ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
ഓണപ്പൂക്കളം
“ഓണത്തിന്റെ കേരളത്തിൽ സാർവത്രികമായി പ്രചരിച്ചിട്ടുള്ള ചടങ്ങായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പൂക്കളം നിർമ്മിക്കൽ. ഇന്നത്തെ പൂക്കളംതന്നെയായിരുന്നോ ആധുനിക പൂർവ്വകാലഘട്ടത്തിൽ ഉണ്ടായിരുന്നത് എന്ന അന്വേഷണം തുടങ്ങിവെക്കുമ്പോൾ തന്നെ ഇതുവരെയും ശ്രദ്ധിക്കാതിരുന്ന, അല്ലെങ്കിൽ വേണ്ടത്ര പ്രാധാന്യം നല്കാതിരുന്ന ഒട്ടനവധി തലങ്ങൾ പൂക്കളത്തിനുണ്ട് എന്നു തിരിച്ചറിയാനാവും. നാടൻപാട്ടുകളെയും വിവരണങ്ങളെയും ഓർമ്മക്കുറിപ്പുകളെയും ആശ്രയിച്ചുമാത്രമേ ഈ ചടങ്ങുകളുടെ പഴയരൂപം പുനർനിർമ്മിക്കാനുള്ള ശ്രമം നടത്താൻ കഴിയൂ.
പാട്ടുകളിലെ ചിത്രം
പൂക്കൂടയുണ്ടാക്കൽ, പൂക്കൾക്കായുള്ള അന്വേഷണം, പൂവിറുക്കൽ, പൂക്കളം നിർമ്മിക്കൽ എന്നിവ വിശദമായി, ഘട്ടംഘട്ടമായി നിർമ്മിക്കുന്ന നാടൻ പാട്ടുകൾ ധാരാളമുണ്ട്. കൂടാതെ 'പൂപ്പാട്ടുകൾ' എന്നൊരു ഉപവിഭാഗംതന്നെ നാടൻപാട്ടുകളുടെകൂടെ കാണാം. പൂക്കളെപ്പറ്റി മാത്രമുള്ള പാട്ടുകളാണവ. പരമ്പരാഗത സമൂഹങ്ങളുടെ പാട്ടുകൾ ആദ്യം പരിഗണിക്കാം.
പുള്ളുവർ പാടുന്ന ഓണപ്പാട്ടിൽ 'ബാലത്തരുണി'മാരുടെ പൂവി ടലിനെപ്പറ്റിയാണ് വിശദമായ വർണന. പൂവുള്ള ദേശമേതെന്ന് തിരക്കി 'പൂക്കൊട്ട മെടഞ്ഞ്' നടന്നലഞ്ഞ് 'ചെമ്പകം', 'ചെമ്മപ്പൂവ്', 'അല്ലി', 'മുല്ല', 'ചെന്താമര', 'അശോകം', 'മന്താരം' ഇങ്ങനെ പല പൂവും ഇറുത്ത് 'വട്ടത്തിൽ മെഴുകി' 'ഇഷ്ടത്തിൽ പൂവിടുന്നതായി' പറയുന്നു. 'വഴിതോറും പൂവിട്ട് ഇടകൾ തോറും കുടകൾ കുത്താനും' പാട്ട് നിർദ്ദേശിക്കുന്നുണ്ട്. മേൽ സൂചിപ്പിച്ച പൂക്കളെല്ലാം വെള്ള, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ളവയാണ്. 'വട്ടത്തിൽ മെഴുകുക' എന്നല്ലാതെ രൂപം സംബന്ധിച്ച മറ്റു നിബന്ധനകളൊന്നുമില്ല. മാത്രമല്ല 'ഇഷ്ടത്തിൽ പൂവിടാ'മെന്നും സൂചിപ്പിക്കുന്നുണ്ട്.
"അത്തംനാൾ തൊട്ടു തിരുമുറ്റം മെഴുകി
മുറ്റംമെഴുകിയതിൽമുക്കുറ്റിയിട്ടു തുമ്പപ്പൂകൊണ്ടൊരു പൂക്കളം തീർത്തു."
എന്നിങ്ങനെ മറ്റൊരു പാട്ടിൽ അത്തംനാൾതൊട്ട് പൂവിടുന്നതാണ് പറയുന്നത്.മുക്കുറ്റിയും തുമ്പപ്പൂവുമാണ് ഇവിടെ കളത്തിലെ പൂക്കൾ.
മാബലിചരിതം ഓണപ്പാട്ടിൽ' അത്തംതൊട്ട് ഉത്രാടംവരെ പൂക്കളമൊരുക്കുന്നതിനെക്കുറിച്ചുള്ള സൂചനയുണ്ട്.
"ചെത്തിയടിച്ചു മെഴുകിത്തേച്ചു
നൽത്തറയിട്ടുകളമെഴുതി
തുമ്പമലരാദി പുഷ്പങ്ങളും
അമ്പോടണിയറതന്നിൽ ചാർത്തി
പത്തുനാൾ മുമ്പേ വന്നത്തംതൊട്ട്
എത്രയും ഘോഷങ്ങളെന്നേ വേണ്ടൂ “
ഇതേ പാട്ടിൽ മാവേലിയുടെ പുനരാഗമനത്തിനുള്ള ഒരുക്കങ്ങൾ വർണിക്കുന്നിടത്ത് വീണ്ടും പൂക്കളം സൂചിപ്പിക്കുന്നുണ്ട്.
"ചെമ്മണ്ണുകൊണ്ടു
തറ പിടിച്ചു
മുറ്റത്തുവട്ടക്കളവുമിട്ടു
ഗോമയംകൊണ്ടു
മെഴുകിയെല്ലാം
പുഷ്‌പങ്ങൾകൊണ്ടു
മതിൽ വളച്ചു."
എന്നാൽ ഇതേ സന്ദർഭത്തിൽ പൂക്കളത്തിനു പകരം വഴികൾ മെഴുകിത്തേച്ച് ഒരുക്കുന്നതിനെപ്പറ്റിയാണ് ഒരു പാഠത്തിലെ വർണന. ചാണകം മെഴുകിയ കളത്തിലോ തറയിലോ തുമ്പ തുടങ്ങിയ പൂക്കൾ കൊണ്ട് അത്തം മുതൽ കളം തീർക്കാറുണ്ട് എന്നതാണ് മഹാബലിചരിതം ഓണപ്പാട്ടിൽനിന്ന് വ്യക്തമാവുന്നത്.
പൂപ്പാട്ടുകൾ,പൂപ്പൊലിപ്പാട്ടുകൾ,പൂവിളിപ്പാട്ടുകൾ എന്നിങ്ങനെ പല പേരുകളുള്ള ഒരു ഉപശാഖ ഓണപ്പാട്ടുകളുടെ കൂടെ ഉള്ളതായി സൂചിപ്പിച്ചു. പൂക്കളം ഒരുക്കുന്നതിനോടൊപ്പമുള്ള മറ്റൊരു ചടങ്ങി നെയാണിതു വെളിവാക്കുന്നത്. 'പൂവിളി' അഥവാ 'പൂവേപൊലി' എന്നിങ്ങനെ അറിയപ്പെടുന്ന ഒരു തരം ആർപ്പുവിളിയാണിത്. 'പൊലി' എന്നാൽ വർദ്ധന എന്നാണർത്ഥം. പൂക്കളുടെ വർദ്ധനയായിരിക്കണം പൂപ്പൊലി. ആൺകുട്ടികളാണ് പൂവിളിക്കുക .പാട്ടുകളുടെ അന്ത്യത്തിൽ "പൂവേപൊലി പൂവേപൊലി,പൂവേ" എന്ന് ഒരു വായ്‌താരിയോ ആർപ്പുവിളിയോ ആയി ആവർത്തിക്കുന്നവയാണ് പൂപ്പൊലിപ്പാട്ടുകൾ. ആഖ്യാനപരമായ പാട്ടുകൾ എന്നതിനെക്കാൾ പൂവിളിയെ കൊഴുപ്പിക്കുന്ന നാലോ ആറോ വരികളാണ് യഥാർത്ഥത്തിൽ പൂപ്പൊലിപ്പാട്ടുകൾ.
പൂക്കളമിടുന്നത് മണ്ണുകൊണ്ടു നിർമ്മിച്ച് ചാണകം മെഴുകിയ പൂത്തറയിലോ, വെറുതേ മുറ്റത്തോവരെയാകാം. പഴയ വീടുകളുടെ നിലവും മണ്ണുകൊണ്ടുണ്ടാക്കി ചാണകം മെഴുകിയതായതുകൊണ്ട് അവിടെയും പൂക്കളമൊരുക്കുന്നതിനു വിരോധമില്ലെങ്കിലും അടഞ്ഞ മുറികളിൽ സൂര്യപ്രകാശമേല്ക്കാത്തിടത്തു പൂക്കളമിടുന്നത് വിലക്കപ്പെടുന്നതായി കാണുന്നു. നാലുകെട്ടുകളിൽ നടുമുറ്റത്ത് പൂക്കളമിടുന്നതിൽ വിരോധമില്ല. യഥാർത്ഥത്തിൽ മണ്ണിലാണ് പൂക്കളമി ടേണ്ടത് എന്ന ദൃഢമായ വിശ്വാസത്തിൻ്റെ പ്രതിഫലനമാണിവയെല്ലാം.
ചാണകം മെഴുകൽ മണ്ണിനെ ശുദ്ധമാക്കുവാനുള്ള ഉപാധി എന്ന നിലയിൽ ഇതരകേരളീയ അനുഷ്‌ഠാനങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ മുറ്റം അടിച്ചതിനുശേഷം തളിക്കുന്നതും നെൽകൃഷി ഉള്ളവർ മുറ്റത്തു തീർക്കുന്ന കളത്തിൽ ചാണകം 'ഇഴജന്തുക്കളെ അകറ്റാ'നും 'ശുദ്ധമാക്കു'വാനുമാണ് ഇങ്ങനെ മെഴുകുന്നതും.
പൂക്കൾ ശേഖരിക്കുന്നതിലും പൂക്കളങ്ങൾ ഒരുക്കുന്നതിലും അനുഷ്ഠാനപരമായ ചിട്ടകളെക്കാൾ ആഘോഷങ്ങൾക്കു സ്വാഭാ വികമായുണ്ടാകുന്ന സ്വതന്ത്രമായ ആവിഷ്കരണസാധ്യതകളാണ് പ്രകടമായി കാണുന്നത്. പൂക്കൾ ശേഖരിക്കുന്നതിൽ ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും പൂവിടുന്നതിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണു മുൻകൈയുള്ളത് എന്നു സാമാന്യവത്കരിക്കാം. പക്ഷേ, മുതിർന്ന പുരുഷന്മാർ ഈ ചടങ്ങുകളിൽനിന്ന് അനുഷ്ഠാനപരമായി വിലക്കപ്പെടുന്നില്ല.
തുമ്പ, മുക്കുറ്റി എന്നീ ചെറിയപുഷ്‌പങ്ങൾക്ക് ഉള്ള പ്രാധാന്യം പൂക്കളത്തിൽ മറ്റു പൂക്കൾക്കില്ല എന്നത് എല്ലാ വിവരണത്തിലും, പാട്ടുകളിൽപോലും സ്ഥാനം പിടിക്കുന്ന പരികല്പനയാണ്. വെള്ളയും മഞ്ഞയും നിറങ്ങളുള്ളതും ഓണക്കാലത്ത് സമൃദ്ധമായി ലഭിക്കുന്നതും എന്ന നിലയിൽ മാത്രമല്ല ഇവയുടെ പ്രാധാന്യം എന്ന് മറ്റു ചില തെളിവുകൾ സൂചിപ്പിക്കുന്നു. തുമ്പയുടെ ആരാധ്യതയ്ക്ക് അടിസ്ഥാനമായി പറയുന്ന കഥകളിലും വിശ്വാസങ്ങളിലും വിനയം,പരിശുദ്ധി എന്നീ ഗുണങ്ങളോടൊപ്പം ചില സമൂഹങ്ങളുടെയെങ്കിലും മരണാനന്തരകർമ്മങ്ങളിൽ-അഥവാ കാരണവാരാധനയിൽ-അതിനുള്ള പ്രാധാന്യവും സൂചിപ്പിക്കുന്നുണ്ട്. തുമ്പ ശിവൻ്റെ ഇഷ്ടപുഷ്പമായി അറിയപ്പെടുന്നതും അതിൻ്റെ മരണാനന്തരകർമ്മങ്ങളിലെ സവിശേഷ സ്ഥാനം മുഖേനയാകാം. മരണത്തിൻ്റെ ദേവൻകൂടിയാണല്ലോ ശിവൻ. ഈ സൂചനകൾ തൃക്കാക്കരപ്പൻ/മഹാദേവൻ പൂജയിലെ വിശദാംശങ്ങളിലേക്കു നേരിട്ടു നയിക്കുന്നുണ്ട്. ഇവിടെ പൂക്കൾ മാത്രമല്ല, തുമ്പച്ചെടി ഒട്ടാകെയാണ് തൃക്കാക്കരപ്പന്/മാതേവന് അലങ്കാരമായി കുത്തിനിറയ്ക്കുന്നതും ആരാധിക്കുന്നതും. തൃക്കാക്കരപ്പൻപൂജയിൽ ആദ്യകാലത്ത് തുളസിയെക്കാൾ തുമ്പയ്ക്കുതന്നെയായിരുന്നു പ്രാധാന്യം എന്ന് ഇതു സാക്ഷ്യം വഹിക്കുന്നു. ഇക്കാര്യം പൂക്കളത്തിൽ തുമ്പയുടെസ്ഥാനത്തെക്കുറിച്ചും പൂക്കളത്തിൻ്റെതന്നെ പ്രതീകാത്മകതയെക്കുറിച്ചും ഉള്ള അർത്ഥാന്വേഷണത്തിന് പുതിയൊരു ദിശാബോധംതന്നെ നൽകുന്നുവെന്നതിൽ സംശയമില്ല.”
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"മണ്ണിനടിയിൽ പൊന്നാണി - മഞ്ഞൾ :
മഞ്ഞളിൻ്റെ പ്രാധാന്യവും മൂല്യവും വെളിപ്പെടുത്തുന്ന കടങ്കഥ മഞ്ഞളിനും തങ്കത്തിനും തമ്മിലുള്ള നിറസാമ്യവും ഒപ്പം അവയുടെ സാമ്പത്തികമൂല്യവും സൂചിപ്പിക്കുന്നു. കൃഷിക്കാരന് സ്വർണതുല്യം വിലമതിക്കുന്നതാണ് മഞ്ഞൾ. ഇവയുടെ ഔഷധഗുണം സുപരിചിതമാണ് ".
ആര്യവേപ്പ്:
"വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിന്റെ ശക്തി ഭാരതീയർ വളരെക്കാലങ്ങൾക്കു മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ജ്വരം, പൂപ്പൽരോഗങ്ങൾ, മാലക്കണ്ണ്, മുടികൊഴിച്ചിൽ, പല്ലുവേദന, തലവേദന, കൃമിശല്യം, വായ്‌പുണ്ണ് തുടങ്ങി നിരവധി അസുഖങ്ങൾക്ക് ആര്യവേപ്പ് സിദ്ധ ഔഷധമാണ്. വേപ്പിൻ്റെ എല്ലാ ഭാഗങ്ങളും ഔഷധമാണ്. വേപ്പിൻതൊലി കഷായം കുഷ്‌ഠരോഗത്തിന് നല്ലതാണ്. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലയ്ക്കുണ്ട്. "
മഞ്ഞളും ചർമ്മകാന്തിയും:
"ആരോഗ്യസംരക്ഷണത്തിൽ നിർണ്ണായക പങ്കാണ് മഞ്ഞളിനുള്ളത്. ഒന്നാന്തരമൊരു പ്രതിരോധൗഷധം കൂടിയാണ് മഞ്ഞൾ. ചർമ്മസൗന്ദര്യത്തിന്റെ നിറബോധം കൂടിയാണത്. വയനാടൻ മഞ്ഞളിൽ മുറിവായയുടെ ഇളംചുവപ്പാണ് സൗന്ദര്യവുമായി ബന്ധപ്പെട്ട് കടന്നുവരുന്ന നിറബോധം. ഇതേ മഞ്ഞൾ ഔഷധവീര്യത്തോടെ ചർമ്മത്തിൽ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവ് നമ്മുടെ അമ്മൂമ്മമാർക്ക് പണ്ടേയുണ്ടായിരുന്നു. പണ്ട് ഭഗവതിക്കാവുകളിൽ ഉറഞ്ഞുതുള്ളി തലവെട്ടിപ്പൊളിക്കുന്ന വെളിച്ചപ്പാട്, മുറിവായിൽ ഇടുന്നത് മഞ്ഞൾപ്പൊടിയാണ്. മുറിവുണക്കുന്ന ഈ ഔഷധവീര്യം, സൗന്ദര്യസങ്കല്പത്തിന്റെ സ്‌നിഗ്ദ്‌ധബോധമായിമാറിയത് നിരീക്ഷണത്തിലൂടെയാണ്. മഞ്ഞളിന് വകഭേദങ്ങളുണ്ട്. പച്ചമഞ്ഞളും വരട്ടുമഞ്ഞളും കസ്‌തൂരിമഞ്ഞളുമൊക്കെയുണ്ടെങ്കിലും പച്ചമഞ്ഞളിനാണ് വീര്യം കൂടുതൽ. “മഞ്ഞണിപ്പൂനിലാവ്, പേരാറ്റിൻകടവിൽ മഞ്ഞളരച്ച് വെച്ച് നീരാടിയ" കാല്പനിക സൗന്ദര്യം മലയാളിപെൺകുട്ടിയുടേതാണ്. കുളക്കടവിൽ പാകിയ കല്ലിൽ മഞ്ഞളരച്ച് മുഖത്ത് തേച്ച് കുളിക്കുന്നു. കാലം അത്രയൊന്നും പഴയതായിരുന്നില്ല. അണുബാധ ഉണ്ടാകാതിരിക്കാനും മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന അനാവശ്യരോമങ്ങൾ കൊഴിഞ്ഞുപോയി ചർമ്മം മൃദുലമാക്കാനും പച്ചമഞ്ഞൾ സഹായിക്കുന്നു. പച്ചമഞ്ഞൾ ആര്യവേപ്പിലയും കൂട്ടിചേർത്തരച്ച് അല്പം പനിനീരും ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖത്തെ പാടുകൾ മാറിക്കിട്ടും. മുഖകാന്തി വർദ്ധിക്കും. തുളസിനീരും പച്ചമഞ്ഞളും പനിനീരും ചേർത്ത് വെയിലത്ത് വച്ച് ചൂടാക്കി മുഖത്തു പുരട്ടുന്നതും ഇതേ ഗുണം ചെയ്യും. പണ്ടൊക്കെ ചിക്കൻപോക്‌സ് വന്നാൽ, അതിൻ്റെ പാട് പോകാൻ ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്തരച്ച് ലേപനമാക്കി ഉപയോഗിക്കാറുണ്ട്. ഇതു മുഖത്തു മാത്രമല്ല, ദേഹം മുഴുവനും പുരട്ടാറുണ്ട്.
പച്ചമഞ്ഞളിന് ഔഷധഗുണമാണ് ഏറെയെങ്കിൽ കസ്തൂരിമഞ്ഞളിന് സൗന്ദര്യാംശമാണ് അധികം. തേങ്ങാപ്പാലിലോ പശുവിൻപാലിലോ ഇതരച്ച് ചാലിച്ച് മുഖത്ത് തേച്ച് പതിനഞ്ച് മിനിറ്റിന് ശേഷം ചെറുപയർ പൊടി ഉപയോഗിച്ച് കഴുകുന്നത് മുഖത്തിന് തിളക്കം നല്‌കും. വരട്ടു മഞ്ഞളും ഔഷധഗുണത്തിന് പിന്നിലല്ല. അതും തുളസിനീരിൽ അരച്ച്ചേർത്ത് ഉപയോഗിക്കാം. വെള്ളപാണ്ടിന് ഇത് മരുന്നായി പ്രയോഗിച്ചു കണ്ടിട്ടുണ്ട്. "കറുത്ത കുട്ടി മഞ്ഞളാൽ വെളുക്കും" എന്ന് അമ്മൂമ്മ ചൊല്ലുണ്ട്. പ്രസവിച്ച സ്ത്രീകളുടെ ചികിത്സയിലും മഞ്ഞ ളിനും മഞ്ഞളിട്ട വെള്ളത്തിനും സ്ഥാനമുണ്ട്. അണുബാധ അകറ്റാനും ചർമ്മം മൃദുവാകാനും ഇതു സഹായിക്കുന്നു."
" ആര്യവേപ്പിന്റെ ഔഷധഗുണവുംഫലപ്രാപ്‌തിയും ഇന്ത്യയിലെ നാട്ടുവൈദ്യ പാരമ്പര്യങ്ങൾ വളരെക്കാലം മുൻപേ തിരിച്ചറിഞ്ഞതാണ്. വസൂരിയുമായി ബന്ധപ്പെട്ട നാടൻകലകളിൽ ആര്യവേപ്പ് ഉപയോഗിക്കുകയും കാവുകളിൽ കാളിയുടെ ആരൂഢമായി ആരാധിക്കുകയും ചെയ്യുന്നുണ്ട്. മാരിയമ്മൻ തുള്ളലിലെ കുംഭകുടത്തിൽ വേപ്പിലയാണ് ആരാധിക്കുന്നത്. പകർച്ചവ്യാധികൾക്ക് വേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിലാണ് നാട്ടുവിധിപ്രകാരം കുളിപ്പിച്ചിരുന്നത്. വേപ്പിന്റെ ഒരു പ്രധാനസത്ത ഉപയോഗിച്ചുള്ള കളനാശിനിയുടെ അവകാശം ഇതിനകം പേറ്റൻ്റു ചെയ്യപ്പെട്ടു. ആര്യവേപ്പ് ഇവിടെ ജൈവകീട നാശിനിയായി പലരൂപത്തിൽ ഉപയോഗിച്ചുവന്നിട്ട് വർഷങ്ങളായി. വേപ്പില പ്രധാനഘടകമായ അസാരിഡാക്ട്‌ടിൻ (Azaridachtian) വേപ്പിൽ സ്ഥിരമായി നിൽക്കുന്നില്ല. അതുകൊണ്ട് അത് നീണ്ടകാലം കീടനാശിനിയുടെ ഗുണം ചെയ്യില്ല. നിൽക്കുന്നതിനുള്ള ഒരു പ്രേരകം ചേർത്ത് വിദേശകമ്പനി വേപ്പിന്റെ പേറ്റൻ്റ് നേടിയെടുത്തു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"മലയരുടെ ചികിത്സാവിഭാഗത്തിലെ ഒരു മുഖ്യ ഇനമാണ് അപസ്‌മാരം. കരിംതകരയില, കാഞ്ഞിരത്തും തോല്, കയ്‌പയില, മുഞ്ഞയില, കുരുമുളക്, വെളുത്തുള്ളി ഇവ ചതച്ച് മൂക്കിൽ നസ്യം ചെയ്താൽ അപസ്മാരം തെളിഞ്ഞു കിട്ടും. നന്നാറി, വെളുത്തുള്ളി, പെരുങ്കായം, അരൂത, കഞ്ഞിക്കൂർക്കില, അയമോദകകൂർക്കില, വയമ്പ്, ഈശ്വരമുല്ലവേര് ഇവ വേപ്പെണ്ണയിൽ അരച്ച് ഗുളികോദയത്തിന് തലയിൽ വാർക്കണം.
ആടലോടകത്തിൻ്റെ ഇല, ആര്യവേപ്പില, കരിനൊച്ചിയില ഇവ ഇടിച്ചു പിഴിഞ്ഞ നീരെടുത്ത് അതിൽ ശംഖുപുഷ്‌പം, നന്നാറിക്കിഴങ്ങ്, അരത്ത, ദേവതാരം, വയമ്പ്, വരട്ടുമഞ്ഞൾ, മരമഞ്ഞത്തോല്, ജീരകം നാലും ചെന്നിനാഗം, ഇന്തുപ്പ്, ചതൂപ്പ, അമുക്കുരം, നയ്ച്ചിങ്ങ, വെങ്കായം, ഉലുവ, തിപ്പലി, കിരിയാത്ത തുടങ്ങിയ മരുന്നുകൾ മുലപ്പാലിൽ നനച്ചരച്ച് ആവണക്കെണ്ണ, വേപ്പെണ്ണ, ഇരുപത്തിനാല് മുട്ടൻ്റെ തൈലം ഇവയെടുത്ത് കാച്ചി മെഴുപാകത്തിൽ വാങ്ങിയാൽ തലയിൽ തേക്കാനും ഉള്ളിൽ കഴിക്കാനും ഉത്തമംതന്നെ.
മുത്തങ്ങ, ആനടിവേര്, പുത്തിരിച്ചുണ്ടവേര്, പഴുക്കപ്ലാവില ഞെട്ടി, കൂവളവേര്, ജീരകം, പീനാറി, വെളുത്തുള്ളി, കിരിയാത്ത, തിപ്പലി, ചുക്ക്, കരളേകവേര്, തുമ്പപ്പൂവ് ഇവ ചതച്ചിട്ട് വെക്കുന്ന കഷായം അപസ്‌മാരത്തിന് കൺകണ്ട ഔഷധമാണ്.
ഔഷധച്ചെടികൾക്കു പുറമെ ജീവജാലങ്ങളെകൂടി ഉൾപ്പെടുത്തി അപസ്മാരത്തിന് നെയ്യ് കാച്ചാറുണ്ട്. മുത്തങ്ങ, പീനാറി, വെളുത്തുള്ളി, ജാതിപത്രി, മുടിനീളി, ജീരകം, തൃച്ചട, കാടുപയർ, കാട്ടപ്പ, മുഞ്ഞ, ചെറുചുണ്ട, ചെറുവഴുതിനവേര്, കിരിയാത്ത ഇവ ഒരു കുപ്പി വെള്ളത്തിൽ കഷായം വെച്ച് അതിൽ മൂന്ന് ഔൺസ് കോഴിച്ചോരയൊഴിച്ച്, കാട്ടാപ്പ, ചമത, തുമ്പ, തൃച്ചട, മുക്കൂറ്റി, അരൂത ഇവ ഇടിച്ചു പിഴിഞ്ഞത് അരക്കുപ്പിയും കാൽക്കുപ്പി വേപ്പെണ്ണയും കാൽകുപ്പി കോഴിമുട്ട വെള്ളയും ഒരു കുപ്പി നെയ്യും പകർന്ന് കാച്ചി മണൽപ്രായത്തിൽ അരിച്ചെടുത്ത് നെയ്യ്, കർപ്പൂരം, ഗോരോചനം, കുങ്കുമം, മെരുപ്പുഴു ഇവ മേൽപ്പൊടി ചേർത്ത് കഴിക്കുന്നത് അപസ്മാരത്തിന് ഏറെ ഫലപ്രദമാണ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
“പുഷ്‌പങ്ങളെ ഉത്തമം, മദ്ധ്യമം, അധമം എന്നിങ്ങനെ മൂന്നായി വേർതിരിച്ചാണു കണ്ടുവരുന്നത്. കൂവളം, കറുക, തുളസി ഇവയുടെ ഇലയും പൂവായിത്തന്നെ കരുതുന്നു.
ഓരോ ദേവതയ്ക്കും ഇഷ്ടപുഷ്‌പങ്ങളുണ്ട്. വെളുത്ത പുഷ്പങ്ങൾക്ക് വൈഷ്ണവാരാധനയിലും ചുവന്ന പുഷ്‌പങ്ങൾക്ക് ശാക്തേയാരാധനയിലും പ്രിയമേറും. ചെമ്പരത്തി, ഭദ്രകാളിക്കു പ്രിയപ്പെട്ടതാണ്. അതിനാൽ ഭദ്രദീപമായ നിലവിളക്കിൽ ചെമ്പരത്തിപ്പൂവ് പ്രധാനമായി. ഭഗവതീപൂജയിൽ തെറ്റിപ്പൂവിനു പ്രത്യേക പ്രാമുഖ്യമുണ്ട്. വെള്ളത്താമര, ചെന്താമര, ചെങ്ങഴിനീർപ്പൂവ്, കരിങ്കൂവളപ്പൂവ്, ഉച്ചമലരി, കാട്ടുമുല്ല, ഉന്നപ്പൂവ്, നാഗപ്പൂവ്, പിച്ചകം, കുരുക്കുത്തിമുല്ല, പുന്നപ്പൂവ്, മഞ്ഞക്കുറിഞ്ഞി, ഇരുവാച്ചിമുല്ല, തിരുതാളി, പാതിരാപ്പൂവ്, കൂവളത്തില, അശോകപ്പൂവ്, സ്വർണ്ണമലരി, മുഞ്ഞ, ഉമ്മത്തിൻപൂവ്, മന്ദാരം, കറുക, നന്ത്യാർവട്ടം, കൃഷ്‌ണക്രാന്തി ഇവ ശാക്തേയപൂജയ്ക്ക് അനുയോജ്യമാകുന്നു.
കൃഷ്ണതുളസി, രാമതുളസി, വെള്ളാത്തമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടുചെമ്പകം, നന്ത്യാർവട്ടം, മുക്കുറ്റി, ചെമ്പരത്തി, നൊച്ചി, മല്ലിക, ചെമ്പകം, കൂവളം, നീലത്താമര, പുതുമുല്ല, ചുവന്നമുല്ല എന്നിവയാണു വിഷ്ണു പൂജയ്ക്കു വിധി. ചെമ്പകം കൃഷ്‌ണനു പ്രധാനമാണത്രേ. എരിക്കിൻപൂവ്, കരവീരം, താമര, ഉമ്മത്ത്, വൻകൊന്ന, ചുവന്നമന്ദാരം, വെള്ളത്താമര, തുളസി, അശോകം, ചെമ്പകം, കൽത്താമര, കൊക്കുമന്ദാരം, ഇലഞ്ഞി, ഇരുമുല്ലകൾ, പ്ലാശ്, പിച്ചകം, ഓരിലത്താമര, ദർഭ, മക്കിപ്പൂവ്, കടലാടി, കറുകക്കൂമ്പ് എന്നിവ ശിവപൂജയിൽ ഉപയോഗിക്കാം. കൂടാതെ മുക്കുറ്റി, വലിയകർപ്പൂരതുളസി, നാഗം, പുന്നാഗം, നന്ത്യാർവട്ടം, നീർമാതളം, ജമന്തി, കരിങ്കറുക, മന്ദാരം, കുങ്കുമം, കരിങ്കൂവളം, വൻകൊന്ന, കടമ്പ്, കൂവളം, നീലത്താമര എന്നിവയും രുദ്രാരാധനയിൽ സ്വീകാര്യമാണ്. കൂവളത്തില, താമരപ്പൂവ്, ശിവമല്ലിമാല, തുമ്പ, തീപുന്ന, അർക്കപുഷ്‌പം, ഉൻമത്തപുഷ്പം, വെളുത്തബന്ധൂകം, വിരിഞ്ഞ കൊന്നപ്പൂവ് ഇവകൊണ്ട് തിങ്കളാഴ്‌ച വ്രതനിഷ്ഠയോടെ ശിവാർച്ചന ചെയ്‌താൽ ഉത്തമഫലം ലഭിക്കും. ശനിദോഷമകറ്റാൻ ശിവന് നീല ശംഖുപുഷ്‌പം നന്ന്. തെറ്റിപ്പൂവിലെ നടുക്കുള്ള നാരു കളഞ്ഞുവേണം മൃത്യുഞ്ജയപൂജയ്ക്ക് എടുക്കേണ്ടത്. എരിക്കിൻപൂവ് ശിവൻ്റെ കിരീടമാണത്രേ. ശിവപൂജയിൽ കൈതപ്പൂവും (താഴം) മുല്ലപ്പൂവും, വിഷ്ണുപൂജയ്ക്ക് ഉമ്മത്തിൻപൂവും, ദേവീപൂജയ്ക്ക് എരിക്കിൻപൂവും, ഗണപതിക്കു തുളസിയും വർജ്ജ്യമെന്നും വിധിയുണ്ട്.
ഗണപതിക്ക് കുറുകപ്പുല്ലുകൊണ്ടുള്ള മാല പ്രധാനമാണ്. ശാസ്താവിന് ജമന്തിപ്പൂവ്, ഹനുമാന് വെറ്റില, ശിവന് തുമ്പപ്പൂവും കൂവളത്തിലയും എന്നിവ പ്രധാനമെന്നും വിധിയുണ്ട്. കമുകിൻപൂവ് ചാമുണ്ഡി, ഭദ്രകാളി, യക്ഷി, നാഗർ തുടങ്ങിയ രൗദ്രദേവതകളുടെ ആരാധനയിൽ മുഖ്യമായി ഉപയോഗിക്കുന്നു. നാഗാരാധനയ്ക്ക് കമുകിന്റെ ഇളംപൂവും യക്ഷിക്കും മറ്റും മുറ്റിയ പൂവുമാണു വിധി. താലപ്പൊലിയിലും കമുകിൻപൂവ് പ്രധാനമാണ്. തുളസി ഗണപതിയൊഴികെയുള്ള എല്ലാ ദേവതകൾക്കും വിഷ്‌ണുവിന് സവിശേഷമായും ഉത്തമമത്രേ. തെറ്റിപ്പൂവും എല്ലാ ദേവാരാധനയിലും ഉപയോഗിക്കാം. സൂര്യനു കൂവളത്തിലയും ചെന്താമര, ചുവന്നതെച്ചി, ചെമ്പരത്തി തുടങ്ങിയ ചുവന്ന പുഷ്പങ്ങളും ഉത്തമം. ചന്ദ്രനു വെള്ളത്താമര, നന്ത്യാർവട്ടം, മുല്ല, മന്ദാരം തുടങ്ങിയ വെളുത്ത പുഷ്‌പങ്ങൾ നന്ന്. ചൊവ്വയ്ക്കു ചെത്തി, ചെമ്പരത്തി തുടങ്ങിയ ചുവന്ന പൂക്കളും, ബുധനു തുളസിയും പച്ചനിറമുള്ള പുഷ്പങ്ങളും, വ്യാഴത്തിനു രാജമല്ലി, മന്ദാരം, അരളി, ചെമ്പകം തുടങ്ങി മഞ്ഞനിറമുള്ള പൂക്കളും, ശുക്രനു മുല്ല, നന്ത്യാർവട്ടം, ശംഖുപുഷ്‌പം, താമര തുടങ്ങി വെളുത്തനിറമുള്ള പുഷ്പങ്ങളും, ശനിക്കു കൂവളത്തില, കരിങ്കൂവളം, നീലശംഖുപുഷ്‌പം എന്നിവയും ആരാധനയ്ക്ക് ഉപയോഗിക്കണം. രാഹുവിന് ശനിയുടെ പൂക്കളും കേതുവിന് ചൊവ്വയുടെ പൂക്കളുമാണ് വിധി. സ്ത്രീകൾ നടത്താറുള്ള കാമദേവപൂജയിലെ പൂവിടലിന് ദേവാരാധനയിൽ സാധാരണ ഉപയോഗിക്കാത്ത കട്ടപ്പൂ, പാലപ്പൂ, മുരിക്കിൻപൂ, എരിക്കിൻപൂ, വയറപ്പൂ, ആലോത്തിൻപൂ, അതിരാണിപ്പൂ, കിളിതിന്നിപ്പൂ എന്നിവ ഉപയോഗിക്കും. ദേവകൾക്ക് പ്രിയപ്പെട്ട ഇത്തരം പുഷ്പങ്ങൾ തരുന്ന സസ്യങ്ങളെ നശിപ്പിക്കാതെ പരിപാലിച്ചില്ലെങ്കിൽ ദേവകോപമുണ്ടാകുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
വിരിഞ്ഞ പൂവല്ലാതെ മൊട്ടുകൾ ആരാധനയ്ക്കു പാടില്ല. പറിച്ചെടുത്തശേഷം താമരപ്പൂവ് അല്ലി വാടുന്നവരെയും കൂവളം മൂന്നു ദിവസത്തോളവും കർണ്ണികാരം ഒരു പക്ഷംവരെയും ചെങ്ങഴിമന്ദാരം ആറുമാസംവരെയും തുളസിപ്പൂ ഒരു വർഷംവരെയും ആരാധനയ്ക്കുപയോഗിക്കാം. മറ്റു പുഷ്‌പങ്ങൾ അതതു ദിവസംതന്നെ ഉപയോഗിക്കണം. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
കെ കേശവൻ നമ്പീശൻ
വിവരണം:
"സ്ത്രീയും പുരുഷനും പൂ പറിക്കുകയും മാല കെട്ടുകയും ചെയ്യും. രജസ്വലകളായ സ്ത്രീകൾ ഏഴ് ദിവസത്തേക്ക് ഈ പണിയിൽനിന്ന് അകന്നുനിൽക്കുന്നു. ചന്ദനം തൊട്ട കൈകൊണ്ട് പൂ തൊടാൻ പാടില്ല. കാരണം അത് അശുദ്ധമായതാണ്. അതുപോലെ അരി തൊട്ടാലും പൂ തൊടാൻ പാടില്ല. ബന്ധുക്കൾ മരിച്ചാൽ പുലയുള്ളതിനാൽ 12 ദിവസം അവർക്ക് മാല കെട്ടാൻ പാടില്ല. പ്രസവിച്ചാലും അങ്ങനെതന്നെ. സാധാരണ പുലർച്ചെയാണ് മാല കെട്ടേണ്ടത്. എന്നാൽ പുതിയ കാലത്ത് രാത്രിയും കെട്ടി വെക്കാറുണ്ട്.
പൂ പറിച്ചുകഴിഞ്ഞാൽ അടുത്ത ഘട്ടം പൂ വൃത്തിയാക്കലാണ്. താമരമൊട്ട് ഇതൾ വിടർത്തിയിടും; വലിയ ഇതൾ, ചെറിയ ഇതൾ എന്നിങ്ങനെ വേർതിരിച്ചു വെക്കുകയും ചെയ്യും. കെട്ടുമ്പോൾ വലിപ്പച്ചെറുപ്പം വന്ന് മാലയുടെ താളാത്മകത നഷ്ടപ്പെടാതിരിക്കാനാണിത്. തെച്ചിപ്പൂവ് ചുവപ്പും മഞ്ഞയുമുണ്ടാകും. അവ വേർതിരിക്കുകയും, മൊട്ട് ഒഴിവാക്കി പൂ മാത്രം സ്വീകരിക്കുകയും ചെയ്യുന്നു. മാല കെട്ടാൻ തുളസിയുടെ ഇലയാണ് ആവശ്യമെന്നതിനാൽ പൂവ് ഒഴിവാക്കും. അർച്ചനയ്ക്കുള്ള പൂവാണെങ്കിൽ തെച്ചിപ്പൂവിന്റെ ഉള്ളിലെ ആണി നുള്ളിയെടുത്തു മാറ്റണം.
മാല കെട്ടാൻ ദർഭപുല്ലാണ് സാധാരണ ഉപയോഗിക്കാറുള്ളത്. പച്ച ദർഭ പറിച്ചെടുത്ത് ഉണക്കിയെടുക്കുന്നു. പുല്ലുപായ ഉണ്ടാക്കാനെടുക്കുന്ന ഒരുതരം പുല്ലും മാലകെട്ടാൻ അപൂർവ്വമായി എടുക്കാറുണ്ട്. ദർഭ കിട്ടാനില്ലാത്തതിനാൽ ഇന്ന് ചെറിയ ക്ഷേത്രങ്ങളിലേക്കുള്ള മാലകെട്ടൽ വാഴനാരുകൊണ്ടാണ്. വാഴപ്പോളയും വാഴക്കൈയും ചീന്തി നേരിയ കയറാക്കി ഉണക്കിയെടുക്കുന്നു. ദർഭയായാലും വാഴനാരായാലും മുറുക്കം കിട്ടാൻ ഇടയ്ക്ക് വിരലിൽ വെള്ളം തൊട്ട് നനയ്ക്കും. ശിവന് പ്രധാനപ്പെട്ട തുമ്പമാല കെട്ടാനാണ് ഏറെ ബുദ്ധിമുട്ട്. വാഴനാരിൻ്റെ ഏറ്റവും നേരിയ നൂലാണ് അതിനെടുക്കുക.
തുമ്പപ്പൂവ് അതിൽ കെട്ടുകയല്ല മറിച്ച് ഒരു പ്രത്യേക തരത്തിൽ, ഉതിർന്നുപോകാത്ത വിധത്തിൽ കൊളുത്തിയിടുകയാണ്. എല്ലാ മാലയും തുളസിയിൽ തുടങ്ങി തുളസിയിൽ അവസാനിപ്പിക്കണം എന്ന രീതിയുണ്ട്.
നിത്യപൂജയ്ക്കും സവിശേഷപൂജയ്ക്കും മാല വേണം. ശിവരാത്രി, ശ്രീകൃഷ്‌ണജയന്തി, മണ്ഡലക്കാലം (അയ്യപ്പന്) തുടങ്ങിയവയാണ് വിശേഷസന്ദർഭങ്ങൾ. അതുപോലെ എല്ലാ ദേവതമാർക്കും സ്വീകാര്യമായ മാലയും ചില പ്രത്യേക ദേവതയ്ക്ക് മാത്രമുള്ള മാലയുമുണ്ട്. അത് അതത് ദേവതയുടെ സവിശേഷതയുമായി ബന്ധപ്പെട്ടു വരുന്നതാണ്. ദേവവിഗ്രഹത്തിൻ്റെ വലിപ്പത്തിനനുസരിച്ചും അവസരത്തിനനുസരിച്ചുമാണ് മാലയുടെ വലിപ്പം തീരുമാനിക്കപ്പെടുന്നത്. ദേവതയുടെ ഓരോ തരം അനുഗ്രഹം ഉദ്ദേശിച്ചാണ് ഓരോ മാലയും അർപ്പിക്കുന്നത്.
തെച്ചിപ്പൂവും തുളസിയും താമരയിതളും ചേർത്ത് കെട്ടിയുണ്ടാക്കുന്ന ഒരുതരം ചെറിയ മാലയാണ് താലിമാല. ശിവൻ, വിഷ്ണു, ഭഗവതി തുടങ്ങിയവർക്കുവേണ്ടിയാണിത്. അഭിഷേകപ്രിയനായ ശിവന് പ്രധാനം കൂവളമാലയാണ്. തുളസിയും കൂവളത്തിന്റെ ഇലയുമാണ് ഈ സവിശേഷമാല കെട്ടാൻ ഉപയോഗിക്കുന്നത്. തുമ്പമാലയും ശിവന് പ്രധാനമാണ്. ഐശ്വര്യം, സന്താനലബ്ധി തുടങ്ങിയ അനുഗ്രഹങ്ങൾക്കുവേണ്ടിയാണ് തുമ്പമാല അർപ്പിക്കുന്നത്. അലങ്കാരപ്രിയനായ വിഷ്ണുവിന് തെച്ചിമാല, തുളസിമാല, മന്ദാരമാല, താമരമാല തുടങ്ങിയ മാലകളൊക്കെ സ്വീകാര്യമാണ്. വിഷ്ണുവിനും ഭഗവതിക്കും ശിവനും ഒരുപോലെ അർപ്പിക്കുന്ന സവിശേഷമാലയാണ് ഉണ്ടമാല. പന്ത്രണ്ട് ഇഞ്ച് കെട്ടി, ഒരിഴ ഒറ്റവലി വലിച്ചാൽ ഒരുണ്ടയാകും. അത്തരം നിരവധി പൂക്കൾകൊണ്ടുള്ള ഉണ്ടകൾ ചേർന്നതാണ് ഉണ്ടമാല. തുളസി, തെച്ചി, വെള്ളപ്പൂക്കൾ, തുളസി എന്ന രീതിയിലോ അല്ലെങ്കിൽ പച്ച-ചോപ്പ്, പച്ച-ചോപ്പ് എന്ന രീതിയിലോ ആണ് ഉണ്ടമാല കെട്ടുക. ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ടത് കറുകമാലയാണ്. ആനയുടെ രോമം എഴുന്നുപിടിച്ചപോലെ ഗണപതിയുടെ ബിംബത്തിൽ ആനപ്രതീതി വന്നുചേരാനാണ് ഈ മാല അർപ്പിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ബിംബത്തിന്റെ വലിപ്പമനുസരിച്ച് കറുകമാല വലുതും ചെറുതുമാകും. അയ്യപ്പനും ഭഗവതിക്കും ചെമ്പരത്തിമാല പ്രിയങ്കരമാണ്.
പൂക്കളുടെ ശബളിമ ദൃശ്യമാകുന്നത് ലക്ഷാർച്ചനകളിലാണ്. അതിന് ധാരാളം പൂക്കൾ വേണം. തെച്ചിയും തുളസിയും കൂവളവുമാണ് ഇതിനുപയോഗിക്കുന്നത്. പൂക്കളെല്ലാം കൂട്ടിക്കുഴച്ചാണ് ലക്ഷാർച്ചനയ്ക്ക് സമർപ്പിക്കുന്നത്. ലക്ഷം പ്രാവശ്യം മന്ത്രങ്ങൾ ഉരുക്കഴിക്കുന്നതാണ് ലക്ഷാർച്ചന. ഓരോ ഉരു കഴിയുമ്പോഴും ഇടങ്ങഴിയിലധികം പൂവ് ആവശ്യമായി വരുന്നു. ഒരു ദിവസം അല്ലെങ്കിൽ മൂന്ന് ദിവസമായിരിക്കും ലക്ഷാർച്ചന. ഈ ദിവസങ്ങളിലെല്ലാം രാവിലെമുതൽ വൈകുന്നേരം വരെ പൂവ് വൃത്തിയാക്കൽ മാത്രമാണ് കഴകക്കാരുടെ ജോലി.
കഴകപ്പണികൊണ്ടുമാത്രം ജീവിക്കാൻ പറ്റാത്തതിനാൽ നമ്പീശ സമുദായത്തിലെ മിക്കവരും മറ്റു ജോലി തേടിപ്പോവുകയാണുണ്ടായത്. പണ്ടേയുള്ള പശുവളർത്തലിൻ്റെ തുടർച്ചയെന്നോണം നെയ്യ്, വെണ്ണ, പാൽ, തൈര് വിതരണം എന്നിവ ഇന്ന് വ്യാപകമായി നമ്പീശന്മാർ ചെയ്തുവരുന്നുണ്ട്. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരായവർ നിരവധിയുണ്ട്. എങ്കിലും ക്ഷേത്രങ്ങളിൽ പൂക്കളെ സ്നേഹിച്ചും മാല കെട്ടിയും കഴിയുന്നവർ ധാരാളമാണ്. ഒരു ജോലിയെന്നതിനെക്കാൾ മാലകെട്ടൽ ജീവിതത്തിലെ പവിത്രകർമ്മമായി പുഷ്‌പകസമുദായം കരുതുന്നു. മാലകെട്ടുക എന്നത് ഇന്നും പൂക്കളുടെ സ്വന്തം സമുദായമായ നമ്പീശന്മാരുടെ അവകാശവും കർത്തവ്യവുമായി തുടരുകതന്നെയാണ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
1. വൈഷ്ണവം: കൃഷ്ണതുളസി, രാമതുളസി, വെള്ളത്താമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടുചെമ്പകം, നന്ത്യാർവട്ടം, മുക്കുറ്റി, ചെമ്പരത്തി, തെച്ചി, മല്ലിക, ചെമ്പകം, കൂവളം, നീലത്താമര, കൈത, പുതുമുല്ല, ചുവന്ന മുല്ല (ജമന്തി കേരളത്തിൽ പതിവില്ല).
2. ശൈവം: എരുക്കിൻപൂവ്, കരവീരം, താമര, ഉമ്മത്ത്, വൻ കൊന്ന, ചുവന്ന മന്ദാരം, വെള്ളത്താമര, തുളസി, അശോകം, ചെമ്പകം, കൽത്താമര, കൊക്കുമന്ദാരം, ഇലഞ്ഞി, ഇരുമുല്ലകളും, പ്ലാശ്, പിച്ചകം, ഓരിലത്താമര, ദർഭ, കടലാടി, കറുകക്കൂമ്പ്.
3. ശൈവപുഷ്‌പങ്ങൾ എന്നു പേരുള്ള പുഷ്‌പങ്ങൾ: മുക്കുറ്റി, വലിയ കർപ്പൂരതുളസി, നാഗം, പുന്നാഗം, നന്ത്യാർവട്ടം, നീർമാതളം, ജമന്തി, കരിങ്കറുക, മന്ദാരം, കുങ്കുമം, കരിങ്കൂവളം, വൻകൊന്ന, കടമ്പ്, കൂവളം, നീലത്താമര.
4. ശാക്തേയ പുഷ്‌പങ്ങൾ - ദേവീപുഷ്പങ്ങൾ: വെള്ളത്താമര, ചുമന്ന താമര, ചെങ്ങഴിനീർപ്പൂവ്, കരിങ്കൂവളപ്പൂവ്, ഉഷമലരി, കാട്ടുമുല്ല, പുന്നപ്പൂവ്, നാഗപ്പൂവ്, പിച്ചകം, കുരുക്കുത്തിമുല്ല, മഞ്ഞക്കുറുഞ്ഞി, തിരുതാളി, പാതിരാപ്പൂവ്, കൂവളത്തില, അശോകപ്പൂവ്, സ്വർണ്ണമലരി, മുഞ്ഞ, ഉമ്മത്തിൻപൂവ്, മന്ദാരം, കറുക, നന്ത്യാർവട്ടം, കൃഷ്‌ണക്രാന്തി.
ശങ്കരനാരായണനു വൈഷ്‌ണവമോ, ശൈവമോ ഉപയോഗിച്ചും സുബ്രഹ്മണ്യൻ, ഗണപതി, ശാസ്‌താവ് എന്നിവർക്ക് ശൈവമോ ശാക്തേയമോ ഉപയോഗിച്ചും പൂജ ചെയ്യാം.
ദുർഗ്ഗയ്ക്ക് ശാക്തേയ പുഷ്‌പങ്ങളാണ്പ്രധാനം.
നവഗ്രഹ പുഷ്‌പങ്ങൾ:
സൂര്യൻ - കൂവളത്തില, ചന്ദ്രൻ - വെള്ളത്താമര, ചൊവ്വ - ചുവന്ന പുഷ്‌പങ്ങൾ, ബുധൻ - തുളസി, വ്യാഴം - ചെമ്പകം, ശുക്രൻ - മുല്ല, ശനി - കരിങ്കൂവളം.
എല്ലാ ദേവന്മാർക്കും ഉപയോഗിക്കുന്ന പുഷ്‌പങ്ങൾ:
തുളസി, തെച്ചി, അലരി, മന്ദാരങ്ങൾ, നന്ത്യാർവട്ടം, താമര, അശോകം, ചെമ്പകം, എരുക്ക്, പിച്ചകം, മുല്ല.
ശിവന് കൂവളത്തിൻ്റെ ഇല പ്രധാനം (അർജ്ജുനൻ്റെ മുന്നിൽ തപസ്സിനൊടുവിൽ വേടവേഷത്തിൽ പ്രത്യക്ഷപ്പെട്ട ശിവൻ നടത്തിയ പരീക്ഷണത്തിൽ ക്ഷീണിതനായപ്പോൾ ആരാധിച്ചതു കൂവളത്തില കൊണ്ട് എന്ന് സങ്കല്പം).
ഭദ്രകാളിക്ക് ചെമ്പരത്തി. വീരഭദ്രനും ഗണപതിക്കും ഇത് ഉപയോഗിക്കാം.
ഔഷധവീര്യമില്ലാത്ത പുഷ്‌പങ്ങളൊന്നുംതന്നെ കേരളത്തിൽ സ്വീകാര്യമല്ലെന്ന വസ്‌തുത പ്രത്യേകതയാണ്.
കറുകഹോമം ഗണപതിക്കും ശിവനും പ്രധാനപ്പെട്ടതാണ്.
തുളസി:
ശ്രീകൃഷ്‌ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ടതാണ് തുളസിപ്പൂ. ഇതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. രാമബാണമേറ്റ് ശരീരം വെടിഞ്ഞ രാവണൻ്റെ ഭാര്യ മണ്‌ഡോദരി പിന്നീട് ഭഗവാൻ്റെ കാരുണ്യംകൊണ്ട് തുളസിച്ചെടിയായിയത്രേ.
അശോകം:
സീതാദേവിയുടെ ദുഃഖത്തിന് ശമനം നൽകുവാൻ അശോകവൃക്ഷങ്ങൾ നിറഞ്ഞ അശോകവനിക്ക് കഴിഞ്ഞു എന്നുള്ളതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും പുണ്യവൃക്ഷമാണ്. ഔഷധം എന്നതിലുപരി സീതാദുഃഖം തീർത്ത ഈ പുഷ്പവൃക്ഷത്തിന് സ്ത്രീരോഗവും ദുഃഖവും മാറ്റാൻ കഴിയുന്നു എന്നാണ് സങ്കല്പം.
മന്ദാരം:
ദുശുണ്ഡി മുനിയെ കണ്ട് പരിഹസിച്ച് ചിരിച്ച ധൗമ്യപുത്രനും ശൗനക ശിഷ്യനുമായ മന്ദാരനും ഭാര്യ ശമീകയും ലഭിച്ച ശാപത്തിൽനിന്ന് രക്ഷപ്പെടാൻ ഗണേശനെ ആരാധിച്ചു (മുനി അവരെ വൃക്ഷങ്ങൾ ആക്കുകയാണ് ചെയ്‌തത്). തൃപ്‌തനായ അദ്ദേഹം അവരെ ഇഷ്ടപ്പെട്ട വൃക്ഷങ്ങളാക്കി അനുഗ്രഹിച്ചു. അതുകൊണ്ടുതന്നെ ഗണപതിക്കിഷ്ടപ്പെട്ട പൂക്കളാണത്രേ മന്ദാരം. കൈതപ്പൂവിനു ശിവൻ്റെ ശാപം ഏറ്റതുമൂലം പൂജയ്ക്ക് ഉപയോഗിക്കുന്നില്ല എന്നു വിശ്വസിക്കുന്നു.”
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"പുള്ളും പുള്ളുവരും:
പുള്ളുവസമുദായക്കാർക്ക് ഈ പേര് വരുവാൻ കാരണംതന്നെ ഈ പക്ഷിയുമായി ബന്ധപ്പെട്ടതുകൊണ്ടാണ്. നത്തുകളുടെ വംശത്തിൽ വരുന്ന പക്ഷിയാണ് പുള്ളുകൾ. ഇവയോട് ബന്ധപ്പെട്ടിരിക്കുന്ന 'പക്ഷിപീഡ' ആചാരങ്ങളും നാനാജാതി ജനങ്ങളിലും നിലനിൽക്കുന്നു. മാനവിക നാടൻസംസ്‌കാരത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ പക്ഷികൾ.
ചെമ്പോത്ത് (ഉപ്പൻ):
പല പേരുകളിൽ അറിയപ്പെടുന്ന ഇവന്, പോത്തിൻ്റെ നിറമുള്ള ദേഹവും ഏകദേശം ചെമ്പിൻ്റെ നിറമുള്ള ചിറകുകളുമാണ് ഉള്ളത്. ഇവനെ ഉപ്പൻ, ചകോരൻ എന്നീ പേരുകളിൽ പറഞ്ഞു കേൾക്കുന്നു. ചെമ്പോത്ത് എന്ന പേര് വിളിച്ചാൽ അതിന് ആ ദിവസം ഭക്ഷണം കിട്ടില്ല എന്ന് അമ്മൂമ്മ പറഞ്ഞത് ഓർക്കുന്നു. കാഴ്‌ചയിൽ പരുക്കൻ സ്വഭാവക്കാരനാണ് ഉപ്പൻ. തൻ്റെ ചുവന്ന കണ്ണുകൾകൊണ്ട് സൂക്ഷിച്ചു നോക്കി മന്ദം മന്ദം ആലോചിച്ച് ആണ് കക്ഷിയുടെ നടപ്പ്. ഉപ്പൻ ഭക്ഷണം മിക്കവാറും നിലത്തുനിന്നാണ് കണ്ടെത്തുന്നത്. ഉപ്പൻ ഒരു മാന്ത്രികൻകൂടിയാണ്. ഇരുമ്പ് ഉരുക്കാൻ ശേഷിയുള്ള ഒരു അപൂർവ്വ മരത്തിൻ്റെ വേരുസൂക്ഷിപ്പുകാരനാണ് ഉപ്പൻ. ഇത് ഉപ്പന്റെ കൈയിൽനിന്ന് കിട്ടാൻ ഒരു സൂത്രപ്പണിയും പറഞ്ഞുകേൾക്കുന്നുണ്ട്. ഉപ്പൻ്റെ കുഞ്ഞിനെ ഒരു ഇരുമ്പുകൂട്ടിൽ ബന്ധിച്ചാൽ കുഞ്ഞിനെ രക്ഷിക്കാനായി ഉപ്പൻ മരുന്നു കൊണ്ടുവരും എന്നതാണ് വിശ്വാസം.
ഓലേഞ്ഞാലി:
തന്റെ സ്വഭാവവിശേഷതകൊണ്ടും ശബ്ദവാചാലതകൊണ്ടും നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന പക്ഷിയാണ് ഓലേഞ്ഞാലി. 'ഓലേഞ്ഞാലി', 'ഓലമുറിയൻ', 'പുകബ്ളായി', 'പൂക്കുറിഞ്ഞി', 'കുട്യർളിപക്ഷി', 'കോയകുറിഞ്ഞി' എന്നെല്ലാം പേരുകളിൽ അറിയപ്പെടുന്നു. ഈ പേരുകളെല്ലാംതന്നെ ഓലേഞ്ഞാലിക്ക് നമ്മുടെ ഇടയിലുള്ള സ്വാധീനത്തെ സൂചിപ്പിക്കുന്നു.
തിത്തിരിപ്പക്ഷികൾ:
തിത്തിരിപ്പക്ഷികൾ തറയിൽത്തന്നെ ജീവിക്കുന്ന പക്ഷികളാണ്. അവയ്ക്ക് മരമുകളിൽ ഇരിക്കാനുള്ള കഴിവില്ല. പക്ഷേ, ഇവയ്ക്ക് എത്രദൂരം വേണമെങ്കിലും ആവശ്യം വന്നാൽ വളരെ വേഗത്തോടെ പറക്കുവാൻ സാധിക്കും. തിത്തിരിപ്പക്ഷികളുടെ ആഹാരം തറയിലും മണ്ണിലുമുള്ള കൃമികളും പുഴുക്കളുമാണ്.
മൂങ്ങകളും നത്തുകളും:
സാധാരണയായി ധാരാളം മരങ്ങളുള്ള പ്രദേശങ്ങളിൽ കൂടുതലായി ഇവയെ കാണാമെങ്കിലും അല്ലാത്ത സ്ഥലങ്ങളിലും നമുക്ക് വിരളമായി കാണാം. നത്തുകൾക്കും മൂങ്ങകൾക്കും പൊതുവെ ഭീതിയുടെ പരിവേഷമാണ് ചാർത്തിക്കാണുന്നത്. സ്വതവെ നത്തുകളെ തട്ടിൻ പുറങ്ങളിലാണ് കാണാറുള്ളത്. നത്ത് ഇനത്തിൽപ്പെട്ട പുള്ള് പുള്ളുവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ ഉണ്ടക്കണ്ണുകളും അതിനോടു യോജിക്കുന്ന രീതിയിലുള്ള പുള്ളി തൂവലുകളും ആരുടെ മനസ്സിലും ഭയം ഉണ്ടാക്കുമെന്നത് സത്യമാണ്.
വേഴാമ്പൽ:
കേരളീയരുടെ ദേശീയപക്ഷിയായി അംഗീകരിച്ചിട്ടുള്ള പക്ഷിരാജനാണ് മലമുഴക്കി വേഴാമ്പൽ. വേഴാമ്പലുകൾ പലതരത്തിലുമുണ്ട്. മലമുഴക്കി, പാണ്ടൻ, നാട്ടു, കോഴി വേഴാമ്പൽ എന്നിവ. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പക്ഷികളിൽ പ്രധാനിയാണ് വേഴാമ്പലുകൾ. വനനശീകരണം ഏറ്റവുമധികം ബാധിക്കുന്ന വിഭാഗക്കാരാണ് ഈ പക്ഷികൾ. വേഴാമ്പലുകൾക്ക് കൂടുണ്ടാക്കാൻ വലിയ മരങ്ങൾതന്നെ വേണം.
ചക്കയ്ക്ക് ഉപ്പുണ്ടോ കുയിൽ:
കേരളീയരുടെ നാടൻ സംസ്‌കാരത്തിൽ കൃഷി ഒരു പ്രധാന ഘടകമാണ്. ഒട്ടുമിക്ക മിത്തുകളും കൃഷിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ പക്ഷികളും കൃഷിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് 'ചക്കയ്ക്ക് ഉപ്പുണ്ടോ കുയിൽ'. 'വിത്തും കൈക്കോട്ടും കുയിൽ' എന്നും വള്ളുവനാടൻ പ്രദേശങ്ങളിൽ പറഞ്ഞുകേൾക്കുന്നു. ഈ പേരുതന്നെ ഈ പക്ഷികൾക്ക് കൃഷിയുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ ശബ്ദം അധികമായി കേൾക്കുന്നത്. വിഷുവിനോട് അനുബന്ധിച്ചു വരുന്നതുകൊണ്ട് ഇവയ്ക്ക് 'വിഷുപ്പക്ഷി' എന്നും പേരുണ്ട്. ഈ പക്ഷിയുടെ വരവ് കാർഷിക വർഷാരംഭത്തെയാണ് കാണിക്കുന്നത്. മിക്കപ്പോഴും വിഷുവിനോട് അനുബന്ധിച്ചുകൊണ്ട് നല്ല ഒരു മഴ കിട്ടാറുണ്ട്. ഈ മഴ കിട്ടിയാൽ പാടങ്ങൾ ഉഴുത് പത്തായത്തിൽ സൂക്ഷിച്ചുവെച്ച വിത്ത് വിതയ്ക്കുന്നു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" സാമൂഹിക ജീവിതത്തിൻ്റെ പുറമ്പോക്കിലേക്ക് ആട്ടിയകറ്റപ്പെട്ട ആദിവാസി വിഭാഗത്തിലാണ് മാവിലരുടെയും സ്ഥാനം. മലമടിയിലും കാട്ടുമൂലയിലും കുടിപാർത്തുകൂടുന്ന ഇവർ പരമ്പരാഗതമായ വിശ്വാസപ്രമാണങ്ങളും വർഗ്ഗഭാഷയും ജീവിതസംസ്കാരങ്ങളും പ്രകൃതിസഹജീവനപാഠമാലകളും കാത്തുപോരുന്നു. നാടും നഗരവും പുത്തൻ പരിഷ്കാരത്തിൻ്റെ പുറംമോടി വാരിയണിയുന്നത് തെല്ലൊരദ്ഭുതത്തോടെ നോക്കിനില്ക്കുകയാണിവർ. 2002-ൽ സർക്കാർ പുനർനിർണ്ണയിച്ച ലിസ്റ്റിൽ മാവില സമുദായത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായും തീർത്തും ദുരിതജീവിതം നയിക്കേണ്ടിവരുന്ന ഈ ആദിദ്രാവിഡവിഭാഗത്തിന് കൈവന്ന പുതിയ പരിഗണന ഒരളവോളം ആശ്വാസകരമായിരിക്കും.
കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുഖ്യമായും മാവിലർ അധിവസിക്കുന്നത്. കാസർകോട് ജില്ലയിലെ കാസർകോട് താലൂക്ക്, ഹോസ്‌ദുർഗ്ഗ് താലൂക്ക്, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് എന്നിവിടങ്ങളിലെ മലയോര മേഖലകളിലാണ് ഇവർ ഊർകൂട്ടമായി താമസിക്കുന്നത്. ഭക്ഷണസമ്പാദനം, ഗൃഹനിർമ്മിതി, ചികിത്സാക്രമം, ആരാധനാനുഷ്‌ഠാനങ്ങൾ, ജനനമരണപര്യന്തമുള്ള ജീവിതസംസ്കാരങ്ങൾ, വേഷധാരണം, വർഗ്ഗ ഭാഷാവ്യവഹാരം തുടങ്ങിയവയെല്ലാം ഇവരുടെ സവിശേഷമായ പാരമ്പര്യത്തിൻ്റെ സംഭാവനകളാണ്. തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഈ സാംസ്‌കാരിക പാരമ്പര്യം നെഞ്ചുചേർത്തു കാത്തുകൊള്ളാൻ മാവിലർ ബദ്ധശ്രദ്ധരാണ്. സൂക്ഷ്മനിരീക്ഷണത്തിൽ വടക്കുനിന്ന് തെക്കോട്ട് നീങ്ങുന്തോറും ഇവർക്കിടയിൽ ആചാരലോപം കൂടിവരുന്നതായി സംശയിക്കാം. ഒരു ജനസമൂഹത്തിൻ്റെ ജീവിത സംസ്‌കാര സവിശേഷതകൾ പ്രകടമാകുന്ന രംഗങ്ങൾ ഏറെയാണ്. വിവാഹം, ജനനം, പുംസവനം, മരണാനന്തരചടങ്ങുകൾ തുടങ്ങിയവയിൽ ആചരിക്കപ്പെടുന്ന അനുഷ്‌ഠാനങ്ങൾ ഓരോ സമുദായത്തിൻ്റെയും സവിശേഷതയും വ്യതിരിക്തതയും വിളിച്ചോതും. "
"മാവിലർക്ക് അനേകം അനുഷ്‌ഠാനകലകളുണ്ട്. തെയ്യാട്ടം, കൊട്ടുവാളിച്ച, കാളകെട്ട് പുംസവനക്രിയകൾ തുടങ്ങിയവയെ ഇക്കൂട്ടത്തിൽ പെടുത്താം. നായർ, ഈഴവർ, യാദവർ, വാണിയർ തുടങ്ങിയവരുടെ കാവുകളിൽ അരങ്ങേറാറുള്ള കളിയാട്ടംതന്നെയാണ് മാവിലരുടെ കോലംകെട്ട്. കിണ്ണവും തുടിയുമാണ് പ്രധാന വാദ്യവിശേഷങ്ങൾ. മാവിലർ മറ്റു സമുദായക്കാവുകളിൽ തെയ്യം കെട്ടിയാടാറുണ്ട്. സ്വന്തം കാവുകളിലും ഇവർതന്നെയാണ് കോലക്കാർ. കാട്ടുമടന്ത, കുഞ്ഞാർകുറത്തി, മലങ്കുറത്തി, നാടൻ കുറത്തി, ചട്ടിയൂർ പോതി, നറുകണ്ടൻ ദൈവം, പടവീരൻ, ചിന്നത്തൂർ വീരൻ, കാട്ടുമൂർത്തി, കരിമണൽ ചാമുണ്ഡി, കാപ്പാളിയമ്മ, വീരമ്പിനാദ്, കൊടുവാളൻ തുടങ്ങി 'ഒന്നുകുറ നാല്പത് തെയ്യക്കോലങ്ങൾ' ഇവർക്കുമുണ്ട്. തീർത്തും പ്രകൃതിസിദ്ധ വസ്‌തുക്കൾ കൊണ്ടാണ് തെയ്യച്ചമയങ്ങൾ ഇവരുണ്ടാക്കുന്നത്. മാവിലത്തെയ്യങ്ങൾ ഉഗ്രമൂർത്തികളാണെന്ന വിശ്വാസം ആധുനികരെപ്പോലും ഭയഭക്തിനമ്രരാക്കുന്ന കാഴ്ചകൾ ഇന്നും സംദൃശ്യമാണ്. പുനംകൃഷിക്ക് കാടുവെട്ടിച്ചുടൽ കഴിഞ്ഞ് നല്ല നാള് നോക്കി വാളിച്ചതുടങ്ങുന്ന ചടങ്ങാണ് കൊട്ടുവാളിച്ച. കാട്ടിലെ ഏതെങ്കിലും കാഞ്ഞിരച്ചോട്ടിൽനിന്നായിരിക്കും. വാളിച്ചയൊരുക്കം തുടങ്ങുക. തുടിവാദ്യവുമായി മാവിലർ നിരനിരയായി നിൽക്കും. തലയടിയാൻ (കിരാൻ)നാക്കിലയിൽ മുതിർച്ച വെച്ച് ദീപം കൊളുത്തുന്നതോടെ വാദ്യഘോഷം തുടങ്ങും. കിരാൻ കുരിയയിൽ നിന്ന് വിത്ത് വാളാൻ തുടങ്ങും. അതിനു പിന്നാലെ മാവില യുവാക്കൾ കൂന്താലി കൊണ്ട് മണ്ണ് ചീന്തി ഇളക്കിയിടും. പാട്ടും കൊട്ടും വാളിച്ചയും ഒരേ നേരത്തുയരും. കൃഷിപ്പണി അതിസുന്ദരമായ ഒരു അനുഷ്ഠാനകലയായി കാട്ടുമടിയിൽ അരങ്ങേറുന്നു. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
മഴയെപ്പറ്റി താരാട്ടുപാട്ടും തേക്കുപാട്ടും കളിപ്പാട്ടുകളും ധാരാളമു ണ്ടായിരുന്നു.
1. മഴപെയ്യണ് മദ്ദളം കൊട്ടണ്
ആരാന്റമ്മയ്ക്ക് തൂറാൻ മുട്ടണ്.
2. മഴേ മഴേ തുള്ളിത്തുള്ളിവാ
മഴേ മഴേ വെള്ളാരംകല്ലുമ്മേ തുള്ളിത്തുള്ളിപ്പോ.
3. മഴ മഴ ആനയ്ക്കും പാപ്പാനും മുങ്ങിക്കുളിക്കാൻ വെള്ളമില്ല.
4. അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
കള്ളൻ ചക്കേട്ടു, കൊണ്ടോയ്ത്തിന്നോട്ടെ
കണ്ടാമിണ്ടണ്ട, പടിക്കലെ പട്ടി കുരയ്ക്കണ്ട.
5. കൊള്ളാമിമ്മഴ, കൊള്ളരിതീമഴ
കൊള്ളാം കൊള്ളാം പെയ്തോട്ടെ.
6. ഇടിവെട്ടണവെട്ടീലേ...
മഴപെയ്യണ പെയ്‌തീലേ...
കുട്ടീ വാവാ പോ...
7. മഴേ മഴേ പെയ്യല്ല…
പയ്യും കുട്ടീം പാടത്ത്
നെല്ലും വിത്തും വെയിലത്ത്
ഞാനും ന്റമ്മേം തന്നേള്ളൂ.
8. കൊടുംപാപി ചാകലിയോ
കോടമഴ പെയ്യലിയോ
ആരും പാപിചാകലിയോ
ആടിമഴ പെയ്യലിയോ.
9. ഊശിപോലെ മിന്നലുമിനി
ഊരെങ്കും പെയ്യുമഴൈ
ചാമക്കാട്ടിൽ പഞ്ചേമഴൈ
ചാമക്കാട്ടിൽ പെയ്യാതോ
ഇന്തക്കാട്ടിൽ പഞ്ചേമഴൈ
അന്തക്കാട്ടിൽ പെയ്യാതോ
മഴച്ചൊല്ലുകൾ:
പ്രകൃതിസത്യങ്ങൾ മനുഷ്യജീവിതവുമായി സമാന്തരപ്പെടുത്തുന്നതാണ് മഴച്ചൊല്ലുകൾ. മനുഷ്യജീവിതരീതിയും മഴയുമായുള്ള ബന്ധം ഇതിൽ വ്യക്തമാണ്. 1888-ൽ മലബാറിലെ കളക്ടറായിരുന്ന വില്യം ബോത്തംസ് കൃഷിപ്പഴഞ്ചൊല്ലുകൾ ഔദ്യോഗികമായി ശേഖരിക്കേണ്ടതാണെന്ന് ഓർഡർ ഇറക്കി. മദ്രാസ് റവന്യൂ ബോർഡിൻ്റെ ഉത്തരവ് എല്ലാ റവന്യൂ ഉദ്യോഗസ്ഥന്മാർക്കും തഹസിൽദാർമാർക്കും അയച്ചുകൊടുത്തു. കാർഷികപരിഷ്‌കരണം തയ്യാറാക്കാനാണ് കൃഷിച്ചൊല്ലുകൾ ശേഖരിച്ചത്. 450 ചൊല്ലുകൾ ശേഖരിച്ചു. മലയാളത്തിന്റെ കൃഷിതന്ത്രം ഈ മൊഴികളിലുണ്ട്. 'അമ്മയോളം കനിവ് മക്കൾക്കുണ്ടെങ്കിൽ ആറ്റിലെ വെള്ളം മേലോട്ട്, മഴ നിന്നാലും മരം പെയ്യും, മഴ പെയ്‌താൽ പുഴയറിയും, മഴപെയ്‌ത് നിറയാത്തത് കോരി ഒഴിച്ചാൽ നിറയുമോ?, പുതുമഴയ്ക്ക് മുക്കുറ്റി, മീനത്തിൽ മഴപെയ്‌താൽ മീൻകണ്ണുപോലെ, മഴയുമില്ല വിളയുമില്ല, മഴയെന്നുകേട്ടാൽ മാടു പേടിക്കുമോ?, മഴയൊന്നുപെയ്‌താൽ മരമേഴു പെയ്യും, മഴയ്ക്കൊതുങ്ങാൻ വന്ന പിടാരി മനയ്ക്കു പോരാടുകയോ?, മഴവീണാൽ സഹിക്കാം മാനം വീണാലോ?, മഴയത്തപ്പന് സ്വൈരമില്ല, മഴ നനയാതെ പുഴയിൽ ചാടി, തിരുവാതിര ഞാറ്റുവേലയിൽ കോളും മുങ്ങണം... "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"തിരുവനന്തപുരം ജില്ലയിൽ യക്ഷി, മാടൻ, ചാമുണ്ഡി തുടങ്ങിയ രൗദ്രദേവതകളുടെ അനുഷ്‌ഠാനത്തിനായുള്ള ചടങ്ങുകളിൽ പ്രധാനമാണു തുള്ളലും പൂപ്പടവാരലും. ശ്രീകോവിലിനു വെളിയിൽ ദേവിയുടെ തിരുമുമ്പിൽ വേണം പൂപ്പടയിടേണ്ടത്. പൂപ്പടയിടേണ്ട സ്ഥലം ആദ്യം വൃത്തിയാക്കി പനിനീർ തളിക്കണം. പുഷ്‌പങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഒരുക്കുസാധനങ്ങളും പനിനീർ തളിച്ചും പന്തവും സാമ്പ്രാണിപ്പുകയും കാണിച്ചുവേണം പൂപ്പടയിടേണ്ടത്.
പൂപ്പട ഇടുന്നയാൾ കുളിച്ചു നനഞ്ഞ കോടിവസ്ത്രം ഉടുത്ത് ആദ്യം ദേവിക്കു മൂന്നു പ്രാവശ്യം നീരും പൂവും കൊടുക്കുന്നു. എന്നിട്ട് പൂപ്പട ഇടുന്ന സ്ഥലത്ത് മൂന്നു പ്രാവശ്യം ദേവിയെ ധ്യാനിച്ചുകൊണ്ടു നീരും പൂവും. അതുകഴിഞ്ഞ് ഒരു വലിയ തുമ്പു വാഴയില പനിനീർ തളിച്ചു ശുദ്ധിയാക്കി കത്തിച്ച പന്തവും സാമ്പ്രാണിപ്പുകയും കാണിച്ചു ശ്രീകോവിലിനകത്തുനിന്നു ശാന്തിക്കാരനെക്കൊണ്ടു ഭസ്മം, ചന്ദനം, കുങ്കുമം എന്നിവ ഈ ഇലയിലിട്ടു പൂനുകും പനിനീർ തളിച്ചും ദേവിയുടെ തൃപ്പാദത്തിൽനിന്നു കുറച്ചു പുഷ്പങ്ങൾ വാങ്ങിയിട്ടും വ്രതക്കാരൻ ആ തുമ്പിലയുടെ മൂടിൻ്റെ ഇരുവശങ്ങളിൽനിന്നല്പം വീതിയിൽ രണ്ട് ഇല കീറിയെടുത്ത് ആ ഇലക്കഷണങ്ങളെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും അഭിമുഖമായിട്ട് അധികചിഹ്നംപോലെ ഇട്ട് അതിന്റെ പുറത്തു മേൽപ്പറഞ്ഞ തുമ്പില കിഴക്കോട്ടു തുമ്പുവരുംവിധം വയ്ക്കും. എന്നിട്ട് ആ ഇലയിൽ മൂന്നു പ്രാവശ്യം നീരും പൂവും അതിനുശേഷം കൈവിരലുകൾ പിണച്ച് ഇലഞ്ഞിക്കുഴ വാരി പന്തത്തിലും സാമ്പാണിപ്പുകയിലും കാണിച്ചു ദേവിയുടെ തിരുമുമ്പിൽ കാണിച്ചിട്ട് അനുഗ്രഹം വാങ്ങി കൊട്ട്, കൊരവ, വെടി എന്നിവയോടുകൂടി ആചാര്യന്മാരുടെ അനുവാദവും വാങ്ങി ഇലയിലിടണം. ഇങ്ങനെ മൂന്നു പ്രാവശ്യം കഴിഞ്ഞശേഷം മുഴുവൻ ഇലഞ്ഞിക്കുഴയും ഇടണം. എന്നിട്ട് ഒരു വലിയ പന്തം, പന്തത്തിലും സാമ്പ്രാണിപ്പുകയിലും ദേവിയുടെ തിരുമുമ്പിലും കാണിച്ച് അനുഗ്രഹം വാങ്ങി ആ പന്തത്തിനെ ഇലഞ്ഞിക്കുഴയുടെ ഒത്ത നടുവിലായി കുത്തിനിറുത്തണം. പിന്നെ മേൽപ്പറഞ്ഞപോലെ മഞ്ചാടിക്കുഴയും ഇടണം. പിന്നെ പൂപ്പട ചുറ്റും ഒതുക്കിവയ്ക്കുന്നു. ശേഷം മേൽപ്പറഞ്ഞപോലെ വിവിധതരം പുഷ്പങ്ങളും ഇടണം. കൂട്ടത്തിൽ കമുകിൻപൂവ് നുറുക്കിയിടണം. ഒടുവിൽ പിച്ചിപ്പൂവിടണം. പുറത്തു കൊഴുന്ന്. കൊഴുന്നും, പച്ചപ്പൂവും പൂപ്പടയിൽ പതിവാണ്.
പൂപ്പടയിൽ കിഴക്കോട്ടു തുമ്പും പടിഞ്ഞാറോട്ട് മൂടുമായി ഒരു കമുകിൻ പൂക്കുല മേൽപ്പറഞ്ഞ വിധിപ്രകാരം ചാർത്തുക. ആ കമുകിൻപൂവിൽ ഒരു ഹാരം ചാർത്തണം. അതിനുശേഷം പൂപ്പടയുടെ ചുറ്റുമായി ഒൻപതു നറുക്കിലകൾവെച്ച് ആ ഇലകളിലെല്ലാം അവൽ, പൊരി, ഓരോരോ പഴം, ചെറിയ ഓരോ പന്തം, ഓരോ സാമ്പ്രാണിത്തിരി എന്നിവ വയ്ക്കണം. പൂപ്പടയുടെ പുറത്ത് നാലഞ്ചു സ്ഥലത്തായി സാമ്പ്രാണിത്തിരി വയ്ക്കണം. എന്നിട്ടു നീരും പൂവും മൂന്നു പ്രാവശ്യം ദേവിക്കർപ്പിക്കണം. പിന്നീടു വില്ലാട്ടുകാരുടെ നിർദ്ദേശപ്രകാരം ദേവിക്കു ദീപാരാധന നടത്തി പന്തത്തിനു തീ കൊളുത്തണം. മറ്റു പന്തങ്ങളും സാമ്പ്രാണിത്തിരികളും കത്തിക്കുക. തുടർന്ന് അനുഗ്രഹിച്ചുതുള്ളി പൂപ്പട വാരുക. പൂപ്പട സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പാട്ടുകാരുടെ നിർദ്ദേശത്തോടുകൂടിവേണം ചെയ്യേണ്ടത്.
പൂപ്പടയും പൂക്കളും:
പുഷ്പങ്ങളെ അടിസ്ഥാനമാക്കിയുള്ള പൂച്ചൊല്ല് ജ്യോതിഷത്തിലെ ശകുനവിധികളിലൊന്നാണ്. പൂക്കൾ ഉള്ളതും ഇല്ലാത്തതുമായ ഇലപ്പൊതികൾ ക്ഷേത്രനടയിൽവെച്ചതിനുശേഷം അത് മറ്റൊരാളെക്കൊണ്ടെടുപ്പിച്ച് ഫലം പറയുന്ന രീതിയാണിത്. പൂവുള്ള പൊതിക്കെട്ടെടുത്താൽ ഉദ്ദിഷ്ടകാര്യം നടക്കുമത്രേ. ഉണ്ണുനീലിസന്ദേശത്തിൽ സൂചനയുള്ള പൂച്ചൊല്ലിന് പഞ്ചപുഷ്‌പങ്ങളിൽ ഒന്നിൻ്റെ പേർ ചോദിച്ച് നായകന്റെയോ നായികയുടെയോ പ്രാപ്‌തി ഫലമായി പറയുന്ന രീതിയെന്ന് ഇളംകുളം അർത്ഥം പറയുന്നു. ദേവകൾക്കു പ്രിയപ്പെട്ടതാകയാൽ വീടിനു സമീപം നിയതമായ ദിക്കുകളിൽ പൂന്തോട്ടം വെച്ചുപിടിപ്പിക്കണം. തെക്ക്, തെക്കുപടിഞ്ഞാറ് (കന്നിമൂല), തെക്കു കിഴക്ക് എന്നിവിടങ്ങളിൽ ഉപവനം ഉണ്ടാക്കിയാൽ കലഹം, ഭയം, കഷ്ടത ഇവയും പടിഞ്ഞാറ്, വടക്ക്, കിഴക്ക് തുടങ്ങിയ ദിക്കുകളിലെങ്കിൽ സമ്പത്തും സന്താനവും വർദ്ധിക്കുകയും ഫലമായിരിക്കുമെന്ന് വാസ്തുവിധിയുണ്ട്. തുളസിത്തറയും ആര്യവേപ്പും വീട്ടുമുറ്റത്ത് നടുന്നത് ഉത്തമമത്രേ. വീട്ടുമുറ്റത്ത് കിളിമരത്തിൽ പടർത്തിയ മുല്ല കേരളീയമായ ശീലമാണ്. അഞ്ചിതൾത്തെറ്റിയെന്ന ശവംനാറിപ്പൂവ് വീട്ടിൽ നടുകയും അത് പൂക്കുകയും ചെയ്‌താൽ മരണം സംഭവിക്കുമത്രേ. ജീവിതത്തിൽ ഒരിക്കൽമാത്രമേ മുള പൂക്കാറുള്ളൂ. പൂത്താൽ ദാരിദ്ര്യമായിരിക്കും. ഇപ്രകാരം പൂക്കളുമായി ബന്ധപ്പെട്ടു പല വിശ്വാസങ്ങളും മലയാളിക്കുണ്ട്.
പൂവ് ജ്യോതിഷത്തിൽ:
സ്ഥലനിർണ്ണയം മുതൽ ദേവപ്രശ്‌നം വരെയുള്ള എല്ലാ പ്രശ്നചിന്തയിലും പൂവിന് സ്ഥാനമുണ്ട്. ഭൂലക്ഷണങ്ങൾ നോക്കുന്നതിനെക്കുറിച്ച് 'മനുഷ്യാലയചന്ദ്രിക'യിൽ പരാമർശിച്ചിട്ടുണ്ട്. പരീക്ഷിക്കുന്നതിനുള്ള ഭൂമിയുടെ മദ്ധ്യത്തിൽ, ഒരു കോൽ സമചതുരത്തിലും അത്രതന്നെ ആഴത്തിലും കുഴി കുഴിച്ച് അതിൽ വെള്ളം നിറയ്ക്കണം. ആ വെള്ളത്തിൽ തുമ്പ മുതലായ പുഷ്‌പങ്ങൾ ഇട്ടാൽ പുഷ്പങ്ങൾ പ്രദക്ഷിണഗതിയിലാണ് സഞ്ചരിക്കുന്നതെങ്കിൽ ആ ഭൂമി ഗൃഹം പണിയുന്നതിന് നല്ലതും അപ്രദക്ഷിണമായാണ് സഞ്ചരിക്കുന്നതെങ്കിൽ ചീത്തയുമാണെന്ന് കാണുന്നു. ആ പുഷ്‌പങ്ങൾ നിൽക്കുന്നത് കിഴക്കാദി ദിക്കുകളിലാണെങ്കിൽ ശുഭമെന്നും, വിദിക്കുകളിലാണെങ്കിൽ അശുഭമെന്നും ലക്ഷണം പറയുന്നു.
കുഴിക്കാട്ട് പച്ചയെന്ന താന്ത്രികഗ്രന്ഥത്തിൽ, ദേവപ്രതിഷ്ഠയ്ക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നിടത്ത്, മുല്ല, താമര, കരിംകൂവളം, അശോകം, ഫലപുഷ്പങ്ങളോടുകൂടിയ വൃക്ഷങ്ങൾ, ലതകൾ ഇവകളാൽ സമൃദ്ധമായിരിക്കണം പ്രസ്തുത ഭൂമി എന്ന് വ്യക്തമാക്കിയിട്ടുണ്ട് ."
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"കേരളത്തിൻ്റെ തെക്കൻ ഭാഗങ്ങളിൽ കായൽ മീനുകൾ ഇന്ന് ദുർലഭം ആണ്. അഞ്ചുതെങ്ങ്, കായിക്കര, അകത്തുമുറി, പൂവത്തുമൂല ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വക്കം കായലിൽ പണ്ടൊക്കെ മീനുകൾ സുലഭമായിരുന്നു. ചൂണ്ടയെറിഞ്ഞും വലവീശിയും പൊത്തിയും മീൻപിടിച്ച രീതികൾക്കു പുറമേ നഞ്ചും തോട്ടയും പ്രയോഗിക്കാൻ തുടങ്ങിയതോടെയാണ് മീൻകുലം മുടിഞ്ഞു തുടങ്ങിയത്. കരിമീനിന് ഈ ഭാഗങ്ങളിൽ 'ചള്ള' യെന്നും അതിൻ്റെ ചെറിയ ഇനത്തിന് 'പൊട്ടൻചള്ള' യെന്നും പറയുന്നു. 'കൂരി'യെന്നാൽ ഏട്ടയുടെ ചെറിയ ഇനമാണ്. അതിന് തേട് എന്നും പറയുന്നു. നിലത്തിൽ പതുങ്ങിക്കിടക്കുന്ന എലപ്പാട്ടിയും ആരൻ ഇനത്തിൽപ്പെട്ട ബ്ലാങ്കും കുട്ടികൾക്ക് നല്ലതാണത്രേ. ചളി പ്രിയമായിട്ടുള്ള തവിട്ടുനിറമാണ് 'പൂന്തിക്ക്', ചെറിയ മാലാന് 'പരിച്ചിൽ' എന്നും 'കണമ്പ്‘എന്നും പറയും. കൊക്കു കൂർത്ത മെലിഞ്ഞ ഇനമാണ് 'നൂലി'. ചെറിയ ഇനമാണ് നത്തൽ. ചെമ്മീന് കൊഞ്ച് എന്നും പറയും. അഴുകക്കോര, കോനെത്തോലി, കായൽ തിലോപ്പിയ, വരാൽ, തേട്ട എന്നിങ്ങനെ അനേകം ഇനങ്ങൾ. ചെറിയ ഒരുതരം മീൻ ചെറിയ വെള്ളക്കെട്ടുകളിൽ കാണാം. അതിന് 'മാനത്തുകണ്ണി' എന്നാണ് പേര്.
കേരളത്തിൻ്റെ വടക്ക് വടകരഭാഗങ്ങളിലെ മീനറിവുകളിൽ മീൻപേരുകൾക്ക് നാടത്തം വേറെതന്നെയാണ്. ഇടത്തരം പുഴകൾ (തോടുകൾ എന്ന് തെക്ക്) വയലുകൾ, കുളങ്ങൾ, നീർച്ചാലുകൾ തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്നവ ഇന്ന് വംശനാശത്തിൽതന്നെ. കറുത്ത് ഉരുണ്ട് പാമ്പിൻ്റെ ആകൃതിയിൽ പരമാവധി ഒരാൾനീളം വരെയുള്ള ചേരമനഞ്ഞിൽ രുചികരമായ മീനാണ്. മീനെന്നു തോന്നിപ്പിക്കുന്ന ഈ ആകൃതിയിലുള്ള മറ്റൊന്നാണ് മുഴുമനഞ്ഞിൽ. അതിന് ചാരം കലർന്ന വെളുപ്പാണ് നിറം. പരലിൻ്റെ ഒരുതരം വലിയ ഇനമത്രേ കടുങ്ങാലി. കൈപ്പത്തിയുടെ വീതിയുള്ള വെള്ളിനിറക്കാരൻ മഴ വെള്ളമീൻ. കുത്തിത്തുളയ്ക്കാൻ കഴിവുള്ളതും വഴുവഴുപ്പും കൈവെള്ളയെക്കാൾ നീളമുള്ളതുമാണ് കടു. ഇതിൻ്റെ കൂർത്ത മുള്ള് മീൻ പിടിത്തക്കാരുടെ പേടിസ്വപ്‌നമാണ്. കടുവിൻ്റെ വെളുത്ത ഇനമാണ് മുഴു. വലിപ്പവും അല്പം കൂടും. വയർഭാഗം വെള്ളനിറമുള്ള തവിട്ടു നിറക്കാരനാണ് കഴിച്ചിൽ (വരാൽ). ഒരുട്ട നീളം തോന്നുന്ന പൊടുവാളയ്ക്ക് വെള്ള കലർന്ന ചാരനിറം. വരാലിൻ്റെ വലിയ ഇനമാണ് ചേറുമീൻ. കൈക്കുഴ നീളവും മസിൽ വണ്ണവുമുണ്ടതിന്. ചാരനിറത്തിലുള്ള ഈ മത്സ്യത്തെ കിണർ ശുദ്ധീകരണത്തിന് ഉപയോഗിക്കാറുണ്ട്. കഴിച്ചിലും കിണർ മത്സ്യമാണ്. നെറ്റിയിൽ സ്വർണ്ണനിറമുള്ള നെറ്റിയിൽപൊട്ടൻ ചെറിയ മീനാണ്. വെള്ളത്തിൽ വെയിൽ കായാറുള്ള ഈ പൊട്ടൻ സുന്ദരനാണ്. തോടൻ മീൻ പാവമാണ്. കൈപ്പത്തി നീളമുള്ള തോടനെ പിടിക്കാനെളുപ്പമാണ്. ദരിദ്രരുടെ മീനാണ് ഈ പാവത്താൻ.
ചാലിയാറിലെ മീൻപേരുകൾ വ്യത്യസ്‌തമാണ്. വടകരയിലും തെക്കൻ പുഴകളിലുമൊക്കെ ഒരേയിനങ്ങൾ കണ്ടേക്കാം. എന്നാൽ അവയ്ക്ക് നാട്ടുകാർ തങ്ങളുടെ പേര് വിളിച്ചുകൊണ്ട് സ്വന്തം മീൻകുലമായി കണക്കാക്കുന്നു. കോപ്പക്കൂട്ടം, കൂട്ടംകൂടി നടക്കുന്ന ചെറു മീനുകളാണ്. പെണ്ണുങ്ങളും കുട്ടികളും മുണ്ടുപയോഗിച്ച് ഇവയെ കോരിയെടുക്കും. കുളിക്കടവുകളാണ് ഇവയുടെ ഇഷ്ടതാവളം.
ആവോലിപോലെ ആകൃതിയുള്ള ഇരുമീൻ ഇരുണ്ടനിറത്തിൽ വരയുള്ള മീനാണ്. ചുണ്ടുനീണ്ട കോലിയെ മറ്റു മത്സ്യങ്ങൾക്കു പേടിയാണ്. അവ കാണുന്നിടങ്ങളിൽ മറ്റു മീനുണ്ടാവില്ലെന്ന് മീൻ പിടിത്തക്കാർക്കറിയാം. അടുവയ്ക്ക് വിരൽവീതിയും വെള്ളനിറവുമുള്ള ഇവറ്റ മുള്ളനാണ്. അണ്ടിപ്പറിച്ചിക്ക് നിറം കറുപ്പാണ്. ഇരുമീനിൻ്റെ ചെറിയ കുട്ടിയെപ്പോലെ (മീൻകുഞ്ഞ് എന്നല്ല. മീൻകുട്ടിയെന്നാണ് ചാലിയാർ നാട്ടുകാർ പറയുക)യാണ്. പതുങ്ങുന്ന പ്രകൃതക്കാരായ ഇവരെ വേഗം പിടിക്കാം. കല്ലങ്കാരി കല്ലുമ്മേലുണ്ടാവും. കുളിക്കുമ്പോൾ കാലിൽ വന്നു മുകരുന്ന ഇവർ ചെറുമീനുകളാണ്. ചെള്ളിയെന്ന് ഒരിനമുണ്ട്. പിന്നെ പൂസാൻ. പൂസാൻ മണലിൽ തലപൂഴ്ത്തി രക്ഷപ്പെട്ടെന്ന് സ്വയം കരുതും. വലവച്ചാണ് ഇവനെ പിടിക്കുക, വിരൽനീളം മുതൽ കൈക്കുഴ നീളംവരെയുള്ളവ ഈ ഇനത്തിലുണ്ട്.
ചെമ്പല്ലി വലിയ മീനാണ്. വലക്കാർക്ക് പ്രിയം. മൂന്നുകിലോവരെയുണ്ടാവും. അരണ്ട ചുവപ്പുള്ള ചെമ്പല്ലിയുടെ പ്‌നാൽ (ശല്ക്കങ്ങൾ) വലുതായിരിക്കും. നീണ്ടുരുണ്ട് ചാരനിറത്തിലുള്ള ആരലിന് അടിഭാഗം മഞ്ഞയും വെള്ളയും കലർന്നിട്ടാണ്. കൊയ്ത്തി ചെറിയ തോതിൽ വെള്ളമുള്ള ഭാഗം തേവിയാൽ കിട്ടുന്നു. പാടത്ത് സുലഭം. കടുങ്ങാലി അല്ലെങ്കിൽ പാടമീൻ വലുതും ചെറുതുമുണ്ട്. ഇവിടെ ആറ്റിലെ ചെമ്മീനിനെ ചെല്ലിയെന്നാണു വിളിക്കുക. മനഞ്ഞിൽ എന്ന മത്സ്യം വഴുവഴുപ്പധികമുള്ള മീനാണ്. ഇവയെ കൈകൊണ്ടു പിടിക്കുക പ്രയാസമാണ്. പരൽമീനുകൾ വ്യത്യസ്‌ത തരത്തിലുള്ളവയാണ്. വെളുമ്പാളി, കടുങ്ങാലി, ഒഴുക്കൻപരൽ എന്നിങ്ങനെ അവയിൽ ചിലതുമാത്രം. ഇവയെ വെള്ളത്തിലെവിടെയും കാണാം. ആറ്റുവാള പരന്ന ശരീരമുള്ള നീളൻ മത്സ്യമാണ്. കറുളയാകട്ടെ ചെള്ളിയുടെ ഒരു മുതുമുത്തച്ഛനാണെന്നു തോന്നും. വരാൽമീനുകൾ സുലഭമായ ഇനമാണ്. ഇവ കേരളത്തിലെമ്പാടും വരാൽതന്നെ. വഴുവഴുപ്പൻ മീനായ മൊയ്യ് മറ്റൊരിനമാണ്. ചെളിയിടങ്ങളിൽ കാണപ്പെടുന്ന തൊണ്ണിയും അമ്മായിപ്പരലും എന്നിങ്ങനെ നാട്ടുമത്സ്യജനുസ്സുകൾ അനവധിയാണ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"അത്യുത്തര മലബാറിൽ കാമദഹനവുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്ന പൂരത്തിനും (മീനമാസത്തിലെ കാർത്തികമുതൽ പൂരംവരെ ഒൻപതു നാളുകൾ) പൂക്കളങ്ങൾ പതിവുണ്ട്. ശിവന്റെ ക്രോധാഗ്നിയിൽപ്പെട്ട് കാമദേവൻ ദഹിച്ചുപോയപ്പോൾ ലോകത്തിൽ കാമവികാരംതന്നെ ഇല്ലാതായി. ഇതിനെത്തുടർന്ന് ശിവൻ്റെ നിർദ്ദേശാനുസരണം ദേവകൾ വിഷ്‌ണുവിനെ സ്‌തുതിച്ചു. ഇതിൽ സംപ്രീതനായ വിഷ്ണു, മീനമാസത്തിലെ കാർത്തികതിരുനാൾ മുതൽ ഒൻപതു ദിവസം, കന്യകമാർ പൂവമ്പനെ വ്രതാനുഷ്‌ഠാനത്തോടെ പൂജിച്ചാൽ കാമസിദ്ധി കൈവരുമെന്ന് അനുഗ്രഹിച്ചു. ശ്രീകൃഷ്ണന്റെ പുത്രനായി (പ്രദ്യുമ്‌നൻ) കാമൻ പുനർജ്ജനിച്ചത് മീനമാസത്തിലെ പൂരം നക്ഷത്രത്തിലാണെന്നും അതിൻ്റെ സ്‌മരണയാണ് പൂരാഘോഷമെന്നും ഉള്ള ഒരു പാഠഭേദവും ഈ ആഘോഷത്തെക്കുറിച്ചുണ്ട്.
സ്ത്രീകൾക്കാണ് പൂരോത്സവത്തിൽ പ്രാധാന്യം. അവർ ഈ ഒൻപതു ദിവസവും വിവിധ രീതിയിൽ പൂക്കളങ്ങളിട്ട് പൂവമ്പനെ പൂജിക്കുന്നു. കിണറ്റിൻകരയിലും വീട്ടിനകത്തും മുറ്റത്തും മാറിമാറി പൂക്കളങ്ങളിടും. പാലപ്പൂവ്, അതിരാണിപ്പൂവ്, മുരിക്കിൻപൂവ്, ചിറ്റാടപ്പൂവ്, ചെമ്പകപ്പൂവ് എന്നിവയാണ് ഇതിനുപയോഗിക്കുന്നത്. മനോഹരങ്ങളായ ഇത്തരം പൂക്കളങ്ങൾ കന്യകമാരുടെ കരവിരുതിൻ്റെ ബഹിർസ്‌ഫുരണങ്ങളായി മാറാറുണ്ട്.
ശ്രീകൃഷ്‌ണന്റെ ജന്മദിനമായി ആചരിച്ചുപോരുന്ന അഷ്ടമിരോഹിണിയാണ് മലയാളികൾ പൂക്കളമിടുന്ന മറ്റൊരു വിശേഷാവസരം. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ് കൃഷ്‌ണന്റെ ജന്മദിനമെന്നു വിശ്വസിക്കുന്നു. അന്നേദിവസം അർദ്ധരാത്രിയിലാണ് പൂക്കളം തീർക്കുക (കൃഷ്‌ണൻ ജനിച്ചതും അർദ്ധരാത്രിയിലാണെന്നാണല്ലോ വിശ്വാസം). കൃഷ്‌ണപ്പൂവും, കാക്കപ്പൂവും മാത്രമേ ഈ കളങ്ങൾ നിർമ്മിക്കാനുപയോഗിക്കാറുള്ളൂ. ഇവിടെ പങ്കാളിത്തം പൊതുവെ കുറവാണ്. പൂക്കളനിർമ്മാണം അർദ്ധരാത്രിയാണെന്നുള്ളതും ഇതിനൊരു കാരണമായിരുന്നിരിക്കാം.
ഇങ്ങനെ പല തരത്തിൽ പല സമയത്ത്, നമ്മൾ പൂക്കളങ്ങളിടുന്നു. പ്രകൃതിയുടെ സൗന്ദര്യം നമ്മുടെ മനസ്സിലേക്കും സംക്രമിപ്പിക്കാനുള്ള സവിശേഷമായ കഴിവുണ്ട് പൂക്കൾക്ക്. പൂക്കളുടെ ഒരു കൂട്ടായ്മയിലൂടെ പൂക്കളത്തിലൂടെ മനുഷ്യൻ പ്രകൃതിയുമായി സജീവ സംവേദനം നടത്തുന്നു. നമുക്കഭിമാനിക്കാം. നമ്മുടെ പൂർവ്വികർ മനുഷ്യരുടെ മാത്രമല്ല, പൂക്കളുടെയും കൂട്ടായ്മയ്ക്ക് അവ അർഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു എന്നുള്ളതിൽ. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"പൂജയ്ക്ക് പൂവ് ഉപയോഗിക്കുന്നതിൽ നിയമങ്ങളും നിഷ്ഠകളും അനവധിയാണ്. എന്നാൽ അത് ശരിക്ക് അറിയുന്നവരും അറിഞ്ഞാലും അനുഷ്ഠിക്കുന്നവരും വളരെ വിരളമാണ്. എല്ലാ പൂക്കളും എല്ലാ ദേവീദേവന്മാർക്കും ഉപയോഗയോഗ്യമല്ല. ഏതേതു പുഷ്‌പങ്ങൾ ഏതേതു ദേവതകൾക്ക് ഇഷ്ടമെന്നും ഏവയൊക്കെ ആർക്കൊക്കെ ഉപയോഗിക്കരുതെന്നും പുഷ്‌പം എങ്ങനെ ശേഖരിക്കണമെന്നും ആര് ശേഖരിക്കണമെന്നും പുഷ്‌പം എങ്ങനെ അർപ്പിക്കണമെന്നും മറ്റും ആഗമശാസ്ത്രങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.
“പുണ്യസംവർദ്ധനാച്ചാപി പാപൗഘ പരിഹാരതഃ
പുഷ്കലാർത്ഥ പ്രദാനാച്ച പുഷ്‌പമിത്യഭിധീയതേ"
(യജുർവ്വേദീയ ആഹിക സൂത്രാവലി)
(പുണ്യത്തെ നല്ലവണ്ണം വർദ്ധിപ്പിക്കുന്നതുകൊണ്ടും പാപങ്ങളെ നശിപ്പിക്കുന്നതുകൊണ്ടും പുഷ്‌കലമായ അർത്ഥം നൽകുന്നതുകൊണ്ടും പുഷ്‌പം എന്നു വിളിക്കപ്പെടുന്നു.)
പൂജയിൽ അർച്ചനയ്ക്ക് പുഷ്പം, പത്രം, അക്ഷതം എന്നിവ ഉപയോഗിക്കുന്നു. എന്നാൽ പുഷ്പത്തിനു പ്രാധാന്യം കൂടുതലാണ്. പഞ്ചഭൂതാത്മകമായ പ്രകൃതിയിലെ വിഭവങ്ങളെത്തന്നെ അതിൻ്റെ സൃഷ്ടികർത്താവിനു നന്ദിപൂർവ്വം സമർപ്പിക്കുന്നതാണ് പൂജയിൽ നടക്കുന്നത്. പൃഥിതത്വാത്മകമായ ഗന്ധം, ജലതത്വാത്മകമായ അമൃതാത്മകമായ നൈവേദ്യം, വായുതത്വാത്മകമായ ധൂപം, അഗ്നി തത്വാത്മകമായ ദീപം, ആകാശതത്വാത്മകമായ പുഷ്‌പം എന്നിവയെ ഈശ്വരങ്കൽ സമർപ്പിക്കുന്നതാണ് പഞ്ചോപചാരപൂജ. അന്തരീക്ഷ മലിനീകരണം തീരെ തീണ്ടാത്ത ഒന്നാണ് കാലത്തു വിടരുന്ന പൂക്കൾ! വൈകുന്നേരം വിടരുന്ന പൂക്കൾ പൂജയ്ക്ക് ഉപയോഗിക്കരുത്. ആകാശത്തിന്റെ ഗുണമാണ് ശബ്ദം. ആ ശബ്ദാത്മികമായ മന്ത്രങ്ങളോടു ചേർന്ന് ആകാശതത്വാത്മകമായ പുഷ്പങ്ങൾ അർപ്പിക്കുമ്പോൾ പൂർണ്ണത കൂടുകയാണ്.
ചില ദേവതകൾക്ക് ചില പുഷ്‌പങ്ങൾ കൂടുതൽ ഇഷ്ടമാണ്. ശിവനു വില്വപത്രവും വിഷ്‌ണുവിന് തുളസിയും ഗണപതിക്ക് കറുകപ്പൂലും ജഗദംബികയ്ക്ക് നാനാവിധപുഷ്‌പങ്ങളും ആണു വേണ്ടത്. അതുപോലെ വിഷ്‌ണുവിനെ അക്ഷതകൊണ്ടും ഗണപതിയെ തുളസികൊണ്ടും ദേവിയെ കറുകകൊണ്ടും സൂര്യനെ വില്വം (കൂവളം) കൊണ്ടും വിഷ്ണുവിനെ ഉമ്മത്തിന്റെ പൂവ്, എരുക്ക് എന്നിവ കൊണ്ടും പൂജിക്കരുത്.
ഒരിക്കൽ പൂജിച്ച പൂവുകൊണ്ടും ഇടതുകൈയിൽ വെച്ച പൂവു കൊണ്ടും ഉടുവസ്ത്രത്തിൽ എടുത്ത പൂവുകൊണ്ടും വെള്ളം കൊണ്ടു കഴുകിയതുകൊണ്ടും ശുഷ്‌കമായ പൂവുകൊണ്ടും നിലത്തുവീണതുകൊണ്ടും ദളങ്ങൾ പിരിച്ചെടുത്തതുകൊണ്ടും വിടരാത്തതുകൊണ്ടും വാസനയില്ലാത്തതുകൊണ്ടും ദുർഗ്ഗന്ധം ഉള്ളതുകൊണ്ടും പൂജിക്കരുത്. കൃമികൾ ഉള്ളത്, തലമുടി തൊട്ടത്, മണത്തു നോക്കിയത് എന്നിവയും വർജ്ജിക്കണം.
സൃഷ്ടിയുടെ പ്രതീകമാണല്ലോ പൂക്കൾ - സ്ത്രീകൾ ആദ്യം ഋതുവാകുമ്പോൾ പുഷ്പിണിയായി (അതായത് സന്താനോത്പാദനത്തിനു-സൃഷ്ടിക്ക് തയ്യാറായി) എന്ന പ്രയോഗം ഇതു സാധൂകരിക്കുന്നു. പുഷ്പങ്ങൾ ചെടിയിൽ നിൽക്കുന്ന അതേ പരിശുദ്ധിയോടെ ഉപയോഗിക്കണം. കഴുകിയാൽ അതിലെ സുഗന്ധജനകങ്ങളായ രാസപദാർത്ഥങ്ങളും പരാഗരേണുക്കളും നഷ്ടപ്പെട്ടു പോകുമെന്നതും ഒരു കാരണമായിരിക്കാം.
പൂജയ്ക്കുള്ള പുഷ്പങ്ങൾ സ്വയം പറിച്ചു കൊണ്ടുവരണമെന്നും ശാസ്ത്രം പറയുന്നു. വിലയ്ക്ക് വാങ്ങിയത് ഉപയോഗിക്കരുതത്രേ. പൂജയ്ക്കുള്ള പുഷ്പം വഹിച്ചിരിക്കുന്നവനെ ആരും നമിക്കരുത്. അയാളും ആരെയും നമിക്കരുത്.
അർച്ചനയുടെ കാര്യത്തിലും പല വിശേഷങ്ങളുണ്ട്. പുഷ്പം ചെടിയിൽ എങ്ങനെ ഉണ്ടായോ (ഊർദ്ധ്വമുഖമായി) അതേ രീതിയിൽ അർപ്പിക്കണം. വില്വം മാത്രമേ അധോമുഖമായി അർപ്പിക്കാവൂ. പുഷ്പാർച്ചന നടത്തുമ്പോൾ ചൂണ്ടുവിരൽ ഉപയോഗിച്ച് അർപ്പിക്കരുത്. നടുവിരൽ, മോതിരവിരൽ എന്നിവകൊണ്ട് എടുത്തു പൂജിക്കണം. ഇതുപോലെ അനവധി നിയമങ്ങൾ ഉണ്ട്. ഉച്ചാടനം, സ്തംഭനം മുതലായ ഷട്‌കർമ്മങ്ങൾക്ക് ഏതേതു നിറത്തിലുള്ള പൂക്കൾ വേണം, ഐശ്വര്യം, ശത്രുനാശം മുതലായ കർമ്മങ്ങൾക്ക് ഏതേതു പുഷ്‌പങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നെല്ലാം നമ്മുടെ പൂർവ്വികന്മാരായ ഋഷിവര്യന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്.
പൂജയ്ക്ക് ഉപയോഗിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു പുഷ്‌പമാണ് താമര. സുന്ദരികളുടെ മുഖത്തെയും കണ്ണുകളെയും താമരപ്പൂവിനോട് ഉപമിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ ഇരിപ്പിടം തന്നെ താമരപ്പൂവാണല്ലോ. സൃഷ്ടികർത്താവായ ബ്രഹ്മദേവൻ ഇരിക്കുന്നതു വിഷ്ണുദേവൻ്റെ നാഭിയിൽനിന്നു മുളച്ചു പൊങ്ങി നിൽക്കുന്ന ഒരു താമരയിലാണ്. പല രോഗങ്ങൾക്കും താമര ഒരു ഔഷധമാണെന്നതും ശ്രദ്ധേയമാണ്.
തുമ്പ, താതിരി, പാതിരി, ചെത്തി, തുളസി, ഗ്രാമ്പൂ, കുമ്പിൾ എന്നു തുടങ്ങി അനവധി പുഷ്‌പങ്ങൾ ഔഷധഗുണമുള്ളവയാണ്.
ഈ പുഷ്പങ്ങളുടെ രസായനഘടകങ്ങളുടെ പേരും മറ്റും അറിയില്ലെങ്കിലും നാട്ടറിവും കേട്ടറിവും വെച്ച് ഗ്രാമങ്ങളിലെ ജനങ്ങൾ ഇവയൊക്കെ അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്നു. ഔഷധമാണ് എന്നറിയാതെതന്നെ ഒരു പതിവ് എന്ന നിലയിൽ തലയിൽ ചൂടിയും ഈശ്വരപ്രസാദം എന്ന നിലയ്ക്കും പലരും പലതരത്തിൽ പതിവായി ഉപയോഗിച്ചു വരുന്നുണ്ട്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഇവയിൽ പലതിൻ്റെയും സംരക്ഷണം ഇപ്പോൾ ഒരത്യാവശ്യമായി മാറിയിരിക്കുകയാണ്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
"വേനൽക്കാലത്ത് കോരിവെച്ച വെള്ളം ശുദ്ധീകരിക്കുന്നതിന് പല നാടൻ മാർഗ്ഗങ്ങളുമുണ്ട്. വെള്ളം പാത്രത്തിൽ കോരിവെച്ച് തെളിയൂറ്റുക. വെള്ളാരം കല്ലിട്ടുവെച്ചാൽ ചെളി താഴെ അടിഞ്ഞുകൂടും. തേറ്റാമ്പരലും നറുനീണ്ടിയും ഇട്ടുവെച്ചാൽ നല്ലത്. പുതിയ മൺകലങ്ങളിൽ പകർന്നുവെച്ചാൽ നല്ല തണുപ്പുകിട്ടും. ഇതിൽ രാമച്ചം, തുളസി എന്നിവ ഇടാറുണ്ട്. പണ്ട് തട്ടുപാത്രവും ഉണ്ടായിരുന്നു. വെള്ളം ശേഖരിക്കാൻ മുകളിലെ തട്ടിൽ കരിക്കട്ട പിന്നെ മണൽ എന്നിങ്ങനെ. വേനൽക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളത്തിൽ മല്ലി, ചുക്ക്, ചപ്പങ്ങ, ജീരകം, തുളസി, ബാർളി, ഞെരിഞ്ഞിൽ എന്നിവയിലേതെങ്കിലും ഇടുന്നത് നല്ലതാണ്. ശരീരത്തിലെ ചൂടുകുറയ്ക്കാൻ ഉലുവയിട്ട വെള്ളം മതി. ഗർഭിണികൾ കുറുന്തോട്ടി വേര് ഇടിച്ച് ധന്വന്തരം ഗുളിക ചേർത്ത് കഴിച്ചിരുന്നു. ആയിരം കുറുന്തോട്ടിവേര് കഴിച്ചാൽ ആവൂ എന്ന് പറയുമ്പോഴേക്കും പ്രസവിക്കാം. പ്രായമായവർ ഇക്കാലത്ത് ഇളനീർ കുടിക്കും. കുമ്പളനീര് തേനൊഴിച്ച് കഴിക്കുന്നതും വാഴപ്പിണ്ടിയുടെ നീരു കഴിക്കുന്നതും വേനൽക്കാലത്താണ്. നന്നാറികിഴങ്ങ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങ ചേർത്ത് ദാഹം തീർക്കുന്നതിനുള്ള മധുരജലം ഉണ്ടാക്കിയിരുന്നു. ദാഹം തീർക്കുന്നതിന് തേൻ, വെള്ളം, പാനകം, പഞ്ചസാര, സംഭാരം എന്നിവയും ഗ്രാമങ്ങളിൽ ഉപയോഗിച്ചിരുന്നു. ഇവയ്ക്കൊക്കെ പ്രത്യേക കൂട്ടുണ്ട്. കാഞ്ഞിരപ്പൂ, ചെത്തിപ്പൂ, തുമ്പപ്പൂ എന്നിവയിൽനിന്നെടുക്കുന്ന ചെറുതേൻ എടവം, മിഥുനം മാസങ്ങളിൽ ലഭിച്ചുതുടങ്ങും. മരുന്നിനും ദാഹത്തിനും നല്ലത്. വെള്ളം തിളപ്പിച്ച ശേഷം പാകത്തിന് ശർക്കര ചേർത്താണ് പാനകം ഉണ്ടാക്കുന്നത്. ഇതിൽ ചുക്കും ജീരകവും ആവശ്യത്തിന് ചേർക്കും. ഈ പാനകം ചില വേല പൂരങ്ങൾക്ക് ഇന്നും നൽകിവരുന്നു. കിണറുകുത്തി വെള്ളം കണ്ടാൽ എല്ലാവർക്കും പാനകം കൊടുത്തിരുന്നു. മുന്തിരിങ്ങ, ഇലിപ്പക്കാതൽ, ഇരട്ടിമധുരം, ലന്തക്കുരു, മാതളപ്പഴം ഇവ സമത്തിൽ അരച്ചിട്ട് വെള്ളത്തിൽ കലക്കി ഒരു രാത്രിവെച്ചിരുന്ന് അരിച്ചെടുത്തുണ്ടാക്കുന്നതാണ് പഞ്ചസാരം. മോരുകടഞ്ഞ് വെണ്ണ യെടുത്ത് വെള്ളം ചേർത്താണ് സംഭാരം ഉണ്ടാക്കുന്നത്. ഒരുഭാഗം മോരും മൂന്നു ഭാഗം വെള്ളവും എന്നാണ് കണക്ക്. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയും ചേർക്കണം. കറിവേപ്പിലയ്ക്ക് പകരം നാരങ്ങയിലയും ചേർക്കാറുണ്ട്.
കേരളത്തിൽ വേനൽക്കാലത്തും മറ്റും ഉപയോഗിച്ചിരുന്ന പാനീയങ്ങളുടെ പേരുകൾ താഴെ ചേർക്കുന്നു.
1. തെങ്ങിൻകള്ള്
2. കഞ്ഞിവെള്ളം
3. മലര് വെള്ളം
4. അവിൽവെള്ളം - അവിൽ, ചെറുപഴം, ശർക്കര
5. നന്നാറിവെള്ളം
6. തുളസിവെള്ളം
7. കരിങ്ങാലിവെള്ളം
8. പനങ്കള്ള്
9. ചുക്ക് കാപ്പി
10. നെല്ലിക്കവെള്ളം
11. മല്ലിവെള്ളം
12. ചുക്കുവെള്ളം
13. കുരുമുളക് - ഇഞ്ചിവെള്ളം
14. ബാർലിവെള്ളം
15. വയൽച്ചുള്ളി വെള്ളം
16. സംഭാരം
17. പാനകം - ചക്കര, നാളികേരം, ചുക്ക്, ജീരകം
18. തേൻവെള്ളം
19. നാരങ്ങാവെളളം
20. ജീരകവെള്ളം
21. കുമ്പളനീര്
22. ഉണ്ണിപ്പിണ്ടിനീര്
23. ഇളനീർ
24. ഉലുവയിട്ടവെള്ളം
25. കുറുന്തോട്ടിവെളളം
26. ഉണക്കമുന്തിരിവെള്ളം
27. ചിരട്ടയിട്ടവെള്ളം
28. പേരയിലവെള്ളം "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. സരിത എസ്. എസ്.
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
വിവരണം:
" വെള്ളം വാർത്തിട്ട ഞാറ്റടിയിലും വാർത്തുവിത നടത്തിയ കണ്ടങ്ങളിലും കൂട്ടംകൂട്ടമായി പറന്നിറങ്ങുന്ന അമ്പലപ്രാവുകൾ ഒരു സാധാരണ കാഴ്‌ചയാണ്. മകരക്കൊയ്ത്തു കഴിഞ്ഞ പാടത്ത് കൊഴിഞ്ഞു കിടക്കുന്ന നെന്മണി പെറുക്കാനും ഇവരെത്തുന്നു. ജലാശയങ്ങളിലെ പര്യടനവും പരിശോധനയും കഴിഞ്ഞ് ഒളിഞ്ഞും മറഞ്ഞും കടന്നുവരുന്ന കുളക്കോഴികളുണ്ട്. കൊയ്ത്തുപാടങ്ങളിൽനിന്നും ഗത്യന്തരമില്ലാതെ ചാടിയും പറന്നും പോവുന്ന പുൽപോന്തിനെയും (പച്ചത്തുള്ളൻ) പാറ്റകളെയും, തവളക്കുട്ടികളെയും കൊത്തിവിഴുങ്ങാനെത്തുന്ന കിളികളുടെ കൂട്ടം പാടത്തെ കൗതുകകരമായ കാഴ്ചയാണ്. എപ്പോഴും എവിടെയും പറന്നെത്തുന്ന കാക്കക്കൂട്ടങ്ങൾക്ക് വയലിനോടുള്ള ബന്ധം ഒഴിവാക്കാനാവുകയില്ല. തക്കം പാർത്ത് കാത്തിരിക്കുന്ന കാക്കക്കുയിലുകളും പാടവരമ്പിലെ ചെറുപൊന്തകളിൽ ഒളിഞ്ഞിരിക്കുന്ന ഓന്തിനും പുഴുക്കൾക്കും പാമ്പിൻകുട്ടികൾക്കും ശത്രുവായി പതുങ്ങിയെത്തുന്ന ചെമ്പോത്തുകളും (ഉപ്പൻ, ചകോരം) നിത്യവും വയലിന്റെ സന്ദർശകപ്പട്ടികയിൽ പേരു ചേർക്കപ്പെട്ടവരാണ്. വയലുഴുതു നിരത്തുമ്പോൾ ഞണ്ടും തവളയും താവളം നഷ്ടപ്പെട്ട് ഉഴലുന്നു. അവയെ റാഞ്ചിയെടുക്കാനായി ഊളിയിട്ടിറങ്ങുന്ന കൃഷ്‌ണപ്പരുന്തിനെയും മറന്നു കൂടാ. ഉഴുത് വെള്ളം കെട്ടിയിട്ട പാടശേഖരത്തിലേക്ക് ദേശാടനക്കാരായി പലരും പറന്നെത്തുന്നു. അവർ വന്നും പോയും കഴിയുന്നു. അവരെല്ലാം വിരുന്നുകാരാണ്. വീട്ടുകാരിൽ ചിലരെ പരിചയപ്പെടാം.
കൊറ്റി
പാടത്തെത്തുന്ന പറവകളുടെ കൂട്ടത്തിൽ പ്രഥമഗണനീയനാണ് കൊക്ക്. പലതരം കൊക്കുകൾ പുലർകാലത്തുതന്നെ എത്തിച്ചേരാറുണ്ട്. ഉഴവു നടക്കുമ്പോഴും പുഞ്ചക്കണ്ടങ്ങളിൽ പുഴുക്കളെയും പാറ്റകളെയും മത്സ്യക്കുഞ്ഞുങ്ങളെയും തവളക്കുഞ്ഞുങ്ങളെയും തേടിയെത്തുകയാണവ. കൊയ്ത്‌തുകാലങ്ങളിൽ കതിർപാടത്തു നിന്നും പറന്നുയരുന്ന ചെറുപ്രാണികളെയും ഇവ ലക്ഷ്യമിടുന്നു.
മുതുകിൽ ചാരനിറവും വയറിൻ്റെ ഭാഗത്ത് കറുപ്പു നിറത്തിലുള്ള വരകളും ഉള്ള കുളക്കൊക്കെന്നറിയപ്പെടുന്ന ചെറിയതരം കൊക്കുകൾ പാടത്തെ പ്രധാനികളാണ്. പറക്കുമ്പോൾ ചിറകുകളുടെ അടിവശം വെളുപ്പുനിറമാണ്. ശിരസ്സിൽ എഴുന്നുനില്ക്കുന്ന രണ്ടുമൂന്ന് മുടിയിഴകളും ചെറിയ കണ്ണുകളും മഞ്ഞനിറത്തിലുള്ള കൊക്കും നീളം കുറഞ്ഞ കാലുകളും ഇതിൻ്റെ പ്രത്യേകതയാണ്.
കുരുവി
ഇടതടവില്ലാത്ത ശബ്ദഘോഷത്തോടെ, വിശ്രമമില്ലാത്ത പ്രവർത്തനങ്ങളോടെ, ആവേശവും ചുറുചുറുക്കും കൂടപ്പിറപ്പായ 'തൂക്കണാം കുരുവി' എന്ന് തമിഴിലും, 'നെല്ലോലകുരുവി'യെന്നും 'അടയ്ക്കാക്കിളി'യെന്നും മലയാളത്തിലും വിളിക്കുന്ന കുരുവികൾ നെൽപ്പാടത്തിന്റെ നിത്യസന്ദർശകപ്പട്ടികയിൽ പ്രാധാന്യത്തോടെ നിലനിൽക്കുന്നു. പാടവരമ്പത്തെ തെങ്ങോലകളിലായാലും മരച്ചില്ലകളിലായാലും പനമ്പട്ടകളുടെ തുഞ്ചത്തായാലും ചതുരതയോടെ കൂടു കെട്ടി താമസിക്കുന്ന കുരുവികൾ കർഷകന് നഷ്ടം വരുത്തിവയ്ക്കാറുണ്ട്. കൂടുനിർമ്മാണത്തിൽ കാണിക്കുന്ന കലാപരമായ മേൻമ കണക്കിലെടുത്ത് 'തുന്നക്കാരൻ' എന്ന പേരിൽ ഇതിനെ വിളിക്കുന്നവരുമുണ്ട്. നെല്ലോല ചീന്തിയെടുത്ത് തുന്നിച്ചേർത്തുണ്ടാക്കുന്ന കൂട് മറ്റു പക്ഷികളിൽനിന്നും മുട്ടയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുവാൻ വളരെ സഹായകമാണ്. അടയിരിക്കാനും താമസിക്കാനും ഉള്ള അറ പശിമയുള്ള പദാർത്ഥങ്ങൾകൊണ്ട് ഒരുക്കിയിരിക്കും. കുഴൽപോലെ താഴേക്ക് തൂങ്ങിക്കിടക്കുന്ന ഭാഗം മറ്റുള്ളവരുടെ പ്രവേശനം തടയുന്നു. നെല്ലോല ചീന്തിയെടുക്കുന്നതിനാൽ അത് വിളവിനെ ബാധിക്കുന്നു. നെൽക്കതിർ പഴുപ്പുതട്ടുന്നതോടെ കൂട്ടംകൂട്ടമായി നെല്ലു കൊറിച്ചു തിന്നാൻ പാടത്തേക്ക് ഇറങ്ങും. പടക്കം പൊട്ടിച്ചും കല്ലെറിഞ്ഞും കർഷകർ കുരുവികളെ ഓടിക്കാൻ പൊരുതുമെങ്കിലും അതൊന്നും വേണ്ടത്ര വിജയിക്കാറില്ല. വാശിയോടെ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറിയിരുന്ന് പരിഹസിക്കുന്നതിൽ അവയ്ക്ക് പ്രത്യേക വിരുതുണ്ട്. കുരുവിക്കൂട്ടം വൈദ്യുതകമ്പിയിൽ നിരന്നിരിക്കുന്ന ചിത്രം അതിമനോഹരമാണ്.
മൈനകൾ
മൈനകൾ ഒമ്പതുതരം ഉണ്ടെന്നു പറയുന്നു. കേരളത്തിൽ കാണുന്നത് രണ്ടോ മൂന്നോ തരം മാത്രം. 'നാട്ടുമൈന', 'കാട്ടുമൈന, 'കിന്നരിമൈന', 'കറുപ്പുതലയൻമൈന' എന്നിവയാണിത്. നെൽപ്പാടങ്ങളിലേക്ക് പറന്നെത്തുന്നത് നാട്ടുമൈന മാത്രം.
കണ്ണിനോടനുബന്ധമായി പിന്നിലേക്ക് പരന്ന മഞ്ഞപ്പൊട്ടിന്റെ ചന്തവും ചുവപ്പിൽ തുടങ്ങി മഞ്ഞയിൽ അവസാനിക്കുന്ന കൊക്കും. കറുപ്പിലേക്ക് പടർന്നു കയറുന്ന നിറവും വാലറ്റത്തിന് മുകളിലായി വെളുപ്പുനിറവും മൈനയെ മനോഹരിയാക്കുന്നു. ചെറുപുഴുക്കൾ, പാറ്റകൾ, ചെറുധാന്യങ്ങൾ എന്നിവയാണ് ആഹാരം.
പലതരം ശബ്ദങ്ങൾ അനുകരിക്കുവാൻ മൈനയ്ക്ക് കഴിയും. നാട്ടിൻപുറങ്ങളിൽ 'കാറുവാൻ' എന്ന പേരിൽ അറിയപ്പെടുന്നു. കീടനിയന്ത്രണത്തിന് കർഷകന് സഹായിയായി വർത്തിക്കുന്നു. കൊതുകിനെ വീടുകളിൽ വന്ന് പിടിക്കുന്നതിനും ഈ പക്ഷിക്ക് താത്പര്യമുണ്ട്. അതിനായി മൈനയെ വീടുകളിൽ വളർത്തുന്നവരും ഉണ്ട്. മരപ്പൊത്തുകളിലാണ് കൂടുവയ്ക്കാറുള്ളത്. 'സർത്തിഡേ' കുടുംബാംഗമാണ്.
കൊയ്ത്തുകാലങ്ങളിൽ പാടശേഖരങ്ങളിൽ കൂട്ടംകൂട്ടമായി ഇരപിടിക്കാനായി എത്തിച്ചേരുന്നു. കൊയ്യുമ്പോൾ കണ്ടങ്ങളിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പുല്പോന്തും പാറ്റയും മൈനയുടെ പിടിയിൽനിന്നും രക്ഷപ്പെടുകയില്ല. ധൈര്യത്തിൽ കാറുവാൻ ചില്ലറക്കാരനൊന്നുമല്ല. പരുന്തിനോടും കൂമനോടും കാക്കയോടുപോലും എതിരിടുമ്പോൾ കാണിക്കുന്ന വീറും വാശിയും കാണേണ്ടതുതന്നെയാണ്.
തത്ത
തത്തമ്മയെന്ന് സന്തോഷത്തോടെ, സ്നേഹത്തോടെ കുട്ടികൾ വിളിക്കുന്ന ഓമനപ്പക്ഷിയാണിത്. പലതരം തത്തകൾ നമ്മുടെ കുട്ടികളുടെ പാഠപുസ്‌തകത്തിൽ കയറിയിരുപ്പുണ്ട്. അവയ്ക്കെല്ലാം കൂടി 'പാരറ്റ്' എന്ന പേരാണ് പഠിച്ചുവെച്ചിരിക്കുന്നത്. ഭാരതത്തിലുള്ള ഇത്തരം പക്ഷികളുടെ ശരിയായ പേര് 'പാരക്കീറ്റ്' എന്നാണ്.
പവിഴനിറക്കൊക്കും, പച്ചനിറത്തിലുള്ള ഉടലും കഴുത്തിലെ ചുവന്ന വളയവും തത്തക്കിളിയെ അതിസുന്ദരനാക്കുന്നു. കതിർ പഴുത്ത പാടത്ത് കതിർക്കുല കൊത്തിയെടുത്ത് പറന്നുയരുന്ന തത്ത കർഷകമനസ്സിന് വേദന നൽകുന്നു. പ്രത്യേകിച്ച് മലയോരപ്രദേശങ്ങളിൽ. ഒരു സെക്കൻ്റുകൊണ്ട് കതിർക്കുലയുമായി കടന്നുകളയുന്ന കുള്ളനാണ് തത്ത.
പനയിലെയും തെങ്ങിലെയും മുളങ്കൂട്ടങ്ങളിലെയും പൊത്തുകളിലാണ് താമസം. ശാസ്ത്രീയനാമം സിറ്റക്കുലാക്രമേരി. തത്തയുടെ കുടുംബനാമം സിറ്റാസിഡേ എന്നാണ്.
അനുകരണശേഷിയും മനുഷ്യരോടുള്ള ഇണക്കവും മറ്റു പക്ഷികളെക്കാൾ കൂടുതലാണ്. തത്തകളെ കൂട്ടിലാക്കി വളർത്തി സംസാരിപ്പിക്കുന്നത് മനുഷ്യരുടെ ഒരു വിനോദമാണ്. കൂട്ടിലാക്കിയ തത്തയെ കൊണ്ടുനടന്ന് 'പക്ഷിശാസ്ത്രം' എന്ന പേരിൽ ഫലം പറഞ്ഞ് ഉപജീവനം നടത്തുന്നവരും നമുക്കു ചുറ്റുമുണ്ട്.
നെൽക്കർഷകർക്ക് കുതിർക്കുല നഷ്ടപ്പെടുന്ന സങ്കടകരമായ അവസ്ഥ സൃഷ്ടിക്കുമെങ്കിലും തത്ത ഒരു ഓമനതന്നെയായി മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.
കൂമൻ
കർഷകന്റെ ഉറ്റമിത്രമായി കണക്കാക്കേണ്ട കൂമൻ എന്ന രാത്രിസഞ്ചാരിയെ സാധാരണക്കാർക്ക് പേടിയാണ്. ചക്കിപ്പരുന്തിനോളം വലിപ്പം, ചാരനിറത്തൂവലിനു പുറത്ത് പുള്ളികളുള്ള ആവരണം. കാക്കയ്ക്കും കുയിലിനും മൈനയ്ക്കുമൊന്നും കണ്ടുകൂടാത്ത അമർഷം. പകൽവെളിച്ചത്തിൽ ഈ ശത്രുക്കളുടെ ആക്രമണം തീർച്ച. അതു കാരണം പുറത്തിറങ്ങാൻ വയ്യ.
'കൂ. കൂ....' എന്നും 'കുളുകുളു കുക്കുളു' എന്നും നിശ്ശബ്ദയാമങ്ങളിൽ ഉറക്കെ ശബ്ദിക്കുമ്പോൾ ഞെട്ടിപ്പോവും, കുട്ടികൾക്കാണെങ്കിൽ ഇത്ര ഭയം മറ്റൊരു പക്ഷിയോടുമില്ല. അവ സ്വന്തം ഇണയെ വിളിക്കാനാണ് ഇങ്ങനെ ശബ്ദം പുറപ്പെടുവിക്കുന്നതെന്ന കാര്യം ആരും പരിഗണിക്കുന്നേയില്ല. കാലനെ വിളിച്ചുവരുത്തുകയാണെന്ന വിശ്വാസം വേണ്ടത്ര ഉണ്ടുതാനും.
ഉരുട്ടിമിഴിക്കുന്ന ഉണ്ടക്കണ്ണുകൾ പരന്ന മുഖത്തിന് ഭീകരത സൃഷ്ടിക്കുന്നു. മൂക്കിൻ്റെ സ്ഥാനത്ത് കൂർത്തു വളഞ്ഞ കൊക്കും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയാവുന്നു.
കൂമൻ കർഷകൻ്റെ സഹായിയാവുന്നതെങ്ങനെയാണ്? പാലക്കാടൻ നെൽപ്പാടങ്ങളുടെ രാത്രികാലസംരക്ഷകനാവുന്നതെങ്ങനെ എന്നത് പലർക്കും അറിയാത്ത കാര്യമാണ്.
കൂമന്റെ ഭക്ഷണം തവളയും ഞണ്ടും എലിയുമാണ്. ഇതിൽ തവളയൊഴിച്ച് മറ്റുള്ളവ കൃഷിക്ക് ദോഷം ചെയ്യുന്ന ജീവികളാണ്. പാടശേഖരങ്ങളിൽ നെല്ലിന് അടിക്കണ വരുമ്പോഴും, നെല്ല് പഴുത്തുകഴിയുമ്പോഴും എലിശല്യം വലിയതോതിലുണ്ടാവുന്നു.
സാധാരണനിലയ്ക്കുള്ള എലിപിടിത്തം കൂമൻ നിർവ്വഹിക്കുന്നതിനുപുറമേ, പുഞ്ചക്കണ്ടത്തിനു നടുവിൽ ഇരിപ്പിടമുണ്ടെങ്കിൽ സൗകര്യത്തോടെ എലിയെ പിടിക്കാൻ കഴിയും. അതിനായി കമ്പുകൾ നാട്ടി വിലങ്ങനെ ഒരു കമ്പ് കെട്ടി ഇരിപ്പിടം ഒരുക്കുന്നു. തെങ്ങോലത്തണ്ട് തിരിച്ച് ചെളിയിൽ നെടുങ്ങനെ പൂഴ്ത്തിവെച്ചും തല്പമൊരുക്കാറുണ്ട്. എലിശല്യമുള്ള കണ്ടങ്ങളിൽ ഈ പ്രയോഗം തികച്ചും ഫലപ്രദമാണ്. ഈ ഇരിപ്പിടത്തിനു ചുവട് പരിശോധിച്ചാൽ എലിയുടെയും ഞണ്ടിൻ്റെയും ഒട്ടേറെ അവശിഷ്ടങ്ങൾ കാണാൻ കഴിയും.
കൂമൻ നല്ല മത്സ്യബന്ധനക്കാരനുമാണ്. കിണറുകളിൽനിന്നും മീൻ പിടിക്കാൻ ഒരു മുങ്ങൽ വിദഗ്ദ്‌ധൻ്റെ പാടവം കാണിക്കാറുണ്ട്. "
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
പച്ചപൂജ
“ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ഉത്സവങ്ങളും കാണുമല്ലോ. പാലക്കാട്ടെ കുശവ സമുദായക്കാർ അവരുടെ പേച്ചിയമ്മൻകോവിലിൽ ഉത്സവത്തിനു വളരെ പ്രാധാന്യത്തോടെ നടത്തിവരുന്ന വില്ലടിച്ചാൻ പാട്ട് അക്കൂട്ട ത്തിൽപ്പെട്ട ഒന്നാണ്. സ്വന്തമായ ഒരു സംഗീതോപകരണത്തിന്റെ സഹായത്തോടെ പുതിയൊരു ഭാവമണ്ഡലം സൃഷ്ടിക്കാൻ പാകത്തിൽ പാടുന്ന ഈ പാട്ടിന് വിശ്വാസത്തിൻ്റെ വലിയ പരിവേഷം അവർ കല്പിക്കുന്നു.
തമിഴ്‌നാട്ടിൽനിന്ന് വാളയാർവഴി കേരളത്തിലേക്കു വന്നവരാണ് പാലക്കാട്ടെ ഈ കുശവസമുദായക്കാർ. എന്നാൽ ഉത്തരമലബാറിലെ കുശവ സമുദായക്കാർ ആന്ധ്രയിൽനിന്നുവന്ന് താമസമാക്കി ആന്തൂർ നായന്മാരായവരാണെന്ന് കരുതപ്പെടുന്നു. മൺപാത്രനിർമ്മാണമാണ് ഇവരുടേയൊക്കെ കുലത്തൊഴിലെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ ഇരുകൂട്ടരും തമ്മിൽ വലിയ വൈവിദ്ധ്യമുണ്ട്. മാരിയമ്മനെയും പേച്ചിയമ്മനെയും കുലദേവതമാരായി കരുതുന്നവരാണ് പാല ക്കാട്ടെ കുശവസമുദായക്കാർ. നീലിയാർകോട്ടഅമ്മയാണ് വടക്കേ മലബാറിലെ ഏറിയ കൂറും കുലാലസമുദായക്കാരുടെ കുലദേവത.
ജനനംതൊട്ടുള്ള സംസ്‌കാരക്രിയകളിലും ഇരുകൂട്ടരും വേറിട്ട നിലപാടുകൾ സ്വീകരിച്ചുകാണുന്നു. പാലക്കാട്ടെ കുശവപ്പാളയത്തിൽ താമസിക്കുന്നവർ സവർണ്ണ സമുദായത്തിൻ്റെ ആചാരാനുഷ്ഠാനങ്ങൾ പിൻതുടർന്നു പോരുമ്പോൾ വടക്കേ മലബാറിലുള്ളവരിൽ അത്ത രത്തിലുള്ള ക്രിയാദികൾ കാണുന്നില്ല. വാഴക്കുളം, തിരുവല്ല, ചങ്ങ നാശ്ശേരി പ്രദേശങ്ങളിലും കുശവപ്പാളയത്തുള്ളവർ ആചരിക്കുന്ന അതേ ആചാരങ്ങളുള്ള വേളാൻ സമുദായക്കാരുണ്ട്.
വംശോത്പത്തി
ദേവൻമാർ യാഗം നടത്താൻ ഒരുങ്ങിയപ്പോൾ ഹോമകുണ്ഡം ഉണ്ടാക്കാൻ നാരദൻ സൃഷ്ടിച്ചതാണ് തങ്ങളെ എന്ന് ഇവർ വിശ്വസി ക്കുന്നു. 'കുലാല ചരിത്ര'ത്തിൽ ഇതു പറയുന്നതായി ഇവർ അവ കാശപ്പെടുന്നു. പിന്നീട് നാരദൻ്റെ നിർദ്ദേശപ്രകാരമാണ് ജീവിത വൃത്തിയായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടത്.
പേച്ചിയമ്മൻകോവിലിലെ ഉത്സവവും പാട്ടിൻ്റെ ചടങ്ങുകളും കുലാല സമുദായക്കാർതന്നെ പൂജ നടത്തുന്ന ആരാധനാലയമാണ് കുശവപ്പാളയത്തെ പേച്ചിയമ്മൻകോവിൽ. 'പാട്ടുത്സവ'വും 'മുള കൊട്ടു'മാണ് അവിടത്തെ പ്രധാന ഉത്സവങ്ങൾ.
കർക്കിടകത്തിലെ ആദ്യ ചൊവ്വാഴ്‌ചയോ ആദ്യ വെള്ളിയാഴ്ചയോ മുളകൊട്ട് ഉത്സവം തുടങ്ങും. പതിനഞ്ചു ദിവസം നീണ്ടുനിൽക്കു ന്നതാണ് ഇത്. സമുദായത്തിലെ കുട്ടികൾ ഉത്സവകാലത്ത് എല്ലാ ദിവസവും ക്ഷേത്രത്തിൽ പാട്ടുപാടുന്ന ചടങ്ങുണ്ട്. നവധാന്യങ്ങൾ മുളപ്പിച്ചിട്ടുള്ള പാലിക തയ്യാറാക്കൽ ഈ ഉത്സവത്തിൻ്റെ ചടങ്ങിൽ പ്രധാനപ്പെട്ടതാണ്. പതിനഞ്ചാമത്തെ ദിവസം പാലികകൾ ആഘോ ഷത്തോടെ പുഴയിലൊഴുക്കുന്നു.
പാട്ടുത്സവം തുടങ്ങുന്നത് മേടത്തിൽ വിഷുകഴിഞ്ഞ് വരുന്ന ചൊവ്വാഴ്‌ചയാണ്. പിന്നെ വരുന്ന വെള്ളിയാഴ്‌ചയാണ് പാട്ടു തുട ങ്ങുന്നത്. ശ്രീകോവിലിനുമുന്നിലുള്ള മണ്ഡപത്തിൽവെച്ചാണ് പാട്ട് നടത്തുന്നത്. മണ്ഡപത്തിൽ വിളക്കുവെച്ച് കുംഭം എഴുന്നള്ളിച്ചു വെച്ചുകഴിഞ്ഞാൽ പാട്ടു തുടങ്ങുന്നു. വില്ലടിച്ചാൻ പാട്ടിന് ഉപയോ ഗിക്കുന്ന വില്ലിന് വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വില്ലിന് ചിലങ്കയും മറ്റും അണിയിക്കുകയും അലങ്കരിക്കുകയും ചെയ്യും.
പണ്ടുകാലത്ത് പിത്തളകൊണ്ടാണു വില്ല് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ കവുങ്ങിൻതടി ചീന്തിയെടുത്ത് കയർ കെട്ടിയാണു വില്ലുണ്ടാക്കു ന്നത്. രാത്രിയിലാണ് വില്ലടിച്ചാൻ പാട്ട് നടത്തുന്നത്. പാടുന്നതിനു മുൻപ് വില്ലിന് പൂജ ചെയ്യുന്നു. രണ്ടുരാത്രി പാടി മൂന്നാംദിവസം പുലരുന്നതോടെ പാട്ട് അവസാനിക്കുന്നു.
പാട്ട് പാടുന്നതിനിടയിൽ പലപ്പോഴായി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വരുന്നു. ഈ വെളിച്ചപ്പാട് കുലാല സമുദായക്കാരനല്ല. പാട്ടിലെകഥയുടെ പല സന്ദർഭങ്ങൾക്കനുസരിച്ച് ഓരോ ആയുധങ്ങളുമായാണ് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നത്. വാള്, ഗദ, ചൂരൽ, ചാട്ട ഇങ്ങനെ യുള്ള ആയുധങ്ങളാണ് ഓരോ വരവിലും വെളിച്ചപ്പാടിന്റെ കൈയിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നത്. അടുത്ത വീട്ടുവളപ്പുകളിൽ ചെന്ന് വെളിച്ചപ്പാട് ആടിനേയും മറ്റും കടിച്ചുകീറിക്കൊണ്ടുവരും. ആരും ഇതിന് എതിരുനിൽക്കുകയില്ല.
അരിയും വെല്ലവും പൊടിച്ചുചേർത്തു കുഴച്ചെടുത്ത് തേങ്ങയുടെ രൂപത്തിൽ വലിയ ഉരുളകളാക്കിയെടുക്കുന്നു. ഈ ഉരുളയുടെ നടുവിൽ കുഴിച്ച് എണ്ണയൊഴിച്ച് വിളക്കുപോലെ വില്ലടിച്ചാൻ പാട്ടിന്റെ സമയത്ത് മണ്ഡപത്തിൽ കത്തിച്ചുവെക്കുന്നു. ഇതിന് 'മാവിളക്ക്' എന്നാണു പറയുന്നത്. പാട്ട് കഴിയുന്നതുവരെ ഇത് കത്തിക്കൊണ്ടി രിക്കും.
കുലാലസമുദായത്തിലെ എല്ലാവരും സ്വന്തം വീട്ടിൽനിന്ന് ഇങ്ങനെ മാവിളക്ക് ഉണ്ടാക്കികൊണ്ടുവരണം. പാട്ടുകഴിഞ്ഞാൽ മാവിളക്ക് സ്വന്തം വീടുകളിലേക്കു പ്രസാദമായി കൊണ്ടുപോവുകയും ഭക്ഷി ക്കുകയും ചെയ്യുന്നു. ഈ പ്രത്യേക പൂജയെ പച്ചപ്പൂജ എന്നു പറയുന്നു.
പച്ചപ്പൂജ എന്ന ചടങ്ങിലൂടെ വില്ലടിച്ചാൻപാട്ടിൽ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഏതാണ്ട് അഞ്ഞൂറുവർഷം മുൻപ് പാലക്കാട്ടു വന്ന് ഒരു കോളനിയായി താമസിക്കുന്ന കുലാല സമുദായക്കാർ അതിന്റെ കൂട്ടായ്‌മയെ ഉറപ്പുവരുത്തേണ്ടതിനു കൂടിയാണ് ഈ പൂജ നടത്തുന്നത്. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ. വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
അരിമാവുകോലം
“വിവിധ വർണങ്ങളിൽ കളമെഴുതുന്ന കരവിരുത് അനാദി കാലത്തു തന്നെ ആരംഭിച്ചതായി കാണുന്നുണ്ട്. ദൈവപ്രീതിക്കുവേണ്ടിയുള്ള കളം വരയ്ക്കലാണിത്. ആചാരം, അനുഷ്‌ഠാനം, മന്ത്രവാദക്രിയകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്നും കളങ്ങൾ വരയ്ക്കുന്നത്. പൊടികൊണ്ടുള്ള കളം വരയ്ക്കലാണ് ഏവരും ചെയ്യുന്നത്. ഭിത്തിക ളിലും പലകകളിലും മറ്റും ചായംകൊണ്ട് നിർമ്മിക്കുന്ന രസചിത്ര ങ്ങളും (വ്യത്യസ്‌തമായ ദേവീദേവന്മാരുടെ ചിത്രങ്ങൾ) പൂക്കൾ, തളിര് എന്നിവകൊണ്ടുള്ള പുഷ്‌പചിത്രങ്ങളും (ഓണക്കാലത്തെ പൂക്കളം) വർണപ്പൊടികൊണ്ടോ വെള്ളപ്പൊടികൊണ്ടോമാത്രം വരയ്ക്കുന്ന ധൂളചിത്രങ്ങളും കളങ്ങളിൽ ഉൾപ്പെടുന്നു.
കേരളത്തിൽ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനു ബന്ധിച്ചും അല്ലാതെയും ധൂളീചിത്രങ്ങൾ വരയ്ക്കാറുണ്ട്. സർപ്പപ്രീതി ക്കുവേണ്ടിയുള്ള സർപ്പക്കളത്തിന് സർപ്പത്തിൻ്റെ ആകൃതിയിലുള്ള കുളങ്ങൾ, മന്ത്രവാദത്തിൻ്റെ കളങ്ങളാണെങ്കിൽ ചാത്തൻ, മുത്തപ്പൻ, എന്നിവരുടെ ചിത്രങ്ങൾ, അയ്യപ്പൻപാട്ടാണെങ്കിൽ അയ്യപ്പൻ പുലി പ്പുറത്തേറി നില്ക്കുന്ന ചിത്രങ്ങൾ, കരിങ്കണ്ണ് പോവാൻ കരിങ്കണ്ണന്റെ ചിത്രങ്ങൾ എന്നിവയും കളമെഴുത്തിൻ്റെ ഭാഗമാണ്. ഹൈന്ദവർ ക്കിടയിൽമാത്രമാണ് ഇത്തരം കളമെഴുത്തുകൾ കാണുന്നത്.
പൊടികൊണ്ടുള്ള കളമാണു വരയ്ക്കുന്നതെങ്കിൽ പത്മക്കളം കൂടി രൂപപ്പെടുത്താറുണ്ട്. പത്മക്കളത്തിൽ ദേവതയുടെ രൂപം ഉണ്ടായി രിക്കില്ല. കള്ളികളിൽ പത്മം നിറച്ചിരിക്കും. അറുപത്തിനാലോ പതിനാറോ കള്ളികൾ വരച്ച് ഓരോന്നിലും പത്മം വെച്ച് പൂജിക്കുന്ന പതിവുണ്ട്. ഇതിൽനിന്നെല്ലാം വ്യത്യസ്‌തമാണ് ബ്രാഹ്മണ കുടുംബ ങ്ങളിൽ ഒരുക്കുന്ന കളങ്ങൾ. കളങ്ങൾ എന്നല്ല കോലം എന്നാണ് ഇവർ വിളിക്കുന്നത്. ഇവിടെ ഗൃഹൈശ്വര്യത്തിനാണു പ്രസക്തി.
കോലം
ആര്യാധിനിവേശത്തോടെ ഇവിടെയെത്തിയ ബ്രാഹ്മണർ സ്വന്തമായ ജീവിതമണ്ഡലം കരുപ്പിടിക്കുകയാണുണ്ടായത്. അതിൽനിന്നാണ് ഈശ്വരപൂജയ്ക്കുള്ള അവരുടെ പ്രമാണിത്വം വ്യക്തമാവുന്നത്.
നാടുവാഴുന്ന രാജാവ് കൊട്ടാരം സൂക്ഷിപ്പുകാരായി നിയമിച്ചത് പട്ടന്മാരെയാണ്. അവർക്കാകട്ടെ ഒരു സ്ഥലം പതിച്ചുകൊടുക്കു കയും ചെയ്‌തു. ഇരുവശവും വീടുകളും നടുവിലൂടെ ഒരു റോഡും.വീടുകൾ തമ്മിൽ, സൗഹൃദവും. ഇപ്രകാരം ഗൃഹങ്ങൾ ഒരുമിച്ചുള്ള തിനെ 'ഗ്രാമം' എന്നു പറഞ്ഞിരുന്നു. ചേലക്കര ഗ്രാമവും പൂങ്കുന്നം ഗ്രാമവും ഇപ്പോഴുമുണ്ട്. അഗ്രഹാരം എന്നും പേരുണ്ട്. ഈ ഗൃഹ ങ്ങളിൽ കോലത്തിൻ്റെ പ്രസക്തി ഏറെയാണ്.
കേരള ബ്രാഹ്മണർ ചിത്രീകരിക്കുന്ന കോലങ്ങളിൽ ശ്രീചക്രം, ചക്രാബ്ജം, വീരാളി, സ്വസ്തികം, അർദ്ധസ്വസ്തികം, അഷ്ടദളം ദുർഗ്ഗാചക്രം, ശക്തിചക്രം, ഭദ്രകം, സർവ്വതോഭദ്രം, പുഷ്‌പകമാല. എന്നിവ പ്രധാനമാണ്. സർപ്പബലി, വസ്തുബലി എന്നിവയ്ക്കു പ്രത്യേക പത്മങ്ങളുണ്ട്. ഓരോ പത്മത്തിൻ്റെയും കേന്ദ്രസ്ഥാനം മദ്ധ്യത്തിലാണ്. മറ്റ് അവയവങ്ങൾ ആ ബിന്ദുവിൽനിന്ന് വികസിക്കുന്നു. കോലം വരയ്ക്കൽ ഒരു സാമുദായിക കലയായതിനാൽ രീതിഭേദങ്ങൾ കാണുന്നതു സ്വാഭാവികമാണ്. രൂപങ്ങൾ ഉണ്ടാക്കുന്നതിലും ഈ വ്യത്യാസം കാണാം.
ചിലർ പാദത്തിൽനിന്ന് കേശത്തിലേക്ക്, മറ്റു ചിലർ കേശത്തിൽ നിന്ന് പാദത്തിലേക്ക്, മറ്റുചിലർ കേശാദിപാദത്തിലും കളമെഴുതുന്നു. കണ്ണ് മിഴിപ്പിക്കുന്നത് അവസാനമാവും ചിലർ. വർണപ്പൊടികളുടെ വ്യത്യാസവും ചിലപ്പോൾ കാണാറുണ്ട്. വെളുപ്പ്, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച വർണങ്ങളുണ്ട്. അരി പൊടിച്ചാണു വെളുപ്പ് നിറം ഉണ്ടാക്കുന്നത്. കറുപ്പ് ഉമിക്കരി പൊടിച്ചാണ്. മഞ്ഞളും ചുണ്ണാമ്പും ചേർത്താണ് ചുവപ്പ്. വാക, കൂവളം, മഞ്ചാടി, ഇത്തിൾ എന്നിവ ചേർത്ത് പച്ച നിറവും ഉണ്ടാക്കും. ഇങ്ങനെയൊക്കെ വർണപ്പൊടി കൾകൊണ്ട് കോലം അലങ്കരിക്കുന്നത് വടക്കേ ഇന്ത്യയിലാണു കണ്ടു വരുന്നത്. ഇതിനെ രംഗോലിക്കോലം എന്നു വിളിക്കുന്നു. വർണാഭമായ കളങ്ങളാണ് ഓരോ ആഘോഷത്തിനും അവർ ചമയ്ക്കുന്നത്. ഹോളി, ദീപാവലി, ഉത്സവങ്ങൾ ഇവയോടനുബന്ധിച്ച് കോലങ്ങളി ടുന്നു. ദക്ഷിണകേരളത്തിലെ ബ്രാഹ്മണർ കോലമിടുന്നതിൽ പ്രത്യേക നിഷ്ഠയുള്ളവരായിരുന്നു. മൂന്ന് തരത്തിലുള്ള കോലങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. കമ്പിക്കോലം, പുള്ളിക്കോലം, രംഗോലിക്കോലം. ഇതിൽ രംഗോലിക്കോലമാണ് വർണഭംഗിയോടെ രൂപപ്പെടുന്നത്. കമ്പിക്കോലം, കമ്പിയുടെ ആകൃതിയിൽ വരച്ച് അതിൽ സ്വസ്തിക ചിഹ്നമോ, ത്രികോണ ചിഹ്നമോ ലക്ഷ്മിയുടെ രൂപമോ വരയ്ക്കുകയാണ്. താമര വരച്ചാൽ അതിൽ ലക്ഷ്മി വന്നിരി ക്കും എന്നവർ വിശ്വസിക്കുന്നു.
സാധാരണ പച്ചരിപ്പൊടികൊണ്ടാണ് ഇവർ കോലമിടുന്നത്. അതിന് പ്രത്യേകം പലകയുണ്ട്. കുട്ടികൾക്കു പഠിക്കാൻ കുഞ്ഞുനാൾ മുതലേ കോലമിടാൻ പരിശീലിപ്പിക്കുന്നതുകൊണ്ട് ഇത് അവരുടെ ജീവിത നിഷ്ഠയായിത്തീരുന്നു. കോലമെഴുത്ത് പെൺകുട്ടികളുടെ ഒരു കലയാണ്.
സൂര്യൻ ഉദിക്കുന്നതിനേക്കാൾ മുമ്പ് കുളിച്ച് വന്ന് മുറ്റം ചാണക വെള്ളം തളിച്ച് ഒരു തുണികൊണ്ട് ചാണകം മെഴുകുന്നു. മുറ്റ ത്തുള്ള ക്ഷുദ്രകീടങ്ങളെല്ലാം ഇപ്രകാരം ഇല്ലാതാവുന്നു. (ചാണകം ഒരു ആന്റിസെപ്റ്റിക് ആണ്. അതിൽനിന്നാണല്ലോ ഭസ്‌മം ഉണ്ടാ ക്കുന്നത്). മെഴുകി മെഴുകി അല്പം കനത്തിലാവുമ്പോൾ അരിപ്പൊടി രണ്ടു വിരലുകളിൽ എടുത്ത് (അതിനിടയിൽ ഒരു വിടവുണ്ടാവും) വരയ്ക്കാൻ തുടങ്ങുന്നു. മനോഹരമായ ഒരു കലാനൈപുണ്യമാണിത്. ഇവരിൽതന്നെ വ്യത്യസ്‌തരായ ആളുകളുണ്ട്. അയ്യങ്കാരും അയ്യരും. അയ്യങ്കാർ വിഷ്ണുഭക്തരും അയ്യർ ശൈവഭക്തരുമാണ്. ഓരോ വിഭാഗത്തിന്റെയും കോലങ്ങൾക്കും ചില വ്യത്യാസങ്ങളുണ്ട്. അയ്യ ങ്കാരുടെ കോലത്തിൻ്റെ പ്രത്യേകതകൾ നോക്കാം.
വിഷ്‌ണുവിൻ്റെ നെറ്റിയിലുള്ള വരയെയാണ് 4 വരകളായി ഇവർ ചിത്രീകരിക്കുന്നത്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവയും കോലങ്ങ ളായി അവർ വരയ്ക്കാറുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കന്യാ ക്കോലങ്ങളാണ് ഇടുന്നത്. ചിലപ്പോൾ ത്രികോണാകൃതി, അതിനുള്ളിൽ താമര എന്നിങ്ങനെയും.
പുള്ളിക്കോലങ്ങൾ ഇടുന്നതു വിശേഷദിവസങ്ങളിലാണ്. ഹോളി, ദീപാവലി, വിവാഹത്തോടനുബന്ധിച്ചു നടത്തുന്ന മംഗളകർമ്മങ്ങൾ എന്നീ ദിവസങ്ങളിലാണ്. മംഗളകർമ്മങ്ങൾ ഉള്ള ദിവസങ്ങളിലാണെ ങ്കിൽ ഉമ്മറം മുഴുവൻ കോലം വരച്ചിടും. ഇതാകട്ടെ അരി പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു തുണിക്കഷണം കൈയിൽ പിടിച്ച് വേഗത്തിൽ വരയ്ക്കും. അത് ഉണങ്ങിക്കഴിഞ്ഞാൽ നല്ല വെളുപ്പ് നിറം ലഭിക്കും. ഇതിനെ മാക്കോലം എന്ന് വിളിക്കുന്നു.
ശിവരൂപത്തിന്റെ പ്രത്യേകതകൾ നിറഞ്ഞ കോലമാണ് ഇവർ വരയ്ക്കുന്നത്. ഉമ്മറപ്പടിയിലും മുറ്റത്തും കോലം വരച്ചിട്ടുണ്ടാകും. ചിഹ്നം കണ്ടാലറിയാം ഇവർ വിഷ്‌ണുഭക്തരോ ശിവഭക്തരോ എന്നത്.
മിക്കവാറും പെൺകുട്ടികളാണ് കോലം വരയ്ക്കുക. കോലം വരയ്ക്കുന്നതിൻ്റെ കാരണം അകത്തേക്ക് ലക്ഷ്മീദേവിയുടെ കടാക്ഷ മുണ്ടാവാനാണത്രേ. ദോഷങ്ങളൊന്നും അകത്തേക്കു വരാതിരിക്കണം. ഇതിൽ ചവിട്ടാൻ പാടില്ല. ചൂലുകൊണ്ട് അടിച്ചുകളയാനും പാടില്ല. ലക്ഷ്മീകടാക്ഷമാണ് ഇതിൻ്റെ പിന്നിലുള്ളത്. അരിപ്പൊടി മാത്രമേ ഉപയോഗിക്കാവൂ എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നത് കുമ്മായപ്പൊടിക്ക് സ്ഥാനം മാറിക്കൊടുത്തിരിക്കുന്നു. അരിപ്പൊടി യായാൽ അത് തിന്നാൻ ഉറുമ്പുകൾ വരും. ഉറുമ്പുകൾക്കോ അപ്രകാരമുള്ള ജീവികൾക്കോ തിന്നാനാണു കോലമിടുന്നത്.
ഉറുമ്പായാലും കാക്കയായാലും അതൊരു ആത്മാവ് തന്നെയാ ണല്ലോ. അതിൽനിന്ന് ലഭിക്കുന്ന പുണ്യമാണ് ഇവരുടെ ബലം. ആദ്ധ്യാത്മികമായ കർമ്മമാണ് കോലമിടൽ. ഈശ്വരന്റെ പ്രീതിക്കു
വേണ്ടിയും അടുത്ത തലമുറയ്ക്കു വേണ്ടിയുമാണ് ഈ കല മുറ്റത്തു ചെയ്യുന്നത്.
ദുഃഖമുള്ള അവസരങ്ങളിൽ കോലം വരയ്ക്കാൻ പാടില്ല. മരണം, ജനനം എന്നിവയുണ്ടാകൽ 'പുല'യുണ്ട്. അങ്ങനെയെങ്കിൽ ആ ദിവസങ്ങളിൽ ഉപേക്ഷിക്കണം. വിധവയ്ക്കും കോലമിടാൻ അവകാ ശമില്ല. വിധവ മറ്റുള്ളവരെ ആകർഷിക്കത്തക്ക ഒന്നും പ്രവർത്തിക്ക രുതെന്നാണ് നിയമം. കോലമിടാത്ത വീട്ടിൽ ദുഃഖം നടന്നിട്ടുണ്ടാകാ മെന്ന് ഊഹിക്കുന്നു, വഴിപോക്കർ. പൂജാമുറിയിൽ കോലമിട്ടതിനു ശേഷമാണ് പുറത്ത് ഇടുന്നത്. ഏതു ദേവനെയാണോ പൂജിക്കുന്നത് ആ ദേവന്റെ രൂപമാണ് വരയ്ക്കുക. സന്ധ്യയ്ക്ക് വിളക്ക് വെക്കുന്നതുവരെ കോലം അവിടെത്തന്നെ ഉണ്ടാകും.
നവഗ്രഹങ്ങളുടെ പൂജയ്ക്ക് നവഗ്രഹ കോലങ്ങൾ ഇടാറുണ്ട്. സൂര്യൻ, ചന്ദ്രൻ, ശുക്രൻ, ബുധൻ, വ്യാഴം, ഗുരു, കേതു, രാഹു, ശനി തുടങ്ങിയ ഗ്രഹങ്ങളെ പ്രീതിപ്പെടുത്താൻ ശനിയാഴ്‌ച നടത്തുന്ന കോലങ്ങൾക്ക് സാധിക്കാറുണ്ടത്രേ. പിറന്നാളിനും കോലമിടും. ഇന്ന് കോലമിടൽ ഒരു വഴിപാട് മാത്രമാണ്. കോലം കുത്തിയ പാത്രങ്ങൾ കിട്ടാനുണ്ട്. അതു വാങ്ങിച്ച് അതിൽ അരിപ്പൊടിയിട്ട് കുത്തിയാൽ അരിക്കോ ലമായി.
അരിമാവ് കലക്കിയും കോലങ്ങൾ വരയ്ക്കാറുണ്ട്. മാത്രമല്ല വിശേ ഷദിവസങ്ങളിൽ മൈലാഞ്ചി, കൺമഷി എന്നിവ അണിയാറുണ്ട്. കോലം അണിയുക എന്നാണ് ഇതിനെ പറയുക. മറ്റ് ഗൃഹങ്ങളിൽ നിന്ന് വ്യത്യസ്തമായി കോലമിടുന്ന പതിവ് ബ്രാഹ്മണ ഗൃഹങ്ങൾക്കു മാത്രമാണ്. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
വർണപ്പെട്ടി
“വർണ്ണപ്പെട്ടിനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ്പൂര് മുതൽ കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങൾവരെ അധിവസിച്ചുവരുന്ന ക്ടാരന്മാർ കർണ്ണാടകത്തിൽനിന്നു കേരളത്തിലേക്കു കുടിയേറിപ്പാർത്തവരാണെന്ന് കരുതപ്പെടുന്നു. വീരാളി നിർമ്മിക്കാനും കാവുകളിലും പള്ളിയറകളിലും ചായമടിക്കുന്നതിനും പൂന്തിയും പരിചയും നിർമ്മിക്കുന്ന തിനുംവേണ്ടി കോലത്തിരി രാജാവ് ഇവരെ കൂട്ടിക്കൊണ്ടുവന്ന താണെന്ന് ഇവർ അവകാശപ്പെടുന്നു. തമ്പുരാൻ്റെ എഴുന്നള്ളത്തിന് പൂന്തിയും പരിചയുമായി ഇവർ അകമ്പടി സേവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാടായിക്കാവ്, മന്നംപുറത്തുകാവ് തുടങ്ങിയ കാവു കളിൽ പൂജ ചെയ്‌തുവരുന്ന പിടാരന്മാരാണ് തങ്ങളെന്നും പിന്നീട് രാജകോപത്തിനിരയായതിനാൽ ചവിട്ടിത്താഴ്ത്തപ്പെട്ടവരാണെന്നും ഇവർ വിശ്വസിച്ചുവരുന്നു. 1988-ലെ സെൻസസ്പ്രകാരം ഇവരുടെ അംഗസംഖ്യ ആയിരത്തിൽ താഴെയാണ്.
മുരിക്കുകൊണ്ട് പെട്ടിയുണ്ടാക്കി, തുകൽ പൊതിഞ്ഞ്, ചായംതേച്ച് വിൽക്കുന്നതും ക്ടാര സമുദായത്തിൻ്റെ കലാവൈഭവം വിളിച്ചറിയിക്കുന്ന തൊഴിലാണ്. ഇഷ്ടാനുസരണം രൂപപ്പെടുത്താവുന്നതും ഘനം കുറഞ്ഞ തുമായ മുരിക്കുമരമാണ് അവർ ഇതിനുപയോഗിക്കുന്നത്. ഈ മുരിക്കിൻപെട്ടി ഈടുനിൽക്കാൻ ചെയ്യേണ്ട സംസ്‌കരണ വിദ്യ അവർക്ക് അറിയാമായിരുന്നു. ഉറകുത്തിപ്പോകാതിരിക്കാൻ കറുത്ത പക്ഷത്തിൽ ആണ് മരം മുറിച്ചിരുന്നത്. പിന്നീട് മുരിക്കിൻപലകകൾ ഇളവെയിലിലിട്ട് 'നീർപാട്ടി'ലാക്കുന്നു. മുള ചെറുതായി ചീന്തിയെ ടുത്ത് മുന കൂർപ്പിച്ചാണ് ആണിക്കു പകരം പ്രയോഗിച്ചിരുന്നത്.
പഞ്ചിൽമരത്തിന്റെറെ കായ ഉരലിലിട്ടിടിച്ച് വെള്ളമൊഴിച്ച് പിഴിഞ്ഞെ ടുക്കുന്ന പശ പെട്ടിക്കു മുകളിൽ തേച്ച് അതിനു മുകളിൽ കടലാസ് ഒട്ടിക്കുന്നു. പേപ്പർ ഒട്ടിച്ചശേഷം വെണ്ണക്കല്ലുകൊണ്ട് മിനുസപ്പെടു ത്താറുണ്ട്. അതിനുശേഷം തവിടുപൊടി പശയിൽ കുഴച്ച് കടലാസ്സിനു മുകളിൽ കട്ടിയായി തേക്കുന്നു. അതിനു മുകളിൽ തോല് ഒട്ടിക്കുന്നു. ആട്ടിൻതോലോ മാനിൻതോലോ ആണ് ഇതിനായി ഉപയോഗിക്കു ന്നത്. തോല് വെള്ളത്തിൽ പൊതിർത്ത് വൃത്തിയായി രോമം കളഞ്ഞ് വെയിലിലിട്ടുണക്കി ശുദ്ധീകരിക്കുന്നു. തോല് പെട്ടിയിൽ ഒട്ടിച്ചു ചേർക്കുന്നതിന് പഞ്ചിങ്ങപ്പശയാണ് ഉപയോഗിക്കുന്നത്. അടർന്നു പോകാതെ തോലിനെ പലകയിൽ ഒട്ടിച്ചു ചേർത്തുനിർത്താൻ പഞ്ചിങ്ങയ്ക്ക് പ്രത്യേക കഴിവുണ്ട്. മരപ്പലകയ്ക്ക് ഈ പശ ഒരു സംരക്ഷ ണവലയം ഒരുക്കുകയും ചെയ്യും. കോളിമരത്തിന്റെ തോല് ചീന്തി യെടുത്തു വെയിലിലിട്ടുണക്കി ഉപയോഗിക്കുന്ന രീതിയുമുണ്ട്. മരത്തോലിന് ഇളം ചുവപ്പുനിറം ഉള്ളതിനാൽ ഇതിൽ ചായം ചേർ ക്കേണ്ട ആവശ്യം വരുന്നില്ല. മുകളിൽ എണ്ണകൊണ്ട് മിനുക്കുക മാത്രം ചെയ്യും. ചായംകൊണ്ട് ചിത്രങ്ങൾ പെട്ടിക്കു മുകളിൽ വരയ്ക്കും. ഇങ്ങനെ മരത്തോൽകൊണ്ടും മൃഗത്തോൽകൊണ്ടും കറുപ്പ്, ചുവപ്പ് എന്നീ വർണങ്ങളിലുള്ള പെട്ടികൾ നിർമ്മിക്കുന്നു. കാലുള്ളതും കാലില്ലാത്തതുമായ രണ്ടുതരം പെട്ടികൾ നിർമ്മിച്ചിരുന്നു. പെട്ടിയിൽ ചായം തേക്കുന്നതിന് ആടിൻ്റെ മുതുകത്തുള്ള രോമംകൊണ്ടുണ്ടാ ക്കിയ ബ്രഷാണ് ഉപയോഗിക്കുന്നത്. വലിയ രോമം ഒരുപോലെ എടുത്തുപിടിച്ച് മുണ്ടയുടെ നാരുകൊണ്ട് കെട്ടി ബ്രഷ് ഉണ്ടാക്കുന്നു.
കോട്ടത്തിന്റെയും പള്ളിയറയുടെയുംമറ്റും മുഖാരം വരയ്ക്കുന്നതും ചായമിടുന്നതും പൊന്തി, പരിച ഇവയ്ക്ക് ചായം കൊടുക്കുന്നതും ദാരുശില്പങ്ങൾക്കു ചായമിടുന്നതും ചുമർചിത്രങ്ങൾക്കു ചായമിടു ന്നതും ഇവരുടെ കുലത്തൊഴിലിൽ പെടുന്നു. ആലേഖനം ചെയ്‌ത ഇതിഹാസ പുരാണകഥകളിലെ കഥാപാത്രങ്ങൾക്കു പാരമ്പര്യമായി നിർദ്ദേശിക്കപ്പെട്ട വർണങ്ങളാണ് ഇവർ കൊടുത്തിരുന്നത്. വിഷ്ണുവിന് ശരീരം നീലയും ഉടുപ്പ് മഞ്ഞയും ശിവന് ശരീരം വെള്ളയും ഉടുപ്പ് പുലിത്തോൽ അല്ലെങ്കിൽ കാവിയും ഗണപതിക്ക് കനകവർ ണവും അയ്യപ്പന് മഞ്ഞയും ഹനൂമാന് ഇളംമഞ്ഞയും ശ്രീരാമന് ചന്ദനവർണവും സുബ്രഹ്മണ്യന് അല്പം ചുവപ്പു കലർന്ന മഞ്ഞയും കാളിക്ക് കറുപ്പും ആണ് വർണങ്ങൾ. പുളിങ്കുരു വറുത്ത്, ഓട കളഞ്ഞ്, വെള്ളത്തിൽ പൊതിർത്ത്, വേവിച്ചാൽ കിട്ടുന്ന പശയിൽനിറം കലർത്തുന്നു. മണയില, കരിയിലമഷി തുടങ്ങിയവയാണ് ചായങ്ങൾ. അതിനു മുകളിൽ അരക്കും പന്തവും തേച്ച്, മിനുക്കുകയും ചെയ്യും.
ഇന്ന് ഇത്തരം പ്രകൃതിദത്തമായ ചായവ്യവസ്ഥ ഉപയോഗിക്കുന്ന രീതി മാഞ്ഞുകഴിഞ്ഞിരിക്കുന്നു. മുകളിൽ പറഞ്ഞതരത്തിലുള്ള പെട്ടിനിർമ്മാണം എന്ന കുടിൽവ്യവസായം വേരറ്റുപോയതിനാൽ അതുമായി ബന്ധപ്പെട്ട കലാവിദ്യയും നഷ്ടപ്രായമായിരിക്കുന്നു.
കയ്യും കണക്കും ഒപ്പിച്ച് വീരാളി വരയ്ക്കുന്ന തലമുറയാകട്ടെ അന്യം നിന്നുപോകാൻ നാളുകളേറെ വേണ്ടിവരികയുമില്ല. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിത വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
വീരാളിപ്പട്ട്
“വീരാളിപ്പട്ടുനിർമ്മാണം കുലത്തൊഴിലായ ഒരു സമുദായമാണ് വടക്കേ മലബാറിലെ ക്ടാരസമുദായം. കാസർഗോഡ് ജില്ലയിലെ അതിയാമ്പൂര് മുതൽ കണ്ണൂർ ജില്ലയിലെ പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങൾവരെ അധിവസിച്ചുവരുന്ന ക്ടാരന്മാർ കർണ്ണാടകത്തിൽനിന്നു കേരളത്തിലേക്കു കുടിയേറിപ്പാർത്തവരാണെന്ന് കരുതപ്പെടുന്നു. വീരാളി നിർമ്മിക്കാനും കാവുകളിലും പള്ളിയറക ളിലും ചായമടിക്കുന്നതിനും പൂന്തിയും പരിചയും നിർമ്മിക്കുന്ന തിനുംവേണ്ടി കോലത്തിരി രാജാവ് ഇവരെ കൂട്ടിക്കൊണ്ടുവന്ന താണെന്ന് ഇവർ അവകാശപ്പെടുന്നു. തമ്പുരാൻ്റെ എഴുന്നള്ളത്തിന് പൂന്തിയും പരിചയുമായി ഇവർ അകമ്പടി സേവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാടായിക്കാവ്, മന്നംപുറത്തുകാവ് തുടങ്ങിയ കാവു കളിൽ പൂജ ചെയ്‌തുവരുന്ന പിടാരന്മാരാണ് തങ്ങളെന്നും പിന്നീട് രാജകോപത്തിനിരയായതിനാൽ ചവിട്ടിത്താഴ്ത്തപ്പെട്ടവരാണെന്നും ഇവർ വിശ്വസിച്ചുവരുന്നു. 1988-ലെ സെൻസസ്പ്രകാരം ഇവരുടെ അംഗസംഖ്യ ആയിരത്തിൽ താഴെയാണ്.
പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരുതരം വിശേഷപ്പെട്ട പട്ടാണ് വീരാളിപ്പട്ടെന്നും രാജാക്കന്മാർ സമ്മാനം കൊടുപ്പാൻ (പട്ടും വളയും) വീരാളിപ്പട്ടാണ് ഉപയോഗിച്ചിരുന്നതെന്നും ഫോക്ലോർ നിഘണ്ടുവിൽ (പു. 593) പറയുന്നു. കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളിൽ വീരാളിപ്പട്ടിന്റെ പരാമർശങ്ങൾ ഉണ്ട്.
ക്ഷേത്രങ്ങളിൽ പള്ളിയറയുടെ ഉള്ളിൽ പരദേവതയുടെ വാള്, വിഗ്രഹം എന്നിവയ്ക്കു പിറകിൽ ആണ് വീരാളിയുടെ സ്ഥാനം. ചുമരിൽ വരയ്ക്കുകയോ പലകയിൽ വരച്ച് പള്ളിവാളിനു പിറകിൽ വെക്കുകയോ ആണ് ചെയ്തിരുന്നത്. പള്ളിയറയിലെ ഈശ്വരചൈതന്യം നിലനിർ ത്തുന്നതിനും ചൈതന്യം വർദ്ധിപ്പിക്കുന്നതിനും ഇത് ആവശ്യമാണെ ന്നതാണ് ഇതിനു പിറകിലുള്ള വിശ്വാസം. വാളിനും പരിചയ്ക്കും വിഗ്രഹ ത്തിനും ആധാരമായ ചൈതന്യം വീരാളിയിൽ കുടികൊള്ളുന്നു എന്നതാണ് സങ്കല്പം. അതിനാൽ വീരാളി വരച്ച് ചായമിട്ടു കഴിഞ്ഞാൽ അതിൻ്റെ മുമ്പിൽ ഒരു ദീപമെങ്കിലും വെക്കണമെന്നാണ് നിയമം. വീരാളി വരച്ചു പൂർത്തിയാകുന്നതോടെ അതിന് ചൈതന്യമുണ്ടാ കുന്നു. പൂർണ്ണമായി വരച്ചുതീർത്ത വീരാളിയെ ആരാധിച്ചില്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽവീരാളി വരച്ചാൽ അതിന്റെ ഏതാനും ഭാഗം പൂർത്തിയാക്കാതെ വെക്കും. ആരാധന തുടങ്ങാറാകുന്നതിന് തൊട്ടുമുമ്പ് മാത്രമേ ചിത്രം മുഴുമിപ്പിക്കുകയുള്ളൂ.
വീരാളി വരയ്ക്കാൻ വ്യക്തമായ നിയമങ്ങളും കണക്കുകളുമുണ്ട്. ഇതിന്റെ കണക്ക് കാരസമുദായം പാരമ്പര്യമായി കൈമാറുന്ന അറിവാണ്. ഒരു വീരാളിയിൽ അച്ച്, പുള്ളി, ചതുരപ്പൂവ്, തുടുപുഷ്‌പം, കൊടുപുഷ്‌പം എന്നീ അഞ്ചു പുഷ്‌പങ്ങൾ ഉണ്ടാകും. വരയ്ക്കാനായി തയ്യാറാക്കിയ പലക ശുദ്ധി ചെയ്‌ത് അതിൽ മുഴുവനായി ഒന്നര യവം വലിപ്പത്തിൽ സമചതുരത്തിലുള്ള കോളങ്ങൾ വരയ്ക്കണം. അതിനുശേഷം അഞ്ചുതരത്തിലുള്ള പുഷ്‌പങ്ങൾ മദ്ധ്യത്തിലും വശങ്ങളിലുമായി കണക്കുപ്രകാരം വരയ്ക്കും. നടുക്ക് അച്ച്, നാലു ദിക്കുകളിൽ പുള്ളി, നാലു മൂലകളിൽ തൊടുപുഷ്പം എന്നീ ക്രമ ത്തിലാണ് പൂക്കൾ വരയ്ക്കേണ്ടത്. വെളുപ്പ്, കറുപ്പ്, ചുവപ്പ്, പച്ച, മഞ്ഞ എന്നീ പഞ്ചവർണങ്ങളാണു വരയ്ക്കാൻ ഉപയോഗിക്കുന്നത്. ഇവ പഞ്ചഭൂതങ്ങളെയും പഞ്ചപ്രാണനെയും പ്രതിനിധീകരിക്കുന്നു.
മുകളിൽ പറഞ്ഞ വർണങ്ങൾ നിർമ്മിക്കുന്നതിനും പാരമ്പര്യ രീതികൾ ഉണ്ടായിരുന്നു. പ്രത്യേകതരം ഇലകൾ അരച്ച് പശ ചേർ ത്താണ് അവ തയ്യാറാക്കിയിരുന്നത്. ഇപ്പോൾ ചായില്യവും മണ യിലയും ആണ് ഉപയോഗിച്ചു വരുന്നത്. പൈല്‌മരത്തിന്റെ കറ കൊണ്ടുവന്ന് ഉണക്കിപ്പൊടിച്ച് ടർപ്പൻ്റെൻ ചേർത്തു പാകപ്പെടു ത്തിയത് ആദ്യം ചുമരിൽ അല്ലെങ്കിൽ പലകയിൽ മുഴുവനായി തേക്കുന്നു. ചുവപ്പ്, മഞ്ഞ, പച്ച എന്നീ വർണങ്ങൾക്കു പ്രത്യേകതരം ഇലകൾ ഉണക്കിപ്പൊടിച്ചെടുക്കുന്നു. കറുപ്പുനിറത്തിന് എണ്ണത്തി രിയുടെ നാളത്തിൽനിന്നുണ്ടാകുന്ന പുകയെ മഷിയാക്കിയെടുത്താണ് ഉപയോഗിക്കുന്നത്.
ദേവീപൂജകളിൽ വീരാളിപ്പട്ടിന് പ്രത്യേക പ്രാധാന്യം കല്പിച്ചു പോന്നിരുന്നു. 'തന്ത്രസമുച്ചയ'ത്തിൽ ദേവീപൂജയ്ക്ക് ഇടാവുന്ന വീരാളി പത്മത്തെക്കുറിച്ചു പറയുന്നുണ്ട്. ഈ പത്മത്തിന്, വരച്ചുവെക്കുന്ന വീരാളിയുമായി രൂപസാദൃശ്യമുണ്ട്. വീരാളിയുടെ ഉത്പത്തിയെക്കുറിച്ച് ഇന്നു ജീവിച്ചിരിക്കുന്ന പ്രായംചെന്ന ക്ടാരസമുദായാംഗങ്ങൾക്കു കൂടി വ്യക്തമായി ഒന്നും പറയാൻ കഴിയില്ല. അത്തരം കാര്യങ്ങളെ ക്കുറിച്ചുള്ള മിത്തുകൾ ഉൾക്കൊള്ളുന്ന കഥകളൊന്നും ഇന്നു സമൂഹത്തിൽ നിലനിൽക്കുന്നതായി കാണുന്നില്ല. “
ലിങ്കുകൾ:
View Link
ശേഖരിച്ച വ്യക്തി:
ഡോ: വിനിതാ വിജയൻ
ശേഖരിച്ച സ്ഥലം:
പുസ്തകങ്ങൾ
വിവരങ്ങൾ:
Nill
വിവരണം:
കാവിക്കൂട്
“പക്ഷികളെ പിടിക്കുന്ന കൂടാണ് കാവിക്കൂട് .ചെറിയ പക്ഷികൾ മുതൽ വലിയ കാട്ടുകോഴികളെവരെ ഇതിൽ പിടിക്കാം. കാടുകളിൽ കാണുന്ന ഞരളവള്ളി (ഏതുവിധവും വളയ്ക്കാവുന്നതും ഈർക്കിലുകൾ കുത്തി നിർത്താവുന്നതുമായ വള്ളി) ഏതാണ്ടു കൈവണ്ണം ഉള്ളവ കാട്ടിൽ നിന്നും ശേഖരിച്ച് ആവശ്യമുള്ള വിസ്‌തീർണ്ണത്തിൽ വളച്ചുകെട്ടുന്നു.
അതിനുശേഷം തെങ്ങിന്റെയോ കാളിപ്പനയുടെയോ ഈർക്കിൽ നല്ലതുപോലെ മിനുസപ്പെടുത്തി ചുവടുഭാഗം കൂർപ്പിച്ച് വളയത്തിൽ 1/2 ഇഞ്ച് അകലത്തിൽ കുത്തി നാട്ടുന്നു. എന്നിട്ട് മുകളറ്റം കൂട്ടി ക്കെട്ടുന്നു. ഇടയ്ക്കിടയ്ക്ക് നേർത്തതും ബലമുള്ളതുമായ കാട്ടുവള്ളി കൾകൊണ്ട് വരിഞ്ഞുകെട്ടുന്നു. പക്ഷികൾ ഉള്ള കാടുകളിൽ കൊണ്ടു പോയി കൂടിന്റെ ചുറ്റളവനുസരിച്ച് തടം ഉണ്ടാക്കി ഒരു കവട്ടകമ്പ് തലകീഴായി നാട്ടി മുകളിൽ ഒരു ചരടുകെട്ടി കൂടിൻ്റെ ഒരു വശം പൊക്കി ആ പൊക്കം അനുസരിച്ച് ചരടിൽ സൂചിപോലുള്ളവ കെട്ടി കൂടു തങ്ങിനിൽക്കുന്ന രീതിയിൽ നിർത്തി പക്ഷികൾക്കു തിന്നുവാ നുള്ള പ്രാണികളെ പിടിച്ച് കാരക്കമ്പിൽ കെട്ടുന്നു. കാരക്കമ്പ് കൂടിന്റെ മണ്ണിൽ പതിഞ്ഞിരിക്കുന്ന ഭാഗത്ത് ഈർക്കിലിയുടെ ഇടയിൽ തിരുകി തൂണിലേക്ക് വട്ടം വയ്ക്കുന്നു (ഈർക്കിലിയുടെ ഇടയിൽ തിരുകുന്ന ഭാഗം കാരക്കമ്പിന് കവല ഉണ്ടായിരിക്കും. അതുകൊണ്ട് ഊരിപ്പോ കില്ല.) എന്നിട്ട് കാരക്കമ്പിൽ സൂചിക്കമ്പ് കുത്തി നിർത്തും. (കുത്തി നിർത്താൻ പാകത്തിൽ കടുപ്പം കുറഞ്ഞ കമ്പായിരിക്കും കാരക്ക മ്പായി ഉപയോഗിക്കുന്നത്). കാരക്കമ്പിൽ പ്രാണികളെ കൊല്ലാതെ ചരടുകൊണ്ടു കെട്ടിവയ്ക്കും. ഇവ ചലിച്ചു കൊണ്ടിരിക്കും. പക്ഷികൾ കാണുകയും ഇരയാണെന്നു വിചാരിച്ച് പ്രാണിയെ കൊത്തുകയും ചെയ്യുന്നു. കാരക്കമ്പ് താഴുന്നു. സൂചിക്കമ്പ് മുകളിലേക്കു തെറിക്കും, കൂടിന്റെ പൊങ്ങിയിരിക്കുന്ന ഭാഗം നിലത്തമരുന്നു. പക്ഷികൾ ഇതിൽ അകപ്പെടുന്നു. “
ലിങ്കുകൾ:
View Link
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല