ആദ്യകാലം മുതൽ ഇന്നുവരെ മലയാള ചലച്ചിത്രങ്ങളുടെ പഠനസഹായിയായ വിവരശേഖരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശനദിനം -: 31/01/2014
സമയദൈർഘ്യം - 138 മിനുട്ട്
സംവിധാനം : എബ്രിഡ് ഷൈൻ
നിർമ്മാണം : ടി. ആർ. ഷംസുദീൻ
ബാനർ : ഷംസ് ഫിലിംസ്
കഥ : എബ്രിഡ് ഷൈൻ
തിരക്കഥ -: എബ്രിഡ് ഷൈൻ, ബിപിൻ ചന്ദ്രൻ
ഛായാഗ്രഹണം :- പ്രദീഷ് എം വർമ്മ
സംഗീതം -: ഗോപി സുന്ദർ
പ്രധാന അഭിനേതാക്കൾ : നിവിൻ പോളി, അനൂപ് മേനോൻ, ശ്രിന്ദ, ഭഗത്ത് എബ്രിഡ്, ജോയ് മാത്യു, ഷൈജു കുറുപ്പ്.
സിനിമ സംഗ്രഹം:
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ പോലെ വലിയൊരു ക്രിക്കറ്റ് കളിക്കാരനായി മാറണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ് രമേശൻ. സ്വന്തം നാട്ടിലെ നല്ലൊരു ക്രിക്കറ്റർ ആയി മാറിയിട്ടും സ്വന്തം ജീവിതത്തിലും കളിയിലും രമേശൻ എവിടെയും എത്താതെ പരാജയപ്പെടുന്നു. പിൽക്കാലത്ത് തൻ്റെ മകനിലൂടെ അയാൾ തൻ്റെ ആഗ്രഹങ്ങളിലേക്ക് സഞ്ചരിക്കുന്നു. കൃത്യമായ പരിശീലനങ്ങളിലൂടെ അയാൾ മകനെ ക്രിക്കറ്ററായി വളർത്തുന്നതും അണ്ടർ 14 ജില്ലാ ക്രിക്കറ്റ് ടീമിൽ രമേശന്റെ മകൻ അംഗമാകുന്നതും വരെയുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒരു നാട്ടിൻപുറത്തെ സാധാരണമായ കുടുംബപശ്ചാത്തലത്തിലാണ് കഥ സഞ്ചരിക്കുന്നത്.
പഠനങ്ങൾ / ലിങ്കുകൾ:
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 03-03-1978 സമയദൈർഘ്യം :144 മിനുട്സ് സംവിധാനം : ഐ.വി.ശശി നിർമ്മാണം : രാമചന്ദ്രൻ ബാനർ : മുരളി മൂവീസ് രചന : ആലപ്പി ഷെരീഫ് ഛായാഗ്രഹണം : വിപിൻ ദാസ് ചിത്രസന്നിവേശം :കെ.നാരായണൻ കലാസംവിധാനം : ഐ.വി.ശശി സംഗീതം : ഗുണ സിംഗ് പ്രധാന അഭിനേതാക്കൾ : സീമ, സുകുമാരൻ, സോമൻ , രവി കുമാർ, മീന
സിനിമ സംഗ്രഹം:
ദാരിദ്ര്യം മൂലം ലൈംഗികത്തൊഴിലിലേക്ക് എത്തിച്ചേരുന്ന രാജി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ, സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള പുരുഷന്മാരുടെ കാപട്യങ്ങളെ ചിത്രം ആവിഷ്കരിക്കുന്നു. പകലുകളിൽ മാന്യന്മാരായി നടക്കുകയും രാത്രിയിൽ ഇരകളെ തേടുകയും ചെയ്യുന്ന മധ്യവർഗ മലയാളി സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ചിത്രം .തന്റെ തൊഴിലിൽ കുറ്റബോധം പേറുന്ന ഇരയായിട്ടല്ല, മറിച്ച് അതിജീവനത്തിനായി പോരാടുന്ന കരുത്തുറ്റ വ്യക്തിത്വമായിട്ടാണ് രാജി ഇതിൽ ചിത്രീകരിക്കപ്പെടുന്നത്. സിനിമയിൽ ലൈംഗിക ചുവയുള്ള ഘടകങ്ങൾ കലർന്നിട്ടുണ്ടെങ്കിലും, ആന്തരികമായി ഇത് സ്ത്രീയുടെ ശരീരത്തിന്മേലുള്ള പുരുഷാധിപത്യപരമായ അധികാരത്തെയും സാമൂഹിക വിവേചനത്തെയും ചോദ്യം ചെയ്യുന്നു. മാന്യതയുടെ അളവുകോലുകൾ വസ്ത്രത്തിലോ പദവിയിലോ അല്ലെന്ന് സ്ഥാപിക്കുന്നതിലൂടെ, മലയാള സിനിമയിലെ റിയലിസ്റ്റിക് ധാരയിൽ ഈ ചിത്രം ഒരു പ്രധാന നാഴികക്കല്ലായി മാറുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“കാശ് വാങ്ങി ശരീരത്തിൽ സ്പർശിച്ചാലും ഭോഗിച്ചാലും പുരുഷന് കിട്ടുന്ന ആനന്ദത്തെ വിലക്ക് നൽകിയുമ്പോഴും തന്റെ പ്രേമവും ഇഷ്ടങ്ങളും സൗഹൃദവും ‘പെയ്ഡ്ഇൻ’ അല്ലെന്ന് വ്യക്തമാക്കുന്ന തരം പകൽമാന്യ പുരുഷലോകമെന്ന അബോധത്തോട് സംവാദത്തിലേർപ്പെടാൻ സിനിമയിലെ ചില രംഗങ്ങൾക്ക് സാധിക്കുന്നു. തനിക്ക് അനിഷ്ടം തോന്നിയ ഒരാൾക്ക് തന്നെ വിലക്കെടുക്കാൻ അനുവദിക്കാത്തതരം തന്റെ ശരീരത്തിനും മനസ്സിനും മീതെയുള്ള ഉടമസ്ഥാവകാശം സംരക്ഷിച്ചുനിർത്തുകയും കുടുംബഘടനയ്ക്കകത്ത് നിലനിൽക്കുന്ന പുരുഷന്റെ ലൈംഗികാനന്ദത്തിനു വേണ്ടിയുള്ള കേവല ഉപകരണമെന്ന കുലസ്ത്രീ / കുടുംബ സ്ത്രീശരീരത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. അപൂർവ്വം സ്ഥലങ്ങളിൽ സിനിമ ലൈംഗികത്തൊഴിൽ എന്നത് ഒരു വ്യക്തിയുടെ ചില സാഹചര്യങ്ങൾ മൂലമാണ് അവൾ എത്തിച്ചേർന്നത് എന്ന സിനിമയുടെ ഫ്ലാഷ് ബാക്കിൽ ഒട്ടും പുതുമയില്ല. അത് ഒരു സാധാരണ സമവാക്യം മാത്രമാണ്. എന്നാൽ ലൈംഗികത്തൊഴിൽ ചെയ്യുന്ന സ്ത്രീ ആർക്കും വഴങ്ങിക്കൊടുക്കുന്നവളും അയിത്തം പാലിച്ച് മാറ്റി നിർത്തപ്പെടേണ്ടവളും സദാചാരബദ്ധമായ ജീവിത പരിസരത്തുനിന്നും പുറന്തള്ളപ്പെടേണ്ടവളും ആണെന്നുമുള്ള ധാരണകളെയും കുടുംബത്തിനു പുറത്തുള്ള ലൈംഗികത കുറ്റകൃത്യം തന്നെയാണെന്ന ബോധത്തെയും അത് അഭിമുഖം നിർത്തിത്തന്നെയാണ് വിചാരണയ്ക്കെടുക്കുന്നത്.” (പേ:119, ഡോ.മുഹമ്മദ്റാഫി എൻ.വി,അഴിഞ്ഞാട്ടങ്ങൾ വിശുദ്ധപാപങ്ങൾ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ,2018)
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 12-11-1993 സമയദൈർഘ്യം : 91 മിനുട്സ് സംവിധാനം : പി.ടി.കുഞ്ഞുമുഹമ്മദ് നിർമ്മാണം : റഹ്മാൻ തൊയക്കവ് ബാനർ : മുഹമ്മദ് അബ്ദു റഹ്മാൻ ഫിലിംസ് രചന :കെ.എ.മോഹൻദാസ്,പി.ടി.കുഞ്ഞുമുഹമ്മദ് ഛായാഗ്രഹണം :മധു അമ്പാട്ട് ചിത്രസന്നിവേശം : എം.വേണു ഗോപാൽ കലാസംവിധാനം : സിതാര ശബ്ദലേഖനം : കൃഷ്ണനുണ്ണി സംഗീതം : രമേശ് നാരായണൻ പ്രധാന അഭിനേതാക്കൾ : മുരളി, ശ്രീനിവാസൻ, വി.കെ.ശ്രീരാമൻ , ശരണ്യ,ശാന്താ ദേവി, രശ്മി സോമൻ
സിനിമ സംഗ്രഹം:
വ്യക്തിസ്വാതന്ത്ര്യവും കുടുംബമെന്ന വ്യവസ്ഥിതിയും തമ്മിലുള്ള നിരന്തരമായ സംഘർഷമാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. തറവാട് എന്ന സങ്കൽപ്പത്തിനുള്ളിൽ ബന്ധങ്ങൾ എങ്ങനെ ശ്വാസംമുട്ടിക്കുന്നുവെന്നും, സ്നേഹത്തേക്കാൾ ഉപരിയായി ഭയവും വിധേയത്വവും എങ്ങനെ മനുഷ്യരെ ഭരിക്കുന്നുവെന്നും ചിത്രം ആഴത്തിൽ വിശകലനം ചെയ്യുന്നു.പരമ്പരാഗത മൂല്യങ്ങളും ആധുനിക ചിന്താഗതികളും തമ്മിലുള്ള കൂട്ടിയിടി ഈ സിനിമയിൽ വ്യക്തമാണ്. തറവാടിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കാനായി വ്യക്തികളുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും ബലികഴിക്കുന്ന രീതിയെ സിനിമ ക്രിട്ടിക്കലായി സമീപിക്കുന്നു. റിയലിസ്റ്റിക് ആയ ആഖ്യാനശൈലിയിലൂടെ മലബാർ ജീവിതത്തിലെ സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളെ ചിത്രം അടയാളപ്പെടുത്തുന്നു. വിശ്വാസവും ആചാരങ്ങളും മനുഷ്യത്വത്തിന് മുകളിൽ പ്രതിഷ്ഠിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വൈകാരിക ശൂന്യതയെ ചിത്രം ആവിഷ്കരിക്കുന്നു. വ്യക്തിപരമായ സ്വത്വവും (Identity) സാമൂഹികമായ അടിച്ചേൽപ്പിക്കലുകളും തമ്മിലുള്ള പോരാട്ടത്തെയാണ് ഈ ചിത്രം പ്രതിനിധാനം ചെയ്യുന്നത്.
പഠനങ്ങൾ / ലിങ്കുകൾ:
“ആദ്യകാഴ്ച്ചയിൽ പ്രേക്ഷകനെ സ്വാധീനിക്കുന്ന വൈകാരികാംശങ്ങളും ജീവിതസംഘർഷങ്ങളുമൊക്കെ പിന്നീടുള്ള കാഴ്ചകളിൽ പല സിനിമകളിലും നഷ്ടമാവാറുണ്ട്. അത് പലപ്പോഴും സംഭവിക്കുന്നത് അമിതമായ ഊന്നലുകളും പ്രകടനപരമായ ശൈലികളും സ്വീകരിക്കുന്നത് കൊണ്ടാണ്. എന്നാൽ മഗ്രിബിൽ മെലോഡ്രാമയിലേക്ക് വഴുതാവുന്ന വൈകാരിക സന്ദർഭങ്ങളെ അതിന്റെ പ്രകടനപരതയിൽ നിന്ന് വിമോചിപ്പിച്ച്, ദൃശ്യങ്ങളുടെ സൂക്ഷ്മവും ലളിതവുമായ കോംപസിഷനുകളും കാഴ്ചക്കോണുകളും ഉപയോഗിച്ച് ജീവിതത്തിന്റെ യഥാർത്ഥ വഴിയിൽ ഉറപ്പിക്കുകയാണ്. ഇത് സംവിധായകൻ നിർവ്വഹിക്കുന്നത് വലിയ നാട്യങ്ങളൊന്നുമില്ലാതെയാണ്. ഭ്രാന്താശുപത്രിയിലെ ഏകാന്തമായ മുറിയിൽ, മനുഷ്യരുടെ ദീനമായ വിളികൾക്കിടയിൽ സ്വന്തം ഉമ്മയുടെ ആണ്ട് (വാർഷികം) പ്രാർത്ഥന നടത്തുന്ന റസാക്കിന്റെ ദൃശ്യം അത്തരത്തിലുള്ള ഒന്നാണ്.”.(“പേ:118,വി കെ ജോസഫ്, സിനിമയും പ്രത്യയശാസ്ത്രവും ,ചിന്ത ,2009)
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 04-05-2018 സമയദൈർഘ്യം : 120 മിനുട്സ് സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി നിർമ്മാണം : ആഷിക് അബു,സന്തോഷ് ടി കുരുവിള,രാജേഷ് ജോർജ് കുളങ്ങര ബാനർ : ആർ.ജി.കെ.സിനിമ , ഓ.പി.എം ഡ്രീം മീൽ സിനിമാസ്, പപ്പായ ഫിലിംസ് രചന : പി.എഫ്.മാത്യൂസ് ഛായാഗ്രഹണം : ഷൈജു ഖാലിദ് ചിത്രസന്നിവേശം : ദീപു ജോസഫ് കലാസംവിധാനം :മനു ജഗത് ശബ്ദലേഖനം : രംഗനാഥ് രവി സംഗീതം : പ്രശാന്ത് പിള്ള പ്രധാന അഭിനേതാക്കൾ : ചെമ്പൻ വിനോദ് ജോസ് ,പൗളി വിത്സൺ,കൈനകരി തങ്കച്ചൻ ,വിനായകൻ, ദിലീഷ് പോത്തൻ, ആര്യ സലിം
സിനിമ സംഗ്രഹം:
തീരദേശത്തിന്റെ പശ്ചാത്തലത്തിൽ മരണം, മതം, എന്നിവയെ വരച്ചുകാട്ടുന്ന ചലച്ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ'. കൊച്ചിയിലെ ഒരു ലത്തീൻ കത്തോലിക്കാ കുടുംബത്തിൽ നടക്കുന്ന ഒരു മരണത്തിൽ ഒരു നാടാകെ എങ്ങനെ ഇടപെടുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. വാവച്ചൻ മേസ്തിരി എന്ന വൃദ്ധൻ അപ്രതീക്ഷിതമായി മരണപ്പെടുന്നതോടെയാണ് കഥാപരിസരം സജീവമാകുന്നത്. തന്റെ മരണം വളരെ ആഡംബരത്തോടെ, മികച്ച ശവപ്പെട്ടിയും ബാൻഡുമൊക്കെയായി നടത്തണമെന്ന് അയാൾ മകൻ ഈശിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിതാവിന്റെ ഈ അവസാന ആഗ്രഹം നിറവേറ്റാൻ ഈശി തീരുമാനിക്കുന്നു. എന്നാൽ ശവസംസ്കാരം നടത്താനുള്ള ഈശിയുടെ ശ്രമങ്ങൾ ഒന്നിനുപുറകെ ഒന്നായി തടസ്സപ്പെടുന്നതാണ് സിനിമയിലെ പ്രധാന സംഘർഷം.. ഇതിനിടയിൽ പള്ളിയിലെ വികാരിയച്ചന്റെ കർക്കശമായ നിലപാടുകൾ ഈശിയെ പ്രതിസന്ധിയിലാക്കുന്നു. വാവച്ചന്റെ മരണം സ്വാഭാവികമല്ലെന്നും അതൊരു കൊലപാതകമാണെന്നും നാട്ടുകാർക്കിടയിൽ സംസാരമുണ്ടാകുന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്നു. അയൽവാസികളുടെ അനാവശ്യമായ ഇടപെടലുകളും, വീട്ടിലെ സ്ത്രീകളുടെ വിലാപങ്ങളും, പോലീസിന്റെ വരവും എല്ലാം ചേർന്ന് ഒരു പാവപ്പെട്ടവന്റെ ശവസംസ്കാര ചടങ്ങിനെ വലിയൊരു തമാശയോ ദുരന്തമോ ആയി മാറ്റുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“മകൻ, മകൾ, അമ്മ എന്നിവരടങ്ങുന്ന കുടുംബവും സമൂഹവും കർശനമായ യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിക്കപ്പെടുന്നു. ശവമടക്കിന് ആവശ്യമായി വരുന്ന ശവപ്പെട്ടപോലും വലിയൊരു ധനകാര്യവഞ്ചനയായിത്തീരുന്നു. സ്വയം വീണുമരിച്ച വൃദ്ധന്റെ ശരീരത്തിൽനിന്ന് ഒരു കൊലപാതക കഥ മെനഞ്ഞെടുക്കാൻ ശ്രമിക്കുന്നവർ, ബന്ധുക്കൾ, നാട്ടുകാർ, ഡോക്ടർ, പോലീസുദ്യോഗസ്ഥൻ, നഴ്സ്, നിശ്ശബ്ദമായി മരണച്ചടങ്ങിൽ സഹായത്തിനെത്തുന്നവർ, പഞ്ചായത്ത് അംഗമായ അയ്യപ്പൻ തുടങ്ങി, ഗ്രാമത്തിൽ സംഭവിക്കുന്ന ഒരു മരണച്ചടങ്ങിന്റെ ഭാഗമായിത്തീരുന്നവരെല്ലാം, യുക്തിസഹമായി ചലച്ചിത്രത്തിൽ നിബന്ധിക്കപ്പെടുന്നുണ്ട്.(ഇ.മൗ.യു)” (പേ:156, എസ്.സുധീഷ്,മലയാള സിനിമ ന്യൂസ്പേപ്പർ ബോയ്മുതൽ ന്യൂ ജനറേഷൻവരെ ,പാഠംബുക്ക്സ് ,2019)
"‘ഈ.മ.യൗ’വിൽ കടൽ പശ്ചാത്തലദൃശ്യസംഗീതമായി പ്രവർത്തിക്കുകയാണ്.ഇവിടെ കടൽ പശ്ചാത്തലമാകുമ്പോഴും കഥാപാത്രങ്ങളുടെ കൂടെ ജീവിക്കുന്ന, അർത്ഥം നിർമ്മിക്കുന്ന മറ്റൊരു കഥാപാത്രമായി പ്രവർത്തിക്കുന്നു . ചലച്ചിത്രത്തിൽ ഏറിയ പങ്കും രാത്രിദൃശ്യങ്ങളാണ്. രാത്രിയിലെ കടലിന്റെ മങ്ങിയ കാഴ്ച കഥാപാത്രങ്ങളുടെ വൈകാരിക ദുഖവുമായി ഇഴുകിച്ചേർന്നു നിൽക്കുന്നു.കടലിൽ ഇറങ്ങുന്ന ദൃശ്യങ്ങളോ വീട്ടിന്നകത്തുമാത്രമായ ദൃശ്യങ്ങളോ ചിത്രത്തിൽ ഇല്ല. എല്ലാ ക്രയവിക്രയങ്ങളും നടക്കുന്നത് വീടിനും കടലിനും ഇടയ്ക്കുള്ള കടലോരം എന്ന് പറയാവുന്ന ഇടത്തിലാണ്.പ്രധാന കഥാപാത്രങ്ങളിലാരും കടൽ പണികൾ ഉപജീവനമാക്കുന്നില്ല. 'കടാപ്പുറം ഭാഷ' പറഞ്ഞുകൊണ്ടല്ല കഥാപാത്രങ്ങൾ ദേശജീവിതം അടയാളപ്പെടുത്തുന്നത്.കേന്ദ്രകഥാപാത്രം ഈശി ഒരു സൊസൈറ്റി ജീവനക്കാരനാണ്. അച്ഛനായ വാവച്ചൻ ആശാന്റെ തൊഴിലിനെക്കുറിച്ചൊന്നും സൂചനകൾ ഇല്ല."( നൗഫൽ മറിയം ബ്ലാത്തൂര് ,യുവധാര മാസിക,MAY,2024)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള
IFFK
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 02-11-2008 സമയദൈർഘ്യം :115 മിനുട്സ് സംവിധാനം : അടൂർ ഗോപാലകൃഷ്ണൻ നിർമ്മാണം : അടൂർ ഗോപാലകൃഷ്ണൻ ബാനർ : അടൂർ ഗോപാലകൃഷ്ണൻ പ്രൊഡക്ഷൻസ് രചന : തകഴി ശിവശങ്കര പിള്ള, അടൂർ ഗോപാല കൃഷ്ണൻ ഛായാഗ്രഹണം : എം.ജെ.രാധാകൃഷ്ണൻ ചിത്രസന്നിവേശം :ബി .അജിത് കുമാർ കലാസംവിധാനം : മാർത്താണ്ഡം രാജശേഖരൻ ശബ്ദലേഖനം : എൻ.ഹരികുമാർ ,കൃഷ്ണനുണ്ണി സംഗീതം : ഐസക് തോമസ് കൊട്ടുകപിള്ളി പ്രധാന അഭിനേതാക്കൾ : പദ്മപ്രിയ, സോനാ നായർ, ഗീതു മോഹൻദാസ്, നന്ദിത ദാസ്, കാവ്യാ മാധവൻ
സിനിമ സംഗ്രഹം:
തകഴി ശിവശങ്കരപ്പിള്ളയുടെ നാല് ചെറുകഥകളെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം, പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനത്തെയും നീതിയുടെ വ്യത്യസ്ത മുഖങ്ങളെയും വിശകലനം ചെയ്യുന്ന ഒന്നാണ്. നാല് വ്യത്യസ്ത അധ്യായങ്ങളിലൂടെ വികസിക്കുന്ന സിനിമ, പ്രണയം, വഞ്ചന, കുറ്റകൃത്യം, ശിക്ഷ എന്നിവയെ വളരെ പച്ചയായി ആവിഷ്കരിക്കുന്നു. ഓരോ കഥയിലും കേന്ദ്രബിന്ദു സ്ത്രീകളാണെങ്കിലും, അവരുടെ ജീവിതം നിർണ്ണയിക്കുന്നത് പുരുഷന്മാരുടെ താല്പര്യങ്ങളും സാമൂഹികമായ നിയമങ്ങളുമാണെന്ന യാഥാർത്ഥ്യത്തെ ചിത്രം സമീപിക്കുന്നു. അധികാരവും ലിംഗപദവിയും തമ്മിലുള്ള ബന്ധത്തെ അതീവ സൂക്ഷ്മതയോടെ അടൂർ ഇതിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കുറ്റവാളിയാക്കപ്പെടുന്നവരും യഥാർത്ഥ കുറ്റവാളികളും തമ്മിലുള്ള അന്തരം നിയമവ്യവസ്ഥയുടെ പരാജയത്തിലേക്കോ അല്ലെങ്കിൽ അതിലെ സങ്കീർണ്ണതകളിലേക്കോ വിരൽ ചൂണ്ടുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന ഈ കഥകൾ, സാർവലൗകികമായ മനുഷ്യാവസ്ഥകളെയും സ്ത്രീ-പുരുഷ ബന്ധങ്ങളിലെ അധികാര സമവാക്യങ്ങളെയും ഗൗരവകരമായ രീതിയിൽ ചർച്ച ചെയ്യുന്നു.
പഠനങ്ങൾ / ലിങ്കുകൾ:
“ഈ ചതുഷ്‌കത്തിലെ ഏറ്റവും മികച്ച സിനിമയാണ് പങ്കിയമ്മ. സമൂഹത്തിന്റെ എല്ലാ കപടസദാചാരസംഹിതകളെയും വെല്ലുവിളിച്ച് ഒരേ സമയം ഒന്നിലേറെ പുരുഷന്മാരെ സ്നേഹിക്കുകയും അവർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന പങ്കിയമ്മയുടെ മാനസികാവസ്ഥ അതിസങ്കീർണ്ണമാണ്. അവൾക്കുവേണ്ടി സർവ്വതും നഷ്ടമാക്കി പരസ്പരം പോരാടുന്ന ഭർത്താവിന്റെയും കാമുകന്റെയും നീണ്ട ജയിൽവാസത്തിലെ മാനസാന്തരങ്ങൾക്കും തിരിച്ചറിവുകൾക്കുമൊടുവിൽ അവരെ കാത്തിരുന്നത് മറ്റൊരു പങ്കിയമ്മയായിരുന്നു. ഇറയത്തിരിക്കുന്ന അപരിചിതനെ അവൾ പൂർവ്വകാമുകനും ഭർത്താവിനും സധൈര്യം പരിചയപ്പെടുത്തുന്നതിങ്ങനെ - അതെന്റെ കുഞ്ഞിന്റെ അച്ഛനാ കൊച്ചേ.” (“പേ:120 :94,എ .ചന്ദ്രശേഖർ,കാഴ്ചപ്പകർച്ച സിനിമയുടെ ഇടങ്ങൾ ,ഒലിവ്‌ബുക്ക്സ് ,2012)
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
തകഴി ശിവശങ്കരപ്പിള്ളയുടെ നാലു ചെറുകഥകളെ ആധാരമാക്കി നിർമ്മിച്ച ചിത്രം
പ്രാഥമിക വിവരങ്ങൾ:
പ്രദർശന ദിനം : 1981 സമയദൈർഘ്യം : 150 മിനുട്സ് സംവിധാനം : ജി.അരവിന്ദൻ നിർമ്മാണം : രവീന്ദ്രനാഥൻ നായർ ബാനർ : ജനറൽ പിക്ചേഴ്സ് രചന :എസ്.പി.രമേശ് ,ജി. അരവിന്ദൻ ഛായാഗ്രഹണം :ഷാജി എൻ.കരുൺ ചിത്രസന്നിവേശം : എൻ.ഗോപാലകൃഷ്ണൻ സംഗീതം : ഹരിപ്രസാദ് ചൗരസ്യ പ്രധാന അഭിനേതാക്കൾ : ബാലചന്ദ്രൻ ചുള്ളിക്കാട്, സതീഷ്, അൻസാർ, കല്പന
സിനിമ സംഗ്രഹം:
കഥാഘടനയെക്കാൾ ഉപരിയായി മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളെയും ഏകാന്തതയെയും ദൃശ്യവൽക്കരിക്കാനാണ് ഈ ചിത്രം ശ്രമിക്കുന്നത്. തന്റെ പ്രിയപ്പെട്ടവർ ഓരോരുത്തരായി ജീവിതത്തിൽ നിന്ന് വിട്ടുപോകുമ്പോൾ ബാലു എന്ന യുവാവ് അനുഭവിക്കുന്ന ഒറ്റപ്പെടലും, പടിപടിയായി മാനസിക വിഭ്രാന്തിയിലേക്ക് നയിക്കുന്നതുമാണ് സിനിമയുടെ കാതൽ. ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ സംഗീതം ഈ ചിത്രത്തിൽ വെറുമൊരു പശ്ചാത്തല സംഗീതമല്ല, മറിച്ച് ബാലുവിന്റെ മനോനിലയെ പ്രതിഫലിപ്പിക്കുന്ന ഒരു സമാന്തര ഭാഷയായി വർത്തിക്കുന്നു. ഷാജി എൻ. കരുണിന്റെ ക്യാമറ ഒപ്പിയെടുത്ത അസ്തമയ സൂര്യന്റെ മങ്ങിയ വെളിച്ചവും ദൈർഘ്യമേറിയ ഷോട്ടുകളും ഏകാന്തതയുടെ തീക്ഷ്ണത പ്രേക്ഷകരിലേക്ക് പകർന്നുനൽകുന്നു. സംഭാഷണങ്ങളെക്കാൾ ദൃശ്യങ്ങൾക്കും നിശബ്ദതയ്ക്കും പ്രാധാന്യം നൽകുന്ന ‘പോക്കുവെയിൽ’, സിനിമ എന്ന മാധ്യമത്തെ അതിന്റെ ശുദ്ധമായ രൂപത്തിൽ അവതരിപ്പിക്കുന്നതിൽ വിജയിച്ചു. എഴുപതുകളിലെയും എൺപതുകളിലെയും രാഷ്ട്രീയ നിരാശകളെയും തകർന്ന സ്വപ്നങ്ങളെയും ഒരു വ്യക്തിയുടെ തകർച്ചയിലൂടെ അടയാളപ്പെടുത്തുന്ന 'പോക്കുവെയിൽ', ലോക സിനിമയിലെ തന്നെ ശ്രദ്ധേയമായ ഒരു പരീക്ഷണാത്മക സൃഷ്ടിയാണ്.
പഠനങ്ങൾ / ലിങ്കുകൾ:
“മനസ്സിലെ താളം തെറ്റിയവർക്കിടയിലൊരാളാകുന്ന ചെറുപ്പക്കാരനായ ബാലന്റെ ആന്തരിക ലോകത്തേയ്ക്കുള്ള യാത്രയിൽ നാടകീയത, ബോധപൂർവ്വം ചലച്ചിത്രകാരൻ നിരാകരിച്ചിരിക്കുന്നു. ആകസ്മികമായ ആഘാതങ്ങളിൽപ്പെട്ട് ചിറകൊടിക്കുന്ന ഒരു കൊച്ചുപറവയെപ്പോലെ ബാലുവെന്ന യുവാവ്, അവനൊട്ടും നിനച്ചിരിക്കാത്ത വൈകാരിക പ്രതിസന്ധികളിലെത്തപ്പെടുന്നു. സ്നേഹം നഷ്ടപ്പെടുന്നതോടെ വൈകാരികമായ ഊഷരതയിലേക്ക് അവൻ എത്തപ്പെടുന്നു. അതിൽ നിന്ന് അവന് മോചനമില്ലായിരുന്നു. ഗർഭസ്ഥ ശിശുവിനെപ്പോലെ അവൻ മടങ്ങുന്നു!”(“പേ:147,എസ് .ജയചന്ദ്രൻനായർ ,മൗനപ്രാർത്ഥനപോലെകേരളസം സ്ഥാനചലച്ചിത്രഅക്കാദമി
പുരസ്‌കാരങ്ങൾ / മറ്റു വിവരങ്ങൾ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല