മലയാള ചലച്ചിത്ര ശേഖരം

ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം

ജീവിത നൗക


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 15-03-1951 സമയദൈർഘ്യം : 170 മിനുട്സ്  സംവിധാനം : കെ.വേമ്പു  നിർമ്മാണം :കെ.വി.കോശി,കുഞ്ചാക്കോ ബാനർ : കെ.കെ.കംബൈൻസ് ,ഉദയ സ്റ്റുഡിയോ   രചന : മുതുകുളം രാഘവൻ പിള്ള   ഛായാഗ്രഹണം :പി.ബി.മണി ചിത്രസന്നിവേശം : എസ്.വില്യംസ്    കലാസംവിധാനം : പി.എൽ.ജെ.റൂമേഷ്  ശബ്ദലേഖനം :  രാമ റാവു   സംഗീതം :   വി.ദക്ഷിണമൂർത്തി പ്രധാന അഭിനേതാക്കൾ  : തിക്കുറിശ്ശി, ബി.എസ്.സരോജ, സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ  ,പങ്കജ വല്ലി    



 



സിനിമ സംഗ്രഹം:

'ജീവിത നൗക' (1951), വാണിജ്യപരമായി വലിയ വിജയം നേടിയ ആദ്യത്തെ മലയാള ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. മലയാളത്തിൽ 'മെലോഡ്രാമ' എന്ന ജനപ്രിയ സിനിമാ ശൈലിക്ക് ശക്തമായ അടിത്തറ പാകി.ഒരു കൂട്ടുകുടുംബത്തിന്റെ തകർച്ചയും അതിജീവനവുമാണ് സിനിമയുടെ ഇതിവൃത്തം. നായക കഥാപാത്രം നേരിടുന്ന പ്രതിസന്ധികളും സഹോദരങ്ങൾക്കിടയിലെ ബന്ധങ്ങളും വൈകാരികമായി ഈ ചിത്രം അവതരിപ്പിച്ചു. സാമൂഹികമായ തലത്തിൽ പരിശോധിച്ചാൽ, അക്കാലത്തെ കേരളീയ മധ്യവർഗ കുടുംബങ്ങളിലെ മൂല്യച്യുതിയെയും സാമ്പത്തിക അരക്ഷിതാവസ്ഥയെയും ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ട്.നാടകീയമായ സംഭാഷണങ്ങളും അമിതവികാരപ്രകടനങ്ങളും  ചിത്രത്തിൽ പ്രകടമാണ്. തമിഴ്, ഹിന്ദി സിനിമകളുടെ സ്വാധീനം ഇതിലെ ഗാനങ്ങളിലും ആഖ്യാനശൈലിയിലും വ്യക്തമായി കാണാം. എങ്കിലും, സാധാരണക്കാരായ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ വേണ്ട ചേരുവകൾ കൃത്യമായി സമന്വയിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. "ആനത്തലയോളം വരുന്ന സങ്കടം" പോലും ലളിതമായി അവതരിപ്പിച്ച ഈ ചിത്രം, പിൽക്കാലത്ത് കുടുംബചിത്രങ്ങൾക്കുണ്ടായ വലിയൊരു വിപണിയെ രൂപപ്പെടുത്തിയെടുത്തു.



പഠനങ്ങൾ / ലിങ്കുകൾ:

“1951-ലാണ് എടുത്തുപറയത്തക്ക ഒരു ഫിക്ഷൻ ഭാവന മലയാളത്തിൽ പിന്നീട് സംഭവിക്കുന്നത് (ജീവിതനൗക). ദുഷ്ടത്തിയായ ജ്യേഷ്ഠഭാര്യ എന്ന സ്ത്രീ തന്നെയാണ് സിനിമയിലെ തിന്മ. പഴയ ഷേക്സ്പിയർ നാടകങ്ങളിൽ നിന്നും നാട്ടു മൊഴി മിത്തുകളിൽ നിന്നും നാടോടി കഥാഭാവനകളിൽ നിന്നുമൊക്കെ സിനിമയുടെ അബോധത്തിലേക്ക് കുടിയേറിയ നന്മതിന്മകൾ തമ്മിലുള്ള സംഘർഷവും, തിന്മയുടെ മേൽ നന്മയുടെ ആത്യന്തിക വിജയവും എന്ന ആദ്യകാല സിനിമകളിൽ പ്രവർത്തിക്കുന്ന ഇതിവൃത്തത്തിന്റെ ചരട്. ‘നന്മകൾ നിറഞ്ഞ പുരുഷൻ’ ‘തിന്മകൾ നിറഞ്ഞ സ്ത്രീ’ എന്ന ദ്വന്ദ്വ സമവാക്യത്തിൽ പടുത്തുയർത്തിയതും ഇവ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സംഘർഷത്തിൽ കൂടി ഇതിവൃത്തചലനം നിർവ്വഹിപ്പിക്കുകയും ചെയ്യുന്നു.” (പേ:21,ഡോ.മുഹമ്മദ്റാഫി എൻ.വി, അഴിഞ്ഞാട്ടങ്ങൾ വിശുദ്ധപാപങ്ങൾ, കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി ,2018)



 



View Online



പെരുവഴിയമ്പലം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 08-06-1979 സമയദൈർഘ്യം : 118 മിനുട്സ്  സംവിധാനം : പദ്മരാജൻ നിർമ്മാണം : പ്രേം പ്രകാശ്  ബാനർ : ഭദ്ര പ്രൊഡക്ഷൻസ്  രചന : പദ്മരാജൻ  ഛായാഗ്രഹണം :കണ്ണൻ നാരായണൻ ചിത്രസന്നിവേശം : രവി കിരൺ   കലാസംവിധാനം : പുരുഷോത്തമൻ  ശബ്ദലേഖനം :  ദേവദാസ്.പി  സംഗീതം :   എം.ജി.രാധാകൃഷ്ണൻ ,ഗുണ സിംഗ്  പ്രധാന അഭിനേതാക്കൾ  : അശോകൻ, അസീസ്, കെ.പി.എ.സി.ലളിത,  ഭാരത് ഗോപി   



 



സിനിമ സംഗ്രഹം:

ചായക്കടക്കാരന്റെ മകനായ രാമൻ എന്ന കൗമാരക്കാരനെ കേന്ദ്രീകരിച്ചാണ് പ്രമേയം .  ഗ്രാമത്തെ മുഴുവൻ ഭയപ്പെടുത്തി ഭരിച്ചു കൊണ്ടിരുന്ന പ്രഭാകരൻ പിള്ള എന്ന ഗുണ്ടയുമായി രാമൻ അപ്രതീക്ഷിതമായി ഒരു തർക്കത്തിൽ ഏർപ്പെടുന്നു. ആ ഏറ്റുമുട്ടലിനിടയിൽ യാദൃച്ഛികമായി രാമൻ പ്രഭാകരൻ പിള്ളയെ കൊല്ലുന്നു.അതോടെ  ഗ്രാമവാസികൾ രാമനെ ഒരു വീരനായി കാണാൻ തുടങ്ങുന്നു. എന്നാൽ, താൻ ചെയ്ത കൊലപാതകത്തിന്റെ ഞെട്ടലിലും ഭയത്തിലുമായിരുന്ന രാമൻ പതിയെ ഗ്രാമവാസികളുടെ ഈ ആരാധനയിലൂടെ മറ്റൊരു ഭാവത്തിലേക്ക് മാറുന്നു. ഒരു ഗുണ്ട പോയ സ്ഥാനത്തേക്ക് മറ്റൊരു ശക്തി വളർന്നു വരുന്നത് സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നതും, അധികാരവും ഭയവും മനുഷ്യരിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.



 



പഠനങ്ങൾ / ലിങ്കുകൾ:

“പത്മരാജന്റെ പ്രതികാര കഥകളിൽ പ്രതിയോഗികൾ മിക്കപ്പോഴും തുല്യരല്ല. ഒഴിഞ്ഞുമാറാനുള്ള അവസാനത്തെ ശ്രമവും പരാജയപ്പെടുമ്പോഴാണ് രാമൻ പ്രഭാകരൻപിള്ളയെ കുത്തുന്നത്. അതുകഴിഞ്ഞ് ഒളിച്ചോടിയെത്തിയത് ദൂരെയൊരു മലമുട്ടിൽ ചെറിയൊരു ചായക്കച്ചവടം നടത്തുന്ന വിശ്വംഭരന്റെ അടുത്ത്. വിശ്വംഭരൻ തികഞ്ഞ ഭീരുവാണ്. രാമൻ മുറിവിൽ നിന്നഴിച്ചു മാറ്റിയ തുണി വല്ലവരും കണ്ടാലോ എന്നു കരുതി പൊതിഞ്ഞെടുത്ത് ഭാരത്തിനു കല്ലും ചേർത്ത് പുഴയിലേക്ക് നീട്ടിയെയെറിയുന്ന ദൃശ്യം അയാളുടെ പരിഹാസ്യമായ ഭീരുത്വത്തിന് അടിവരയിടുന്നു. രാമനെ തന്റെ കൂടെ പാർപ്പിക്കുന്നതിനു പകരം ഒരിത്തിരി ദുർനടപ്പുള്ള ദേവയാനിയുടെ വീട്ടിലെത്തിക്കുന്നതും ധൈര്യക്കുറവുകൊണ്ടുതന്നെ. അയാൾ ദേവയാനിയോടു പറയുന്നത് രാമൻ ഒരു പെണ്ണിന് വയറ്റിലുണ്ടാക്കി ഒളിച്ചോടിയതാണെന്നാണ്(.”പേ:95 :94,സി.വി .ബാലകൃഷ്ണൻ ,സിനിമയുടെ ഇടങ്ങൾ ,മാതൃഭൂമി ബുക്ക്സ് ,2008)



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

 



 ദേശീയ ചലച്ചിത്രപുരസ്കാരം 




  •   മികച്ച പ്രാദേശിക ചിത്രം   



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച രണ്ടാമത്തെ ചിത്രം 

  • മികച്ച കഥ  

  • മികച്ച ശബ്ദ ലേഖനം



പരദേശി


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 12-07-2007 സമയദൈർഘ്യം : 135 മിനുട്സ്  സംവിധാനം : പി.ടി.കുഞ്ഞുമുഹമ്മദ്  നിർമ്മാണം : ആന്റണി പെരുമ്പാവൂർ   ബാനർ : എ.ആൻഡ് എ പ്രൊഡക്ഷൻസ്  രചന :പി.ടി.കുഞ്ഞുമുഹമ്മദ് ഛായാഗ്രഹണം :കെ.ജി.ജയൻ   ചിത്രസന്നിവേശം : ഡോൺ മാക്സ്  സംഗീതം :   രമേശ് നാരായണൻ, ഷഹബാസ് അമൻ പ്രധാന അഭിനേതാക്കൾ  : മോഹൻ ലാൽ, ശ്വേതാ മേനോൻ, പദ്മ പ്രിയ, ലക്ഷ്മി ഗോപാല സ്വാമി, സിദ്ധീഖ് , ജഗതി ശ്രീ കുമാർ ,    



 



സിനിമ സംഗ്രഹം:

പൗരത്വത്തിന്റെ സാങ്കേതിക കുരുക്കുകളിൽ അകപ്പെട്ടുപോയ ഒരു ജനതയുടെ നോവിക്കുന്ന ചരിത്രമാണ് ‘പരദേശി’ പറയുന്നത്. വിഭജനാനന്തരം ഇന്ത്യയിൽ നിന്ന് ഉപജീവനത്തിനായി പാകിസ്താനിലേക്ക് പോവുകയും പിന്നീട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്ത മലബാറിലെ മുസ്ലിംകൾ നേരിട്ട സ്വത്വ  പ്രതിസന്ധിയാണ് സിനിമയുടെ കാതൽ. വലിയകത്ത് മൂസ എന്ന കഥാപാത്രത്തിലൂടെ സ്വന്തം മണ്ണിൽ അന്യനായി മാറുന്ന മനുഷ്യന്റെ നിസ്സഹായത ചിത്രം തീക്ഷ്ണമായി അവതരിപ്പിക്കുന്നു. ദേശീയതയെയും പൗരത്വത്തെയും വെറും രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം നിർവ്വചിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്ന മാനുഷിക മൂല്യങ്ങളെക്കുറിച്ച് ഈ സിനിമ ഗൗരവകരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. വൈകാരികമായ അതിപ്രസരമില്ലാതെ തന്നെ മൂസയുടെ ജീവിതത്തിലെ ഏകാന്തതയും വേട്ടയാടപ്പെടലുകളുംകാഴ്ചപ്പെടുത്തുന്നു. ചരിത്രപരമായ ഒരു രാഷ്ട്രീയ യാഥാർത്ഥ്യത്തെ ലളിതവും എന്നാൽ അർത്ഥവത്തുമായ ദൃശ്യഭാഷയിലൂടെ ആവിഷ്കരിച്ച 'പരദേശി' മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നാണ്. സ്വന്തം വേരുകൾ തേടുകയും എന്നാൽ നിയമത്തിന് മുന്നിൽ തോറ്റുപോകുകയും ചെയ്യുന്ന മനുഷ്യരുടെ ഈ കഥ ഇന്നും സമകാലിക പ്രസക്തിയുള്ള ഒരു സാമൂഹിക രേഖയായി നിലകൊള്ളുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

"‘പരദേശി’ മൂന്ന് ഉപപാഠങ്ങൾ മുന്നോട്ടു വെക്കുന്നു. ഭരണകൂടം, രാഷ്ട്രം, സംസ്‌കാരം എന്നിവയിലൂന്നിയുള്ള മൂന്ന് ഉപപാഠങ്ങൾ. ഇതിൽ ഭരണകൂടം എന്ന ഉപപാഠത്തിൽ അധികാരം എങ്ങിനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നത് എന്നാണ് ചർച്ച ചെയ്യുന്നത്. പോലീസ് എന്ന മർദ്ദനോപാധിവഴി ജനങ്ങളെ ഭരണകൂടം അടിച്ചമർത്തുന്നതിന്റെ വിവിധ തലങ്ങൾ പരദേശിയിൽ കാണാം. ചരിത്രത്തിലെ നായകനായ മൂസ ഉൾപ്പെടെയുള്ള ‘പാക് പൗരന്മാർ’ ഭരണകൂടം എന്ന തിക്തയാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു. ഭരണകൂടം നിർമ്മിക്കുന്ന ചക്രവ്യൂഹത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ ദയനീയതയാണ് ചിത്രത്തിൽ ഉടനീളം നിഴലിക്കുന്നത്."(പേ:19,‘പരദേശി സിനിമയും രാഷ്ട്രീയവും,’പരദേശിയിലെ ഉപപാഠങ്ങൾ ‘ഡോ :കെ.എൻ പണിക്കർ ,എഡി :ഡോ .ഉമർ തറമ്മൽ ,അദർ ബുക്ക്സ് ,2008)



“ഇത്തരം പരദേശികൾ ലോകത്തെല്ലായിടത്തും കാണും.ഈ കൊളോൺ സംഭവം ഓർക്കാൻ കാരണം പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശിയാണ്. തുർക്കിയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഈ 'പരദേശി'കൾ തിരിച്ചെത്തിയാൽ എന്തു സംഭവിക്കും? സിനിമയിലേതുപോലെ അവർ വേട്ടയാടപ്പെടും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. അവരുടെ ഗോത്ര സമൂഹങ്ങൾ തന്നെ അവരെ പീഡിപ്പിക്കുകയും അതിർത്തി കടത്തി വിടുകയും ചെയ്യും. ഇങ്ങനെ പോകാൻ ഒരിടമില്ലാത്തവരുടെ സംഖ്യ ലോകമാകെമാനം പെരുകിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ, പി.ടി.കുഞ്ഞുമുഹമ്മദ് അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിന് ഒരു ആഗോളതാപമാനത്തിന്റെ ചൂടും വിഭ്രമവും ഉണ്ട്. അത് ലോകമെങ്ങുമുള്ള പ്രവാസികളുടെ ആത്മനൊമ്പരവും ആത്മസംഘർഷവും നിറഞ്ഞതാണ്. ഇതേപോലെ വിസ്ഫോടന ശക്തി ഉള്ളതും ആഗോളവ്യാപ്തി ഉള്ളതുമായ ഒരു പ്രമേയം മലയാളത്തിൽ ആരും 



സിനിമക്ക് തിരഞ്ഞെടുത്തിട്ടില്ല എന്നത് ഈ സിനിമയുടെ പ്രത്യേക പ്രസക്തിയാണ്. അത് ഏറനാടൻ മണ്ണിലോ ഇന്ത്യാ-പാക് സംഘർഷങ്ങളിൽ ഒതുങ്ങുന്നതോ ആയ ഒരു ചില്ലറ പ്രമേയമല്ല. സിനിമ വെറും ഒരു വിനോദോപാധിയാവുന്ന കാലത്ത് ഉള്ളുലയ്ക്കുന്ന ഇത്തരം ഒരു സിനിമ തിയേറ്ററിൽ എത്തിക്കുന്നതിന്റെ ചങ്കൂറ്റം വാഴ്ത്തപ്പെടാതെ പോകരുത്."(പേ:27, ‘പരദേശി സിനിമയും രാഷ്ട്രീയവും, ’കൊളോണിലെ പരദേശികൾ:ഏറനാട്ടിലെയും’  ‘ബാബുഭരദ്വാജ് , എഡി :ഡോ.ഡോ .ഉമർ തറമ്മൽ ,അദർ ബുക്ക്സ് ,2008)



 



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം 




  •   മികച്ച ചമയം -പട്ടണം റഷീദ് 



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച നടൻ -മോഹൻ ലാൽ  

  • മികച്ച ഡബ്ബിങ് -സീനത്ത്‌,ഹഫ്സത്ത്‌    

  • മികച്ച കഥ 



എലിപ്പത്തായം


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 30-04-1982 സമയദൈർഘ്യം : 115 മിനുട്സ്  സംവിധാനം : അടൂർ ഗോപാലകൃഷ്ണൻ നിർമ്മാണം : രവീന്ദ്രനാഥൻ നായർ  ബാനർ : ജനറൽ പിക്ചേഴ്സ്  രചന :അടൂർ ഗോപാലകൃഷ്ണൻ  ഛായാഗ്രഹണം : മങ്കട രവി വർമ്മ  ചിത്രസന്നിവേശം : എം.ബി.മണി    കലാസംവിധാനം : ശിവൻ  ശബ്ദലേഖനം :  ദേവദാസ്.പി  സംഗീതം :   എം.ബി.ശ്രീനിവാസൻ പ്രധാന അഭിനേതാക്കൾ  : കരമന ജനാർദ്ദനൻ നായർ, ശാരദ, ജലജ



സിനിമ സംഗ്രഹം:

മാറുന്ന കാലത്തിനൊപ്പം മാറാൻ കഴിയാത്ത ഒരു മനുഷ്യന്റെയും അയാൾ പ്രതിനിധീകരിക്കുന്ന തകർന്നുകൊണ്ടിരിക്കുന്ന ഫ്യൂഡൽ വ്യവസ്ഥിതിയുടെയും സൂക്ഷ്മമായ ആവിഷ്കാരമാണിത്. ഉണ്ണി എന്ന കേന്ദ്രകഥാപാത്രം തന്റെ തറവാടിനുള്ളിൽ സ്വയം സൃഷ്ടിച്ച ഒരു ലോകത്ത് ഒതുങ്ങിക്കൂടുകയും പുറംലോകത്തെ മാറ്റങ്ങളെ ഭയത്തോടെ നോക്കിക്കാണുകയും ചെയ്യുന്നു. ഈ ഭയം അയാളെ ചലനമറ്റ അവസ്ഥയിലേക്കും ഒടുവിൽ മാനസികമായ തകർച്ചയിലേക്കും നയിക്കുന്നു. എലിപ്പത്തായത്തിൽ അകപ്പെട്ട എലിയുടെ അവസ്ഥയുമായാണ് ഉണ്ണിയുടെ ജീവിതത്തെ അടൂർ ഉപമിക്കുന്നത്. ചുവപ്പ് നിറത്തിന്റെ പ്രതീകാത്മകമായ ഉപയോഗം, അങ്ങേയറ്റം മിതത്വമുള്ള സംഭാഷണങ്ങൾ, നിശബ്ദതയുടെ അർത്ഥവത്തായ പ്രയോഗം എന്നിവ ചിത്രത്തിന് ദൃശ്യപരമായ ഗാംഭീര്യം നൽകുന്നു. അധികാരവും പുരുഷാധിപത്യവും എങ്ങനെ സ്വന്തം കുടുംബത്തിലെ സ്ത്രീകളെ അടിച്ചമർത്തുന്നുവെന്നും ഈ ചിത്രം ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്. ലളിതമായ ഒരു കഥാപരിസരത്തുനിന്ന് കൊണ്ട് മനുഷ്യന്റെ നിസ്സഹായതയെയും ഭീരുത്വത്തെയും തത്വചിന്താപരമായി വിശകലനം ചെയ്യുന്ന ഈ സിനിമ മലയാളത്തിലെ റിയലിസ്റ്റിക് സിനിമകളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഇടം നേടിയിട്ടുണ്ട്.



 



പഠനങ്ങൾ / ലിങ്കുകൾ:

“അനാർഭാട സ്വഭാവമാർന്നതും അകൃത്രിമവുമായ വർണ്ണപ്രയോഗത്തിലൂടെ, പ്രമേയത്തിന്റെ സ്വഭാവത്തിന്നനുയോജ്യമായ ദൃശ്യചിത്രങ്ങൾ അവതരിപ്പിക്കുന്ന ഛായാഗ്രഹണത്തിലൂടെ എലിപ്പത്തായം വർണ്ണത്തിന്റേയും, ഛായാഗ്രഹണകലയുടേയും ഔചിത്യം മലയാളത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. ശ്രദ്ധാപൂർവ്വമായ ശുശ്രൂഷകൊണ്ട് അർത്ഥശക്തി കൈവരിക്കുന്ന നിരവധി രംഗങ്ങൾ എലിപ്പത്തായത്തിലുണ്ട്. ആഭിജാത്യത്തിന്റേയും വമ്പത്തത്തിന്റേയും ഗൗരവമുഖമുള്ള ഫ്യൂഡൽ സംസ്കാരത്തിന്റെ അടിസ്ഥാനപരമായ നിസ്സാരതയെ ധ്വനിപ്പിക്കുന്ന ഒരു രംഗമാണ് ഉണ്ണിക്കുഞ്ഞന്റെ ഷേവിംഗ്സീൻ. എന്തോ അപാരഗൗരവം നിറഞ്ഞ വീക്ഷണത്തിന്റെ രണ്ടു കണ്ണുകളാണ്, ഈ രംഗത്തിന്റെ നാന്ദികുറിക്കുന്നത്. മീശയ്ക്കിടയിൽ നരച്ച രോമം തിരയുന്ന ഉണ്ണിക്കുഞ്ഞന്റെ സംഹാരഭാവമാണ് ആ കണ്ണുകളിൽ പ്രതിഫലിക്കുന്നത് എന്നു പിന്നീട് പ്രേക്ഷകനറിയുന്നു. കൊച്ചു കൊച്ചു ദൃശ്യങ്ങളിലൂടെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന എലിപ്പത്തായത്തിന്റെ മധ്യത്തു നില്ക്കുന്ന ഉണ്ണിക്കുഞ്ഞ് കാലഹരണപ്പെട്ട, കർമ്മശേഷി നശിച്ച ഫ്യൂഡലിസത്തിന്റെ കഥാപാത്രബിംബമാണ് എന്നു പ്രേക്ഷകൻ മനസ്സിലാക്കുന്നു..”(പേ:93, എസ്. സുധീഷ്, മലയാളസിനിമ ന്യൂസ്പേപ്പർ ബോയ്മുതൽ ന്യൂ ജനറേഷൻ വരെ ,പാഠം ബുക്ക്സ് ,2019)



 



View Online


പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

അന്തർദേശീയ പുരസ്‌കാരം 



ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിട്യൂട്ട് അവാർഡ് (സതർലാൻഡ് ട്രോഫി )



 ദേശീയ ചലച്ചിത്രപുരസ്കാരം 




  •   മികച്ച പ്രാദേശിക ചിത്രം  

  • മികച്ച ശബ്ദ ലേഖനം 



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച ചിത്രം 

  • മികച്ച ഛായാഗ്രാഹണം   

  • മികച്ച ശബ്ദ ലേഖനം



ജല്ലിക്കെട്ട്


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 04-10- 2019 സമയദൈർഘ്യം : 95 മിനുട്സ്  സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി   നിർമ്മാണം : തോമസ് പണിക്കർ   ബാനർ : ഓപസ് പെന്റ ,ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സ്  രചന :എസ്.ഹരീഷ്, ആർ.ജയകുമാർ  ഛായാഗ്രഹണം :ഗിരീഷ് ഗംഗാധരൻ   ചിത്രസന്നിവേശം : ദീപു ജോസഫ്     കലാസംവിധാനം :ഗോകുൽ ദാസ്   ശബ്ദലേഖനം :  കണ്ണൻ ഗണപതി    സംഗീതം :   പ്രശാന്ത് പിള്ള  പ്രധാന അഭിനേതാക്കൾ  : ആന്റണി വർഗ്ഗീസ്  ,ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ ,സാബു മോൻ അബ്ദു സമദ്



സിനിമ സംഗ്രഹം:

'ജല്ലിക്കെട്ട്' മനുഷ്യന്റെ ഉള്ളിലെ മൃഗീയതയെയും ആൾക്കൂട്ട മനഃശാസ്ത്രത്തെയും ദൃശ്യഭാഷയിൽ ആവിഷ്കരിച്ച സിനിമയാണ്. എസ്. ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, ഒരു ഗ്രാമത്തിൽ കയറുപൊട്ടിയോടുന്ന പോത്തിനെ പിടിക്കാനായി ഇറങ്ങിത്തിരിക്കുന്ന ഒരു ജനതയുടെ കഥയാണ് പറയുന്നത്. ഈ പ്രമേയത്തിലൂടെ മനുഷ്യനും മൃഗവും തമ്മിലുള്ള അതിർവരമ്പുകൾ എത്രത്തോളം നേർത്തതാണെന്ന് സിനിമ തെളിയിക്കുന്നു. പോത്തിനെ മെരുക്കാനുള്ള ശ്രമം ക്രമേണ അക്രമാസക്തമായ ഒരു മത്സരമായി മാറുന്നതും, നാഗരികതയുടെ മുഖംമൂടി അണിഞ്ഞ മനുഷ്യൻ തന്റെ ഉള്ളിലെ ആദിമമായ വേട്ടമൃഗമായി പരിണമിക്കുന്നതുമാണ് ചിത്രത്തിന്റെ സത്ത. ഒടുവിൽ ഒരു വലിയ മനുഷ്യക്കൂമ്പാരമായി മാറുന്ന ക്ലൈമാക്സ് രംഗം, അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പരക്കംപാച്ചിലിനെ പരിഹാസപൂർവ്വം അടയാളപ്പെടുത്തുന്നു. 



 



പഠനങ്ങൾ / ലിങ്കുകൾ:

“സ്പെയിനിലെ കാളപ്പോരും തമിഴ്‌നാട്ടിലെ ജല്ലിക്കട്ടും അനുഷ്ഠാനപരമാണ്. പ്രകൃതിയുടെ ഹിംസാത്മകമായ കരുത്തും പ്രജനനത്തിന്റെ ഉഗ്രവീര്യവുമാണ് കാള നാഗരികതയിലെ സാമൂഹ്യനിയന്ത്രണങ്ങളാൽ കുറെയൊക്കെ വരിഞ്ഞു നിർത്തപ്പെടുന്ന ഈ പ്രകൃതിവീര്യത്തെ കീഴടക്കിക്കൊണ്ട് മാനവികതയുടെ ഇച്ഛ അതിന്മേൽ പതിപ്പിച്ചെടുക്കുകയും പ്രകൃതിവീര്യത്തെ ഉദ്ധരിക്കുകയും ചെയ്യുക എന്നൊരു വൈരുദ്ധ്യം ഈ അനുഷ്ഠാനങ്ങളിലുണ്ട്. അമർച്ചചെയ്യുകയും ഉദ്ധരിക്കുകയും ചെയ്യുക എന്നതാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവത്തിലെ വൈരുദ്ധ്യം. കാളപ്പോരിലും ജല്ലിക്കട്ടിലും മനുഷ്യജീവന് അപകടം സംഭവിക്കുന്നുണ്ട്. ഒരു spectacle എന്ന നിലയിലല്ല ജനക്കൂട്ടം ഈ പോരാട്ടങ്ങളെ അനുഭവിക്കുന്നത്. അതിജീവനത്തിന്റെയും അസ്തിത്വത്തിന്റെയും യുദ്ധക്കളമാണ് ഈ പോരാട്ടം. അത് പ്രാക്തനങ്ങളെ ഉദ്ധരിക്കുകയും സമയത്തെ ചരിത്രബന്ധിതമായ പൂർവികതയുമായി ബന്ധിപ്പിച്ച് കാലത്തിന്റെ മുഴക്കംകേൾപ്പിക്കുകയും ചെയ്യുന്നു.”(പേ:165, എസ്.സുധീഷ്,മലയാളസിനിമന്യൂസ്പേപ്പർബോയ്മുതൽന്യൂജനറേഷൻവരെ , പാഠംബുക്ക്സ് ,2019)



“ജെല്ലിക്കെട്ടിലെ സ്ത്രീകൾ കാഴ്ചക്കാർ മാത്രമാണ്. ബ്രേക് ഫാസ്റ്റിന് പുട്ടു ചുട്ടതിന് ഭർത്താവ് എന്ന അധികാര ബന്ധത്തിൽ നിന്ന് ഭർത്സന മേൾക്കുന്നവൾ, ആണുങ്ങൾ ചൂട്ടും ടോർച്ചും വാരിക്കുന്തങ്ങളുമായി മഹിഷമെന്ന മാംസത്തെ ആർപ്പുവിളികളോടെ പിന്തുടരുമ്പോൾ വരമ്പത്തിരുന്ന് കാഴ്ചക്കാരായി നിൽക്കുന്നവർ , പ്രണയമില്ലാതെ പ്രാപിക്കാൻ രണ്ട് പേർ ഒരേ സമയം മൽസരിക്കുന്ന ഉടൽ അങ്ങിനെ പെണ്ണുടലിന്റെ കഥാപാത്രാ അവസ്ഥകളാണ് ജെല്ലിക്കെട്ടിൽ നമ്മൾ കണ്ടുമുട്ടുന്നത്.”(‘ജല്ലിക്കട്ടിലെ മഹിഷ പുരുഷാരം’,മുഹമ്മദ് റാഫി.എൻ.വി.CUE സ്റ്റുഡിയോ ,Published on: 07 Oct 2019,



പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ

അന്തർദേശീയ പുരസ്‌കാരം 




  • ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള -മികച്ച സംവിധായകൻ 



 ദേശീയ ചലച്ചിത്രപുരസ്കാരം   




  • മികച്ച ഛായാഗ്രാഹണം



 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 




  • മികച്ച സംവിധായകൻ    

  • മികച്ച ശബ്ദ ലേഖനം



തൂവാന തുമ്പികൾ


പ്രാഥമിക വിവരങ്ങൾ:

പ്രദർശന ദിനം : 31-07-1987 സമയദൈർഘ്യം : 150 മിനുട്സ്  സംവിധാനം :പദ്മരാജൻ   നിർമ്മാണം : പി.സ്റ്റാന്റലി  ബാനർ : സിതാര പിക്ചേഴ്സ്  രചന : പദ്മരാജൻ   ഛായാഗ്രഹണം : അജയൻ വിൻസെന്റ്   ചിത്രസന്നിവേശം : ബി.ലെനിൻ    കലാസംവിധാനം : സന്തോഷ് വാടാനപ്പള്ളി  ശബ്ദലേഖനം : കെ.ദൊരൈ സ്വാമി  സംഗീതം :   ജോൺസൺ പ്രധാന അഭിനേതാക്കൾ  : മോഹൻ ലാൽ ,സുമലത,പാർവതി, ബാബു നമ്പൂതിരി, ജഗതി, അശോകൻ 



 



സിനിമ സംഗ്രഹം:

തൃശ്ശൂർ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന  ചിത്രത്തിലെ കേന്ദ്രകഥാപാത്രം മണ്ണാറത്തൊടി ജയകൃഷ്ണൻ ആണ്. നാട്ടിൽ ഒരു ജന്മിയായും തറവാടിയായും ജീവിക്കുന്ന ജയകൃഷ്ണന് നഗരത്തിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ  ജീവിതമാണുള്ളത്. അവിടെ അയാൾക്ക് മദ്യവും സുഹൃത്തുക്കളും ആഘോഷങ്ങളുമുള്ള മറ്റൊരു ലോകവുമാണ് . ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് ഒരേസമയം കടന്നുവരുന്ന രണ്ട് സ്ത്രീകളിലൂടെയാണ് കഥ വികസിക്കുന്നത്. ജയകൃഷ്ണൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന തന്റെ മുറപ്പെണ്ണായ രാധ. മറ്റൊരാൾ  ജീവിതസാഹചര്യങ്ങൾ കൊണ്ട് വേശ്യാവൃത്തിയിലേക്ക് ഇറങ്ങേണ്ടി വന്ന ക്ലാര. രാധയോടുള്ളത് പ്രണയമാണെങ്കിൽ ക്ലാരയോടുള്ളത് അതിരുകളില്ലാത്ത ഒരാകർഷണമാണ്. മഴയത്ത് ആദ്യമായി ക്ലാരയെ കാണുന്ന നിമിഷം മുതൽ അവരുടെ ബന്ധം തുടങ്ങുന്നു. എന്നാൽ ജയകൃഷ്ണൻ തന്നെ വിവാഹം കഴിക്കുമെന്ന് കരുതിയ ക്ലാര, തന്റെ സാഹചര്യം  ദോഷകരമായി ബാധിക്കുമെന്ന് ഭയന്ന്  അകന്നുപോകുന്നു.പിന്നീട് രാധയുമായുള്ള വിവാഹാലോചനകൾ നടക്കുമ്പോഴും ജയകൃഷ്ണന്റെ മനസ്സിൽ ക്ലാര നൊമ്പരമായി നിൽക്കുന്നു. തൃശൂർ നഗരത്തിലെ മഴയും, മഴയത്ത് കടന്നുവരുന്ന ക്ലാരയും ജയകൃഷ്ണന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറുന്നു. രാധയാകട്ടെ   ഉറച്ചുനിൽക്കുകയും ജയകൃഷ്ണനെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഒടുവിൽ വൈകാരികമായ പല ഘട്ടങ്ങൾക്കും ശേഷം ക്ലാര ജയകൃഷ്ണന്റെ ജീവിതത്തിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങുകയുംമറ്റൊരാളെ  സ്വീകരിക്കുകയും ചെയ്യുന്നു.



 



പഠനങ്ങൾ / ലിങ്കുകൾ:

“കേരളത്തിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട പത്മരാജൻ ചിത്രമാണ് തൂവാനത്തുമ്പികൾ. ഈ ചിത്രത്തിൽ ജയകൃഷ്ണൻ ഏർപ്പെടുന്ന അനേകം പ്രവൃത്തികളെ ചലച്ചിത്രകാരൻ പിന്തുടരുന്നു. നാട്ടിലും നഗരത്തിലും രണ്ടു വ്യത്യസ്ത മുഖങ്ങളുള്ള ഇരട്ടവ്യക്തിത്വമാണ് ജയകൃഷ്ണൻ. നാട്ടിലെയും നഗരത്തിലെയും ബന്ധങ്ങളെ അയാൾ തന്റെ ആവശ്യങ്ങൾക്കായി കൂട്ടിയിണക്കാറില്ല. ചിത്രത്തിലുടനീളം നോക്കിയാൽ കാണാം, ഒരേയൊരു കാര്യത്തിനാണ് അയാൾ അതു തെറ്റിക്കുന്നത്. നാട്ടിൽ പ്രഭുവായ ജയകൃഷ്ണന്റെ മാളികവീടിന്റെ മുൻഭാഗത്ത് നിലകൊള്ളുന്ന കുടികിടപ്പുകാരനെ തുരത്താൻ വേണ്ടി മാത്രം.” (”പേ :98, പിഅൻവർ അബ്ദുള്ള ,റിവേഴ്‌സ്ക്ലാപ്പ് ,മാതൃഭൂമിബുക്ക്സ് ,2014)



 



View Online



© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല