ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" ഈ വിഭാഗത്തിലെ മത്സ്യങ്ങൾ മിക്കവയും മുട്ടയിടുന്നതിനും ഇരപിടിക്കുന്നതിനും മറ്റുമായി അടിത്തട്ടിലെത്തുന്നുണ്ടെങ്കിലും കൂടുതൽ സമയവും അടിത്തട്ടിനും ജലോപരിതലത്തിനുമിടയിലൂടെയായിരിക്കും സഞ്ചാരം.
1. കരിമീൻ: പുഴമത്സ്യങ്ങളിൽ പ്രിയമേറിയവ. ശത്രുവിനെ കാണുന്നമാത്രയിൽ അടിത്തട്ടിലെ ചെളിയിൽ പൂണ്ട് രക്ഷപ്പെടുവാനുള്ള കഴിവുണ്ട്. കരിമീനുകൾ മുട്ട ഉത്പാദിപ്പിച്ച് അടിത്തട്ടിൽ ചെറിയ തടങ്ങളുണ്ടാക്കി അതിൽ നിക്ഷേപിക്കുന്നു. മുട്ടവിരിഞ്ഞ് പുറത്തു വരുന്ന കുഞ്ഞുങ്ങൾ സ്വതന്ത്രമായി ഇരതേടുവാൻ പ്രാപ്‌തരാകുന്നതുവരെ മാതാപിതാക്കളോടൊപ്പം കൂട്ടത്തോടെ സഞ്ചരിക്കുന്നതു കാണാം. ഈ സഞ്ചാരത്തിനിടയിൽ 'കോലാൻ' എന്ന പേരിലറിയപ്പെടുന്ന മീനുകൾ ഇവയെ ആക്രമിക്കാറുണ്ട്. 'കോഴിക്കുഞ്ഞുങ്ങളെ പരുന്ത് റാഞ്ചുംപോലെ'. ആൺകരിമീൻ (പിതാവ്) ഇതിനെ സധൈര്യം നേരിട്ട് കോലാനെ ദൂരേക്ക് ഓടിച്ചകറ്റുമ്പോൾ തള്ള കരിമീൻ തന്റെ കുഞ്ഞുങ്ങളെ തള്ളക്കോഴിയെപ്പോലെ അരികിൽ ചേർത്തുനിർത്തി സംരക്ഷണം നല്‌കാറുണ്ട്.
2 സ്രാവ് (കുട്ടി): കടലിൽനിന്നും കായലിലേക്ക് കയറിവരുന്ന സ്രാവ് 'കുട്ടി'യെന്ന പേരിലാണ് പുഴകളിൽ അറിയപ്പെടുന്നത്. വേഗതയും ശക്തിയും വലിപ്പവുമുള്ള ഇനം സ്രാവുകളെക്കാൾ കുട്ടിക്ക് ഔഷധവീര്യം കൂടുതലാണ്. ആയതിനാൽ വിലയും അല്പം കൂടും. ഓരോ വർഷവും തുലാം - വൃശ്ചികം, മേടം മാസങ്ങളിലാണ് പലപ്പോഴും ഇവ കായലിലെത്തിച്ചേരുന്നത്. പ്രസവിക്കുന്ന ഇനമാണിത്.
ഔഷധഗുണങ്ങൾ: കുട്ടിയുടെ നെയ്യ് ഉരുക്കി മൺഭരണിക്കകത്ത് സൂക്ഷിച്ചുവെക്കുകയും മഞ്ഞുകാലത്തുണ്ടാകുന്ന കൈ-കാൽ വിണ്ടുകീറലിന് ഔഷധമായി ഈ നെയ്യ് ഭക്ഷണത്തോടൊപ്പം ചേർത്ത്കഴിക്കുകയും ചെയ്യാറുണ്ട്. പ്രസവശേഷം സ്ത്രീകൾക്ക് കുടപ്പുളിയിൽ വറ്റിച്ചുണ്ടാക്കുന്ന 'കുട്ടിക്കറി' കൊടുക്കാറുണ്ട്. ഇത് ഉദര സംബന്ധമായ ആരോഗ്യത്തിന് ഔഷധമാണ്.
കല്ലട: സാധാരണയായി ഇവയെ കല്ലിടകളിലാണ് കണ്ടുവരുന്നത്. ചാരനിറം. ഇരുപാർശ്വങ്ങളിലുമുള്ള മുള്ളുകൊണ്ടു കുത്തേറ്റാൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും അതിയായ കട്ടുകഴപ്പും വേദനയും അനുഭവപ്പെടാറുണ്ട്.
നച്ചിറ: ഇളം വെളുപ്പുനിറത്തിൽ കറുത്തപുള്ളിയുള്ളവയാണിവ. കല്ലടയുടേതുപോലെ ഇവയുടെ ആക്രമണത്തിലും കടുത്ത വേദനയും കട്ടുകഴപ്പും അനുഭവപ്പെടാറുണ്ട്.
പൊന്നാൻകൂരി: കൂരി ഇനത്തിൽപ്പെട്ട ഇവയെ മഴക്കാലങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്. മഞ്ഞകലർന്ന വെളുപ്പു നിറമാണിതിന്.
ചൂണ്ടൻകൂരിയുടേതുപോലെ കൂർത്ത മുള്ളുകൾ ഇവയ്ക്കുമുണ്ട്.
ചകിരികൂരി: തേങ്ങാത്തൊണ്ടുകൾ മൂടുന്ന മടൽകുഴികളിലും അഴുക്കുചാലുകളിലുമാണ് ഇവയെ കണ്ടുവരുന്നത്. മഞ്ഞകലർന്ന വെളുപ്പുനിറമാണിതിന്. ചുണ്ടൻകൂരിയുടേതുപോല കൂർത്ത മുള്ളുകൾ ഇവയ്ക്കുമുണ്ട്. വളർച്ച കുറഞ്ഞ ഇനമാണ്. മറ്റു കൂരികളെക്കാൾ വഴുവഴുപ്പ് കൂടുതലായിരിക്കും.
വറ്റ: ബലമുള്ള മുള്ളോടുകൂടിയ ഇനം. പരമാവധി 5 കിലോഗ്രാം വരെ വലിപ്പമുള്ള വറ്റകളെ ലഭിക്കാറുണ്ട്. കല്ലാൻ, വറ്റ തുടങ്ങിയ മത്സ്യങ്ങൾ ചെമ്മീനുകളെ ആക്രമിച്ച് വെട്ടിവിഴുങ്ങാറുണ്ട്.
പല്ലൻ: ചെളിയിലും കല്ലിൻ്റെ ദ്വാരങ്ങളിലും കണ്ടുവരുന്നു. മുതലയുടെപോലെ വായ് നിറയെ കൂർത്തു മൂർത്ത പല്ലുകളുള്ള ഇനമാണിത്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"1. കറൂപ്പ്: കറുപ്പ് പ്രതലത്തിൽ ഇളംമഞ്ഞ കലർന്ന വെളുത്ത വരകളുള്ളത്. സദാസമയവും കല്ലിൻ്റെ പൊത്തുകളിൽ പതുങ്ങിയിരിക്കുകയും അവയ്ക്കരികിലെത്തുന്ന ചെറുമീനുകളെയും ചെമ്മീനുകളെയും ഭക്ഷിക്കുകയും ചെയ്യും.
2. തെരണ്ടി: പല വലിപ്പത്തിലും പല നിറങ്ങളിലും ഇവയെ കാണാം. കായൽപരപ്പിലൂടെ ഇവ സഞ്ചരിക്കുമ്പോൾ ജലോപരിതലത്തിൽ ചെറിയ ഓളങ്ങൾ സൃഷ്ടിക്കാറുണ്ട്. 'ആനച്ചെവി' പോലെ പരന്ന ആകൃതിയുള്ള തെരണ്ടികൾ വാലുകൊണ്ടാണ് പ്രധാനമായും ആക്രമിക്കുന്നത്. വാലിലെ മുള്ളുകൊണ്ടുള്ള മുറിവേറ്റാൽ ഉണങ്ങുവാൻ നന്നേ ബുദ്ധിമുട്ടാണ്. പ്രസവിക്കുന്ന ഇനമാണിത്. തെരണ്ടി പ്രസവിക്കുമ്പോൾ ശക്തിയായി കുതിക്കുകയും ഒരുപക്ഷേ, ആ കുതിപ്പിൽ മുകളിലേക്കുയർന്നുവരികയും ചെയ്യും. ശക്തിയായ ആ തള്ളിപ്പിനിടയിൽ കുഞ്ഞുങ്ങളെ പുറംതള്ളുകയും ചെയ്യും. പുള്ളി, പടവൻ, കാക്ക, മണൽ എന്നിങ്ങനെ പലവിധത്തിലും നിറത്തിലുമുള്ള തെരണ്ടികളുണ്ട്. കാക്കതെരണ്ടി നന്നേ വലിപ്പം കുറഞ്ഞതും ചടവൻ വലിപ്പം കൂടിയ ഇനവുമാണ്. പടവൻ തെരണ്ടി ക്വിന്റൽ കണക്കിന് ഭാരമുള്ളതുണ്ട്. പുള്ളിതെരണ്ടി പലവിധ നിറങ്ങളോടും കൂടിയതാണ്. മണൽതെരണ്ടിയുടെ പുറംതോടിൽ നിറയെ മണൽ പറ്റിച്ചേർന്നിരിക്കും.
3. വെട്ടൻ: പേരുപോലെതന്നെ വാലുപയോഗിച്ച് മറ്റു മത്സ്യങ്ങളെ വെട്ടുന്ന ഇനമാണ്. പരന്ന തലയും നീണ്ട ഉടലോടുകൂടിയതുമായ രൂപമാണിതിനുള്ളത്. ചരലുകളിലും മണൽപ്പരപ്പിലും സാധാരണയായി കണ്ടുവരുന്നു.
4. പഴുത്തി അഥവാ പൂളാൻ: നന്നേ ബലം കുറഞ്ഞതും മാംസം തീരെ മാർദ്ദവമുള്ളതുമാണ്. പൊതുവെ രുചികുറഞ്ഞ മത്സ്യമാണിത്.
5. കതിരാൻ: പഴുത്തിയോട് സാദൃശ്യമുള്ളതാണെങ്കിലും തലഭാഗം കൂർത്ത് പരന്നിരിക്കും.
6. ചുണ്ടൻകൂരി: കൂർത്ത ചുണ്ടുകളോടുകൂടിയ ഇതിന്റെ മുതുകിലും വശങ്ങളിലും ബലമുള്ള മുള്ളുകളുണ്ടായിരിക്കും. തലയുടെ ഇരുവശങ്ങളിലും വെളുത്ത നാരുകൾ കാണാം. മുള്ളുകൾ കൊണ്ടുള്ള കുത്തേറ്റാൽ നേരത്തോടുനേരം വരെയെങ്കിലും (12 മണിക്കൂർ തീർച്ച) വേദനയുണ്ടാകും.
7. പടത്തിനങ്ക്: തെരണ്ടിയെപ്പോലെ പരന്ന ആകൃതിയിലുള്ള ഇവ നന്നേ കനം കുറഞ്ഞ ഇനമാണ്. മണലിലും കല്ലരുകുകളിലും പറ്റിച്ചേർന്നിരിക്കുന്നതു കാണാം.
8. മാന്തളിർ: നങ്ക് വർഗ്ഗത്തിൽപ്പെട്ട മത്സ്യം. ഇന്ന് വ്യാപകമായ രീതിയിൽ ഉണക്കമത്സ്യമായി ഉപയോഗിച്ചുവരുന്നു. നങ്കിനെക്കാൾ വീതികുറഞ്ഞ് പരമാവധി ഒരു ചാൺവരെ ഈ മത്സ്യത്തിന് നീളമുണ്ടാകും. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"കായലുകളിലും തോടുകളിലും വിവിധതരം ഞണ്ടുകളുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഇന്ന് നമ്മുടെ നാട്ടിൽ ഞണ്ടുകൃഷി വ്യാപകമായി ചെയ്തുവരുന്നു. ഞണ്ടുകളിൽതന്നെ ആണും പെണ്ണുമുണ്ട്. തോട്ടങ്ങളിൽ കണ്ടുവരുന്ന മഞ്ഞകലർന്ന ഇളംചുവപ്പു നിറത്തിലുള്ള പുറംതോടും കാലുകളോടും കൂടിയ 'കമ്മട്ടി ഞണ്ട്, ചെമ്മീൻ കെട്ടുകളിലും പുഴകളിലും സുലഭമായുള്ള ചതുരാകൃതിയിലുള്ള ഇടത്തരം 'നെല്ലിഞണ്ട്', മങ്ങിയ വെളുപ്പ് നിറത്തോടുകൂടിയ പുറം തോടുള്ള മഡ‌്, ലോക്കൽ ഞണ്ട് എന്നിവയാണ് വിവിധ ഞണ്ടിനങ്ങൾ. ഇവയിൽ കമ്മട്ടി, നെല്ലി, ലോക്കൽ തുടങ്ങിയവ കൂടുതലായും ഗൃഹാവശ്യങ്ങൾക്കുപയോഗിക്കുമ്പോൾ 'മഡ്' എന്നറിയപ്പെടുന്ന വലിയ ഞണ്ടുകൾ വൻകിട കമ്പനികളിലൂടെ വിദേശങ്ങളിലേക്കു കയറ്റുമതിചെയ്യുന്നവയാണ്. ഞണ്ടുകൾ പൊതുവെ വേലിയേറ്റ സമയങ്ങളിലാണ് ഇരപിടിക്കുന്നതിനായി ഇറങ്ങിത്തിരിക്കുന്നത്. വേലിയിറക്കസമയത്ത് പുറംതോടും കാലുകളും പരമാവധി ചെളിയിൽ പൂഴ്ത്തിവെച്ച് കണ്ണുകൾമാത്രം മുകളിലേക്കുയർത്തി 'ധ്യാനമഗ്നനായ ഒരു സന്ന്യാസി'യെപ്പോലെ പതുങ്ങിയിരിക്കുന്ന ഞണ്ടുകളെ കാണാൻ ഏറെ രസമാണ്. സൂര്യാസ്‌തമയങ്ങളിലുള്ള 'കരിപ്പൽ' സമയത്തും ഞണ്ടുകൾ ഇരപിടിക്കുന്നതിനായി സഞ്ചരിക്കാറുണ്ട്. ഞണ്ടിനങ്ങളിലെ ചെറുവിഭാഗമായ 'കരികാച്ചി'യെ സാധാരണയായി ഭക്ഷിക്കാറില്ല. ഞണ്ടുകൾ, ഇരുവശങ്ങളിലുമുള്ള രണ്ട് വലിയ കാലുകൾ (കമ്മട്ടികാൽ) ഉപയോഗിച്ച് കടിക്കാറുണ്ട്. ഇവയെ പിടികൂടുന്ന മാത്രയിൽ സ്വയം കാലുകളടർത്തി രക്ഷപ്പെടാനുള്ള കഴിവുണ്ട്. തൊണ്ടി (ആരൽ) പല്ലൻ, മലഞ്ഞീൻ തുടങ്ങിയവ പല്ലുകളുപയോഗിച്ച് പട്ടിയെപ്പോലെ കടിക്കാറുണ്ട്. പഴുത്തിയുടെ വായിൽ വിരൽ പോയാൽ മുട്ടുപോലുള്ള പല്ലുകളുപയോഗിച്ച് അമർത്തുകയാണ് പതിവ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
ചെമ്മീൻ ഇനങ്ങളിൽ പലതുമിന്ന് വിദേശവിപണിയെ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതാണെങ്കിലും ചെറുകിട കച്ചവടക്കാരിൽനിന്നും മീൻചന്തകളിലൂടെയും ഇവ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
കൊഞ്ച്: ചെമ്മീൻ ഇനങ്ങളിൽ വിലകൂടിയവ. വലിയ തലയും ചെറിയ ഉടലും ചേർന്ന രൂപം. തലയിൽനിന്നും നീണ്ടുകൂർത്ത മുള്ളും ഇരുവശങ്ങളിലും നീളമുള്ള 'കൊമ്പ്' ആകൃതിയിലുള്ള കാലുകളും ഉണ്ടായിരിക്കും. ഇതുപയോഗിച്ചാണ് കൊഞ്ച് ഇരപിടിക്കുന്നതും രക്ഷനേടുന്നതും. കൊഞ്ചുകൾ പല നിറങ്ങളിലുണ്ട്. മഴക്കാലങ്ങളിലാണ് സുലഭമായി ലഭിക്കുന്നത്.
കാര: കറുപ്പും ഇളംമഞ്ഞയും ചേർന്ന വരകളോടുകൂടിയത്. വിലകൂടിയ ഇനംതന്നെയാണിതും. കൊഞ്ചിനോടു സാദൃശ്യമുള്ള രൂപം.
നാരൻ: വെളുത്ത നാരുകളോടുകൂടിയതും മങ്ങിയ വെളുപ്പു നിറവുമുള്ള ഇടത്തരം ചെമ്മീൻ ഇനമാണിത്. ചെമ്മീൻ വിപണിയെ സജീവമാക്കുന്നതിൽ പ്രമുഖസ്ഥാനം നാരൻ ചെമ്മീനുകൾക്കുണ്ട്.
ചൂടൻ: പേരുപോലെതന്നെ കരയിൽ പിടിച്ചിട്ടാൽ വളരെനേരം ജീവൻ നിലനിർത്താൻ കഴിയുന്നതും ശക്തിയോടെ തെന്നിത്തെറിച്ചുകൊണ്ടിരിക്കുന്നതുമാണ്. നാരനെക്കാൾ വിലകുറഞ്ഞ ഇനമാണിത്.
തെള്ളി: ചെമ്മീൻവർഗ്ഗങ്ങളിൽ സുലഭമായതും നന്നേ ചെറിയതും വിലകുറഞ്ഞതുമായ ഇനം. ഉണക്കച്ചെമ്മീനായും ഉപയോഗിക്കുന്നു.
കൂനൻചെമ്മീൻ: കൂനന്മാർ രണ്ടുവിധമാണ്. മൊട്ടൻകൂനനും മന്തുകാലനും. കൊഞ്ചിൻ്റെ രൂപമാണിതിനെങ്കിലും വലിപ്പം കുറവായിരിക്കും. വളരെ സാവധാനമാണിവയുടെ സഞ്ചാരം. മൊട്ടൻ കൂനന് തലഭാഗത്ത് ചെറിയ കാലുകളും മന്തുകാലന് വലിയ കാലുകളുമുണ്ടായിരിക്കും.
കുറുപ്പത്തി: കുറുപ്പത്തി അഥവാ ചെല്ലിച്ചെമ്മീൻ മാംസംകുറഞ്ഞ് തൊണ്ടുകൾ കൂടുതലുള്ള ഇനമാണ്. ചിലയിടങ്ങളിൽ ഉപയോഗിച്ചുവരുന്നു.
ചെമ്മീനുകളെ പൊതുവെ ചത്താലും കുത്തുന്ന വർഗ്ഗമെന്നാണ് പറയാറുള്ളത്. ചെമ്മീൻ മരിക്കുന്നതിനു മുൻപായി കൂട്ടത്തോടെ കിലുകിലാരവം മുഴക്കാറുണ്ട്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
തുളുനാട്ടിലെ വീരാരാധനയുടെയും പിത്രാരാധനയുടെയും തുടർച്ചയാണ് തെയ്യമെന്ന് പണ്ഡിതന്മാർ സമർത്ഥിച്ചിട്ടുണ്ട്. ധീരകൃത്യങ്ങളിലൂടെ സമൂഹമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പുരുഷനോ സ്ത്രീയോ അവരുടെ മരണാനന്തരം അമാനുഷിക പരിവേഷത്തോടെ ആരാധിക്കപ്പെടുകയും അവരുടെ കഥ പുരാവൃത്തമായി കൊണ്ടാടപ്പെടുകയും ചെയ്യുന്നു. മനുഷ്യൻ ഇങ്ങനെ ദൈവികതലത്തിലേക്കുയർത്തപ്പെടുന്നതിനെ 'ദൈവക്കരുവാകുക' (Deify) എന്നു പറയുന്നു. തുളുനാട്ടിൽനിന്ന് മലയാളത്തിലേക്കു സംക്രമിച്ച ഒരു സംസ്കാരമായതുകൊണ്ടാവാം ഇത്തരം തെയ്യങ്ങളെ മലയാളത്തിൽ 'തുളുക്കോലങ്ങൾ' എന്നു പറഞ്ഞുവന്നത്.
വീരനായക വിഭാഗത്തിൽപെട്ട ഒരു തെയ്യമാണ് പെരുമ്പുഴയച്ചൻ. പേരുകൊണ്ടുതന്നെ പുഴയുമായുള്ള ബന്ധം വ്യക്തമാണല്ലോ. ചോള-പാണ്ഡ്യ-ചേര ദേശങ്ങളിലായി വ്യാപിച്ചുനില്ക്കുന്ന കണ്ണകി കഥപോലെ പെരുമ്പുഴയച്ചൻ്റെ പുരാവൃത്തം വടുകദേശം (ഇപ്പോൾ ആന്ധ്ര), കർണ്ണാടകം, കുടക്, മലയാളം എന്നീ ഭൂഭാഗങ്ങളെയെല്ലാം ഉൾക്കൊള്ളുന്നു.
ആന്ധ്രദേശത്ത് എവിടെയോ ജീവിച്ചുപോന്ന സമ്പന്നനായ ഒരു വർത്തകനായിരുന്നു കങ്കാളദേവർ (ചെട്ടി). കങ്കാളദേവർ വിവാഹം ചെയ്തത് വാരിക്കാദേവിയെയാണ്. കൊല്ലങ്ങൾ പലതു കഴിഞ്ഞിട്ടും അവർക്ക് പുത്രഭാഗ്യമുണ്ടായില്ല. അതുകൊണ്ട് ആ ദമ്പതികൾ വിഷ്ണുഭഗവാനെ സ്‌തുതിച്ച് തപസ്സുചെയ്യാൻ തീരുമാനിച്ചു. തപസ്സിൽ സംപ്രീതനായ ഭഗവാൻ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് ഇംഗിതം എന്താണെന്നു ചോദിച്ചു. ഉത്തമനായൊരു പുത്രനുണ്ടാവണമെന്ന ആഗ്രഹമുണർത്തിച്ചപ്പോൾ ഭഗവാൻ അങ്ങനെതന്നെ സംഭവിക്കുമെന്ന് അനുഗ്രഹിക്കുകയും ചെയ്‌തു. മാത്രമല്ല,
"നന്ദനനൊന്നുളവായീടും'
സ്കന്ദസമാനൻ
വാരിയുടെ അംശമതായൊരു
വാരിക്കാദേവീനിന്നുടെ
സൂനുവതായുളവാകുന്നതിനൊരു
സംശയമൊട്ടും വേണ്ട
പാരിലവൻ തന്നോടിങ്ങനെ
നേരായിട്ടാരുമൊരുത്തരു-
മില്ലാന്നായ് വരും..."
എന്നിങ്ങനെ അരുളിച്ചെയ്യുകയുണ്ടായി. ജനിക്കാൻപോകുന്ന ആ മകന്റെ ജീവിതവൃത്തംകൂടി മഹാവിഷ്‌ണു ആ ദമ്പതികൾക്കു വെളി പ്പെടുത്തിക്കൊടുത്തു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"ഇടുക്കിയിലെ മറയൂരിലാണ് അതിപ്രാചീന ചിത്രങ്ങൾ കാണുന്ന മറ്റൊരു സ്ഥലം. കുന്നുകൾകൊണ്ടു മറഞ്ഞിരിക്കുന്നതിനാൽ ‘മറയൂർ' എന്ന പേരു ലഭിച്ചു എന്ന് ചിലർ കരുതുന്നു. അവിടെ ഒരു പ്രധാന സ്ഥലമാണ് 'എഴുത്തുഗുഹ'. ചില 'എഴുത്തുംകുത്തുകൾ കാണുന്നതിനാൽ ഇങ്ങനെയൊരു പേര് നൽകിയത്രേ. ഇവിടത്തെ ചില ചിത്രങ്ങളിൽ ചായം ഉപയോഗിച്ചിട്ടുള്ളതിൻ്റെ അവശിഷ്ടം കാണാം. മഞ്ഞത്തവിട്ടു നിറം (Sienna), കടും ചുവപ്പ് (Crimson), വെളുപ്പ് എന്നിവ വേർതിരിച്ചറിയാനാകും. ഒരിടത്ത് 'കോല'ത്തിന്റെ ശൈലിയിൽ ചതുരം, വൃത്തം എന്നിവ ചേർന്ന ഡിസൈൻ കാണാം. ഡിസൈനുകളുടെ ഉള്ളിലെ കളങ്ങളിൽ മനുഷ്യരൂപം പോലെ തോന്നിക്കുന്നുണ്ട്. അതിനടുത്ത് മൂന്നു കൈകളെങ്കിലും ഉള്ള നഗ്നപുരുഷരൂപം കാണാം. ഇതിന് നൃത്തത്തിൻ്റെ നിലപാടുണ്ട്. മൃഗങ്ങളെ പായിക്കുന്ന മനുഷ്യ രൂപങ്ങൾ, മൃഗരൂപങ്ങളുടെ ചില ഭാഗങ്ങൾ എന്നിവ ഇപ്പോഴും ദൃശ്യമാണ്. ഇതിൽ പലതും നിഴൽച്ചിത്രാലേഖ്യങ്ങൾ (Shadowgraphs) ആണ്. പൂഞ്ഞയുള്ള കാള, ആട്, വരയാട്, ശിഖരക്കൊമ്പുള്ളതും ഇല്ലാത്തതുമായ മാൻ എന്നിവയും ഇവിടെ കാണാം. ഈ ചിത്രങ്ങളുടെ ശൈലീപഠനത്തിൽനിന്ന് എല്ലാം ഒരേ കാലഘട്ടത്തിലേക്ക് എന്നു ഗണിക്കാനാവില്ല എന്നാണു നിഗമനം. മറയൂരിൽ ‘ആട്ടല' (ആടിന്റെ തല എന്നർത്ഥം പറയുന്നു) യിലും ചിത്രങ്ങളുണ്ട്. ഗുഹയിലെ മച്ചിലെ രേഖാചിത്രങ്ങൾ ത്രിശൂലം, ആന, പല്ലി എന്നിവ വലിപ്പത്തിൽ വരച്ചിട്ടുള്ളത് കാണാം. മറയൂരിലെ മറ്റൊരു സ്ഥലമാണ് 'കോവിൽകടവ്'. തടിച്ച രേഖകൾ ഉപയോഗിച്ച് വരച്ച മനുഷ്യ മൃഗരൂപങ്ങളുടെയും നൃത്താവസ്ഥയിലുള്ള മനുഷ്യരൂപങ്ങളുടെയും ചിത്രങ്ങളിവിടെയുണ്ട് ."
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"കേരളത്തിന്റെ ഭൂപ്രകൃതിയുടെ പഠനം നടത്തുമ്പോൾ രണ്ടു കാര്യങ്ങൾ പ്രധാനമായി വരുന്നു. ഒന്ന്, പ്രാചീനകാലത്തെ ഇടതൂർന്ന വനം. രണ്ട് കടലോരം. പ്രാചീനശിലായുഗകാലത്ത് കേരള ഭൂഭാഗത്ത് മനുഷ്യവാസം സാദ്ധ്യതല്ലാത്ത വിധം ഇടതൂർന്നതായിരുന്നു വനം. കാൽമഴുകൊണ്ട് മരം വെട്ടിമാറ്റുക എന്നത് അസാധ്യമായ ഒരു പ്രവൃത്തിയായിരുന്നു. അതിനാൽ അതിപ്രാചീനശിലായുഗകാലം ഈ ഭൂപ്രദേശത്തില്ല എന്നായിരുന്നു കരുതിയിരുന്നത്. ഈ ചിന്തയ്ക്കു മാറ്റം വരുന്നത് പുരാവസ്‌തുഗവേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ്. ശവസംസ്ക്കാരത്തോടു ബന്ധപ്പെട്ട പലതും നേരത്തേ ലഭിച്ചിട്ടുണ്ട്. എന്നാൽ പാറകളിൽ വരഞ്ഞ ചിത്രങ്ങൾ കേരളത്തിലെ പല പ്രദേശങ്ങളിലും കണ്ടെടുത്തതോടെ പുതിയ അറിവു ലഭിച്ചു.
ഭാരതത്തിലെ പുരാതന ശിലാകൊത്തുചിത്രങ്ങൾ (rock carving/ petroglyphs) എന്ന ഇനത്തിൽപെടുത്തിയിട്ടുള്ള രൂപങ്ങൾ വയനാട്ടിലെ എടയ്ക്കൽപ്രദേശത്തും തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയ്ക്കുടുത്ത് അങ്കോട്ടുമുണ്ട്. കാലഗണനയിൽ തർക്കമുണ്ടെങ്കിലും 4000-5000 വർഷത്തെ പഴക്കം ഇവയ്ക്കുണ്ടെന്ന് പല പണ്ഡിതന്മാർക്കും അഭിപ്രായമുണ്ട്. രണ്ടു കുന്നുകൾക്കിടയിലുള്ള കല്ല് എന്നത്രേ എടയ്ക്കൽ എന്ന പേരിനു കൊടുത്തിട്ടുള്ള അർത്ഥം. ത്രികോണങ്ങൾ. ഒരേ കേന്ദ്രത്തിൽ മുട്ടുന്ന നേർരേഖകൾ, ത്രിശൂലത്തോടു സാമ്യമുള്ള ആകൃതിയുള്ളവ, മയിൽ, മാൻ, മനുഷ്യൻ തുടങ്ങി പല രൂപങ്ങളും ഇവിടെ കാണാം. കൂർത്ത ചില ഉപകരണങ്ങൾകൊണ്ട് കോറിവരച്ചവയാകാം ഇവ.
കൈകളുയർത്തി നിൽക്കുന്ന മനുഷ്യരൂപം മുൻഭാഗപ്രാധാന്യം കൊടുത്തു കോറിയിട്ടുള്ളതായിക്കാണാം. മുഖംമൂടി ധരിച്ച രൂപങ്ങൾ എടയ്ക്കൽ ഗുഹകളിലുണ്ട്. ചില നൃത്തരൂപങ്ങളുടെ പ്രാഗ്‌രൂപാംശം (ചില പണ്ഡിതർ ഇതിനെ തെയ്യവുമായി ബന്ധപ്പെടുത്തുന്നുണ്ട്) ഇവയിലുണ്ട്. ചില മനുഷ്യരൂപങ്ങൾ ശരീരത്തോടൊട്ടിയ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടെന്നു തോന്നും. ഒരിടത്ത് വായിച്ചെടുത്തിട്ടുള്ളതിങ്ങനെ യാണ്: "പല പുലിതാനന്തകാരി" (പല പുലികളെയും കൊന്നയാൾ). മറ്റൊരെണ്ണം സംസ്‌കൃതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അതിൻ്റെ കാലം കൂടുതൽ സമീപമാകാനാണു സാദ്ധ്യത എന്നും കരുതുന്നു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"തുടിനിർമ്മാണത്തിന് കൃത്യമായ കണക്കുകളോ, അളവുകളോ പൂർവ്വികർ രേഖപ്പെടുത്തി വെച്ചിട്ടില്ല. തുടിശാസ്ത്രത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്ന നിയമങ്ങളനുസരിച്ചും പുരാതനമായ തുടിയെ മാതൃകയാക്കിയുമാണു പുലയർ തുടിയുണ്ടാക്കുന്നത്. പാലമരംകൊണ്ടാണ് ഈ വാദ്യം നിർമ്മിക്കുന്നത്. അനുയോജ്യമായ പാലമരം കണ്ടെത്തിയാൽ, അതു മുറിച്ചെടുക്കുന്നതിന് അവർക്ക് പ്രത്യേക രീതിയുണ്ട്. മരത്തിൻ്റെ കടയ്ക്കൽ കൊത്തി, മുറിച്ചിടുമ്പോൾ, മരം ചായുന്ന ശബ്ദം തലഭാഗത്തെത്തുന്നതിനു മുമ്പ്, മധ്യത്തിൽ നിന്ന് തുടിക്കുള്ള മരം മുറിച്ചെടുക്കുന്നു. അതായത് ചായുമ്പോഴുണ്ടാകുന്ന ശബ്ദം അടങ്ങിയ നടുക്കഷണമാണ് തുടിക്കു വേണ്ടത്. അത് ഗണപതിമഴു, ചെത്തുളി, മാന്തുളി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് ചെത്തിച്ചുരുക്കി തുടിയുടെ ആകൃതിയിലായാൽ, നേർ നടുഭാഗത്ത് മരംകൊണ്ടുതന്നെ കല്ല വളയ്ക്കുന്നു. ഇതിന് അവർ ആയിസ്സാൻ എന്നു വിളിക്കുന്നു. അതിൻ്റെ മധ്യത്തിൽ നെന്മണി വലിപ്പത്തിൽ ദ്വാരമിടുന്നു. ഇതാണ് ശ്വാസക്കുഴല്. അത് പിന്നീട് താത്കാലികമായി അടയ്ക്കുന്നു. തുടിയുടെ രണ്ടുമുഖത്തിനും വയ്ക്കേണ്ട തൃക്കണ്ണ്, കാട്ടിൽനിന്ന് ലഭിക്കുന്ന ഇളമുളയുടെ തണ്ട് കൊത്തി, വെയിലിൽ വാട്ടിയെടുത്ത്, വൃത്താകൃതിയിൽ വളച്ച് കെട്ടിയുണ്ടാക്കുന്നു. ഇതിന്റെ മുകളിൽ പട്ട് പൊതിയാറുണ്ട്. മുഖത്തിന്പൊതിയേണ്ട തോല് വളരെ ശ്രദ്ധിച്ചുവേണം സംസ്‌കരിച്ചെടുക്കാൻ. ഉടുമ്പിൻതോലോ, കുരങ്ങിൻ (ബ്ലെയർ) തോലോ ആണ് ഇതിനുത്തമം.
ഉടുമ്പിൻതോല് ആവശ്യമുള്ള നീളത്തിലും വീതിയിലും കിട്ടാൻ വിഷമമായതിനാൽ ഇന്ന് ആട്ടിൻതോലും മറ്റും ഉപയോഗിച്ചുവരുന്നു. തോല് കേടുകൂടാതെ ഉരിഞ്ഞെടുത്ത്, കുറ്റിക്ക് വലിച്ചുകെട്ടുന്നു. ചുളിവുകൾ വരാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം നാലു മണിക്കൂറോളം നല്ല വെയിലിൽ ഉണക്കണം. അതുകഴിഞ്ഞ് ഉപ്പില്ലാത്ത വെണ്ണീറ് തോലിനു മുകളിൽ വിതറി, കണ്ണാഞ്ചിരട്ട കൊണ്ട് തോലിലുള്ള രോമം വൃത്തിയായി നീക്കുന്നു. ഉപ്പ് കലരാനിടയായാൽ, തോല് ഉണങ്ങിക്കഴിഞ്ഞാലും അതിൻ്റെ നനവ് മാറുന്നില്ല. ഇത് തുടിയുടെ ശബ്ദത്തിന് ദോഷം ചെയ്യുന്നു. ഈ തോല് തുടിയുടെ മുഖത്ത്, തൃക്കണ്ണോട് ചേർത്തുവെക്കുന്നു. രണ്ടുഭാഗത്തും ഒറ്റത്തോലുമാത്രമേ ഉപയോഗിക്കുന്നുള്ളൂ. കെട്ടിമുറുക്കുന്നതിനുമുമ്പ് ശിവനെ ധ്യാനിച്ച് തുടിയിൽ ഓംകാരധ്വനി നിറയ്ക്കുന്ന പതിവുണ്ട്. തുടിമുഖത്തുവെച്ച് കിണ്ണം കൊട്ടിയാണു ധ്വനി നിറയ്ക്കുന്നത്. രണ്ടുഭാഗത്തും തോലിൽ ഏഴു സുഷിരങ്ങൾ വീതം ഉണ്ടാക്കുന്നു. ഇത് അഞ്ചോ ഏഴോ ഒമ്പതോ ആകാം. ഗ്രഹസങ്കല്പമാണ് ഇതിനു പിന്നിൽ. കാട്ടിൽ നിന്ന് ലഭിക്കുന്ന കവണിനാര് പിരിച്ചെടുത്ത് ഈ സുഷിരങ്ങളിൽ ചേർത്തുകെട്ടുന്നു. മുണ്ടയുടെ വേര് തോലുകളഞ്ഞു ചതച്ച് ഉണക്കിയെടുത്തതും കയറായി ഉപയോഗിക്കാറുണ്ട്. ഇതിൻ്റെ മധ്യത്തിൽ മരക്കട്ട കെട്ടിയ ഒരു കയറ് വലിച്ചുമുറുക്കാൻ പാകത്തിൽ കെട്ടി വെക്കുന്നു. തുടിയുടെ ശബ്ദത്തിന് മുഴക്കവും വൈവിധ്യതയും ഉണ്ടാക്കുന്നത് ഇതിൻ്റെ ഏറ്റക്കുറച്ചിലോടുകൂടിയ മുറുക്കലാണ്. പാടുന്ന സന്ദർഭത്തിൽ പാടുന്ന ആളിൻ്റെ ശബ്ദത്തിനനുസരിച്ച്, ഇതിൻ്റെ കട്ട വലിച്ച് താളം ക്രമീകരിക്കാവുന്നതാണ്. തുടി കൊട്ടാനുപയോഗിക്കുന്ന കോലിന് കണ്ണിച്ചൂരലാണ് ഉത്തമം. തുടികൊട്ടുമ്പോൾ കോല്, തോലിൽനിന്ന് തെന്നിമാറാതെ ശബ്ദത്തിന് കൃത്യതയുണ്ടാക്കാൻ ഇതിന് കഴിയുന്നു. തുടിനിർമ്മാണം പൂർത്തിയാകുന്നതോടെ ശ്വാസക്കുഴലിൽ താൽക്കാലികമായി അടച്ചത് നീക്കം ചെയ്യുന്നു. ഈ തുടി പുലയരുടെ ആചാരാനുഷ്‌ഠാനങ്ങളിൽ വ്യത്യസ്‌ത താളങ്ങളിൽ വായിക്കുന്നു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"അവഗണിക്കപ്പെട്ട, ചൂഷണത്തിനു വിധേയരായ ഒരു സമുദായത്തിൻ്റെ ഉയിർത്തെഴുന്നേല്പിൻ്റെ നാദമാണ് തുടിനാദം. മാരിപ്പാട്ടിൻ്റെയും തുടിയുടെ അവകാശം ലഭിച്ചതിൻറെയും പുരാവൃത്തം സൂക്ഷ്മവിചിന്തനം നടത്തിയാൽ, പുലയസമുദായത്തിന്റെ ജീവിത പശ്ചാത്തലത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് അവയെന്നു മനസ്സിലാക്കുവാൻ വിഷമമില്ല. ആര്യനാട്ടിൽനിന്ന് മലനാട്ടിലെത്തിയ മാരിയും ആധിവ്യാധികളും കഷ്ടതകളുമുണ്ടാക്കുന്നു. മലനാട് മുഴുവൻ വിഷമിക്കുന്ന സന്ദർഭത്തിൽ, ആപത്ത് നീക്കിത്തരുവാൻ ആർക്കും കഴിയാതെ വരുന്ന സന്ദിഗ്ദ്ധഘട്ടത്തിൽ പുലയൻ മലനാടിനെ രക്ഷിക്കുന്നു. അതുപോലെ ദേവലോകത്ത് ദേവക്കൂത്ത് നടത്തണമെങ്കിൽ കടുംതുടി വേണം. അതുണ്ടാക്കാൻ പുലയനേ സാധിക്കൂ. അതായത് ഭൂമിയിലും ദേവലോകത്തും ഒരുപോലെ തങ്ങൾക്കു പ്രാധാന്യമുണ്ട് എന്നു വ്യക്തമാക്കുന്നതാണ് രണ്ടു പുരാവൃത്തവും.
പ്രപഞ്ചസൃഷ്ടിക്കു മുമ്പാണ് ദേവക്കോട്ട പണിയുന്നതും പാലുകാച്ചൽ നടത്തുന്നതും. ദേവലോകത്തു നടക്കുന്ന സംഭവമായിട്ടാണ് ഇതുമായി ബന്ധപ്പെട്ട പുരാവൃത്തം അവതരിപ്പിക്കുന്നതും. തുടിയെന്ന വിശിഷ്ടമായ വാദ്യോപകരണമുണ്ടാക്കാൻ പുലയനുമാത്രമാണ് സാധിച്ചത്. അതിൻ്റെ വെളിച്ചത്തിൽ അന്നുമുതൽക്കുതന്നെ തങ്ങളുടെ കഴിവും സ്ഥാനവും ദേവൻമാർ അംഗീകരിച്ചിട്ടുണ്ട് എന്നു സ്ഥാപിച്ചെടുക്കുകയാണ് തുടിയുടെ പുരാവൃത്തത്തിൽ. ഇതിൻ്റെ തുടർച്ചയായി മനുഷ്യലോകത്തും തുടികൊട്ടിപ്പാടാനുള്ള അവകാശവും തദ്വാരാ കോലത്തുനാട്ടിൽ സ്ഥാനമഹത്ത്വവും ഉറപ്പിക്കുകയാണ് മാടായിക്കാവിലെ മാരിയാട്ടത്തിലൂടെ.
അഭിജാതവർഗ്ഗത്തിൻ്റെ കീഴിൽ രാപകലില്ലാതെ ജോലിചെയ്യുകയും അർഹിക്കുന്ന പ്രതിഫലം ലഭിക്കാതെ, മിക്കദിവസങ്ങളിലും പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടേണ്ടിവന്ന പുലയസമുദായത്തിന് സമൂഹത്തിലെ ചെറുത്തുനില്പ് അനിവാര്യമായിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ തങ്ങളുടെ കഴിവ് തെളിയിച്ചുകൊടുക്കുക എന്നത് അവരുടെ ആവശ്യമായിരുന്നു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"ആറുഭാഗങ്ങൾ ചേർന്നതാണ് പീക്കി.
1. ഞാനപ്പുല്ല് (നറുക്ക്) 2. കോഴിറാക്ക (കോഴിത്തൂവലിന്റെ തണ്ട്) 3. ആനക്കാല് (കാന്താരിമുളകിന്റെ തണ്ട് ചെത്തി ഉണ്ടാക്കുന്നത്) 4. അള്ള് (പാലമരം ചെത്തി ഉണ്ടാക്കുന്നത്). 5. തണ്ട് (പാലമരം), 6. കൊട (പാലമരം). തണ്ടിന് ഒരുചാൺ നീളം എന്നാണ് കണക്ക്. ആറു കണ്ണുകൾ (ദ്വാരങ്ങൾ) കുഴലിനുണ്ടാകും. കൊട്ടയ്ക്ക് രണ്ടിഞ്ച് നീളവും 10 ഇഞ്ച് വ്യാസവും ഉണ്ടാകും. ഈ ആറുഭാഗങ്ങളും നൂലുകൊണ്ട് ബന്ധിച്ചിരിക്കും. അതിനാൽ വീണുപോകില്ല. എല്ലാ ഭാഗങ്ങളും ചെത്തിയുണ്ടാക്കുന്നത് ഇരുളർതന്നെയാണ്. ഉണ്ടാക്കിയതിനുശേഷം 'പാതിമ്പറത്ത്' കെട്ടിയിടുന്നു. പുകകൊണ്ട് തണ്ടും കുടയും കറുത്തുവരും. പിന്നെ കുത്തിപ്പോകയോ കേടുവരികയോ ചെയ്യില്ല. കുടയിലും തണ്ടിലും ആനക്കാലിലും ചെറിയ അലങ്കാരങ്ങൾ ചെയ്യാറുണ്ട്. പുഴയോരത്തുള്ള ഒരുതരം പുല്ലാണ് ഞാനപ്പുല്ല്. ഇതു ചുണ്ടിൽവെച്ച് വായിക്കുവാൻ ഉപയോഗിക്കുന്നു. പുല്ലു നനയുമ്പോഴാണു ശബ്ദം വരുന്നത്.പീക്കിയുടെ ശബ്ദതന്ത്രം പ്രത്യേകരീതിയിലുള്ളതാണ്. ഒരേ സമയത്ത് കാറ്റ് ഉള്ളിലേക്കു വലിക്കുവാനും പുറത്തേക്കു നിയന്ത്രണത്തോടെ വിടുവാനും സാധിക്കണം. എന്നാലേ ഇത് വായിക്കാനാകൂ. പാട്ടിന്റെ വരികളുടെ രീതിക്കൊത്ത് പീക്കി വായിക്കുന്നു.
പീക്കിയെപ്പറ്റി ചില മന്ത്രവാദവിശ്വാസങ്ങൾ ഇവർക്കുണ്ട്. ദൈവ വിശ്വാസത്തോടെയാണ് പീക്കി വായിക്കുന്നത്. ആരെങ്കിലും ദുർമന്ത്രവാദം ചെയ്തിട്ടുണ്ടെങ്കിൽ വായിക്കുവാൻ കഴിയുകയില്ല. പുല്ല് തൊണ്ടയിൽ കുടുങ്ങും. ഇരുളർ ഊതുന്നസമയത്ത് ഇത് തിരിച്ചറിയുന്നു. പിന്നെ മറുമന്ത്രം ചൊല്ലിക്കഴിഞ്ഞേ ഇത് വായിക്കുകയുള്ളൂ. അട്ടപ്പാടി ഷോളയൂരിലെ വയലൂർ ഗ്രാമത്തിലെ മാരി, പെരുമാൾ എന്നിവർ നന്നായി പീക്കി വായിക്കുന്നവരാണ്.' ഇരുളർ പാട്ടുപാടി നൃത്തംവയ്ക്കുമ്പോൾ ആ പാട്ടിന് ശരിയായ പക്കവാദ്യമായി പിക്കി ഊതുന്നതും കേൾക്കുമ്പോൾ അവരുടെ സംഗീതവാസനയിൽ അതിശയിച്ചുപോകും. സുഷിരവാദ്യമായ പീക്കി കേരളത്തിലെ കുറുംകുഴലിൻ്റെ ആകൃതിയിലുള്ളതാണ്. ചിലത് ഏതാണ്ട് പറയരുടെ കുഴലിന്റെ വലിപ്പത്തിലുള്ളതാണ്. അട്ടപ്പാടി പ്രദേശത്തുള്ള കുഴൽ ചെറുതാണ്. തലപ്പത്തു വയ്ക്കുന്ന കിണ്ണം പല വലിപ്പത്തിലുണ്ട്. പാലമരം മുറിക്കുന്നതിന് നാള്, പക്കം എന്നിവ നോക്കാറുണ്ട്. കമ്പി പഴുപ്പിച്ചാണ് മരം തുളച്ചു കുഴലാക്കുന്നത്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"മൂന്നു കല്ലുകൊണ്ട് അടുപ്പുകൂട്ടി, മൂന്നു സുമംഗലികളായ നസ്രാണി സ്ത്രീകൾ മുറുക്കിച്ചുവപ്പിച്ച്, മൂന്നുകാതുള്ള ചെമ്പിൽ വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച്, കൊമ്പോറത്തിൽ നെല്ല് ചൊരിഞ്ഞ്, പാട്ടുകൾ പാടി നെല്ല് പുഴുങ്ങുവാൻ തുടങ്ങുന്നു. ആദ്യം പാടുക മാർത്തോമ്മൻ പാട്ടായിരിക്കും. വിവാഹത്തിൻ്റെ ചടങ്ങുകൾക്കുമാത്രമല്ല എല്ലാ മംഗളകർമ്മങ്ങൾക്കും ആരംഭമായി മാർത്തോം പാട്ട് പാടിത്തുടങ്ങും. പിന്നെയങ്ങോട്ട് വട്ടത്തിൽ നിന്ന് സ്ത്രീകളെല്ലാവരും കൂടി കൈകൊട്ടി കല്യാണപ്പാട്ടുകൾ പാടിത്തിമിർക്കും. കുന്ദങ്കുളത്തും തൃശൂരും ഇരിങ്ങാലക്കുടയിലും പ്രാദേശികമായി വളരെ ഉത്സാഹത്തോടും ആഘോഷത്തോടും കൂടിയാണ് വിവാഹം കൊണ്ടാടിയിരുന്നത്. പിറ്റേന്നത്തെ ആഴ്‌ചയിൽ ഇതുപോലെ ഉണങ്ങല്ലു കുത്തുമ്പോഴും വിവാഹത്തിൻ്റെ പ്രത്യേക പലഹാരമായ 'ഉണ്ട' പിടിക്കുമ്പോഴും സ്ത്രീകൾ കല്ല്യാണപ്പാട്ടുകൾ പാടി മേളം കൂടിയിരുന്നു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കല്യാണച്ചടങ്ങുകൾക്കു കൊഴുപ്പുകൂട്ടുന്നത് ഈ സ്ത്രീപ്പാട്ടുകളാണ്. കല്യാണത്തിൻ്റെ തലേദിവസം രാത്രിയിൽ നിരവധി ചടങ്ങുകളുണ്ട്. എല്ലാ ക്രിസ്‌തീയ വിഭാഗങ്ങളും ഒരുമയോടെ പാട്ടുകൾ പാടി ചടങ്ങുകൾക്ക് മാറ്റു വർദ്ധിപ്പിച്ചിരുന്നു. നെല്ലും നീരും വീഴ്ത്തൽ, ഉണങ്ങല്ലുകുത്തൽ, എണ്ണകുളി, അന്തം ചാർത്ത്, മധുരം വെയ്ക്കൽ, താലിവെയ്ക്കുക തുടങ്ങിയ അനേകം ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുമ്പോഴും ഈ കല്യാണപ്പാട്ടുകൾ സ്ത്രീകൾ പന്തലിൽ പാടിക്കൊണ്ടേയിരിക്കും. വടക്കുംഭാഗരുടെ ഈ പാട്ടുകൾക്കു സമാനമായി തെക്കുംഭാഗരുടെ ഇടയിലും കല്യാണപ്പാട്ടുകളും ചടങ്ങുകളും ഉണ്ട്.
മലയാളസാഹിത്യത്തിലെ പ്രാചീനപാട്ടുകളിൽ കാണുന്ന ഭാഷാ ശൈലിതന്നെയാണ് ഈ ക്രിസ്‌തീയപാട്ടുകളിലും കാണുന്നത്. ഗാനാത്മകവൃത്തമാണ് ക്രിസ്‌തീയ പാട്ടുകളിൽ സ്വീകരിച്ചിട്ടുള്ളത്. മംഗല്യപ്പാട്ടുകൾ രചനകൊണ്ടു മധുരമാണ്. കഠിനപദങ്ങളോ പരുഷപദങ്ങളോ രചനയിൽ ഇല്ല. കേൾക്കാൻ ഇമ്പമുള്ളവയാണ് ഈ പാട്ടുകൾ. നാടോടി സാഹിത്യത്തിൻ്റെ ചൈതന്യം അതിന്റെ ഗാനാത്മകതയാണെന്നു കാണാം. പ്രകൃതിയിൽനിന്ന് പാഠങ്ങൾ പഠിക്കുകയും അത് പാട്ടുകളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികൾ മതപരമായി ക്രൈസ്‌തവരും സാംസ്‌കാരികമായി ഭാരതീയരും ആരാധനാപരമായി പൗരസ്ത്യരുമാണ്. ഈ പ്രദേശത്തിന്റെ സവിശേഷ പാരമ്പര്യങ്ങളും ജീവിതശൈലിയും മംഗല്യപ്പാട്ടുകളിൽ (കല്യാണപ്പാട്ടുകളിൽ) പ്രതിഫലിക്കുന്നുണ്ട് എന്നതു കൗതുകം ജനിപ്പിക്കുന്ന വസ്‌തുതയാണ്. തലമുറകൾ കൈമാറി പാടിവന്ന ഈ പാട്ടുകൾ നാടിൻ്റെ ഉണർത്തുപാട്ടുകളാണ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"തുളകളുള്ള വാദ്യങ്ങളിൽ പുല്ലാങ്കുഴൽ, കുറുങ്കുഴൽ എന്നിവ പെടുന്നു. ഇവ പാട്ടിനു പക്കവാദ്യമായി കൂടുതൽ ഉപയോഗപ്പെടുത്തുന്നു. കേരളത്തിലെ കുറുങ്കുഴൽ ചെണ്ടമേളത്തിൽ താളവാദ്യമായും ഉപയോഗപ്പെടുത്തുന്നുണ്ട്. ഘനവാദ്യങ്ങളിൽ ചേങ്ങില, ഇലത്താളം, കോലാട്ടത്തിനുള്ള കോല്, ചിലമ്പ്, പലതരം കിലുക്കങ്ങൾ, മുളങ്കുറ്റിയിൽ കോലുകൊണ്ടു തട്ടി ശബ്ദമുണ്ടാക്കപ്പെടുന്നവ എന്നു തുടങ്ങി പലതും കാണാം. ഇവയിൽ അപൂർവ്വം ചിലതൊഴിച്ച് ബാക്കി എല്ലാംതന്നെ താളത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.
ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ തുകൽ പൊതിഞ്ഞ വാദ്യങ്ങളാണ് കൂടുതലെന്നു പറഞ്ഞല്ലോ. തുകലും മരവും കിട്ടുവാൻ അവർക്ക് കൂടുതൽ സൗകര്യമുള്ളതുകൊണ്ടായിരിക്കാം അത്. കേരളത്തിൽ ഈ ഇനത്തിൽപ്പെട്ടവയുടെ എണ്ണം കാണുമ്പോൾ അതിശയിച്ചു പോകും. ഒരേതരത്തിലുള്ള വാദ്യങ്ങൾ പല വർഗ്ഗക്കാരുടെ ഇടയിൽ പലപേരിലായിരിക്കും. കേരളത്തിലെ ഇരുളരുടെ വാദ്യങ്ങളെപ്പറ്റിയുള്ള ചില വിവരങ്ങൾ നോക്കാം. പാലക്കാട് അട്ടപ്പാടി പ്രദേശത്താണ് ഇരുളർ കാണപ്പെടുന്നത്. അവിടെത്തന്നെയുള്ള വേറേ രണ്ടു വർഗ്ഗക്കാരാണ് മുഡുഗരും കുറുമ്പരും. അട്ടപ്പാടിക്ക് തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലെ നീലഗിരി മലയിലും കർണ്ണാടകത്തിലും ഇവരെക്കാണാം. ഭാഷ പഴങ്കാലത്തമിഴും കന്നടയും മിശ്രമായ ഒന്നാണ്. ഇവരുടെ ഇടയിൽ വിവാഹം, ഉത്സവം, കരടിനൃത്തം, കൊളസ്, വിത, മരണം മുതലായ പലേ ചടങ്ങുകളിലും പാട്ടും നൃത്തവും ഉണ്ട്. ഊരുകളിലെ എല്ലാ ആദിവാസികളും പങ്കെടുക്കുന്ന അനുഷ്‌ഠാനങ്ങളാണ് അവർ ക്കുള്ളത്. നരവംശശാസ്ത്രരീത്യാ നോക്കുമ്പോൾ സംഗീതവും ആട്ടവും അവരുടെ ജീവിതത്തിൻ്റെ ഭാഗമായി കാണാം. ആചാരവിശ്വാസങ്ങളോടെ അവ കാത്തുസൂക്ഷിക്കുന്നു. ഗോത്രത്തിൻ്റെ തനിമയും ഐക്യബോധവും നിലനിർത്തുന്നത് ഇത്തരം വാദ്യങ്ങളാണ്. പിക്കി, മങ്കെ, പെറ, മത്തളം എന്നിവയാണ് ഇരുളർക്കുള്ള പ്രധാന സംഗീതോപകരണങ്ങൾ. ഡോ. ബി.സി. ദേവ' എന്ന സംഗീതജ്ഞൻ തമിഴ് നാട്ടിൽ നീലഗിരിയിലെ ഇരുളവാദ്യങ്ങളെപ്പറ്റി, "അവർ ഘനവാദ്യങ്ങൾ ഉപയോഗിക്കുന്നില്ല എങ്കിലും ഉണക്കിയ ചില കായ്കൾ അവരുടെ അരയിൽ കെട്ടി കളിക്കുമ്പോൾ കായ്‌കളിലെ കുരുക്കൾ ശബ്ദമുണ്ടാക്കി താളത്തിനു മിഴിവു കൂട്ടുന്നു" എന്നു പറയുന്നു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" വലയാണ് മീൻപിടുത്ത ഉപകരണങ്ങളിൽ മുഖ്യം. പട്ടുവല, കോരുവല, വീശുവല, ചരുമുടിവല, കൊട്ടൻവല എന്നിങ്ങനെ പല തരത്തിലുള്ള വലകളുണ്ട്. പിടിക്കുന്ന മീനിൻ്റെ സ്വഭാവത്തെയും രീതിയുടെ വ്യത്യാസത്തെയും ആശ്രയിച്ചാണ് ഇവ വ്യത്യസ്തമാകുന്നത്. കണ്ണിയുടെ വലിപ്പത്തെ ആധാരമാക്കി ഈ വലകളെ പൊതുവെ 'പറ്റിയ'തെന്നും 'തെളിഞ്ഞ'തെന്നും പറയാറുണ്ട്. വലിപ്പം കുറഞ്ഞത് പറ്റിയതും കൂടിയത് തെളിഞ്ഞതും. തെരുപ്പൻകൊഞ്ചിനെ (നാരനല്ല) യും ചെറുമത്സ്യങ്ങളെയും പിടിക്കുവാൻ വീശുവല (മൊരവലയും) ഉപയോഗിക്കും. 'ചൂട'യ്ക്ക് ചരുമുടി. തേടിനു മാത്രമായി കൊട്ടൻവലയുണ്ട്. വലിയ തെളിഞ്ഞ വലയിലാണ് മാലപോലുള്ള മീനുകൾ പെടുക. ഇപ്പോൾ മില്ലിമീറ്റർ കണക്കുകളിലാണ് (നമ്പർ) കടകളിൽ വലകൾ അറിയപ്പെടുന്നത്. നൈലോൺ നൂലുകൊണ്ടും ഫൈബർ നാരുകൊണ്ടുമുള്ള വലകൾ (വൈശാലി) എന്നും മറ്റും പേരുള്ള ഇന്നു ലഭ്യമാണ്.
വല നെയ്യുന്നതിനുള്ള നാട്ടറിവും ഉപകരണങ്ങളും പഴയ തലമുറയ്ക്കുണ്ടായിരുന്നു. പഞ്ഞി (കോട്ടൻ) നൂലുകൊണ്ടാണ് അന്ന് വലയുണ്ടാക്കിയിരുന്നത്. സ്ത്രീകളുടെ തൊഴിലായും വിശ്രമസമയങ്ങളിലെ ധനാഗമനമാർഗമായും ഇതു ചെയ്‌തിരുന്നു. ഓരോ വീട്ടിലും നിർമ്മിക്കുന്ന വലയുടെ കഷണങ്ങൾ തുന്നിച്ചേർത്ത് വലിയ വലയാക്കുകയായിരുന്നു പതിവ്. കടകളിൽനിന്നും ലഭിക്കുന്ന നൂൽ (അപൂർവ്വമായി ചർക്കയിൽ നൂൽ തെറുക്കുന്ന സ്ഥലങ്ങളും ഉണ്ടായിരുന്നു) ഉപയോഗിച്ച് വല നെയ്യുകയായിരുന്നു പതിവ്. 'മാല്' കെട്ടുക എന്നാണ് ഇതിനു പറയുക. കായലിൻ്റെ ഇറക്കം (ആഴം) അനുസരിച്ച് കണ്ണികളുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. 'മാലു' കെട്ടുവാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ 'തുപ്പി'യും 'പടി'യും 'സൂചി'യുമാണ്. 'പടി' എന്നത് ഓലമടലിൽനിന്നും ചീന്തിയെടുക്കുന്ന പോളയാണ്. ഇതിനു നിശ്ചിത അളവുണ്ടാകും. ഈ അളവിൻ്റെ പെരുക്കങ്ങളായിട്ടാണ് കണ്ണികൾ കെട്ടുക. ഇത് മാലിൻ്റെ വീതിയായി ഗമിക്കും. കണ്ണികളുടെ എണ്ണവും അകലവും തിട്ടപ്പെടുത്തുന്ന തോതാണ് പടി. നീളം അളക്കുന്ന തോത് 'മാറാ'ണ്. കണ്ണികൾ താഴേക്ക് കൂട്ടിച്ചേർത്ത് 'മാറ്' ആവശ്യാനുസരണമാക്കാം. ഒരു മാറ് മാലിന് ഇത്ര വില എന്നാണ് കണക്ക്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"ഏഴേമുക്കാൽ, എട്ടേകാൽ, ഒമ്പതേകാൽ കണക്കിനുള്ള വള്ളങ്ങളാണ് മിക്കപ്പോഴും ഉപയോഗിക്കുക. ഈ ചെറുവള്ളങ്ങൾ ഒറ്റ തടിയിൽ തുരന്നുണ്ടാക്കുന്നവയാണ്. മാവിന്റെ തടിയാണ് ഉപയോഗിക്കുക. മൂന്നു പടികളാണ് ഇവയിൽ സാധാരണം. മീൻ പിടിക്കാനുപയോഗിക്കുന്ന വീശുവള്ളത്തിനു സാധാരണ രണ്ടു പടികളും നടുക്കു തുളയുള്ള പായ്‌പടിയും കാണും. പായ്പടി സ്ഥിരമായിപിടിപ്പിച്ചിട്ടുള്ളതല്ല. ദൂരയാത്രയ്ക്കു മാത്രം ഉപയോഗിക്കും. ഓടിവള്ളം, മീൻകച്ചവടക്കാരും മറ്റും ഉപയോഗിക്കുന്നവ എന്നിവയ്ക്ക് സ്ഥിരമായി മൂന്നു പടികൾ ഉണ്ടാവും. അമരം, അണിയം എന്നിങ്ങനെയാണ് ഇവയുടെ അഗ്രങ്ങൾക്ക് പേര്. ഏകദേശം രണ്ട് - രണ്ടര അടിയോളം ഉൾഭാഗം ഉണ്ടായിരിക്കും. വള്ളത്തിനു ബലം നൽകുന്നതിനുള്ള ആറോളം മണിക്കാലുകളും അകത്ത് കാണാം. ചാള (മീൻ) നെയ്യും കശുവണ്ടിക്കറയും വള്ളത്തിൽ വർഷാവർഷം തേയ്ക്കാറുണ്ട്. തടിക്ക് കേടുകൂടാതിരിക്കാനാണ് ഇതു ചെയ്യുന്നത്. ചിലപ്പോൾ മരോട്ടിയെണ്ണയും പെട്രോളും ഇതിനുപുറമേ നല്‌കും. ആശാരിമാരല്ല വള്ളം നിർമ്മിക്കുന്നതെന്ന പ്രത്യേകതയും ഇവിടെ പറയേണ്ടതുണ്ട്. വലിയ മഴു ഉപയോഗിച്ചുള്ള പണിയാണ് ആദ്യഘട്ടത്തിലേത് എന്നതിനാലാവാം മരംവെട്ടുകാരായ വിദഗ്ദ്ധരാണ് ഇത്തരം ജോലികൾ മിക്കവാറും ചെയ്യുക. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
ഈ പുരാവൃത്തങ്ങളുടെ വിശകലനം ചില ഭൗതിക യാഥാർത്ഥ്യങ്ങളിലേക്കു നയിക്കും. പൂമാല ഭഗവതി ജൈനാധിവാസത്തിൻ്റെ പ്രതീകമാവാമെന്ന് മുകളിൽ സൂചിപ്പിച്ചുകഴിഞ്ഞു. കഥയുടെ ആദ്യഘട്ടം കപ്പൽ ഏഴിമലയിൽ ('എടത്തൂരഴി') അടുക്കുന്നതോടെ അവസാനിക്കുന്നു. രണ്ടാംഘട്ടം തുടങ്ങുന്നത് കവ്വായി കായലിലാണ്. പയ്യന്നൂരിനു പടിഞ്ഞാറ് കടലിൽ വീതികുറഞ്ഞ് 20 കി.മീറ്ററോളം നീളത്തിൽ ഒരു ദ്വീപുണ്ട് (ഇപ്പോൾ വലിയപറമ്പ് പഞ്ചായത്ത്). ഈ ദ്വീപിനും വൻകരയ്ക്കുമിടയിലാണ് കവ്വായിക്കായൽ. കിഴക്കുനിന്നൊഴുകിവരുന്ന പെരുമ്പുഴ, കവ്വായിപ്പുഴ, രാമപുരം പുഴ എന്നിവ കവ്വായി കായലിൽ ചെന്നുചേരുന്നു. കായൽ കടലിലേക്കു തുറക്കുന്ന അഴിമുഖങ്ങൾ രണ്ടുണ്ട്. കുറുകെ ഒഴുകുന്ന പുഴകളും കാടുകളും നിമിത്തം കാൽ നടയായിപ്പോലും ജനപദങ്ങൾക്ക് അന്യോന്യം ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയിൽ ഈ കായൽ വലിയൊരു സമ്പർക്കോപാധിയായിരുന്നുവെന്ന് ഊഹിക്കാം. കായലിൽ വന്നുചേരുന്ന പുഴകളിലൂടെ ഉൾനാടുകളിലേക്ക് പ്രവേശം ലഭിക്കുന്നു. ഇത്തരം പ്രാന്ത പ്രദേശങ്ങൾക്ക് പരദേശങ്ങളുമായി ബന്ധപ്പെടാൻ കവ്വായിക്കായലും അപ്പുറം ഏഴിമല തുറമുഖവുമാണ് അക്കാലത്തു സഹായമായിരുന്നത്. ഇത്തരമൊരു ചുറ്റുപാടിൽ മർമ്മപ്രധാനമായൊരു സ്ഥാനത്ത് കൊള്ളക്കൊടുക്കലുകൾക്കൊരു കേന്ദ്രം സ്വാഭാവികമായും രൂപപ്പെടുന്നു. അങ്ങനെയൊന്നുണ്ടാവാൻ ചരിത്രം തെരഞ്ഞെടുത്ത സ്ഥാനമായിരുന്നു ഇന്നു കവ്വായി എന്നറിയപ്പെടുന്ന സ്ഥലം. ഒരു വശത്ത് കവ്വായിപ്പുഴയും മറുവശത്ത് കായലുമായി കവ്വായിയെ ഒരു അർദ്ധദ്വീപാക്കി മാറ്റിയിരിക്കുന്നു.കായലിൽനിന്ന് കടലിലേക്ക് ഉണ്ടായിരുന്ന അഴി പണ്ട് അടഞ്ഞു. പോയി എന്നിങ്ങനെ ചിലത് അക്കൂട്ടത്തിൽപെടുന്നു. ഏതായാലും കവ്വായികോട്ട ചരിത്രത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയി ട്ടുണ്ട്. ഇക്കേരിനായ്ക്കന്മാരും കോലത്തിരിമാരും ഇംഗ്ലിഷുകമ്പനിയുമൊക്കെ കവ്വായികോട്ടയ്ക്കുവേണ്ടി ധാരാളം ജീവൻ ബലികൊടുത്തിട്ടുണ്ട്. അളവുകാര്യത്തിൽ ഒരുകാലത്ത് പ്രചരിച്ചിരുന്ന 'കവ്വായിപറ'യും 'കവ്വായിസേറും' മറ്റും കച്ചവടരംഗത്ത് കവ്വായിക്കുണ്ടായിരുന്ന പ്രാമാണ്യം തെളിയിക്കുന്നു. കവ്വായി എന്ന ദേശനാമം തന്നെ ഉപരി ചിന്തയ്ക്കുള്ളൊരു ആശയം ഉൾക്കൊള്ളുന്നതായി തോന്നുന്നു. നീതിപീഠത്തെ കുറിക്കാൻ തമിഴ്‌സംഘകൃതികളിൽ 'അവൈ' എന്നൊരു പദം പ്രയോഗിച്ചിരുന്നതായി സംഘകൃതികളിൽ പഠനം നടത്തുന്ന പുലിക്കോടൻ നാരായണൻ പറയുന്നു.' തമിഴിൽ കോവൈ എന്ന സ്ഥലനാമമുണ്ടായത് അങ്ങനെയാണത്രേ: കൊ+അവൈ= കോവൈ. മലയാളരീതിയിൽ കവ്വായി ആവാം. അങ്ങനെയാണെങ്കിൽ പയ്യന്നൂർ പാട്ടിലെ കച്ചിൽ പട്ടണത്തിൻ്റെ അവശിഷ്ടമായി കവ്വായിയെ കാണാവുന്നതാണ്.
ഏതായാലും കവ്വായിക്കായലിലെ കപ്പൽചാലിലൂടെ, കവ്വായി പുഴയിലൂടെ കുളങ്ങാട്ടുമലയിൽ അവസാനിച്ച ഏതോ ചരിത്രസംഭവത്തിലൂടെ രൂപംകൊണ്ട വംശസ്‌മൃതികൾ അനുഗ്രഹദായിനിമാരായ ദേവിമാരെയും ചില ദേവന്മാരെയും കോലത്തുനാട്ടിന്നു സമ്മാനിക്കുകയുണ്ടായി. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
വസ്ത്രധാരണരീതിയും ആഭരണധാരണവും ശരീരകാന്തിയെ എടുത്തുകാട്ടുന്ന ഘടകങ്ങളാണ്. മുൻകാലങ്ങളിൽ അണപ്പുടവ, ദേവിരി, കരയുള്ളപുടവ, പട്ട്, ചിറ്റാട, വെളുമ്പൻ തുടങ്ങിയ വസ്ത്രങ്ങളാണു ധരിച്ചിരുന്നത്. ഇത്തരം പട്ടുകളെക്കുറിച്ചും മറ്റു വസ്ത്രങ്ങളെക്കുറിച്ചും നാടൻപാട്ടുകളിൽ വർണിക്കുന്നുണ്ട്. 'പുലസ്യം അണിഞ്ഞാലേ നായരാവൂ' എന്ന ചൊല്ലിൽനിന്നും അന്നത്തെ പടയാളികൾ 'പുലസ്യം' എന്ന പട്ട് അരയിൽ കെട്ടിയിരുന്നെന്നു വ്യക്തമാകുന്നു. ജാതി-മത വർഗ വ്യത്യാസം അനുസരിച്ച് വസ്ത്രങ്ങൾക്കും ധാരണരീതിക്കും മാറ്റമുണ്ടായതായി പഴമക്കാർ പറഞ്ഞു കേൾക്കാം. ഇന്നത്തെ കാലത്ത് ശരീരത്തിനു യോജിച്ച വസ്ത്രധാരണരീതി ഏവർക്കും സ്വീകരിക്കാൻ സാധിക്കുന്നു.
ശിരസ്സുതൊട്ട് കാല്പാദംവരെ വിവിധ ആഭരണങ്ങൾ മുൻകാലങ്ങളിൽ അണിഞ്ഞുവന്നിരുന്നു. ഇതു മെയ്യഴകിനെ വർദ്ധിപ്പിക്കുന്നതുമായിരുന്നു. കരടിവാല്, സ്വർണപ്പൂവ് തുടങ്ങിയവയാണ് കേശാലങ്കാരങ്ങളിൽപ്പെടുന്നത്. മൂക്കിൽ മിക്കവരും മൂക്കുത്തി അണിയാറുണ്ട്. പറ്റൽ മൂക്കുത്തി, ഞെറ്റൽ മൂക്കുത്തി തുടങ്ങിയവ മുഖസൗന്ദര്യം കൂട്ടുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്നു. ചില ആദിവാസിസ്ത്രീകൾ പിച്ചളയുടെ വള മൂക്കിനും കാതിനും ഇടുന്നതും കാണാം. പുരുഷന്മാർ കുണ്ഡലം, ഒറ്റക്കടുക്കൻ, ഇരട്ടക്കടുക്കൻ, വള്ളിക്കടുക്കൻ, പട്ട തുടങ്ങിയ കർണാഭാരണങ്ങളും സ്ത്രീകൾ പനയോല, തക്ക, തോട, സ്വർണഓല, ചുവന്ന ഓല തുടങ്ങിയവയും കാതുകളിൽ ധരിച്ചു വന്നു. ഇന്ന് ഇവയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കയാണ്. മേൽക്കാത് കുത്തുന്ന പതിവും നിലനിന്നിരുന്നു.
പരന്ന സ്വർണവള, ചെമ്പുകൊണ്ടോ സ്വർണംകൊണ്ടോ ഉള്ള കാപ്പ്, മുഴ വള, വെള്ളികൊണ്ടുള്ള കച്ചുവള, ചതുക്ക് ഒറ്റവള, ചതുക്ക് ഇരട്ട വള, വെള്ളിപ്പൂട്ടുവള, രാമായണം കൊത്തിയ വള, ഭാരതം കൊത്തിയ വള, കുപ്പിവള, തരിവള, മോഴവള എന്നിങ്ങനെ വിവിധ തരം വളകളാണ് സ്ത്രീകളുടെ കൈകളെ അലങ്കരിക്കുന്നത്. കഴുത്തിൽ മിഡിൽ, ധാരമണി, ഇളക്കത്താലി, കമിഴ്ത്തിത്താലി, കവണ ത്താലി, മലത്തിത്താലി, പപ്പടത്താലി, കുമ്പളത്താലി, പൊക്കൻതാലി, നാഗഫണത്താലി, ചെറുതാലി, പൂത്താലി, പൊക്കിളത്താലി, കല്ലുവെച്ചതാലി തുടങ്ങിയ വിവിധതരം താലികളും മാങ്ങാമാല, മുല്ലമാല, കുരുമുളകുമാല, കാശുമാല, കരിമണിമാല, തുളസിമാല, ചളുങ്കുമാല, രുദ്രാക്ഷമാല എന്നിങ്ങനെയുള്ള മാലകളും രക്ഷായന്ത്രങ്ങൾ, അഷ്ടിക, ചെത്ത് അഷ്ടിക, വെള്ളി നൂല്, പച്ചക്കല്ല്, ഏലസ്സ്, കുന്തം, മണി, പവൻ, കാക്കാസ്, അരക്കാശ്, കാശ്, പത്താക്ക്, പുലിനഖം തുടങ്ങിയവയും മുൻകാലങ്ങളിൽ ധരിച്ചിരുന്നു. പീഠമോതിരം, തടമോതിരം, ക്ലാവർമോതിരം, പൂട്ടുമോതിരം, കല്ലുവെച്ച മോതിരം, പവിത്രമോതിരം, ഉരുട്ടുമോതിരം, ചതുക്കുമോതിരം, ചുറ മോതിരം എന്നിങ്ങനെ മോതിരങ്ങളും വൈവിധ്യമാർന്നവയാണ്. കാൽവിരലിലിടുന്ന വെള്ളിമോതിരമാണ് മിഞ്ച് (കാലുങ്കുറ). ഇതു കാലിലെ ചുണ്ടംവിരൽ കഴിഞ്ഞ വിരലിലാണ് ഇടുന്നത്. കാലിലെ കാപ്പാട (പാദസര)വും അരയിലെ അരഞ്ഞാണവും വെള്ളി, സ്വർണം എന്നിവയിൽ നിർമ്മിക്കുന്നവയാണ്.
വസ്ത്രധാരണരീതി, ആഭരണങ്ങൾ, അലങ്കരണങ്ങൾ എന്നിവയാൽ മെയ്യഴക് വർദ്ധിപ്പിക്കാൻ സാധിക്കും. മിക്ക നാടൻപാട്ടുകളിലും ഇവയെക്കുറിച്ച് പ്രതിപാദിക്കുന്നതു കാണാം. പഴമക്കാരുടെ ഉപദേശങ്ങൾ നമ്മുടെ ശരീരസൗന്ദര്യത്തെയും മാനസികശുദ്ധിയെയും വർദ്ധിപ്പിക്കുകതന്നെ ചെയ്യും."
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"കേരളത്തിൻ്റെ ആഹാരക്രമം ചോറും നാലുകൂട്ടം കൂട്ടാനും ഇഞ്ചിത്തൈരുമായിരുന്നു. ഈ നാലുകൂട്ടം കൂട്ടാന്റെ കാര്യത്തിൽ കാണുന്ന ഒരു പ്രത്യേകത അവയിലെല്ലാം നാളികേരം സുലഭമായി ചേർക്കുന്നുവെന്നതാണ്. കാളനിൽ പകുതിയും നാളികേരമാണ്. ചേന, കായ, തൈര്, കുരുമുളക് എന്നിവയാണ് മറ്റു ഘടകങ്ങൾ. എല്ലാം കേരളീയവും പോഷകസമ്പന്നവുമാണ്. ഓലനിൽ പകുതിയോളം തേങ്ങാപ്പാലാണ്. എളവൻ മാത്രമാണ് അതിലെ കഷണം. ശരീരത്തിനത്യാവശ്യമായ ക്ഷാരാംശം ഇതിൽനിന്നു ലഭിക്കും. എരിശ്ശേരിയിലും ധാരാളം നാളികേരവും വെളിച്ചെണ്ണയും ചേർക്കുന്നു. അവിയലിലും നാളികേരം പ്രധാനമാണ്. ഊർജ്ജപ്രദാനത്തിനായി തയ്യാറാക്കുന്ന മധുരക്കറി പ്രഥമനാണ്. അതിലും നാളികേരപ്പാലിനാണു പ്രാധാന്യം കല്പിച്ചിരിക്കുന്നത്. ഇപ്പോൾ പ്രചാരത്തിൽ വന്നിരിക്കുന്ന പാൽപ്പായസവും പാലടപ്രഥമനും കേരളീയമല്ല. പശുവിൻപാലിന് കേരളീയ ഭക്ഷണത്തിൽ സ്ഥാനമില്ല. തൈരുമാത്രമേ ഉപയോഗിക്കാറുള്ളൂ. കേരളീയ ഭക്ഷണത്തിലെ പ്രസിദ്ധമായ വിഭവം ഇഞ്ചിത്തൈരാണ്. ഇഞ്ചിയും ഉപ്പും തൈരുമാണ് ഘടകങ്ങൾ (മുളക് പുതിയ പരിഷ്കാരമാണ്). ഇഞ്ചി ദീപനത്തിന്, അത്യുത്തമമാണ്. ഇപ്പോൾ സദ്യകൾക്കു പതിവുള്ളപോലെ ഒരു തുള്ളി ഇഞ്ചിത്തൈരല്ല കേരളീയരീതി. ഭക്ഷണാവസാനത്തിൽ തൈരുകൂട്ടുന്ന സ്ഥാനത്താണ് ഇഞ്ചിത്തൈര് ഉപയോഗിച്ചിരുന്നത്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"പഴുത്തമാങ്ങയും പഴുത്ത ചക്കയും ജനങ്ങളുടെ ഇഷ്ടഭോജ്യങ്ങളാണ്. ചക്കയിൽ പഴംചക്കയെക്കാൾ വരിക്കച്ചക്കയാണു മെച്ചപ്പെട്ടത്. കൂടുതൽ ഉപയോഗിക്കുന്നതും അതുതന്നെ. പഴുത്തമാങ്ങ ഉപയോഗിച്ച് പുളിശ്ശേരി വയ്ക്കാറുണ്ട്. കൂടാതെ, പഴുത്ത മാങ്ങ പിഴിഞ്ഞെടുത്തു നാളികേരവും മുളകും അരച്ചു ചേർത്ത്, കടുകും മുളകും വറുത്തിട്ട് മാങ്ങാപ്പച്ചടിയും ഉണ്ടാക്കിവരുന്നു. പഴുത്ത മാങ്ങ ചെറുതായി നുറുക്കി നാളികേരവും കടുകും അരച്ചുചേർത്ത് 'പിരക്കും' ഉണ്ടാക്കാം. കടുക് അധികം അരയരുത്.
പഴുത്തമാങ്ങ പിഴിഞ്ഞ് പാളയിലോ ഓലപ്പായയിലോ ഒഴിച്ച് നിരപ്പാക്കി വെയിലത്തുണക്കും. ഈ പ്രവൃത്തി അനേകം ദിവസം ആവർത്തിക്കുമ്പോൾ കട്ടികൂടിയ പൊളിയായി അടർന്നു കിട്ടും. ഇതാണ് 'മാങ്കാച്ചി' (മാങ്കച്ച്). വളരെക്കാലം കേടുകൂടാതെ ഇതു സൂക്ഷിക്കുവാൻ കഴിയും. തേങ്ങാപ്പൂളും മാങ്കാച്ചും കൂടി തിന്നുന്നത് രുചികരമാണ്. മാങ്ങ ലഭിക്കാത്ത കാലങ്ങളിൽ മാങ്കാച്ചി അരച്ചു പച്ചടി ഉണ്ടാക്കാറുണ്ട്. മാങ്കാച്ചി പായയിൽനിന്നും മറ്റും അടർത്തിയെടുത്താൽ നാലോ അഞ്ചോ വിരൽ വീതിയിൽ നീളത്തിൽ മുറിച്ചെടുക്കും. അവ പുതുക്കലത്തിലാണു സൂക്ഷിച്ചുവയ്ക്കുക.
വരിക്കച്ചക്ക വെല്ലം ചേർത്തു വേവിച്ച് വറുട്ടിയെടുത്തു സൂക്ഷിക്കാറുണ്ട്. വറുട്ടിയ ചക്കകൊണ്ട് ഇലയട ഉണ്ടാക്കാം. ചക്കപ്രഥമൻ ഉണ്ടാക്കുന്നതും ഇപ്രകാരം വറുട്ടിയെടുത്ത ചക്കകൊണ്ടാണ്. പ്രഥമൻ ഉണ്ടാക്കുമ്പോൾ ആവശ്യാനുസരണം കൂടുതൽ വെല്ലം ചേർക്കേണ്ടിവരും. തേങ്ങാപ്പാലും വേണം. ചക്കപ്രഥമനിൽ കൊട്ടത്തേങ്ങ ചെറുതായി നുറുക്കി നെയ്യിൽ വറുത്തുചേർക്കാം. പ്രഥമന് പഴംചക്ക ഉത്തമമല്ല. അതു വറുട്ടിയെടുക്കുവാൻ പ്രയാസമുണ്ട്. പഴംചക്ക പിഴിഞ്ഞ് ചാറെടുക്കുവാൻ നന്നേ വിഷമമാണ്. അതിനാൽ അതിൽ വാഴയിലയോ തെങ്ങോലയോ നുറുക്കിയിട്ടാണു പിഴിയുക. വഴുതിലോകാതിരിപ്പാൻ ഇതു സഹായിക്കും. പിഴിഞ്ഞെടുത്ത ചാറുകൊണ്ട് മധുരക്കറി (പ്രഥമൻ) ഉണ്ടാക്കാം.
വരിക്കച്ചക്കയുടെയോ പഴംചക്കയുടെയോ ചുളകൾ അരിയും അല്പം വെല്ലവും നാളികേരവും ചേർത്ത് അരച്ച് വാഴയിലകളിൽ വാരിവെച്ച് മടക്കി ആവിത്തട്ടിൽവെച്ച് വേവിച്ചെടുക്കാറുണ്ട്. ഇതിന് 'ചക്കേരപ്പം' എന്നാണ് ഉത്തരകേരളത്തിലുള്ള വ്യവഹാരം. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
ഭാർഗ്ഗവി കുഞ്ഞയപ്പൻ, തൃശ്ശൂർ.
സുഭദ്ര അനരുദ്ധൻ, തൃശ്ശൂർ.
വിവരണം:
"കേരളത്തിൽ പാരമ്പര്യ നാട്ടുവൈദ്യന്മാരും പ്രാദേശികമായ ചികിത്സയറിവുകളിലൂടെ ഒരു നാടിൻ്റെ ആരോഗ്യം കാത്തുപോന്നിരുന്നു. മഞ്ഞപ്പിത്തത്തിനും വിഷവൈദ്യത്തിനും ഇന്നും ഇതേ പാരമ്പര്യസ്വഭാവമുള്ള ചികിത്സാരീതികളിൽ ജനങ്ങൾ വിശ്വസിക്കുന്നു എന്നത് ഈ അറിവുകളുടെ ശാസ്ത്രീയതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അമൂല്യങ്ങളായ പലതിനെയും തള്ളിമാറ്റി, ആർത്തിപിടിച്ച് പ്രയാണം ചെയ്യുന്ന ഇക്കാലത്ത്, നാം പലതും തിരിച്ചറിയുന്നില്ല. രോഗം വരാതിരിക്കലായിരുന്നു പണ്ടത്തെ മുൻകരുതൽ. അതിനായുള്ള ജീവിതചര്യകളായിരുന്നു അന്നത്തെ സമൂഹത്തിൻ്റേത്. അതു കൊണ്ട്തന്നെ സ്വന്തം വീട്ടുമുറ്റത്തും തൊടിയിലുമായി നിരവധി ഔഷധക്കൂട്ടുകൾ അവൻ കണ്ടെത്തി. നിത്യഭക്ഷണത്തിന്റെ ഭാഗമായി അത് മാറി. ഇനി രോഗംവന്നാലോ അവൻ്റെ ആവാസവ്യവസ്ഥിതിക്ക് ചേർന്ന മരുന്നുകൾ അവൻ്റെ കൈയെത്തും ദൂരത്ത്തന്നെ അവൻ കണ്ടെത്തുകയും ചെയ്‌തു. ഇത്തരം ഔഷധക്കൂട്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് 'ഇല'കളായിരുന്നു. ഇലകൾ അവയിലെ ഹരിതനിറത്തിൻറെ സഹായത്തോടെ സൂര്യപ്രകാശവുമായി ചേർന്ന് പാകപ്പെടുത്തിയെടുക്കുന്ന ഭക്ഷണമാണ് സസ്യജാലത്തെയും അതുവഴി പ്രകൃതിയെയും നിലനിർത്തുന്നത്. നമ്മുടെ അടുക്കളയുടെ സ്ഥാനമാണ് ഈ ഇലകൾക്കുള്ളത്; ഒപ്പംതന്നെ അവയിലെ ഔഷധഗുണം 'പ്രതിരോധ' കവചമായി മനുഷ്യനെ സഹായിക്കുന്നു.
തൊടിയിൽ വേലിക്കരികിൽ വച്ചു പിടിപ്പിക്കുന്ന മുരിങ്ങയ്ക്ക് ഔഷധഗുണങ്ങൾ നിരവധിയാണ്. മുരിങ്ങയില പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് പാലുണ്ടാകാൻ നല്ലൊരു മരുന്നാണ്. നല്ല ചൂടുള്ള കഞ്ഞിവെള്ളത്തിൽ ഒരു പിടി മുരങ്ങയിലയിട്ട് കുടിക്കാം. അല്ലെങ്കിൽ, ഒരു പിടി മുരങ്ങയില നല്ല ചൂടുചോറിൽ ഇട്ട് ഒന്ന് വാട്ടി കഴിച്ചാലും മതി. കണ്ണിൽ ചെറിയ മുറിവ് പറ്റിയാൽ മുരിങ്ങയുടെ തളിരില ചതച്ച് നീരെടുത്ത് ഒരു തുള്ളി ഒഴിക്കുന്നത് നല്ലതാണ്. പ്രമേഹരോഗികൾക്ക് മുരിങ്ങയില തോരൻ നിത്യവും കഴിക്കുന്നത് ഗുണം ചെയ്യും. മുരിങ്ങയില നെല്ലിക്കാ വലുപ്പത്തിൽ അരച്ചുരുട്ടി ദിവസവും രാവിലെ കഴിച്ചാൽ രക്തസമ്മർദ്ദമുള്ളവർക്ക് ആശ്വാസം കിട്ടും. മുരിങ്ങപ്പൂവും കുറിയായി ഉപയോഗിക്കാം. ഒടിവ്, ഉളുക്ക് എന്നിവയ്ക്ക് മുരിങ്ങയില അരിക്കാടിയിൽ അരച്ചിട്ടാൽ കുറവുണ്ടാകും. ഒരു കിലോ ആട്ടിറച്ചിയിൽനിന്ന് കിട്ടുന്ന ഗുണം, ഒരു കപ്പ് മുരിങ്ങയിലയ്ക്ക് നല്കാനാവുമെന്നാണ് പണ്ടത്തെ മുത്തശ്ശിമാരുടെ കണക്ക്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" 1) രാമച്ചവേര് കഴുകി വൃത്തിയാക്കി മൺകൂജയിലെ വെള്ളത്തിൽ ഇട്ടാൽ തണുപ്പും സുഗന്ധവും ഉണ്ടാകും. രാമച്ചമിട്ടു തിളപ്പിച്ച വെള്ളം നവോന്മേഷം പ്രദാനം ചെയ്യും.
2) ബാർലിവെള്ളം ദാഹശമനത്തിനും നിർദോഷമകറ്റാനും മൂത്രതടസ്സം മാറ്റാനും നീർക്കെട്ടു കളയാനും നല്ലത്.
3) ഉലുവവെള്ളം പ്രമേഹരോഗികൾക്കു നല്ലത്. ശരീരവേദനയകറ്റും ദുർമേദസ്സ് ഇല്ലാതാക്കും.
4) ബീറ്റ്റൂട്ട് ഇട്ട് തിളപ്പിച്ച വെള്ളം രക്തം വർധിപ്പിക്കും.
5) കുരുമുളകുവെള്ളം നീരുവീഴ്‌ച മാറ്റും.
6) ആടലോടകത്തിൻ്റെ ഇലയും ജീരകവുംകൂടി വറുത്ത് അതിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഈ വെള്ളം കുടിക്കുന്നത് ചുമയ്ക്കു നല്ലത്. ചെറിയ ആടലോടകം വിശേഷം.
7) കരിക്കിൻവെള്ളത്തിൽ അല്പം മലർപ്പൊടി ഇട്ട് ആ വെള്ളം കുടിച്ചാൽ ദാഹത്തിനും വിശപ്പിനും നല്ലത്. ക്ഷീണമകറ്റും. ഗ്ലൂക്കോസിന്റെ ഫലം ചെയ്യും. പണ്ട് ശബരിമല തീർത്ഥാടകരുടെ ഒരു സ്ഥിരം പാനീയമായിരുന്നു ഇത്.
8) പനിക്ക് ചുക്ക്, ജീരകം, ഏലക്ക, കുരുമുളക്, തുളസിക്കതിർ, കാട്ടുതത്താവിൻ്റെ ഇല, പേരയില, പനിക്കൂർക്കയില എന്നിവയിട്ട് വെള്ളം തിളപ്പിച്ച് അതിൽ ചക്കര (കരിപ്പെട്ടി) ചേർത്തു കുടിക്കുക. പനിമാറും.
9) കരിക്കിൻവെള്ളത്തിൽ മല്ലിയും ചെറുനാരങ്ങനീരും ചേർത്ത് ഒരു പുത്തൻ മൺകലത്തിലാക്കി അടച്ച് അടുപ്പിനടുത്തുവച്ചിരുന്നശേഷം രാവിലെയും വൈകിട്ടും ഒരു ടീസ്‌പൂൺ വീതം രണ്ടാഴ്‌ചക്കാലം കഴിക്കുക. പിത്തം മാറും, വിളർച്ച പോകും.
10) വയറിളക്കം, ഛർദ്ദി, പനി എന്നിവയ്ക്കു കൂവളത്തിൻവേര് കൊത്തമല്ലി, മലര്, ചുക്ക് എന്നിവ സമം ചേർത്തു കഷായംവച്ച് തേൻ ചേർത്ത് പലതവണ കുടിച്ചാൽ മതി.
11) നറുനീണ്ടിക്കിഴങ്ങുകൊണ്ടുണ്ടാക്കുന്ന സർബത്ത് ദാഹശമനത്തിന് ഉത്തമമാണ്. പാരമ്പര്യമായി ഇതുണ്ടാക്കാനറിയുന്നവരുണ്ട്.
12) ആടലോടകത്തിൻ്റെ ഇല, പഴുത്ത പ്ലാവിലഞെട്ട്, ജീരകം ഇവ ചേർത്ത് വെള്ളം തിളപ്പിച്ചു കുടിച്ചാൽ വലിവ്, ശ്വാസംമുട്ടൽ എന്നിവ ശമിക്കാൻ ഉത്തമം.
13) ഞെരിഞ്ഞിൽ, തഴുതാമ, വയൽച്ചുള്ളി ഇവ ഇട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് മൂത്രാശയസംബന്ധമായ അസുഖങ്ങൾക്ക് ശമനമുണ്ടാക്കും. മൂത്രത്തിലെ കല്ലിന് ഇതു നാട്ടുപ്രദേശങ്ങളിൽ ഉപയോഗിച്ചുവരുന്നു.
14) ഇഞ്ചിനീര് പഞ്ചസാരയും ചേർത്തു കുടിക്കുന്നത് ദഹനക്കേട് മാറ്റും. "
ലിങ്കുകൾ:
View Link
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല