ആമുഖം

മലയാളഭാഷയും സംസ്കാരവും വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഭാഷയുടെ ആധുനികവത്കരണവും സാഹിത്യത്തിലെ നവീനമായ അന്വേഷണവും ലക്ഷ്യമാക്കികൊണ്ടാണ് അന്തർസർവ്വകലാശാല മലയാളഭാഷാകേന്ദ്രം എന്ന ആശയം രൂപപ്പെട്ടത്. ആയിരത്തി അഞ്ഞൂറ് വർഷത്തിലധികം പഴക്കമുള്ളതും മൂന്നുകോടിയിലധികം ജനങ്ങൾ സംസാരിക്കുന്നതുമായ മലയാളഭാഷയുടെ നവോത്ഥാനം തന്നെയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സാഹിത്യ സമ്പത്തുകൊണ്ട് ലോകത്തിൽ അറിയപ്പെടുന്ന മലയാളത്തിന്റെ പൈതൃകം വേണ്ട രീതിയിൽ സംരക്ഷിക്കുന്നതിനും ആധുനിക തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും അന്തർസർവ്വകലാശാല മലയാളഭാഷാകേന്ദ്രത്തിനു കഴിയും. വിവിധ സംസ്കാരങ്ങളുടെ സമന്വയം, ലോകഭാഷകളുമായുള്ള ബന്ധം, സംസ്കൃതം,തമിഴ് തുടങ്ങിയ ക്ലാസ്സിക് ഭാഷകളുടെ സാമീപ്യം, ഇന്ത്യൻ ഭാഷകളുമായുള്ള സാംസ്കാരിക വിനിമയം, ആധുനിക ലിപി പരിഷ്കരണം, ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നു വരവ്, ഭാഷയുടെ കമ്പ്യൂട്ടർവത്കരണം തുടങ്ങിയ സാംസ്കാരിക സന്ദർഭങ്ങളിൽ പുതിയ വെല്ലുവിളികളും നവാന്വേഷണങ്ങളും ഏറ്റെടുത്തുകൊണ്ട് ഭാഷാസാഹിത്യത്തിന്റെ പാരമ്പര്യവും ആധുനികതയും സംരക്ഷിക്കുക എന്ന ദൗത്യമാണ് ഭാഷാകേന്ദ്രം ഏറ്റെടുക്കുന്നത്. അന്തർസർവ്വകലാശാല മലയാളഭാഷാകേന്ദ്രം കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലെ തന്നെയും വിവിധ സർവകലശാലകളും സാംസ്കാരികസ്ഥാപനങ്ങളുമായും സഹകരിച്ചുകൊണ്ടും അക്കാദമിക് രംഗത്തെ വിനിമയ പദ്ധതികൾ കൊണ്ടും സജീവമായി പ്രവർത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.


ലക്ഷ്യങ്ങൾ

കേരളഭാഷ, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിൽ നാളിതുവരെ ഉണ്ടായിട്ടുള്ള ചലനങ്ങളെയും പരിവർത്തനങ്ങളെയും വളർച്ചാഘട്ടങ്ങളെയും രീതികളെയും പറ്റിയുള്ള അറിവ് നൽകുന്ന കേന്ദ്രമാണ് അന്തർസർവ്വകലാശാല മലയാളഭാഷാ കേന്ദ്രം.
ഇപ്പറഞ്ഞ മേഖലകളിൽ ഇനിയുണ്ടാകാൻ സാധ്യതയുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ആവശ്യമായ വസ്തുതകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്രത്തിന്റെ പ്രവർത്തന ലക്ഷ്യം.
ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും കേരളസംസ്കാരത്തെക്കുറിച്ചും അറിയാനാഗ്രഹിക്കുന്ന ആർക്കും വിശ്വാസപൂർവം ആശ്രയിക്കാവുന്ന കേന്ദ്രമാണിത്.
മലയാളപഠനം നടക്കുന്ന സർവ്വകലാശാല കളുടെ പ്രവർത്തങ്ങൾക്ക് ചാലക ശക്തിയായി ഈ കേന്ദ്രം പ്രവർത്തിക്കും.


മുൻ ഡയറക്ടർമാർ


  • പ്രൊഫ.എൻ. സി. ഹരിദാസൻ
  • പ്രൊഫ.ഡോ. ബി. വി. ശശികുമാർ
  • പ്രൊഫ.ഡോ. സീമാ ജെറോം
  • © 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല