ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"പഴഞ്ചൊല്ലുകൾ അറിവുകളെ കാച്ചിക്കുറുക്കി സൂക്ഷിച്ചു. കടങ്കഥകൾ ബുദ്ധിപരമായ വിനോദമായിരുന്നു. വിനോദം, ആനന്ദം, വിജ്ഞാനം, ചിന്ത, ആസ്വാദ്യത, നിരീക്ഷണം തുടങ്ങിയ ഘടകങ്ങൾ അടങ്ങുന്ന വാമൊഴി വാങ്‌മയമാണ് കടങ്കഥകൾ. ആബാലവൃദ്ധജനങ്ങളും ഇഷ്ടപ്പെടുന്നവയാണ് ഇവ. ഊഹങ്ങൾ നിറഞ്ഞ ചോദ്യമോ പ്രസ്‌താവനയോ ആയ കടങ്കഥ ഗൂഢാർത്ഥ വാക്യങ്ങളാണ്. ഉൾക്കാഴ്‌ചയുള്ളവർക്ക് ഉത്തരം എളുപ്പത്തിൽ കണ്ടെത്താം. സാധർമ്മ്യവും സാമ്യവും കടങ്കഥകൾക്ക് അവലംബമായി നിൽക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള അറിവുകളെ സമൂഹം ഗുളികപ്രായത്തിലാക്കിയതാണ് കടങ്കഥകൾ. വസ്തുതകൊണ്ടും ധർമ്മംകൊണ്ടും നാടോടിയാണ് കടങ്കഥകൾ. കഥാകാരൻ വസ്തുവിൽനിന്ന് മിഥ്യയിലേക്കും ഉത്തരം പറയേണ്ടയാൾ മിഥ്യയിൽനിന്ന് വസ്തുതയിലേക്കും ചെന്നെത്തുന്നു. വസ്‌തുനിഷ്‌ഠമായ കടങ്കഥകൾ പ്രകൃതിയെ നിരീക്ഷിക്കുന്നതിൽ നിന്നും പിറക്കുന്നവയാണ്. ജീവിതതത്ത്വങ്ങളെയും വീക്ഷണങ്ങളെയും പ്രതിഫലിപ്പിക്കുന്ന കടങ്കഥകൾ സാമൂഹികജീവിതവുമായി ഏറെ ബന്ധമുള്ളവയാണ്. ധർമ്മത്തെ അടിസ്ഥാനമാക്കി അനുഷ്‌ഠാനപരം, സാഹിത്യപരം, വിനോദപരം എന്നിങ്ങനെ കടങ്കഥകളെ വർഗീകരിക്കാം. നാട്ടറിവിന്റെ ഭാഗമായ കടങ്കഥകൾ വിനോദപരങ്ങളാണ്. അഹംബോധം, കീഴ്പ്പെടുത്തൽ തുടങ്ങിയ മനുഷ്യൻ്റെ നൈസർഗി കവാസനകൾക്ക് നിയന്ത്രണം നൽകി മനസ്സിൻ്റെ സന്തുലിതാവസ്ഥയെ നിലനിർത്താൻ ഇവയ്ക്കു സാധിക്കും. പ്രകൃതിയെ തിരിച്ചറിയാനുള്ള ഉപാധിയാണ് കാർഷിക കടങ്കഥകൾ. സൗന്ദര്യബോധവും പരിസരബോധവും കാവ്യാത്മകതയും ഇവയിൽ ഒത്തുചേരുന്നു. ആവിഷ്കരണശൈലി, ഘടനാരീതി, ധർമ്മം എന്നീ ഉപാധികളെ ആസ്‌പദമാക്കി കടങ്കഥകളെ വർഗീകരിക്കാം. കൂടാതെ വിവരണാത്മകം, വിനോദപരം, വിജ്ഞാനപരം, ഹാസ്യാനുകരണം എന്നീ ക്രമങ്ങളും സ്വീകരിക്കാവുന്നതാണ്.
ഉദാ: ആനക്കൊമ്പിൽ ഉണക്കലരി - വഴുതന:
ഉണക്കലരിപോലുള്ള വിത്തുകളോടുകൂടിയ വഴുതനങ്ങയ്ക്ക് ആനക്കൊമ്പിന്റെ ആകൃതിയോടുള്ള സാമ്യമാണ് ഈ ചൊല്ലിനാധാരം. കാണുന്ന ഏതൊരു വസ്‌തുവിനെയും തനിക്ക് ചിരപരിചിതമായ പരിസരത്തോട് ബന്ധിപ്പിക്കുന്ന രീതി നാട്ടറിവിൻ്റെ സ്വഭാവമാണ്. വഴുതനങ്ങയ്ക്ക് അരി വയ്ക്കുകയെന്നു പറഞ്ഞാൽ വിത്തു വയ്ക്കുക എന്നർത്ഥം. അരി വച്ചിട്ടുമാവാം അരി വയ്ക്കാതെ വേണം എന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. വഴുതന മൂത്താൽ സ്വാദില്ലെന്നർത്ഥം. അരി തിളപ്പിച്ചിട്ട് കറി വച്ചാലും മതി.
കൃഷിപ്പാട്ടുകളെപോലെതന്നെ കൃഷിയുടെ സമസ്‌ത മേഖലകളെയും സ്‌പർശിക്കുന്ന കടങ്കഥകളിൽ ഒരു പഴഞ്ചൊൽ സംസ്കാരം ഇണങ്ങിച്ചേർന്നിട്ടുണ്ട്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"പാവപ്പെട്ടവൻ്റെ പശു' എന്നാണ് ആട് പൊതുവെ അറിയപ്പെടുന്നത്. എന്തുകൊണ്ടെന്നറിയില്ല; 'മരണമില്ലാത്ത മൃഗം' എന്നും ആടിനെ വിശേഷിപ്പിക്കാറുണ്ട്. പശുകഴിഞ്ഞാൽ ഇന്ന് കേരളത്തിൽ പാലിനുവേണ്ടി ഏറ്റവും കൂടുതൽ വളർത്തപ്പെടുന്ന മൃഗം ആടാണ്. പൊതുവേ കോലാടുകളാണ് കൂടുതൽ. വളരെ ചുരുക്കമായി മാത്രം ചെമ്മരിയാടുകളെയും വളർത്തിവരുന്നു. വിദേശജനുസ്സുമായുള്ള - അറബിജനുസ്സ് - സങ്കരഫലമായി ഉരുത്തിരിഞ്ഞ ഒരു തദ്ദേശീയ ജനുസ്സാണ് മലബാറി ഇനം. ഇത് മലബാർ മേഖലയിലാണ് കൂടുതലെങ്കിലും ഇപ്പോൾ കേരളമൊട്ടാകെ പ്രചരിച്ചിട്ടുണ്ട്. പാലുത്പാദനത്തിലും മാംസ ഉത്പാദനത്തിലും ഈ ജനുസ്സ് ശരാശരി നിലവാരം പുലർത്തിപ്പോരുന്നു.
മുൻകാലങ്ങളിൽ വീടുകൾതോറും സ്വന്തം ആവശ്യത്തിന് ആടു വളർത്തുന്നവർ ധാരാളമുണ്ടായിരുന്നു. അതേസമയം തൊഴിലെന്ന നിലയിൽ വളർത്തിയിരുന്നവരും ധാരാളമായി ഉണ്ടായിരുന്നു.
ഉത്തേരന്ത്യൻ ജനുസ്സായ ജാംനാപാരിയാണ് ഇപ്പോൾ കച്ചവട ലാക്കോടെ വളർത്തുന്നത്. ഇവയുടെ വളർച്ചാനിരക്ക് അത്ഭുതാവഹമാണ്.
അട്ടപ്പാടി മേഖലകളിൽ കണ്ടുവരുന്ന അട്ടപ്പാടി ബ്ലാക്ക് എന്ന ഇനവും രോഗപ്രതിരോധശേഷിയിൽ അത്യധികം മികച്ചതാണ്. കൂടാതെ എന്തും ആഹരിക്കുന്ന സ്വഭാവവും ഇതിനുണ്ട്. മറ്റു മേഖലകളിൽ അധികം പ്രചാരമില്ലെങ്കിലും പ്രത്യേകം പദ്ധതിയിൽപ്പെടുത്തി ഈ ഇനം ആടുകളെയും പരിരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
ബംഗാളിലെ സുന്ദർബാൻ ഡെൽറ്റാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം ചെമ്മരിയാടാണ് 'ഗാരോൾ'. ഉയർന്ന രോഗപ്രതിരോധശക്തിയും ഉപ്പുരസമുള്ള ചതുപ്പുനിലങ്ങളിൽ വളരാനുള്ള പ്രത്യേക കഴിവും ഇവയ്ക്കുണ്ട്. ഇത് കേരളത്തിലെ കുട്ടനാട് മേഖലയിൽ വളർത്താൻ പറ്റിയ ചെമ്മരിയാടിനമാണ്.
ആടിന്റെ ഗർഭകാലം 146 -152 ദിവസങ്ങളാണ്. എങ്കിലും ശരാശരി എന്ന നിലയിൽ 150 ദിവസങ്ങളാണ് ഗർഭകാലമായി കണക്കാക്കുന്നത്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"കാലിയും കാലിവളർത്തലുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ് കാലിച്ചന്തകൾ. മദ്ധ്യതിരുവിതാംകൂർ പ്രദേശങ്ങളിൽ കാലിച്ചന്ത അറിയപ്പെടുന്നത് കാളച്ചന്തയെന്ന പേരിലാണ്. കാളയും പശുവും പോത്തും എരുമയും ആടും പന്നിയുമെല്ലാം കച്ചവടച്ചരക്കായെത്തുന്ന ഈ ചന്തകൾ എങ്ങനെ കാളച്ചന്തയെന്ന പേരിൽ കുടുങ്ങിയെന്നുള്ളത് ആർക്കുമറിയില്ല. ഒരുപക്ഷേ, പല ചന്തകളിലും പഴയ കാലങ്ങളിൽ എത്തിയിരുന്ന ഉരുക്കളിൽ അധികവും കാള ആയിരുന്നതിനാലാവാം.
മദ്ധ്യകേരളത്തിലെ പ്രധാനപ്പെട്ട കാളച്ചന്തകളാണ് ചെത്തിപ്പുഴ, പരുമല, തിരുമൂലപുരം (തിരുവല്ല), പാമ്പാടി, കടുത്തുരുത്തി എന്നിവിടങ്ങളിൽ നടത്തുന്നത്. ഇതിൻ്റെ ചുമതലക്കാർ അതാതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ്. ഈ കരാറുകാരനാണ് കാലിച്ചന്ത നടത്തിപ്പിലെ മുഖ്യകണ്ണി. ഈ കരാറുകാർ പൊതുവേ നല്ല തന്റേടികളും തങ്ങളുടെ കൈക്കരുത്തിൽ ഉറച്ചു വിശ്വസിക്കുന്നവരുമായിരിക്കും. ഏതു മാർഗ്ഗത്തിലൂടെയും പണമുണ്ടാക്കണമെന്ന തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്ന അവർ പ്രായേണ പരാജയപ്പെടാറില്ല.
വിൽക്കാനുള്ളവർ തങ്ങളുടെ ഉരുക്കളുമായി ചന്തദിവസത്തിന്റെ തലേന്നാൾ വൈകുന്നേരം കാലിച്ചന്തയിലെത്തുന്നു. ഉരുവിനെ കെട്ടാനുള്ള കുറ്റിമുതൽ സകലതും ഉടമസ്ഥർതന്നെ കൊണ്ടുവരണം. കരാറുകാരനു നല്കാനുള്ള ഭോഗം നല്കി ഉരുക്കളെ ഉചിതമായ സ്ഥാനത്ത് കെട്ടുന്നു. കുടിക്കാനുള്ള വെള്ളം ചന്തയിൽത്തന്നെയുള്ള കിണറ്റിൽനിന്നോ, മറ്റു ജലാശയങ്ങളിൽനിന്നോ ലഭ്യമാകും. കാലിത്തീറ്റ, അത് വിൽക്കുന്ന ചില ആളുകൾ ചന്തയിൽതന്നെയുണ്ട്, എന്തും കിട്ടും. ലക്ഷണമൊത്ത ഉരു ആണെങ്കിൽ, ഉടമസ്ഥൻ ഭാഗ്യശാലിയുംകൂടി ആണെങ്കിൽ, കൊണ്ടുചെന്നാലുടനെ ഉരുക്കൾ വിറ്റുപോയെന്നുവരാം.
തലേദിവസംതന്നെ ചന്തയിലെത്തുന്ന ഉരുവിന് നന്നായി തീറ്റി കൊടുത്ത്, സുഭിക്ഷമായ കുടിയും കൊടുത്ത് ശരീരമാസകലം കൊമ്പിൽ പ്രത്യേകമായും എണ്ണയും തേച്ച്, സർവ്വ പരിഗണനകളോടുംകൂടി ചന്തയിൽ പ്രദർശിപ്പിക്കുന്നു.
കാലിച്ചന്തയിൽ ഒരു കൂട്ടരുണ്ട്. ദല്ലാൾ. തങ്ങളിൽ കൂടെയല്ലാതുള്ള കച്ചവടം മുടക്കാനും നല്ലതിനെ തരം താണതാക്കാനും തീയതിനെ മികവുറ്റതാക്കാനുമെല്ലാം അവരുടെ സഹായം കൂടിയേ തീരൂ.
മികച്ച ഉരുക്കൾ ഉച്ചയ്ക്കുമുമ്പേതന്നെ വിറ്റുപോകും. സന്ധ്യയ്ക്കകം മറ്റുള്ളവയും മിക്കവാറും തീരും. വിൽക്കാനാകാതെ വരുന്നവയെ വൈകുന്നേരത്തോടെ തിരിച്ചുകൊണ്ടുപോകും. അടുത്ത ചന്ത എവിടെയോ അവിടേക്ക്. എല്ലാ കാലിച്ചന്തയോടും ചേർന്ന് തവിട്, പിണ്ണാക്ക്, കാലിത്തീറ്റ, പുല്ല്, കച്ചി ഇവ വിൽക്കുന്ന കടകളുണ്ടാകും.
കാലിച്ചന്തയിൽ ഉരുക്കളെ വാങ്ങാനെത്തുന്നവർ അധികവും കാളവണ്ടിക്കാരും ഉഴവുകാരുമായിരിക്കും. ഇപ്പോൾ കാളവണ്ടി, പോത്തുവണ്ടി എന്നിവ തീർത്തും കുറവായതിനാൽ വണ്ടിക്കാരുടെ എണ്ണം കുറവാണ്. ഇപ്പോൾ കാലിച്ചന്തകളിൽ കൂടുതലെത്തുന്നത് കശാപ്പുകാരാണ്. പിന്നെ കുറെ പശു-എരുമ വളർത്തൽകാരും. എല്ലാ മലയാളമാസവും ഒന്നാംതീയതി പരുമലയിലും, ഏഴാംതീയതി ചെത്തിപ്പുഴയിലും കാലിച്ചന്ത നടക്കുന്നു. പാമ്പാടി ചന്ത നടക്കുന്നത് എല്ലാ മലയാളമാസവും പത്താം തീയതിയാണ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"കാളയോട്ടമത്സരം, മരമടിമത്സരം ഇവയെല്ലാം കാളയെ ഉൾപ്പെടുത്തി നടത്തപ്പെടുന്ന ചില കായികമത്സരങ്ങളാണ്. ഓച്ചിറക്കളിയോടനുബന്ധിച്ച് പ്രസിദ്ധമായ രീതിയിൽ ഒരു കാളയോട്ടമത്സരം നടന്നുവരുന്നു. ഒരു കൈകാര്യക്കാരനും കൂട്ടത്തിൽ ഓടാറുണ്ട്. പോത്തിനും ഇതേ രീതിയിൽതന്നെ മത്സരങ്ങൾ ഉണ്ട്.
ഒരുജോഡി കാളകളെ നുകത്തിൽ കെട്ടി മരമടിപ്പലകയിൽ ബന്ധിപ്പിച്ച് ഓടിച്ച് വിജയം കണ്ടെത്തുകയാണ് മരമടിമത്സരം. കൃഷിയും വയൽവാണിഭങ്ങളും കാളച്ചന്തകളും സജീവമായിരുന്ന ഒരു കാലത്തിന്റെ തുടർച്ചയാണ് മരമടിമത്സരങ്ങൾ. തിരുവിതാംകൂർ മേഖലയിൽ, അഞ്ചൽ മാധവൻ പിള്ളയാണ് മരമടിക്ക് നിയമങ്ങളും മാനദണ്ഡങ്ങളും ഉണ്ടാക്കിയത്. കാളലക്ഷണം, കാളവേഗം, നല്ല ഓട്ടക്കാർ ഈ ചേർച്ചയാണ് മരമടിയിൽ വിജയത്തിൻ്റെ മർമ്മം.
മത്സരക്കാളകളെ പോറ്റുന്നത് ചെലവേറിയ കാര്യമാണ്. വെണ്ണ, പാൽ, ബാർലി, മുട്ട, കരിക്കിൻവെള്ളം, മുതിര, പരുത്തിക്കുരു, അരിക്കഞ്ഞി എന്നിങ്ങനെ പ്രത്യേക ആഹാരക്രമമാണ് അവയ്ക്കുള്ളത്. മത്സരക്കാളയ്ക്ക് കോഴിയിറച്ചിയും കൊടുക്കും. ഭക്ഷണമായിട്ടല്ല. മരുന്നായിട്ട്. ചുണ്ടും കാലും കറുത്ത നെയ്യ് വെച്ച പിടക്കോഴിയെ ആണ് കൊടുക്കേണ്ടത്. കാളയുടെ അസ്ഥിയിൽ നെയ്യ് വെക്കാൻ വേണ്ടിയാണ് ഈ പ്രയോഗം. അതുപോലെ മരുന്നെന്ന നിലയിൽ ചില എണ്ണകളും കൊടുക്കാറുണ്ട്. എണ്ണയും കോഴിയും കൊടുത്ത് കൊണ്ടുപോകുന്ന പക്ഷം കാളയ്ക്കു തണുപ്പടിക്കില്ല. അങ്ങനെ ചെയ്‌തില്ലെങ്കിൽ മരമടിസമയത്തു മഴപെയ്‌താൽ കാള കിടുങ്ങി വിറയ്ക്കും. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
''ട്രാക്ടർ ഉഴവിനായി ഇന്ന് ഉപയോഗിക്കുന്നു. അതിനു മുമ്പ് പോത്തുകളെയും കാളകളെയും നുകംവച്ച് കലപ്പകളിൽ ബന്ധിച്ചായിരുന്നു നിലം ഉഴവ്. അഞ്ചും ആറും ഏര്, കന്നുകളെ (ഏര് = ഒരു ജോഡികളെക്കെട്ടിയ കലപ്പ) ഒന്നിനു പിറകേ ഒന്നായി നടത്തിയാണ് ഉഴവ് നടത്തിയിരുന്നത്. നുകത്തിലുള്ള പൊഴികൾക്കിടയിൽ കാളകളുടെ കഴുത്തുവച്ച് പ്രത്യേകമായി കെട്ടിയുണ്ടാക്കിയ നുകവള്ളിയും. അത് വീണ് പോകാതിരിക്കാൻ നുകക്കോൽ തിരുകിയുമാണ് കാളകളെ നുകത്തിൽ ബന്ധിപ്പിച്ചിരുന്നത്. കലപ്പയുടെ 3-4 കോൽ നീളമുള്ള കരിക്കോൽ നുകത്തിലേക്ക് രണ്ട് കാളകൾക്കും മദ്ധ്യത്തിലായി 'കെട്ടുവള്ളി' ഉപയോഗിച്ച് ബന്ധിക്കുന്നു. കാളകൾ മുന്നോട്ട് നടക്കുമ്പോൾ ഉഴവുകാരൻ കലപ്പ പിടിച്ച് ഉഴവ് നടത്തുന്നു. ഒരു വിരൽ വണ്ണമുള്ള പുല്ലാനിവള്ളി പിരിച്ച് നുകവള്ളിയും കരിമ്പനത്തണ്ടിലെ പൊളിരെടുത്ത് കെട്ടുവള്ളിയും ഉണ്ടാക്കും. ഒരു കോൽ നീളമുള്ള കാഞ്ഞിരക്കോലിന് പകുതി നീളം പുല്ലാനിവള്ളികൊണ്ട് പിടി കെട്ടി 'മുടിയൻകോൽ' ഉണ്ടാക്കുന്നു. ഇതുകൊണ്ട് കാളകളെ തല്ലിയാണ് ഉഴവിൻ്റെ ഗതി നിയന്ത്രിച്ചിരുന്നത്.
നിലം നീളത്തിലും കുറുകെയും വീണ്ടും നീളത്തിലും മൂന്നു ചാൽ ഉഴുതു മറിച്ചതിനു ശേഷം ഊർച്ചമരംകൊണ്ട് രണ്ട് ചാൽ നിരപ്പാക്കിയതിനു ശേഷമാണ് ഞാറ് നട്ടിരുന്നത്. ഊർച്ചമരം പിടിയുള്ള ഒരു പരന്ന പലകയാണ്. ഇത് കലപ്പയ്ക്ക് പകരം കാളകളെക്കൊണ്ട് വലിപ്പിച്ചാണ് നിലം നിരപ്പാക്കിയിരുന്നത്. നിലം നിരത്തുന്നതിന് പ്രത്യേകം ഊർച്ചകന്നുകളെ പോറ്റിയിരുന്നു. ഉഴവ് കഴിഞ്ഞാൽ അതാത് ദിവസം കന്നുകളെ ചിറയിലോ തോട്ടിലോ കുളിപ്പിച്ചിരുന്നു. അവയുടെ ശരീരത്തിലെ ചേർ കളയുന്നതിന് പനയോല ചീകി കെട്ടിയ 'ചൗളി'യാണ് ഉപയോഗിച്ചിരുന്നത്.
ഉഴുത് നിലം തയ്യാറാക്കിയ കണ്ടങ്ങളിൽ ഞാറ്റടിയിൽനിന്ന് ഞാറ് പറിച്ചു നടുകയോ, ചെളിയിൽ വിത്തു വിതയ്ക്കുകയോ ചെയ്യുന്നു. നെൽച്ചെടി വളർന്നു വരുന്നതിനനുസരിച്ചു മറ്റു ചെടികളും ഇടയ്ക്കിടെ കളകളായി വളർന്നുവരുന്നു. അങ്ങനെ കളകളായി വരുന്നവയാണ് പൊള്ളക്കള, ചേങ്ങോൽ, ചോളപ്പുല്ല്, പരുവപ്പുല്ല്, നീർഗ്രാമ്പ്, vallinsaria ഇവ; ഒന്നോ രണ്ടോ തവണകളായി പറിച്ചു മാറ്റുകയാണ് പതിവ്, സ്ത്രീകൾ നിരയായി നിന്നാണ് ഇതു ചെയ്യുന്നത്. അപ്പോൾ വടക്കൻ പാട്ടും പാടും. "
ഉഴവുപാട്ട് : ഉഴുതുണ്ണുന്ന ശീലമുള്ള കൃഷിക്കാർ അച്ചാലും മുച്ചാലും കൂട്ടി കൃഷിക്കായി നിലമൊരുക്കുമ്പോൾ പാടുന്ന പാട്ടുകളാണിവ.
1. “ഓവോവോ, ഓവോവോ, ഓവോവോവേ....
രെരെ രേ രേ രെ രേ രെ
രെരെ.... രേ രേ രെ ....രേ രെ
വോവോവോ .... വൊ വോ.... വൊ വോ
പേരെടാ പേരെടാ കാളെ....
പുള്ളിക്കാളേ.... അ.... പേരെടാ
പേരെടാ കാളെ .... പുള്ളിക്കാളേ....
കണ്ടത്തിന്റെ വലത്തു ഭാഗം പേർന്നു വായോ
കണ്ടത്തിന്റെ നാലു മൂലേം പേർന്നു വായോ."
2. ("തെക്കുന്നു വടക്കോട്ടു ചേന്നൻ
കാളയെപ്പൂട്ടി തിന്താരോ
മോതിര വിരലതു പോലെ
തുടുപ്പതു ചേർത്തു തിന്താരോ."
"മോതിരവിരലുപോലെ കാളയെപ്പൂട്ടണം' എന്ന ചൊല്ലിന്റെ പാട്ടു രൂപത്തിലുള്ള ആവിഷ്‌കാരമാണ് ഈ വരികൾ.)
3. ("നേരോട്ട് ഉച്ചതലമറിഞ്ഞേ
കഞ്ഞികലത്തിനെ കാണനില്ല
കന്നാലിക്കോല് നടുമുറിഞ്ഞു
കന്നുകാളേനേം വിട്ടവനും...
ഓട്യോടി നടക്കട പോത്തേ
കന്നുകാളേനേം വിട്ടവനും...
കൊളത്തില് കൊണ്ടോയ് തേച്ചഴുകി
നടന്നേടാ നടന്നേടാ പുള്ളിക്കാളെ
ചെല്ലുമ്പേ ഒരു കലം കഞ്ഞീണ്ടേടാ
പുല്ലൂട്ടില് ഒരു കറ്റ പുല്ലുണ്ടേടാ
കന്നാലീനെ തൊഴുത്തിലും കെട്ടിയവനും
കൂലി മേടിച്ചു വീട്ടീപോയി.")
കന്നാലിയും ആളും പൂട്ടി വശംകെടുമ്പോൾ തളരാതിരിക്കാൻ പാടുന്ന പാട്ടാണിത്. ക്ലേശം കുറയ്ക്കാനല്ല തളരാതിരിക്കാനാണ് അവർ പാട്ടു പാടുന്നത്. യഥാർത്ഥത്തിൽ ചെയ്യുന്ന പ്രവൃത്തിയോടുള്ള കൂറുനിമിത്തം പണിയിൽ കുറവു വരാതിരിക്കാനുള്ള കരുതൽ നടപടിയാണിത്. പ്രത്യേകിച്ച് ഉഴുന്നവനെയും കാളയെയും ഒരുമിച്ചു കാണുന്ന പാരിസ്ഥിതികബോധം ഇതിലുണ്ട്. ഊർജ്ജം കൊടുക്കുന്ന ഒരു മന്ത്രോച്ചാരണശക്തി ഇതിലെ വായ്ത്താരികൾക്ക് ഉണ്ട്. ചിരണ്ടി പൂട്ടിയാൽ വരണ്ടി കൊയ്യാം എന്ന അറിവാണ് “കണ്ടത്തിന്റെ നാലു മൂലേം പേർന്ന് വായോ” എന്ന് കാളയോട് പറയുന്നിടത്ത് കാണുന്നത്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"മുൻകാലങ്ങളിൽ കാളയ്ക്കും കേരളത്തിലെ സാമൂഹിക ജീവിതത്തിൽ മികവുറ്റ സ്ഥാനമുണ്ടായിരുന്നു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ഉഴവു ജോലിയും മനുഷ്യ സഞ്ചാരത്തെ കരുതി രൂപകൽപ്പന ചെയ്തിട്ടുള്ള വില്ലുവണ്ടി വലിക്കുന്ന പണിയും ചരക്കുകാളവണ്ടി വലിക്കുന്നതും എല്ലാം കാളകളായിരുന്നു. ചുരുക്കമായി പോത്തുകളെയും ചില ജോലികൾക്കുപയോഗിച്ചിരുന്നെങ്കിലും കൂടുതൽ ജോലിഭാരവും കാളകൾക്കുതന്നെ ആയിരുന്നു. ഇന്നത്തെ കാറുകൾക്കു സമാനമായി അന്നുണ്ടായിരുന്നത് കാളവണ്ടികളാണ്. ചുരുക്കം ചിലർക്ക് കുതിരവണ്ടികളും ഉണ്ടായിരുന്നു. വില്ലുവണ്ടി എന്നറിയപ്പെടുന്ന അവ ഒരു കാളയെ പൂട്ടുന്നതും രണ്ടു കാളയെ പൂട്ടുന്നതും എന്നിങ്ങനെ തരംതിരിച്ചിരുന്നു. രണ്ടു കാളകളെ പൂട്ടുന്ന വില്ലുവണ്ടി ഒറ്റക്കാളവണ്ടിയെക്കാൾ വലുതും, അതിനാൽ കൂടുതൽ പേർക്കു യാത്രചെയ്യാവുന്നതുമാണ്. പഴയകാലത്തെ ഈ ആഡംബരവണ്ടി വലിക്കുന്ന കാളകൾക്കും ഉടമസ്ഥർ നല്ല പരിഗണന നൽകിയിരുന്നു. പോഷകപ്രധാനമായ ഭക്ഷണങ്ങൾ നല്കി തടിപ്പിച്ച് കൊഴുപ്പിച്ചു വളർത്തിയിരുന്ന കാളകളെ ആടയാഭരണങ്ങളണിയിച്ചാണ് കൊണ്ടുപോയിരുന്നത്. കൊമ്പിനു പുറമേയായി മുകളിൽ ഓടുകൊണ്ടുള്ള കൂർത്ത കവചം, കഴുത്തിൽ ശംഖും മണിയും ഇടകലർന്ന മാല, നെറ്റിയിൽ ശംഖ് ഇവയെല്ലാമാണ് ആഭരണങ്ങൾ. ഉടമസ്ഥന്റെ സാമ്പത്തികശേഷിക്കനുസരിച്ച് കാളയുടെ ആഭരണത്തിൻ്റെ മൂല്യത്തിലും മാറ്റമുണ്ടാകാം. നല്ല രീതിയിൽ പരിചരിക്കപ്പെട്ടു പോന്നിരുന്ന ഈ മൃഗങ്ങൾ ആരോഗ്യത്തിലും ചുറുചുറുക്കിലും ഉയർന്ന മാനദണ്ഡങ്ങൾ പുലർത്തുന്നവയും ആയിരുന്നു.
കാളയും പോത്തും ഒരേ വിസ്തൃതിസ്ഥലം ഉഴാറുണ്ട്. സാധാരണ ഉഴവുസമയം അഞ്ചു മണിക്കൂർ. അടുപ്പിച്ചുഴുതാൽ ഒരു ദിവസം ഒരേക്കർ നിലം തീരും. നിരത്തലാണെങ്കിൽ നാലഞ്ചേക്കർവരെ തീർക്കാനാകും. കാളയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടിയാൽ ഇടത്തു പോത്തിനെയും വലത്തു കാളയെയും കെട്ടണം. എങ്കിൽ കൂടുതൽ നേരം പൂട്ടാനാകും. പതികുളമ്പ് ലക്ഷണമായിക്കണ്ടാൽ അങ്ങനെയുള്ള പോത്തും കാളയും നന്നല്ല. പണിയെടുക്കേണ്ട ഉരുക്കൾക്ക് അത് ദുർലക്ഷണമാണ്. വേഗത കുറയുമെന്നുള്ളതുതന്നെയാണ് പണി കുറയുന്നതിനു കാരണം. കുത്തുകുളമ്പ് എന്നു പറയുന്ന ലക്ഷണം കുളമ്പിൻ്റെ പ്രധാനഭാഗം മാത്രം പതിച്ചു നടക്കുന്ന ഉരുക്കളെപ്പറ്റിയാണ്. ഇതിന് പ്രവൃത്തിജനുസ്സിൽ വലിയ പ്രിയമാണ്. നല്ല ചുറുചുറുക്കും വേഗതയുമാണ് ഇവയുടെ പ്രത്യേകതകൾ. കാളയുടെയും പോത്തിൻ്റെയും മറ്റും 'എല്ലിൻകൂട്' (വാരിയെല്ലുകളും കശേരുക്കളും ചേർന്നുള്ള സംവിധാനം) വിശാലമായിരിക്കണം. അത് ഇടുങ്ങിയിരുന്നാൽ അപലക്ഷണമാണ്. ധാരാളം ജോലി ചെയ്യേണ്ട ഇവകൾ എന്തും തിന്നുന്നവയായിരിക്കണം. തീറ്റക്കാര്യത്തിൽ അധികമായ വിവേചനം പാടില്ല. അതുപോലെതന്നെ കുടിക്കുന്ന കാര്യത്തിലും. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" തോട്ടിലും പൊയ്‌കയിലും വളരുന്നവ
കുരുമാത്തി - മുത്തിക്കൊമ്പൻ - ഇവ ഏറ്റവും ചെറിയ ഞണ്ടാണ്.
ചൊഞ്ഞണ്ട് - കരഞണ്ട് - മുതുകു കറുത്തും ബാക്കി ഭാഗം ഓറഞ്ച് നിറവും.
പാറാങ്കാലി - ഏറ്റവും വലുത്.
കെഷൻ ഞണ്ട് - ചൊഞ്ഞണ്ടിനെപ്പോലെ ഒരിനം. തോട്ടിലേ കാണൂ.
പൊക്കാളിഞണ്ട് - വലിയ അടവികളിൽ തോട്ടിലുമാറ്റിലുമേ കാണൂ.
കെരിയിലഞണ്ട് - കെരിക്കിലഞണ്ട് - ഇത് ആറ്റിലും കാണും.
മാനത്തുകണ്ണി - പൊന്നാട്ടിയെന്നും, പൊന്നാട്ടിപിട്ടനെന്നും പറയും.
പൊത്ത - ചെളിക്കെട്ടിൽ വളരുന്ന ഒരിനം മീൻ
നെടിമീൻ - മലഞ്ചിൽ - വ്ളാങ്ക് - കുരുടൻ - ഇത് ആറ്റിലും തോട്ടിലും വങ്കുകളിൽ വളരുന്നു. മുട്ടവിരിഞ്ഞുണ്ടാകുന്നത്. ചെമ്പിച്ച നിറം - ഇതാണ് യഥാർത്ഥ മലഞ്ചിൽ. വിളുതാളിയെന്ന പന്നിയിര രൂപാന്തരം പ്രാപിച്ചുണ്ടാകുന്നത് കറുപ്പു നിറത്തിൽ കാണപ്പെടും. ഇതിനെ വളക്കെട്ടുള്ള മണ്ണിനടിയിൽ കാണുമ്പോൾ കീളനെന്നാണു പേര്.
ആറ്റിൽ വളരുന്ന മറ്റിനങ്ങൾ
പോറ - കയിലി മൈലംപോറ വെള്ളം തള്ളി (2 ഇനം)
കണയൻ - കയിലിയിലൊരിനം
ഞായത്തൻ - കൂരിതേടിൻ്റെ ഒരു പതിപ്പ്
പറട്ടൻ - പാറയിൽ ഒട്ടിപ്പിടിച്ചിരിക്കും പാറൊട്ടൻ
കെല്ലംകാരി - കല്ലുനക്കി
ഇളമീൻ - പെരുമ്പിനാലി - മിനുത്ത വെള്ളനിറം.
മുള്ളൽ - മുള്ളുനിറഞ്ഞത്. മുള്ളെല് എന്നു പറയുന്നു. വാലിൽ ചുവപ്പുനിറമുണ്ട്.
കെരുകിട - കരിയിട വാലിലും ഉടലിലും ഓരോ കറുത്ത പൊട്ടുണ്ട്.
പുഴുക്കയിലി - പീക്കയലി - ചാണാക്കയലി - ഇതിൽ പുഴുക്കളുണ്ടാകും. അനയമ്മാതി - ഐര, നെത്തോലി പോലെയുള്ളത്.
മുത്തിപ്പിട്ടൻ - ഒരിനം കാരൽ മീൻ
ആരല് - കൈതയാരില് - വലുതും മുതുകിൽ മുള്ളുനിറഞ്ഞതുമാണ്.
കുട്ടത്തിയാരില് - നീളം കുറഞ്ഞത്- മുളയിലയാറിൽ - ഏറ്റവും ചെറിയ ഇനം. ഒരു പെൻസിലിൻ്റെ അത്രയേ വരൂ.
ഉടതല - തോടുമീനിൻ്റെ ആകൃതി - മുള്ളു കുറവാണ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" താന്ത്രികകർമ്മങ്ങളിൽ വളരെയധികം പ്രസക്തി പശുവിനുണ്ട്.
"ഖനനം, ഹരണം, ദാഹ-
പൂരണം ഗോനിവാസനം
വിപ്രോച്ഛിഷ്ടം പഞ്ചഗവ്യംച
സപ്തൈതാസ്ഥാനശുദ്ധയ"
എന്ന് 'തന്ത്രസമുച്ചയം' പത്താം പടലത്തിൽ പറയുന്നു. പുതുതായി ക്ഷേത്രം പണിയുമ്പോൾ ക്ഷേത്രത്തിനു നിർണ്ണയിച്ച സ്ഥലം ശുദ്ധി വരുത്തുവാനുള്ള മാർഗ്ഗമാണ്, അവിടെ അല്പസമയം പശുവിനെ കൊണ്ടുവന്നുകെട്ടൽ. ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ആചാര്യൻ ഏറ്റുവാങ്ങിയാൽ ആദ്യത്തെ ചടങ്ങ് നേത്രോൻമീലനമാണ്. നേത്രോൻമീലനം ചെയ്‌ത വിഗ്രഹത്തിന് പശുവിനെ കണികാണിക്കണം. ക്ഷേത്രത്തിൽ പ്രതിഷ്ഠയോ നവീകരണകലശമോ കഴിഞ്ഞാൽ മൂന്നു ദിവസം നടയടച്ച് വെക്കണം. മൂന്നാംദിവസം നടതുറക്കുമ്പോൾ പശുവിനെ നടയിൽ കൊണ്ടുവന്ന് കണികാണിക്കണം. പുതിയ വിഗ്രഹപ്രതിഷ്ഠ നടത്തുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠയുടെ തലേദിവസം 'ഗോദോഹനം' ചെയ്യണം. നാല് പശുവിനെ നടയിൽ കെട്ടിക്കറന്ന് ആ പാലുകൊണ്ട് 'അധിവാസ ഹോമാഗ്നി'യിൽ വെച്ച് പായസം ഉണ്ടാക്കി വിഗ്രഹത്തിന് നിവേദ്യത്തിനും ഹോമത്തിനും ഉപയോഗിക്കണം. നാലുപേരെ കാൽകഴുകിച്ചൂട്ടി തൃപ്‌തിപ്പെടുത്തണം. അവർക്ക് ആ നിവേദിച്ച പായസം വിളമ്പണം. ഉത്സവം നടത്തുന്ന ക്ഷേത്രങ്ങളിൽ ഉത്സവത്തിന് പള്ളിക്കുറുപ്പ് കഴിഞ്ഞ് ഉണർത്തിയാൽ ഉടൻ ദേവന് പശുവിനെ കണികാണിക്കൽ എന്ന ചടങ്ങുണ്ട്.
പ്രായശ്ചിത്തകർമ്മങ്ങളിലും ശുദ്ധികർമ്മങ്ങളിലും ഇതുപോലെ പശു വളരെ പ്രസക്തമാകുന്നു. ക്ഷേത്രത്തിന് അഗ്നിബാധയുണ്ടായാൽ ചെയ്യേണ്ട പ്രായശ്ചിത്തം നോക്കുക. പശുവിനെ ഒരു ദിവസം പൂജിച്ച് മന്ത്രപുരസ്സരം കറന്ന് ഉറയൊഴിച്ച് നെയ്യ് ഉണ്ടാക്കി വെക്കണം. പിറ്റേദിവസം കറന്ന് തൈര് ഉണ്ടാക്കണം. അതിൻ്റെ പിറ്റേദിവസം കറന്ന പാലും അന്നേദിവസം എടുത്ത ചാണകവും ഗോമൂത്രവും എടുത്ത് അഞ്ചും അഞ്ച് താമരഇലയിൽവെച്ച് പൂജിച്ച് ഒന്നാക്കി വീണ്ടും പൂജിച്ച് ബിംബത്തിലും ക്ഷേത്രത്തിലും അഗ്നിഭയം ഉണ്ടായ സ്ഥലത്തും മന്ത്രത്തോടെ സ്‌പർശിക്കണം, അശുദ്ധിമാറാൻ എന്ന് 'തന്ത്രസമുച്ചയ'ത്തിൽ ദഹനപ്രായശ്ചിത്തവിധിയിൽ പറയുന്നു.
ശുദ്ധിയുണ്ടാക്കുന്ന വസ്‌തുക്കളിൽ ഏറ്റവും ശ്രേഷ്ഠമായത് പഞ്ചഗവ്യമാണെന്നാണ് വൈദികവിധി.
"ഗോമൂത്രം നിജവാഞ്ഛയാ പരിമിതം
മൂത്രാർദ്ധകം ഗോമയം
ക്ഷീരം സപ്‌തഗുണം
ദധിത്രിഗുണിതം ഗോമൂത്രമാത്രം ഘൃതം"
എന്ന പഞ്ചഗവ്യം ഉണ്ടാക്കേണ്ട കണക്കും തുടർന്ന് അവ ചേർക്കുമ്പോൾ ചൊല്ലേണ്ട മന്ത്രങ്ങളും തന്ത്രസമുച്ചയത്തിൽ പറയുന്നുണ്ട്. ക്ഷേത്രത്തിൽ വിഗ്രഹത്തിന് ഈ പഞ്ചഗവ്യം ആടുന്നു. ഇത് സേവിച്ച് പരിശുദ്ധി നേടേണ്ട കർമ്മങ്ങളെക്കുറിച്ചും വൈദികത്തിൽ പറയുന്നുണ്ട്. ഗോമൂത്രവും ചാണകവും സാധാരണ വീടുകളിൽപോലും ശുദ്ധിവരുത്തുവാൻ ഉപയോഗിക്കുന്ന വസ്‌തുക്കളാണല്ലോ. ഗോമൂത്രത്തിൽ ഗംഗയും ചാണകത്തിൽ ലക്ഷ്‌മിയും വസിക്കുന്നതായി 'ഗോസാവിത്രി' എന്ന ഗ്രന്ഥത്തിൽ പ്രസ്‌താവിച്ചുകാണുന്നു. ലൗകികാഷ്ടമംഗല്യത്തെക്കുറിച്ച് പറയുന്ന അവസരത്തിൽ 'ശേഷസമുച്ചയ'ത്തിൽ അവ ഏവയെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്.
“ദീപികാ, ദർപ്പണം, ഹേമ, ധാന്യപാത്രം ഘൃതം, ദധി, പുസ്താ, മങ്ങലപാത്രീ ച ലൗകികം മങ്ഗലാഷ്ടകം"
എന്ന ശ്ലോകപ്രകാരം വിളക്ക്, കണ്ണാടി, സ്വർണ്ണം, ധാന്യപാത്രം, നെയ്യ്, തൈര്, പുസ്തകം, മംഗലപാത്രി എന്നിവയാണല്ലോ അഷ്ടമംഗല്യം. നെയ്യും തൈരും അഷ്ടമംഗല്യത്തിൽപെട്ടുകാണുന്നതിൽനിന്ന് പശുവിന് കല്പിച്ചുകൊടുത്ത പ്രാധാന്യം വ്യക്തമാകുന്നുണ്ടല്ലോ."
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"പശുവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അനുഷ്‌ഠാനങ്ങളും പാവനകഥകളും നാടോടിസംസ്‌കാരത്തിലും ഉച്ചസംസ്‌കാരത്തിലും നിലനില്ക്കുന്നുണ്ട്. വടക്കെ മലബാറിലെ മലയർ വീടുകൾതോറും വർഷത്തിലൊരിക്കൽ കെട്ടിയാടി നടക്കുന്ന ഉർവരതാനുഷ്‌ഠാനമായ കോതാമൂരിയാട്ടത്തിൽ ഒരു മൂരിയുടെ വേഷവും ഒപ്പം രണ്ടു പനിയന്മാരുമാണ് ഉണ്ടാകുന്നത്. ആടാനുള്ള പാട്ടുകളിൽ മൂരിക്ക് (പശുക്കുട്ടിക്ക്) വളരെ പ്രാധാന്യമുണ്ട്. വിഷുവിന് വീടുകളിൽ എല്ലാവരും കണികണ്ടുകഴിഞ്ഞാൽ ആലയിൽചെന്ന് പശുവിനെ കണി കാണിക്കുകയും അതിന് ചക്കമുറിച്ച് അപ്പോൾതന്നെ നല്‌കുകയും ചെയ്യുന്ന ചടങ്ങ് ഇപ്പോഴും ചില വീടുകളിൽ നടത്തുന്നുണ്ട്.
ഹൈന്ദവ ഇതിഹാസ പുരാണ പാരമ്പര്യത്തിലേക്ക് കടന്നാലും പശുവിന് വളരെ പ്രസക്തിയുണ്ടെന്നു കാണാൻ കഴിയും. കാലിമേച്ചു നടക്കുന്ന കൃഷ്‌ണൻ്റെ കഥയിൽ പശുക്കൾ വളരെ സജീവമായി സാന്നിദ്ധ്യം ചെയ്യുന്നതായി കാണാം. ശ്രീപത്മനാഭൻ പള്ളികൊള്ളുന്ന ക്ഷീരസാഗരം എന്ന സങ്കല്പം ഉണ്ടാക്കിയെടുത്ത ജനതയുടെ മനസ്സിൽ ജീവിക്കാനുള്ള അനിവാര്യതകളിൽ ഒന്നായി പശു രൂപപ്പെട്ടിരിക്കണം. കാള വാഹനമായ ശിവൻ്റെ സങ്കല്പത്തിലും കന്നുകാലിക്ക് ശ്രേഷ്ഠപദവി കിട്ടുന്നു.അസുരന്മാരുടെ ഭാരം കൊണ്ട് പൊറുതിമുട്ടിയ
ഭൂമീദേവി ഗോരൂപിണിയായി ബ്രഹ്മാവിൻ്റെ അരികിൽ മറ്റു ദേവന്മാരോടുകൂടി ചെന്ന കഥകൾ പുരാണങ്ങളിൽ കാണുന്നു. മോഹിച്ചതെല്ലാം നല്‌കുന്ന വസിഷ്‌ഠമുനിയുടെ നന്ദിനിപ്പശുവിനെ കൈക്കലാക്കാൻ വിശ്വാമിത്രരാജർഷി വസിഷ്‌ഠനുമായി യുദ്ധം ചെയ്‌തതായി മഹാഭാരതത്തിൽ പറയുന്നു. ദിലീപമഹാരാജാവ് നന്ദിനിയെ വണങ്ങാതെ പോയതുമായി ബന്ധപ്പെട്ട കഥകൾ രഘുവംശത്തിൽ കാളിദാസൻ വിസ്‌തരിച്ച് വർണ്ണിച്ചിട്ടുണ്ടല്ലോ.
ജ്യോതിഷത്തിലും പശുവിന് ശ്രേഷ്‌ഠപദവി കല്പിച്ചതായി കാണുന്നു. ശകുനത്തെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽ 'കയറിട്ട കാള പശു...' എന്ന ശ്ലോകം കാണുന്നു. ഏറ്റവും നല്ല ശുഭശകുനം കയറിട്ട കാളയും പശുവും ആണ് എന്നാണ് ഇവിടെ പറയുന്നത്. ജ്യോതിഷത്തിൽ നാലാംഭാവംകൊണ്ടാണ് പശുവിനെ ചിന്തിക്കേണ്ടത്. ബുധനാണ് കാരകഗ്രഹം. ഭാരതീയ ചികിത്സാരീതിയായ ആയുർവേദത്തിൽ പശുവിൻപാലിൻ്റെയും നെയ്യിൻ്റെയും മറ്റും ഉപയോഗം വളരെക്കൂടുതലാണ്. നെയ്യും പാലും മോരും മാത്രമല്ല ഗോമൂത്രവും ആയുർവേദ ഔഷധത്തിൽപെടുന്നു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" വളർത്തുമൃഗങ്ങളുമായി മനുഷ്യൻ സൃഷ്ടിച്ച ബന്ധവും അവയെക്കുറിച്ച് അവൻ നേടിയ അറിവും മനുഷ്യൻ്റെ സാംസ്‌കാരിക ചരിത്രത്തിലെ വികാസത്തിൻ്റെ ഒരേടാണ്. ഓരോ ജനതയിലും വിഭിന്ന രീതിയിൽ നിക്ഷിപ്‌തമായിക്കിടക്കുന്ന ക്രോഡീകരിക്കാത്ത ഇത്തരം അറിവുകൾ ആ ജനതയുടെ ജീവിതരീതിയിലേക്കുള്ള ചില ചൂണ്ടുപലകകളാണ്. മനുഷ്യൻ്റെ വളർത്തുമൃഗങ്ങളിൽ ഏറ്റവും കൂടുതൽ സ്ഥാനം പിടിച്ചിട്ടുള്ളത് പശുക്കളാണല്ലോ. പശുക്കളുടെ ഗുണമേന്മയെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഉള്ള നാട്ടറിവുകൾ നമ്മുടെ നാടുകളിൽ ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്. പശുക്കളുടെ ചില നാട്ടുചികിത്സയിൽ വിശ്വാസങ്ങൾക്കും സ്ഥാനം കല്പിച്ചുകാണുന്നു. ഉർവ്വരതാനുഷ്ഠാനവുമായി ബന്ധപ്പെട്ട നാടൻ കലകളിൽ പശുവിന് മുഖ്യസ്ഥാനം കല്പിച്ച കലകളും കാണുന്നു. ഗ്രാമീണജനതയുടെ ഭൗതികജീവിതത്തിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും പശുവിന് സ്ഥാനമുണ്ട്. ആര്യൻ ജനതയുടെ ജീവിതത്തിലും പശുവിന് കല്പിച്ചുകൊടുത്തിരിക്കുന്ന സ്ഥാനം ഉയർന്നതാണല്ലോ.
ലക്ഷണമൊത്ത പശു
അനുഭവങ്ങളുടെ വെളിച്ചത്തിൽ നല്ല പശുക്കളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ ഗ്രാമീണ ജനത കണ്ടെത്തിയിട്ടുണ്ട്. കറുത്ത നിറമുള്ള പശുക്കളാണ് ഏറ്റവും നല്ലത്. വെള്ളനിറം നല്ല പശുവിൻ്റെ ലക്ഷണമല്ല. നെറ്റിത്തടത്തിൽ ഒരു ചൊട്ട (കുറി) ഉള്ളതാണെങ്കിൽ അത് ശ്രേഷ്ഠഗണത്തിൽപെടുന്നു. വാല് നീളമുള്ളതും വാലിൻ്റെ അഗ്രത്തിൽ ചൊട്ടയുള്ളതും (പൂവാലി) ആയവ ഉത്തമ ഗണത്തിൽപെടുന്നവയാണ്. കുളമ്പിനു മുകളിൽ വെള്ളപ്പുള്ളി നല്ല ലക്ഷണമാണ്. കൊമ്പ് അല്പം മുൻപോട്ട് വളഞ്ഞതായിരിക്കണം. വണ്ണം കൂടുതൽ കൊമ്പിന് പാടില്ല. പല്ല് മുളച്ചത് കുറവാണെങ്കിൽ അത് പശുവിൻ്റെ പ്രായക്കുറവിനെ സൂചിപ്പിക്കുന്നു. പശുക്കൾക്ക് കാലിട (നീട്ടം) ഉണ്ടാകുന്നത് നല്ല ലക്ഷണമാണ്. പുറത്ത് രോമത്തിൽ ഒറ്റച്ചുഴിപ്പേ പാടുള്ളൂ. ഇരട്ടച്ചുഴിപ്പ് ഉണ്ടായാൽ ആ പശു നല്ല സ്വഭാവം ഉള്ളതായിരിക്കില്ല. കണ്ണിനുപുറത്ത് 'കടകപ്പുള്ള' (വെളുത്ത അടയാളം) ഉള്ള പശുക്കൾ സ്വഭാവദൂഷ്യം ഉള്ളവയായിരിക്കും. കാലുകൾ ഉയരം കുറഞ്ഞതായിരിക്കണം. വയറ് ചാടിയിട്ടുണ്ടെങ്കിൽ മോശം ലക്ഷണമാണ്. രോമം കൂടുതൽ ഉണ്ടാവുക, എണ്ണമയം ഉണ്ടാവുക ഇവ പശുക്കളുടെ നല്ല ലക്ഷണമാണ്. വായ, വാൽക്കണ്ണി, കൊമ്പ് ഇവയ്ക്ക് ചുവപ്പ് വർണ്ണം ഉണ്ടെങ്കിൽ അത് നല്ല ഇനത്തിൽപ്പെടുന്നു. കൊമ്പിൽ രൂപപ്പെട്ട് വരുന്ന വളയത്തിൻ്റെ എണ്ണം നോക്കി പശു എത്ര പ്രസവിച്ചതാണെന്നു തിട്ടപ്പെടുത്താൻ കഴിയും.
പാലുള്ള പശുക്കളെ മറ്റു പശുക്കളിൽനിന്ന് ലക്ഷണം നോക്കി തിരിച്ചറിയാൻ കഴിയും. അകിടു തൊട്ടാൽ നല്ല മാർദ്ദവം തോന്നുന്നത് പാലുള്ളതിന്റെ ലക്ഷണമാണ്. പള്ളകളിൽനിന്ന് അകിടിലേക്ക് വരുന്ന ഞരമ്പ് നല്ല വണ്ണമുള്ളതായിരിക്കണം. കൊമ്പിന് കറുപ്പ് കലർന്ന വെള്ളനിറമാണെങ്കിൽ ആ പശുവിന് പാൽ കുറയും. കാലിൻന്റെ മുന്നിൽനിന്നും പിന്നിൽനിന്നും നോക്കിയാൽ കാണത്തക്കവണ്ണമുള്ള അകിടാണ് പാലുള്ള വർഗ്ഗത്തിൻ്റെ മറ്റൊരു ലക്ഷണം. വെളുത്ത അകിടായിരിക്കണം. നേരേ നിൽക്കുമ്പോൾ പശുവിൻ്റെ നടുഭാഗം കുഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് പാൽ കൂടുതൽ കിട്ടും. ബൈക്കുത്ത് (ചണ്ണക്കെട്ട്) നല്ല വൃത്താകൃതിയിൽ ആയിരിക്കണം. ആ ഭാഗം ഒട്ടിയതാണെങ്കിൽ അത് പാലുള്ള പശു ആയിരിക്കില്ല. പശുവിൻ്റെ തോൽ പിടിച്ചുനോക്കി നേർത്തതാണോ എന്ന് പരിശോധിക്കണം. നേർത്ത തോല് പാല് ചുരത്തുന്നതിൻ്റെ തെളിവാണ്. ഏത് പശുവിനും ആദ്യം കറക്കുന്ന കാമ്പിൽനിന്ന് കൂടുതൽ പാൽ കിട്ടും. പശു ചവിട്ടാതിരിക്കാൻ പശുവിൻ്റെ ഇടതുഭാഗത്തിരുന്നു വേണം കറക്കാൻ. പരുത്തിക്കുരു, മുതിര തുടങ്ങിയ വസ്തുക്കളാണ് പശുവിന് പാൽ കൂടുതൽ കിട്ടാനായി അരച്ചുകൊടുക്കേണ്ടത്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" പരേതാത്മാവിനെ വെളിച്ചപ്പാടിലോ മറ്റേതെങ്കിലും സമുദായ സ്ഥാനികരിലോ ആവാഹിപ്പിക്കാമെന്നും സമുദായത്തിൽ സംഭവിച്ചിട്ടുള്ള ദോഷങ്ങൾക്ക് അതുവഴി പരിഹാരം കണ്ടെത്താമെന്നുമുള്ള വിശ്വാസവും ആദിവാസികളിൽ കാണാം. കുറിച്യർക്കിടയിൽ ഇത് ‘നെകലാട്ടം' എന്ന പേരിലാണ് അറിയപ്പെടുന്നത്. നെകൽ ആത്മാവാണ്. ഗുരുകാരണവന്മാരുടെ ആത്മാവുകളെയാണത്രേ, ഇത്തരത്തിൽ ആവേശിപ്പിച്ച് ആട്ടം നടത്തുന്നത്. ഈ അവസരത്തിൽ സമുദായാംഗങ്ങളുടെ പ്രശ്‌നങ്ങൾ നെകലിനു മുന്നിൽ അവതരിപ്പിക്കുകയും നെകൽ പരിഹാരനിർദ്ദേശം നൽകുകയും ചെയ്യും. ഗോത്രവ്യവസ്ഥയിൽ പ്രാചീനസമൂഹത്തിൻ്റെ വഴികാട്ടികളായി മരണാനന്തരവും പ്രവർത്തിക്കുവാൻ ആത്മാവുകൾക്ക് കഴിയുന്നു എന്നാണ് വിശ്വാസം. ഇത്തരം വിശ്വാസങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും സമൂഹത്തിൽ നിർവ്വഹിക്കാനുള്ള ധർമ്മം ഏറെയാണ്. പ്രാചീനസമൂഹത്തിന്റെ ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും ജീവിതരീതികളെയും നിയന്ത്രിച്ചിരുന്നത് അദൃശ്യശക്തികളെക്കുറിച്ചുള്ള ഇത്തരം വിശ്വാസങ്ങളാണെന്നു കാണാം. പരസ്‌പരസ്നേഹത്തോടും സൗഹൃദത്തോടും സമാധാനത്തോടുംകൂടി സമൂഹത്തിൽ ജീവിക്കാൻ പഴയ മനുഷ്യർക്ക് ശക്തി നൽകിയിരുന്നതും ഇത്തരത്തിലുള്ള വിശ്വാസങ്ങൾതന്നെയാണ്.
അമാനുഷികശക്തികളെക്കുറിച്ചുള്ള വിശ്വാസങ്ങളിൽനിന്നു തന്നെയാവാം കണ്ണവം കുറിച്യർക്കിടയിൽ മാമ്പാട്ട്, നരിപ്പാട്ട്, കാട്ടിപ്പാട്ട് തുടങ്ങിയ ചില അനുഷ്‌ഠാനാഭാസനർത്തനങ്ങളും രൂപപ്പെട്ടിട്ടുള്ളത്. വട്ടമിട്ടിരുന്ന് പാട്ടുപാടിക്കൊണ്ടിരിക്കുന്നവരിൽ നിന്ന് ഒരാൾ മറിഞ്ഞുവീഴുകയും പാട്ടിൽ വിവരിക്കപ്പെട്ട മൃഗത്തിൻ്റേതിനു തുല്യമായ ചേഷ്ടകൾ കാണിച്ച് ഉറഞ്ഞാടിത്തുടങ്ങുകയും ചെയ്യുന്നു. ഈ സമയത്ത് അയാൾക്ക് സ്വബോധമുണ്ടാവുകയില്ലത്രേ. നരിപ്പാട്ടാണെങ്കിൽ നരിയെപ്പോലെയാണ് അയാൾ പെരുമാറുക. ചുറ്റും കൂടിയിരിക്കുന്നവരെ കടിക്കുകയും മാന്തുകയും ചെയ്യും. പട്ടിക്കുഞ്ഞോ, പൂച്ചക്കുഞ്ഞോ സമീപത്തെവിടെയെങ്കിലുമുണ്ടെങ്കിൽ കടിച്ചുതിന്നും. മറിപ്പാട്ട് പാടിയാലേ ഇയാൾ സ്വബോധത്തിലേക്ക് തിരിച്ചുവരൂ. അവസാനവരിയിൽനിന്ന് ആദ്യവരികളിലേക്ക് ക്രമത്തിൽ പാടിക്കൊണ്ട് വരുന്നതിനെയാണ് മറിപ്പാട്ട് എന്നു പറയുന്നത്. ഇത് വരി തെറ്റാൻ പാടില്ല. ഇപ്രകാരം സംഭവിച്ചാൽ ഉറഞ്ഞാടുന്ന ആൾ നരിയുടെ മാതിരി കാട്ടിലേക്ക് ഓടിപ്പോകുമെന്നും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നും കുറിച്യർ വിശ്വസിക്കുന്നു. ഈ വിശ്വാസത്തെ ബലപ്പെടുത്താൻ പല കഥകളും അവർക്കിടയിൽ പ്രചാരത്തിലുണ്ട്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"ഇല്ലിമുള്ള് കൊണ്ട് വേലി കെട്ടി വളപ്പുകളെ കന്നുകാലികളുടെയും അന്യരുടെയും കടന്നുകയറ്റത്തിൽനിന്നു സംരക്ഷിച്ചു വരുന്നു. വേലിയുടെ അങ്ങിങ്ങായി ഇല്ലിക്കൂട്ടങ്ങളും, ശീമക്കൊന്ന, കൊട്ടത്തറി, റബ്ബർകൊട്ട, മയിലാഞ്ചി, പഞ്ഞിപ്പൂള, ആടലോടകം, കരുനൊച്ചി, ആവണക്ക് എന്നിവ വേലിത്തറികളായി വളർത്തി അതിനു കുറുകേ ഇല്ലിക്കമ്പുകൾ വെച്ച് പനംപൊളിരുകൊണ്ടു കെട്ടുന്ന വേലി. "
"അതിർത്തികളിൽ വളർന്നുവന്ന മരങ്ങളും ചെടികളും ഒരടയാളമാണ് എന്നു കണ്ടിട്ടാണ് വേലികൾ ഉണ്ടാവുന്നത്. ചിലേടത്ത് ചെമ്പരത്തിയും കടലാവണക്കും മുരിക്കും കൈതയും ശീമക്കൊന്നയും വെച്ചുപിടിപ്പിച്ചിരിക്കുന്നത് കാണാം. പൂക്കളുടെ ഭംഗിയും അതിർത്തിയുടെ ധർമവും പരിസ്ഥിതിക്ക് പരിരക്ഷയും ഒരേ സമയം നിർവഹിക്കപ്പെടും എന്നതാണതിന്റെ ഗുണം. പിന്നെ അതിർത്തിക്കായി 'വേലി കെട്ടുക' എന്ന സ്ഥിതി വന്നു. വേലിയും വേലികെട്ടും വേലി പടർപ്പും ഒക്കെയായി ബന്ധപ്പെട്ട പദാവലികളുടെ സമാഹാരമാണ് നടത്തുന്നത്. പ്രാഥമികാന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടവ- ഇനിയും എത്രയോ വാക്കുകൾ വിവിധ ദേശങ്ങളിൽ ഉണ്ടാവും.
വേലി:
പണ്ട് പുരയിടത്തിന്റെ അതിരറിയുവാൻ വേണ്ടി അയൽപക്കക്കാരുടെ സഞ്ചാരമോ കാഴ്ചയോ തടയാതെ നിലനിന്നു പോന്ന ഒരു അതിർത്തി നിർണയസംവിധാനം. അയലത്തെ പശു അതിക്രമിച്ചു കയറരുത് എന്നു മാത്രമേ ഉദ്ദേശ്യമുള്ളൂ. മനുഷ്യന് നിർബാധം സഞ്ചരിക്കാൻ വേണ്ട വിടവുകൾ ഉണ്ടാവും. 'വേലി തന്നെ വിളവു തിന്നുക' എന്നത് പറഞ്ഞു പതിഞ്ഞ ശൈലിയാണല്ലോ.
മുളവേലി:
പുരയിടത്തിൻ്റെ അതിർത്തി കോരി മുരിപ്പിട്ട് അതിൽ ശീമക്കൊന്നയോ മരച്ചീനിക്കമ്പോ തുരന്നിട്ട് അനധികൃതമായ പോക്കുവരവ് തടയുന്നതിനായി മുളംചില്ലികൾ ചേർത്തുവച്ച് കെട്ടുന്നു.കല്ലൻ മുള ചെറുതായി കീറി ഈ മുളം കീറിൽ ചേർത്താണ് മുളച്ചില്ലികൾ കെട്ടിവയ്ക്കുന്നത് .
വേലിപ്പടർപ്പ്:
പടർന്നു വളരുന്ന പല വള്ളിച്ചെടികളും വേലിയിൽ ചുറ്റിപ്പടർന്ന് സമൃദ്ധമായി വളരുമായിരുന്നു. ശംഖുപുഷ്പം പോലെയുള്ള വള്ളിച്ചെടികൾ വേലിപ്പടർപ്പിൽ പൂവിട്ടു നിൽക്കുന്നത് ഹൃദ്യമായൊരു കാഴ്‌ചയായിരുന്നു. ഹരിതാഭമായ ഒരു വേലിപ്പടർപ്പായി ഇത് മാറുന്നു. കാഴ്ചമറയ്ക്കുന്നില്ലെന്ന് മാത്രമല്ല ഈ ഹരിതവേലി കാഴ്ചയ്ക്ക് ഇമ്പമാകുകയാണ്.
കൈത:
പുരയിടങ്ങളുടെ അതിർത്തി തിരിച്ച് അതിന്മേൽ നിരനിരയായി കൈതയും കടലാവണക്കും മറ്റും നടുന്നത് പഴയ രീതി. ആൺകൈതയും പെൺകൈതയുമുണ്ട്. കൈത വളർന്ന് കഴിഞ്ഞാൽ ഇവയുടെ മുള്ളുകാരണം അവയ്ക്കിടയിലൂടെ കടന്നുകയറുക ബുദ്ധിമുട്ടാകും. പഴയ നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ കൈതപ്പൂവിൻ്റെ ഹൃദയഹാരിയായ സുഗന്ധം അതൊരനുഭവമാണ്. കൈതയുടെ ഓല മുറിച്ചെടുത്ത് മുള്ളുചീകികളഞ്ഞ് ഉണക്കിയെടുത്താണ് പായ നെയ്‌തിരുന്നത്. കടലാവണക്കിൻ്റെ ഇലത്തണ്ട് ഒടിച്ച് ഊതി കുമിളകൾ ആകാശത്തിലേക്ക് ഉയർന്നുപൊങ്ങുന്ന കാഴ്‌ച മറ്റൊരനുഭവം.
ശീമക്കൊന്ന:
വളരെ പെട്ടെന്ന് വളരുന്നതും കടൽ കടന്നെത്തിയ വിദേശിയുമായ സസ്യമാണ് ശീമക്കൊന്ന. വേലികെട്ടാൻ വേണ്ടി സൃഷ്ടിച്ചതാണെന്ന് തോന്നും വിധമുള്ള ആകൃതിയും പ്രകൃതിയുമാണ് ശീമക്കൊന്നക്ക്. നമ്മുടെ വേലികളെല്ലാം ശീമക്കൊന്ന കയ്യടക്കിയ ഒരു കാലമുണ്ടായിരുന്നു. ഒരേ ഘനത്തിൽ ഒരേ നീളത്തിൽ ബലമുള്ള കമ്പുകൾ. വേലികെട്ടാനായി ഉപയോഗിക്കുന്ന കമ്പുകളെ വേലിപ്പത്തലുകൾ എന്നാണ് പൊതുവേ പറയുക, പച്ചിലവളമായും കാലിത്തീറ്റയായുമൊക്കെ ശീമക്കൊന്നയുടെ ഇല ഉപയോഗിച്ചിരുന്നു.
വേലിച്ചീനി:
വേലിപ്പത്തലായി മരച്ചീനിയുടെ ബലമുള്ളകമ്പും ഉപയോഗിച്ചിരുന്നു. 'എം4' എന്ന ഇനം മരച്ചീനിയുടെ കമ്പാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. വേലി പൊളിച്ച് പുതുതായി കെട്ടുമ്പോൾ മുരിപ്പിൽ വളർന്നു നിൽക്കുന്ന 'വേലിച്ചീനി' പിഴുതെടുക്കാം. സാധാരണയിൽ കവിഞ്ഞ കിഴങ്ങുപിടുത്തം വേലിച്ചീനിയുടെ പ്രത്യേകതയാണ്. ഇങ്ങനെ കിട്ടുന്ന മരച്ചീനി അയൽക്കാർക്കൊക്കെ പങ്കുവെയ്ക്കുകയും ചെയ്യും. അങ്ങനെ വേലിപ്പത്തൽ ഭക്ഷ്യസുരക്ഷയ്ക്കും അയൽപക്കസൗഹൃദത്തിനും ഉപാധിയായി മാറുകയും ചെയ്യുന്നു.
ജൈവവേലി:
സിമന്റും കരിങ്കല്ലും കൊണ്ടുള്ള മതിലിന് പകരം ചെടികളും വള്ളിപ്പടർപ്പുകളും കൊണ്ടുള്ള പ്രകൃതിയ്ക്കനുഗുണമായ സ്വാഭാവിക വേലിയാണിത്. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന് പറയുമ്പോൾ, മുരിക്കും ശീമക്കൊന്നയും കൈതയും കടലാവണക്കും പതിമുഖവും മറ്റും നട്ടുവളർത്തിയുണ്ടാക്കുന്ന 'ജൈവവേലിയിലേക്ക്' മടങ്ങുന്നത് മണ്ണിനും മനുഷ്യനും പരിഃസ്ഥിതിക്കും സുഖദമാണ്. "
ചില വേലിച്ചെടികളുടെ ഔഷധ ഗുണങ്ങൾ:
ആടലോടകം:
(രക്തപിത്തം, ചുമ, അമിതാർത്തവം, ഹൃദ്രോഗം, കാസശ്വാസം, ആസ്മ, ശരീരവേദന, ക്ഷയം, ഒച്ചയടപ്പ്, കഫശല്യം, ഹീമോഫീലിയ)
ആടലോടകം ചെറുതും വലുതുമുണ്ട്. ചെറുതാണ് ഔഷധയോഗ്യം.
ആടലോടകത്തിൻ്റെ ഇലച്ചാറിൽ തേൻ ചേർത്തു കഴിക്കുന്നത് രക്തപിത്തത്തിനും ചുമയ്ക്കും ഫലപ്രദമാണ്.10 മില്ലി ആടലോടകച്ചാറിൽ 2 ഗ്രാം ചന്ദനം അരച്ചുകലക്കി ദിവസേന കഴിക്കുന്നത് രക്തപിത്തത്തിന് ഫലം ചെയ്യും.
ആടലോടകത്തിലനീര് 15 മില്ലി വീതം, 5 ഗ്രാം ശർക്കര ചേർത്ത് ദിവസേന 2 നേരം വീതം കഴിക്കുന്നത് ആർത്തവം അധികമായിപ്പോകുന്നത് കുറയ്ക്കും.
ആടലോടകം സമൂലം വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ നീരിൽ നാലിലൊരു ഭാഗം ആട്ടിൻനെയ്യ് ചേർത്ത് ആടലോടകപ്പൂവ് അരച്ചു കല്ക്കമാക്കി കാച്ചി അരക്കു പാകത്തിലരിച്ച് ടീസ്‌പൂൺ കണക്കിൻ രാവിലെയും ഉച്ചയ്ക്കും രാത്രിയും സേവിക്കുന്നത് ഹൃദ്രോഗം, കാസശ്വാസങ്ങൾ, ആസ്മ എന്നിവ ഭേദമാക്കും.
ആടലോടകത്തിലനീരിൽ പച്ചെണ്ണ ചേർത്തു കഴിക്കുന്നത് ശരീരവേദന ശമിപ്പിക്കും.
ആടലോടകത്തില അരച്ച് വെണ്ണയിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് രക്തപിത്തത്തിന് നല്ലതാണ്. ഹീമോഫീലിയയ്ക്കും ഫലപ്രദമാണ്. ആടലോടകവേര് ചതച്ച് പാലുകാച്ചി കഴിക്കുന്നത് രക്തം ഛർദ്ദിച്ചുണ്ടാകുന്ന രോഗങ്ങൾക്കും രക്തം തുപ്പുന്ന ക്ഷയരോഗത്തിനും ഫലം ചെയ്യും.
ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്തു കഴിക്കുകയോ ആടലോടകത്തിൻ്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരിൽ ആട്ടിൻപാൽ ചേർത്ത് കാച്ചി കഴിക്കുകയോ ചെയ്‌താൽ ആസ്‌ത്മ മാറും.
ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ കുരുമുളകുപൊടി ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പിന് ആശ്വാസകരമാണ്.
ആടലോടകത്തിന്റെ ഇല അരച്ച നീരെടുത്ത് (ഏകദേശം ഒരു ടീസ്‌പൂൺ) അതിൽ ഒരു കോഴിമുട്ട ഉടച്ചുചേർത്തു കഴിക്കുന്നത് കഫശല്യത്തിന് നല്ലതാണ്.
മയിലാഞ്ചി:
(തലമുടി കറുക്കാൻ, നഖഭംഗി, രക്തശുദ്ധി, മന:ശാന്തി, ആർത്തവ ത്തകരാറുകൾ, മുടികൊഴിച്ചിൽ, ഉറക്കമില്ലായ്‌മ, നേത്രരോഗം, കുഷ്‌ഠം, സിഫിലിസ്, മഞ്ഞപ്പിത്തം, തീപ്പൊള്ളൽ, സ്വപ്നസ്ഖലനം)
മയിലാഞ്ചിയുടെ ഇല, തൊലി, കുരു, പൂവ്, വേര് എന്നിവയാണ് ഉപയോഗിക്കുന്നത്. തലമുടി കറുക്കുന്നതിനും നഖഭംഗിക്കും സ്ത്രീകൾ ഇത് ഉപയോഗിച്ചുപോരുന്നു.
മയിലാഞ്ചി അരച്ച് കൈത്തലത്തിലും കാലിൻ്റെ വെള്ളയിനും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മനഃശാന്തിക്കും സഹായകമാണ്.
മയിലാഞ്ചി വേര്, ചുക്ക്, എള്ള് എന്നിവയെല്ലാംകൂടി 50 ഗ്രാം എടുത്ത് 400 മില്ലി വെള്ളത്തിൽ കഷായംവെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിഗ്രാം കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആർത്തവത്തകരാറുകൾക്ക് ഗുണം ചെയ്യും.
മയിലാഞ്ചിയുടെ പൂവ് അരച്ച് 3 ഗ്രാം വീതം കാടിവെള്ളത്തിൽ കഴിച്ചാൽ തലച്ചോറിന്റെ ദൗർബല്യം, ഉറക്കമില്ലായ്മ, മുടികൊഴിച്ചിൽ എന്നിവ ശമിക്കും.
മയിലാഞ്ചി സമൂലം കഷായംവെച്ച് 25 മില്ലിവീതം ഇത്തിരി ഏലയ്ക്കാപ്പൊടിയും തേനും മോമ്പൊടിചേർത്ത് കാലത്തും രാത്രിയും കഴിക്കുന്നത് നേത്രരോഗം, കുഷ്‌ഠം, സിഫിലിസ് എന്നിവയ്ക്ക് ഫലം ചെയ്യും.
മയിലാഞ്ചി സമൂലം അരച്ച് പാലിൽ കഴിക്കുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്‌താൽ മഞ്ഞപ്പിത്തം ഗണ്യമായി കുറയും.
മയിലാഞ്ചി ഇടിച്ചുപിഴിഞ്ഞ നീരിൽ മയിലാഞ്ചിവേര് കല്ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാൽ മുടിക്ക് കറുപ്പുനിറം കൈവരും. മുടികൊഴിച്ചിൽ മാറും.
മയിലാഞ്ചിയുടെ തൊലികൊണ്ടുള്ള കഷായം തീപൊള്ളിയ ഇടത്തും തിളച്ച വെള്ളംകൊണ്ടു പൊള്ളിയ ഇടത്തും ഒഴിക്കുന്നത് ഫലപ്രദമാണ്.
മയിലാഞ്ചിയില പിഴിഞ്ഞ നീരെടുത്ത് വെള്ളവും പഞ്ചസാരയും കൂട്ടിക്കഴിക്കുന്നത് സ്വപ്നസ്ഖലനത്തിന് നല്ലതാണ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"പുരുഷനാണ് മിക്കവാറും വെളിച്ചപ്പാടാവാൻ നിയുക്തനാവുക. ഭഗവതി സങ്കല്പമാണെങ്കിലും കോമരം ഇവിടെ പുരുഷനാണ്. വെളിച്ചപ്പെട്ട് കാവുതീണ്ടാൻ വരുന്നവരിൽ സ്ത്രീകളും ഉണ്ടാകും. മിക്കവാറും ഭഗവതിക്ഷേത്രങ്ങളിൽ പുരുഷവെളിച്ചപ്പാടന്മാരെയാണ് കാണുകയെങ്കിൽ കൊടുങ്ങല്ലൂർ ഭരണിക്ക് വ്രതം നോറ്റ നൂറു കണക്കിന് സ്ത്രീകോമരങ്ങളെത്തുന്നു. വെളിച്ചപ്പാട് ആൾ ഭയാനകരൂപിയാണ്. വീക്കുചെണ്ടയുടെ അകമ്പടിയോടെ ചെണ്ടമേളം മുറുകുമ്പോൾ രൗദ്രഭാവത്തോടെ വെളിച്ചപ്പാട് നില്ക്കുന്നു. ചുവന്ന പട്ടുചുറ്റി, അരയിൽ വെള്ളകൊണ്ട് കെട്ടി, അതിന്മേൽ അരമണി അണിഞ്ഞ് കഴുത്തിൽ ചെത്തിമാലയും കാലിൽ ചിലമ്പും ചന്ദനവും കുങ്കുമവും കൊണ്ട് നെറ്റിയിൽ കുറിയും വരച്ച് രണ്ടുംകൈയും തൊഴുതു പിടിച്ച് നില്ക്കുന്ന കോമരത്തിൻ്റെ ശരീരം വിറയ്ക്കാൻ തുടങ്ങുന്നു. കൈവിരലുകളുടെ, അല്ലെങ്കിൽ കാൽവിരലുകളുടെ അറ്റത്തുനിന്നാണ് വിറയൽ ആരംഭിക്കുന്നത്. അതു പതുക്കെപ്പതുക്കെ ശരീരമാകെ പടരുന്നു. നിറുകമുതൽ പെരുവിരലോളം എന്നാണു പറയുന്നത്. അങ്ങനെ വന്നാൽ അനങ്ങാതിരിക്കാനാവില്ല. തുള്ളിതുള്ളി ദേവസ്ഥാനത്തേക്ക് എത്തുന്നു. പൂജാരി വാളും ചിലമ്പും കൊടുക്കുന്നു. വാൾ കിട്ടിയാൽ പിന്നെ നൃത്തമാണ്. അരമണി ഇടയ്ക്കിടെ കിലുക്കി ഹും ഹും എന്ന ഭയാനകശബ്ദം ഉണ്ടാക്കുന്നു. കാണികൾ തൊഴുതു കൊണ്ട് മാറിനില്ക്കുന്നു. ക്ഷേത്രം വലം വെക്കുന്നു. കർമ്മികൾ പിന്നാലെ ഓടുന്നു. നെല്ലും പൂവും എറിഞ്ഞ് ഭക്തനെ അനുഗ്രഹിക്കുന്നു. കുറേ കഴിയുമ്പോൾ അല്പം കലിയടങ്ങിയെന്നു കണ്ടാൽ ഭക്തജനങ്ങൾ ആവലാതികൾ പറയാൻ അടുത്തുവരുന്നു. തുടർന്നു മഞ്ഞൾപ്പൊടി വാരിയെറിയുന്നു. അരുളപ്പാടുകൾ നല്‌കുന്നു. ഏവരെയും തൃപ്‌തിപ്പെടുത്തിയശേഷം കോമരം പാർക്കുന്നു. ഇതാണു സാധാരണയായി വെളിച്ചപ്പാടിൻ്റെ വെളിച്ചപ്പെടൽ. അരുളപ്പാടുകൾ എപ്പോഴും അനുഗ്രഹവർഷം ഉള്ളതായിരിക്കും. മഴപോലെ വന്നത് മഞ്ഞുപോലെയാക്കുമെന്നും ഉണ്ണുന്ന അന്നത്തിനും കോരിക്കുടിക്കുന്ന വെള്ളത്തിനും കത്തുന്ന ദീപത്തിനും ഊനം വരുത്താതെ കാക്കുമെന്നും പെറ്റമാതാവ് കഴിഞ്ഞാൽ പോറ്റിക്കൊണ്ട മാതാവ് - എന്ന് കരുതിക്കോളൂ എന്നുമൊക്കെയാണ് അരുളപ്പാടുകൾ. തമ്മിൽ പരിഹസിക്കുന്നവരെ വേദനിപ്പിക്കാനും ഭഗവതിക്കറിയാം. 'നമ്മ ശക്തിയിൽ അവിശ്വാസംണ്ടോ' എന്ന് ഉറപ്പിച്ചു ചോദിക്കുക അപരന്റെ നാവ് അറിയാതെ മടങ്ങിപ്പോകും. "
കൊടുങ്ങല്ലൂരിലെ സ്ത്രീ വെളിച്ചപ്പാടുകൾ:
അമ്മദൈവം:
"ഭഗവതി എന്ന സ്ഥാനമഹിമയാണ് അമ്മദൈവത്തിനുള്ളത്. നൂറ്റമ്പതോളം ഭഗവതിപ്പേരുകളിൽ പ്രധാനം ശ്രീകുരുംബയ്ക്കാണ്. 'പകോതി' എന്ന രൂപഭേദവും ഗുണ്ടർട്ട് കണ്ടെത്തുന്നുണ്ട്. പരമശിവൻ്റെ 'മൂന്നാം തൃക്കണ്ണി'ൽനിന്ന് ചൊവ്വാഴ്ച ഉച്ചനേരം ദേവി പിറവിയെടുത്തു എന്നതാണ് കഥ. ദാരുകവധമാണ് ജന്മദൗത്യം. കേരളമാകെ നിറഞ്ഞു നില്ക്കുന്ന അമ്മ സങ്കല്പം കൊടുങ്ങല്ലൂർ ഭഗവതിയെ കേന്ദ്രമാക്കിയുള്ളതാണ്.
മീനമാസത്തിലെ ഭരണിനാൾതൊട്ട് 7 ദിവസമാണ് ഉത്സവം. കൊടുങ്ങല്ലൂർ ദേവി പ്രതിഷ്ഠ ദാരുകൊണ്ടുള്ളതാണ്. ആസനാവസ്ഥയിൽ ആറടി ഉയരമുള്ള വിഗ്രഹം വടക്കോട്ടു ദൃഷ്ടിയായി പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിയുടെ ദിക്ക് വടക്കാണ്. 8 കൈകളുണ്ട്. കൈകളിൽ ഖഡ്ഗം, ഖട്വാംഗം, ശൂലം, ദാരികൻ്റെ ശിരസ്സ് എന്നിവയുണ്ട്. പടിഞ്ഞാറുഭാഗത്ത് സപ്തമാതാക്കളുടെയും വീരഭദ്രൻ്റെയും വിഗ്രഹങ്ങളാണ്. വടക്കുഭാഗത്ത് കോവിലിൽ പൂർവ്വാഭിമുഖമായി ശിവലിംഗപ്രതിമയും ഉണ്ട്. മാത്രമല്ല ഗണപതി, ക്ഷേത്രപാലൻ, വസൂരിമാല എന്നീ ഉപദേവതകളും കോവിലുകളും ഉണ്ട്. ആനപ്പന്തൽ, ബലിക്കൽപ്പുര എന്നിവയും ചേർന്നതാണ് കൊടുങ്ങല്ലൂർ ക്ഷേത്രസമുച്ചയം. "
" കുംഭം, മീനം, മേട മാസക്കാലമായാൽ ഈ മണിവേഷമാണ് കൊടുങ്ങല്ലൂരിന്റെ മുഖ്യചിഹ്നം. കൊടുങ്ങല്ലൂരിൽ അശ്വതി കാവുതീണ്ടലിന് വെട്ടിത്തെളിയിക്കാനെത്തുന്ന ആയിരക്കണക്കിന് സ്ത്രീ വെളിച്ചപ്പാടുകൾ കാലിലും കൈയിലുമേന്തുന്ന ചിലമ്പ് ഗ്രാമാന്തരങ്ങളിൽ മൂശാരിമാർ വാർക്കുന്നതാണ്. ഉദഗ്രമായ ഈ മണിചിഹ്നം രക്തത്തിൽ ഏറ്റുവാങ്ങിയാണ് അവർ ദേശങ്ങളിലേക്ക് മടങ്ങുന്നത്. ചോപ്പുകച്ചകെട്ടിയ വേഷം സാധാരണക്കാരുടെ സമൂഹമനസ്സിൽ പുരാതന ഒറേക്കിൾസ്സിൻ്റെ ആദിരൂപങ്ങളാണ് ഉണ്ടാക്കുന്നത്. പോസ്റ്ററുകളിലും മ്യൂസിക് - വീഡിയോ ആൽബങ്ങളിലും യൂട്യൂബിലും വാട്ട്സാപ്പിലും കടന്നുവരുന്ന ഈ വെളിച്ചപ്പാടുരൂപം പുനരാഖ്യാനത്തിന്റെ അഭിമാന ചിഹ്നമായി മാറിയിട്ടുണ്ട്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
വെറ്റിലയുടെ ഔഷധഗുണങ്ങൾ:
“ഉഷ്ണവ്രണത്തിന് പയ്യാനത്തോല് ചെത്തിയിടിച്ച് കാടിവെള്ളത്തിലിട്ട് വേതു വെച്ച് ധാര കോരുകയും ശേഷം ചെന്നെങ്ങിന്റെ വെളിച്ചെങ്ങ മുരിക്കിൻ വെറ്റില നീരിൽ തയച്ചു പുരട്ടുകയും ആണ് ചെയ്യേണ്ടത്.”
പലതരം വെറ്റിലകൾ:
"വെറ്റില: തെക്കൻ, മുക്കണ്ണി, കോഴിക്കോടൻ, ചോഴമണ്ഡലം, പോഴക്കോടൻ, കൊല്ലം വെറ്റില, ഞാലി, കൊടിവെറ്റില, വെള്ളവെറ്റില, കൊങ്ങിണി വെറ്റില, അഘപ്പതിവെറ്റില, സേലം വെറ്റില, ചുവ്വൂർ വെറ്റില, കുഴിവെറ്റില."
മാവിലരുടെ സാമൂഹികാ ചാരത്തിൽ വെറ്റിലയ്ക്കുള്ള സ്ഥാനം:
വിവാഹം:
"വർഗ്ഗബാഹ്യ വിവാഹം നിഷിദ്ധമായി കരുതുന്ന മാവിലർ ഇല്ലം നോക്കിയേ വിവാഹം കഴിക്കൂ. ഇന്നയിന്ന ഇല്ലം രക്തബന്ധമുള്ളവയാണെന്നതിനാൽ അവ വർജ്ജിക്കണമെന്ന് വിധിയുണ്ട്. അന്യവർഗ്ഗവുമായുള്ള മംഗലം ജാതിഭ്രഷ്ടിനു കാരണമാകുന്നു.
സാധാരണഗതിയിൽ ആണിന് ഇരുപതും പെണ്ണിന് പതിനാറുമാണ് വിവാഹപ്രായം. പെണ്ണിൻ്റെ വീട്ടിൽ തലയടിയാൻ്റെയും കാരണവന്മാരുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹനിശ്ചയം നടത്തുക. ആണിന്റെ കാരണവൻ വെറ്റിലടക്ക വെച്ച് പെണ്ണിൻ്റെ കാരണവർക്കു വച്ചുനീട്ടുമ്പോൾ വന്നുകൂടിയ കൂട്ടക്കാരോട് സമ്മതം ചോദിച്ചാണ് അയാൾ അതു വാങ്ങുക. വധുവിനു ചെറുക്കൻ്റെ വീട്ടുകാരാണ് കാണം (വധുധനം) നൽകേണ്ടത്. നെല്ലാണ് കാണമായി നൽകുന്നത്. ഇത്രപറ നെല്ല് കാണം കെട്ടാമെന്ന് ചെറുക്കൻ്റെ വീട്ടുകാർ സമ്മതിക്കും. ചുരുങ്ങിയത് മുപ്പത്താറ് ഇടങ്ങഴി നെല്ലായിരിക്കും കാണം. കല്യാണത്തിന് അഞ്ചോ ആറോ ദിവസം മുമ്പേ പെൺവീട്ടിൽ കാണം എത്തിച്ചിരിക്കണം.കാണം കൊണ്ടുചെല്ലുമ്പോൾ ഒരു പുതുമുണ്ടും പെണ്ണിന് കല്യാണനേരത്ത് അണിയാനുള്ള അഞ്ചോ ഏഴോ ഇരുമ്പു മോതിരങ്ങളും കൂടെ വെക്കും. നെല്ലളക്കാൻ വരുന്ന പെണ്ണിൻ്റെ ആങ്ങളയോ മച്ചുനിയനോ പുതുമുണ്ട് തലയിൽ വലിച്ചു കെട്ടിയാണ് കൃത്യം നിർവ്വഹിക്കുക. അളവിൻ്റെകൃത്യതയെ ചൊല്ലി തർക്കമില്ലാതിരിക്കാൻ നിശ്ചിത അളവിലും കൂടുതൽ കാണം കരുതാറുണ്ട്.
"ഭൂമിയുടെ തോറ്റം മുതൽ സകല സൃഷ്ടിയുടെയും ഉത്ഭവം പറഞ്ഞ് മനുഷ്യതോറ്റവും മരിച്ചുപോയ ആളുടെ ജനനാദി മരണംവരെ പാടി ആദിബ്രഹ്മനെക്കൊണ്ട് ചാവിനെ കുഴിയിൽനിന്നുമുദ്ധരിച്ച് സകല മലമൂർത്തികളുടെയും കുടുംബമന്ത്രമൂർത്തികളുടെയും അകമ്പടിയോടെ പുണ്യതീർത്ഥ സ്‌നാനം ചെയ്യിച്ച് അതായത് ഏഴു സമുദ്രസ്നാനം ചെയ്യിച്ച് ശുദ്ധമാക്കി സകല ദേവന്മാരുടെയും പക്കൽനിന്നും വരബലം നേടി ചാവിനെ പാപമുക്തനാക്കുന്നു. ഈ ആളിൻ്റെ പേര് ഏതു ദേവന്റെയാണോ ആ മലദേവൻ വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് മുമ്പന്തിയിൽ തന്നെ ഉണ്ടായിരിക്കും. പുണ്യതീർത്ഥസ്‌നാനം കഴിഞ്ഞ് കരയിലെത്തുന്ന ആത്മാവ് മുഖമുയർത്തി ബന്ധുക്കളെ ഒരുനോക്കു കാണാനനുവാദമുള്ളതനുസരിച്ച് നോക്കുമ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരിൽ ഇഷ്ടവ്യക്തി ആരാണോ അയാളെ അനുഗ്രഹിച്ച് കരച്ചിലും കാര്യം പറച്ചിലുമൊക്കെ നടത്തി പുലർച്ചെ വരബലം നേടി വീണ്ടും വരാമെന്ന ആശംസയോടെ മാറും. പിന്നീട് ഓരോ ദേവസ്ഥാനത്തും പോയി വേണ്ടുന്ന വരബലം നേടി പുലർച്ചയ്ക്കു വീണ്ടും തുള്ളി താൻ ജീവിച്ചിരുന്നപ്പോഴുള്ളതും മരിക്കാനുണ്ടായ കാരണവും മറ്റു കാര്യങ്ങളും പറഞ്ഞ് കരിക്കുകുടിക്കാൻ കൊടുക്കുന്നതും സ്വീകരിച്ച് മറയും. വെറ്റമുറുക്കാനോ പുകവലിക്കാനോ ഒക്കെ ഈ സമയം കൊടുക്കുന്നു. പിന്നീട് ചാവു പറയുന്നതനുസരിച്ച് എവിടെയാണ് നില്ക്കാൻ താത്‌പര്യം ആ സ്ഥാനത്ത് കൊണ്ട് ആത്മാവിനെ കുടിയിരുത്തുന്നു.
കുരുത്തോലപ്പന്തൽ വിതാനം-അപ്പം-അട-വെറ്റ-പാക്ക്-പൂക്കൾ-മാവില-പ്ലാവില മുതലായവ കെട്ടിത്തൂക്കി പന്തൽ അലങ്കരിച്ച് തൂത്തുതളിച്ചു ശുദ്ധമാക്കിയ നിലത്ത് വൃത്തിയുള്ള പരമ്പുവിരിച്ച് തലയ്ക്കൽ നിറനാഴിയും നിലവിളക്കും ദേവന്മാർക്കേഴു പടുക്കയും വെച്ചിട്ടാണ് ചാവുപാട്ടിനിരിക്കുന്നത്. "
വെറ്റിലയുടെ മറ്റുപയോഗങ്ങൾ:
“(വായനാറ്റം, മോണപഴുപ്പ്, ദഹനക്കുറവ്, ശ്വാസകോശരോഗങ്ങൾ, പല്ലുവേദന, വാതപ്പനി, രക്തവാതം, മലബന്ധം, നിശാന്ധത, കണ്ണിലെ വേദന)
വെറ്റില ചവയ്ക്കുന്നത് വായിലുണ്ടാകുന്ന രോഗാണുക്കൾ നശിക്കാൻ സഹായിക്കും. വെറ്റിലയിൽ ചുണ്ണാമ്പും കളിപ്പാക്കും മാത്രം ചേർത്ത് ചവയ്ക്കുന്നത് വായ്‌നാറ്റമുള്ളവർക്കും ഊനിൽ കൂടി രക്തവും ചലവും വരുന്നവർക്കും വളരെ നല്ലതാണ്.
ആഹാരം അമിതമായി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് വെറ്റില മുറുക്കുന്നത് നല്ലതാണ്. രുചിയും ഉണ്ടാകും.
രണ്ടു ഗ്രാം വീതം വെറ്റില ദിവസവും ചവച്ചരച്ചു തിന്നശേഷം ചൂടുവെള്ളം കുടിക്കുന്നത് കാലിലെ നീരിനും വാതപ്പനിക്കും ഫലപ്രദമാണ്.
വെറ്റിലച്ചാറും ചെറുനാരങ്ങാനീരും സമമായി എടുത്ത് കൽക്കണ്ടം ചേർത്ത് അല്‌പാല്‌പമായി കഴിക്കുന്നത് ശ്വാസകോശ രോഗങ്ങൾ ശമിപ്പിക്കാൻ സഹായിക്കും.
വെറ്റിലനീരിൽ വെറ്റിലവേരുചേർത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ തേച്ചശേഷം കുളിക്കുന്നത് പല്ലുവേദന, തൊണ്ടയിലുണ്ടാകുന്ന നീര്, വാതപ്പനി എന്നിവയ്ക്ക് ഫലപ്രദമാണ്.
വെറ്റിലഞെട്ട്, കാഞ്ഞിരത്തരി, പച്ചക്കർപ്പൂരം, മുന്തിരിങ്ങ, കദളിപ്പഴം എന്നിവ 6 ഗ്രാം വീതം ചതച്ച് 1/4 ലിറ്റർ എണ്ണ കാച്ചിയരിച്ച് തലയിൽ തേച്ചുകുളിക്കുന്നത് രക്തവാതത്തിന് ഗുണം ചെയ്യും.കുട്ടികൾക്ക് മലബന്ധമുണ്ടായാൽ വെറ്റിലഞെട്ടിൽ എണ്ണ പുരട്ടി മലദ്വാരത്തിൽ വെച്ചാൽ മലശോധനയുണ്ടാകും.
വെറ്റിലനീര് കണ്ണിലൊഴിച്ചാൽ നിശാന്ധത മാറും. കണ്ണിലെ വേദന മാറാനും വെറ്റില നീരൊഴിച്ചാൽ മതി. തലച്ചോറിലെ ചോര കെട്ടൽ, ദാഹശമനം, കാമാസക്തി എന്നിവയിലും വെറ്റിലനീര് ഫലപ്രദമാണ്.
വെറ്റിലമാത്രം കടിച്ചുതിന്നുന്നത് കപോലാർബുദത്തിനും അന്നനാളാർബുദത്തിനും നല്ലതാണ്. എന്നാൽ ചുണ്ണാമ്പും പുകയിലയും കൂട്ടി കഴിക്കുന്നതാണ് അപകടകരം. അത് അർബുദം പിടിപെടുന്നതിന് ഇടവരുത്തും. "
കോഴിക്കോട്ടെ വെറ്റിലക്കെട്ടും മയിലാഞ്ചീം:
"ആഘോഷവേളകളിലെ വിഭവങ്ങളും ഭക്ഷണരീതിയുമെല്ലാം സവിശേഷമായിരിക്കും. ഇതിൽ ശ്രദ്ധേയം കോഴിക്കോട്ടുകാരുടെ വിവാഹാഘോഷങ്ങളാണ്. ഇതിൽ ഭക്ഷണം വളരെ പ്രധാനമാണെന്നു മാത്രമല്ല ഒരു തീരാബാദ്ധ്യതയുംകൂടിയാണ്. കല്യാണാവശ്യത്തിനായി കൊണ്ടുവരുന്ന അരിച്ചാക്കുകൾ കെട്ടഴിക്കുന്നതുമുതൽ ഇതു തുടങ്ങുകയായി. 'മൂടയിക്കാൻ' അമ്മായിക്കാണവകാശം. അമ്മായി എത്തി ചാക്കിൻ കെട്ടഴിച്ചാൽ അരി ചേറൽ തുടങ്ങുകയായി. ഇതിനായി വരുന്ന ബന്ധുക്കളെല്ലാം ചായയ്ക്കുള്ള പലഹാരമോ പണമോ കൊണ്ടുവരണമെന്നതു നിർബന്ധമാണ്. വിവാഹാഘോഷങ്ങൾ അനേക ദിവസം നീണ്ടുനിൽക്കുന്നുവെങ്കിലും രണ്ടു ദിവസങ്ങളിലാണ് മുഖ്യ ചടങ്ങുകൾ. 'വെറ്റിലക്കെട്ടും മയിലാഞ്ചീം' എന്ന പേരിൽ തലേദിവസമുള്ള ചടങ്ങ് സ്ത്രീകൾക്കുവേണ്ടിയുള്ളതാണ്. പേര് സൂചിപ്പിക്കുന്നതുപോലെ വെറ്റിലയൊന്നും ഇന്ന് പതിവല്ല. പണ്ടു കാലത്ത് ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാം. ഇന്നൊക്കെ മൊസേക്കിന്റെ തറയല്ലേ? തുപ്പി കേടുവരുത്ത്യാലോന്ന് കരുതീട്ടാവും എന്നാണ് അവരുടെ ഭാഷ്യം. പെണ്ണിൻ്റെ ഉമ്മയും അമ്മായിയും റോജ (പാക്ക്) യും മിഠായിയുമായി സ്ത്രീകളെ എതിരേൽക്കുന്ന പതിവ് ഇന്നുമുണ്ട്. "
വെറ്റില മുറുക്ക്:
"ഒരു വെറ്റില നൂറുതേച്ചു നീ തന്നാലു മീ-
തിരുവാതിര നാവ് താംബൂലപ്രിയയല്ലോ?"
എന്ന് ഹൃദ്യമധുരമായി ജീവിതപ്രേമ പ്രേരകമായി താംബൂലത്തെക്കുറിച്ച് ഓർമിപ്പിക്കുന്നത് വൈലോപ്പിള്ളി ശ്രീധരമേനോനാണ്. അദ്ദേഹം തന്നെ നാലുംകൂട്ടി മുറുക്കിയിരിക്കുന്നതിൻ്റെ സായാഹ്നമധുരത്തെ 'കുടിയൊഴിക്കലി'ൽ പറയുന്നുണ്ട്. മലയാളികളുടെ തനത് ലഹരികളിൽ ഒന്നായിരുന്നു വെറ്റിലമുറുക്ക്. ഇന്ത്യയിലാകെ അതുണ്ടെങ്കിലും നമുക്ക് തനതായ ചില രീതികൾ അതിനുണ്ടായിരുന്നു. ഗാർഹിക സദസുകളിൽ അംഗീകൃതമായ ഒന്ന്. സൗഹൃദത്തിനു നിദാനമാകുന്ന ഒന്ന്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒന്നുപോലെ പങ്കുവെയ്ക്കാവുന്നത്. പ്രായഭേദം തീരെയില്ലാതെ ഉപയോഗിക്കാവുന്നത്. അതിനോട് അനുബന്ധമായി വെറ്റിലച്ചെല്ലം, കരണ്ടകം, കോളാമ്പി, വെറ്റിലത്തട്ടം തുടങ്ങിയ വസ്തുക്കൾ. ആകപ്പാടെ ഒരു മേളമാണ് വെറ്റില മുറുക്ക്. പലതരം വെറ്റിലകൾ, പലതരം പാക്കുകൾ, പലതരം പുകയില, വാസനച്ചുണ്ണാമ്പ് ഉൾപ്പെടെ പലതരം ചുണ്ണാമ്പുകൾ.
പുരാതന വൈദ്യശാസ്ത്രം ഇവയുടെ ഔഷധഗുണവും കണ്ടെത്തി. താംബൂലം എന്നാൽ വെറ്റിലയും അടക്കയും ചേർന്നതാണെന്ന് ചില പണ്ഡിതന്മാർ പറയുന്നു. ചിലയിടത്ത് വെറ്റില എന്നു മാത്രവും നാഗവല്ലി എന്നും വെറ്റിലയ്ക്ക് പര്യായമുണ്ട്. നാഗലോകത്തു നിന്നും കൊണ്ടു വന്നതാണത്രെ! വാതത്തിനും, കഫത്തിനും കൃമിനാശത്തിനും ദുർഗന്ധ നിവാരണത്തിനും വെറ്റില നല്ലതാണെന്ന് പറയപ്പെടുന്നു. വദനത്തിന് ആഭരണമാണ് എന്നും പറയും, വെറ്റില മുറിക്കിച്ചുവന്ന ചുണ്ട് സൗന്ദര്യത്തിന്റെ അടയാളമായി പണ്ട് കണ്ടിരുന്നു. മനസിനെ ആലസ്യത്തിലാഴ്ത്തുന്നതും ആസക്തി ഉണ്ടാക്കുന്നതുമാണ് വെറ്റില എന്നും നമ്മുടെ കാരണവന്മാർ കണ്ടെത്തിയിട്ടുണ്ട്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
കണ്ണോപ്പം:
"കുംഭാരന്മാരോട് പ്രത്യേകം പറഞ്ഞ് കൊണ്ടുവരുവിക്കുന്ന മൂടിയുള്ള മൺചട്ടിയിലാണ് ഇതുണ്ടാക്കുന്നത്. അരി ഇടിച്ച് നേർത്ത പൊടിയാക്കി ഉപ്പു ചേർത്ത് നേർക്കനെ കലക്കിയൊഴിക്കുന്നു. വേവുമ്പോൾ കണ്ണായി വരും. അതിനാൽ കണ്ണോപ്പം എന്ന പേരു വന്നു. കണ്ണോപ്പം, ഓട്ടട തുടങ്ങിയവ പഴയകാലത്തെ സ്വാദിഷ്ഠമായ നായർഭക്ഷണ ഇനങ്ങളിൽപെടുന്നു. തേങ്ങാപ്പാൽ വെല്ലം ഇട്ട് അടുപ്പത്തുവെച്ച് തിളപ്പിച്ചെടുക്കുന്ന ചക്കരപ്പാൽ കൂട്ടി അതു കഴിക്കുന്നു.
അരി ഇടിച്ച് പൊടി വറുത്തു കുഴച്ച് ഇലയിൽ പരത്തി, തേങ്ങയും വെല്ലവും ഇട്ട് ഇലയിൽ അമർത്തുന്നു. രണ്ടു ഭാഗവും ഇലയുള്ളതുകൊണ്ട് തിരിച്ചും മറിച്ചും വേവിക്കാം.
റൊട്ടി:
അതിഥിസൽക്കാരത്തിന് മുഖ്യമായിരുന്നു റൊട്ടി. റൊട്ടി തേങ്ങകൂട്ടിയാണു കഴിക്കുക. വറുത്തപൊടി ഉപ്പും കൂട്ടി കുഴച്ച് പരത്തി ചട്ടിയിലിട്ടു വേവിച്ച് കനലിൽ ലേശം പൊന്തിച്ചു പിടിച്ച് ഊതി പൊള്ളപ്പിക്കുന്നു. പകുതി ചട്ടിയിലും പകുതി ചുടുകനലിലും ഊതി പൊള്ളപ്പിച്ചെടുക്കുന്ന റൊട്ടി സാധാരണ ഭക്ഷണത്തിനും അതിഥി സൽക്കാരത്തിനും പ്രധാനമായിരുന്നു. റൊട്ടി വെണ്ണ കൂട്ടിയും തിന്നാറുണ്ടായിരുന്നു.
പത്തൽ:
വയനാടൻ നായന്മാരുടെ അന്നും ഇന്നും അതിഥി സൽക്കാരപ്രസിദ്ധവും സാംസ്‌കാരികപ്രൗഢിയുമുള്ള ഭക്ഷണമാണ് പത്തൽ. പത്തൽ ഉണ്ടാക്കാൻ കുഴയ്ക്കൽ ക്ഷണത്തിൽ കഴിയും. വിരുന്നുകാർക്ക് ആദരവു നൽകാൻ ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണപദാർത്ഥമാണിത്. ചിരകിയിട്ട പച്ചത്തേങ്ങയോ പഴക്കം ചെന്ന കണ്ണിമാങ്ങയോ കൂട്ടിയാണ് പത്തൽ കഴിക്കാറ്, കാപ്പിയുമുണ്ടായിരിക്കും. വയനാട്ടിലെ സമ്പന്നരും ദരിദ്രരും ഇടത്തരക്കാരുമായ നായർഭവനങ്ങളിൽ തങ്ങളുടെ പെട്ടെന്നുള്ള ആതിഥ്യമര്യാദയ്ക്ക് കാലങ്ങളായി ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥമാണിത്. നല്ലതുപോലെ വറുത്ത അരിപ്പൊടിയിൽ തേങ്ങ, കറിവേപ്പില ഇവ അരച്ചതു ചേർത്ത് നല്ല ചൂടുള്ള വെള്ളത്തിൽ കുഴച്ച് പരത്തി തിളയ്ക്കുന്ന വെളിച്ചെണ്ണയിലിട്ട് പൊള്ളിച്ചെടുക്കുന്നു.
ഞേറലട:
അതിഥിസൽക്കാരത്തിന് വിശേഷമായതാണിത്. ഞേറലടയ്ക്ക് ഞേറൽ മരത്തിൻ്റെ പച്ചയില വേണം. വറുത്തുപൊടിച്ച അരി കുഴച്ച് ഞേറലിലയിൽ പരത്തി വെല്ലം, തേങ്ങ തുടങ്ങിയവ ഇട്ട് മടക്കി അരിക് യോജിപ്പിച്ച് ആവിയിൽ വേവിച്ചെടുക്കുന്നു. ഇല പൊളിച്ചെടുക്കുന്ന 'അട'യ്ക്ക് ഞേറലിൻ്റെ വശ്യസുഗന്ധവും സ്വാദും കലരുന്നു.
സേവക:
അരിയിടിച്ച് പൊടി വെരകി ചൂടാറുന്നതിനുമുമ്പ് ഉരുട്ടിയെടുത്ത് നല്ല വെള്ളം അടുപ്പത്തുവെച്ച് തിളപ്പിച്ച് ഉരുട്ടിയെടുത്ത മാവ് അതിലിട്ട് വേവിച്ചതിനുശേഷം എടുത്ത് ഊറ്റി സേവനാഴിയിലിട്ട് അമർത്തുക.
പഴയകാലത്ത് മരത്തിൻ്റെ വലിയ അച്ചായിരിക്കും. അടിയിൽ വാഴപ്പോള വച്ച് ആവശ്യത്തിന് നീളത്തിൽ ഉണ്ടാക്കുന്നു. ഇപ്പോൾ അതു നൂൽപുട്ട് ആയി.
കൊഴുക്കട്ട:
അരിപ്പൊടി വിരകി കുഴച്ച് ഉരുട്ടി വെള്ളത്തിലിട്ട് വേവിച്ച് വെന്തതിനുശേഷം വെള്ളം ഊറ്റി മുറിച്ചു കഷണങ്ങളാക്കി കടുകും ഉള്ളിയും വറവിട്ട് വെക്കുക. വെള്ളം ഉപ്പിട്ട് ഉള്ളി, മുളക്, കടുക് എന്നിവ വറുത്തിട്ട് കുടിക്കാനെടുക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന കൊഴുക്കട്ടയ്ക്ക് നല്ല മയമുണ്ടായിരിക്കും. സ്വാദും.
ചക്കപ്പിട്ട്:
ചക്കയുടെ കാലത്ത് ചക്കയുടെ നീരു പിഴിഞ്ഞ് ആവശ്യത്തിനുമാത്രം അരിപ്പൊടി കലർത്തി തേങ്ങ മുറിച്ചിട്ട് മധുരത്തിനു വെല്ലപ്പാവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്നു. തണുത്തതിനുശേഷം മുറിച്ച് കഷണങ്ങളാക്കിയെടുക്കുന്നു. വയനാട്ടിൽ വരിക്കച്ചക്കയുടെയും പഴംചക്കയുടെയും കാലങ്ങളിൽ ഉണ്ടാക്കുന്ന സ്വാദിഷ്ഠമായ ഭക്ഷണപദാർത്ഥമാണിത്.
മത്തൻ പ്രഥമൻ:
പഴുത്ത പൊടിയുള്ള മത്തൻ തോലുചെത്തി വേവിച്ച് വെല്ലവും തേങ്ങാപ്പാലും ചേർത്തു തിളപ്പിച്ചെടുക്കുന്നതാണ് മത്തൻ പ്രഥമൻ. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" രാത്രിയിൽ സഞ്ചരിക്കുന്ന മൂങ്ങ പ്രധാനമായും മാംസഭുക്കാണ്. വളഞ്ഞ കൊക്ക്, ഉരുണ്ട കണ്ണുകൾ, വലിയ തല എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ. പകൽ വെളിയിലിറങ്ങാതെ, രാത്രിയിൽ ഇവ ഇര തേടുന്നു. ഇഴജന്തുക്കളെയും എലി, ചെറിയ പക്ഷികൾ എന്നിവയെയും ഇത് ഭക്ഷണമാക്കുന്നു. മൂങ്ങ യമൻ്റെ കിങ്കരനാണെന്നും മൂങ്ങയുടെ മൂളൽ കേൾക്കുന്നത് ആപത്താണെന്നും വിശ്വാസമുണ്ട്. ആപത്തോ അപകടമോ അടുത്തു വരുന്നതിൻ്റെ സൂചനയായാണിതെന്നും വിശ്വാസമുണ്ട്. ഗ്രീക്ക് പുരാണങ്ങളിൽ അറിവിൻ്റെയും ബുദ്ധിയുടെയും ദേവതയായ അഥീനയുടെ ചിഹ്നം മൂങ്ങയാണ്. മലയാളത്തിൽ മൂങ്ങയെ പുള്ള്, നത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു. മൂങ്ങയുടെ കരച്ചിൽ കുട്ടികൾക്കു രോഗം വരുത്തുമെന്നുള്ള ഭീതിയാൽ സന്ധ്യയാകുമ്പോഴേക്കും വീടിന്റെ ജനലുകളും വാതിലുകളും അടയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. "നത്തു കരഞ്ഞാൽ ഒത്തു കരയും" എന്നത് അതിൻ്റെ കരച്ചിൽ മരണസൂചകമാണെന്ന ചിന്തയാണ്. നത്തിൻ്റെ കരച്ചിൽ 'പേടിപ്പനി' വരുത്തും. അത് വിട്ടുമാറാതെ നിൽക്കുമത്രേ. നത്തിൻ്റെ കണ്ണ് ഭ്രാന്തിന് ഔഷധമാണ് എന്നൊരു വിശ്വാസമുണ്ട്. കൂമൻ, മീൻകൂമൻ, കാട്ടുമൂങ്ങ, വെള്ളിമൂങ്ങ, വരയൻമൂങ്ങ എന്നീ പല വിഭാഗങ്ങളുമുണ്ട്. "
ആദിമുഖനും മൂങ്ങയും:
വയനാട്ടിലെ മുള്ളുകുറുമരുടെ ഉല്പത്തി പുരാവൃത്തം:
"ഭീമാകാരമായ ഒരു മുട്ട പിളർന്നാണ് ഈ ലോകമുണ്ടായത്. അതിൻ്റെ ഉള്ളിൽ നിന്ന് ആദിമുഖനായ വെള്ളക്കാലി അപ്പനും അവൻ്റെ വാഹനമായ മൂങ്ങയും ജനിച്ചു. മുകൾഭാഗം അനാദിയായ ആകാശമായി. കീഴ്ഭാഗം ഭൂമിയും, ആകാശത്ത് നക്ഷത്രങ്ങളും ഭൂമിയിൽ ജലവും നിറഞ്ഞു .പറന്നു ക്ഷീണിച്ച മൂങ്ങ ആദിമുഖനോടു പറഞ്ഞു. എനിക്ക് വിശ്രമിക്കുവാൻ അല്പം മണ്ണുവേണം. വെള്ളക്കാലിയപ്പന്റെ ഇച്ഛാശക്തി കൊണ്ട് വെള്ളത്തിൽ നിന്ന് കര പൊന്തിവന്നു. സസ്യങ്ങളും മൃഗങ്ങളുമുണ്ടായി. മൂങ്ങ സന്തുഷ്ടനായി. "
കൂമൻ:
"കർഷകന്റെ ഉറ്റമിത്രമായി കണക്കാക്കേണ്ട കൂമൻ എന്ന രാത്രി സഞ്ചാരിയെ സാധാരണക്കാർക്ക് പേടിയാണ്. ചക്കിപ്പരുന്തിനോളം വലിപ്പം. ചാരനിറത്തൂവലിനു പുറത്ത് പുള്ളികളുള്ള ആവരണം. കാക്കയ്ക്കും കുയിലിനും മൈനയ്ക്കുമൊന്നും കണ്ടുകൂടാത്ത അമർഷം. പകൽവെളിച്ചത്തിൽ ഈ ശത്രുക്കളുടെ ആക്രമണം തീർച്ച. അതു കാരണം പുറത്തിറങ്ങാൻ വയ്യ.
'കൂ, കൂ....' എന്നും 'കുളുകുളു കുക്കുളു' എന്നും നിശ്ശബ്ദയാമങ്ങളിൽ ഉറക്കെ ശബ്ദിക്കുമ്പോൾ ഞെട്ടിപ്പോവും. കുട്ടികൾക്കാണെങ്കിൽ ഇത്ര ഭയം മറ്റൊരു പക്ഷിയോടുമില്ല. അവ സ്വന്തം ഇണയെ വിളിക്കാനാണ് ഇങ്ങനെ ശബ്ദം പുറപ്പെടുവിക്കുന്നതെന്ന കാര്യം ആരും പരിഗണിക്കുന്നേയില്ല. കാലനെ വിളിച്ചുവരുത്തുകയാണെന്ന വിശ്വാസം വേണ്ടത്ര ഉണ്ടുതാനും.
ഉരുട്ടിമിഴിക്കുന്ന ഉണ്ടക്കണ്ണുകൾ പരന്ന മുഖത്തിന് ഭീകരത സൃഷ്ടിക്കുന്നു. മൂക്കിൻ്റെ സ്ഥാനത്ത് കൂർത്തു വളഞ്ഞ കൊക്കും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയാവുന്നു.
കൂമൻ കർഷകൻ്റെ സഹായിയാവുന്ന തെങ്ങനെയാണ്? പാലക്കാടൻ നെൽപ്പാടങ്ങളുടെ രാത്രികാലസംരക്ഷകനാവുന്നതെങ്ങനെ എന്നത് പലർക്കും അറിയാത്ത കാര്യമാണ്.
കൂമന്റെ ഭക്ഷണം തവളയും ഞണ്ടും എലിയുമാണ്. ഇതിൽ തവളയൊഴിച്ച് മറ്റുള്ളവ കൃഷിക്ക് ദോഷം ചെയ്യുന്ന ജീവികളാണ്. പാടശേഖരങ്ങളിൽ നെല്ലിന് അടിക്കണ വരുമ്പോഴും, നെല്ല് പഴുത്തുകഴിയുമ്പോഴും എലിശല്യം വലിയതോതിലുണ്ടാവുന്നു.
സാധാരണനിലയ്ക്കുള്ള എലിപിടിത്തം കൂമൻ നിർവ്വഹിക്കുന്നതിനു പുറമേ, പുഞ്ചക്കണ്ടത്തിനു നടുവിൽ ഇരിപ്പിടമുണ്ടെങ്കിൽ സൗകര്യത്തോടെ എലിയെ പിടിക്കാൻ കഴിയും. അതിനായി കമ്പുകൾ നാട്ടി വിലങ്ങനെ ഒരു കമ്പ് കെട്ടി ഇരിപ്പിടം ഒരുക്കുന്നു. തെങ്ങോലത്തണ്ട് തിരിച്ച് ചെളിയിൽ നെടുങ്ങനെ പൂഴ്ത്തിവെച്ചും തല്പമൊരുക്കാറുണ്ട്. എലിശല്യമുള്ള കണ്ടങ്ങളിൽ ഈ പ്രയോഗം തികച്ചും ഫലപ്രദമാണ്. ഈ ഇരിപ്പിടത്തിനു ചുവട് പരിശോധിച്ചാൽ എലിയുടെയും ഞണ്ടിൻ്റെയും ഒട്ടേറെ അവശിഷ്ടങ്ങൾ കാണാൻ കഴിയും.
കൂമൻ നല്ല മത്സ്യബന്ധനക്കാരനുമാണ്. കിണറുകളിൽനിന്നും മീൻ പിടിക്കാൻ ഒരു മുങ്ങൽവിദഗ്ദ്ധൻ്റെ പാടവം കാണിക്കാറുണ്ട്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" ഇവിടെ 'പാക്കനാരുടെ വംശം' എന്ന പുരാവൃത്ത ചിഹ്നത്തിന്റെ സൂചന പ്രധാനപ്പെട്ടതായിരുന്നു. വംശത്തിന് മുള എന്നർത്ഥമുണ്ടെന്ന് പറഞ്ഞല്ലോ. കുലം, ഗോത്രം, കൂട്ടം, തായ് വഴി, ജാതി, ഓടക്കുഴൽ എന്നെല്ലാം വംശത്തിനർത്ഥമുണ്ട്. ശബ്ദിക്കുന്നത് (റാറ്റലിങ്) എന്ന അർത്ഥത്തിൽ ഇല്ലിയെന്നും പറയും. മുളയുടെ ചാക്രികതയുടെ ആശയമാണ് കാളിദാസനും രഘുവംശത്തിലൂടെ ആവിഷ്കരിക്കുന്നത്. മുളകൊണ്ട് കാർഷികജീവിതവുമായി ബന്ധപ്പെട്ട കൈവേലകളും കാർഷിക-പൈതൃകോപകരണങ്ങളും ഉണ്ടാക്കുന്നവരാണ് പാക്കനാർവംശം. കൊട്ടനെയ്ത്ത് കുലത്തൊഴിലാണ്. പറക്കൊട്ട, മുറം, കൊമ്പോറം, വട്ടി, ചിക്കുപായ, കൊട്ട, ചോറ്റുവട്ടി, കോരി, കുരുത്തി, ഓടക്കുഴൽ, തെരളി തുടങ്ങി മുളകൊണ്ടു നിർമ്മിക്കുന്ന ഉപകരണങ്ങൾ ഏറെയാണ്. "കൊട്ടകൾ വട്ടികൾ തൊട്ടികളെല്ലാം കോട്ടമകന്നു ചമച്ചീടേണം" എന്ന് സ്യമന്തകത്തിൽ പറയുന്നുണ്ട്. ഗ്രാമീണ കാർഷിക സംസ്‌കാരത്തിന്റെ നാട്ടുനൈപുണ്യവും ശില്പഭംഗിയും നിറഞ്ഞതാണ് പറക്കൊട്ടയും മുറവും. മുള ചീന്തിയ അളികളെക്കൊണ്ടുള്ള അണിഭംഗിയാണ് ഓരോ കൈവേലയിലും നാട്ടുകവിതയിലും കാണുന്നത്. നിത്യജീവിതത്തിൽ മാത്രമല്ല അനുഷ്ഠാനജീവിതത്തിലും പ്രാധാന്യമുള്ള ഈ തൊട്ടറിയുന്ന നാട്ടടയാളങ്ങളെ കവികളും പാട്ടുകാരും രേഖപ്പെടുത്തുന്നുണ്ട്. ഒരു തനതുജനതയുടെ മുളങ്കൂട്ടങ്ങൾ ജീവനോപാധിയായ ജീവിതവീക്ഷണമുദ്രയാണ് മുള. മലനാടിൻ്റെ യഥാർത്ഥ കലാചരിത്രം കണ്ടെത്തുന്നതിനുവേണ്ടിയാണ് അദ്ദേഹം മൂന്നാം കലയായ പറയൻതുള്ളൽ പുനഃസൃഷ്ടിച്ചത്. ജാതിവ്യവസ്ഥയും ശ്രേണീബദ്ധമായ ഫ്യൂഡൽ ഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിലാണ് പാക്കനാർ നരവംശനാമത്തിൽ തന്നെയുള്ള ജനദേശീയതയും അതിന്റെ നാട്ടുസൗന്ദര്യവും അവതരിപ്പിച്ചത്. ഇതൊരു സാംസ്കാരികവിപ്ലവം തന്നെയായിരുന്നു.”
"ഒരു പിരവെച്ചുമ്പം അവ്ത്തമുറി, അടുക്കളയ്ക്ക്, തങ്കരയതൊട്ടി പൂട്ടു മുറിക്ക്, വെട്ടത്തപ്പിര - തുറസ്സായ ഹാൾ എന്നിവയുണ്ടായിരിക്കും. ഈറ ഇലയും കമ്പുംകൊണ്ട് കരവിരുതോടെ കെട്ടിയുണ്ടാക്കുന്ന പുരയിൽ എങ്ങനെവേണമെങ്കിലും മുറികൾ വേർതിരിച്ചെടുക്കാം. ഇതിനകത്ത് പാലാപ്പറണ്, തീപ്പറണ്, തീറ്റിതട്ട് കൂടാതെ കുട്ടികളുടെ സൗകര്യമനുസരിച്ചു ചെറിയ തട്ടുകൾ, ഈറ, മുള എന്നിവകൊണ്ട് കെട്ടിയുണ്ടാക്കും.”
"വയൽ പച്ചപ്പിന്റെ ഒരു തുരുത്തായിരുന്നു. പ്രകൃതികെട്ടിയ കോട്ട പോലെ വയലിനെ സംരക്ഷിക്കാൻ ചുറ്റും മുളങ്കാടുകൾ, കൈതക്കാടുകൾ, അമക്കാടുകൾ, ചോറക്കാടുകൾ, വാഴത്തോട്ടങ്ങൾ, തെങ്ങിൻ തോട്ടങ്ങൾ പിന്നെ കവുങ്ങിൻ തോട്ടങ്ങളും നൂറുകണക്കിന് ജീവജാലങ്ങളുടെ വിഹാരരംഗമായിരുന്നു വയൽക്കാടുകളും കൈതക്കാടുകളും. ഇഴജന്തുക്കളും മീനുകളും ഞണ്ടുകളും ചെറുജീവികളും പ്രാണികളും പക്ഷികളും തവളകളും ആമകളും എല്ലാം ഒത്തൊരുമയോടെ ഇവിടെ കഴിഞ്ഞുകൂടിയിരുന്നു. "
"കീഴാള സാംസ്കാരിക ധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്തമായ തിരിച്ചറിവാണ് കേരളത്തിലെ നെയ്ത്തുകെട്ടിനെക്കുറിച്ചുള്ള അന്വേഷണം. പുഞ്ചയിറമ്പിലും പുഴയുടെ തീരങ്ങളിലും സാധാരണയായി കണ്ടുവരുന്ന 'അമ', 'ചെറിയമ' ഒരുതരം നേർത്ത ഇല്ലികൾതന്നെയാണ് ഇവ-കാഴ്ചയിൽ വലിപ്പം കുറവാണെങ്കിലും കൊട്ടയുടെ നിർമ്മാണത്തിനു പാകപ്പെടുത്തിയാൽ നല്ല ബലവും ഭംഗിയുമുള്ളതാണ്. ഇത് ആവശ്യത്തിനു മുറിച്ചുകൊണ്ടുവന്ന് ആവശ്യാനുസരണം ചെറുതായി കോന്തും. ഇതിനുശേഷം ചീവി കനം കുറയ്ക്കുകയും ആവശ്യത്തിന് അളിയും അലകും ആക്കി വെക്കുകയും ചെയ്യും.”
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"നെല്ലിപ്പടിയിടുന്നത് ഔഷധഗുണമുള്ള നെല്ലിമരംകൊണ്ടാണ്. നല്ല വണ്ണമുള്ള നെല്ലിമരമാണ് ഇതിന് ഉപയോഗിക്കുന്നത്. നെല്ലിമരത്തിന് കറയുണ്ട്. ഈ കറ കളയാൻ നെല്ലിമരം വെള്ളത്തിലിടും. കറകളഞ്ഞ് 12 ഇഞ്ച് കനത്തിൽ ചക്രത്തിൻ്റെപോലെ വളച്ചാണ് നെല്ലിപ്പടിയിടുക. നെല്ലിപ്പടിയിടുന്നത് വങ്കുള്ള, മണൽപ്രദേശത്തെ കിണറ്റിലുമാണ്. മരം വളച്ച് കൂട്ടിയോജിപ്പിച്ച് ആണിയിട്ട് മുറുക്കിയാണ് നെല്ലിപ്പടിയിടുന്നത്. ഇതിനു മേലെ കല്ലുവച്ച് പണിയുന്നു. വങ്കിനും നെല്ലിപ്പടിക്കും ഇടയിലുള്ള സ്ഥലത്ത് മണൽ നിറയ്ക്കുന്നു. മണലിടുന്നത് വെള്ളം കലങ്ങാതെ ശുദ്ധിയായി കിടക്കുന്നതിനാണ്. മണ്ണ് ഉപയോഗിച്ചാൽ വെള്ളം എപ്പോഴും കലങ്ങിക്കൊണ്ടിരിക്കും. നെല്ലിപ്പടിയിട്ട കിണറ്റിലെ വെള്ളം ശുദ്ധമാണ്, രോഗങ്ങൾ വരില്ല എന്നുമുണ്ട്. ആശാരിയാണ് നെല്ലിപ്പടിയിടുന്നത്. നെല്ലിപ്പടിയിട്ടു കഴിഞ്ഞാൽ പൂജയുണ്ട്. പഞ്ചാർത്ഥന പൂജ.
കേരളത്തിലെ വാസ്‌തുനിർമ്മിതികളിലെ പ്രധാന ഘടകമാണ് കിണർ. വാസഗൃഹങ്ങളോ, മറ്റ് മന്ദിരങ്ങളോ പണിതുടങ്ങുന്നതിനു മുൻപ് ജലസേചനത്തിനായി കിണറുകളോ കുളങ്ങളോ നിർമ്മിക്കുന്നത് ഏറ്റവും ആവശ്യമായിരുന്നു. കിണറുകൾ ഇന്നും നിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും കുളങ്ങൾ നിർമ്മിക്കുന്നത് ഇന്ന് തീരെ ഇല്ലാതായിക്കഴിഞ്ഞു. നിലനിൽക്കുന്നവതന്നെ മണ്ണിട്ട് നികത്തപ്പെടുകയാണ്. നഗരത്തിൽനിന്ന് കിണറുകൾ അപ്രത്യക്ഷമായിത്തുടങ്ങിയെങ്കിലും നാട്ടിൻപുറങ്ങളിൽ ഇന്നും കിണറുകൾക്ക് പഞ്ഞമൊന്നുമില്ല. നേരേമറിച്ച് പത്തുസെൻ്റിന് ഒരു കിണർ എന്ന അവസ്ഥയിലേക്കാണ് നാട്ടിൻപുറത്തെ പോക്ക്. വാട്ടർ സപ്ലൈ കണക്‌ഷനുകൾ ലഭിക്കുന്നുണ്ടെങ്കിലും വിശ്വസനീയമല്ലാത്ത ജലലഭ്യത നാട്ടിൻപുറങ്ങളിൽ കിണറിനുതന്നെ പ്രാമുഖ്യം കൊടുക്കുന്നു. കിണറിൻ്റെ നിർമ്മാണ രീതികൾക്ക് പണ്ടത്തേതിൽനിന്നും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പക്ഷേ, നെല്ലിപ്പടികെട്ടൽ ഇന്ന് പാടേ അപ്രത്യക്ഷമായിരിക്കുന്നു. 'ക്ഷമയുടെ നെല്ലിപ്പടി' കാണുക തുടങ്ങിയ ഭാഷാപ്രയോഗങ്ങളിൽ മാത്രമാണ് നെല്ലിപ്പടി ഇന്ന് നിലനിൽക്കുന്നത്. അതുകൊണ്ട് മാത്രമാണ് കുറെപ്പേർക്കെങ്കിലും 'നെല്ലിപ്പടി' എന്ന വാക്ക് പരിചിതമായിട്ടുള്ളത്. കിണറിൻ്റെ ഏറ്റവും അടിത്തട്ടിൽ സ്ഥാപിക്കുന്ന മരത്തിൻ്റെ വളയമാണ് നെല്ലിപ്പടി. ഇതിനു മുകളിലായാണ് കിണറിന്റെ വശങ്ങൾ ഇടിയാതിരിക്കാൻ വെട്ടുകല്ലുകൊണ്ട് കെട്ടിപ്പടുക്കുന്നത്. യഥാർത്ഥത്തിൽ കല്ല് കെട്ടിപ്പടുക്കുന്നതിനുള്ള പ്ലാറ്റ്ഫോമായാണ് നെല്ലിപ്പടി ഉപയോഗിക്കുന്നത്. കിണറിൻ്റെ ഏറ്റവും അടിത്തട്ടിലായതുകൊണ്ടാണ് ഭാഷാപ്രയോഗത്തിൽ അവസാനം കാണുക എന്ന അർത്ഥത്തിൽ 'നെല്ലിപ്പടി കാണുക' എന്ന് പറയുന്നത്. വെള്ളത്തിന് തണുപ്പ് നൽകുകയും ജലത്തെ ശുദ്ധീകരിക്കുകയും ചെയ്യുമത്രേ നെല്ലിമരം. വെള്ളത്തിൽ കിടന്നാൽ നശിക്കാത്ത മരമാണ് നെല്ലി. നെല്ലിപ്പലകയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മരമാണ് കശുമാവ്. ഇതും വെള്ളത്തിൽ കിടന്നാൽ കേടുവരാത്ത മരമാണ്. പക്ഷേ, നെല്ലിയുടെ ഗുണമൊന്നും ഇതിനില്ല. നെല്ലിപ്പലകയെക്കാൾ താരതമ്യേന ചെലവുകുറഞ്ഞതാണെങ്കിലും ഈ മരം നിത്യോപയോഗത്തിന് വെള്ളമെടുക്കുന്ന കിണറ്റിൽ ഉപയോഗിക്കാറില്ല. കാരണം, ഇതിന്റെ കറ വെള്ളം കേടുവരുത്തും. അത്ര പ്രധാനമല്ലാത്ത ഉപയോഗങ്ങൾക്കുള്ള കിണറ്റിൽ ഇത് ഉപയോഗിക്കാറുണ്ട്. കിണറിൻ്റെ വലിപ്പമനുസരിച്ച് കാളവണ്ടിച്ചക്രത്തിൻ്റെ പുറംവളയത്തിന്റെ ആകൃതിയിൽ നെല്ലിപ്പടി പല കഷണങ്ങളായാണ് ആദ്യം നിർമ്മിക്കുന്നത്. നെല്ലിപ്പടിയുടെ ഉൾവ്യാസവും കിണറിൻ്റെ വ്യാസവും തുല്യമായിരിക്കും. കെട്ടിപ്പടുക്കാനുള്ള കല്ലിൻ്റെ വീതിയനുസരിച്ച് നെല്ലിപ്പലകയുടെ വീതിയും ക്രമീകരിക്കും. സാധാരണയായി 8 വിരൽ (24 സെ.മീ.) വീതിയാണ് ഇതിന് ഉണ്ടായിരിക്കുക. ഉദ്ദേശം 4 വിരൽ കനവുമുണ്ടാകും. കിണറിൻ്റെ വശങ്ങൾ കല്ലിൻ്റെ വീതിക്ക് കുറേശ്ശയായിണ്ടാകും. കിണറിൻ്റെ അടിത്തട്ട് നിരപ്പാക്കിയതിനുശേഷം, അടിയിൽ തുരന്നുമാറ്റുന്നു. പിന്നെ തുരന്നുമാറ്റിയ വിടവിലേക്ക് നെല്ലിപ്പടിവയ്ക്കുകയും കിണറിൻ്റെ ആകൃതിയിൽ നല്ല ബലത്തിൽ യോജിപ്പിക്കുകയും ചെയ്യുന്നു. നെല്ലിപ്പടിയുടെ എല്ലാ ഭാഗങ്ങളും നിലത്ത് ഉറച്ചിരിക്കത്തക്ക വിധത്തിലാണ് നെല്ലിപ്പടി ഉറപ്പിക്കുന്നത്. പിന്നെ മുകളിലേക്ക് കിണറിൻ്റെ വശങ്ങൾ തുരന്നുമാറ്റുന്നതിനോടൊപ്പം വെട്ടുകല്ലുകൾ വച്ച് നെല്ലിപ്പടിയുടെ മുകളിൽനിന്ന് കെട്ടിയുയർത്തിക്കൊണ്ടിരിക്കും. മണ്ണിൻ്റെ സ്വഭാവമനുസരിച്ച് ചിലപ്പോൾ കിണറിന് മുകൾഭാഗംവരെ കല്ല് കെട്ടേണ്ടിവന്നേക്കാം.
കല്ലുകൾ കിണറിൻ്റെ ആകൃതിയിൽ അടുക്കി വയ്ക്കുക മാത്രമേ പതിവുള്ളൂ. ആണികൾ എന്നു വിളിക്കുന്ന കല്ലിൻ്റെതന്നെ ചീളുകൾ ഇടയിൽ തിരുകിയാണ് അവ ഉറപ്പിക്കുന്നത്. കിണറുകൾ വൃത്താകൃതിയിലാണെങ്കിൽ വശങ്ങളിൽനിന്നുള്ള സമ്മർദ്ദങ്ങളെ വളരെ നന്നായി അതിജീവിക്കുവാൻ സാധിക്കും. അതുകൊണ്ടാണ് കിണറുകൾ കൂടുതലും വൃത്താകൃതിയിൽ പണിയുന്നത്. ഇന്ന് നെല്ലിപ്പടി കെട്ടുന്നതിനുപകരം കോൺക്രീറ്റ് റിങ്ങുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. റിങ്ങുകളിറക്കിയ കിണറുകളിലെ വെള്ളത്തിന് കാര്യമായ തണുപ്പുണ്ടാകാറില്ല. മാത്രമല്ല വെള്ളത്തിൻ്റെ സ്വാദിന് കാര്യമായ വ്യത്യാസവുമുണ്ടായിരിക്കും. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
പലതരം നാരങ്ങകൾ
"നാരങ്ങ, ചെറുനാരങ്ങ, മാതളനാരങ്ങ, വടുകപ്പുളി നാരങ്ങ, അല്ലിനാരങ്ങ, ഇല്ലിനാരങ്ങ, ഈളിനാരങ്ങ. "
ചെറുനാരങ്ങയുടെ ഔഷധഗുണങ്ങൾ:
സ്‌ഫുടക്കഷായം:
"നല്ല മൂത്ത വേപ്പിൻതൊലി 500 ഗ്രാം അരിഞ്ഞ്, ചതച്ച് 10 ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് 2 ലിറ്റർ ആക്കി പിഴിഞ്ഞരിച്ച് ഒരു പുതുമൺകുടത്തിലാക്കി അതിൽ കിഴികെട്ടിയിടാൻ: ഗുൽഗുലുശുദ്ധി 100 ഗ്രാം, അരിയാര് ജീരകം മൂന്ന്, ഏലക്കായ, ഇലവങ്ങം പച്ചില, നാഗപ്പൂ, തെച്ചിപ്പൂ ഇവ 10 ഗ്രാം വീതം ശീലയിൽ കിഴികെട്ടി അടുപ്പിൽ കുടംവെച്ച് വായകെട്ടി ഉമിത്തീയിൽ വെന്ത് 1 ലിറ്ററാക്കി ഇറക്കി കിഴി പിഴിഞ്ഞുകളഞ്ഞ് കഷായത്തിൽ 100 മി.ലി. നല്ല തേൻ, 50 മി.ലി. ചെറുനാരങ്ങനീരും ചേർത്ത് കുപ്പിയിലാക്കി വെക്കുക. പൊടി മരുന്ന് ഉണക്കിപ്പൊടിക്കുക. ഈ കഷായം 10 മി.ലി. വീതം 3 നേരം. പൊടി രണ്ടു നുള്ളൽ തേനിലോ കൊടുക്കുക. അരിഭക്ഷണം കുറയ്ക്കുക.
ചെവിയിൽ ഉണ്ടാകുന്ന കുരുവിന്:
ഇരട്ടിമധുരം, നല്ലാവണക്കിൻ വേര്, പൂക്കൈത വേര് കഷായം അതിൽ കൃഷ്‌ണതുളസി, ആവണക്ക്, എരുക്ക്, കള്ളി, കൂവളം, മുരിങ്ങ, നാരകം ഇവയുടെ ഇല ഇടിച്ചുപിഴിഞ്ഞരിച്ച് മണിക്കുന്തുരുക്കം, ശതകുപ്പ, കൊട്ടം, വയമ്പ്, കടൽനുര, പാൽക്കായം ഇവ കൽക്കം ചേർത്ത് വെളിച്ചെണ്ണ, പകുതി ആവണക്കെണ്ണ ചേർത്ത് കാച്ചി മണലാദ്യം അരിക്കുക. തലയ്ക്ക് തേക്കുകയും ചെയ്യുക. പാത്രപാകം 5 ഗ്രാം ചൂടക്കർപ്പൂരം പൊടിച്ചിടുക. ചെവിയിൽ ഇറ്റിക്കുക. "
ഛർദ്ദി, ദാഹം, വയറിളക്കം:
"വെള്ളുള്ളി, വയമ്പ്, വേട്ടാളൻകൂട്, കൂവളവേര് ഇവ പച്ചവെള്ളത്തിൽ അരച്ച് ഒരു മൺകലത്തിൽ പപ്പടം കനം പരത്തി അടുപ്പിൽ തീ കത്തിച്ച് മരുന്ന് കരിഞ്ഞാൽ 2 ലിറ്റർ ഉറുവെള്ളം ഒഴിച്ച്: തുമ്പക്കുടം, മലര്, കണ്ണിവെറ്റില, പച്ചീർക്കിളി, പൂഴിനാഗം ശുദ്ധി ചെയ്ത‌് അതിവിടയം, ജാതിക്ക, കരയാമ്പൂ, ഏലക്കായ, മാതളത്തോട് ഇവ അരിഞ്ഞിട്ട് കുറുക്കി 1 ലിറ്റർ ആക്കി അരിച്ച് മലർ 20 ഗ്രാം കിഴികെട്ടിയിട്ട് കുറുക്കി പകുതിയാക്കി കിഴി പിഴിഞ്ഞുകളഞ്ഞ് 50 മി.ലി. നല്ല തേൻ, 20 മി.ലി. ചെറുനാരാങ്ങാനീരും ചേർത്ത് ഇടയ്ക്കിടയ്ക്ക് കൊടുക്കുക. ജാതീല, വംഗാദിചൂർണ്ണം ഇവ തേനിൽ കൊടുക്കുക. "
കുടമോര്:
നല്ല മുത്തങ്ങ മൊരി നീക്കി 500 ഗ്രാം ചതച്ച് 5 ലിറ്റർ വെള്ളം വറ്റിച്ച് 1 ലിറ്ററാക്കുക. അരിച്ച് അതിൽ 4 നാഴി ആട്ടിൻപാൽ ഒഴിച്ച് കാച്ചി പാലോളമാക്കി പുകയിട്ട് മോര് ഒഴിച്ച് പിറ്റേ ദിവസം കടഞ്ഞ് വെണ്ണ നീക്കി ഒരു ഭരണയിലാക്കി, പുളിയാരൽ, ബ്രഹ്മി, ഇഞ്ചി, ചെറുനാരങ്ങ ഇവ സമം ഇടിച്ച് പിഴിഞ്ഞരച്ച നീര് 500 മി.ലി. വീതം ഒഴിച്ച് കിഴി കെട്ടി ഇടാൻ: ചുക്ക്, മുളക്, ചീനത്തിപ്പലി, ജീരകം, കരിംജീരകം, കുറാശാണി ഇവ 100 ഗ്രാം വീതം നല്ല പാൽക്കായം, ഇന്തുപ്പ് ഇവ 500 ഗ്രാം വീതം വറുത്ത് പൊടിച്ച് ശീലയിൽ കിഴികെട്ടി ഭരണിയിലിട്ട് തീക്കരെ സൂക്ഷിക്കുക. അതിൽനിന്ന് കിഴികൊണ്ട് പിഴിഞ്ഞെടുത്ത് 20 മി.ലി. മൂന്നു നേരം കഴിക്കുക. ഇതിനെ കുടമോര് എന്ന് ബാലചികിത്സയിൽ പറയും. ഒരു കൂട്ട് കഴിച്ച കുട്ടിക്ക് വയർ - കുടൽ സംബന്ധമുള്ള സർവ്വ സുഖക്കേടുകളും മാറി ദേഹബലം കിട്ടുന്നു.
പനികൾ (ജ്വരം):
ഉപവാസം മൂന്നു ദിവസം. ചെറുനാരങ്ങാനീരും തേനും ചൂടുവെള്ളത്തിൽ കഴിക്കുക. ചുക്കും മല്ലി തിളപ്പിച്ച വെള്ളം, ഷഡംഗകഷായം, ചുക്ക്, വെള്ളുള്ളി, തുളസി ഇല ഇവ തിളപ്പിച്ച വെള്ളം.
മുത്തങ്ങ, ഇരുവേലി, പർപ്പടം, ചുക്ക് കഷായവെള്ളം, വെട്ടുമാറൻ, ഗോരാചനാദി ഗുളികകൾ ഇവ കഴിക്കുക. "
(തൊണ്ടവേദന, ജലദോഷപ്പനി, ദഹനക്കുറവ്, രുചിയില്ലായ്മ, ക്ഷീണം, ബുദ്ധിവികാസം, വിഷബാധ, അരിമ്പാറ, താരൻ, തൊലിയുടെ നിറം മെച്ചപ്പെടുത്തൽ, ദാഹം, വയറിളക്കം, മുടിയുടെ ഒട്ടൽ):
തൊണ്ടവേദനയും ജലദോഷപ്പനിയും വരാനുള്ള ലക്ഷണമുണ്ടെന്നു തോന്നിയാൽ ഉടനെ ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്തു കഴിച്ചാൽ അവയെ തടഞ്ഞുനിർത്താം.
15 മില്ലി ചെറുനാരങ്ങാനീരിൽ 15 മില്ലി തേൻചേർത്തു കഴിച്ചാൽ തൊലി, കണ്ണ്, പല്ല്, അസ്ഥി എന്നിവയ്ക്ക് നല്ലതാണ്.
ആഹാരത്തിനുമുമ്പ് ഉപ്പിലിട്ട ചെറുനാരങ്ങ രണ്ടു കഷണം കഴിച്ചശേഷം കുറച്ച് ജീരകവെള്ളമോ പച്ചവെള്ളമോ കുടിക്കുന്നത് ദഹനക്കുറവ്, വിശപ്പില്ലായ്‌മ, രുചിയില്ലായ്‌മ എന്നിവ പരിഹരിക്കും. പഞ്ചസാര ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നത് ക്ഷീണം മാറ്റാനും ബുദ്ധിവികാസത്തിനും നല്ലതാണ്.
തേൾ മുതലായ ക്ഷുദ്രജീവികളുടെ കടിയേറ്റാൽ ചെറുനാരങ്ങാനീരിൽ തുളസിയിലയും മഞ്ഞൾപ്പൊടിയും കൂട്ടി അരച്ച് ഇത്തിരി ഗോമൂത്രത്തിൽ ചാലിച്ചു പുരട്ടുന്നത് വിഷം ഏല്ക്കാതിരിക്കാനും വേദന കുറയാനും നല്ലതാണ്.
അരിമ്പാറ അകറ്റാൻ ചെറുനാരങ്ങാ മുറിച്ച് ഉരസിയാൽ ഫലംകാണും.
ചെറുനാരങ്ങ മുറിച്ച് തലയിൽ ഉരസിയാൽ താരന് ആശ്വാസം ലഭിക്കും.
ചൂടുവെള്ളമോ പച്ചവെള്ളമോ ചേർത്തു നേർപ്പിച്ച ഒരു ഗ്ലാസ് ചെറുനാരങ്ങാനീര് ദിവസവും കാലത്ത് കഴിക്കുന്നത് തൊലിയുടെ നിറം മെച്ചപ്പെടുത്താൻ സഹായകമാണ്.
ഉപ്പും ചെറുനാരങ്ങാനീരും സോഡയും ചേർന്ന പാനീയം ദാഹത്തിന് നല്ലതാണ്. ഇത് വയറിളക്കത്തിനും ശമനം നല്‌കും.
തലമുടി ഷാംപൂ ചെയ്‌തു കഴിഞ്ഞശേഷം അവസാനമായി കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ഒഴിക്കുന്നത് മുടിയുടെ ഒട്ടൽ മാറാൻ ഉപകരിക്കും. "
ചെറുനാരങ്ങ:
"വൈറ്റമിൻ സിയുടെ കലവറയാണ് ചെറുനാരങ്ങ. 'സിട്രസ് ഓറാന്റിഫോളിയസ്വിൻ' എന്നതാണ് ശാസ്ത്രനാമം. രണ്ട് മീറ്ററോളം ഉയരംവരുന്ന കുറ്റിച്ചെടിയാണ് നാരകം. ഹൃദ്യമായ മണമുള്ള ഇതിന്റെ കായ ആദ്യം പച്ചനിറത്തിലും പാകമാകുമ്പോൾ മഞ്ഞനിറത്തിലും കാണപ്പെടുന്നു. ഫലമാണ് ഔഷധം. കേരളീയർ ലഘുപാനീയത്തിനായും അച്ചാറിനായും നാരങ്ങ ഉപയോഗിക്കുന്നു. കലശലായ ചുമ ഒഴിവാക്കുവാൻ ചെറുനാരങ്ങ നീര് തേൻചേർത്ത് അരമണിക്കൂർ ഇടവിട്ട് സേവിച്ചാൽ മതിയാകും. വയറുകടിക്ക് ചെറുനാരങ്ങനീര് ഒരു ഗ്ലാസ്സ് വെള്ളത്തിൽ പ്രഭാതഭക്ഷണത്തിനുമുൻപ് കുടിക്കുക. രാവിലെയും വൈകുന്നേരവും നാരങ്ങനീര് മുഖത്ത് പുരട്ടിയാൽ മുഖക്കുരു ശല്യം ഒഴിവാക്കാവുന്നതാണ്. വായ്‌നാറ്റം അകറ്റുവാൻ പല്ലു തേയ്പ്പിനുശേഷം നാരങ്ങവെള്ളം കുടിക്കുന്നതും കവിൾ കൊള്ളുന്നതും നന്ന്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" പഴയകാലത്തുള്ള ചടങ്ങട മൂന്നെണ്ണമാണ്. അത് ഉണ്ടാക്കുന്നത് കാളപൂട്ടിനോടു ബന്ധപ്പെട്ട് വിഷു ഒന്നാന്തി കാലത്താണ്.
കാലത്ത് പണിമക്കളിൽ മൂപ്പനും മൂപ്പത്തിയുംകൂടി തമ്പുരാൻ പടിക്കൽ ചെല്ലും. പോകുമ്പോൾ കന്നിന് കൊമ്പുമ്മെ കെട്ടാൻ മാല കൊണ്ടോകും. കൊന്നപ്പൂവും കുങ്കുമപ്പൂവുംകൂടി കുന്നംവാഴേടെ വള്ളിക്കെ കോർത്തു മാലകെട്ടും. വല്യാളും തലച്ചെറുമീം ചെന്ന് തമ്പുരാട്ടിയുടെ കൈക്കേന്ന് ഓരോ പൊത്തെണ്ണ വാങ്ങി തലയിൽ തേക്കും. ആണൊരുത്തൻ കന്നാലിയേം കരീനൊകോം കൊണ്ടു കൊളത്തിലേക്കു വരും. മൊളേൻ കന്നാലിയെ കുളിപ്പിച്ചു കൊണ്ടു വരുമ്പൊഴേക്കും പെണ്ണൊരുത്തി തമ്പുരാൻ്റൊടേന്ന് ഉണ്ടാക്കിയെടുത്ത നെല്ലു വറുത്ത് ഇടിച്ച തവിട്, നെല്ലു വറുത്ത അവല്, നെല്ലു വറുത്ത മലര് ഇവ വേറേവേറേ പൊതിഞ്ഞ വയ്ക്കും. എന്നിട്ട് തമ്പുരാട്ടിയുടെ കൈയിൽനിന്ന് വാങ്ങിയ പച്ചരി ഇടിച്ചു വെള്ളം നനച്ച് കൊഴച്ചു വാഴയിലയിൽ അടപരത്തിയതിൽ മധുരം ചേർക്കാത്ത തേങ്ങാ പരത്തി അടച്ച വട്ടക്കലത്തിൽ തീ കത്തിച്ചു ചുട്ടെടുക്കും. ഇതിനു പൂവട എന്നു പറയും.
പൂവട ചുടാനുപയോഗിച്ച ഒണങ്ങലരിയുടെ തവിടുകൊണ്ട് ഉപ്പിടാതെ വെള്ളത്തിൽ നനച്ച് ഇലയിൽ പരത്തി അട ചൂടും. ഇതിൽ തേങ്ങ ഉപയോഗിക്കില്ല. ഇതിന് തവിടട എന്നുപറയും.
പിന്നെ മണ്ണു കുഴച്ച് ഇലയിൽ പരത്തി തേങ്ങയിടാതെ അട ചുട്ടെടുക്കും. ഇതിന് മണ്ണട എന്നു പറയും. ഇവ മൂന്നും വിഷുക്കാളയ്ക്ക് പൂട്ടുന്ന പൂജയ്ക്ക് ഉപയോഗിക്കുന്നു. പൂജാസാമഗ്രികൾ പാടത്ത് തമ്പുരാൻ്റെ ഏറ്റവും വലിയ കണ്ടത്തിന്റെ വലത്തേ ഭാഗത്ത് ഒരു മൂലയിൽ കിഴക്കോട്ടു തലതിരിച്ച് നാക്കില 6 എണ്ണം ഓരോന്നായി ഒപ്പം നിരത്തിവയ്ക്കും. അതിൽ ഓരോന്നിലും ഈ മൂന്നട ഓരോന്നായി വയ്ക്കും. പിന്നെ മൂന്നിലയിൽ ഒന്നിൽ നെല്ലു വറുത്ത അവല്, ഒന്നിൽ നെല്ലു വറുത്ത മലര്, മറ്റൊന്നിൽ നെല്ലു വറുത്ത് ഇടിച്ച തവിട് ഇവ നിരത്തും. ആറ് ഇലകളുടെ നടുവിലായി ഒരു നാളികേരം രണ്ടു മുറിയാക്കി വെള്ളത്തോടുകൂടി ഇലകളുടെ പിന്നാക്കം പടിഞ്ഞാറു ഭാഗത്തായി തെക്കോട്ടു തലയും വടക്കോട്ട് കടയുമായി ഏഴാമില വെച്ച് അതിൽ കന്നാലി പൂട്ടുന്ന ആള് ചമ്രം പടിഞ്ഞിരിക്കും. ആറിലയും അടയും മറ്റും പെണ്ണ് ഇതിനിടയിൽ നിരത്തിവെച്ചു കഴിഞ്ഞിരിക്കും. ആറിലയിലും വെളിച്ചെണ്ണയിൽ നനച്ച തിരി കത്തിച്ച് അട, മലര് തുടങ്ങിവയുടെയും മുകളിൽ വയ്ക്കും. കന്നാലികളെ ആണുങ്ങള് കൊണ്ടുവന്ന് നിർത്തിയിരിക്കും. പെണ്ണാള് വിത്ത് കൊണ്ടുവച്ചിരിക്കും. അതിനുശേഷമാണ് ഇലനിരത്തൽ .
പൂജയ്ക്ക് ഇലയിൽ ചമ്രം പടിഞ്ഞിരുന്ന് വല്യാണ് തേങ്ങാമുറിയിലെ വെള്ളം ചെറുതായി ചീന്തിയെടുത്ത വാഴയിലകൊണ്ട്- ഇടംകൈ കൊണ്ട്, വലത്തേ കൈയിലെ മുട്ടുപിടിച്ച് വലത്തേ കൈകൊണ്ട്, പൂജാസാമഗ്രികളുടെ മേലെ
"വട്ടാട്ട് വടുപ്പാടത്ത്
വട്ടക്കണ്ടത്തിന്റെ
വലത്തെ മൂലക്കല്
വിഷുക്കാളപൂട്ട്"
എന്ന് മൂന്നു പ്രാവശ്യം പറഞ്ഞ്, 'ഇതിനെനിക്ക് എന്നും വരം തരണം എന്റെ മലവാരത്തമ്മേ!' എന്നു പറഞ്ഞ് ആണാള് എണീക്കും. എന്നിട്ട് കെട്ടിക്കൊണ്ടു വന്ന മാല രണ്ടു കാളകളുടെയും കൊമ്പിൽ കെട്ടും. അതിനുശേഷം കരീം നൊകോം കൂട്ടിക്കെട്ടും. അപ്പഴത്തേനും പെണ്ണൊരുത്തി പാടവരമ്പത്ത് കൊമ്പോറത്തിൽ കൊണ്ടു വച്ച വിത്ത് എടങ്ങഴി വിത്തുകൊള്ളുന്ന കൊട്ടയിലേക്കു പകർത്തി കൊണ്ടുവരും. അപ്പഴേക്ക് വല്യാണ് കിഴക്കോട്ട് തിരിച്ചുനിർത്തിയ കാളകളെക്കൊണ്ട് കരപ്പൂട്ട് പൂട്ടും. അപ്പോൾ പെണ്ണ് ഈശ്വരനെ തൊഴുത് 'ദൈവമേ! ഇതിനെനിക്ക് എന്നും വരം തരണേ' എന്നു പറഞ്ഞ് വിത്തെടുത്തു പൂട്ടണേന് ഒപ്പം പൊളിയിൽ വിത്ത് വയ്ക്കും. അങ്ങനെ ഏഴു ചാല് പൂട്ടും. ഏഴാം ചാലിൽ ആദ്യം പൂട്ടിയ സ്ഥാനത്തുവന്ന് കന്നിനെ നിർത്തിയശേഷം കരി അഴിച്ച് വേറേ വയ്ക്കും. എന്നിട്ട് കാളയുടെ മുമ്പിൽ ചെന്ന് നൊകം കാളയുടെ കഴുത്തിൽ നിന്നെടുക്കും. അപ്പോൾ ഒരാർപ്പുണ്ട്. അത് ഇങ്ങനെയാണ് :
"വട്ടാട്ട് വടുപാടത്ത്
വട്ടക്കണ്ടത്തിൻ്റെ
വലത്തേമൂലയ്ക്കല്
ജന്മിത്തമ്പുരാന്റെ ജന്മമൊളയൻ
വിഷുക്കാള പൂട്ട്യേ...''
എന്നു മൂന്നുവട്ടമാർത്ത് നൊകമെടുത്തുവെച്ച് കന്നാലിയെ തിരിച്ചു കൊണ്ടരും. മണ്ണട അവിടെ വയ്ക്കും. പൂവട ഒരു തുണ്ടം പൊട്ടിച്ചുവയ്ക്കും. തവിടട മുഴുവൻ ഇലയിൽ വയ്ക്കും. അവല്, മലര്, തവിട് ഇവ യിൽനിന്ന് കുറേശ്ശ എടുത്ത് തവിടടയുടെ മേലെവയ്ക്കും. കുങ്കുമപ്പൂവും കണിക്കൊന്നപ്പൂവും ഇലയിൽ വച്ചത് എടുത്ത് അടകളുടെ ചുറ്റിലും വിതറും. എന്നാലേ ഇവിടെ വിഷുക്കാള പൂട്ടി എന്നറിയൂ.
പൂട്ടൽ കഴിഞ്ഞ് തമ്പ്രാൻ്റെ പടിക്കൽ എത്തുന്ന ആണിനു വല്ലി കൊടുക്കും. ആണിന് 3 എടങ്ങഴി നെല്ലും പെണ്ണിന് 1 1/2 എടങ്ങഴി നെല്ലും കൊടുക്കും. പിന്നെ വെള്ളം (കള്ള്) കുടിക്കാനുള്ള കാശും കൊടുക്കും. "
ലിങ്കുകൾ:
View Link
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല