പൈതൃകമ്യൂസിയം

ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക

കൊട്ടാരങ്ങൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"കേരളത്തിലെ ചുവർചിത്രകലയുടെ പാരമ്പര്യം ആരംഭിക്കുന്നത് എട്ടാം നൂറ്റാണ്ടിലാണ്. പണ്ട് കേരളത്തിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ തിരുവന്തിക്കര ഗുഹാക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, പനയന്നാർകാവ്, കുമാരനല്ലൂർ കാർത്യായനി ക്ഷേത്രം, പത്മാനാഭപുരം കൊട്ടാരം, കോട്ടയം തിരുനക്കര മഹാദേവക്ഷേത്രം, കായംകുളത്തെ കൃഷ്‌ണപുരം കൊട്ടാരം, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, തൃപ്പങ്ങോട്ട് ക്ഷേത്രം (മലപ്പുറം), തളിക്ഷേത്രം, ലോകനാർകാവ്. പരിയാരം ക്ഷേത്രം, മുഴുപ്പിലങ്ങാട് കാവ് (കണ്ണൂർ), തൃക്കടിരിക്ഷേത്രം, കുമ്പളക്ഷേത്രം എന്നിവിടങ്ങളിലെ ചുവർച്ചിത്രങ്ങൾ ശ്രദ്ധേയങ്ങളാണ്. കോട്ടയം ചെറിയപള്ളിയിലെ ചുവർചിത്രങ്ങളാണ് പള്ളികളിലെ ചിത്രങ്ങളിൽ ശ്രദ്ധേയമായവ. ഹരിപ്പാടിനടുത്തുള്ള ചേപ്പാട് പള്ളി, അങ്കമാലി ഓർത്തഡോക്സ് പള്ളി, കാഞ്ഞൂർ പള്ളി, കുന്നുംപുറം പള്ളി, മാന്നാനം പള്ളി, മലയാറ്റൂർ പള്ളി, കോതമംഗലം പള്ളി എന്നിവിടങ്ങളിലും കൂടാതെ മട്ടാഞ്ചേരി ഡച്ച് കൊട്ടാരത്തിലും കേരളീയ ചുവർച്ചിത്രകലാ പാരമ്പര്യത്തിൻ്റെ ദൃഷ്ടാന്തങ്ങൾ കാണാം.



കൊട്ടാരങ്ങൾ:



ക്ഷേത്രങ്ങളിലും പള്ളികളിലും ഉള്ളതുപോലെതന്നെ കേരളത്തിലെ ചില കൊട്ടാരങ്ങളിലും മനോഹരങ്ങളായ ചുവർച്ചിത്രങ്ങൾ ഉണ്ട്. മട്ടാഞ്ചേരി കൊട്ടാരം, കൃഷ്‌ണപുരം കൊട്ടാരം, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളിലെ ചുവർച്ചിത്രങ്ങൾ ശ്രദ്ധേയങ്ങളാണ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൊട്ടാര ചുവർച്ചിത്രങ്ങളുടെ പ്രമേയത്തിനാധാരം. രാമായണം, ഭാഗവതം, കുമാര സംഭവം, കഥാഖ്യാന ചിത്രങ്ങളും ശൈവ-വൈഷ്‌ണവ സംബന്ധിയായ ചിത്രങ്ങളും പ്രമേയത്തിലുൾപ്പെടുന്നു. കൊട്ടാരം ചിത്രങ്ങളിൽ ഏറ്റവും മികച്ചത് കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷവും മട്ടാഞ്ചേരി കൊട്ടാരത്തിലെ ഗിരിജാകല്യാണവുമാണ്. "



 


ലിങ്കുകൾ:

View Link

പൂതക്കളം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"ഐശ്വര്യം, സന്താനം, സമ്പത്ത് ഇവ വർധിക്കാൻ പുള്ളുവൻമാർ നടത്തുന്ന പുള്ളുവപ്പാട്ടിൻ്റെ ഭാഗമായാണു പൂതക്കളം എഴുതുന്നത്. സമ്പത്ത് കാക്കുന്ന നാഗപൂതത്തിനു വേണ്ടിയുള്ളതാണ് നാഗക്കളം. നാഗമാതാവായ കദ്രുവും വിനതയുമാണ് നാഗാരാധാനയിലെ പ്രധാന ദേവതകൾ. കാവിൽ നിധിയുണ്ടെന്നാണ് നാഗക്കളത്തിന്റെ സങ്കല്പം. ആ നിധി കാക്കുന്നത് പൂതമാണ്. പത്തു കളം നാഗങ്ങൾക്കും അവസാനത്തെ കളം പൂതത്തിനും എന്നാണു കണക്ക്. മൂന്നു കളമാണ് വരയ്ക്കുന്നതെങ്കിൽ മൂന്നാമത്തെ കളമായിരിക്കും പൂതത്തിന്. ഓരോ കളവും വ്യത്യസ്ത‌ങ്ങളാണെങ്കിലും നാഗത്തിനായിരിക്കും പ്രാധാന്യം.



പ്രകൃതിയിൽനിന്നും കിട്ടുന്ന പഞ്ചവർണ്ണപ്പൊടികൾകൊണ്ടാണ് കളം വരയ്ക്കുന്നത്. അരിപ്പൊടി, കൃഷ്‌ണപ്പൊടി, മഞ്ഞൾപ്പൊടി, പച്ചപ്പൊടി, ഗുരുതിപ്പൊടി ഇവയാണ് പൊടികൾ. പച്ചപ്പൊടിക്കായി വാകയില പുള്ളുവർ നാഗക്കളങ്ങളിൽ ഉപയോഗിക്കാറില്ല. വിഷഹരമായ വാക നാഗങ്ങൾക്കു നിഷിദ്ധമാണ് എന്നാണ് വിശ്വാസം. കളമെഴുതുന്നതു കൈകൊണ്ടും അലങ്കാരപ്പണികൾ ചെയ്യുന്നത് ദ്വാരമിട്ട ചിരട്ടകൊണ്ടുമാണ്.



കളത്തിനു വേണ്ട പന്തലിടാൻ പാല, കമുക് എന്നിവയുടെ കാലുകൾ ഉപയോഗിക്കുന്നു. കുരുത്തോല വെട്ടി അരങ്ങുണ്ടാക്കുകയും, വെറ്റില, പഴുക്കടയ്ക്ക, മാവിൻതളിര്, ആമ്പൽ, കുങ്കുമപ്പൂ, ചെമ്പരത്തിപ്പൂവ്, ചെമ്പകം, താമര ഇവ തൂക്കി അലങ്കരിക്കുകയും ചെയ്യും. ത്രിമൂർത്തികൾക്കു പലകയും ഭഗവതിക്കു പീഠവും ഗണപതിക്ക് മുക്കാലിയും ഇട്ടുകൊടുക്കും. കളമെഴുത്ത് കഴിഞ്ഞ് അഞ്ച് ദിക്കിൽനിന്നുമുള്ള പൂജകഴിയുന്നതോടെ കളത്തിലെ രൂപത്തിന് ജീവൻ വയ്ക്കുന്നു എന്നാണ് വിശ്വാസം."



 


ലിങ്കുകൾ:

View Link

നാഗക്കളങ്ങൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"നാഗക്കളങ്ങളിൽ പലതരത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന നാഗരൂപങ്ങളെ ചിത്രീകരിച്ചിരിക്കും. ഇതിനെയാണ് നാഗക്കെട്ടുകൾ എന്നു വിളിക്കുന്നത്. പുള്ളുവരും കല്ലാറ്റകുറുപ്പന്മാരും തെയ്യംപാടി നമ്പ്യാതാരും കണിയാന്മാരുമാണ് സർപ്പക്കെട്ടുകൾ ചിത്രീകരിക്കുന്നത്. സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും നാഗക്കളങ്ങൾ കുറിച്ച് പാട്ടുപാടുന്ന പതിവുണ്ട്. പഞ്ചവർണ്ണപ്പൊടികൾ ഉപയോഗിച്ചാണ് കളമെഴുതുന്നത്. വിവിധ മാതൃകയിലുള്ള സർപ്പങ്ങളെയാണു കളങ്ങളിൽ രൂപീകരിക്കുന്നത്. നാഗയക്ഷിക്കളം, ഭസ്‌മക്കളം, സർപ്പയക്ഷിക്കളം, അഷ്ടനാഗക്കളം എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്. അത്യുത്തരകേരളത്തിലെ 'പുള്ളുവപ്പാട്ടി'ന് ചിത്രീകരിക്കുന്ന 'വൃക്ഷക്കള'വും പ്രസിദ്ധമാണ്.



ആയില്യപൂജയിലെ കളമെഴുത്ത്:



തിരുവനന്തപുരം ജില്ലയിൽ സാധാരണമായ ഒരു അനുഷ്ഠാനമാണ് ആയില്യപൂജ. നാഗപൂജ എന്നും ഇതിനു പേരുണ്ട്. എല്ലാ മാസവും ആയില്യം നാളിൽ നടത്തുന്ന ഈ പൂജ യുവതികൾക്കു സർപ്പശാപം മൂലമുണ്ടാകുന്ന ദോഷങ്ങൾ അകറ്റാനും വിവാഹശേഷം സന്താനലബ്ധി ഉണ്ടാകാനുമാണ്.



അരിപ്പൊടിയും മഞ്ഞൾപ്പൊടിയും മാത്രം ഉപയോഗിച്ച്, ചതുരാകൃതിയിലാണ് ആയില്യപൂജയ്ക്കു കളങ്ങൾ എഴുതുന്നത്. ചതുരത്തിനുള്ളിൽ പതിനാറു കളങ്ങൾ ഉണ്ടായിരിക്കും. അതിൽ ഓരോ കളത്തിൻ്റെയും കിഴക്ക് അരിപ്പൊടിയും പടിഞ്ഞാറ് മഞ്ഞൾപ്പൊടിയുംകൊണ്ടാണു വർണ്ണങ്ങൾ ഒരുക്കുന്നത്. ഓരോ കളത്തിന്റെയും വശങ്ങളിൽ വരകൾ മറയത്തക്ക വിധത്തിൽ ചെറുതായി കീറിയ വാഴപ്പോള വയ്ക്കുന്നു. തുടർന്ന് ഓരോന്നിലും അരിയും നെല്ലും പ്ലാവില, മാവില, എന്നിവ 16 എണ്ണം വീതവും വച്ചശേഷം പൂജ ആരംഭിക്കുന്നു. പാല്, മഞ്ഞൾപ്പൊടി, കരിക്ക്, പനിനീര്, തേൻ, പടറ്റിക്കായ എന്നിവ ചേർത്ത് 'നൂറും പാലും' കളത്തിൽ ഇറ്റിക്കുന്നു. ബാക്കിയുള്ളത് പ്രസാദമായി നല്‌കുകയും ചെയ്യും. ഒടുവിൽ കളങ്ങളിൽ കർപ്പൂരം കത്തിക്കുന്നതോടെ ചടങ്ങ് അവസാനിക്കുന്നു. "



 


ലിങ്കുകൾ:

View Link

ഭദ്രകാളിക്കളം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"കേരളത്തിലെ കാവുകൾ, കാളിക്ഷേത്രങ്ങൾ, ബ്രാഹ്മണാലയങ്ങൾ, കോവിലകങ്ങൾ, നായർ തറവാടുകൾ എന്നിവിടങ്ങളിലാണ് 'ഭഗവതിസേവ'യുടെ ഭാഗമായി ഭദ്രകാളിക്കളം വരയ്ക്കുന്നത്. ഭദ്രകാളിക്ഷേത്രങ്ങളിൽ മാരാന്മാരും കുറുപ്പന്മാരും പരദേവതയെ പൂജിക്കുന്ന തറവാടുകളിലും കൊട്ടിലുകളിലും കാവുകളിലും കുറവർ, വേലൻ, പുള്ളുവൻ എന്നിവരും കളം കുറിക്കുന്നു. ദാരികാസുരനെ നിഗ്രഹിച്ച കാളിയുടെ രൂപമാണ് കളമെഴുത്തിൽ വരയ്ക്കുന്നത്. ദഭ്രകാളിയെ പ്രീതിപ്പെടുത്തുന്നതിലൂടെ രക്ഷയും ഐശ്വര്യവും ഉണ്ടാകുമെന്നാണു വിശ്വാസം.



പ്രത്യേകം സജ്ജമാക്കിയ പ്രതലത്തിൽ ദാരികൻ്റെ തലയറുത്തു പിടിച്ച കാളിയുടെ രൂപം പഞ്ചവർണ്ണപ്പൊടികൾകൊണ്ട് വരയ്ക്കുന്നു. വാകപ്പൊടികൊണ്ട് പച്ചയും കരിപ്പൊടികൊണ്ട് കറുപ്പും മഞ്ഞൾപ്പൊടികൊണ്ട് മഞ്ഞയും അരിപ്പൊടികൊണ്ട് വെള്ളയും ചുണ്ണാമ്പും മഞ്ഞൾപ്പൊടിയും കലർത്തി ചുവപ്പും എന്നിങ്ങനെയാണ് നിറങ്ങളുടെ ഉപയോഗം. സമചതുരാകൃതിയിൽ തയ്യാറാക്കിയിട്ടുള്ള സ്ഥാനത്താണ് കളം വരയ്ക്കുന്നത്. 12 കോൽ 8 വിരൽ, 14 കോൽ 8 വിരൽ, 16 കോൽ 8 വിരൽ എന്നീ ചുറ്റളവോടുകൂടിയതാണ് ഈ കളങ്ങൾ. ചാണകം മെഴുകിയ നിലത്ത് നാലുമൂലയിലും കാൽനാട്ടി അവയുടെ മുകൾഭാഗം കയറുകൊണ്ട് യോജിപ്പിച്ച് അതിനുമീതേ ചുവന്ന പട്ടും വെള്ള വസ്ത്രവും വിരിക്കുന്നു. പന്തൽകാൽ വെള്ളവസ്ത്രം കൊണ്ടു പൊതിഞ്ഞും കുലവാഴ, വാഴക്കുല, മാങ്ങാക്കുല എന്നിവ ചേർത്തു വെച്ചും അലങ്കരിക്കും. കുരുത്തോല, ആലില, മാവില, വെറ്റില, തുളസിമാല, തെച്ചിമാല, താമരമാല എന്നിവകൊണ്ട് പന്തലിനു ചുറ്റും അലങ്കരിക്കും. കളത്തിൻ്റെ ഒരുവശത്ത് മധ്യത്തിൽ പീഠംവച്ച് അതിൽ വാൽക്കണ്ണാടിയും 'തിരുളാട'യും വയ്ക്കുന്നു. നാലുമൂലയിലും വശങ്ങളുടെ മധ്യത്തിലും കത്തിച്ച നിലവിളക്കുകളുണ്ടായിരിക്കും. ഈ വിധം തയ്യാറാക്കിയ ശുഭ്രകാളിക്കളങ്ങളാൽ കളംപൂജയും കളംപാട്ടും നിർബന്ധമാണ്. "



 


ലിങ്കുകൾ:

View Link

സ്വർണ്ണം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"രാജഭരണത്തിൽ സ്വർണം രാജാവിൻ്റെ നിയന്ത്രണത്തിലായി. രാജാവിന്റെ സ്വർണമോതിരം അധികാരചിഹ്നമായി. അധികാരമുദ്ര എന്ന നിലയിൽ അണിഞ്ഞ മോതിരം പിന്നീട് മെയ്യഴകിന്റെ അടയാളം കൂടിയായി മാറി. അധികാരം രാജാവിൽനിന്ന് ബ്രാഹ്മണനിലേക്കു മാറിയപ്പോൾ സ്വർണത്തിൻ്റെ സൂക്ഷിപ്പും അവരുടേതായി. പിന്നീടാണ് ക്ഷേത്രങ്ങളിൽ 'സ്വർണ'പ്രഭ വിതറിയ വിഗ്രഹങ്ങൾ വരുന്നത് മനുഷ്യനെന്നപോലെ, ദേവിദേവന്മാർക്കും ആഭരണങ്ങൾ കൂടിയേ തീരൂ എന്നായി. വിഗ്രഹങ്ങൾപോലും സ്വർണംകൊണ്ട് പൊതിയാൻ തുടങ്ങി. സ്വർണക്കൊടിമരവും സ്വർണം പൂശിയ ശ്രീകോവിലും ഒരു സാധാരണ കാഴ്‌ചയായി. ഇങ്ങനെ നിത്യവ്യവഹാരവുമായി ബന്ധപ്പെട്ട് സ്വർണത്തിന് ലഭിച്ച 'ദിവ്യത്വം' അതിൻ്റെ മാറ്റ് കൂട്ടുകയും ചെയ്‌തു. ജാതി വ്യവസ്ഥ കർശനമാക്കപ്പെട്ടതോടെ, ഇഷ്ടമുള്ള ആഭരണങ്ങൾ അണിയുന്നതിൽ വിലക്ക് വന്നു. അതോടെ ആഭരണങ്ങൾ അണിയാൻ 'നികുതി' വേണമെന്നായി. ഇതെല്ലാം ചിട്ടപ്പെടുത്തിയ ബ്രാഹ്മണന്റെ പത്നിക്കും സ്വർണാഭരണമണിയുന്നതിൽ വിലക്കുകളുണ്ടായിരുന്നു. നമ്പൂതിരി സ്ത്രീകൾ 'ഓട്ടുവള'കളാണ് അണിഞ്ഞിരുന്നത്. സ്വർണത്തിന് ലഭിച്ച ഈ പ്രാധാന്യം പക്ഷേ, 'സ്വർണം' പണിയുന്ന വിഭാഗത്തിന് കല്പിച്ചുകൊടുക്കാൻ ഇതേ അധികാരശക്തി തയ്യാറായില്ല എന്നതാണ് ചരിത്രസത്യം.



ഉയർന്ന ജാതിക്കാരാണ് അന്നു സ്വർണം ധാരാളമായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ദേശത്തെ തട്ടാന് എവിടെയും കടന്നുചെല്ലാൻ സ്വാതന്ത്ര്യം ഉണ്ടായി. ഇങ്ങനെ ആഭരണങ്ങൾക്ക് ഉയർന്നവന്റെ മെയ്യഴകിൻ്റെ മാറ്റുകൂട്ടുന്ന അലങ്കാരം എന്ന നിലയിൽ ലഭിച്ച പ്രാധാന്യത്തിന് പതുക്കെപ്പതുക്കെ സാർവത്രികമായ അംഗീകാരം നേടിയെടുക്കാനായി. ആഭരണങ്ങളുടെ ഈ ജനകീയസ്വഭാവം, അതു കൊണ്ടുതന്നെ ജാതീയമായ ചില നിർണയനങ്ങൾക്കും സഹായമാവുകയും ചെയ്‌തു. ആഭരണങ്ങൾ ഒരേസമയം വർഗസൂചകമായും ജാതിസൂചകമായും മാറുകയാണുണ്ടായത്. ഹിന്ദുക്കൾക്കിടയിൽ വരേണ്യവർഗമെന്ന് സ്വയം വിളിച്ചുപോന്ന നമ്പൂതിരിമാരുടെ ഇടയിൽ പ്രചാരത്തിലുള്ള ആഭരണങ്ങൾ നിരവധിയാണ്. നമ്പൂതിരിമാരിൽ സ്ത്രീകളുടെ വിവാഹാവസരത്തിലാണ് സ്വർണാഭരണങ്ങൾ അണിഞ്ഞിരുന്നത്. ഇതിൽതന്നെ ആഢ്യആസ്യഭേദവും കാണാം.



ആദ്യകാലത്ത്, ആഭരണങ്ങൾ ആവശ്യക്കാരൻ്റെ വീട്ടിൽ ചെന്നിരുന്ന് താമസിച്ച് പണിയുന്ന രീതിയാണു നടപ്പിലാക്കിയിരുന്നത്. നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിലിരുന്ന നിരവധി ആഭരണങ്ങളെക്കുറിച്ച് പഴയ തട്ടാന്മാർക്ക് ഓർമ്മയുണ്ട്. അധികവും മനയ്ക്കൽ ദിവസങ്ങളോളം താമസിച്ച് പണിയുകയാണു പതിവ്. "



 


ലിങ്കുകൾ:

View Link

കടയ്ക്കൽ ദേവീക്ഷേത്രത്തിലെ കളമെഴുത്ത്


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

കൊല്ലം ജില്ലയിൽ കടയ്ക്കൽ ദേവീക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് കളമെഴുത്തും പാട്ടും. ഇവിടെ കളം വരയ്ക്കുന്നത് പണിക്കന്മാരാണ്. ഇവിടത്തെ കളമെഴുത്തിന് ചില വ്യത്യാസങ്ങൾ കാണാം. വരയ്ക്കുന്ന ദേവീരൂപത്തിൻ്റെ കൈകൾക്കനുസരിച്ചാണ് ഈ വ്യത്യാസം. നാലു കൈകളും എട്ടുകൈകളും ചിലപ്പോൾ 16 കൈകളും കാണാം. ഇതോടൊപ്പംതന്നെ ദേവിയുടെ വ്യത്യസ്‌ത രൂപങ്ങളും വരയ്ക്കാറുണ്ട്. നില്ക്കുന്ന രൂപം, ഇരിക്കുന്ന രൂപം, വേതാളത്തിൻ്റെ പുറത്തിരിക്കുന്ന രൂപം, ദാരികൻ്റെ മുടിക്കു പിടിക്കുന്ന രൂപം, ദാരികനെകൊല്ലുന്ന രൂപം എന്നിങ്ങനെ. അതിൽത്തന്നെ ശൂലംകൊണ്ട് കുത്തുന്ന രൂപം, കഴുത്തറുക്കുന്ന രൂപം, വേതാളത്തിൻ്റെ തലമാത്രം കാണിച്ചുകൊണ്ടുള്ള രൂപം, ദാരികൻ്റെ ശിരസ്സ് കൈയിൽപിടിച്ച് ഉടൽ താഴേക്കിടക്കുന്ന രൂപം ഇങ്ങനെയും ഭേദങ്ങളുണ്ട്. ചില ദിവസങ്ങളിൽ പ്രത്യേക കളങ്ങളും വരയ്ക്കാറുണ്ട്.



മണ്ഡലകാലത്തായിരിക്കും കൂടുതൽ കളങ്ങൾ വരയ്ക്കുന്നത്. കൂടാതെ എല്ലാ മാസവും തിരുവാതിരനാളിലും. അല്ലാത്ത ദിവസങ്ങളിൽ ഭക്തജനങ്ങളുടെ വഴിപാടായും കളം വരയ്ക്കാറുണ്ട്. പഞ്ചവർണ്ണപ്പൊടികളാണ് കുളം വരയ്ക്കാൻ ഉപയോഗിക്കുന്നത്. കളത്തിലെ രൂപത്തിന്റെ ശരീരത്തിന് പച്ചനിറമാണു നല്‌കുന്നത്. കളത്തിൽ ഉപയോഗിക്കുന്ന പ്രധാന വർണ്ണവും പച്ചയാണ്. കളത്തിന്റെ വലിപ്പം, വരയ്ക്കുന്ന കൈകളുടെ എണ്ണത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആദ്യം മുഖമാണു വരയ്ക്കുന്നത്. പിന്നീട് ദംഷ്ട്ര, മൂക്ക്, കണ്ണ്, ചെവി എന്നിവ യഥാക്രമത്തിൽ വരയ്ക്കും. ദേവിയുടെ എല്ലാ കൈകളിലും ആയുധം വരയ്ക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ നാലുകൈകളിൽ രണ്ടുകൈകൾ അട്ടഹാസക്കൈ ആയും മറ്റു രണ്ടു കൈകളിൽ നാന്തകവും വട്ടകവും ഏന്തിനില്ക്കുന്നതായും വരയ്ക്കാറുണ്ട്. എട്ടു കൈക്കളത്തിൽ രണ്ടു കൈ അട്ടഹാസവും ആറു കൈകളിൽ ആയുധവും കാണും. പതിനാറു കൈക്കളത്തിൽ പതിന്നാല് കൈകളിൽ ആയുധം വരും. അമ്പ്, വില്ല്, ഗദ, വാള്, ശൂലം, മഴു, കയറ്, ചക്രം, ശംഖ്, നാന്തകം, വട്ടകം, പരിച, കലപ്പ, കഠാരം എന്നിവയാണ് അവ. "



 


ലിങ്കുകൾ:

View Link

കൺചൊല്ലുകൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"'മെയ്യിനെ കണ്ണാക്കി മാറ്റു'ന്ന മെയ്ക്കളരിതത്ത്വം കേരളത്തിൻ്റെ സവിശേഷമായ ആട്ടക്കഥ സൗന്ദര്യ ശാസ്ത്രംതന്നെയാണ്. ഈ തത്ത്വം ഒരുപക്ഷേ, മൃഗക്കണ്ണുകളുടെ/മൃഗമെയ്‌വഴക്കങ്ങളുടെ സൂക്ഷ്‌മ നിരീക്ഷണത്തിൽനിന്ന് സ്വാംശീകരിച്ച പ്രകൃതി തത്ത്വങ്ങൾതന്നെയാണ്. പ്രാചീനമായ പ്രകൃതിയറിവുകളുടെ ഒരു തുടർച്ചയാണ് സാംസ്‌കാരികാവതരണങ്ങളിലും കാണുന്നത്. നായാട്ടുസംസ്‌കാരത്തിൽനിന്ന് മുദ്രകൾ വളർത്തിയെടുത്തതുപോലെ കൺവഴക്കങ്ങളും നേടിയെടുത്തിരിക്കണം.



'കണ്ണോളം വരുമോ പുരികം' എന്ന ചൊല്ലുതന്നെ മുഖാംഗങ്ങളിലും മുഖകലയിലും പ്രധാനം കണ്ണുതന്നെയെന്നു വ്യക്തമാക്കുന്നു. ആധുനിക മുഖരാഗത്തിൽ പുരികത്തിന് അമിതപ്രാധാന്യം വന്നുവെങ്കിലും കണ്ണിനെ മറക്കുകയാണുണ്ടായത്. സ്വന്തപ്പെട്ടത് കണ്ണു തന്നെയെന്നു തിരിച്ചറിയണം. സമകാലിക 'ബ്യൂട്ടി' സങ്കല്പത്തിൽ കണ്ണിണയ്ക്കു മുകളിലാണെഴുത്ത്. പണ്ട് താഴെയായിരുന്നു എഴുത്ത്. കണ്ണിനു വളരെ ദൂരം സഞ്ചരിക്കാനാകും (കാണാനാകും) ശരീരത്തിനോ? പ്രായമായാലും ശരീരത്തിനു സഞ്ചരിക്കാനായില്ലെങ്കിലും കണ്ണിന് 'സഞ്ചരിക്കാ'നാകും. ശരീരത്തിൽ കണ്ണിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചൊല്ലാണ് "കണ്ണെത്തുന്നിടത്തു കാലെത്തുകയില്ല' എന്ന ചൊല്ല്. അതിരില്ലാത്ത അവസ്ഥയ്ക്ക് കണ്ണെത്താത്തത് എന്നു പറയാറുണ്ട്. അങ്ങനെയാണ് കണ്ണെത്താകുളമുണ്ടായത്, കണ്ണെത്താവഴിയുണ്ടായത്. കാഴ്‌ചയെ സ്ഥലകാല-വിദൂരതയിലേക്കു വ്യാപിപ്പിക്കുന്നതാണ് ഈ കൺമൊഴി. 'കണ്ണുണ്ടായാൽ പോരാ കാണണം' എന്നത് കാഴ്ചയുടെ ഹ്രസ്വ-ദൂര സങ്കല്പങ്ങളെ വ്യക്തമാക്കുന്നു. കാണേണ്ടതു കാണാനും അറിയാനുമാണ് കണ്ണ്. സമഗ്രദർശനത്തിന്റെ ആവശ്യകതയെ ഊന്നുന്നതാണ് ഈ ചൊല്ല്. ഹ്രസ്വദൃഷ്ടിയെന്നത് രോഗം മാത്രമല്ല മനുഷ്യാവസ്ഥകൂടിയാണ്. കണ്ണും മൂക്കുമില്ലാതെ, സ്വബോധമില്ലാതെ പെരുമാറുന്നത് മെയ്യിന് അത്ര നന്നല്ല. കണ്ണുള്ളപ്പോൾ കണ്ണിന് വിലയില്ലെന്നതിൻ്റെ പൊരുളറിയാത്തവർ കണ്ണിനെയും മാതാപിതാക്കളെയും സംരക്ഷിക്കുന്നില്ല. കൺപരിചരണവും കൺവെട്ടത്തുള്ളവരുടെ രക്ഷണവും ആവശ്യമാണ്. 'കണ്ണു പൊട്ടിയിട്ട് സൂര്യനമസ്‌കാരമെന്തിന്' എന്ന ചൊല്ലും ശരീരരക്ഷയെ ഊന്നിയുള്ളതാണ്. കണ്ണു തുറന്നുനോക്കാതെ പലതും കാണുകയില്ല. അറിവില്ലാത്തവൻ എന്ന അർത്ഥത്തിൽ കണ്ണില്ലാത്തവൻ എന്നു പ്രയോഗിക്കുന്നത് കാഴ്‌ചയുടെ 'ദർശന'ത്തെയാണ് വ്യക്തമാക്കുന്നത്. ദൈവത്തെ കണ്ണു കീറിയവൻ എന്നാണു നാട്ടുഭാഷയിൽ പ്രയോഗിക്കുന്നത്. സൃഷ്ടികർത്താവ് എന്ന ഈ അർത്ഥം ശില്പശാസ്ത്രത്തിലും പ്രയോഗിക്കുന്നു. ശില്പമുണ്ടാക്കിക്കഴിഞ്ഞാൽ അവസാനത്തെ ചടങ്ങാണ് ഉന്മീലനം (eye opening ritual) എന്നത്. അതുകഴിഞ്ഞാൽ ശില്പത്തിന് ജീവാഹനമായി എന്ന് ശില്പികൾ കരുതുന്നു. "



 


ലിങ്കുകൾ:

View Link

ചടങ്ങാഭരണങ്ങൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

പെരുമ്പിള്ളിശ്ശേരി കൃഷ്‌ണൻ മകൻ ബാലൻ, തൃശൂർ ഒഴുകിൽ പടിഞ്ഞാറെപുരയ്ക്കൽ വാസു, തൃശൂർ സൂരജ്, ജയരാജ് -തൃപ്രയാർ, വെങ്ങിണിശ്ശേരി, തൃശൂർ സുരേഷ് കൊന്നയ്ക്കപ്പറമ്പിൽ -വെങ്ങിണിശ്ശേരി, തൃശൂർ


വിവരണം:

''പേരിടലിന് 'പേരുമണി'യും ചാർത്തുന്നു. തിരണ്ടുകല്യാണം കഴിഞ്ഞാൽ കഴുത്തിലും കാതിലും മൂക്കിലും കൈയിലും കൈവിരലുകളിലും അരക്കെട്ടിലും ആഭരണങ്ങൾ അണിയുന്നു. വെള്ളിയരഞ്ഞാണം, സ്വർണ അരഞ്ഞാണം ഏലസ്സുകളും കാൽത്തളകളും വഴിപോലെ ഉപയോഗിക്കുന്നു. മനുഷ്യരുടെ ഈ ആഭരണഭ്രമം അവൻ സ്യഷ്ടിച്ച ദേവീദേവന്മാർക്കും ആഭരണമണിയിക്കുന്നതിൽ കാണാം. 'മണിത്താലി' 108 മണി, 101 മണി, 51 മണി എന്നിങ്ങനെ അളവുകളിൽ ക്ഷേത്രങ്ങളിലേക്കുള്ള നേർച്ചയാണ്-ദേവീദേവന്മാർക്കു കിരീടവും കാപ്പും പതിവാണ്. 'ഗൗരീശങ്കരം' ക്ഷേത്രച്ചടങ്ങിനുപയോഗിക്കുന്ന മോതിരമാണ്. വീരന്മാരുടെ കാതിൽ നാഗകുണ്ഡലവും കുട്ടിക്കാപ്പും സ്വർണ അരപ്പട്ടയും കച്ചേലസ്സും കാണാം. 'വീരത്തണ്ട്' വീരപരാക്രമികൾക്കുള്ളതാണ്. അംഗദവും മണികാഞ്ചിയും പഴയ നാടോടി പാരമ്പര്യത്തിൽ തന്നെയുള്ള ആഭരണങ്ങളാണ്.



ഇതുകൂടാതെ വ്രതാനുഷ്‌ഠാനങ്ങളുടെ കാലത്ത് തുളസിമാലയും രുദ്രാക്ഷമാലയും പളുങ്കുമാലയും ധരിക്കുന്നു. രക്ഷായന്ത്രങ്ങളും ഉറുക്കുകളും ഏലസ്സുകളും 'താന്ത്രിക' വിദ്യയുമായി ബന്ധപ്പെട്ടവയാണ്.



ആഭരണങ്ങളിലെ ശ്രദ്ധേയമായ ഒരുകാര്യം മുസ്ലിങ്ങൾക്കിടയിലെ 'ചിറ്റും' ക്രിസ്‌ത്യൻ സമുദായത്തിലെ 'താലി'യും ഹിന്ദുക്കൾക്കിടയിലെ 'കാതുകുത്തും' തട്ടാന്മാർക്കിടയിലെ അവകാശമാണ് എന്നതാണ്.



വിവാഹത്തിനുള്ള 'ചിറ്റ് കൊണ്ടുവരുന്ന തട്ടാനെ വിളക്കും നിറയും വച്ച് സ്വീകരിച്ച്, വധുവിൻ്റെ അറയിൽ കടന്നുചെന്ന് ചിറ്റ് കാതിലിട്ട് കൊളുത്തുറപ്പിക്കാനുള്ള അവകാശം തട്ടാനുണ്ട്. അതിന് പ്രതിഫലമായി അരിയും നെല്ലും പഴവുമൊക്കെയാണു നല്‌കുക. അതുപോലെ ക്രിസ്ത്യാനികൾക്കിടയിലെ 'താലി' കെട്ടിൻ്റെയന്ന് തട്ടാൻതന്നെ താലി നല്‌കി അവകാശം വാങ്ങുന്നു. ഹിന്ദുക്കളുടെ കുട്ടിയുടെ 'കാതു കുത്തും' ഇതുപോലെ പ്രതിഫലം വാങ്ങാതെ 'അവകാശം' വാങ്ങി നടത്തുന്ന ചടങ്ങായിരുന്നു. ആഭരണങ്ങൾ ആവശ്യക്കാരന്റെ വീട്ടിൽ ചെന്നിരുന്ന് പണിഞ്ഞിരുന്ന പഴയകാലത്ത്, കവളപ്പാറയിലെ രാമനും കോന്തനും ചേർന്ന്, ഒരിക്കൽ അമ്പലം പണിയും കഴിഞ്ഞു വരുന്ന സമയത്ത് ദക്ഷിണയായി കിട്ടിയ മുണ്ടും നാളികേരവും ആലിൻചോട്ടിൽവച്ച് വിശ്രമിക്കവേ, രാമൻതട്ടാൻ തൻ്റെ കൈയിലുണ്ടായിരുന്ന പണിയായുധം ഉപയോഗിച്ച് നാളികേരം കൊത്തിയെടുത്തു. അതു കണ്ട കോന്തൻ മുത്തപ്പൻ രാമനെ കൊന്നുകളഞ്ഞുവത്രേ. നാട്ടാചാരപ്രകാരം കോന്തൻ മുത്തപ്പനെ നാടുകടത്തി. ആ സമയത്തു കൊടുങ്ങല്ലൂരമ്പലത്തിൽ വിദഗ്ദ്ധനായ തട്ടാനെ ആവശ്യം വന്നെന്നും അങ്ങനെ കോന്തൻ മുത്തപ്പനെ വെള്ളാങ്കല്ലൂർ പടിഞ്ഞാറുഭാഗത്ത് വിളിച്ചിരുത്തിയെന്നും പറയുന്നു. ഈ കുടുംബക്കാർ പിന്നീട് 'തൃപ്രയാർ' എന്ന വീട്ടുപേരിനർഹരായത്രേ. പൊതുവേ തട്ടാന്മാർ സ്ഥലപ്പേരിലാണ് അറിയപ്പെടുന്നത്. പണ്ടത്തെ സാമൂഹികഘടനയിൽ അവർക്കുണ്ടായിരുന്ന പ്രാധാന്യം, ആഭരണങ്ങളുടെ പ്രസക്തിയിലേക്കുകൂടി വെളിച്ചം വീശുന്നു.



ഓടും ചകിരിയും ഉപയോഗിച്ച് സ്‌ഫുടം ചെയ്തെടുത്ത തനി തങ്കത്തിൽ ആഭരണങ്ങൾ നെയ്തെടുത്ത കരവിരുത് ഇന്ന് യന്ത്രങ്ങൾക്കു വഴിമാറിയെങ്കിലും, മെയ്യഴകിലെ പാരമ്പര്യത്തിളക്കം ഒളിമങ്ങാതെ നിലനില്ക്കുന്നു എന്നതാണ് സത്യം.



 



 



 


ലിങ്കുകൾ:

View Link

മുസ്ലിം ആഭരണങ്ങൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"'മെയ്യഴക്' കൂട്ടുന്ന ആഭരണങ്ങൾക്ക് ഏറ്റവും അധികം പ്രാധാന്യം നല്‌കുന്ന സമുദായം മുസ്‌ലിങ്ങളുടേയാണ്. അവരുടെ ആഭരണങ്ങൾക്കു പ്രത്യേക പേരുകളുണ്ട്. 'മണിയൻ മാട', അതിലൊന്നാണ്. രണ്ടറ്റത്തും കുഴൽപോലുള്ള ആഭരണമാണിത്. പങ്കിൽ അടക്കിക്കെട്ടുന്ന 'കാറ', കാഴ്ച‌യിൽ നാഗപടത്തോടടുത്ത് നില്ക്കും. പൊതുവേ മുസ്ല‌ിം ആഭരണങ്ങളിൽ കാണുന്ന അലുക്കുണ്ടാവില്ല നാഗപടത്തിന്. 'ചങ്കേലസ്സ്' നീളത്തിൽ വരിയായി ചിട്ടപ്പെടുത്തിയാൽ പരത്തിൻകൂട്ടമായി. അണ്ടിയേലസ്സ്, കശുമാങ്ങയണ്ടിയുടെ രൂപത്തിലുള്ള മാലയാണ്. കഴുത്തിൽ എന്നപോലെ കാതിലും അലുക്കുകളുള്ള കമ്മലാണ് ഉപയോഗിക്കുക. കാതില അഥവാ മിന്നിപ്പടി എന്നു പറയുന്നത് കാഴ്‌ചയിൽ വലുതായിരിക്കും. പത്താക്ക്, പതക്കം, തൊരട്, പൊള്ള മണി, പവിഴേലസ്സ്, ആമാടക്കൂട്ടം, മടിയേലസ്സ് ഇവയൊക്കെ മുസ്‌ലിങ്ങൾക്കിടയിൽ പ്രചാരമുള്ളവയാണ്. ചങ്കേലസ്സ് കോവയ്ക്കയുടെ ആകൃതിയിൽ ചരടിൽ കോർത്തിടുന്ന മാലയാണ്. 'ഉറുക്ക്' എന്നൊരു ആഭരണം പെൺകുട്ടികളുടെ കൈയിൽ കെട്ടുമ്പോൾ 'കൈയുറുക്ക്' എന്നറിയപ്പെടുന്നു. അണ്ടിയേലസ്സ് ആൺകുട്ടികളും ധരിക്കുന്നു.



മെയ്യാഭരണങ്ങൾക്ക് ചരിത്രപരവും വംശപരവുമായ ബന്ധങ്ങളുണ്ട്. പാരമ്പര്യത്തനിമയും കാണാം. ജനിച്ച് 90 ദിവസം കഴിഞ്ഞാൽ-ചിലേടത്ത് 28-നുതന്നെ കുട്ടിയുടെ കാത് കുത്തുന്നു. നാരകമുള്ളു കൊണ്ട് കാതു തുളച്ച് (കാരമുള്ളും ഉപയോഗിക്കും) ആഭരണം ഇടുവിക്കും.



മൂക്കുത്തി:



ആഭരണങ്ങളിൽ മൂക്കുത്തിക്കും സ്ഥാനമുണ്ട്. മുതുവന്മാർക്കിടയിൽ, വിവാഹത്തിന് വധു, വരൻ്റെ മുമ്പിലെത്തിയാൽ വരൻ ഒരു മോതിരവും മൂക്കുത്തിയും ചീപ്പും സമ്മാനിക്കുമത്രേ. മൂക്കിന്റെ രണ്ടുവശത്തും തുളച്ച് ഇടുന്ന രീതി ഉള്ളാടന്മാർക്കിടയിൽ കാണുന്നു. വലതുമൂക്കും ഇടതുമൂക്കും കുത്തുന്നതിൽ ജാതീയമായ വേർതിരിവുണ്ട്. കമ്മാളർ, ശില്പാചാരി, ചെട്ടി, കൊങ്ങിണി, വാണിയൻ, തീയൻ, പുലയൻ എന്നിവർ മൂക്കുത്തി ധരിക്കുന്നതിൽ ശ്രദ്ധിച്ചു പോന്നു. 'മൂക്കുവള'യും ഇവരിൽ പ്രചാരത്തിലുണ്ട്. "



 


ലിങ്കുകൾ:

View Link

മോതിരങ്ങൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

വള കഴിഞ്ഞാൽ പ്രധാനപ്പെട്ട ആഭരണമാണ് മോതിരം, 'പത്തു വിരലിലും പൊന്മോതിര' മണിഞ്ഞവരെക്കുറിച്ച് പാട്ടുകളിലും കാവ്യങ്ങളിലും പരാമർശം ഉണ്ട്. മോതിരങ്ങളുടെ പേരുകൾ അവയുടെ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു. പീഠമോതിരം പീഠത്തിന്റെ ആകൃതിയിലുള്ള മുകൾഭാഗത്തോടുകൂടിയതാണ്. തടമോതിരം എന്നാൽ പ്രധാന മോതിരം ഊരിപ്പോകാതിരിക്കാൻ തടയായിട്ട്. ഇരുവശത്തും ഇടുന്ന ചെറിയ മോതിരംതന്നെ. ക്ലാവറുമോതിരം, അതിൻറെ ക്ലാവർ രൂപത്തിനാലാണ് ആ പേരിന് അർഹമായത്. ഒഴുക്കൻ മോതിരം പ്രത്യേകിച്ച് കൊത്തുപണികളില്ലാത്തതുതന്നെ. മുതിരപ്പുറം മോതിരം അഥവാ കണ്ണ് മോതിരത്തിന് മോതിരത്തിൻ്റെ കട്ട കണ്ണിന്റെ ആക്യതിയിലായിരിക്കും. ഇതുകൂടാതെ നവരത്നമോതിരം വളരെയധികം സവിശേഷതയുള്ളതാണ്. ഒൻപത് കല്ലുകളുള്ള മോതിരത്തിന്റെ കേന്ദ്രസ്ഥാനത്ത് വൈരമാണ്. വൈരക്കല്ലിൻ്റെ വലത്തുവശത്തായി പച്ചക്കല്ല്. തുടർന്ന് തൊട്ട് വലത്തുതന്നെ വെള്ളക്കല്ല്, അതിനടുത്ത് മുത്ത്, മറുവശത്ത് ജാതിനീല (ഇന്ദ്രനീലം) ചുമപ്പ് പവിഴം, വെള്ളക്കല്ല് എന്നിങ്ങനെ ക്രമീകരിക്കുന്നു. സമയദോഷത്തിന് പരിഹാരമായിട്ടാണീ മോതിരം ധരിക്കുന്നത്. അത് വലതുകൈയിൽ ധരിക്കേണ്ടതാണ് (മത്സ്യമാംസങ്ങൾ കഴിക്കുന്നവർ ഇടതുകൈയിൽ ഉപയോഗിക്കുന്നതാണുത്തമം എന്നും  തട്ടാന്മാർക്കിടയിൽ അഭിപ്രായഭേദം കാണുന്നുണ്ട്).



സമയദോഷത്തിനണിയുന്ന ഈ മോതിരം എപ്പോഴും ഉപയോഗിക്കുന്നതു ശരിയല്ല. വൈരക്കല്ലുമായി ബന്ധപ്പെട്ട് ഒട്ടനവധി വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. ഇതുപോലെ വിശ്വാസതലവുമായി ബന്ധപ്പെട്ടതാണ് പവിത്രമോതിരം. സാധാരണപവിത്രക്കെട്ടിൽനിന്ന് വ്യത്യസ്‌തമായി വലതുവശം കെട്ടാണ് പവിത്രമോതിരത്തിന്. അതിൽത്തന്നെ പയ്യന്നൂർ പെരുമാൾക്ഷേത്രത്തിൽ പൂജിച്ചു വാങ്ങുന്ന മോതിരത്തിന് മഹത്ത്വം കൂടും. പൊതുവേ നമ്പൂതിരിമാരാണ് ഇതണിയുക. ഇതുകൂടാതെ 'പുലിനഖ' മോതിരം, ആനവാൽ മോതിരം എന്നിവയും പ്രചാരത്തിലുള്ളവയാണ്. 'ആനവാൽ' കെട്ടിച്ചാൽ രാത്രിയിൽ ഭയന്നു കരയുന്നതിന് ഒറ്റമൂലിയായി. പുലിനഖവും ഇത്തരം ഗുണം ചെയ്യും. വീരശൂരപരാക്രമികൾക്കു ചേർന്നതാണല്ലോ അത്. പഴയ നായാട്ടുകാലത്തിൻ്റെ ഓർമ്മകൾ ഇതിലടങ്ങുന്നുണ്ടാകണം. ഇതിൽത്തന്നെ ചെറിയ 'നഖ'മാണെങ്കിൽ 'കീരിപ്പല്ല്' എന്നാണു പറയുക. താന്ത്രികാവശ്യങ്ങൾക്കായി പവിത്രമോതിരം ഉപയോഗിക്കുന്നു."



 


ലിങ്കുകൾ:

View Link

വളകൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"കഴുത്തും കാതും കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം വൈവിധ്യമുള്ളത് 'വള'കളിലാണ്. വളകളിൽ നിരവധി ഭേദങ്ങളുണ്ട്. നമ്പൂതിരിസ്ത്രീകൾ പൊതുവേ, സ്വർണവളകളല്ല ഉപയോഗിക്കുക. ഓട്ടുവളകളാണ് അവർക്കു പറഞ്ഞിട്ടുള്ളത്.



വളകളിൽ കാണുന്ന പ്രത്യേക ഇനങ്ങൾ, ഒഴുക്കൻവള, ഒറ്റവള, പൂട്ടുവള, തരിവള, കൊത്തുവള ഇങ്ങനെയുള്ള സാധാരണ വളകളാണ്. ഇതുകൂടാതെ സവിശേഷമായ ഒരു ഇനമാണ് 'രാമായണം' കൊത്തിയ വള. സ്ത്രീകൾ മാത്രമാണിത് ഉപയോഗിക്കുന്നത്. അതും പ്രായമായവർ. ഈശ്വരസങ്കല്പവുമായി ഇഴചേർന്നതിനാൽ ശുദ്ധാശുദ്ധസങ്കല്പങ്ങൾ ഇതിലുണ്ട്. സീതാസ്വയംവരം, ലക്ഷ്‌മണോപദേശം, വനയാത്ര, സീതാപഹരണം, ഹനുമദ്‌സംഗമം, അശോകവനം, മൃതസഞ്ജീവനി, രാവണവധം, പട്ടാഭിഷേകം ഇത്രയും രാമായണ സന്ദർഭങ്ങളാണ് ഇതിൽ അടയാളപ്പെടുത്തുന്നത്. ഇതുപോലെതന്നെ പ്രധാനമാണ് അഷ്ടലക്ഷ്മി, ധൈര്യലക്ഷ്‌മി, വിദ്യാലക്ഷ്‌മി, വിജയലക്ഷ്മി, ധനലക്ഷ്മി, ആദിലക്ഷ്മി, ധാന്യലക്ഷ്‌മി, സന്താനലക്ഷ്‌മി, ഗജലക്ഷ്‌മി ഈ ദേവതകളെ കൊത്തിയ വള. ആഭരണം എന്ന സൗന്ദര്യസങ്കല്പത്തിനപ്പുറത്ത് ഒരു 'ദൈവികകൃപ' തേടൽ കൂടിയാണത്. ദശാവതാരം കൊത്തിയ വളയും ഈ കൂട്ടത്തിൽപെടുന്നു. ഈ വളകളിൽ പ്രത്യേകരീതിയിലുള്ള കൊത്തുപണികൾ ചെയ്യാറുണ്ട്. മുന്തിരി 'കൊത്തിയ വള' ആ കൂട്ടത്തിൽപെടുന്നു. "



 


ലിങ്കുകൾ:

View Link

കാതിപ്പൂ (കാതിൽ അണിയുന്ന ആഭരണം)


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

കഴുത്തിലെ ആഭരണങ്ങളോളം പ്രധാനമാണ് കാതിലണിയുന്ന ആഭര‌ണങ്ങൾ. അവയെ പൊതുവേ 'കാതിപ്പൂ' എന്നാണു പറയുന്നത്. തിരുക്ക്പൂവ്, തക്ക, തോട, ജിമുക്കി എന്നിവയ്ക്കാണ് സ്ത്രീകൾക്കിടയിൽ പ്രചാരം. പണ്ട് കാലത്ത് കുന്നിക്കുരുവും പലയിനം പൂക്കളും കർണാഭരണങ്ങളായി ഉപയോഗിച്ചിരുന്നു. കേരളത്തിലെ സ്ത്രീകൾ കാതിലണിഞ്ഞിരുന്ന 'തോട'കൾ പലതരത്തിലുണ്ടായിരുന്നു. പണ്ടു കാലത്ത് കാത് നീട്ടിവളർത്തുന്ന സമ്പ്രദായമായിരുന്നു. കാതിൻ് നീണ്ട ഭാഗം ഊഞ്ഞാൽപോലെ നീണ്ടു കിടക്കും. അതിൽ അണിഞ്ഞിരുന്ന ആഭരണമാണ് തോട. നടുവിൽ തോടുപോലെ കാതിന്റെ വളയം ഒതുങ്ങി ഇരിക്കുന്ന ആഭരണമാണ് തോട. ഇത് തനി സ്വർണത്തിൽ പണിയുവാൻ നല്ല ധനശേഷിയുള്ളവർക്കേ പറ്റൂ. അതുകൊണ്ടുതന്നെ സാധാരണക്കാർ കൈതയോല ചുരുട്ടിയാണു കാതിൽ ഇടുന്നത്. കരി ചേർത്തരച്ച അരക്കോ, തേനീച്ചക്കൂട്ടിൽനിന്നെടുക്കുന്ന മെഴുകോ, കൈതയോല ചുരുളിനകത്തുവച്ച് അതിൻ്റെ ഒരു വശത്ത് കുന്നിക്കുരുക്കൾ പതിച്ചുവച്ചാൽ ഈ തോടയ്ക്ക് 'ചൂതുമണി' എന്നു പേർ. കാഴ്‌ചയിൽ ചുവന്ന കല്ലുവച്ച ആഭരണംപോലെയായിരിക്കും. പ്രായം ചെന്നവരാണിതു ധരിക്കുക. ഇതിൽതന്നെ 'ഉള്ളാട' വിഭാഗത്തിലുള്ള സ്ത്രീകൾ, ഓലച്ചുരുളോ, ലോഹച്ചുരുളോ ധരിക്കുന്നു. പണ്ട് നമ്പ്യാർ 'കാതിലോല, നല്ലതാളി' എന്നു പറഞ്ഞതിൻ്റെ സ്വാരസ്യം വർദ്ധിപ്പിക്കുന്നത് കാതിലണിയുന്ന ഈ 'ഓല'യുടെ അറിവുംകൂടിയാണ്. ഇങ്ങനെ അണിയുന്ന 'ഓല'യിൽതന്നെ നമ്പൂതിരി സ്ത്രീകൾക്കിടയിൽ 'പനയോല' കൊണ്ടുള്ള ആഭരണമാണ് പ്രധാനം. പനയോല വെൺകളിമണ്ണിൽ മുക്കി (അതിനെ ചേടി എന്ന് പറയും) വെളുപ്പുനിറം വരുത്തിയാണ് അണിയുന്നത്. മറ്റു ജാതിക്കാരുടെ ഓലയ്ക്ക് ചുവന്ന നിറമാണ് വിധി. ഇതിൽതന്നെ കുറിച്യർ,പണിയർ എന്നിങ്ങനെ ഗോത്രസംസ്‌കൃതിയുമായി ബന്ധപ്പെട്ടവർ, കാതിൽ 'പിച്ചളത്തോട'യാണ് അണിയുക. തോടയുടെ മറ്റൊരു പേരാണ് 'തക്ക.'



കാതിൽ അണിയുന്ന ആഭരണങ്ങളിൽ മേക്കാത്കുത്തി അണിയുന്നവയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. 'ചിറ്റ്' എന്ന പേരിലാണിത് അറിയുന്നത്. 'മനച്ചിറ്റ്', 'ചെറുചിറ്റ്' എന്നിവയ്ക്ക് നമ്പൂതിരിമാർക്കിടയിലാണ് പ്രചാരം. ക്രിസ്‌ത്യാനികൾക്കിടയിൽ മേയ്ക്കാത് കുത്തുന്ന രീതിയുണ്ട്. അതിന് 'മേയ്ക്കാ മോതിരം' എന്നു പേർ. അതിൽത്തന്നെ ഒരു പവൻ തൂക്കത്തിൽ ചതുരവടിവിൽ നിർമ്മിക്കുന്ന കാതിലയ്ക്ക് കുന്നംകുളം ഭാഗത്ത് 'അന്തോണിക്കാതില' എന്നൊരു ദേശപ്പേരുണ്ട്. പൊതുവേ മറ്റു ജാതിക്കാർക്കിടയിൽ ചിറ്റിന് പ്രചാരം കുറവാണ്. കുറുമർ, ഉള്ളാടർ, പണിയർ തുടങ്ങിയ ഗോത്രവർഗക്കാർക്കിടയിലും മേക്കാത് കുത്തുന്ന രീതിയുണ്ട്. ചുവന്ന മഞ്ചാടി പിടിപ്പിച്ച മെഴുകു 'തോടകൾ' ആണ് അവർ അണിയുന്നത്. "



 


ലിങ്കുകൾ:

View Link

താലികൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"ചരടിൽ കോർക്കുന്ന മാലകൾക്കെല്ലാം പൊതുവിൽ 'താലി' ചേർത്ത് പറയും. 'നാഗപടത്താലി' എന്നിങ്ങനെ. ദേശമംഗലം മനയ്ക്കലേക്ക്, അവിടെ താമസിച്ച് ഇത്തരം ആഭരണങ്ങൾ പണിതുകൊടുത്തിട്ടുള്ള തട്ടാന്മാരുടെ പിൻതലമുറക്കാരിൽ ചിലർ, ഇന്നും ഈ തൊഴിലിൽ നിലനില്ക്കുന്നുണ്ട്. ഹിന്ദുക്കൾക്കിടയിൽ 'താലി' ഉപയോഗിച്ചിരുന്നത് പ്രധാനമായും നമ്പൂതിരിമാരും പട്ടന്മാരും ആണ്. പില്ക്കാലത്ത്, മറ്റു ജാതിക്കാർക്കിടയിലും മംഗല്യസൂചകമായ താലിയുടെ ഉപയോഗം കടന്നു വന്നു. ഈ താലികൾക്കും ജാതിഭേദങ്ങളുണ്ട്.



കമുത്തിത്താലി: മനയ്ക്കലെ പെണ്ണുങ്ങൾക്കായുള്ളതാണ്. 'ചെറുതാലി' എന്നും പറയും. ഇതിൽ ഒരു ചരടിൽ ഒരു താലി, ഒരു മണി എന്നിങ്ങനെ ഇടവിട്ട് കോർക്കുന്നു. 101 വരെ ആകാം. പൊതുവേ ആഢ്യന്മാരുടെ ആഭരണമാണിത്. ഹിന്ദുക്കൾക്കിടയിൽ പ്രചാരമുള്ളതാണ് 'മുഹൂർത്തത്താലി.' കല്യാണത്തിന് ഉപയോഗിക്കുന്ന 'താലി' എന്നേ അർത്ഥമുള്ളൂ. നമ്പൂതിരിമാരുടെ 'താലി' 'താലിക്കൂട്ടം' എന്നും അറിയുന്നു.



പണ്ടാരന്മാർക്കിടയിൽ പ്രചാരത്തിലുള്ളതാണ് പൊക്കൻതാലി/പപ്പടതാലി. അതിലെ താലിക്കു കുറച്ച് വട്ടം കൂടുതലുണ്ടാകും. ഈഴവ സ്ത്രീകൾക്കിടയിൽ പ്രചാരം കുമ്പളത്താലിക്കാണ്. ഈ താലികൾക്കിടയിൽത്തന്നെ അതിൻ്റെ പുറത്തിനുള്ള മുഴുപ്പനുസരിച്ച് പേരും മാറും. അതിന് 'മുതിരപ്പുറം' എന്നൊരു പേരുണ്ട്. താലി താരതമ്യേന സമീപകാലത്താണ് ഇതരസമുദായങ്ങൾക്കിടയിൽ പ്രചാരത്തിൽ വന്നത്. ആദ്യകാലത്ത് 'സംബന്ധ'വ്യവസ്ഥയും, 'മുണ്ട്കൊട' യുമായിരുന്നു വിവാഹരീതി.



'നാഗപടത്താലി', പട്ടന്മാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും ഒരുപോലെ പ്രചാരമുള്ള മാലയാണ്. മനയ്ക്കലെ ആണുങ്ങൾക്കിടയിൽ പ്രചാരമുള്ള മാലയാണ്. കാതിലണിയുന്നത് ചിറ്റാണ്. കാത് തുളച്ച് വൃത്തത്തിൽ 1/2 ഇഞ്ച് വ്യാസത്തിൽ, ഏതാണ്ട് 'U' ആകൃതിയിൽ ഒറ്റക്കാതിൽ ചിറ്റ് ഇടുന്നു. ചിലർ രണ്ടു കാതിലും ചിറ്റ് ധരിക്കാറുണ്ട്. ഇതുതന്നെ കമ്പിയിട്ട് കെട്ടുന്ന രീതിയുണ്ട്. കല്ല് വച്ച് പണിയുകയും പതിവുണ്ട്. ഏഴുകല്ല്, മൂന്ന്കല്ല്, ഒറ്റക്കല്ല് എന്നിങ്ങനെയാകാം. അതിനെ 'ചിറ്റുകടുക്കൻ' എന്ന് പറയുന്നു.



പ്രായമായ നമ്പൂതിരി സ്ത്രീകൾക്കിടയിൽ 'കുഴൽത്താലി' എന്നൊരു ആഭരണം പ്രചാരത്തിലുണ്ടായിരുന്നു. കുഴൽ ആകൃതിയിലുള്ള കഷണങ്ങൾ, കോർത്തു ധരിക്കുന്ന രീതിയാണിത്. 9. 11 എന്നിങ്ങനെ സംഖ്യകളിൽ ഇതു കാണാം. കണ്ഠാഭരണങ്ങൾക്കിടയിൽ ജാതിഭേദമില്ലാതെ ഉപയോഗിക്കുന്ന നിരവധി ആഭരണങ്ങളുണ്ട്.



പൂത്താലി, എല്ലാ വിഭാഗക്കാർക്കിടയിലും കാണാം. കാശുമാല, കാശിൻ്റെ ആകൃതിയിൽ രൂപപ്പെടുത്തിയ സ്വർണനാണയം, കോർത്തിടുന്ന രീതിയാണ്. അവിൽമാല, ചക്കരപ്പതക്കം, (11 കല്ലിൽ പണിയുന്ന പതക്കം-നിറം ഏതുമാവാം) വേപ്പിലുഷ, കാശാലി, ഇളക്കത്താലി, കയ്പ്പക്കുരുമാല, പണമാല, ചക്രമാല, പവൻമാല, മണിമാല, ചീർക്കു മാല, തീപ്പെട്ടിമാല, കുഴിഡബ്ബിൾ മാല എന്നിങ്ങനെ കണ്‌ഠാഭരണങ്ങൾ നിരവധി പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് ഈ പഴയ ആഭരണങ്ങളുടെ പുതിയ പതിപ്പുകൾ, കാലഭേദമനുസരിച്ചുള്ള പുതുമകളോടെ കടന്നുവരുന്നു. "



 


ലിങ്കുകൾ:

View Link

കേരളത്തിന്റെ കളമെഴുത്ത്


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"കേരളത്തിൻ്റെ ധൂളീചിത്രപാരമ്പര്യമായ കളമെഴുത്തിൽ ധാരാളം മൂർത്തിരൂപങ്ങൾ വരയ്ക്കും. അവ മനുഷ്യരൂപങ്ങളോടു ബന്ധം തോന്നിക്കുന്നതും എന്നാൽ സാധാരണ മനുഷ്യരിൽനിന്ന് അകന്നതുമാണ്. അവയ്ക്കെല്ലാം അതിൻ്റേതായ രൂപ/വിഗ്രഹ ലക്ഷണങ്ങ(Iconography) ളുണ്ട്. സാധാരണ മനുഷ്യരിൽനിന്ന് ഉയർന്ന അസ്‌തിത്വമുള്ള ശരീരലക്ഷണങ്ങളും അവർക്കുവേണ്ട ആയുധങ്ങളുമെല്ലാമടങ്ങുന്നതാണ് അവയുടെ രൂപങ്ങൾ. അവയുടെ ശരീരവടിവും മെയ്യഴകും യഥാർത്ഥ മനുഷ്യരുടെ ആദർശലാവണ്യമുള്ള ശരീരസങ്കല്പത്തിൽനിന്ന് നിർദ്ധാരണം ചെയ്‌തതാണ്. മൂർത്തികൾ ഏതെങ്കിലും ആശയത്തിന്റെ ആദർശരൂപമാണ്. അതിനാൽ അവയുടെ രൂപങ്ങൾ നിത്യജീവിതത്തിലെ ആദർശസുന്ദരരൂപമല്ല ആവശ്യപ്പെടുന്നത്. അവ പ്രതിനിധാനം ചെയ്യുന്ന ആശയത്തിൻ്റെ ആദർശരൂപമാണ്. അതിനാൽ ഗണപതിയുടെയും രാവണൻ്റെയും രൂപങ്ങളുടെ ലാവണ്യം ആ ആശയത്തിന്റെ രൂപമായി കാണാൻ ശ്രമിക്കുമ്പോഴേ അതിന്റെ ലാവണ്യം ഗ്രഹിക്കാനാകൂ. ഓരോ സംസ്‌കാരവും ചിന്താവീക്ഷണവും സന്ദർഭവും ഓരോ കാലത്ത് ഓരോ തരത്തിലുള്ള ലാവണ്യചിന്ത കൊണ്ടുവരും. പാശ്ചാത്യ സംസ്കൃതിയിൽ ഒരു കാലത്തു വന്ന ആദർശലാവണ്യചിന്ത ആ സ്ഥലത്തെ അക്കാലത്തെ ചിന്തയായി മാത്രമേ പ്രസക്തി നേടുന്നുള്ളൂ. ഭാരതീയ ക്ലാസിക് കലകളിലേതും ഫോക്കലകളിലേതുമെല്ലാം ഇമ്മാതിരിയുള്ള സ്ഥല-കാല-സംസ്കൃതി നിബദ്ധമായേ കാണാനാകൂ. അത് ആപേക്ഷികമാണ്.



കേരളീയ ചുവർചിത്രങ്ങളിലെ ശരീരവടിവ് അതിൻ്റേതായ സവിശേഷതകൾ പേറുന്നു. വർത്തുളതയാണ് അതിന്റെ സവിശേഷത. സ്വാഭാവികതയിൽനിന്ന് വളരെ മാറിയ 'ചിത്രസവിശേഷത' (Painterly/Picturely)യുള്ളതാണവ. കൈമുദ്രകൾ, മുഖഭാവം, ശരീരഭംഗങ്ങൾ എന്നിങ്ങനെ ഓരോന്നും കേരളത്തിൻ്റെ തനതു സങ്കല്പത്തിൽ വരുന്ന മെയ്യഴകുബോധത്തിൻ്റെ ശൈലീകൃതരൂപം കാണിക്കുന്നു. കേരളീയ പാരമ്പര്യചിത്രങ്ങളിലും ശില്പങ്ങളിലും ശരീരവും ആഭരണവും തമ്മിലുള്ള സംയോജനത്തിൻ്റെ അഴക് ലഭിക്കുന്നു. അമിത ആഭരണച്ചാർത്ത് പല കേരളീയ ചിത്രശില്പങ്ങളിലുമുണ്ട്. മെയ്യും ആഭരണവും തമ്മിലുള്ള ചേർച്ചയിലെ തോത് (Ratio) ശ്രദ്ധിക്കേണ്ടതാണ്. സാധാരണ മനുഷ്യരൂപത്തിന് അത്രയധികം ആഭരണം അരോചകമാകും. എന്നാൽ ശൈലീകൃത രൂപങ്ങൾക്ക് ഇത്രയധികം ആഭരണങ്ങളില്ലെങ്കിൽ അതിന്റെ അഴകുമാത്രമല്ല, പ്രസക്തിയും നഷ്ടപ്പെടും. ആഭരണത്തിനുവേണ്ടി ശരീരം എന്നും ശരീരത്തിനുവേണ്ടി ആഭരണം എന്നും തോന്നിക്കും വിധമാണ് ആഭരണച്ചാർത്ത്. അത് കേവലം ശരീരാലങ്കാര രൂപങ്ങളല്ല. ശരീരഭാഗങ്ങളായിത്തന്നെ തീരുന്നു. അതോടെ അത് ശരീരവും ആഭരണവും എന്ന അസ്ത‌ിത്വം വിട്ട് ചിത്രം, ശില്പം, ശൈലീകരണം എന്ന ദൃശ്യഭാഷ, ഫോർമുലയിലേക്കു കടക്കുന്നു. ഇത്രയധികം ആഭരണച്ചാർത്ത് 11, 12 നൂറ്റാണ്ടുകളിൽ (ഇന്നത്തെ കർണാടകഭാഗത്തുള്ള) ഹൊയ്‌ശാല ശില്പങ്ങളിൽ കാണാം.



ശൈലീകരണത്തിൽ അധികമൂല്യവും ന്യൂനമൂല്യവും പ്രധാനമാണ്. അധികം ആദർശീകരിച്ച രൂപവും ന്യൂനീകരിച്ച രൂപവും അടുത്തടുത്തു നിർത്തിയാൽ താരതമ്യത്തിലൂടെ ലാവണ്യമാനം പ്രകടിപ്പിക്കാം. കുള്ളന്റെ രൂപത്തിനു മുകളിൽ ആദർശീകൃത മനുഷ്യരൂപം നിർമ്മിച്ചാൽ ന്യൂനോക്തിയും അധികോക്തിയും തമ്മിലുള്ള താരതമ്യം നടക്കുമെന്നതിനാൽ അത്തരം ശില്പങ്ങൾ ധാരാളം നമ്മുടെ നാട്ടിലുണ്ട്. ആദർശദൃശ്യത്തിൻ്റെ എതിർദിശയാണ് അതിന്റെ ഇരട്ടപോലുള്ള ഹാസ്യദൃശ്യം. സർക്കസ്സിലെ കോമാളിയെപ്പോലെ.



മനുഷ്യശരീരത്തെ ഏതെല്ലാം വിധത്തിൽ ശൈലീകരിക്കാമെന്നതിന് പരിധി നിർണയിക്കാനാവില്ല. അസാദ്ധ്യമായതിന്റെ സാദ്ധ്യത നോക്കുക എന്നത് കലയുടെ ഒരു സവിശേഷതയാണ്. ഭാവനയിലെ ലോകം കലയ്ക്ക് പലതരത്തിലുള്ള ശൈലീകരണവും നല്‌കും. പരിഷ്കാരത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ മെയ്യഴകു ഫോർമുലകൾ വരും. അത് കലയിലെയും സമൂഹത്തിലെയും പരിണാമഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. "



 


ലിങ്കുകൾ:

View Link

പഴുത്തമാവിലേം ഗന്ധ തൈലോം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"പ്രകൃതിയിൽനിന്നു കിട്ടുന്ന വസ്‌തുക്കളെ രാസപരിണാമം ചെയ്യാതെ സൗന്ദര്യവർദ്ധകവസ്‌തുക്കളായി ഉപയോഗിച്ചവരായിരുന്നു നമ്മുടെ പഴയ തലമുറയിൽപെട്ടവർ. അത്തരം വസ്‌തുക്കൾ കൃത്രിമ സൗന്ദര്യം ഉണ്ടാക്കുന്നവയുമല്ല. അവ ശരീരത്തിനു ഹാനികരങ്ങളല്ലെന്നു മാത്രമല്ല ശരീരസൗന്ദര്യത്തിന് സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവയുമായിരുന്നു. റെഡിമെയിഡ് വസ്‌തുക്കൾ അല്ലാത്തതുകൊണ്ട് ഉണ്ടാക്കിയെടുക്കാനും സൂക്ഷിച്ചുവെക്കാനും നമ്മുടെ ഭാഗത്തുനിന്നും അല്പം പ്രയത്നം ആവശ്യപ്പെടുന്നവയാണ് അവ.



പല്ലുതേക്കാൻ പഴുത്ത മാവിലയാണു സാധാരണയായി ഉപയോഗിച്ചിരുന്നത്. തെങ്ങിൻ കരിക്കിന്റെ തൊണ്ട് ഉപയോഗിക്കുന്ന രീതിയും ഉണ്ടായിരുന്നു. മോണയ്ക്ക് ശക്തികൂട്ടാനും വായിലെ വ്രണം ഇല്ലാതാക്കാനും ഇതിനു കഴിയും. വേപ്പിൻകമ്പ്, ചൂളക്കമ്പ് ഇവ ബ്രഷ് പോലെ ഉപയോഗിച്ച് പല്ലു തേക്കുന്ന രീതിയും നിലനിന്നിരുന്നു. മുറിവുണക്കാൻ ഇവയ്ക്കു കഴിവുണ്ട്. പല്ലിന് നല്ല ബലം നല്കുന്ന ഇവ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നവയാണ്. ഉമിക്കരി, കുരുമുളക്, ഉപ്പ്, ചിരട്ടക്കരി, തഴക്കൂമ്പ് ഇവ കൂട്ടിയരച്ച് ഉണക്കി പൽപ്പൊടിയാക്കി സൂക്ഷിച്ച് പല്ലുതേയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. വായ്നാറ്റം ഇല്ലാതാക്കാനും മോണരോഗം ശമിപ്പിക്കാനും ഇതിനു കഴിയും. 



തലയിലും ശരീരത്തിലും തേച്ചു കുളിക്കുന്ന എണ്ണയിലും സൗന്ദര്യ വർദ്ധകവസ്തുക്കൾ ചേർക്കുന്ന പതിവുണ്ടായിരുന്നു. എണ്ണകളിൽ എള്ളെണ്ണയ്ക്കാണ് പ്രാമുഖ്യം കല്പിച്ചിരിക്കുന്നത്. എള്ളിനുള്ള അത്ഭുതകരമായ ഔഷധസിദ്ധിയാണ് ഇതിനു പ്രധാന കാരണം. ശരീരം കൂടുതൽ തടിപ്പിക്കുകയോ, കൂടുതൽ ശോഷിപ്പിക്കുകയോ ചെയ്യാത്തതാണ് എള്ളെണ്ണ. തലമുടിക്ക് കറുപ്പ് നിറം നിലനിർത്താനും എള്ളെണ്ണയ്ക്കു കഴിയും. എള്ള് നീരൊഴുക്കിലും പാലൊഴുക്കിലും അനേകം ദിവസം അനേകം തവണ ആവർത്തിച്ച് കിഴികെട്ടി നിക്ഷേപിച്ച് അതിൽനിന്നും ആട്ടിയെടുക്കുന്ന എണ്ണയിൽ മരുന്ന് ചേർത്തുണ്ടാക്കുന്ന വിലകൂടിയ ഗന്ധതൈലം എന്ന ആയുർവേദ എണ്ണ ശരീരത്തിന് ഉണ്ടാകുന്ന എല്ലാത്തരം ക്ഷതങ്ങളെയും ഇല്ലായ്‌മ ചെയ്‌തു പൂർവസ്ഥിതിയിലെത്തിക്കാനുള്ള വിശേഷമായ കഴിവുള്ളതാണ്. പാവപ്പെട്ടവരും പണക്കാരും തേക്കുന്ന സൗന്ദര്യവർദ്ധക എണ്ണകൾ വ്യത്യസ്‌തമായിരുന്നു. അരിമേതാദി എണ്ണയാണ് സാധാരണയായി ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും മുഖക്കുരുപോലുള്ള കുരുക്കൾ ഇല്ലാതാക്കാനും ഇതിനു കഴിയും. തലനീരിറക്കത്തിനും ഇതു മരുന്നാണ്."



 


ലിങ്കുകൾ:

View Link

മൈലാഞ്ചീം ചിറ്റിലക്കുറീം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"സൗന്ദര്യവർദ്ധകമായ ഒരു ലേപനവസ്‌തുവാണ് മൈലാഞ്ചി. സ്ത്രീകളാണ് ഇത് ഉപയോഗിക്കുക. നേരംപോക്കിന് ആൺകുട്ടികളും മൈലാഞ്ചി ഇട്ടു കാണാറുണ്ട്. അതിവിടെ പരിഗണിക്കേണ്ടതില്ല. മരുതോന്നി എന്ന ചെടിയാണ് മൈലാഞ്ചി. അതിന്റെ ഇല അരച്ച് ഉള്ളംകൈ, നഖങ്ങൾ എന്നിവിടങ്ങളിലിടും. ഏതാനും മണിക്കൂറുകൾക്കുശേഷം അതു കളയാം. എങ്കിലും ചുവന്ന അടയാളം അവിടെ കാണാം. മൈലാഞ്ചി ഇടുന്നതിൽ ജാതിഭേദമൊന്നുമില്ല. മംഗളകരമായ ഒരു ചടങ്ങിൻ്റെ പരിവേഷം അതിനു നല്‌കിവരുന്നുണ്ട്. ക്രൈസ്തവരുടെയും മുസ്‌ലിങ്ങളുടെയും കല്യാണത്തിനും കോവിലകങ്ങളിലെ തമ്പാട്ടിമാരുടെ പള്ളിക്കെട്ടിനും മൈലാഞ്ചി ഇടുന്ന ചടങ്ങ് ഒഴിവാക്കാറില്ല. ഹിന്ദുക്കളിൽ ചിലർ കർക്കിടകം, തുലാം എന്നീ മാസങ്ങളിലെ അമാവാസിക്കാണ് മൈലാഞ്ചിയിടുക. മൈലാഞ്ചി അരയ്ക്കുമ്പോൾ ചുണ്ണാമ്പുവെള്ളമോ, കളിയടക്കയോ ചേർത്തരച്ചാൽ കൂടുതൽ നിറം കിട്ടും. "



"മെയ്യഴകിന്റെ സുപ്രധാന ഘടകമാണ് അലങ്കാരങ്ങൾ. അണിഞ്ഞൊരുങ്ങിയാൽ ചന്തം വർദ്ധിക്കുമെന്ന യാഥാർത്ഥ്യം ഇന്നത്തെ തലമുറയേക്കാൾ ബോധ്യമായിരുന്നതു പഴമക്കാർക്കാണ്. അതിനാലാണ് അവർ 'പെണ്ണായാൽ അണിഞ്ഞൊരുങ്ങി നടക്കണം, പൊട്ടു തൊടുകയും പൂവു ചൂടുകയും വേണം' എന്നിങ്ങനെ പറയുന്നത്. രാവിലെ കുളിച്ചു ശുഭ്രവസ്ത്രം ധരിച്ച് കുറിതൊടുകയെന്നത് മുൻകാലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ആചാരമായിരുന്നു. ഇത് ദിനചര്യയുടെ ഭാഗമായാണു മുൻതലമുറ കണ്ടത്. കണ്ണിലെഴുതുന്ന മഷി കണ്ണിനും നെറ്റിയിലെ ചന്ദനം തലയ്ക്കും കണ്ണിനും കുളിർമ്മ പകരുന്നു. നെറ്റിയിൽ തൊടുന്ന ഭസ്‌മം, കുങ്കുമം ഇവ നീരിറക്കത്തെ തടയാനുതകുന്നതാണ്. ചില സ്ത്രീകൾ 'ചിറ്റിലക്കുറി' വരയ്ക്കാറുണ്ട്. വാഴയിലക്കീറ്റുകൾ നെറ്റിയിൽവച്ച് മഞ്ഞളും ചുണ്ണാമ്പും ചേർത്ത കടുംചുകപ്പ് നെറ്റിയിൽ ലേപനം ചെയ്യും. കീറ്റിലകൾ നീക്കിയാൽ നെറ്റിയിൽ നീളത്തിലുള്ള വരക്കുറികൾ കാണാം. ഈ കുറിയാണ് 'ചിറ്റിലക്കുറി' (ഇലക്കുറി). ഇതിന് 'വരച്ചകുറി' എന്നും പറഞ്ഞുവരുന്നു. അരിയും മഞ്ഞളും ചേർത്തരച്ചത് നീളത്തിൽ കുറിയായി

തൊടുന്ന പതിവും മുൻകാലങ്ങളിലുണ്ടായിരുന്നു. ഗണപതിഹോമ പ്രസാദമായി ലഭിക്കുന്ന കരിക്കുറിയോ വെറ്റില കരിച്ചുണ്ടാക്കുന്ന കരിയോ നെറ്റിയിൽ തൊടുന്ന പതിവ് പല വിഭാഗക്കാർക്കിടയിലും നിലനിന്നുവരുന്നു. വെറ്റിലക്കുറിയുടെ പൊടി പോയി നെറ്റിയിൽ തെളിഞ്ഞു കിടക്കും. ക്രൈസ്‌തവമതത്തിൽപ്പെട്ടവർ 'കുരുത്തോലപ്പെരുന്നാളോടനുബന്ധിച്ച് കുരുത്തോല കത്തിച്ച കരിയാൽ നെറ്റിയിൽ കുരിശു വരയ്ക്കാറുണ്ട്. ഈ കരിക്കുറികളെല്ലാംതന്നെ അണുബാധയകറ്റാനുതകുന്നവയാണ്. വിവാഹിതരായ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നത് ഐശ്വര്യത്തിൻ്റെ പ്രതീകമായാണ് മുൻതലമുറ കണ്ടതെങ്കിൽ ഇന്ന് അതൊരു ഫാഷൻ്റെ ഭാഗമാക്കാനാണ് പലരും ആഗ്രഹിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങൾക്കു കണ്ണെഴുതിച്ച് പൊട്ടുതൊടുവിക്കുമ്പോൾ 'കണ്ണു കൊള്ളാതിരിക്കാ'നെന്ന നാട്യത്തിൽ കവിളത്തും കൺമഷിയാൽ പൊട്ടുവയ്ക്കാറുണ്ട്. പുരികമെഴുതിക്കുന്ന പതിവ് ഇന്നും നിലനില്ക്കുന്നു. മുൻകാലങ്ങളിൽ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും കുറിയിടുന്നതിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. കുറികണ്ടാൽ ജാതി തിരിച്ചറിയാവുന്ന കാലവും വളരെ പിറകിലല്ല. 'ആചാരപ്പെട്ട'വർ നൂറ്റൊന്നു കുറി വരയ്ക്കുന്ന പതിവ് ഇന്നും പലയിടത്തും അന്യംനില്ക്കാതെ അവശേഷിക്കുന്നുണ്ട്. തലയിൽ മുല്ലപ്പൂ, തുളസിപ്പൂ, ജമന്തിപ്പൂ, കനകാംബരപ്പൂ, പാർവതിപ്പൂ, പനിനീർപ്പൂ തുടങ്ങിയവ ചൂടുന്ന പതിവ് മുൻകാലത്തെന്നപോലെ ഇന്നും കാണാൻ കഴിയും. "


ലിങ്കുകൾ:

View Link

ഇഞ്ചേം വാകപ്പൊടീം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"സോപ്പിനു പകരം ഇഞ്ച, പുളിഞ്ചിക്ക, നെന്മേനി വാക ഇവയാണ് ശരീരത്തിൽ തേക്കാൻ ഉപയോഗിച്ചിരുന്നത്. ഇഞ്ചയുടെ വള്ളി ചതച്ച് പതം വരുത്തി നാരാക്കിയാണ് ഉപയോഗിച്ചിരുന്നത്. അത്ത് എന്നും ഇതിന് ചില സ്ഥലങ്ങളിൽ പേർ പറയുന്നു. വാകമരത്തിൻ്റെ തോല് ചെത്തിയെടുത്തു പൊടിച്ചാണ് വാകപ്പൊടി തയ്യാറാക്കുന്നത്. തോല് തന്നെ പച്ചയ്ക്കെടുത്ത് ശരീരത്തിൽ തേക്കുന്ന പതിവും ഉണ്ടായിരുന്നു. ഇഞ്ചയും വാകയും മറ്റും ജലസമൃദ്ധമായ ഭൂപ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നവയാണ്. പുളിഞ്ചിക്ക കാട്ടിൽ വളരുന്ന ഒരുതരം വള്ളിയാണ്. ഇതിൻ്റെ കായ പൊടിച്ച് സോപ്പിനു പകരം ഉപയോഗിക്കുന്നു. ഒരു അണുനാശിനിയാണ് ഇത്. വാകത്തോൽ, പച്ചമഞ്ഞൾ, കസ്‌തൂരി മഞ്ഞൾ ഇവ ചേർത്ത് തേക്കുന്ന പതിവും ഉണ്ടായിരുന്നു. ശരീരത്തിന് നല്ല നിറം ഉണ്ടാക്കാൻ ഇതിനു കഴിയും.



തൊലി സ്നിഗ്ദ്ധതയുള്ളതാക്കാനുള്ള കഴിവുമുണ്ട്. ത്വഗ്രോഗം, ചൊറി, ചിരങ്ങ് എന്നിവ ഇല്ലാതാക്കുന്നതിനു പുറമേ ഇവ വിഷഹാരിയാണ്.



വെള്ളില, കുറുന്തോട്ടി, ഏച്ചിൽ, ചെമ്പരത്തി ഇവയുടെ ഇലയാണ് തലയിൽ തേക്കാനുള്ള താളിയായി ഉപയോഗിച്ചു വന്നിരുന്നത്. വെള്ളില മുടികൊഴിച്ചിൽ ഇല്ലാതാക്കും. നല്ല ഉറക്കം ഉണ്ടാക്കും.



പനിക്കെതിരെയുള്ള മരുന്നുകൂടിയാണിത്. ത്രിദോഷശമനിയായ വെള്ളിലയുടെ വള്ളി പുഴയുടെ തീരത്താണു സാധാരണയായി കണ്ടുവരുന്നത്. വരണ്ട പ്രദേശത്ത് ഇത് ഉണ്ടാവുകയില്ല. ഏച്ചിലിന്റെ ഇലയാണ് താളിക്കുപയോഗിക്കുന്ന മറ്റൊരു വസ്‌തു. ഇതു വൃക്ഷമാണ്. പുഴയുടെ തീരത്തോ ഭൂഗർഭജലം ധാരാളമായി ഉള്ള പ്രദേശത്തോ മാത്രമേ ഇവ കണ്ടുവരാറുള്ളൂ. ശീതവീര്യമുള്ളത് രക്തദോഷ ശമനിയാണ്. രക്തവാദം കൊണ്ടുണ്ടാകുന്ന വീക്കത്തിന് അരച്ചിടാനും ഇത് ഉപയോഗിക്കാറുണ്ട്. "


ലിങ്കുകൾ:

View Link

കുളിത്താളി


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

" മിനുപ്പും കൊഴുപ്പും നല്‌കുന്ന നിരവധി വസ്തു‌ക്കളുണ്ട്. അവയിൽ പലതും പ്രാകൃതിക വസ്‌തുക്കളിൽനിന്നു ലഭിക്കുകയും ചെയ്യും. എണ്ണ തേച്ചു കുളിക്കുമ്പോൾ ഉപയോഗിക്കാറുള്ള താളി, വാക, അത്ത് തുടങ്ങിയ വസ്‌തുക്കൾ ഗ്രാമീണർക്ക് ഇന്നും നിത്യ പരിചിതങ്ങളാണ്. തലയിലെ മെഴുക്കു കളയുവാനാണ് താളിയുടെ ചാറ് തലയിൽ തേക്കുന്നത്. കേശവർദ്ധനയ്ക്കും അതു സഹായിക്കും. ശരീരത്തിലും താളി തേക്കാം. താളിത്തട്ടം, വാകത്തട്ടം തുടങ്ങിയവയുമായി പെണ്ണുങ്ങൾ കുളിക്കുവാൻ പോകുന്നതിന്റെ വർണനകൾ പഴയ നാടൻപാട്ടുകളിൽ കാണുവാൻ കഴിയും.



"താളിതരിത്തട്ടിൽ താളിയുമായ്



വാകാമണിത്തട്ടിൽ വാകയുമായ്



മഞ്ഞൾ മണിത്തട്ടിൽ മഞ്ഞളുമായ്



തിരുവൻ കടവിലെഴുന്നള്ളീറ്റ്



താളിയും തേച്ചു മെഴുക്കിളക്കി



അത്തുമേ തേച്ചു മുടിയിളക്കി



മഞ്ഞളും തേച്ചു നിറമെടുത്തു."



എന്നിങ്ങനെ 'കളിക്കപ്പാട്ടിൽ' (6: 120) കാണുന്ന വർണന അവയുടെ പൊതു സ്വഭാവമാണ് വ്യക്തമാക്കുന്നത്.



ഏച്ചിൽത്താളി, വേരില്ലാത്താളി, പാടത്താളി, കുരുണിത്താളി, ചീരത്താളി, കുറുന്തോട്ടിത്താളി, ചെമ്പരത്തിത്താളി, ചെറുനിച്ചൽത്താളി, ഏലോത്താളി, കറ്റാർവാഴത്താളി എന്നിങ്ങനെ ഔഷധഗുണമുള്ള നിരവധി താളികൾ ഉപയോഗിച്ചു വരാറുണ്ടായിരുന്നു. ഇഞ്ച എന്ന ഒരു തരം കാട്ടുവള്ളിയുടെ തോലുരിച്ച് അടിച്ച് മാർദ്ദവം വരുത്തിയതാണ് 'അത്ത്.' അതും വാകപ്പൊടിയും കുളിക്കുമ്പോൾ ശരീരത്തിൽ തേക്കാറുള്ളവയാണ്. ഔഷധഗുണമുള്ള ഇവ ത്വഗ്രോഗങ്ങൾ ഇല്ലാതാക്കുകയും ശരീരത്തിന് മാർദ്ദവം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാർ താളിയും അത്തും മറ്റും ഉപയോഗിക്കാറുണ്ടെങ്കിലും, സ്ത്രീകളാണ് ഇവ കൂടുതൽ ഉപയോഗിച്ചു കാണുന്നത്. പ്രസവിച്ച സ്ത്രീകൾ ഇവ ഉപയോഗിക്കണമെന്ന് നിർബന്ധമായിരുന്നു. ചെറുപയർ, കടല തുടങ്ങിയ ധാന്യങ്ങളുടെ പൊടിയും കുളിക്കുമ്പോൾ ശരീരത്തിൽ തേക്കാറുണ്ട്. മൈസൂർവാഴപ്പഴം ശരീരത്തിൽ തേച്ചാൽ കാന്തി വർദ്ധിക്കുമത്രേ. മഞ്ഞൾ, മാവിൻ്റെ തോല് ഇവ ഇടിച്ച് പൊടിയാക്കി കുളിക്കുമ്പോൾ തേച്ചാൽ ശരീരത്തിനു നിറവും മിനുസവും കൂടും. പ്രസവിച്ച സ്ത്രീകൾ കുളിക്കുമ്പോൾ അതു തേക്കാറുണ്ട്. "



 


ലിങ്കുകൾ:

View Link

കേശാലങ്കാരം


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"ശരീരാലങ്കരണത്തിൻ്റെ ഒരു ഭാഗമാണ് കേശാലങ്കരണം. സ്ത്രീ-പുരുഷ ഭേദം അതിന്റെ ശൈലിയിൽ വ്യത്യാസം വരുത്തിയിരുന്നു. ആദിവാസി വിഭാഗത്തിൽപെട്ട പലരും പക്ഷികളുടെ തൂവലുകൾ കേശാലങ്കാരമായി ഉപയോഗിക്കുമത്രേ. പണ്ടുകാലങ്ങളിൽ ഓരോ ജാതി/വർഗ വിഭാഗവും പ്രത്യേക സമ്പ്രദായങ്ങളിൽ തലമുടി കുടുമ വളർത്തുമായിരുന്നു. കുടുമ കണ്ടാൽ ഇന്ന വിഭാഗത്തിൽപെട്ട വ്യക്തിയാണെന്നു തിരിച്ചറിയാൻപോലും കഴിയുമായിരുന്നു. കേരള ബ്രാഹ്മണർ മുൻ കുടുമക്കാരും പരദേശ ബ്രാഹ്മണരായ പട്ടന്മാർ പിൻകുടുമക്കാരുമാണ്. നായന്മാരും മറ്റും തലമുടി ആകെ വളർത്തി ഒരു വശത്തേക്കു കെട്ടിവയ്ക്കുമായിരുന്നു. കമ്മാളർ, ഈഴവർ, മുക്കുവർ മുതലായവർ പപ്പടവട്ടത്തിൽ 'ചക്കരക്കുടുമ' വളർത്തിവന്നിരുന്നു. മാപ്പിളമാർ തലമുണ്ഡനം ചെയ്യുകയാണു പതിവ് (10:197).



സ്ത്രീകളുടെ കേശാലങ്കരണത്തിന് പുരുഷന്മാരുടേതിൽനിന്ന് വ്യത്യാസം കാണാം. ഹൈന്ദവ സ്ത്രീകളിൽ പലരും സ്വർണം കെട്ടിച്ചതോ, കെട്ടിക്കാത്തതോ ആയ കരടിവാൽ കേശാലങ്കരണത്തിന് ഉപയോഗിക്കുമായിരുന്നു. മുസ്‌ലിം സ്ത്രീകൾ മുടിയേലസ്സ് ധരിക്കും. ക്രൈസ്‌തവ സ്ത്രീകൾ ഉപയോഗിക്കാറുണ്ടായിരുന്ന കനകമുടി, നെറ്റിപ്പട്ടം എന്നിവയും ഇവിടെ പ്രസ്താവയോഗ്യമാണ്. കേശസംവിധാനം ഒരു കലയാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ."



 


ലിങ്കുകൾ:

View Link

ചുമർച്ചിത്രകലാചായഭിത്തികൾ


ശേഖരിച്ച വ്യക്തി:

ഡോ. സരിത എസ്. എസ്.

ശേഖരിച്ച സ്ഥലം:

പുസ്തകങ്ങൾ

വിവരങ്ങൾ:

വിവരണം:

"വെട്ടുകല്ലോ, ഇഷ്ടികയോ (പണ്ടുകാലത്ത് വെട്ടുകല്ല്) വെച്ചു കെട്ടിയ ഭിത്തി പ്രതലത്തിൽ ഒരു വിരൽ (വിശ്വകർമ്മാവിൻ്റെ ഒരു വിരൽ) കനത്തിൽ (3 സെ.മീ.) കുമ്മായമിശ്രിതം തേക്കണം. കുമ്മായം: മണൽ 1:3 എന്ന ക്രമത്തിലാണ് മിശ്രിതം തയ്യാറാക്കേണ്ടത്. അടുക്കളയിൽ ഉപയോഗിക്കുന്ന അരിപ്പകൊണ്ട് മണൽ അരിച്ച് ഏറ്റവും ചെറിയ തരികൾ വേണം ഉപയോഗിക്കാൻ. ഒരു വിരൽ കനത്തിന്റെ പകുതിഭാഗം (11/2 സെ.മീ.) ഈ മിശ്രിതം കുമ്മായച്ചട്ടുകം കൊണ്ട് 'പരിക്കനായി' തേക്കുന്നു. കുമ്മായം- മണൽ മിശ്രിതം ഉണ്ടാക്കുന്നതിനുവേണ്ട വെള്ളത്തിൽ ആദ്യം ചുണ്ണാമ്പു വള്ളി (ഊഞ്ഞാൽവള്ളി) ചതച്ചിടുക. അങ്ങനെ ഒരു ദിവസം ചുണ്ണാമ്പുവള്ളി കിടന്ന വെള്ളത്തിൽ വേണം കുമ്മായ - മണൽ മിശ്രിതം തയ്യാറാക്കേണ്ടത്. കുമ്മായച്ചട്ടുകം കൊണ്ട് 'പരിക്കനായി' തേച്ച ഈ പ്രതലം ഒരാഴ്ചകൊണ്ട് ഉണങ്ങിക്കിട്ടും.



പിന്നീട് കുമ്മായവും മണലും 1:2 എന്ന ക്രമത്തിലെടുത്ത് അരച്ച് വെണ്ണപ്രായത്തിലാക്കുക. ഈ കുമ്മായ മണൽ മിശ്രിതത്തിൽ കടുക്ക ചതച്ചിട്ട വെള്ളം, കറുത്ത ഉണ്ടശർക്കരവെള്ളം, (പണ്ടുകാലത്ത് ശർക്കരയ്ക്കു പകരം കരിമ്പുനീരുപയോഗിച്ചിരുന്നു) എന്നിവ ചേർത്ത് 'പഴുക്കാൻ' ഇടുക. ആദ്യം തേച്ച 11/2 സെ.മീ. കനമുള്ള പരിക്കൻ പ്രതലം ഒരാഴ്‌ചകൊണ്ട് ഉണങ്ങിക്കിട്ടിയതിനു മുകളിൽ ഒരു സെ.മീ. കനത്തിൽ ആ മിശ്രിതം (രണ്ടു മൂന്നു ദിവസംകൊണ്ട് പഴുത്തത്) കുമ്മായച്ചട്ടുകംകൊണ്ട് തേച്ചുപിടിപ്പിക്കുക. അത് തേപ്പുപലക കൊണ്ട് നിരപ്പാക്കുക. തേപ്പുപലകകൊണ്ടു നിരപ്പാക്കിയ പ്രതലത്തിൽ കുമ്മായച്ചട്ടുകംകൊണ്ടു മിനുക്കരുത്. ഈ പ്രതലം ഉണങ്ങിക്കിട്ടാൻ മൂന്നുദിവസം വേണ്ടിവരും. ഇനി അര സെ.മീ. കനം ബാക്കിയുണ്ട്. കക്ക നീറ്റിയെടുത്ത ചുണ്ണാമ്പുകുഴമ്പ് വെള്ളത്തിൽ കലക്കുക. മുകളിലത്തെ കരട് മാറ്റിക്കളഞ്ഞ്, ഈ വെള്ളം വേറൊരു പാത്രത്തിലേക്കു പകരുക. അടിയിലെ കരടും കക്കയുടെ ഭാഗവും കളഞ്ഞ് കിട്ടുന്ന ചുണ്ണാമ്പുവെള്ളം ഒരു മണിക്കൂർ ഊറാൻ വെച്ചാൽ മുകളിൽ വെള്ളം തെളിഞ്ഞുനിൽക്കും. ഈ വെള്ളം കളഞ്ഞാൽ അടിയിൽ വെണ്ണപോലുള്ള ശുദ്ധ ചുണ്ണാമ്പുകുഴമ്പ് ഊറിക്കിട്ടും. വെള്ളമില്ലാത്ത ഈ ചുണ്ണാമ്പിൽ പൂളപ്പഞ്ഞിക്കുരു കരടും കളഞ്ഞ് ചേർക്കുക. ഇതിൻ്റെ അനുപാതം ചുണ്ണാമ്പ് : പഞ്ഞി 3:1 എന്നാണ്.



ഈ മിശ്രിതം അമ്മിയിൽ വച്ചരച്ച് ഈരിഴത്തോർത്തിൽ അരിച്ചെടുക്കുക. ബാക്കിയുള്ള 1/2 സെ.മീ. കനത്തിൻ്റെ മുക്കാൽഭാഗം (രണ്ടു പപ്പടക്കനം) ഈ മിശ്രിതം തേച്ചുപിടിപ്പിക്കുക. ഇത് വീതിയുള്ള സാധാരണ ബ്രഷുകൊണ്ട് തേക്കാം. പഞ്ഞിയുള്ളതിനാൽ ഈ പ്രതലം ഏകദേശം ക്യാൻവാസിനു തുല്യമായി ലഭിക്കും. ഇത് ഒരാഴ്ച്‌ച കൊണ്ട് ഉണങ്ങിക്കിട്ടും. കക്ക നീറ്റിയെടുത്തു വെണ്ണപോലെയാക്കിയ ശുദ്ധ ചുണ്ണാമ്പുകുഴമ്പിൽ ഇളനീർവെള്ളം ചേർത്ത് ഒരു ലായനി ഉണ്ടാക്കുക. ഇതിൻ്റെ സാന്ദ്രത പശുവിൻ പാലിൻ്റേതായിരിക്കണം. ഈ ലായനി ലംബവും തിരശ്ചീനവുമായി മാറിമാറി 30 പ്രാവശ്യം ഭിത്തിയിൽ വീതി കൂടിയ ബ്രഷുപയോഗിച്ച് തേച്ചു പിടിപ്പിക്കണം. ഒരു തവണ തിരശ്ചീനമായി ചെയ്‌തത് ഉണങ്ങിയാൽ മാത്രമേ അടുത്ത തവണ ലംബമായി ചെയ്യാവൂ. ഇങ്ങനെ മാറിമാറിയാണ് ഈ മിശ്രിതം ചുമരിൽ തേച്ചുപിടിപ്പിക്കേണ്ടത്. ഇതോടെ ഒരു വിരൽകനത്തിലെ ഭിത്തി സംസ്‌കരണം പൂർത്തിയായി. ചുമരിൽ മിശ്രിതം തേക്കുവാൻ പൊട്ടക്കാളം എന്ന മരത്തിൻ്റെ തോല് നീളത്തിൽ ചീന്തി, തലഭാഗം ചതച്ച് ബ്രഷാക്കിയാണു പണ്ടുപയോഗിച്ചിരുന്നത്. "



 


ലിങ്കുകൾ:

View Link

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26

© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല