരീതിയിൽ, ഗൃഹനിർമ്മാണത്തിൽ, വ്യക്തിബന്ധങ്ങളിലെല്ലാം ദർശിക്കാനാവും. സവിശേഷമായ ഈ മാറ്റം ചലച്ചിത്രത്തിന്റെ കാഴ്ചാനുഭവത്തിലും മാറ്റങ്ങൾ സൃഷ്ടിച്ചു. ആ മാറ്റം സിനിമയിലെ ജനപ്രിയഘടകങ്ങളെപ്പറ്റിയുള്ള ചിന്തയിലും ജനപ്രിയഘടകങ്ങളുടെ സ്വഭാവത്തിലും ഉചിതമായ മാറ്റം വരുത്തി. ഈ പശ്ചാത്തലത്തിലാണ് സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമയാകുന്നത്. സിനിമയുടെ സവിശേഷതകളെപ്പറ്റി ചിത്രവിശേഷമെന്ന ബ്ലോഗിൽ പറയുന്ന കാര്യങ്ങളും വിലമതിക്കേണ്ടതുണ്ട്. …."
(പേജ് :112,സാൾട്ആൻഡ്പെപ്പർ:മാറുന്നജനപ്രിയകാഴ്ചകൾ .,ജോസ് കെ മാനുവൽ ,ന്യൂ ജനറേഷൻ സിനിമ ,dc books ,2012)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല