ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 25-08-1988 സമയദൈർഘ്യം : 146 മിനുട്സ് സംവിധാനം : ഭരതൻ നിർമ്മാണം :എം.എം.രാമചന്ദ്രൻ ബാനർ : ചന്ദ്രകാന്ത് ഫിലിംസ് രചന : എം.ടി.വാസുദേവൻ നായർ ഛായാഗ്രഹണം : മധു അമ്പാട്ട് ചിത്രസന്നിവേശം : ഭരതൻ കലാസംവിധാനം : കൃഷ്ണ മൂർത്തി ശബ്ദലേഖനം :സി.ഡി.വിശ്വനാഥൻ സംഗീതം : ബോംബെ രവി പ്രധാന അഭിനേതാക്കൾ :സുപർണ ആനന്ദ് ,സഞ്ജയ് മിശ്ര, നെടുമുടി വേണു,ബാബു ആന്റണി, ഗീത
സിനിമ സംഗ്രഹം:
മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വർഷങ്ങളായി മഴ പെയ്യാതെ വരൾച്ചയുടെ പിടിയിലായ അംഗരാജ്യത്തെ രക്ഷിക്കാൻ ഋഷ്യശൃംഗൻ എന്ന യുവസന്യാസിയെ കൊട്ടാരത്തിലെത്തിക്കണമെന്ന് രാജഗുരു നിർദ്ദേശിക്കുന്നു. തികച്ചും ഒറ്റപ്പെട്ട വനത്തിൽ സ്ത്രീസാമീപ്യമില്ലാതെ വളർന്ന ഋഷ്യശൃംഗനെ വശീകരിച്ച് കൊണ്ടുവരാൻ കൊട്ടാരദാസിയായ വൈശാലി നിയോഗിക്കപ്പെടുന്നു. തന്റെ സൗന്ദര്യവും സ്നേഹവും കൊണ്ട് വൈശാലി ഋഷ്യശൃംഗനെ ആകർഷിക്കുകയും ഒടുവിൽ അംഗരാജ്യത്ത് എത്തിക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. ഋഷ്യശൃംഗന്റെ പാദങ്ങൾ മണ്ണിൽ പതിഞ്ഞതോടെ രാജ്യത്ത് കനത്ത മഴ പെയ്യുന്നു. എന്നാൽ രാജ്യം രക്ഷിക്കപ്പെട്ടതോടെ വൈശാലിയുടെ ദൗത്യം അവസാനിക്കുകയും, രാജാവിന്റെ ആജ്ഞപ്രകാരം ഋഷ്യശൃംഗനെ രാജകുമാരിക്ക് വിവാഹം കഴിച്ചു നൽകുകയും ചെയ്യുന്നു. തന്റെ പ്രണയവും ത്യാഗവും വിസ്മരിക്കപ്പെട്ട്, ആൾക്കൂട്ടത്തിനിടയിൽ ഏകാകിയായി നിൽക്കുന്ന വൈശാലിയുടെ വേദനയോടെ ചിത്രം അവസാനിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വൈശാലി (1988, എം.ടി. വാസുദേവൻനായർ, ഭരതൻ.) ദേവദാസികൾ എന്നാൽ ദേവന്റെ ദാസികൾ എന്നർത്ഥം. കന്യകയായ പെൺകുട്ടികളെ ദേവന് സമർപ്പിക്കുക എന്ന ഈ ആർഷഭാരതീയ ദുരാചാരത്തിന്റെ വ്യതിയാനങ്ങൾ വൈറ്റൽ മണത്തറസിനിമകളിലും നിലനിൽക്കുന്നുണ്ട്. പ്രാചീന ഇന്ത്യയിലും മധ്യകാല ഇന്ത്യയിലും രാജാക്കന്മാർക്കിടയിൽ നിലനിന്നിരുന്ന സ്ത്രീകളെ കൊടുക്കൽ വാങ്ങൽ സമ്പ്രദായത്തിന്റെ സൃഷ്ടി കൂടിയായിരിക്കണം ദേവദാസി സമ്പ്രദായം. രാജാക്കന്മാർക്ക് കാണിക്കയായി വെക്കാവുന്നതും വെച്ച് മാറ്റാവുന്നതുമൊക്കെയുമായ ലൈംഗികവസ്തുക്കൾ കൂടിയായിരുന്നു സ്ത്രീശരീരങ്ങൾ. ദേവദാസികൾ ശൈവക്ഷേത്രങ്ങളിൽ നൃത്തമാടിയിരുന്ന, പുരുഷന്മാർക്ക്, പുനരുല്പ്പാദനപരമായല്ലാതെ രതി സാധ്യമാകുന്ന വിഭാഗങ്ങളായിരുന്നു എന്ന് പറയാം. നൃത്തം, സംഗീതം, കാമകലകൾ, നാട്യം തുടങ്ങിയവ വശമുള്ള മോഹിനികൾ കൂടിയായിരുന്നു ഇവർ. മോഹിനിയാട്ടം നടത്തി പുരുഷന്റെ കാഴ്ചയെ തൃപ്തിപ്പെടുത്താനും അവനെ രസിപ്പിക്കാനും കാമകലകൾ അഭ്യസിച്ച ശരീരങ്ങളാണ് അവർ. ദേവവധു എന്ന ബഹുമാന്യപദവി നൽകി സ്വന്തമാക്കപ്പെട്ട നൃത്തകലാപാരമ്പര്യമുള്ള ദേവദാസികൾ പിൽക്കാലത്ത് ലൈംഗികത്തൊഴിലാളികളായി മാറി എന്നതാണ് ചരിത്രം. പുരുഷനിർമ്മിതമായ ലൈംഗികാടിമത്തം കുലസ്ത്രീകൾക്കെന്നപോലെ മറ്റൊരു രൂപത്തിൽ ദേവദാസികൾക്കും നിർമ്മിച്ചിരുന്നു. ”(പേ:82,ഡോ.മുഹമ്മദ്റാഫി എൻ.വി,അഴിഞ്ഞാട്ടങ്ങൾ വിശുദ്ധപാപങ്ങൾ,കേരളസംസ്ഥാനചലച്ചിത്രഅക്കാദമി ,2018)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 23-02-1964 സമയദൈർഘ്യം : 136 മിനുട്സ് സംവിധാനം : എം.കൃഷ്ണൻ നായർ നിർമ്മാണം : ടി.ഇ.വാസുദേവൻ ബാനർ : ജയ്മാരുതി പ്രൊഡക്ഷൻസ് രചന : മൊയ്തു പടിയത്ത് ഛായാഗ്രഹണം : സി.ജെ.മോഹൻ ചിത്രസന്നിവേശം : ടി.ആർ.ശ്രീനിവാസലു കലാസംവിധാനം : ആർ.ബി.എസ്.മണി ശബ്ദലേഖനം : ആർ.ജി.പിള്ള സംഗീതം : എം.എസ്.ബാബുരാജ് പ്രധാന അഭിനേതാക്കൾ : പ്രേം നസീർ, അംബിക, മധു, നിലമ്പൂർ ആയിഷ ,ഷീല
സിനിമ സംഗ്രഹം:
ഉമ്മയുടെ ഇഷ്ടത്തിന് വിരുദ്ധമായി ജബ്ബാർ സുബൈദയെ വിവാഹം കഴിക്കുന്നു. മരുമകൾ സഫിയയെ മകന്റെ വധുവായി കൊണ്ടുവരാൻ അവർ പദ്ധതിയിട്ടിരുന്നു. സുബൈദയ്ക്ക് വന്ധ്യതയുണ്ടെന്ന് അമ്മായിയമ്മയും കുടുംബത്തിലെ മറ്റ് അംഗങ്ങളും ആരോപിക്കുന്നു.ക്രമേണ നിരന്തരമായ പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തുന്നതിന്റെയും വൈകാരിക ബ്ലാക്ക്‌മെയിലിംഗിന്റെയും ഭാഗമായി ജബ്ബാർ ഭാര്യയിൽ നിന്ന് വേർപിരിയാൻ തീരുമാനിക്കുന്നു.ജബ്ബാർ സഫിയയെ വിവാഹം കഴിക്കുന്നു, അതേസമയം സുബൈദയുടെ പിതാവ് കരീം തന്റെ മകളെ സിദ്ദിഖിനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു. വിവാഹ ബ്രോക്കർ സിദ്ദിഖിനോട് സുബൈദ മുമ്പ് വിവാഹം കഴിച്ചിരുന്നുവെന്ന് പറയുന്നില്ല. ഇതറിഞ്ഞപ്പോൾ, അയാൾ സുബൈദയെ വീട്ടിലേക്ക് തിരിച്ചയക്കുന്നു. കരീം മരിച്ചതിനുശേഷം, സിദ്ദിഖ് സുബൈദയെ തിരികെ കൊണ്ടുവരുന്നു, അവർ മദ്രാസിലേക്ക് പോകുന്നു, അവിടെ സിദ്ദിഖിന് ജോലി ലഭിക്കുന്നു.സുബൈദ ഒരു കുഞ്ഞിന് ജന്മം നൽകുന്നു. ഒരു ബന്ധുവിൽ നിന്ന് ഇത് കേട്ടപ്പോൾ ജബ്ബാർ അത്ഭുതപ്പെടുന്നു. അയാൾ ധൈര്യം സംഭരിച്ച് തന്റെ വന്ധ്യത സ്ഥിരീകരിക്കുന്ന ഒരു വൈദ്യപരിശോധനയ്ക്ക് വിധേയനാകുന്നു. അതേസമയം, സഫിയ ഗർഭിണിയാകുന്നു. ഇതിന് ഉത്തരവാദി സ്വന്തം കസിൻ ആണെന്ന് ആരോപിക്കപ്പെടുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“പൊതുവേ സന്താനോല്പ്പാദനത്തിന് സാധിക്കായ്മയെ സ്ത്രീകൾക്കുമേൽ കെട്ടിവെക്കുന്ന തരം പാട്രിയാർക്കൽ ബോധം നമ്മുടെ നാട്ടിലുണ്ട് എന്നത് ഒരു വാസ്തവമാണ്. ഭാര്യാബഹുത്വത്തിനുള്ള പല കാരണങ്ങളിൽ ഒരു കാരണം കൂടിയായിരുന്നു അത്. ഭർതൃബഹുത്വം നിലവിലില്ലാത്തതിനാലും ഏതെങ്കിലും പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയെ ഉത്തമ നായകൻ വിവാഹം ചെയ്തു കൊടുക്കുന്ന ഏർപ്പാട് മലയാള സിനിമയ്ക്ക് ആലോചിക്കാൻ പോലും പട്ടാൻ കഴിയില്ലായിരുന്നതിനാലും ഇങ്ങനെ ഒരു പ്രമേയം കാലം തെറ്റി പിറന്നതായിരുന്നു എന്നും പറയാം. ‘അടിമകൾ’, ‘അഗ്നിപുത്രി’ തുടങ്ങി അക്കാലത്തെ ധാരാളം സിനിമകൾ തന്നെ ഇതിന് ഉദാഹരണം. ‘കുട്ടിക്കുപ്പായം’ എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ പരാജയപ്പെട്ട പുരുഷനെ നിർമ്മിക്കുകയായിരുന്നു എന്നും പറയാം. ജബ്ബാർ എന്ന പുരുഷൻ തന്റെ ആദ്യഭാര്യയുടെ മുമ്പിലും രണ്ടാം ഭാര്യയുടെ മുമ്പിലും ലൈംഗികമായി പരാജയപ്പെട്ടുപോയ ആദ്യ പുരുഷനാണ്. അയാളുടെ പൊട്ടൻഷ്യൽ പരിശോധന മലയാള സിനിമ അതിനു മുമ്പോ ശേഷമോ അത്ര കാര്യമാക്കിയിട്ടില്ല”.(പേ:189,ഡോ.മുഹമ്മദ്റാഫിഎൻ.വി,അഴിഞ്ഞാട്ടങ്ങൾവിശുദ്ധപാപങ്ങൾ,കേരളസംസ്ഥാനചലച്ചിത്രഅക്കാദമി ,2018)
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 14-08-2009 സമയദൈർഘ്യം : 130 മിനുട്സ് സംവിധാനം : ശ്യാമപ്രസാദ് നിർമ്മാണം : വചൻ ഷെട്ടി ബാനർ : ഇന്നോ സ്റ്റോ എന്റർടൈന്റ്‌മെന്റ് ഗ്രൂപ് രചന : ജോഷ്വാ ന്യൂട്ടൻ ഛായാഗ്രഹണം : ഷാംദത്ത് എസ് ചിത്രസന്നിവേശം : വിനോദ് സുകുമാരൻ കലാസംവിധാനം : വി.പ്രേമചന്ദ്രൻ ശബ്ദലേഖനം :അജിത്ത് എ ജോർജ്ജ് സംഗീതം : രാഹുൽ രാജ് പ്രധാന അഭിനേതാക്കൾ : നിഷാം, ആസിഫ് അലി,റിമ കല്ലിങ്കൽ, എം.ജി.ശശി, ജയ മേനോൻ
സിനിമ സംഗ്രഹം:
ശരത്, സണ്ണി, വർഷ എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് 'ഋതു' പറയുന്നത്. കുട്ടിക്കാലം മുതൽക്കേ ഒന്നിച്ചു വളർന്ന ഇവർക്കിടയിൽ ശക്തമായ സൗഹൃദമുണ്ടായിരുന്നു. പ്രകൃതിയെയും എഴുത്തിനെയും സ്നേഹിക്കുന്ന ശരത്, പ്രായോഗിക ബുദ്ധിയുള്ള സണ്ണി, സ്വതന്ത്ര ചിന്താഗതിക്കാരിയായ വർഷ എന്നിവർ പഠനത്തിന് ശേഷം പല വഴിക്കായി പിരിയുന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം ഐ.ടി. മേഖലയിലെ പ്രമുഖരായ സണ്ണിയും വർഷയും മുൻകൈ എടുത്ത് ശരത്തിനെ തങ്ങളുടെ കമ്പനിയിലേക്ക് ജോലിക്ക് കൊണ്ടുവരുന്നു.പഴയ സൗഹൃദം വീണ്ടെടുക്കാം എന്ന പ്രതീക്ഷയോടെ എത്തുന്ന ശരത്തിന് പക്ഷേ കാണാൻ കഴിയുന്നത് ആകെ മാറിയ സുഹൃത്തുക്കളെയാണ്. കോർപ്പറേറ്റ് ലോകത്തെ മത്സരങ്ങളും സ്വാർത്ഥതയും പണത്തോടുള്ള ആർത്തിയും അവരുടെ സ്വഭാവത്തെ പാടെ മാറ്റിമറിച്ചിരിക്കുന്നു. സൗഹൃദത്തേക്കാൾ ഉപരിയായി സ്വന്തം ലാഭത്തിനായി ആരെയും ചതിക്കാൻ മടിക്കാത്ത രീതിയിലേക്ക് അവർ മാറിയിരുന്നു. ഈ തിരിച്ചറിവ് ശരത്തിനെ വേദനിപ്പിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“സിനിമയിൽ കാണിക്കുന്നതിനേക്കാൾ പ്രധാനമാണ് കാണിക്കാതിരിക്കുന്നത്. അല്ലെങ്കിൽ എന്തു കാണിക്കുന്നു എന്നുള്ളത്. മാധ്യമത്തിന്റെ ഈ മർമ്മം നന്നായി അറിവുള്ളതുകൊണ്ടാണ്, വേണമെങ്കിൽ കൈപൊള്ളിയേക്കാവുന്ന, അതുമല്ലെങ്കിൽ കൈവിട്ടുപോയേക്കാവുന്ന ബന്ധങ്ങളുടെ അതിസങ്കീർണ്ണതകളും സ്വകാര്യതകളും ചില ദൃശ്യസൂചനകളിലൂടെ വ്യഞ്ജിപ്പിക്കാൻ ശ്യാമപ്രസാദിന് സാധിക്കുന്നത്. ദീപ്തിയോടുള്ള കടുത്ത ഇഷ്ടത്തിനിടയിലും ജീവിതത്തിരക്കിനിടൈ അവളുടെ അഭിലാഷപൂർത്തിക്കു സാധിക്കാതെവരുന്ന ഭർത്താവിന്റെ ധർമ്മസങ്കടവും അതിലൂടെ ദീപ്തിയിൽ അങ്കുരിക്കുന്ന ലൈംഗികമായ അകൽച്ചയും തീർത്തും സഭ്യമായ ഒരൊറ്റ കിടപ്പറരംഗത്തിലൂടെയാണ് ശ്യാം വ്യക്തമാക്കുന്നത്. ഋതുവിന്റെ തുടക്കം ബാംഗ്ലൂരിലെ ഡിസ്കോതെക്കിൽ ആൺസുഹൃത്തുക്കളുമൊത്തു മദിച്ചാടുന്ന സണ്ണി ഇമ്മട്ടിയുടെ ദൃശ്യത്തിലാണ്. പ്രസ്തുത രംഗത്തിലെ ശരീരഭാഷ അയാളുടെ സ്വവർഗ്ഗപ്രണയം വ്യക്തമാണ്. നായികയായ വർഷയെ അവതരിപ്പിക്കുന്ന രംഗത്ത് അവളൊരു പിടിവിട്ട പെണ്ണാണെന്നും വെളിപ്പെടുന്നുണ്ട്. (“പേ:108 :94,എ .ചന്ദ്രശേഖർ,കാഴ്ചപ്പകർച്ച സിനിമയുടെ ഇടങ്ങൾ ,ഒലിവ്‌ബുക്ക്സ് ,2012)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 22-03-2013 സമയദൈർഘ്യം : 157 മിനുട്സ് സംവിധാനം : ലിജോ ജോസ് പെല്ലിശേരി നിർമ്മാണം : ഫരീദ് ഖാൻ ബാനർ : വൈറ്റ് സാൻഡ്‌സ് മീഡിയ ഹൌസ് രചന : പി.സ്.റഫീഖ്,ലിജോ ജോസ് പെല്ലിശേരി ഛായാഗ്രഹണം : അഭിനന്ദൻ രാമാനുജം ചിത്രസന്നിവേശം : മനോജ് കലാസംവിധാനം : എം.ബാവ ശബ്ദലേഖനം :കണ്ണൻ ഗണപത് സംഗീതം : പ്രശാന്ത് പിള്ള പ്രധാന അഭിനേതാക്കൾ :ഫഹദ് ഫാസിൽ,ഇന്ദ്രജിത് സുകുമാരൻ, സ്വാതി റെഡ്ഢി,നടാഷ സാഗർ,രാജേഷ് ഹെബ്ബാർ,കലാഭവൻ മണി
സിനിമ സംഗ്രഹം:
കുമാരംകരി എന്ന ഗ്രാമവും അവിടുത്തെ പുരാതനമായ ഗീവർഗീസ് പുണ്യവാളന്റെ പള്ളിയുമാണ് സിനിമയുടെ ലോകം. ആ പള്ളിയിലെ ബാന്റ് സെറ്റിലെ അംഗമായ സോളമനും, പള്ളിയിലെ പ്രധാനിയായ പൈലിയുടെ മകൾ ശോശന്നയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ആത്മാവ്. സോളമൻ ഒരു മികച്ച ക്ലാരനെറ്റ് വായനക്കാരനാണെങ്കിലും, പഴയൊരു ദുരന്തത്തിന്റെ ഓർമ്മകളും ആത്മവിശ്വാസക്കുറവും അവനെ വേട്ടയാടുന്നു . ശോശന്നയുടെ പിതാവ് ഈ ബന്ധത്തെ ശക്തമായി എതിർക്കുകയും അവളെ മറ്റൊരു ധനികന് വിവാഹം കഴിച്ചു നൽകാൻ തീരുമാനിക്കുകയും ചെയ്യുന്നു.ഗ്രാമത്തിലെ പള്ളിയുടെ അവസ്ഥയും മോശമാണ്. പള്ളി പൊളിച്ചു പണിയാനും അവിടുത്തെ ബാന്റ് സെറ്റ് നിർത്തലാക്കാനും ഒരു വിഭാഗം ശ്രമിക്കുന്നു. ഈ പ്രതിസന്ധികൾക്കിടയിലേക്കാണ് ഫാദർ വിൻസെന്റ് വട്ടോളി എന്ന യുവപുരോഹിതൻ എത്തുന്നത്. സാധാരണ പുരോഹിതരിൽ നിന്ന് വ്യത്യസ്തമായി, സംഗീതത്തെ സ്നേഹിക്കുന്ന വട്ടോളി അച്ഛൻ സോളമന്റെയും ശോശന്നയുടെയും രക്ഷകനായി മാറുന്നു. സോളമന്റെ ഉള്ളിലെ സംഗീതജ്ഞനെ ഉണർത്താനും അവന് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും വട്ടോളി അച്ഛൻ പരിശ്രമിക്കുന്നു.സിനിമയുടെ പ്രധാന ഘട്ടത്തിലേക്ക് നയിക്കുന്നത് വലിയൊരു ബാന്റ് മത്സരമാണ്. കുമാരംകരി ബാന്റ് സംഘം മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പള്ളി നിലനിർത്താനും സോളമന് ശോശന്നയെ വിവാഹം കഴിക്കാനും സാധിക്കൂ എന്ന സാഹചര്യം വരുന്നു. സോളമന്റെ നേതൃത്വത്തിലുള്ള കുമാരംകരി ബാന്റും എതിരാളികളും തമ്മിലുള്ള ആവേശകരമായ മത്സരം കേവലം ഒരു സംഗീത മത്സരമല്ല, മറിച്ച് അത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായും വിശ്വാസത്തിന്റെ വിജയമായും മാറുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“ആമേൻ' ഒരു ഏറ്റുപറച്ചിലാണ്. പൗരോഹിത്യപീഠത്തിൽ നിന്നുള്ള ശാസനകളെ അനുസരിച്ചുകൊള്ളാമെന്നുള്ള വാഗ്ദാനമാണ് ആമേനിൽ. ഒരു മലയാള ഗ്രാമീണത അതിന്റെ അകാല്പനികമായ റിയലിസ്റ്റ് ആഖ്യാനത്തിന് സ്വാഭാവികമായി വഴങ്ങുമ്പോൾത്തന്നെ, പുരോഹിതനും കപ്യാരുമടങ്ങുന്ന സമൂഹം യാഥാർത്ഥ്യത്തിന്റെ ഒരു ഖണ്ഡമായി നിൽക്കുമ്പോൾത്തന്നെ പ്രമേയത്തിന്റെ സവിശേഷതകൊണ്ട്, ഗ്രാമം യാഥാർത്ഥ്യത്തിന്റെ അതിരുകൾ മുറിച്ച് കല്പിതകഥകളുടെ അതിയാഥാർത്ഥ്യത്തിലേക്ക് വഴിമാറുകയാണ്. പള്ളിയുമായി ബന്ധപ്പെടുന്ന കുഴൽവാദ്യമേളത്തിന്റെ ബാൻഡ്‌ട്രൂപ്പിന്റെ ചരിത്രമാണ്, ചിത്രത്തിന് ഒരു നാടോടിക്കഥയുടെ പരിവേഷവും, സറീയലിസത്തിന്റെ സ്പർശവും നൽകുന്നത്. 'പണം' തന്നെയാണ് ഇവിടെയും പൗരോഹിത്യമനസ്സിനെ സ്വാർത്ഥതയുടെ താവളമാക്കുന്നത്. പള്ളി കാലാനുസൃതമായി പുതുക്കിപ്പണിയുന്നതിനെ സംബന്ധിച്ച തർക്കവിതർക്കങ്ങൾ പുരോഹിതനെ പ്രകോപിപ്പിക്കുന്നത് അതിലെ സാമ്പത്തിക കൈകാര്യലാഭത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്ന ഒരു നിലപാടിന് ഒച്ചയും അനക്കവുമുണ്ടാകുന്നതുകൊണ്ടാണ്. “(പേ:151,എസ്.സുധീഷ്,മലയാളസിനിമന്യൂസ്പേപ്പർബോയ്മുതൽന്യൂജനറേഷൻവരെ ,പാഠംബുക്ക്സ് ,2019)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 19-10-1989 സമയദൈർഘ്യം : 154 മിനുട്സ് സംവിധാനം : സിബി മലയിൽ നിർമ്മാണം : സാഗ ഫിലിംസ് ബാനർ : സാഗ ഫിലിംസ് രചന : ലോഹിതദാസ് ഛായാഗ്രഹണം : വേണു ചിത്രസന്നിവേശം : എൽ.ഭൂമിനാഥൻ കലാസംവിധാനം : സി.കെ.സുരേഷ് ശബ്ദലേഖനം : ആനന്ദ് സംഗീതം : ജോൺസൻ പ്രധാന അഭിനേതാക്കൾ :മോഹൻ ലാൽ,രേഖ,മുരളി,സുകുമാരി
സിനിമ സംഗ്രഹം:
മാതാപിതാക്കൾ നേരത്തെ മരിച്ചുപോയ രാജീവ്, മദ്യപാനത്തിലും സുഹൃത്തുക്കളോടൊപ്പമുള്ള ആഘോഷങ്ങളിലും ജീവിതം ആസ്വദിക്കുകയാണ്. എന്നാൽ തന്റെ ആത്മാർത്ഥ സുഹൃത്തായ സ്കറിയയുടെ കുടുംബജീവിതവും മക്കളും രാജീവിൽ പിതൃത്വത്തോടുള്ള അടങ്ങാത്ത ആഗ്രഹം ജനിപ്പിക്കുന്നു. വിവാഹം കഴിക്കാൻ താല്പര്യമില്ലാത്ത രാജീവ്, ഒരു വാടകഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാൻ തീരുമാനിക്കുന്നു. ഡ്രൈവറുടെ സഹായത്തോടെ ആനി എന്ന യുവതിയെ ഇതിനായി കണ്ടെത്തുന്നു. രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കായി പണം ആവശ്യമായിരുന്ന ആനി, ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഈ ഉടമ്പടിക്ക് തയ്യാറാവുന്നു. രാജീവിന്റെ കുഞ്ഞിനെ ആനി പ്രസവിക്കുന്നുവെങ്കിലും, പ്രസവശേഷം കുഞ്ഞിനോട് തോന്നുന്ന മാതൃസഹജമായ വാത്സല്യം ആനിയെ കുഞ്ഞിന് രാജീവിന് വിട്ടുകൊടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“ഗർഭാനന്തരമുള്ള അമ്മയുടെ വൈകാരിക ജീവിതത്തെ ഇവിടെയും ഉറപ്പിക്കേണ്ടതിന്റെ ബാധ്യതകൂടി ഏറ്റെടുക്കുകയാണ് ‘ദശരഥം.’ ആണും പെണ്ണും ഇണചേർന്നുണ്ടാവുന്ന കുഞ്ഞുങ്ങളോട് അമ്മയ്ക്കുള്ള അതേ വൈകാരികബന്ധം അമ്മയോട് കുഞ്ഞിനും ഉണ്ടാവാനിടയുള്ള അതേ വൈകാരികബന്ധം ഗർഭപാത്രം വാടകയ്ക്ക് നൽകിയ അമ്മയ്ക്കുമുണ്ടോ എന്ന അന്വേഷണമാണ് മറ്റൊരുരൂപത്തിൽ ഈ സിനിമ. ‘ദശരഥ’ത്തിൽ രാജീവ് എന്ന മദ്യപാനിയും സ്വന്തം ജീവിതം തോന്നിയപോലെ ജീവിക്കുന്നവനുമായ പുരുഷന്റെ താൽപ്പര്യമാണ് കുഞ്ഞിന്റെ പിറവി. വളരെ സൂക്ഷ്മമായി അച്ഛനായ ആണിനും അമ്മ സങ്കൽപ്പത്തിലെ പെണ്ണിനും കുട്ടികളോടുള്ള വൈകാരികബന്ധമാണ് ‘ദശരഥം’ പറഞ്ഞു വെച്ചത്. ഇക്കാര്യത്തിൽ പാട്രിയാർക്കൽ ഘടനയിലുള്ള അബോധത്തെ അഭിമുഖം നിർത്തുകയല്ല, അതിനെ ഏറ്റെടുക്കുകയും എന്ത് മെഡിക്കൽ സയൻസിന്റെ പുരോഗതിമൂലം ഉണ്ടായ കുഞ്ഞായാലും അത് അമ്മയുടേതാണെന്നും ഒരു പടികൂടി കടന്ന് അമ്മയുടേത് മാത്രമാണെന്നും ഉറപ്പിക്കുകയാണ് ‘ദശരഥം.’ രാജീവ് പണം മുടക്കി വാടകക്കെടുക്കുന്ന ഗർഭപാത്രത്തിൽ പിറന്ന കുഞ്ഞാണെങ്കിലും ഗർഭപാത്രത്തിന്റെ മഹനീയത ഉറപ്പിച്ച് ആദർശവൽക്കരിക്കാൻ വേണ്ടി കുഞ്ഞിനെ ‘അമ്മയ്ക്കു’ തന്നെ തിരികെ നൽകി ‘വാടക അമ്മ’ (ഗർഭപാത്രത്തിന്റെ ഉടമയെയും) യെയും കേരളീയ അമ്മ എന്ന കുടുംബിനിയുടെ അതേ വാർപ്പു മാതൃകയിലേക്ക് വിവർത്തനം ചെയ്തെടുക്കുകയാണ് മലയാള സിനിമ.”(പേ:139,ഡോ.മുഹമ്മദ്റാഫിഎൻ.വി,അഴിഞ്ഞാട്ടങ്ങൾവിശുദ്ധപാപങ്ങൾ,കേരളസംസ്ഥാനചലച്ചിത്രഅക്കാദമി ,2018)
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 23-11-1973 സമയദൈർഘ്യം : 128 മിനുട്സ് സംവിധാനം : എം.ടി.വാസുദേവൻ നായർ നിർമ്മാണം : എം.ടി.വാസുദേവൻ നായർ ബാനർ : നോവൽ ഫിലിംസ് രചന : എം.ടി.വാസുദേവൻ നായർ ഛായാഗ്രഹണം : രാമചന്ദ്ര ബാബു ചിത്രസന്നിവേശം : രവി കിരൺ കലാസംവിധാനം : എസ്.കൊന്നനാട്ട് ശബ്ദലേഖനം :ദേവദാസ് .പി സംഗീതം : എം.ബി.ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ : പി.ജെ.ആന്റണി , സുകുമാരൻ,കവിയൂർ പൊന്നമ്മ, കൊട്ടാരക്കര ശ്രീധരൻ നായർ , രവി മേനോൻ
സിനിമ സംഗ്രഹം:
ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന വെളിച്ചപ്പാടിന് ദാരിദ്ര്യം വലിയൊരു വെല്ലുവിളിയാണ്. നാട്ടിൽ വസൂരി പടരുമ്പോൾ ഭഗവതിയുടെ അനുഗ്രഹത്തിനായി ഗ്രാമവാസികൾ ക്ഷേത്രത്തെ ആശ്രയിക്കുന്നുണ്ടെങ്കിലും, മറ്റ് സമയങ്ങളിൽ വെളിച്ചപ്പാടും കുടുംബവും തീർത്തും അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. വെളിച്ചപ്പാടിന്റെ മകൻ തൊഴിലില്ലാതെ അലയുന്നു. മകൾ വിവാഹപ്രായമെത്തി നിൽക്കുന്നു. ദാരിദ്ര്യം സഹിക്കവയ്യാതെ പള്ളിവാൾ പോലും പണയം വെക്കാൻ അയാൾ നിർബന്ധിതനാകുന്നു. എല്ലാ കഷ്ടപ്പാടുകൾക്കും ഭഗവതി ഒരു പരിഹാരം കാണുമെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഒടുവിൽ കുടുംബത്തിന്റെ വിശപ്പടക്കാൻ ഭാര്യയ്ക്ക് മറ്റൊരു പുരുഷന് മുന്നിൽ കീഴടങ്ങേണ്ടി വന്നു എന്ന സത്യം തിരിച്ചറിയുന്നതോടെ അയാളുടെ ലോകം തകരുന്നു. ഈ കടുത്ത യാഥാർത്ഥ്യം വെളിച്ചപ്പാടിനെ മാനസികമായി തകർക്കുന്നു. അത്യന്തം വൈകാരികമായ ഒരു രംഗത്ത്, ഉത്സവത്തിനിടെ ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാട് വിഗ്രഹത്തിന് മുന്നിൽ വെച്ച് സ്വന്തം തല പള്ളിവാൾ കൊണ്ട് വെട്ടിമുറിക്കുകയും രക്തം വിഗ്രഹത്തിലേക്ക് തുപ്പുകയും ചെയ്യുന്നു. താൻ ആയുസ്സു മുഴുവൻ പൂജിച്ച ദൈവം തന്റെ തകർച്ചയിൽ നിശബ്ദ സാക്ഷിയായി നിന്നതിലുള്ള പ്രതിഷേധമായിരുന്നു അത്.
പഠനങ്ങൾ / ലിങ്കുകൾ:
“നിർമാല്യം’ നമ്മെ സ്പർശിക്കുന്നത് അതിന്റെ സത്യസന്ധത കൊണ്ടാണ്. ഇന്നത്തെ സാമൂഹികരാഷ്ട്രീയസാഹചര്യത്തിൽ ‘നിർമാല്യം’ പോലുള്ളൊരു ചിത്രം ഒരുപക്ഷേ, സാധിച്ചെന്നുവരില്ല. അതിന്റെ നിർമിതിയുടെ ഇരുപത്തിയഞ്ചാം വർഷത്തോടനുബന്ധിച്ചു നടന്ന ഒരു ചടങ്ങിൽ എം.ടി. തന്നെ ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വളരെ വിഭാഗീയമായ ഒരു കാഴ്ചപ്പാടിലൂടെ കലാസൃഷ്ടികൾ വിലയിരുത്തപ്പെടുന്ന കാലത്ത് ‘നിർമാല്യം’ അസഹിഷ്ണുതയോടെ ആക്രമിക്കപ്പെട്ടുകൂടെന്നില്ല. ഈ കടുത്ത യാഥാർഥ്യം പരിഗണിക്കുമ്പോൾ ‘നിർമാല്യം’ത്തിന്റെ പ്രസക്തിയേറുന്നു. എഴുപതുകളിലെ നവതരംഗ ചിത്രങ്ങളുടെ കൂട്ടത്തിൽ ഇത് വേറിട്ടുനിൽക്കുന്നത് വർത്തമാനകാല സാഹചര്യത്തിലും നഷ്ടമാകാത്ത പ്രസക്തി നിമിത്തമാണ്.””(പേ :93 ,സി.വി .ബാലകൃഷ്ണൻ ,സിനിമയുടെ ഇടങ്ങൾ ,മാതൃഭൂമി ബുക്ക്സ് ,2008)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല