ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക
| Sl.No | പുരാവസ്തു | ഫോട്ടോ | ശേഖരിച്ച വ്യക്തി | ശേഖരിച്ച സ്ഥലം | അവേദകരുടെ വിശദവിവരങ്ങൾ | കലാവസ്തുവിനെ കുറിച്ചുള്ള വിവരണം | റഫറൻസ് /ലിങ്കുകൾ / ഫയൽ |
|---|---|---|---|---|---|---|---|
| സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം | |||||||
| 1 | നവഗ്രഹപ്പൂക്കൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
സൂര്യൻ - കൂവളത്തില, ചന്ദ്രൻ - വെള്ളത്താമര, ചൊവ്വ - ചുവന്ന പുഷ്പങ്ങൾ, ബുധൻ - തുളസി, വ്യാഴം - ചെമ്പകം, ശുക്രൻ - മുല്ല, ശനി...
സൂര്യൻ - കൂവളത്തില, ചന്ദ്രൻ - വെള്ളത്താമര, ചൊവ്വ - ചുവന്ന പുഷ്പങ്ങൾ, ബുധൻ - തുളസി, വ്യാഴം - ചെമ്പകം, ശുക്രൻ - മുല്ല, ശനി - കരിങ്കൂവളം. എല്ലാ ദേവന്മാർക്കും ഉപയോഗിക്കുന്ന പുഷ്‌പങ്ങൾ: തുളസി, തെച്ചി, അലരി, മന്ദാരങ്ങൾ, നന്ത്യാർവട്ടം, താമര, അശോകം, ചെമ്പകം, എരുക്ക്, പിച്ചകം, മുല്ല. ശിവന് കൂവളത്തിൻ്റെ ഇല പ്രധാനം (അർജ്ജുനൻ്റെ മുന്നിൽ തപസ്സിനൊടുവിൽ വേടവേഷത്തിൽ പ്രത്യക്ഷപ്പെട്ട ശിവൻ നടത്തിയ പരീക്ഷണത്തിൽ ക്ഷീണിതനായപ്പോൾ ആരാധിച്ചതു കൂവളത്തില കൊണ്ട് എന്ന് സങ്കല്പം). ഭദ്രകാളിക്ക് ചെമ്പരത്തി. വീരഭദ്രനും ഗണപതിക്കും ഇത് ഉപയോഗിക്കാം. ഔഷധവീര്യമില്ലാത്ത പുഷ്പങ്ങളൊന്നും തന്നെ കേരളത്തിൽ സ്വീകാര്യമല്ലെന്ന വസ്‌തുത പ്രത്യേകതയാണ്. കറുകഹോമം ഗണപതിക്കും ശിവനും പ്രധാനപ്പെട്ടതാണ്. തുളസി: ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ടതാണ് തുളസിപ്പൂ. ഇതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. രാമബാണമേറ്റ് ശരീരം വെടിഞ്ഞ രാവണന്റെ ഭാര്യ മണ്‌ഡോദരി പിന്നീട് ഭഗവാൻ്റെ കാരുണ്യംകൊണ്ട് തുളസിച്ചെടിയായിയത്രേ. അശോകം: സീതാദേവിയുടെ ദുഃഖത്തിന് ശമനം നൽകുവാൻ അശോക വൃക്ഷങ്ങൾ നിറഞ്ഞ അശോകവനിക്ക് കഴിഞ്ഞു എന്നുള്ളതുകൊണ്ടുതന്നെ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും പുണ്യവൃക്ഷമാണ്. ഔഷധം എന്നതിലുപരി സീതാദുഃഖം തീർത്ത ഈ പുഷ്പവൃക്ഷത്തിന് സ്ത്രീരോഗവും ദുഃഖവും മാറ്റാൻ കഴിയുന്നു എന്നാണ് സങ്കല്പം. മന്ദാരം: ദുശുണ്ഡി മുനിയെ കണ്ട് പരിഹസിച്ച് ചിരിച്ച ധൗമ്യപുത്രനും ശൗനക ശിഷ്യനുമായ മന്ദാരനും ഭാര്യ ശമീകയും ലഭിച്ച ശാപത്തിൽനിന്ന് രക്ഷപ്പെടാൻ ഗണേശനെ ആരാധിച്ചു (മുനി അവരെ വൃക്ഷങ്ങൾ ആക്കുകയാണ് ചെയ്‌തത്). തൃപ്‌തനായ അദ്ദേഹം അവരെ ഇഷ്ടപ്പെട്ട വൃക്ഷങ്ങളാക്കി അനുഗ്രഹിച്ചു. അതുകൊണ്ടുതന്നെ ഗണപതിക്കിഷ്ടപ്പെട്ട പൂക്കളാണത്രേ മന്ദാരം. കൈതപ്പൂവിനു ശിവൻ്റെ ശാപം ഏറ്റതുമൂലം പൂജയ്ക്ക് ഉപയോഗി ക്കുന്നില്ല എന്നു വിശ്വസിക്കുന്നു. പൂക്കൾ: പണ്ട് നമ്പൂതിരിസമുദായത്തിൽ വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഹത്തിലേക്ക് പോകുന്ന സ്ത്രീ തൻ്റെ പെട്ടികളുടെ കൂട്ടത്തിൽ ഒരു ഭാണ്ഡംകൂടി കരുതിയിരുന്നു. ഇതിന് 'കണ്ണാടിപ്പൈക്കൂറ' എന്നാണ് പറയുന്നത്. ഇതിൽ വാൽക്കണ്ണാടി, നെല്ല്, ഉണങ്ങലരി, കൺമഷി, മഞ്ഞചെപ്പ്, ഓടങ്ങൾ, പൂവിത്തുകൾ എന്നിവ ഉണ്ടായിരിക്കും. മന്ദാരം, തുളസി, ശംഖുപുഷ്പം എന്നിവയുടെ വിത്തുകളാണ് ഉണ്ടാവുക. കുടിവെപ്പു കഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ നല്ല സമയം നോക്കി മറ്റു സുമംഗലികളുടെ അകമ്പടിയോടെ വിത്തു കുഴിച്ചിട്ട് നനയ്ക്കുന്നു. പിന്നീട് ഇവർ ശിവപാർവ്വതിമാരുടെ സ്‌തുതി പാടി കൈകൊട്ടി കളിക്കുന്നു. ഓരോ ചടങ്ങിലും പൂക്കൾക്ക് ഉള്ള പ്രാധാന്യം ഇങ്ങനെ നമുക്കറിയാൻ സാധിക്കുന്നു. പൂക്കൾ എല്ലാം നല്ലതാണ്. ചിലതിന് മണമില്ല, സൗന്ദര്യമുണ്ട്. എന്നാൽ ചിലതിനാകട്ടെ നേരേ തിരിച്ചും. എങ്കിലും ഒരു പൂവിനെയും നമുക്ക് വെറുക്കാനാവില്ല. ഓരോന്നിനും അതിൻ്റെതായ പ്രാധാന്യമുണ്ട്. പൂക്കൾക്ക് ഏറ്റവും പ്രാധാന്യമുള്ളത് ക്ഷേത്രങ്ങളിൽതന്നെയാണ്. അതുകൊണ്ടുതന്നെ പൂക്കളെയും വൈഷ്‌ണവം, ശൈവം എന്നു വേർതിരിച്ചിട്ടുണ്ട്. കൃഷ്ണതുളസി, രാമതുളസി, വെള്ളത്താമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, നാഗം, നന്ത്യാർവട്ടം, മുക്കുറ്റി, ചെമ്പരത്തി എന്നിവ വിഷ്ണുപൂജയ്ക്ക് ഉത്തമങ്ങളും വൈഷ്‌ണവപൂക്കളുമാണ്. എന്നാൽ ശിവാരാധനയ്ക്ക് പ്രാധാന്യമുള്ളത് എരുക്കിൻപൂവ്, കരവീരം, അശോകം, പ്ലാശ്, ദർഭ, കർപ്പൂരതുളസി, കറുക, മന്ദാരം, കൂവളം എന്നിങ്ങനെ ശൈവവർഗ്ഗത്തിൽ പെട്ടവയ്ക്കാണ്. ദേവിക്കാകട്ടെ വെള്ളത്താമര, ചുവന്ന താമര, ചെമ്പരത്തി, അശോകപ്പൂവ്, കൃഷ്‌ണക്രാന്തി, മന്ദാരം, കറുക, നന്ത്യാർവട്ടം എന്നിങ്ങനെ ശാക്തേയ പുഷ്പങ്ങൾ ഉപയോഗിക്കാം. തുളസിയുടെ ഇലയെപ്പറ്റി ധാരാളം ഐതിഹ്യങ്ങളുമുണ്ട്. അതിൽ ഒന്ന് മധുരയിലേക്ക് തിരിച്ചു ചെന്ന കൃഷ്‌ണന് ദേവകിയും വസുദേവരും രക്ഷയ്ക്കുവേണ്ടി തുലാഭാരം നേർന്നു എന്നും, എന്തൊക്കെ തട്ടിൽ വെച്ചിട്ടും തുല്യമാകാതെ ഒടുക്കം തുളസിയില ഇടേണ്ടി വന്നു എന്നുമാണ്. "
|
..Link | ||
| 2 | ഹോർത്തൂസ് മലബാറിക്കസ് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ഡാനിഷ് ഭാഷയിൽ 'ഹോർത്തൂസ് മലബാറിക്കസ്' എന്ന പദം വിവക്ഷിക്കുന്നത് 'മലബാറിലെ സസ്യാരാമം' എന്നാണ്. 167...
“ഡാനിഷ് ഭാഷയിൽ 'ഹോർത്തൂസ് മലബാറിക്കസ്' എന്ന പദം വിവക്ഷിക്കുന്നത് 'മലബാറിലെ സസ്യാരാമം' എന്നാണ്. 1678 മുതൽ 1693 കാലഘട്ടത്തിൽ നെതർലാൻഡിലെ ആംസ്റ്റർഡാമിൽനിന്നും 12 വാല്യ ങ്ങളിലായി പുറത്തിറക്കിയ ഒരു സസ്യശാസ്ത്രപുസ്‌തകമാണിത്. മനോഹരമായി കൊത്തിയെടുത്ത് ആലേഖനം ചെയ്‌ത സസ്യരൂപങ്ങൾ നമ്മെ ഇന്നും വിസ്‌മയപ്പെടുത്തുന്നു. ഈ ഗ്രന്ഥനിർമ്മാണത്തിൽ രംഗഭട്ടൻ, വിനായക പണ്ഡിതൻ, അപ്പുഭട്ടൻ, ഇട്ടി അച്യുതൻ എന്നീ തദ്ദേശീയരായ സസ്യവിദഗ്ദ്‌ധരുടെ സഹായമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് അവിട്ടംതിരുനാൾ ലൈബ്രറിയിൽ ഹോർത്തൂസിൻ്റെ പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ കൃതിയാണ് 'ഹോർത്തൂസ് മലബാറിക്കസ്'. മലയാളഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥമെന്ന ബഹുമതിയുമിതർഹിക്കുന്നു. മുന്നൂറിലേറെ വർഷങ്ങൾക്കുമുമ്പ് പ്രസിദ്ധീകരിച്ച ഈ വിശിഷ്ട ഗ്രന്ഥത്തിന്റെ ഗ്രന്ഥകർത്താവ് ഹെൻഡ്രിക്ക് ആഡ്രിയൻ വാൻ റീഡ് ടോട്ട് ഡ്രാക്കൻസ്റ്റീൻ (1636-1691) ആണ്. ബൃഹത്തായ ഈ ഗ്രന്ഥത്തിലെ പ്രസക്ത ഭാഗങ്ങൾ ലാറ്റിൻഭാഷയിൽ പ്രതിപാദിച്ചിരിക്കുന്നതിനാൽ ലാറ്റിൻ ഭാഷയിലും സസ്യശാസ്ത്രത്തിലും സാമാന്യ പരിജ്ഞാനമുള്ളവർക്കേ ഇത് വിശകലനം ചെയ്യാൻ കഴിയൂ എന്നത് സ്വാഭാവികമാണല്ലോ. ജാക്കോബ് (1976), ഫൗർണിയൻ (1978, 1980), ഹെനിഗർ (1980), മണിലാൽ (1979, 1988) എന്നിവർ ഹോർത്തൂസിൻ്റെ സസ്യശാസ്ത്രപരവും ചരിത്രപരവും സാമൂഹിക, സാംസ്‌കാരികപരവുമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. സസ്യശാസ്ത്രത്തിന് ഒരു മുതൽക്കൂട്ടായിത്തീർന്ന 'ഹോർത്തൂസ് മലബാറിക്കസ്' പിന്നീടുള്ള പഠനങ്ങളിൽ കേരളത്തിൻ്റെ ചരിത്രപരവും ഭാഷാപരവും ശാസ്ത്രപരവുമായ സത്യങ്ങളിലേക്ക് വെളിച്ചം വീശുകയുണ്ടായി. ഹെനിഗറുടെ 'ഹോർത്തൂസ് മലബാറിക്കസും വാൻ റീഡും' എന്ന കൃതിയിൽ 1) ഡച്ച് കമ്പനിയിലെ സൈനികനായ വാൻ റീഡിന്റെ സസ്യനിരീക്ഷണം. 2) 1678-1693 കാലയളവിൽ രൂപംകൊണ്ട ഹോർത്തൂസിന്റെ ഉത്ഭവത്തെക്കുറിച്ചൊരവലോകനം. 3) 17, 18 നൂറ്റാണ്ടുകളിൽ സസ്യശാസ്ത്രരംഗത്തേക്ക് ഹോർത്തൂസ് നല്കിയ സംഭാവനകൾ. എന്നിങ്ങനെ ഈ സസ്യശാസ്ത്ര ചരിത്രത്തെ മൂന്നു ഭാഗങ്ങളിലായി സമന്വയിപ്പിച്ചിരിക്കുന്നു. ഹോർത്തൂസ് മലബാറിക്കസിന്റെ ഉത്പത്തി ഹെനിഗറിലൂടെ നോക്കിക്കാണാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. ഡച്ച് സൈന്യാധിപൻ വാൻ റീഡ്: 1636-ൽ ജനിച്ച വാൻ റീഡിനെ അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ആംസ്റ്റർഡാമിലെ പുരാതന ദേവാലയത്തിൽവെച്ച് ക്രിസ്ത്യൻ സഭയിൽ ചേർത്തു. ജനനംകൊണ്ട് പ്രസിദ്ധമായ കുടുംബത്തിൽ വളർന്ന വാൻ റീഡിൻ്റെ ജീവിതം തികച്ചും വ്യതിരിക്തമായിരുന്നു. 14-ാം വയസ്സിൽ വീടുവിട്ട വാൻ റീഡ് കമ്പനിപ്പട്ടാളത്തിൽ ചേരുന്നത് 20-ാം വയസ്സിലാണ്. 1657-ൽ കടൽമാർഗ്ഗം കിഴക്കൻദേശങ്ങളിലേക്ക് യാത്ര പുറപ്പെട്ടു. ഇതിനിടയിൽ കേപ് ഓഫ് ഗുഡ് ഹോപ്പ് (ആഫ്രിക്കയുടെ മുനമ്പ്) സന്ദർശിക്കാനിടയായി. ഈ യാത്രയ്ക്കിടയിൽ അദ്ദേഹത്തിന് ഒരുപാടു നല്ല സുഹൃത്തുക്കളെ ലഭിക്കുകയുണ്ടായി. ജോൺ ബാക്സ്, സെയ്ൻ മാർട്ടിൻ എന്നിവരുമായുള്ള സൗഹൃദം പിന്നീട് അവിടത്തെ സസ്യശാസ്ത്രം വിപുലീകരിക്കുന്നതിന് സഹായകമായി. 1657-ൽ വാൻ റീഡും കൂട്ടരും ബട്ടാവിയയിലെത്തുമ്പോൾ വാൻ ഗിയോൺ അവിടത്തെ ഗവർണറായിരുന്നു. 1661-നു ശേഷമാണ് വാൻ റീഡിന് കമ്പനിക്കീഴിൽ ഒരു ഉന്നത പദവി ലഭ്യമാകുന്നത്. ബട്ടാവിയയിൽ അക്കാലത്ത് വിവിധയിനം രോഗങ്ങൾ തലപൊക്കിയിരുന്നു . ആംസ്റ്റർഡാമിൽനിന്ന് മരുന്നുകൾ പലതും എത്തിച്ചുവെങ്കിലും എല്ലാം നിഷ്‌ഫലമായിരുന്നു. അങ്ങനെ ഏഷ്യൻ മരുന്നുകൾക്ക് പ്രചാരമേറി. തത്ഫലമായി ബറ്റാവിയയിൽ മരുന്നുകളുടെ ഒരു ശേഖരമുണ്ടാകുകയും ചെയ്‌തു. വാൻ ഗിയോൻ വെട്ടിപ്പിടിക്കൽ തുടർന്നുകൊണ്ടേയിരുന്നു. ഗോവയിൽ പോർട്ടുഗീസ് സങ്കേതമായിരുന്നതുകൊണ്ട് അദ്ദേഹം തന്റെ ശ്രദ്ധ മലബാറിലേക്കു തിരിച്ചുവിട്ടു. മലബാറിൻ്റെ വിഘടിത ഭരണം വിദേശികളെ ആകർഷിച്ചു. അന്ന് പ്രൗഢികൊണ്ടും സൗന്ദര്യംകൊണ്ടും മുന്നിലായിരുന്ന കൊച്ചിയിലും ഡച്ചുകാർ ഒരു കണ്ണു വെച്ചു. അവർ അതിനായി കൊച്ചി രാജാവ് രാജവർമ്മയുടെ അനുജൻ വീര കേരളവർമ്മയുമായി സഖ്യം ചേർന്നു. തത്സമയം വാൻ റീഡും കൂട്ടരും കൊടുങ്ങല്ലൂർ കീഴടക്കി കൊച്ചി ലക്ഷ്യമാക്കി തിരിച്ചു. തന്റെ ഉറ്റ സുഹൃത്തായ വീരകേരളവർമ്മയുടെ പിതൃസഹോദരിയായ മഹാറാണി ഗംഗാധരലക്ഷ്മിയെ സംരക്ഷിക്കുകയും ചെയ്തു. 1663-ൽ വാൻ റീഡ് സുഹൃത്തുക്കളും ചേർന്ന് കൊച്ചി നഗരവും കോട്ടയും കീഴടക്കി. വീരകേരളവർമ്മയെ രാജാവായി വാഴിക്കുകയും ചെയ്തു. വാൻ റീഡ് കൗൺസിലർ ആയി നിയമിതനുമായി. “ “മലബാറിലെ ആദ്യത്തെ കൗൺസിലറായ വാൻ റീഡിന് 'റെജിഡോർ മേയർ' എന്ന ബഹുമതി നല്‌കിയത് പോർട്ടുഗീസുകാരാണ്. റാണി ഗംഗാധരലക്ഷ്മിക്ക് സംരക്ഷണം നല്‌കിയതിൻ്റെ പേരിൽ കേരളീയരുടെ സംതൃപ്‌തി പിടിച്ചുപറ്റാൻ വാൻ റീഡിനു കഴിഞ്ഞു. സസ്യനിരീക്ഷണ തത്പരനായിരുന്ന വാൻ റീഡിന് സൈന്യാധിപൻ, ഡിപ്ലോമാറ്റ് എന്ന കാരണങ്ങളാലൊക്കെ സസ്യനിരീക്ഷണത്തിനായി ചെലവഴിക്കാൻ സമയം ലഭിച്ചില്ല. പക്ഷേ, മലബാറിലെ സസ്യസമ്പത്തിനെക്കുറിച്ച് ഒരു ഗ്രന്ഥം നിർമ്മിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. അതിനിടയിൽ കൊച്ചി രാജസഭയിൽ കയറാനവസരം കിട്ടി. തന്മൂലം ഹോർത്തൂസിലേക്ക് സസ്യങ്ങൾ ശേഖരിക്കുന്നതിനും തയ്യാറെടുപ്പിനുമായി ഒരു സംഘത്തെ ലഭിക്കുമെന്നുള്ള ധാരണ ലഭിക്കുകയും ചെയ്തു. ഹോർത്തൂസ് മലബാറിക്കസിലൂടെ ഡച്ചു കമ്പനിക്ക് അസാമാന്യ നേട്ടം സിദ്ധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ടുതന്നെ മലബാറിലെ ഔഷധസസ്യസമ്പത്തിനെ അപഗ്രഥിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം തയ്യാറെടുത്തു.1665 ഫെബ്രുവരിയിൽ അദ്ദേഹം കൊച്ചി വിട്ടു. ഇതിനിടയിൽ മലബാർ ഡച്ചധീനതയിൽ കൂടുതൽ പ്രബലമായി. മലബാർ സിലോണിനു കീഴെ വന്നു. സിലോണിൻ്റെ ഗവർണറായിരുന്ന വാൻ -ഗിയോന് മലബാറിൽ കൂടുതൽ സ്വാധീനമുണ്ടാവുകയും കച്ചവട കുത്തകകൾ ഉറപ്പിക്കാൻ ഇതു സഹായിക്കുകയും ചെയ്തു. ഈ സമയത്ത് കേരളത്തിലാകമാനം കറപ്പ് എന്ന ലഹരിപദാർത്ഥത്തിൻ്റെ പ്രയോഗം വ്യാപിച്ചിരുന്നു. കുരുമുളക്, തേങ്ങ ഇവയ്ക്കു പകരമായി കറപ്പ്, പട്ടുവസ്ത്രങ്ങൾ എന്നിവ ഇറക്കുമതി ചെയ്യപ്പെട്ടു.
1665-ൽ വാൻ റീഡ് ഗോവ സന്ദർശിച്ചു. പിന്നീട് കൊല്ലം താവളമാക്കുകയും നിയോഹോഫ് എന്ന സഹപ്രവർത്തകനായ ഭരണാധികാരിയെ ഒഴിവാക്കി സ്വയം ഭരണം ഏറ്റെടുക്കുകയും ചെയ്‌തു. മലബാറിനെക്കുറിച്ച് രണ്ടു പ്രധാന വിവരണങ്ങൾ അദ്ദേഹം തന്റെ മേലുദ്യോഗസ്ഥനു കൈമാറി. മലബാറിനെക്കുറിച്ചെഴുതിയിരുന്ന ആദ്യ ലേഖനത്തിൽ, ഏറ്റെടുത്ത ദൗത്യം വിജയിക്കാൻ സാധിച്ചതിനു പുറമേ അവിടത്തെ ഭൂപ്രകൃതിയെക്കൂടി വർണ്ണിച്ചിരുന്നു. 'ഇളകി കിടക്കുന്ന മണൽ, കളകളാരവം മുഴക്കുന്ന ഒരുപാടു നദികൾ, മൗനം തുളുമ്പുന്ന തടാകങ്ങൾ, ഇടുങ്ങിയ നദിക്കെട്ടുകൾ, കരിമ്പനക്കൂട്ടങ്ങൾ... കഷൽസൗകര്യം നന്നേ പ്രയാസം, കരിമ്പനത്തുണ്ടുകൾ ചങ്ങാടങ്ങളായി ഉപയോഗിക്കാം' എന്നിങ്ങനെ പോകുന്നു വിവരണം. ഭരണത്തിൽനിന്ന് വാൻ റീഡിനാൽ ഒഴിവാക്കപ്പെട്ട നിയോഹോഫ് കൊല്ലത്തെക്കുറിച്ചിപ്രകാരം എഴുതിയിരിക്കുന്നു. 'സുന്ദരമായ പൂന്തോട്ടങ്ങൾ, ഇടതൂർന്നു നില്ക്കുന്ന വൻവൃക്ഷങ്ങൾ, ഇടയ്ക്കിടെ തലയാട്ടിക്കൊണ്ടിരിക്കുന്ന കേരവൃക്ഷങ്ങൾ, അത്യന്തം ശുദ്ധമായ പ്രാണവായു.' 'ഫലഭൂയിഷ്ഠമായ ഭൂപ്രകൃതി, പഴവർഗ്ഗങ്ങൾ തഴച്ചുവളർന്ന ഭൂമി, കിന്നാരം പറയുന്ന കുരുമുളകുവള്ളികൾ, മരങ്ങളെ ആലിംഗനം ചെയ്യുന്ന മറ്റിളംവള്ളികൾ.' 'കുറ്റിച്ചെടിയിൽ നിറഞ്ഞു തുളുമ്പുന്ന മധുരനാരങ്ങകൾ, പുഴകൾനൃത്തം വയ്ക്കുന്ന ആ സുന്ദരഭൂമിയിൽ മുളകൾകൊണ്ടുള്ള വീടുകൾക്ക് കൗതുകമേറുന്നതായി തോന്നുന്നു. ഇടയ്ക്കെത്തിനോക്കുന്ന കരിങ്കൽ ക്കൊട്ടാരങ്ങൾ..." 'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന വരിയെ അന്വർത്ഥമാക്കുന്ന നിയോഹോഫിൻ്റെ വർണ്ണന വാൻ റീഡ് ശരിവയ്ക്കുകയും സസ്യശാസ്ത്ര തത്‌പരനായ നിയോഹോഫിനെ പിരിച്ചുവിട്ടത് ദോഷമായോയെന്ന് ശങ്കിക്കുകയും ചെയ്‌തു. ഒരു ഭരണാധികാരിയായും ഏറ്റെടുത്ത ഏതു ദൗത്യവും വിജയിപ്പിക്കുന്ന പ്രകൃതമുള്ളവനുമായ തനിക്ക് സസ്യനിരീക്ഷണ കാര്യത്തിൽ ഒരുപാടു പരിമിതികൾ ഉണ്ടെന്ന് അദ്ദേഹംതന്നെ സമ്മതിക്കുന്നുണ്ട്.”
|
..Link | |
| 3 | നീരിടങ്ങളിലെ കരപ്പറവകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“പല കരപ്പറവകൾക്കും വെള്ളത്തോട് ഇരബന്ധവും ആത്മബന്ധവുമുണ്ട്. മഴക്കാലം മിക്ക പക്ഷികൾക്കും പ്രണയപ്രജനനകാലമാണ്. വെള്ളത്...
“പല കരപ്പറവകൾക്കും വെള്ളത്തോട് ഇരബന്ധവും ആത്മബന്ധവുമുണ്ട്. മഴക്കാലം മിക്ക പക്ഷികൾക്കും പ്രണയപ്രജനനകാലമാണ്. വെള്ളത്തോടുള്ള ഈ ജൈവബന്ധം പ്രകടമാക്കുന്ന ചില പക്ഷികളെ നോക്കാം. മഴക്കാലത്തെ കാക്കക്കുളി കേരളത്തിൻ്റെ നാട്ടുകാഴ്ചയാണ്. തുന്നാരൻ എന്ന പറവ ഈർപ്പമുള്ള സ്ഥലങ്ങളിലാണ് കൂടുമെനയുന്നത്. പുഴയോരങ്ങളിലും കായലോരങ്ങളിലും നെൽപ്പാടങ്ങളിലും ഇവയെ കാണാം. അടയ്ക്കാപ്പക്ഷിയെന്നും ചാണക്കുരുവി എന്നും ഇവയ്ക്കു പേരുണ്ട്. തൂക്കണം കുരുവി (ആറ്റക്കുരുവി) സാധാരണ വളരെ ഉയരത്തിലാവും കൂടുണ്ടാക്കുന്നത്. എന്നാൽ ജലാശയങ്ങളുടെ മുകളിലാണെങ്കിൽ വളരെ താഴെയാവും കൂടുണ്ടാവുക. ശത്രു വെള്ളത്തിലൂടെ എത്തില്ലെന്ന ധൈര്യമാണവയ്ക്ക്. അതുപോലെ കായലാറ്റ എന്ന കിളികൾ ഉയർന്ന മരങ്ങളിൽ അല്ലെങ്കിൽ വെള്ളത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകളിലാണ് കൂടുകൂട്ടുക. വേമ്പനാട്ടിലും തെക്കൻ തടാകങ്ങളിലും ഇവയെ കാണാം. ആറ്റച്ചെമ്പനും ചുട്ടിയാറ്റയും വെള്ളത്തിനടുത്താവും കൂടുണ്ടാക്കുക. ജലജീവികളായ ഞണ്ടിനെയും തവളയെയും മത്സ്യത്തെയും ആഹരിക്കുന്ന കൃഷ്‌ണപ്പരുന്ത് നനവുള്ളിടത്താവും പാർക്കുക. വലയിടുന്നിടത്തും ഇവയെ കാണാം. വലക്കാരെ വകവയ്ക്കാതെ മീൻ റാഞ്ചി മറയാൻ ഇവയ്ക്ക് വിരുതു കൂടുതലാണ്. വ്യത്യസ്‌ത വേഗത്തിൽ പറക്കാൻ വൈദഗ്ദ്ധ്യമുള്ള പരുന്തുകൾ വെള്ളത്തിലൂടെ പോകുന്ന ഇരയെ ദൂരെനിന്നു കണ്ടുപിടിക്കുന്നു. ചക്കിപ്പരുന്ത് മറ്റൊരിനമാണ്. ചുട്ടിപ്പരുന്തെന്ന് മറ്റൊരിനവുമുണ്ട്. കാടക്കൊക്കുകളും നീർക്കാടയും തീരപ്രദേശത്തിന്റെ നിവാസികളാണ്. കൈതക്കള്ളൻ പേരു സൂചിപ്പിക്കുംപോലെ കൈതക്കാട്ടിലും പൊന്തയിലും കാണുന്ന ചെറിയതും വരകുറികളുള്ളതുമായ കിളിയാണ്. ഈറ്റപ്പൊളപ്പനാകട്ടെ കരപ്രദേശത്തും താമസിക്കും. വയൽക്കുരുവി മഴക്കാലത്ത് ചിലച്ചുതുടങ്ങുന്നു, താക്കോൽകൂട്ടംപോലെ. മലഞ്ചെരുവിലെ ചോലകളിലാണ് ചോലക്കുടുവൻ്റെ ഇടം. നീണ്ടു വളഞ്ഞ് മഞ്ഞ കൊക്കുള്ള ഇവർക്ക് ബുൾബുളിനെക്കാൾ നീളമുണ്ട്. വേഴാമ്പലും ചെമ്പോത്തും: നാടോടിക്കഥാകൗതുകം പകരുന്ന പറവകളാണ് വേഴാമ്പലും ചെമ്പോത്തും. മഴപെയ്യുമ്പോൾ മാത്രമേ വേഴാമ്പലിന് വെള്ളം കുടിക്കാനാകൂ എന്നു വിശ്വസിക്കപ്പെടുന്നു. ജലാംശം ധാരാളമുള്ള പഴങ്ങളാണ് അവ കഴിക്കുന്നതെന്നതുകൊണ്ട് വെള്ളം കുടിക്കേണ്ടതില്ലെന്നും .ഇവയുടെ ജന്മവുമായി ബന്ധപ്പെട്ട ഒരു നാടോടിക്കഥയുണ്ട്. ദാഹനീരുമായി ബന്ധപ്പെട്ടതാണത്. കന്നുകൾക്ക് വെള്ളം കൊടുക്കാതെ പശുക്കളെ പീഡിപ്പിച്ച ചാത്തൻ എന്ന ആൾ ഗോശാപത്താൽ വേഴാമ്പലായി തീർന്നു എന്നാണ് കഥ . മൃഗങ്ങൾക്ക് വെള്ളം കൊടുക്കുവാനുള്ള ഉപകരണമായ ‘കട്ടോടം’ തലയിൽ ചുമന്നു കൊണ്ടും ദാഹം സദാ അനുഭവിച്ചു കൊണ്ടും ജീവിക്കണം എന്നായിരുന്നു ശിക്ഷ. ‘കട്ടോടൻ ചാത്തൻ’ എന്നു വേഴാമ്പലിനു പേര് വരാൻ കാരണം ഈ കഥയാണ്. മഴനീര് കട്ടോടത്തിലൂടെ വീണാൽ മാത്രമേ ഇവയ്ക്ക് വെള്ളം കുടിക്കാനാവു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ‘മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ‘ എന്ന് നാടോടി സങ്കല്പം / ചൊല്ല് രൂപപ്പെട്ടു നിലനിൽക്കുന്നത്. പുരാതനകാലങ്ങളിൽ തന്നെ കാർമേഘവർണ്ണനയുടെ ഒരു ഘടകമാണ് ഈ വേഴാമ്പൽ ദുഃഖം. മലയാളസാഹിത്യത്തിന്റെ വ്യത്യസ്ത ദശകളിൽപോലും ഈ ‘വേഴാമ്പൽ കാത്തിരിപ്പ് ‘രൂപകമായി കടന്നുവരുന്നത് കാണാം. വേഴാമ്പലിന് വെള്ളം കിട്ടാതിരിക്കെ, ചെമ്പോത്തിന് ഇരുമ്പുരുക്കി വെള്ളമാക്കാൻ കഴിവുള്ള വിദ്യ അറിയാമെന്ന് നാടോടി വിശ്വാസം. ചെമ്പോത്തിന്റെ കൂടു കണ്ടുപിടിക്കാൻ ആയാൽ മാത്രമേ ചെമ്പോത്തിനെ കൊണ്ട് ഇക്കാര്യം സാധിച്ചു കിട്ടുകയുള്ളൂ എന്ന് മാത്രം. വെള്ളത്തിൻ്റെ അഭാവവും പ്രഭാവവും ഉച്ചകോടിയിൽ നിൽക്കുന്ന നാടോടി കൗതുകങ്ങളാണ് ഇവ രണ്ടും. “
|
..Link | |
| 4 | പുള്ളുദീനവും പക്ഷിപീഡയും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>പി. കെ. കുഞ്ഞിരാമൻ പുള്ളുവൻ, തളിപ്പറമ്പ്</p> <p>എൻ. വി. കണ്ണപ്പെരുവണ്ണാൻ, പഴയങ്ങാടി</p> <p>പുള്ളുവൻ നാരായണൻ വൈദ്യർ, തളിപ്പറമ്പ്</p> |
“ആദിമജനതയുടെ ആചാരങ്ങളിൽ പക്ഷികളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസങ്ങളും അപൂർവ്വമായി നിലനിൽക്കുന്നു. നാടോടി സംസ്കാരത...
“ആദിമജനതയുടെ ആചാരങ്ങളിൽ പക്ഷികളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസങ്ങളും അപൂർവ്വമായി നിലനിൽക്കുന്നു. നാടോടി സംസ്കാരത്തിൽ വംശോത്പത്തികഥയിൽപോലും പക്ഷിക്കുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ് പുള്ളുവരുടെ ഉത്പത്തി പുരാവൃത്തം. മക്കളില്ലാത്തവർക്ക് സ്വർഗ്ഗം നിഷിദ്ധമായതുകൊണ്ട് മന്നപാല മഹർഷിക്ക് സ്വർഗ്ഗം ലഭിക്കില്ലെന്ന് ദേവൻമാർ പറഞ്ഞു. ചുറ്റിലും നോക്കിയ മന്നപാല മഹർഷി പുള്ളുപക്ഷിയുടെ കൂടും അതിലെ മുട്ടകളും കണ്ടു. മഹർഷി തൻ്റെ ചൈതന്യത്തെ ആ മുട്ടകളിലേക്ക് പ്രവേശിപ്പിക്കുകയും ഇരുപത്തൊന്ന് ദിവസംകൊണ്ട് ആ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാവുകയും ചെയ്‌തു. നിങ്ങൾ ഭൂലോകത്തു ചെന്ന് പാട്ടുപാടിയും ചികിത്സ ചെയ്‌തും ജീവിച്ചുകൊള്ളുക എന്നു പറഞ്ഞ് മഹർഷി അവരെ അനുഗ്രഹിച്ചു. ആ സന്തതിപരമ്പരയാണ് തങ്ങളെന്നും അതിനാൽ പുള്ളുദീനത്തിനുള്ള ചികിത്സയ്ക്കുള്ള അധികാരം തങ്ങൾക്കുമാത്രം ഉള്ളതാണെന്നും ഇവർ വിശ്വസി ക്കുന്നു. പുള്ളുദീനം ഒഴിപ്പിക്കൽ: ചെറിയ കുട്ടികൾക്കാണ് പുള്ളുദീനം ഉണ്ടാകുന്നത്. ഗർഭിണിയായ സ്ത്രീ രാത്രി വീടിനു പുറത്തേക്ക് പോകുമ്പോൾ പുള്ളുപക്ഷി ഗർഭിണിയുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയാൽ പ്രസവാനന്തരം കുട്ടിക്ക് ഈ ദീനം ഉണ്ടാകും എന്നാണ് രോഗകാരണത്തെക്കുറിച്ചുള്ള വിശ്വാസം. കുട്ടിയുടെ വയർ വീർത്തിരിക്കും. കൈയും കാലും മെലിഞ്ഞും തല ചെറുതായും ഇരിക്കും. കുട്ടി ശബ്ദിക്കുന്നത് പുള്ളിനെപ്പോലെ ആയിരിക്കും. രോഗി പക്ഷിയുടെ നോട്ടത്തിന്റെ രീതിയിൽ നോക്കുകയും ചിറകു കുടയുന്നതുപോലെ കൈകാൽ ഇട്ടടിക്കുകയും ചെയ്യും. ഭക്ഷണത്തിന് ആർത്തി കാണിക്കും. അമ്മയ്ക്ക് മുലപ്പാൽ ഉണ്ടാകില്ല. മരുന്നിനു പുറമേ മാന്ത്രികക്രിയ ചെയ്‌തില്ലെങ്കിൽ കുട്ടി ജീവിക്കുകയില്ലെന്നാണ് വിശ്വാസം. ലക്ഷണപ്രകാരം അസുഖം പുള്ളുദീനമാണെന്നു തീരുമാനിക്കപ്പെട്ടാൽ ചികിത്സയുടെ ആദ്യപടി മാന്ത്രികകർമ്മങ്ങളാണ്. രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും പുള്ളുബാധയെ നീക്കലിൻ്റെ ചടങ്ങുകൾ നടത്തുന്നു. മലര്, ഇളനീര്, കോഴി, തേങ്ങ, ഉണങ്ങലരി, പുഴുക്കലരിതുടങ്ങിയ പൂജാദ്രവ്യങ്ങൾക്കു പുറമേ കുളത്തിലെ പാവി, ജീവനോടെയുള്ള കണ്ണിപ്പരൽമത്സ്യം എന്നിവകൂടി വേണം. അരി പരത്തി ഓട്ടിലിട്ട് വാട്ടിയെടുത്ത ഓട്ടട, കുഴച്ച മണ്ണുകൊണ്ടുണ്ടാക്കിയ മണ്ണട, കരിയരച്ച് ഇലയിലാക്കി ചുട്ട കരിയട എന്നീ വിശേഷദ്രവ്യങ്ങൾ പൂജയ്ക്കു പ്രധാനമാണ്. മദ്യവും പൂജയ്ക്കു കൂടിയേ കഴിയൂ. കുട്ടിയെ കുളിപ്പിക്കാനുള്ള വെള്ളം തയ്യാറാക്കുന്നതിലെ വിചിത്ര ആചാരവും ശ്രദ്ധേയമാണ്. ഏഴു വീടുകളിലെ കിണറുകളിൽനിന്ന് ആ വീടുകളിലെ വീട്ടുകാർ ഉണരുന്നതിനുമുന്നേ വെള്ളം ശേഖരിക്കണം. ഇവ കൊണ്ടു വന്ന് കൂട്ടിചേർത്ത് വെക്കണം. ഇങ്ങനെ മൂന്നു ദിവസം കൊണ്ടു വരണം. ഈ വെള്ളംകൊണ്ട് കുട്ടിയെ ആദ്യമായി അകത്തു നിന്ന് കുളിപ്പിക്കുന്നു. പിന്നെ പുറത്തു നിന്ന് കുളിപ്പിക്കുന്നു. പിന്നെ വരച്ച കളത്തിൻ്റെ അരികിൽ നിന്ന് കുളിപ്പിക്കുന്നു. വീടിൻ്റെ പുറന്തളത്തിൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, ചുകന്നപൊടി, പച്ചപ്പൊടി ഇവകൊണ്ട് കളം വരയ്ക്കുന്നു. പീഡയുള്ള കുട്ടിയെ മടിയിലിരുത്തി അമ്മ കളത്തിൽ മൂന്നു നേരവും അരമണിക്കൂർ വീതം ഇരിക്കണം. കളത്തിൻ്റെ നാലു ഭാഗങ്ങളിലായി ഇലയിൽ തിരി കത്തിച്ചു വെക്കും. പൂജ കഴിഞ്ഞാൽ ഉഴിയാൻ കൈബലി തയ്യാറാക്കേണ്ടതുണ്ട്. വാഴ ഒരടി നീളത്തിൽ മുറിച്ചുകൊണ്ടു വരുന്നു. അതിനു മുകളിൽ തിരിയോല ചീന്തി ധാരാളമായി ഭംഗിയിൽ കുത്തിവെക്കുന്നു. ഈ തട്ടിനു നടുവിൽ മുക്കണ്ണൻ (മൂന്നു തണ്ടുള്ള) കോത്തിരി കത്തിച്ച് കുത്തിനിറുത്തുന്നു. ഈ കൈബലിയിൽ കോഴിയെ അറുത്ത് ചോര ഒഴിക്കണം. രാവിലെ, ഉച്ചയ്ക്ക്, രാത്രി ഇങ്ങനെ മൂന്നു നേരം ചെയ്യുന്ന മാന്ത്രികാനുഷ്ഠാനത്തിൻ്റെ ഒടുവിൽ ഈ കൈബലികൊണ്ടുള്ള ഉഴിച്ചിൽചടങ്ങ് നടത്തുന്നു. രാവിലെയും ഉച്ചയ്ക്കും ഉള്ള കർമ്മങ്ങൾ അരമണിക്കൂർ വീതം ഉള്ളതാണ്. രാത്രിയിലത്തെ കർമ്മങ്ങൾ കഴിയാൻ ഏതാണ്ട് പ്രഭാതമാകും. ഗണപതിനിവേദ്യത്തോടെ പൂജ ആരംഭിക്കുന്നു. ധാരാളം സ്തോത്രങ്ങളും പാട്ടുകളും ഇതുമായി ബന്ധപ്പെട്ട് രാത്രിസമയത്തെ ചടങ്ങിൽ പാടി വരുന്നു. ഇതിൽ ഭൈരവൻസ്തോത്രവും കാളീസ്തോത്രവും പ്രധാനമാണ്. പക്ഷിപീഡയ്ക്ക് ഓല വായിക്കൽ: വണ്ണാൻ സമുദായക്കാരും പക്ഷിപീഡയ്ക്ക് വ്യത്യസ്‌തമായ രീതിയിൽ മാന്ത്രികക്രിയകളും മരുന്നുകളും ചെയ്‌തുവരുന്നു. ഗർഭിണിയായ സ്ത്രീയുടെ തലയ്ക്കു മുകളിൽക്കൂടി പുള്ളുപക്ഷി പറന്നുപോയാൽ ആ സ്ത്രീ പ്രസവിച്ച കുട്ടിക്ക് ഉണ്ടാകുന്നതാണ് പുള്ളുരോഗം എന്നു തന്നെയാണ് ഇവരുടെയും വിശ്വാസം. 'ഓല വായിച്ചുനീക്കൽ' ആണ് അതിന് വണ്ണാൻമാർ ചെയ്യുന്ന മുഖ്യമായ കർമ്മം. വീടിൻ്റെ പുറത്തളത്തിൽ പഞ്ചവർണ്ണപ്പൊടികൊണ്ട് പക്ഷിക്കളം വരയ്ക്കുന്നു. അരിപ്പൊടി, കരിപ്പൊടി, മഞ്ഞൾപ്പൊടി, ചുകപ്പുപൊടി (നൂറും മഞ്ഞളും ചേർത്തത്), പച്ചപ്പൊടി (കുങ്കുമമരത്തിന്നില പൊടിച്ചത്) ഇവകൊണ്ട് അഷ്ടകോണിട്ട് അതിനുശേഷം കർണ്ണികാരവൃത്തം വരച്ച് അതിനു മുകളിൽ അഞ്ചു പക്ഷിയുടെ പഞ്ചവർണ്ണത്തിലുള്ള രൂപം വരച്ച് വെക്കുന്ന ഈ കളം ഏതാണ്ട് ഒരു മീറ്റർ വ്യാസാർദ്ധമുള്ളതായിരിക്കും. ആ കത്തളത്തിനു നടുവിൽ പിലാവിറക്, കൊന്നവിറക്, പാറോംവിറക്, കൂരാം വിറക്, വലിയ കടലാടി ഇവകൊണ്ട് അഗ്നി ജ്വലിപ്പിച്ച് ഹോമകുണ്ഡം തയ്യാറാക്കുന്നു. പുതുക്കുടുക്കയിൽ (മൺകലം) കറുത്തരി (നെല്ലിൻ്റെ ചൂളി മാത്രം പോയ അരി) കൊണ്ട് ചോറുണ്ടാക്കുന്നു. നൈച്ചിങ്ങ (അട്ടക്കൂട്), മണ്ണട്ട, പോത്രാം കണ്ണി(നെറ്റിയിൽ സ്വർണ്ണനിറമുള്ള ചൊട്ടയുള്ള മത്സ്യം), പീച്ചാളി (വയലുകളിൽ കാണുന്ന ഞണ്ടുവർഗ്ഗത്തിൽപ്പെട്ട ഒരിനം), പക്ഷിപീഡ ബാധിച്ച കുട്ടിയുടെ നഖം, മുടി എന്നിവയും ചേർത്തു വേണം ചോറ് വേവിച്ചെടുക്കാൻ. പിന്നീട് അത് ഒരു വാഴയിലയിൽ ഇട്ട് അതുകൊണ്ട് ഒരു ആൾരൂപം ഉണ്ടാക്കുന്നു. ഈ കർമ്മം നടത്തുന്നതിനു മുന്നേ പുള്ളുപീഡ ബാധിച്ച കുട്ടിയെ കുളിപ്പിക്കേണ്ടതുണ്ട്. മൂന്നു ദിവസംകൊണ്ടു നടത്തുന്ന ഈ കർമ്മം തുടങ്ങുന്ന ആദ്യദിവസംതന്നെ കാക്കയും കോഴിയും ഇര എടുക്കുന്നതിനു മുമ്പ് (പ്രഭാതത്തിനു മുന്നേ) നാലു കിണറ്റിൽനിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് ഒരു മൺകുടത്തിലാക്കി അതിൽ നാല്പാമരം, പാറമുള്ള്, പാറ ഇറച്ചി ഇവയിട്ട് വായ മൂടിക്കെട്ടി പൂജിക്കും. പാനിയിൽ സംഭരിച്ചു വെച്ച് പൂജിച്ചുവെച്ച ഈ വെള്ളംകൊണ്ടു വേണം കുട്ടിയെ കർമ്മാവസാനം കുളിപ്പിക്കാൻ. കർമ്മം തുടങ്ങുമ്പോൾ കുട്ടിയെ മടിയിലിരുത്തി അമ്മ കളത്തിനരികെ വന്ന് ഇരിക്കണം. ഗണപതിവിളക്ക് വലതുഭാഗത്ത് കത്തിച്ചുവെക്കും. പഞ്ചങ്ങളും ഗുരുതിയും മുതിർച്ചയും കളത്തിനരികെ വെക്കണം. കർമ്മി ആദ്യം ചുകന്ന ഗുരുതി, കറുത്ത ഗുരുതി ഇവ രണ്ടു കൈകൊണ്ടും തൊട്ട് കുട്ടിയുടെ മൂർദ്ധാവ് മുതൽ പാദം വരെ മൂന്നു തവണ ഉഴിയുന്നു. ഇതിനു സന്ധുകർമ്മം എന്നാണ് പറയുന്നത്. 'ദൃഷ്ടിയും മാറും നനയ്ക്കൽ' എന്നും പറയാറുണ്ട്. അതിനുശേഷം ആൾരൂപത്തിനു മുകളിൽ മൂന്നു നറുക്കില വെച്ച് അതിൽ അരിയും മലരും വിതറി മൂന്നു തിരി കത്തിച്ച് കുട്ടിയെ ഉഴിഞ്ഞ് നറുക്കിലയിൽ വെക്കുന്നു. ആൾരൂപത്തിൻ്റെ ശിരസ്സിലും ഉദരത്തിലും പാദത്തിലും ആണ് നറുക്കില വെക്കുന്നത്. ദൃഷ്ടിയും മാറും ഉഴിയുമ്പോൾ താഴെ പറയുന്ന മന്ത്രം ചൊല്ലുന്നു. "ഓം അടി ശുദ്ധിയായ നമഃ മുടി ശുദ്ധിയായ നമഃ മൂർത്തി തൊട്ടു മൂലാധാരം സ്വാധിഷ്ടാനം, മണി പൂരകം, ശുദ്ധി, ആജ്ഞ ഇങ്ങനെ ആറാധാരത്തിൽ പിടിക്കും നീരോടുനിലമിറങ്ങിപോക; ആദിമൂല ശ്രീ പരമഗുരുവേ സ്വാഹാം ഗുരുവിനാണ. ” ചോറുണ്ടാക്കാൻ കളത്തിനു നടുവിൽ മുകളിൽ പറഞ്ഞ വിറകുകൾ കൂട്ടി കത്തിച്ചു കറുത്ത അരി വെച്ചു കഴിഞ്ഞാൽ ചോറാകുന്നതുവരെ കളത്തിനു മുന്നിലിരുന്നാണ് ഓല വായിക്കുന്നത്.” |
..Link |
| 5 | നീരിടങ്ങളിലെ പറവകൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
മീൻകൊത്തി:
“ 'മീൻകൊത്തി' എന്ന പേരിൻ്റെ കാരണം വ്യക്തമാണല്ലോ. മീൻകൊത്തികൾ പല തരം ഉണ്ട്. ചെറിയ മീൻകൊത്തി, ...
മീൻകൊത്തി: “ 'മീൻകൊത്തി' എന്ന പേരിൻ്റെ കാരണം വ്യക്തമാണല്ലോ. മീൻകൊത്തികൾ പല തരം ഉണ്ട്. ചെറിയ മീൻകൊത്തി, വലിയ മീൻകൊത്തി, മീൻ കൊത്തിച്ചാത്തൻ, കാക്ക മീൻകൊത്തി എന്നിങ്ങനെ. ചെറിയ മീൻകൊത്തിക്ക് അങ്ങാടിക്കുരുവിയുടേതിനെക്കാൾ അല്പംകൂടി വലിപ്പം കാണും. ചെറിയ വാല് ഇടയ്ക്കിടെ താളം പിടിച്ചുകൊണ്ട് വെള്ളത്തിലേക്കു നോക്കിയിരിക്കുന്ന ഈ ചെറുപറവ ശരംപോലെ പാഞ്ഞ്, വെള്ളത്തിൽ വീഴുന്നു. തിരികെ പറക്കുമ്പോൾ കൊക്കിൽ മീൻ പിടയുന്നുണ്ടാവും. വെള്ളത്തിനു മീതെ നിശ്ചിത സ്ഥലത്ത് പറന്നു നിൽക്കാൻ (മുന്നോട്ടു പോകാതെ) ഇവയ്ക്കു കഴിയും. വലിയ മീനാണ് കൊക്കിലുടക്കിയതെങ്കിൽ അതിനെ കല്ലിലോ മരച്ചില്ലയിലോ തല്ലി പരുവപ്പെടുത്തി വിഴുങ്ങുന്നു. പുള്ളിമീൻ കൊത്തിയും ഈ രീതി തന്നെ അവലംബിക്കുന്നു. മീൻകൊത്തിച്ചാത്തന് വലിപ്പം കൂടും. ആ പറവ പാറി നിൽക്കില്ല. 'ക്ലെ ക്ലെ' എന്നു ശബ്ദിക്കുന്ന ഇവ മഴക്കാലത്ത് 'കിലു കിലു' എന്നു പാടും. പ്രേമവും പ്രജനനവും മഴക്കാലത്താണ്. കുളം, പുഴ, വെള്ളക്കെട്ടുകൾ, വയലുകൾ ഒക്കെയാണ് ഇവറ്റയുടെ സങ്കേതങ്ങൾ. വലിയ കൊക്ക് ഇവയുടെ പ്രത്യേകതയാണ്. മുങ്ങാക്കോഴി: ജലകേളിയിൽ മിടുക്കരായ മുങ്ങാക്കോഴികൾ പൂർണ്ണമായും നീർപ്പക്ഷികളാണ്. അലയിളകാതെ താഴ്ന്ന് ഊളിയിട്ട് ആഴത്തിലേക്ക് പോകാനുള്ള വിരുത് അപാരമാണ്. ഇടയ്ക്കിടയ്ക്ക് പൊന്തിവരുന്ന ഇവർ നന്നായി പറക്കുകയും ചെയ്യുന്നു. കുറേ നേരം വെള്ളത്തിനുമുകളിൽ മുന്നോട്ട് ഓടിയാണ് പറക്കുക. അഞ്ഞൂറോളം കിലോമീറ്റർ സഞ്ചരിച്ചെത്തുന്ന ഇവർ ഒരിടത്ത് ആറു മാസംവരെയുണ്ടാകും. ചണ്ടിയും ആമ്പലുമുള്ള കുളങ്ങൾ പ്രിയമാണ്. നീന്തൽമത്സരവും പ്രേമവും ഇടകലരുന്ന ഇവരുടെ പ്രജനനകാലം മഴ കഴിയുന്നതോടെയാണ്. വെള്ളത്തോടുള്ള ഇവറ്റയുടെ മമത മെയ്‌വഴക്കത്തിൽ വെളിപ്പെട്ടുന്നു. ചേരക്കോഴി: നീണ്ടുനേർത്ത കഴുത്തും കറുപ്പുനിറവുമുള്ള ചേരക്കോഴിക്ക് ചക്കിപ്പരുന്തിൻ്റെ വലിപ്പം ഉണ്ട്. വെള്ളതൂങ്ങുന്ന തൂവലുകൾ. വാലഗ്രം അർദ്ധവൃത്തം. താറാവിൻ്റേതുപോലെ കാലുകൾ. മുങ്ങാങ്കുഴിയിടാൻ സമർത്ഥർ. വേഗത്തിൽ പറക്കും. പകൽ ചിറകു നിവർത്തി നിൽക്കും. കായലുകളും തടാകങ്ങളുമാണ് സങ്കേതം. മലമ്പുഴപോലുള്ള സ്ഥലങ്ങളിൽ ധാരാളം കാണാം. കൂർത്തു നീണ്ട കൊക്കിന്റെ വക്കിലെ 'പല്ലു'കളിൽ ഇര കുടുങ്ങിക്കിടക്കും. മഴക്കാലത്താണ് പ്രജനനം. കുളക്കോഴികൾ: വെള്ളവും പൊന്തക്കാടും ഇടകലരുന്നയിടങ്ങളിൽ നിലത്തു നടന്ന് ഇരതേടുന്ന കുളക്കോഴികൾ കേരളീയരുടെ നാടോടിസംസ്കൃതിയിൽ പരിചിതമാണ്. തീപ്പൊരിക്കണ്ണൻ വലിയ കോഴിയാണ്. ചതുപ്പുകളിൽ കാണപ്പെടുന്നു. മിന്നിത്തിളങ്ങുന്ന ഊതയും പച്ച കലർന്ന നീലയും ചേർന്ന നീലക്കോഴികൾ കാഴ്‌ചയിൽ സുന്ദരമാണ്. നെല്ലിക്കോഴികൾ എന്ന വേറെയിനവും കാണാം. ഈർക്കിലിക്കാലൻ എന്നും ചവറുകാലി എന്നും പേരുള്ള താമരക്കോഴികൾക്ക് നീണ്ട കാലും വിരലുമാണ് ഉള്ളത്. ഇവ ജലസസ്യങ്ങൾക്കു മുകളിലൂടെ തെന്നി നടന്നു പോകും. പിടക്കോഴിക്കാണ് പൂവനെക്കാൾ കരുത്തുള്ളത്. നാടൻ താമരക്കോഴി, വാലൻ താമരക്കോഴി എന്നിങ്ങനെ വകഭേദങ്ങൾ വേറെയുമുണ്ട്. ആറ്റുമണൽക്കോഴി മണലിലെ കുഴിയെ കൂടായി സ്വീകരിക്കുന്നു. പാലക്കാടൻ പുഴയോരങ്ങളിലാണിവ കാണപ്പെടുക. ചെറുമണൽക്കോഴി, പൊൻമണൽക്കോഴി, ചാരമണൽക്കോഴി എന്നിങ്ങനെ മണൽക്കോഴികളും അനേകമിനമുണ്ട്. കേരളത്തിൽ കോഴിയിനങ്ങൾ സൗമ്യമായി ജീവിച്ചുപോന്നിരുന്നു. ഇന്നു മിക്കയിനങ്ങളും നശിച്ചുകഴിഞ്ഞു. ജലാശയങ്ങളുടെയും നീരിടങ്ങളുടെയും മരണം ഈർപ്പത്തോടു ജൈവബന്ധമുള്ള നീർക്കോഴികൾക്കും മരണം വിധിക്കുന്നു. നീർകൊക്കുകൾ: ജലസമ്പർക്കമില്ലാതെ നിലനിൽക്കാൻ കഴിയാത്ത പറവകളാണ് കൊക്കുകൾ. വെടിവെച്ചും കെണിവെച്ചും ഒരിടത്ത് ഇവ നശിക്കുമ്പോൾ നീരിടങ്ങളുടെ അഭാവത്താൽ മറുവശത്ത് ഇല്ലാതാകുന്നു. കർഷകന്റെ കൂട്ടായ ഈ പറവയില്ലാത്ത കേരളത്തെ സങ്കല്പിക്കുക വയ്യ. കാഴ്‌ചയിൽ തവിട്ടും പറക്കുമ്പോൾ വെള്ളയുമായ കുളക്കൊക്ക് ഋതുക്കൾക്കനുസരിച്ച് നിറം മാറുന്നവയാണ്. ഉറങ്ങുംപോലെ നടിച്ച് വെള്ളത്തിൽ ഉറ്റുനോക്കിയിരിക്കുന്ന ഇവ പെട്ടെന്നു കഴുത്തു നീട്ടി മീൻ പിടിക്കുന്നു. പനമരത്തിൽ കൂടുണ്ടാക്കുന്ന ഇവ മഴക്കാലത്ത് പ്രജനനം നടത്തുന്നു. കഴുകനോളം വലിപ്പവും നീണ്ട കാലുമുള്ള ചാരനിറക്കാരായ കൊക്കുകളാണ് ചാരമുണ്ടി. ഇപ്പോൾ അപൂർവ്വം. ഇവയ്ക്ക് കഠാരപോലെ കൂർത്ത കൊക്ക് ഉണ്ട്. നിശ്ചലരായിരുന്നു മീൻ പിടിക്കും. ജലസമൃദ്ധിയുള്ള സ്ഥലത്തു കാണപ്പെടുന്നു (കാണപ്പെട്ടിരുന്നുവെന്നു പറയേണ്ട കാലമായി). ചാര-ഊതനിറത്തിൽ മെലിഞ്ഞ ശരീരക്കാരാണ് ചായുമുണ്ടികൾ. ഇവയ്ക്ക് പുൽക്കൂട്ടങ്ങളാണ് പഥ്യം. വെള്ളരിക്കൊക്കുകൾ മെലിഞ്ഞവരാണ്. കഴുത്തിനസാധാരണ നീളം. പെരുമുണ്ടി, കാലിമുണ്ടി, തിരമുണ്ടി, ചെറുമുണ്ടി, ചിന്നമുണ്ടി എന്നിങ്ങനെ വകഭേദങ്ങൾ. ഇവയിൽ ചിലതിന് ആഭരണത്തൂവലുകൾ കാണാം. (പ്രജനന കാലത്ത്) ഒരുകാലത്ത് വെള്ളക്കാർക്ക് ഇവയോട് ഭ്രമം തോന്നി. സ്ത്രീകൾക്ക് അണിയാൻവേണ്ടി ഇവ വിപണനം ചെയ്യപ്പെട്ടു. അന്ന് വമ്പിച്ച വംശനാശത്തിന് ഇരയായെങ്കിലും വളർത്താൻ തുടങ്ങിയതോടെ അവ രക്ഷപ്പെട്ടു. മേയുന്ന മൃഗങ്ങളെ അനുഗമിക്കുന്നത് ഇവരിൽ പ്രധാനമായും കാലിമുണ്ടികളാണ്. തിരമുണ്ടിക്ക് കടലും കായലും പ്രിയം.
പാതിരാക്കൊക്കിന് കുളക്കൊക്കിൻ്റെ ആകൃതിയാണ്. പകലുണ്ണാൻ എന്നും ഇവയ്ക്ക് പേരുണ്ട്. മാണിക്യക്കണ്ണുകളാണ് ഇവയ്ക്കുള്ളത്. പുഴ ,കായൽ, തടാകം എന്നിവിടങ്ങളിലാണ് വാസം. ഇവ രാത്രി മാത്രമേ ഇര തേടുകയുള്ളൂ. പകൽ ഒളിഞ്ഞിരിക്കുന്ന ഇവ കൂടുതൽ കാണപ്പെടുന്നത് കുമരകത്താണ്. മഴക്കൊച്ച കൈതക്കാടുകളിൽ ഒളിച്ചിരിക്കുന്നു. മഴയിൽ പുറത്തുവന്ന് ഇര തേടുന്നു. കുളക്കൊക്കിനെക്കാൾ ചെറുതാണ് ഇവർ. ചെമ്പിച്ച തവിട്ടു നിറം. 'ക്കൊ' എന്നു ശബ്ദിക്കുന്ന ഇവർ മഴക്കാലത്ത് കൂടുനിർമ്മിച്ച് മുട്ടയിടുന്നു. മറ്റൊരു ഇനമാണ് കരിങ്കൊച്ച. നാണം കുണുങ്ങികളായ ഇവയ്ക്ക് കറുപ്പുനിറമാണ്. ചിന്നക്കൊക്ക്: കുളക്കൊക്കിനെക്കാൾ ചെറുതാണ്. കരുവാരക്കുരുവാകട്ടെ മൂന്നര അടി ഉയരമുള്ള കൂറ്റനാണ്. തടിച്ചു കൂർത്തു നീണ്ട കറുത്ത കൊക്ക്. തേക്കടി, തട്ടേക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ കാണാം. ചെറിയ നീർക്കാക്ക: ചേരക്കോഴിക്കൊപ്പമാണു കാണപ്പെടുക. തിളക്കമുള്ള കറുപ്പ്. കുറിയ കഴുത്ത്. കാക്കത്താറാവെന്നും പേര്. മുങ്ങാക്കോഴിയെപ്പോലെ പറക്കും. ഊളിയിടും. അണിചേർന്നാണു പറക്കുക. കോട്ടയം - തിരുവനന്തപുരം ഭാഗത്ത് കാണാം. എരണ്ടകൾ: താറാവിനോടാണ് സാമ്യം. ഋതുക്കളിൽ നിറം മാറുന്ന ഇവർ ദേശാടനം ചെയ്യുന്നു. ജലസസ്യങ്ങളും മറ്റും കഴിക്കുന്ന ഈ രാപ്പക്ഷി വെള്ളമുള്ളിടത്തെ ചില ചെറുജീവികളെയും ഭക്ഷിക്കുന്നു. വെള്ളക്കണ്ണി, പച്ച എരണ്ട, ചൂളൻ എരണ്ട, വരി എരണ്ട എന്നിങ്ങനെ ഇനഭേദങ്ങൾ. വ്യൂഹം ചമഞ്ഞ് കൂട്ടമായി ഇവ പറക്കുന്നു. ഏറിയകൂറും നീർപ്പക്ഷിയാണിത്.”
|
..Link | ||
| 6 | മാവിലൻ പാട്ട് | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ഓരോ സമുദായവും മറ്റൊന്നിനെക്കാൾ ഉന്നതമാണ് തങ്ങളുടെ സാമൂഹിക പദവി എന്ന് വിശ്വസിക്കുകയും അതിന് ഉപോദ്ബലകമായ പുരാവൃത്തങ്...
"ഓരോ സമുദായവും മറ്റൊന്നിനെക്കാൾ ഉന്നതമാണ് തങ്ങളുടെ സാമൂഹിക പദവി എന്ന് വിശ്വസിക്കുകയും അതിന് ഉപോദ്ബലകമായ പുരാവൃത്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. തങ്ങൾ പുലയർ, ചെറോന്മാർ, വേട്ടുവർ എന്നിവരെ അപേക്ഷിച്ച് ഉന്നതരാണെന്ന് കരുതുന്നവരാണ് മാവിലർ. കൊറഗരെ ഇവർ അയിത്തക്കാരായാണ് കാണുന്നത്. ചെറോന്മാരെക്കുറിച്ച് ഇവരുടെ പഴമൊഴി 'ചെറോക്കൂട്ട് പട്ടം മുറ്റെ' എന്നാണ്. ചെറോന്മാരുമായുള്ള കൂട്ട് പട്ടം (പുര) ത്തിൻ്റെ മുറ്റം വരെ മാത്രമേ പാടുള്ളുവത്രെ. ആചാരോപചാരങ്ങൾ,ആരാധനാരീതികൾ, ഉത്സവാഘോഷങ്ങൾ, സംസ്കാരച്ചടങ്ങുകൾ, വിശ്വാസങ്ങൾ, വിലക്കുകൾ, ഭക്ഷണരീതികൾ, വേഷവിധാനങ്ങൾ, വ്യവഹാരഭാഷ തുടങ്ങിയവയിലെല്ലാം പുരാതനത്വം കാത്തുപോരുന്ന മാവിലർ ദ്രാവിഡ സംസ്കൃതിയുടെ വിധാതാക്കളാണെന്നു പറയാം. പണ്ടൊരുകാലത്ത് ചെറുമന്മാർ എന്ന് മറ്റുള്ളവർ പേരിട്ടുവിളിച്ചിരുന്ന ഇക്കൂട്ടരാണ് ക്രി. മുൻപ് 4000-വും 5000-വും വർഷങ്ങൾക്കു മുമ്പ് നമ്മുടെ വനവിഭവങ്ങളുടെ സൗന്ദര്യവും സുഗന്ധവും കടലിനക്കരെവരെ എത്തിച്ചതെന്ന് കരുതണം. അങ്ങനെ കേരളത്തിൻ്റെ പ്രാക്തന സംസ്‌കാരസുഗന്ധം മറുനാടുകളിലെത്തിച്ച ഈ അധഃകൃതർ ആദികേരളത്തിൽ കാട്ടരചന്മാരായി കഴിഞ്ഞിരുന്നു എന്നൂഹിക്കാം. ബുദ്ധിയും കൗശലവും കൈമുതലുള്ള പുതിയ വർഗ്ഗം കടന്നുവന്നതോടെ ചെറുമന്മാർ ചെറോന്മാരും പുല (കൃഷിനിലം) ത്തിൻ്റെ ഉടമകളെ പേരിൽമാത്രം പുലയരും കാടിന്റെ ഉടമകളെ കാടന്മാരുമാക്കി അധഃപതിപ്പിക്കുകയായിരുന്നു.
മാവിലരുടെ ജീവിതമുഹൂർത്തങ്ങളിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന തുടിതാളവും പാട്ടും സവിശേഷമായ ഒരു ഘടകമാണ്. നിരക്ഷരതയും പേറി കാലപ്പടവുകളിലൂടെ കേറിവന്ന മാവിലമൂപ്പന്മാർ വാമൊഴി വഴക്കങ്ങളിലൂടെയാണ് വർഗ്ഗസംസ്‌കൃതി സംരക്ഷിച്ചുപോന്നത്. ഒരർത്ഥത്തിൽ ജീവിത സംസ്കാരക്രിയകളിലുടനീളം പാടി വന്ന ഈ പാട്ടുകൾ സ്വസമുദായ പാരമ്പര്യ സമ്പന്നത അനുസ്മരിക്കാനും സമൂഹജീവിതത്തിൽ പരിപാലിക്കപ്പെടേണ്ട ധാർമ്മികമൂല്യങ്ങൾ ഏതെന്നറിയിക്കാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയാനുമാണ് ശ്രമിച്ചിട്ടുള്ളത്. സമൂഹത്തിന് വേണ്ട സന്മാർഗ്ഗോപദേശങ്ങൾ പ്രതിപാദിക്കുന്ന അനേകം പാട്ടുകളിലൂടെ ഒരുതരത്തിലുള്ള അനൗപചാരിക വിദ്യാഭ്യാസലക്ഷ്യംകൂടി ഇവയിലൂടെ കൈവരിക്കപ്പെടുന്നുണ്ട്.
വിവാഹനേരത്ത് തലയടിയാൻ (മൂപ്പൻ) മീറ (വരൻ) നോട് 'കാജ് കാജ് കുള്ളത്ത്റ മീറാ കാജ്‌ക്കദപ്പളും പൈത മീറാ' എന്ന് വർഗ്ഗോത്പത്തി പാരമ്പര്യം ചോദിക്കുന്നതും 'അള്ളത്ത് സിരുമുടി ചൂവനക്കാ കുന്ദവ്വറ മീറന ദെട്ടി കെട്ടി' എന്നു തുടങ്ങി ഉത്തരമോതുന്നതും മറ്റൊരു സമുദായത്തിനും ഇല്ലാത്ത ചടങ്ങാണ്. വിവാഹിതനാകുന്ന മാവിലന്റെ ആദ്യയോഗ്യത വർഗ്ഗ പാരമ്പര്യബോധമാണെന്ന് ഇവർ നിശ്ചയിച്ചിരിക്കുന്നു. എഴുതിവെച്ച താളിയോലകളല്ല പഴന്തലമുറകളിലൂടെ കൈമാറിവന്ന ഈ പാട്ടുകളാണ് ഇവരുടെ പ്രമാണം. തെയ്യത്തിന്റെ തോറ്റംപാട്ടുകളിലെല്ലാം അടിച്ചമർത്തിയ അധീശവർഗ്ഗത്തെ മന്ത്രതന്ത്രാദികളിലൂടെ പരാജയപ്പെടുത്തിയ മാവില പൂർവ്വികരുടെ മഹിമാതിരേകങ്ങളാണ് പുകഴ്ന്നുപാടുന്നത്. മഹാപരാക്രമിയായ 'ചിങ്കം' ചിങ്കത്താർ വീരനാകുന്നത് മഹാപണ്ഡിതനായ നമ്പൂരിമന്ത്രവാദിയെ പരാജയപ്പെടുത്തിയാണ്. 'പെരിയ പിയച്ച' ചിങ്കൻ ദുർമൃതിക്കാണ് അടിയറ പറയേണ്ടിവന്നത്. എശമാന (യജമാനൻ) മാറ് പണം നല്‌കി വാങ്ങിയ ഒരടിമ ദുരിതം തിന്നാൻ വിധിക്കപ്പെട്ടവനാണ്. വേദന ചാറ്റൽമഴപോലെ പതിഞ്ഞു പെയ്യുന്ന അവൻ്റെ നെഞ്ചൊഴുകിവന്ന ഒരു പണിപ്പാട്ടാണ് ഏവോഞ്ചിമറട്ട് പാട്ട്.
ഏവൊഞ്ചി മറട്ട്ണ്ടികെ ഊറു കുടുപ്പാള്? ഏവൊഞ്ചി മറട്ട്ണ്ടികെ ഊറു കുടുപ്പാള്? കുക്കുത്ത മറട്ട്ണ്ടികെ ഊറു കുടുപ്പാള് -ബുക്ക... ഏവൊഞ്ചി മറ്ട്ട്ണ്ടികെ ഊറു കുടുപ്പാള്? ബങ്കണ മറ്ത്ത്ണ്ടികെ ഊറു കുടുപ്പാള് -ബുക്ക- ഏവൊഞ്ചി മറത്ത്ണ്ടികെ ഊറു കുടുപ്പാള്? മരുത് ത്ത മറത്ത്‌ണ്ടികെ ഊറു കുടുപ്പാള് -ബുക്ക-
അടിമപ്പണിയെടുക്കാൻ മടിച്ചുനിൽക്കുന്ന മാവിലനെ മരത്തിൽ കെട്ടിയിട്ട് ചെമ്മുതിറ് (ചോണോനുറുമ്പു) കൂട് കുടയാൻ ഒരുങ്ങുന്നതും മുതിറിൻ കൂട് എവിടെയുണ്ടാകും എന്നതിനുത്തരവും അവൻതന്നെ പറഞ്ഞുകൊടുക്കുന്നതുമായ രംഗമാണിത്. "
|
..Link | |
| 7 | നീരും മരങ്ങളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ബാഹ്യമായി നീരൊഴുക്ക് കാണപ്പെടാത്ത സ്ഥലത്ത് കുഴിച്ചാൽ ജലം ലഭിക്കുമോ എന്നറിയുന്നത് ബാഹ്യമായ നിരീക്ഷണത്തിലൂടെയാണ്. കട...
"ബാഹ്യമായി നീരൊഴുക്ക് കാണപ്പെടാത്ത സ്ഥലത്ത് കുഴിച്ചാൽ ജലം ലഭിക്കുമോ എന്നറിയുന്നത് ബാഹ്യമായ നിരീക്ഷണത്തിലൂടെയാണ്. കടമ്പുവൃക്ഷം സ്ഥിതിചെയ്യുന്ന ദിക്കിൽനിന്ന് പടിഞ്ഞാറുവശം മൂന്നു കോൽ മാറി ഒന്നര ആൾ ആഴത്തിൽ കുഴിച്ചാൽ വെള്ളം കാണുമെന്ന് ജലപരിജ്ഞാനമുള്ള ആശാരിമാർ പറയാറുണ്ട്. ഇത്തരം പ്രവചനങ്ങൾ സത്യമായി അനുഭവപ്പെടാറുണ്ട്. മേല്പറഞ്ഞ ലക്ഷണമുള്ളിടത്ത് അര ആൾ ആഴത്തിൽ കുഴിച്ചാൽ വെളുത്ത തവളയെയും പിന്നെ മഞ്ഞ നിറമുള്ള മണ്ണും അതിനടിയിൽ വെട്ടുപാറയും അതിനടിയിൽ വെള്ളവും കാണുമെന്നാണ് ശാസ്ത്രവിധി. ഞാവൽ വൃക്ഷമുള്ളിടത്തുനിന്ന് മൂന്നുകോൽ വടക്ക് രണ്ടാൾ ആഴത്തിൽ നീരുറവ കാണാമത്രേ. പകുതി കുഴിക്കുമ്പോൾത്തന്നെ വെളുത്ത തവളയെയും ലോഹഗന്ധമുള്ള മണ്ണും കാണും. മേല്പറഞ്ഞ മരത്തിന്റെ കിഴക്കുവശം മൺപുറ്റുണ്ടെങ്കിൽ, വൃക്ഷത്തിൽനിന്ന് മൂന്നുകോൽ തെക്കായി കുഴിച്ചാൽ ജലം കാണുമെന്നും അത് സ്വാദുള്ളതായിരിക്കുമെന്നും പറയപ്പെടുന്നു. കുഴിക്കുമ്പോൾ അവിടെ മത്സ്യം, പ്രാവിൻ്റെ നിറമൊത്ത കല്ല്, നീലമണ്ണ് എന്നിവ കണ്ടാൽ ജലം സുലഭമായി ലഭിക്കുമെന്നറിയണം.
ബാഹ്യമായി ജലം കാണാത്തിടത്ത് കരിനൊച്ചിയും അതിനടുത്ത് മൺപുറ്റും കാണുകയാണെങ്കിൽ മൂന്നുകോൽ തെക്കോട്ടുമാറി രണ്ടേകാൽ ആൾ ആഴത്തിൽ കുഴിച്ചാൽ സമൃദ്ധമായി ജലം ലഭിക്കുമെന്ന് പറയാറുണ്ട്. ചുവന്നമത്സ്യം, കപിലനിറമുള്ള മണ്ണ്, വെളുത്ത മണ്ണ്, കല്ലോടുകൂടിയ മണൽ എന്നിവ കുഴിയിൽ യഥാക്രമം കണ്ടാൽ അതിനടിയിൽ വെള്ളമുണ്ടാകുമെന്ന് നിർണ്ണയിക്കാം. അത്തിമരമുള്ളിടത്തുനിന്ന് മൂന്നുകോൽ പടിഞ്ഞാറ് മാറി, രണ്ടര ആൾ ആഴത്തിൽ കുഴിച്ചാൽ ശുദ്ധമായ നീരുറവ കാണും. നീർമരുതിൻ്റെ വടക്കുവശം പുറ്റ് കണ്ടാൽ, മൂന്നുകോൽ പടിഞ്ഞാറ് മാറി, മൂന്നര ആൾ ആഴത്തിൽ നീരുറവ കാണുമെന്നാണ് ലക്ഷണം പറയേണ്ടത്. അവിടെ കുഴിക്കുമ്പോൾ യഥാക്രമം വെളുത്തഗൗളി, കറുപ്പും വെളുപ്പും കൂടിയ മണ്ണ്, കറുത്തമണ്ണ്, മഞ്ഞമണ്ണ്, വെളുത്തമണൽ എന്നിവയും അതിനടിയിൽ ജലധാരയും കാണുമത്രേ.
ലന്തമരം, പേയത്തി, താന്നി, ഉങ്ങ്, മൈലെള്ള്, തെങ്ങ്, കരിമ്പന, മരമഞ്ഞൾ, അമ്പഴം, നീർമാതളം, പനച്ചി, നെന്മേനിവാക തുടങ്ങിയ ചില വൃക്ഷങ്ങളുടെ സമീപത്തായി പുറ്റു കാണുകയാണെങ്കിൽ അവയുടെ സമീപം നിശ്ചിതദൂരത്ത് കുഴിയെടുത്താൽ നിശ്ചിത ആഴത്തിൽ വെള്ളം കാണുമെന്ന് ലക്ഷണം പറയാറുണ്ട്. കമ്പിപ്പാല വൃക്ഷം നിൽക്കുന്നിടത്തുനിന്ന് മൂന്നുകോൽ കിഴക്കോട്ടുമാറിയും, പലകപ്പയ്യാനി നിൽക്കുന്നേടത്തുനിന്ന് രണ്ടുകോൽ വടക്കുപടിഞ്ഞാറ് മാറിയും നീരൊഴുക്കുകാണാം. വൃക്ഷങ്ങളുടെ അടിവശത്ത് എപ്പോഴും തവളയെ കാണുകയാണെങ്കിൽ അവിടെനിന്ന് ഒരുകോൽ വടക്കോട്ടുമാറി കുഴിയെടുത്താൽ വെള്ളം കാണുമത്രേ. പ്ലാശ്‌മരം,ലന്തമരം തുടങ്ങിയവയോ, കൂവളം,അത്തി എന്നിവയോ ഒന്നിച്ചുനിൽക്കുന്നതിൻ്റെ സമീപത്ത് കുഴിച്ചാലും ജലം ഉണ്ടാകും. വ്ളാമരത്തിൻ്റെ തെക്ക് പുല്ല് കാണുകയാണെങ്കിൽ വടക്കോട്ട് ഏഴുകോൽ മാറി കുഴിയെടുത്താൽ വെള്ളം കിട്ടും.
വൃക്ഷങ്ങൾ മൃദുലങ്ങളായിരിക്കുക, കൊമ്പുകൾ നീണ്ട് തൂങ്ങി നിൽക്കുക എന്നീ ലക്ഷണങ്ങൾ ജലസാമീപ്യത്തെയാണ് സൂചിപ്പിക്കുന്നത്. മുള്ളില്ലാത്ത വൃക്ഷങ്ങൾക്കിടയിൽ മുള്ളുള്ള മരമോ, മുള്ളുള്ളവയുടെ മധ്യേ മുള്ളില്ലാത്ത മരമോ കാണപ്പെടുന്നതും ജലലഭ്യതയെയാണ് കാണിക്കുന്നത്. മരത്തിൻ്റെ ഏതെങ്കിലും ശാഖ താണ്, നിറഭേദത്തോടെ കാണപ്പെട്ടാൽ അതിൻ്റെ സമീപം മൂന്ന് ആൾ ആഴത്തിൽ വെള്ളം കിട്ടുമെന്ന് കരുതാം.
നിലത്ത് ചവിട്ടിയാൽ അവിടെ ശബ്ദമുണ്ടാകുന്നുവെങ്കിൽ അടിയിൽ നിരൊഴുക്കുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതിയായ ചൂടോ, പുകയോ അനുഭവപ്പെടുന്നതും ജലസാന്നിധ്യസൂചനയാണ്. അത്തരം പ്രദേശങ്ങളിൽ രണ്ടാൾ ആഴത്തിൽ കുഴിച്ചാൽ ശക്തമായ നീരുറവ കാണാം. കൊന്നയുടെയോ പ്ലാശിൻ്റെയോ പൂവ് വെളുത്തതായി കാണപ്പെടുന്നുണ്ടെങ്കിൽ അവിടെ രണ്ടുകോൽ തെക്കുമാറി രണ്ടാൾ ആഴത്തിൽ വെള്ളം ലഭിക്കുമെന്നാണ് കരുതേണ്ടത്.
നീരൊഴുക്കുകളിലും നദികളിലും മറ്റും ഒരേ ഗുണമുള്ള ജലമല്ല കാണപ്പെടുന്നത്. നിറത്തിനും രസത്തിനും സാന്ദ്രതയ്ക്കും വ്യത്യാസം ഉണ്ടായിരിക്കും. ആകാശത്തിൽനിന്ന് മഴയായി ഭൂമിയിൽ പതിക്കുന്നത് ഒരേ രസവും നിറവും ഉള്ള ജലമാണ്. ഭൂമിയിൽ അത് നാനാ നിറങ്ങളും രസങ്ങളും ഉള്ളതായിത്തീരുന്നത് ഭൂമിയുടെ പ്രകാരഭേദമത്രേ. സ്ഥലഭേദമനുസരിച്ചാണ് ജലത്തിന് ഗുണഭേദം സംഭവിക്കുന്നത്. "
|
..Link | ||
| 8 | പാരമ്പര്യ പേപ്പട്ടിവിഷവൈദ്യം | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>കല്ലാട്ട് രാമക്കുറുപ്പ്, ഒല്ലൂർ</p> |
“പടവലമൂലാദികഷായം ആങ്കോലാദിഗുളിക മേമ്പൊടി ചേർത്ത് കാലത്തും വൈകിട്ടും കഴിക്കുക. ആങ്കോലത്തിന്റെ വേര് ചന്ദനമരയ്ക...
“പടവലമൂലാദികഷായം ആങ്കോലാദിഗുളിക മേമ്പൊടി ചേർത്ത് കാലത്തും വൈകിട്ടും കഴിക്കുക. ആങ്കോലത്തിന്റെ വേര് ചന്ദനമരയ്ക്കുന്നപോലെ പശുവിൻപാലിലരച്ചു മുറിവായിൽ പുരട്ടുക. വില്വാദിഗുളിക യുക്തമായ അരിഷ്ടാസവങ്ങളിൽ ചേർത്തു കഴിക്കുക. (ആങ്കോലവേര് അരച്ചു പുരട്ടുന്നതിനുപകരം ദുർവ്വാഘൃതവും പുരട്ടാം). പത്ഥ്യം: മത്സ്യം, മാംസം, മുട്ട, മെഴുക്ക്, പച്ചവെള്ളം ഇവ പാടില്ല. (ഇപ്പോൾ പുകവലിയും മദ്യപാനവും ഉൾപ്പെടുത്തണം).
തിളപ്പിച്ച പാലോ പാലുംവെള്ളമോ കുടിക്കാം. ഇന്തുപ്പും കുരുമുളകും ചേർത്തു പൊടിച്ച പൊടി ചമ്മന്തിയായി തൊട്ടുകൂട്ടി ചോറുണ്ണാം. അത്യാവശ്യമെങ്കിൽ തിളപ്പിച്ച വെള്ളം ചെറുവെക്കചൂടോടെ ഉപയോഗിച്ചു കുളിക്കാം. മൂന്നു ദിവസത്തെ ചികിത്സ കഴിഞ്ഞപ്പോൾ നിശ്ചയിച്ചത്. കുരുമുളകും തിപ്പലിയും സമം വീതം പൊടിച്ച പൊടി ഓരോ ടീസ്‌പൂൺ പശുവിൻ നെയ്യിലോ ചൂടുവെള്ളത്തിലോ ചാലിച്ച് കാലത്തും വൈകിട്ടും കഴിക്കുക. പത്ഥ്യം തുടരുക. പേ മാറിയോ ബാക്കിയുണ്ടോ എന്ന് രണ്ടാഴ്‌ച കഴിഞ്ഞ് ഇളക്കി നോക്കി മനസ്സിലാക്കണം. നീല ഉമ്മത്തിൻ്റെ കുരു, കുരുമുളക് ഇവ മൂന്നു ഗ്രാം വീതം പൊടിച്ച് പശുവിൻ മോരിൽ കലക്കി രാവിലെ കൊടുക്കണം. (എട്ടു വയസ്സിനു താഴെയുള്ളവർക്ക് ഈ മരുന്നു കൊടുക്കാൻ പാടില്ല.) നല്ല ആരോഗ്യമുള്ളവർക്ക് ആറുഗ്രാംവരെ ചേർക്കാം.
ഈ മരുന്നു കൊടുക്കുന്നതിനു മുമ്പ് രോഗിയുടെ പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചുകഴിഞ്ഞിരിക്കണം. ഉപ്പിടാതെ വയറു നിറച്ച് കഞ്ഞിയും കുടിച്ചിരിക്കണം. കുരുമുളകും ഇന്തുപ്പുംകൂടി പൊടിച്ച ചമ്മന്തി അല്പം തൊട്ടുകൂട്ടാം. മരുന്നുപൊടി കലക്കാൻ ഉരി പശുവിൻമോരുവരെ ഉപയോഗിക്കാം.
വാതിലും ജനലും അടച്ചു പൂട്ടാവുന്ന മുറിയിൽവെച്ചാണ് ഈ മരുന്നു കൊടുക്കേണ്ടത്. കാലത്തു മരുന്നു കൊടുത്താൽ ഉച്ചതിരിഞ്ഞ് നാലുമണിക്ക് രോഗിയെ പുറത്തു കടത്താം. രണ്ടു ഗ്രാം വീതം ഇന്തുപ്പും ജീരകവും പൊടിച്ചത് പശുവിൻനെയ്യിൽ ചൂടാക്കി ചെറുചൂടോടുകൂടി നിറുകയിലും തലയിലും തേക്കണം. ചൂടാക്കിയ നെയ്യ് ശരീരത്തിലും പുരട്ടാം. ഒരു മണിക്കൂർ നേരം രോഗിയെ കീഴ്പോട്ടു തലോടിക്കൊണ്ടിരിക്കണം. യഥാവിധി സ്ഥാപിച്ച വെള്ളം നിറച്ച കിണ്ണത്തിൽ വെള്ളം നിറച്ച കിണ്ടി കമഴ്ത്തിവെച്ച് രോഗിയെ യഥാസ്ഥാനത്തിരുത്തി രോഗിയുടെ നിറുകയിൽ ജലധാര ചെയ്യുക. ഒരു മണിക്കൂർ സമയത്തെ ജലധാരയ്ക്കുശേഷം തോർത്തി കുരുമുളകു വറുത്തു പൊടിച്ചു പൊടി നിറുകയിൽ തിരുമ്മുക. (ജലധാരയ്ക്കു മാത്രം പച്ചവെള്ളം ഉപയോഗിക്കാം.) പിന്നെ രോഗിക്ക് ചോറോ കുഞ്ഞിയോ കൊടുക്കാം. കറികൾ പാടില്ല. ഈ ഘട്ടത്തിൽ ചേന, കയ്പക്ക, പയറ്, കണ്ണൻകായ ഇവ ഇന്തുപ്പും കുരുമുളകും ചേർത്തുവെച്ച് അല്പം പശുവിൻ നെയ്യിൽ താളിച്ചതു കഴിക്കാം. പപ്പടം ചുട്ടു കൂട്ടാം.
ഇളക്കിയപ്പോൾ പേയുടെ ലക്ഷണം കാണിച്ചില്ലെങ്കിൽ --കുരയ്ക്കുകയോ വായിൽനിന്നും വെള്ളം ഒഴുകുകയോ ഉണ്ടായില്ലെങ്കിൽ പിന്നെ ഇളക്കി നോക്കേണ്ടതില്ല. പത്ഥ്യം പാലിച്ചാൽ മതി. ഇളക്കിയപ്പോൾ പേയുടെ ലക്ഷണം കാണിച്ചുവെങ്കിൽ ഒരാഴ്‌ച കഴിഞ്ഞ് വീണ്ടും ഇളക്കിനോക്കണം. പേയുടെ ലക്ഷണം കാണാതാവുന്നതു വരെ ഒരാഴ്‌ച വിട്ട് പിന്നീടും ഇളക്കണം. പേയുടെ ലക്ഷണം കാണിക്കുന്നില്ലെങ്കിൽ പിന്നീട് ആങ്കോലാദിഘൃതം ഒരു മാസം കഴിക്കണം. 90 ദിവസംവരെ പത്ഥ്യവും പാലിക്കണം. "
|
..Link |
| 9 | തെയ്യവും നാഗമൃഗാദികളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“മൃഗരൂപം പൂണ്ട ദേവതകളെക്കുറിച്ച് നാടൻ പുരാവൃത്തങ്ങളിൽ നിന്ന് പലതും ഗ്രഹിക്കുവാൻ കഴിയും. പുരാണേതിഹാസാദികളിൽ കാണുന്ന...
“മൃഗരൂപം പൂണ്ട ദേവതകളെക്കുറിച്ച് നാടൻ പുരാവൃത്തങ്ങളിൽ നിന്ന് പലതും ഗ്രഹിക്കുവാൻ കഴിയും. പുരാണേതിഹാസാദികളിൽ കാണുന്ന സങ്കല്പങ്ങൾ ഉന്നത പുരാവൃത്തങ്ങളാണെങ്കിൽ, നാടൻ ആഖ്യാനങ്ങളിൽ നിമ്‌നപുരാവൃത്തങ്ങളാണ് അടങ്ങിയിട്ടുള്ളതെന്നു പറയാം. തെയ്യാട്ടത്തിലും തിറയാട്ടത്തിലും മൃഗങ്ങളായും നാഗങ്ങളായും പ്രത്യക്ഷപ്പെടുന്ന ദേവതകളുണ്ട്. ദേവീദേവന്മാർ, ഇതിഹാസ പുരാണ കഥാപാത്രങ്ങൾ, യക്ഷൻ, യക്ഷി, ഭൂതം, പരേതർ, വീരന്മാർ എന്ന സങ്കല്പങ്ങളിലെല്ലാം തെയ്യങ്ങളുണ്ട്. അതുപോലെതന്നെ നാഗദൈവങ്ങളും മൃഗദൈവങ്ങളും കോലസ്വരൂപമായി ആടുന്നു. ഈ ദേവതകളുടെ ചരിതം ആഖ്യാനം ചെയ്യുന്ന പാട്ടുകളാണ് തോറ്റംപാട്ടുകൾ. തെയ്യം തിറകളുടെ രംഗത്ത് നാഗദേവതകളുണ്ട്. നാഗകണ്ഠനും നാഗകന്നിയും നാഗത്തെയ്യങ്ങളിൽ പ്രധാനങ്ങളാണ്. ശ്രീപാൽക്കടലിന്റെ നടുവിലുള്ള വെള്ളിമാൻ കല്ലിന്റെ അരികത്തുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപം മണിനാഗപ്പുറ്റുണ്ടെന്നും അവിടെയാണ് നാഗകണ്ഠേശ്വരനും നാഗകന്നിയമ്മയും ഒരു നൂറായിരക്കോടി നാഗമക്കളും ഉത്ഭവിച്ചതെന്നും വണ്ണാൻമാരുടെ തോറ്റംപാട്ടിൽ ഗ്രഹിക്കാം. വെള്ളിമാൻ കല്ലിന്നരികെയുള്ള വെള്ളിപ്പാൽ ശംഖിൽനിന്ന് 'എൺമൂവായിരക്കോടി നാഗമക്കൾ' ഉണ്ടായതായി ചിങ്കത്താന്മാരുടെ തോറ്റത്തിലും കാണുന്നു. പാണൻ, മുന്നൂറ്റാൻ എന്നീ സമുദായക്കാർ നാഗകാളി, നാഗ ഭഗവതി എന്നീ ദേവതകളെ കോലസ്വരൂപമായി കെട്ടിയാടിവരുന്നു.
'നാഗത്തെക്കൊണ്ടല്ലിവര് നടുക്കണിയുന്നോ മൂർഖനക്കൊണ്ടല്ലിവര് മുടിക്കണിയുന്നോ' എന്നിങ്ങനെയാണ് ആ ദേവതകളുടെ രൂപവർണ്ണന തോറ്റംപാട്ടിൽ കാണുന്നത്. രാമവില്യം കഴക (തൃക്കരിപ്പൂര്) ത്തിലും മറ്റും 'നാഗത്തിൽ ദൈവം' എന്ന പേരിൽ ഒരു ദേവതയുണ്ട്.
'കുറുന്തിനിപ്പാട്ട്' എന്ന അനുഷ്‌ഠാന ബലികർമ്മത്തിൻ്റെ ഭാഗമായി വണ്ണാന്മാർ കെട്ടിയാടുന്ന കുറുന്തിനിക്കാമൻ (നാഗക്കാമൻ) ഒരു നാഗത്തെയ്യമാണ്. നാഗപ്രീതിക്കുവേണ്ടിയാണ് കുറുന്തിനിപ്പാട്ട് നടത്തിവന്നത്. തെയ്യാട്ടത്തിന്റെ രംഗത്ത് പുലിദൈവങ്ങളുണ്ട്. മൃഗദേവതകളാണവ. പുലിരൂപമെടുത്ത പാർവ്വതീപരമേശ്വരന്മാരാണ് പുലിയുരുകാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതൻ, കാളപ്പുലി, പുലിയൂരുനയനൻ എന്നീ ഐവർ പുലിമക്കളും പുള്ളിക്കരിങ്കാളി എന്ന പുലിമകളും അവർക്കുണ്ടായ സന്താനങ്ങളാണ്. ഇവർ വിശപ്പടക്കുവാൻവേണ്ടി കുറുമ്പ്രാതിരിവാണവരുടെ ആലയിൽ അഴികൾ തകർത്ത് പ്രവേശിക്കുകയും പശുക്കളെ മുഴുവൻ കൊന്നു ഭക്ഷിക്കുകയും ചെയ്‌തു. വാണോരുടെ നിർദ്ദേശമനുസരിച്ച് പുലികളെ നശിപ്പിക്കുവാൻ കരിന്തിരിനായർ സന്നദ്ധനായി. പുലികൾ വരുന്ന വഴിക്ക് അയാൾ ഒളിചമച്ചു. പുലികൾ രാത്രിയിൽ ആ വഴിക്കു വന്ന് ഒളിയെല്ലാം തട്ടിത്തകർത്തു. വൃക്ഷത്തിനുമുകളിൽ ഒളിഞ്ഞിരിക്കുന്ന നായരെ പുലിക്കണ്ടൻ വൃഷണം പിളർന്ന് കൊന്നു. കരിന്തിരിനായരും 'ദൈവക്കരു'വായി മാറി.
"വ്യാഘ്രാകൃതിപൂണ്ടവരും പുലി- രൂപത്തെ വെടിഞ്ഞു ധരായാം ശീഘ്രതരം നല്ല പുലി – ദൈവങ്ങളുമായാൻ" എന്നാണ് തോറ്റംപാട്ടിൽ പറയുന്നത്.
വാരാഹി സങ്കല്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി. 'പഞ്ച്' എന്നതിന് പന്നി എന്ന് അർത്ഥമുണ്ട്. മാവിലർ കെട്ടിയാടുന്ന മനിപ്പനത്തെയ്യം ഒരു പന്നിത്തെയ്യമത്രേ. വിഷ്ണുമൂർത്തിത്തെയ്യം മഹാവിഷ്ണുവിന്റെ നരസിംഹാവതാരത്തെയാണ് പ്രതിനിധീകരിക്കുന്നത്. കാളിയെ പാതാളമൂർത്തിയായ 'മടയിൽച്ചാമുണ്ഡി'യായി സങ്കല്പിക്കാറുണ്ട്. ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തിൽ കാളി അവരെ അനുഗമിച്ചുകൊണ്ട് ആകാശപാതാളങ്ങളിൽ പോയതുകൊണ്ടത്രേ ആ സങ്കല്പമുണ്ടായത്. മടയിൽച്ചാമുണ്ഡിയും പന്നിമുഖിയമ്മയാണ്. "
|
..Link | ||
| 10 | ആദിവാസി നൃത്തകലയും കുലചിഹ്നങ്ങളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
''ആദിവാസികൾക്ക് മൃഗങ്ങളും സസ്യങ്ങളും കുലചിഹ്നങ്ങളാണ്. വൃക്ഷങ്ങളും മൃഗങ്ങളുമായി തങ്ങൾക്ക് രക്തബന്ധ (Kinship) മുണ്...
''ആദിവാസികൾക്ക് മൃഗങ്ങളും സസ്യങ്ങളും കുലചിഹ്നങ്ങളാണ്. വൃക്ഷങ്ങളും മൃഗങ്ങളുമായി തങ്ങൾക്ക് രക്തബന്ധ (Kinship) മുണ്ടെന്നും അവർ കുലപിതാമഹന്മാരുമാണെന്നും ഉള്ള 'ടോട്ടമിസം' എന്ന വിശ്വാസ സംഹിതയുടെ സ്വാധീനവും ഇത്തരം കഥകളിലുണ്ട്. കുലചിഹ്നങ്ങളെ അവർ വെട്ടാറില്ല, കൊല്ലാറില്ല. ഇങ്ങനെ മിത്തിൽ ലോകവീക്ഷണവും വിശ്വാസസംഹിതയും കാത്തുപോന്നു. ഇങ്ങനെ ജൈവവൈവിധ്യത്തെ നിലനിർത്തിയ വിശ്വാസ സംഹിതയുടെ ആവിഷ്കാരമാണ് പ്രാചീന സൗന്ദര്യശാസ്ത്രം. ആദിവാസികളുടെ കാട്ടുമൃഗവിജ്ഞാന (Aboriginal Zoology) ത്തിലടങ്ങിയിരിക്കുന്ന ഗോത്രാശയങ്ങൾ ഏറെയാണ്. പറമ്പിക്കുളത്തെ കാടർ പറഞ്ഞ മൃഗകഥകളിൽ കരടി, പുലി, ആന, കാട്ടുപോത്ത് എന്നിവയെ ബന്ധുക്കളായാണ് അവതരിപ്പിക്കുന്നത്. മുത്തച്ഛൻ എന്നുപോലും അഭിസംബോധന ചെയ്യുന്നുണ്ട്. ഗോത്രാംഗങ്ങൾക്കു വേണ്ട തേൻ, അരി, കാട്ടുകിഴങ്ങുകൾ എന്നിവ സുലഭമായി എത്തിച്ചിരുന്നത് ഈ മൃഗങ്ങളാണെന്നും പിന്നീട് ആർത്തി മൂത്ത മനുഷ്യൻ ഇവയെ ചതിക്കുകയാണുണ്ടായതെന്നുമുള്ളതാണ് പറമ്പിക്കുളത്തുനിന്നും ശേഖരിച്ച കഥകളുടെ അർത്ഥം.
ശരീര ഗോത്രഭാഷ: വർണ്ണ പ്രതീകത്തെക്കാൾ ശരീരത്തിൻ്റെ ആംഗിക ചിഹ്ന(Body kinetics) ങ്ങൾക്കാണ് ആദിവാസികൾ പ്രാധാന്യം കൊടുത്തിട്ടുള്ളത്. ശരീരത്തിന്റെ ദൃശ്യത്തിനെക്കാൾ അത് പ്രദാനം ചെയ്യുന്ന ഊർജ്ജത്തിലാണ് സംഘമനസ്സ് വിഹരിക്കുന്നത്. ശരീരംതന്നെ ഗോത്രാശയങ്ങൾ വിനിമയം ചെയ്യുന്ന ഒരു ചിഹ്നവ്യവസ്ഥയാണ്. ഗോത്രത്വ (Tribalism) ത്തെസംബന്ധിക്കുന്ന ആശയവിനിമയങ്ങൾ ആട്ടങ്ങളിലും വാദ്യങ്ങളുടെ ശബ്ദഘടനയിലുമാണ് കാണുന്നത്. ആട്ടത്തോടൊപ്പമുള്ള നാദവ്യവസ്ഥ ചേർന്ന് ഗോത്രസന്ദേശം രൂപംകൊള്ളുന്നു. ഓരോ ഗോത്രത്തിനും പ്രത്യേക വാദ്യങ്ങളുണ്ട്. കരിമ്പ്, മങ്കെ, കുഴൽ, തുടി, കൊക്കര, മൺപെറ, മത്താളം, ഉറുമി തുടങ്ങിയ വാദ്യങ്ങളുടെ അടികളും രാഗങ്ങളും ജനനം, തെരണ്ടുകല്യാണം, മരണം, വിവാഹം, വിപത്ത്, സന്തോഷം, നായാട്ട് തുടങ്ങിയ അനേകം ആശയങ്ങളെ വ്യക്തമാക്കുന്നതാണ്. കാട്ടിലെ കാഴ്‌ചകളാണ് ശരീരഭാഷയുടെ വ്യാകരണമായി മാറുന്നത്. അത് മാൻകളി, കൂരാൻകളി, ഏലേലക്കരടി, തോട്ടിപ്പതന, ഗദ്ദിക എന്നിവയായി മാറുന്നു. ഓരോ നൃത്തവടിവുകളും ശബ്ദങ്ങളും ഗോത്രമനസ്സിൽ ഉണ്ടാക്കുന്ന വംശപ്രതീകാത്മകതയിലാണ് ആദിവാസികലയുടെ പൊരുൾ കിടക്കുന്നത്. കരടിനായാട്ടുമായി ബന്ധപ്പെട്ട പാട്ടിലും നൃത്തത്തിലും സമകാലിക പ്രതിസന്ധികളും കൂട്ടിച്ചേർക്കുന്നുണ്ട്.
“ഏലേലക്കരടി ഏലേലക്കരടി മണ്ണിക്കിരുത്തുവാ ഏലേലക്കരടി മണ്ണാങ്കുയിക്കരടികളോ ഏലേലക്കരടി കാളക്കരുത്തുവാ ഏലേലാക്കരടി കീർമാണ ചെങ്കരടി ഏലേലക്കരടി വന്തവാസിക്കരടികളാ ഏലേലാക്കരടി."
|
..Link | ||
| 11 | കാട്ടുപാട്ടും ഗോത്ര പുരാവൃത്തവും | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
"ആദിവാസി പാട്ടുകളൊക്കെ കൂട്ടായ്‌മയുടെ ആശയാഭിലാഷങ്ങളും സൗന്ദര്യ വീക്ഷണങ്ങളും അവതരിപ്പിക്കുന്നതാണ്. ഉർവ്വരതയ്ക്ക...
"ആദിവാസി പാട്ടുകളൊക്കെ കൂട്ടായ്‌മയുടെ ആശയാഭിലാഷങ്ങളും സൗന്ദര്യ വീക്ഷണങ്ങളും അവതരിപ്പിക്കുന്നതാണ്. ഉർവ്വരതയ്ക്കും പ്രകൃതിയുടെ കനിവിനും വേണ്ടി പാടുന്ന ഈ പാട്ടുകൾ അവർക്ക് മന്ത്രതുല്യമാണ്.
"ചോളപൊരി വേണലോ കോലകെട്ടിക്കോ" (പണിയർ)
കോലം കെട്ടി ആട്ടമാടിയാലേ ചോളം വലുതാകൂ എന്ന് ഈ പാട്ടിൽ പറയുന്നു. നദികളും മലകളും കിളികളും ഗ്രാമദേവതകളും ആദിവാസി പാട്ടുകളിൽ നിറഞ്ഞുവരുന്നു. ജീവിക്കുന്ന വനപരിസ്ഥിതിയെ മുഴുവൻ പുരാവൃത്ത കഥാപാത്രങ്ങളാക്കി ആരാധനയോടെ അവതരിപ്പിക്കുന്നു. അട്ടപ്പാടിയിലെ മണ്ണൂക്കാരൻ വയലുകളിൽ കൃഷി നടത്തുന്നതിനു മുമ്പ് ചൊല്ലുന്ന വിത്തുമന്ത്രം നോക്കുക:
“കല്ലുപുരണ്ടതാ കാവേരി ഉള്ളു പുറന്തതോ പൂലോക കിളക്കേള് ഒരു സ്വാമേയ് കാവിലമ്മേ ഏഴിലമല എല്ലി, ഗുണം വരുത്തമ്മേ" (ഇരുളർ)
ആവാസവ്യവസ്ഥയെ സ്വാംശീകരിച്ച ഈ വരികളിൽ പരിസ്ഥിതി സൗന്ദര്യ ബോധം (Eco Aesthetics) കാണാം. കാട്ടിലെ ഫ്ളോറയും ഫോനയുമാണ് മിക്ക പാട്ടുകളിലും പകർത്തുന്നത്. നായാട്ടുപാട്ടിലും കിളിയാട്ടുപാട്ടിലും തേൻപാട്ടിലുമൊക്കെ ഈ ആരണ്യച്ഛായകൾ കാണാം. മലവേടരുടെ ഒരു വിത്തുകിളപ്പാട്ട് ഇങ്ങനെയാണ്:
“തിത്തന്നം തെയ്യന്നം തെയ്യന്നം താരെ തിത്തനം തെയ്യന്നം തെയ്യന്നം താരെ തൃക്കൊടി വാഴയും വെട്ടിച്ചവിട്ടി തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2) തൃക്കൊടി വാഴയ്ക്ക് ഒന്നല്ലോ കയ്യും വന്നേ തൃക്കൊടി പെണ്ണിനു ഒന്നല്ലോ മാസം തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2) തൃക്കൊടി വാഴയ്ക്കു രണ്ടല്ലൊ കയ്യും വന്നേ തൃക്കൊടി പെണ്ണിനു രണ്ടല്ലോ മാസം തിത്തന്നം തെയ്യന്നം തെയ്യന്നം താരെ (2) .................. തൃക്കൊടി വാഴയ്ക്കു പത്തല്ലോ കയ്യും വന്നേ തൃക്കൊടി പെണ്ണിനു പത്തല്ലോ മാസം തിത്തന്നം തെയ്യന്നം തെയ്യന്നം താരെ" (2)
(തെന്മല പഞ്ചായത്തിലെ നല്ലാൻ വെള്ളത്താൻ പാടിയത്. സമ്പാദനം: എം. സെബാസ്റ്റ്യൻ)
വാഴയ്ക്കു പത്തു കയ്യു വരുന്നതും തൃക്കൊടി പെണ്ണിന് പത്തുമാസം തികയുന്നതുമായ സാമ്യകല്പന സ്വന്തം തിണയിൽനിന്നു ശേഖരിച്ചതാണ്. ജൈവ മേഖലയുടെ ഇമേജറി ആദിവാസിഭാവനയുടെ കൂടപ്പിറപ്പാണ്.
ഗോത്രപുരാവൃത്തങ്ങൾ:
വയനാട്ടിലെ മുള്ളുക്കുറുമരുടെ ഒരു ഉത്പത്തിപുരാവൃത്തം നോക്കുക: 'ഭീമാകാരമായ ഒരു മുട്ട പിളർന്നാണ് ഈ ലോകമുണ്ടായത്. അതിന്റെ ഉള്ളിൽനിന്ന് ആദിമുഖനായ വെള്ളക്കാലിയപ്പനും അവൻ്റെ വാഹനമായ മൂങ്ങയും ജനിച്ചു. മുകൾഭാഗം അനാദിയായ ആകാശമായി. കീഴ്ഭാഗം ഭൂമിയും. ആകാശത്ത് നക്ഷത്രങ്ങളും ഭൂമിയിൽ ജലവും നിറഞ്ഞു. പറന്നു ക്ഷീണിച്ച മൂങ്ങ ആദിമുഖനോടു പറഞ്ഞു, 'എനിക്ക് വിശ്രമിക്കുവാൻ അല്പം മണ്ണു വേണം.' വെള്ളക്കാലിയപ്പന്റെ ഇച്ഛാശക്തികൊണ്ട് വെള്ളത്തിൽനിന്ന് കര പൊന്തിവന്നു. സസ്യങ്ങളും മൃഗങ്ങളുമുണ്ടായി. മൂങ്ങ സന്തുഷ്ടയായി. എല്ലാ സൃഷ്ടിയും കഴിഞ്ഞപ്പോൾ ഏതോ ഒന്നിൻ്റെ കുറവനുഭവപ്പെട്ടു. ആ ആദിമമനുഷ്യൻ്റെ വേദനയിൽ നിന്നായിരുന്നു പെണ്ണിൻ്റെ ജന്മം. അവളെ ആദിമുഖൻ പത്നിയായി സ്വീകരിച്ചെങ്കിലും ഒരു രാവേ അവരൊന്നിച്ചു കഴിഞ്ഞുള്ളൂ. ആദിമുഖൻ പ്രപഞ്ചത്തിൻ്റെ മറുകരയിലേക്ക് യാത്രയായി. വിരഹിയായ ആദിപത്നി സ്വപ്നത്തിൽ അവനെ കണ്ടെത്തി. അവർക്ക് മൂന്നു പുത്രന്മാർ ജനിച്ചു. മൂന്നുപേരും പിതാവിൻ്റെ ആത്മാവുതേടിയിറങ്ങി. അവസാനം ഒരു കാട്ടരുവിയിൽ ആത്മാവിനെ കണ്ടെത്തി. ആ വെള്ളക്കാലിയപ്പൻ്റെ കുടുംബത്തിൽ നിന്നാണ് കുറുമഗോത്രമുണ്ടായത് ! (ഐവ്വ്-ഇ.ടി. രാജു). ആദിവാസിസൗന്ദര്യബോധത്തിൻ്റെ വേരുകൾ ഇത്തരം ആഖ്യാനങ്ങളിൽ കാണാം. അനുഷ്‌ഠാന സൗന്ദര്യങ്ങളിലും അല്ലാതെ കഥപറയുന്ന സന്ദർഭങ്ങളിലും അവതരിപ്പിക്കുന്ന ഇത്തരം പുരാവൃത്തങ്ങൾ മിക്കതും ഉത്പത്തികഥ (Origin myths) കളാണ്. ഗോത്രത്തിന്റെ ഉത്ഭവം, ഭൂമിയുടെ കഥ, സാഹചര്യങ്ങളോട് പോരാടി ഗോത്രങ്ങൾ നിലനിന്നത് എന്നിവ കഥകളിൽ ആവിഷ്‌കരിക്കുന്നുണ്ട്. കാട്ടുകഥകളിൽ ഗോത്ര മഹിമയാണ് പറയുന്നത്. മനുഷ്യനിൽ നിന്നു വേറിട്ട അഭൗമമായ സങ്കല്പങ്ങളല്ല അവയിലുള്ളത്. തങ്ങൾ കഴിഞ്ഞുകൂടുന്ന ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ് ഗോത്രഭാവന. ഭൂമിയും മലയും വൃക്ഷങ്ങളും പുഴയുമെല്ലാം മിത്തിക്കൽ കഥാപാത്രങ്ങളായി മാറുന്നു. ഈ കഥയിൽ ഗോത്രപിതാമഹാ രാധനയാണ് കാണുന്നത്. വംശം നിലനിന്നതും പരിസ്ഥിതികളോട് പോരാടിയതും അലഞ്ഞു തിരിഞ്ഞതും വംശത്തിന്റെ വേരുകൾ കണ്ടെത്തിയതുമൊ ക്കെയാണ് ഇതിവൃത്തം ചൂണ്ടിക്കാണിക്കുന്നത്. പുരാവൃത്തിലെ 'കഥനാംശ ' (Mytheme) ങ്ങളുടെ ഘടനാത്മക പഠനത്തിലൂടെ വംശത്തിൻ്റെ കണ്ണിയാണ് ഓരോ ഗോത്രാംഗവും എന്നത് മനസ്സിലാകുന്നു. വംശീയാനുഭൂതിയുടെ സൗന്ദര്യചരിത്രമാ ണിവിടെ ആവിഷ്കരിക്കുന്നത്. 'എനിക്കു വിശ്രമിക്കുവാൻ അല്പം മണ്ണു വേണം' എന്ന കഥനാംശം ഗോത്രങ്ങൾ എന്നും നിലനില്പിനു വേണ്ടി പോരാടിയതിൻ്റെ/യാഥാർത്ഥ്യത്തിൻ്റെ ചരിത്രമാണ് കാണി ക്കുന്നത്. പിതാമഹൻ്റെ ആത്മാവു കൂടിയിരിക്കുന്ന നദിയെയും അവൻ പൊന്നുപോലെ കാത്തുപോന്നു. ബന്ധുത്വകൂട്ടായ്മയുടെ ഉത്സവമാണ് പ്രകൃതിയെന്ന് അറിഞ്ഞ് ആരാധിച്ചു. ഈ കഥ മനുഷ്യകേന്ദ്രീകൃതമല്ല. "
|
..Link | |
| 12 | പ്രസവാനന്തര നാട്ടുമരുന്നുകൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p> ലക്ഷ്മിക്കുട്ടി, മലപ്പുറം</p> <p>ഇടയ്ക്കാട്ടിൽ അമ്മു, കാണിപ്പയ്യൂർ</p> <p> </p> |
"56 ദിവസംവരെ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് എണ്ണയും മഞ്ഞളും തേച്ച് ഉഴിഞ്ഞ് കുളിക്കണം. രണ്ടു നേരം ഉപ്പിട്ട വെള്ളം ചെറുചൂ...
"56 ദിവസംവരെ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് എണ്ണയും മഞ്ഞളും തേച്ച് ഉഴിഞ്ഞ് കുളിക്കണം. രണ്ടു നേരം ഉപ്പിട്ട വെള്ളം ചെറുചൂടോടെ എടുത്ത് ശരീരത്തിൽ ഒഴിക്കണം. അരയ്ക്കു കീഴോട്ട് നല്ല ചൂടോടെ വെള്ളം ഒഴിക്കണം. പ്രസവിച്ച പിറ്റേ ദിവസം മുതൽ 7 ദിവസംവരെ വർജ കഷായം കൊടുക്കണം. ദാഹം മാറാൻ വേണ്ടിയാണിത്. രാവിലെയും വൈകുന്നേരവും ചതകുപ്പ അരച്ചുകലക്കി കൊടുക്കണം. രക്തം വരുന്നത് കുറയാൻ. പുറംവേദന കുറയാനും ചതകുപ്പ കഴിക്കാം. വയറു ചാടുന്നത് കുറയാൻ പുക്കിൾ മുറുക്കിക്കെട്ടി ഉടുക്കണം. കഴുത്തിനു കീഴ്പോട്ട് കുത്തി ഉഴിയണം. പിറ്റേ ദിവസം മുതൽ തുമ്പത്തല, കുടലുരുക്കി (ഒരുതരം പച്ചമരുന്ന്) മയിലെള്ളിൻ്റെ തൂമ്പ്, കാട്ടപ്പയുടെ തൂമ്പ്, കന്നികൊട്ടോത്തിൻ്റെതൂമ്പ് തുടങ്ങി 91 കൂട്ടം ഇല കൊണ്ടുവന്ന് ഇടിച്ചു പിഴിഞ്ഞ് കുറേശ്ശെ ഒഴിച്ച് കഞ്ഞിവയ്ക്കണം. കഞ്ഞികുടിക്കാൻ പറ്റില്ലെങ്കിൽ നീര് തിളപ്പിച്ചു കുടിച്ചാൽ മതി. 7 -ാം ദിവസം വെളുത്തുള്ളി, ചുവന്നുള്ളി ഇവ ഉരുക്കിക്കൊടുക്കണം. അകത്തെ മുറിവുകൾ ഉണങ്ങാൻ. വെളുത്തുള്ളിയും ചുവന്നുള്ളിയും തോലുകളഞ്ഞ് വേവിക്കണം. വെളിച്ചെണ്ണയിലോ വെള്ളത്തിലോ വേവിക്കണം. വെന്തുവരുമ്പോൾ ചാലിച്ച് ശർക്കര ചേർത്തിളക്കി ഞാണാക്കി രണ്ടുനേരം കഴിക്കണം. കഴിക്കുമ്പോൾ വെള്ളം കുടിക്കരുത്. ഇതിനുശേഷം മരുന്നുകഞ്ഞി-പെട്ടിമരുന്നു വാങ്ങി വേരുകൾ (ഇല്ലംകെട്ട, കാട്ടുമുല്ല, കുറുന്തോട്ടി, പെരു തുടങ്ങിയ വേരുകൾ 91 എണ്ണം) കൊണ്ടുവന്ന് ഉണക്കി ഇടിച്ച് അരിച്ച് പൊടിയാക്കി, അരച്ച് അരിയിട്ടു കഞ്ഞിവെച്ച് ഒഴക്ക് എണ്ണ ചുവന്നുള്ളിയിട്ട് മൂപ്പിച്ച് കഞ്ഞിയാക്കി കഴിക്കണം. തെങ്ങിൻ പൂക്കുലയും മരുന്നു കഞ്ഞിയിൽ അരച്ചു ചേർക്കണം. ദിവസവും രാവിലെ കുളിച്ചതിനുശേഷം കൊടുക്കുക. 7 ദിവസം കഴിക്കണം. ഇതിനുശേഷം പൂക്കില ലേഹ്യം , അശ്വഗന്ധാദി ലേഹ്യം ഇവ കൊടുക്കുക. അജമാംസരസായനം കൊടുക്കണം. 28-നുശേഷം ധാന്വന്തരം കഷായം വെച്ചു കൊടുക്കുക. 7 ദിവസം. ഉപ്പ്, മുളക്, പുളി ഇവ കഴിക്കരുത്. പച്ചവെള്ളം കുടിക്കരുത്. പ്രസവിച്ച് 7 ദിവസം നല്ലരിക്ക ഉണ്ട്. ഓടുക, നടക്കുക, ചാടുക ഇതൊന്നും പാടില്ല. വീട്ടിൽ നെല്ലുകുത്തുന്ന സ്ഥലത്തുപോലും കിടക്കാൻ പാടില്ല. കഷായങ്ങൾ കഴിച്ചുകഴിഞ്ഞതിനുശേഷം 90 വരെ ഉലുവ തിളപ്പിച്ച് വേവിച്ച് പിഴിഞ്ഞെടുത്ത് തേങ്ങാപ്പാല് എടുത്ത് ശർക്കര ഉരുക്കി ച്ചേർത്ത് രണ്ടുനേരം ഓരോ ഗ്ലാസ് കുടിക്കണം. കുട്ടിക്കു കുടിക്കാൻ പാലുണ്ടാവാനാണ് ഇത് കഴിക്കുന്നത്. പിടികോഴിയെ (എല്ലുമൂക്കാത്ത കോഴിയെ) തോലുപൊളിച്ചെടുത്ത് മരുന്ന് അരച്ചു ചേർത്ത് വേവിച്ച് വെള്ളം കൊടുക്കുക. വയറുവേദന കുറയാനാണിത്. ഇറച്ചിയും കഴിക്കാം. വയറിനു കേടുള്ളവർക്ക് ലേഹ്യത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കില്ല. പച്ചവെള്ളത്തിൽ വേവിച്ച ശർക്കര ചേർത്ത് കൊടുക്കാം. "
|
..Link |
| 13 | കല്യാണപ്പാട്ടുകൾ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
കല്യാണപ്പാട്ടുകൾ
“ക്രിസ്തീയ മതാചാരങ്ങളിൽ വിവാഹത്തിനു മുഖ്യമായ സ്ഥാനമുണ്ട്. വിവാഹത്തിനു പാടുന്ന പാട്ടുകളെ ...
കല്യാണപ്പാട്ടുകൾ “ക്രിസ്തീയ മതാചാരങ്ങളിൽ വിവാഹത്തിനു മുഖ്യമായ സ്ഥാനമുണ്ട്. വിവാഹത്തിനു പാടുന്ന പാട്ടുകളെ മംഗല്യപ്പാട്ടുകൾ അഥവാ കല്യാ ണപ്പാട്ടുകൾ എന്ന് വ്യവഹരിക്കുന്നു. വിവാഹം ഒരു ദിവസംകൊണ്ട് നടക്കുന്ന പ്രധാനപ്പെട്ട ജീവിതമുഹൂർത്തമാണെങ്കിലും വിവാഹാ ലോചന മുതൽ വിവാഹച്ചടങ്ങുകളുടെ അവസാനംവരെ പാടിസ തിക്കുന്ന ജീവിതസ്‌പർശിയായ ഗാനങ്ങളാണ് മംഗല്യപ്പാട്ടുകൾ. കേരളത്തിൽ തച്ചോളിപ്പാട്ട്, പടപ്പാട്ട്, കൃഷിപ്പാട്ട്, തോറ്റങ്ങൾ എന്നി ങ്ങനെ ഗാനസാഹിത്യം പ്രചരിച്ചിരുന്നുവെങ്കിലും മംഗല്യപ്പാട്ട് ക്രിസ്തീ യർക്കുമാത്രം അവകാശപ്പെടാവുന്ന ഗാനസാഹിത്യശാഖയാണ്. ക്രിസ്ത്യാനികളുടെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിൽ ഈ പാട്ടുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.
മംഗല്യപ്പാട്ടുകൾ വിശേഷിച്ച് കുന്ദംകുളത്തും തൃശൂരിലും ഇരി ങ്ങാലക്കുടയിലും മാത്രം പ്രചരിച്ചുവരുന്നവയാണ്. കലാപരമായും ചരിത്രപരമായും സാംസ്‌കാരികമായും പാരമ്പര്യം അവകാശപ്പെടാവുന്നവയാണ് മംഗല്യപ്പാട്ടുകൾ. ക്രൈസ്തവവിശ്വാസത്തിന്റെ ഈറ്റില്ലമായ പാലയൂരിനു സമീപത്താണ് കുന്ദംകുളം സ്ഥിതിചെയ്യുന്നത്. വായ്മൊഴിയായി പാടിപ്പാടി ജനമനസ്സിൽ നിറഞ്ഞുനിന്ന ധാരാളം ക്രിസ്‌തീയ പാട്ടുകൾ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. വി. തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനങ്ങളെക്കുറിക്കുന്ന മാർഗ്ഗംകളിപ്പാട്ട്, വീരടിയാൻപാട്ട്, റമ്പാൻപാട്ട് തുടങ്ങിയവയും പള്ളിപ്പാട്ട്, പള്ളിപ്പെരുന്നാൾപാട്ട്, കല്യാണപ്പാട്ട്, അണ്ണാവിപാട്ട്, അമ്മാനപ്പാട്ട് മുതലായവയും നസ്രാണിഗാനസാഹിത്യത്തെ വളരെ യധികം സമ്പന്നമാക്കിയിരുന്നവയാണ്.
മാർത്തോമ്മാ ക്രിസ്‌ത്യാനികളുടെ സ്വത്വത്തിൻ്റെ അടയാളങ്ങളാണ് അവരുടെ കല്യാണപ്പാട്ടുകൾ. പാരമ്പര്യമായി ഇന്നും ഈ പാട്ടുകൾ ക്രിസ്തീയ സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് മറ്റുള്ളവരിൽ നിന്ന് ക്രൈസ്തവരെ തിരിച്ചറിയാനുള്ള അറിവടയാളങ്ങളാണ്. വിവാഹമാണ് ഒരു കുടുംബത്തിലെ ഏറ്റവും പ്രധാന ആഘോഷം. നാടിന്റെയും നാട്ടാരുടെയും ബന്ധുക്കളുടെയും ആഹ്ലാദത്തുടിപ്പുകൾ ഈ അവസരത്തിലെ കല്യാണപ്പാട്ടുകളിൽ തെളിഞ്ഞുനിൽക്കുന്നതു കാണാം. പ്രത്യേകിച്ചും സ്ത്രീസാന്നിദ്ധ്യം ഏറിയ പങ്കും നിറഞ്ഞു നിൽക്കുന്നത് കല്യാണാവസരത്തിലും അവയോടനുബന്ധിച്ചുള്ള ചടങ്ങുകളിലുമാണ്. ഉത്സവത്തിർപ്പോടുകൂടിയാണ് സ്ത്രീകൾ ങ്ങളുടെ നേത്യസ്ഥാനത്തു ശോഭിച്ചിരുന്നത്. സ്‌തീകളുടെ ലാവണം വിവാഹം ആഘോഷിക്കാറുള്ളത്. സ്ത്രീകളാണ് വിവാഹാഘോഷ അടുക്കളയാണല്ലോ. കല്യാണാവസരത്തിലാണ് കൂടുതലായും സ്ത്രീകൾക്ക് ഉള്ളുതുറക്കുവാനുള്ള അവസരം കിട്ടുന്നത്. ക്രിസ്‌തീയ വിവാഹാവസരത്തിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനവും നിലയും വിലയും ലഭിച്ചിരുന്നുവെന്ന് കല്യാണപ്പാട്ടുകളിലൂടെ മനസ്സിലാക്കാ വുന്നതാണ്. ആൺകുട്ടികൾക്കു പതിനാറും പെൺകുട്ടികൾക്ക് പന്ത്രണ്ടും വയസ്സാകുമ്പോഴായിരിക്കും വിവാഹം നടത്തുന്നത്. വിവാഹത്തിന്റെ ആദ്യചടങ്ങ് വിവാഹം ഉറപ്പിക്കലാണ്. അതിനുശേ ഷമാണ് മനസ്സമ്മതം. പുത്തൻകൂറ്റുകാർക്കിടയിൽ വിവാഹനിശ്ചയം വീട്ടിൽവെച്ചുതന്നെ നടത്തുന്നു.
കത്തോലിക്കർക്കിടയിൽ മനസ്സമ്മതം പള്ളിയിൽ നടത്തി വീട്ടിൽ തിരിച്ചെത്തിയാൽ പൊഴുതുവെയ്‌പ്' എന്ന ചടങ്ങ് ആരംഭിക്കുക യായി. കൃഷിയുമായി ബന്ധപ്പെട്ട ഒരാചാരമായി ഇതിനെ കുണ്ടെ ത്താനാകും. കൃഷി തുടങ്ങുന്നതിനു മുൻപ് ശുഭസൂചകമായി പര്യവസാനിക്കാൻ പ്രാർത്ഥനാപൂർവ്വം 'പൊഴുതുവെയ്പ് എന്ന ചടങ്ങ് നടത്തുന്നു.
ഏതു സംരംഭത്തിനും ഈശ്വരൻ്റെ കാരുണ്യം അത്യാവശ്യമാണ്. മൂന്നു കല്ലുകൊണ്ട് അടുപ്പുകൂട്ടി, മൂന്നു സുമംഗലികളായ നസ്രാണി സ്ത്രീകൾ മുറുക്കിച്ചുവപ്പിച്ച്, മൂന്നുകാതുള്ള ചെമ്പിൽ വെള്ളമൊ ഴിച്ച് അടുപ്പത്തുവെച്ച്, കൊമ്പോറത്തിൽ നെല്ല് ചൊരിഞ്ഞ്, പാട്ടുകൾ പാടി നെല്ല് പുഴുങ്ങുവാൻ തുടങ്ങുന്നു. ആദ്യം പാടുക മാർത്തോമ്മൻ പാട്ടായിരിക്കും. വിവാഹത്തിൻ്റെ ചടങ്ങുകൾക്കുമാത്രമല്ല എല്ലാ മംഗളകർമ്മങ്ങൾക്കും ആരംഭമായി മാർത്തോം പാട്ട് പാടിത്തുടങ്ങും. പിന്നെയങ്ങോട്ട് വട്ടത്തിൽ നിന്ന് സ്ത്രീകളെല്ലാവരുംകൂടി കൈകൊട്ടി കല്യാണപ്പാട്ടുകൾ പാടിത്തിമിർക്കും. കുന്ദങ്കുളത്തും തൃശൂരും ഇരിങ്ങാലക്കുടയിലും പ്രാദേശികമായി വളരെ ഉത്സാഹത്തോടും ആഘോഷത്തോടുംകൂടിയാണ് വിവാഹം കൊണ്ടാടിയിരുന്നത്. പിറ്റേന്നത്തെ ആഴ്‌ചയിൽ ഇതുപോലെ ഉണങ്ങല്ലു കുത്തുമ്പോഴും വിവാഹത്തിന്റെ പ്രത്യേക പലഹാരമായ 'ഉണ്ട' പിടിക്കുമ്പോഴും സ്ത്രീകൾ കല്ല്യാണപ്പാട്ടുകൾ പാടി മേളം കൂടിയിരുന്നു. ദിവസങ്ങ ളോളം നീണ്ടുനിൽക്കുന്ന കല്യാണച്ചടങ്ങുകൾക്കു കൊഴുപ്പുകൂട്ടുന്നത് ഈ സ്ത്രീപ്പാട്ടുകളാണ്. കല്യാണത്തിൻ്റെ തലേദിവസം രാത്രിയിൽ നിരവധി ചടങ്ങുകളുണ്ട്. എല്ലാ ക്രിസ്‌തീയ വിഭാഗങ്ങളും ഒരുമയോടെപാട്ടുകൾ പാടി ചടങ്ങുകൾക്ക് മാറ്റു വർദ്ധിപ്പിച്ചിരുന്നു. നെല്ലും നീരും വീഴ്ത്തൽ, ഉണങ്ങല്ലുകുത്തൽ, എണ്ണകുളി, അന്തംചാർത്ത്, മധുരം വെയ്ക്കൽ, താലിവെയ്ക്കുക തുടങ്ങിയ അനേകം ആചാരങ്ങളും അനു ഷ്ഠാനങ്ങളും നടത്തുമ്പോഴും ഈ കല്യാണപ്പാട്ടുകൾ സ്ത്രീകൾ പന്തലിൽ പാടിക്കൊണ്ടേയിരിക്കും. വടക്കുംഭാഗരുടെ ഈ പാട്ടു കൾക്കു സമാനമായി തെക്കുംഭാഗരുടെ ഇടയിലും കല്യാണപ്പാട്ടു കളും ചടങ്ങുകളും ഉണ്ട്.
മലയാളസാഹിത്യത്തിലെ പ്രാചീനപാട്ടുകളിൽ കാണുന്ന ഭാഷാ ശൈലിതന്നെയാണ് ഈ ക്രിസ്‌തീയപാട്ടുകളിലും കാണുന്നത്. ഗാനാത്മകവൃത്തമാണ് ക്രിസ്‌തീയ പാട്ടുകളിൽ സ്വീകരിച്ചിട്ടുള്ളത്. മംഗല്യപ്പാട്ടുകൾ രചനകൊണ്ടു മധുരമാണ്. കഠിനപദങ്ങളോ പരു ഷപദങ്ങളോ രചനയിൽ ഇല്ല. കേൾക്കാൻ ഇമ്പമുള്ളവയാണ് ഈ പാട്ടുകൾ. നാടോടി സാഹിത്യത്തിൻ്റെ ചൈതന്യം അതിന്റെ ഗാനാ ത്മകതയാണെന്നു കാണാം. പ്രകൃതിയിൽനിന്ന് പാഠങ്ങൾ പഠിക്കു കയും അത് പാട്ടുകളിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാർത്തോമ്മാക്രിസ്ത്യാനികൾ മതപരമായി ക്രൈസ്‌തവരും സാംസ്‌കാരിക മായി ഭാരതീയരും ആരാധനാപരമായി പൗരസ്‌ത്യരുമാണ്. ഈ പ്രദേശത്തിന്റെ സവിശേഷ പാരമ്പര്യങ്ങളും ജീവിതശൈലിയും മംഗല്യപ്പാട്ടുകളിൽ (കല്യാണപ്പാട്ടുകളിൽ) പ്രതിഫലിക്കുന്നുണ്ട് എന്നതു കൗതുകം ജനിപ്പിക്കുന്ന വസ്‌തുതയാണ്. തലമുറകൾ കൈമാറി പാടിവന്ന ഈ പാട്ടുകൾ നാടിൻ്റെ ഉണർത്തുപാട്ടുകളാണ്. “
|
..Link | |
| 14 | പച്ചപൂജ | ![]() | ഡോ: വിനിത വിജയൻ | പുസ്തകങ്ങൾ |
പച്ചപൂജ
“ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ...
പച്ചപൂജ “ഓരോ കൂട്ടായ്മയ്ക്കും അതിൻറേതായ അടയാളങ്ങൾ രേഖീയമായ ആരാധനകളും ഉത്സവങ്ങളും കാണുമല്ലോ. പാലക്കാട്ടെ കുശവ സമുദായക്കാർ അവരുടെ പേച്ചിയമ്മൻകോവിലിൽ ഉത്സവത്തിനു വളരെ പ്രാധാന്യത്തോടെ നടത്തിവരുന്ന വില്ലടിച്ചാൻ പാട്ട് അക്കൂട്ട ത്തിൽപ്പെട്ട ഒന്നാണ്. സ്വന്തമായ ഒരു സംഗീതോപകരണത്തിന്റെ സഹായത്തോടെ പുതിയൊരു ഭാവമണ്ഡലം സൃഷ്ടിക്കാൻ പാകത്തിൽ പാടുന്ന ഈ പാട്ടിന് വിശ്വാസത്തിൻ്റെ വലിയ പരിവേഷം അവർ കല്പിക്കുന്നു.
തമിഴ്‌നാട്ടിൽനിന്ന് വാളയാർവഴി കേരളത്തിലേക്കു വന്നവരാണ് പാലക്കാട്ടെ ഈ കുശവസമുദായക്കാർ. എന്നാൽ ഉത്തരമലബാറിലെ കുശവ സമുദായക്കാർ ആന്ധ്രയിൽനിന്നുവന്ന് താമസമാക്കി ആന്തൂർ നായന്മാരായവരാണെന്ന് കരുതപ്പെടുന്നു. മൺപാത്രനിർമ്മാണമാണ് ഇവരുടേയൊക്കെ കുലത്തൊഴിലെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ ഇരുകൂട്ടരും തമ്മിൽ വലിയ വൈവിദ്ധ്യമുണ്ട്. മാരിയമ്മനെയും പേച്ചിയമ്മനെയും കുലദേവതമാരായി കരുതുന്നവരാണ് പാല ക്കാട്ടെ കുശവസമുദായക്കാർ. നീലിയാർകോട്ടഅമ്മയാണ് വടക്കേ മലബാറിലെ ഏറിയ കൂറും കുലാലസമുദായക്കാരുടെ കുലദേവത.
ജനനംതൊട്ടുള്ള സംസ്‌കാരക്രിയകളിലും ഇരുകൂട്ടരും വേറിട്ട നിലപാടുകൾ സ്വീകരിച്ചുകാണുന്നു. പാലക്കാട്ടെ കുശവപ്പാളയത്തിൽ താമസിക്കുന്നവർ സവർണ്ണ സമുദായത്തിൻ്റെ ആചാരാനുഷ്ഠാനങ്ങൾ പിൻതുടർന്നു പോരുമ്പോൾ വടക്കേ മലബാറിലുള്ളവരിൽ അത്ത രത്തിലുള്ള ക്രിയാദികൾ കാണുന്നില്ല. വാഴക്കുളം, തിരുവല്ല, ചങ്ങ നാശ്ശേരി പ്രദേശങ്ങളിലും കുശവപ്പാളയത്തുള്ളവർ ആചരിക്കുന്ന അതേ ആചാരങ്ങളുള്ള വേളാൻ സമുദായക്കാരുണ്ട്. വംശോത്പത്തി ദേവൻമാർ യാഗം നടത്താൻ ഒരുങ്ങിയപ്പോൾ ഹോമകുണ്ഡം ഉണ്ടാക്കാൻ നാരദൻ സൃഷ്ടിച്ചതാണ് തങ്ങളെ എന്ന് ഇവർ വിശ്വസി ക്കുന്നു. 'കുലാല ചരിത്ര'ത്തിൽ ഇതു പറയുന്നതായി ഇവർ അവ കാശപ്പെടുന്നു. പിന്നീട് നാരദൻ്റെ നിർദ്ദേശപ്രകാരമാണ് ജീവിത വൃത്തിയായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടത്.
പേച്ചിയമ്മൻകോവിലിലെ ഉത്സവവും പാട്ടിൻ്റെ ചടങ്ങുകളും കുലാല സമുദായക്കാർതന്നെ പൂജ നടത്തുന്ന ആരാധനാലയമാണ് കുശവപ്പാളയത്തെ പേച്ചിയമ്മൻകോവിൽ. 'പാട്ടുത്സവ'വും 'മുള കൊട്ടു'മാണ് അവിടത്തെ പ്രധാന ഉത്സവങ്ങൾ.
കർക്കിടകത്തിലെ ആദ്യ ചൊവ്വാഴ്‌ചയോ ആദ്യ വെള്ളിയാഴ്ചയോ മുളകൊട്ട് ഉത്സവം തുടങ്ങും. പതിനഞ്ചു ദിവസം നീണ്ടുനിൽക്കു ന്നതാണ് ഇത്. സമുദായത്തിലെ കുട്ടികൾ ഉത്സവകാലത്ത് എല്ലാ ദിവസവും ക്ഷേത്രത്തിൽ പാട്ടുപാടുന്ന ചടങ്ങുണ്ട്. നവധാന്യങ്ങൾ മുളപ്പിച്ചിട്ടുള്ള പാലിക തയ്യാറാക്കൽ ഈ ഉത്സവത്തിൻ്റെ ചടങ്ങിൽ പ്രധാനപ്പെട്ടതാണ്. പതിനഞ്ചാമത്തെ ദിവസം പാലികകൾ ആഘോ ഷത്തോടെ പുഴയിലൊഴുക്കുന്നു.
പാട്ടുത്സവം തുടങ്ങുന്നത് മേടത്തിൽ വിഷുകഴിഞ്ഞ് വരുന്ന ചൊവ്വാഴ്‌ചയാണ്. പിന്നെ വരുന്ന വെള്ളിയാഴ്‌ചയാണ് പാട്ടു തുട ങ്ങുന്നത്. ശ്രീകോവിലിനുമുന്നിലുള്ള മണ്ഡപത്തിൽവെച്ചാണ് പാട്ട് നടത്തുന്നത്. മണ്ഡപത്തിൽ വിളക്കുവെച്ച് കുംഭം എഴുന്നള്ളിച്ചു വെച്ചുകഴിഞ്ഞാൽ പാട്ടു തുടങ്ങുന്നു. വില്ലടിച്ചാൻ പാട്ടിന് ഉപയോഗിക്കുന്ന വില്ലിന് വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വില്ലിന് ചിലങ്കയും മറ്റും അണിയിക്കുകയും അലങ്കരിക്കുകയും ചെയ്യും. പണ്ടുകാലത്ത് പിത്തളകൊണ്ടാണു വില്ല് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ കവുങ്ങിൻതടി ചീന്തിയെടുത്ത് കയർ കെട്ടിയാണു വില്ലുണ്ടാക്കു ന്നത്. രാത്രിയിലാണ് വില്ലടിച്ചാൻ പാട്ട് നടത്തുന്നത്. പാടുന്നതിനു മുൻപ് വില്ലിന് പൂജ ചെയ്യുന്നു. രണ്ടുരാത്രി പാടി മൂന്നാംദിവസം പുലരുന്നതോടെ പാട്ട് അവസാനിക്കുന്നു.
പാട്ട് പാടുന്നതിനിടയിൽ പലപ്പോഴായി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വരുന്നു. ഈ വെളിച്ചപ്പാട് കുലാല സമുദായക്കാരനല്ല. പാട്ടിലെകഥയുടെ പല സന്ദർഭങ്ങൾക്കനുസരിച്ച് ഓരോ ആയുധങ്ങളുമായാണ് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നത്. വാള്, ഗദ, ചൂരൽ, ചാട്ട ഇങ്ങനെ യുള്ള ആയുധങ്ങളാണ് ഓരോ വരവിലും വെളിച്ചപ്പാടിന്റെ കൈയിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നത്. അടുത്ത വീട്ടുവളപ്പുകളിൽ ചെന്ന് വെളിച്ചപ്പാട് ആടിനേയും മറ്റും കടിച്ചുകീറിക്കൊണ്ടുവരും. ആരും ഇതിന് എതിരുനിൽക്കുകയില്ല.
അരിയും വെല്ലവും പൊടിച്ചുചേർത്തു കുഴച്ചെടുത്ത് തേങ്ങയുടെ രൂപത്തിൽ വലിയ ഉരുളകളാക്കിയെടുക്കുന്നു. ഈ ഉരുളയുടെ നടുവിൽ കുഴിച്ച് എണ്ണയൊഴിച്ച് വിളക്കുപോലെ വില്ലടിച്ചാൻ പാട്ടിന്റെ സമയത്ത് മണ്ഡപത്തിൽ കത്തിച്ചുവെക്കുന്നു. ഇതിന് 'മാവിളക്ക്' എന്നാണു പറയുന്നത്. പാട്ട് കഴിയുന്നതുവരെ ഇത് കത്തിക്കൊണ്ടി രിക്കും. കുലാലസമുദായത്തിലെ എല്ലാവരും സ്വന്തം വീട്ടിൽനിന്ന് ഇങ്ങനെ മാവിളക്ക് ഉണ്ടാക്കികൊണ്ടുവരണം. പാട്ടുകഴിഞ്ഞാൽ മാവിളക്ക് സ്വന്തം വീടുകളിലേക്കു പ്രസാദമായി കൊണ്ടുപോവുകയും ഭക്ഷി ക്കുകയും ചെയ്യുന്നു. ഈ പ്രത്യേക പൂജയെ പച്ചപ്പൂജ എന്നു പറയുന്നു.
പച്ചപ്പൂജ എന്ന ചടങ്ങിലൂടെ വില്ലടിച്ചാൻപാട്ടിൽ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഏതാണ്ട് അഞ്ഞൂറുവർഷം മുൻപ് പാലക്കാട്ടു വന്ന് ഒരു കോളനിയായി താമസിക്കുന്ന കുലാല സമുദായക്കാർ അതിന്റെ കൂട്ടായ്‌മയെ ഉറപ്പുവരുത്തേണ്ടതിനു കൂടിയാണ് ഈ പൂജ നടത്തുന്നത്. “ |
..Link | |
| 15 | അരിമാവ് കോലം | ![]() | ഡോ.വിനിത വിജയൻ | പുസ്തകങ്ങൾ |
അരിമാവുകോലം
“വിവിധ വർണങ്ങളിൽ കളമെഴുതുന്ന കരവിരുത് അനാദി കാലത്തു തന്നെ ആരംഭിച്ചതായി കാണുന്നുണ്ട്. ...
അരിമാവുകോലം
“വിവിധ വർണങ്ങളിൽ കളമെഴുതുന്ന കരവിരുത് അനാദി കാലത്തു തന്നെ ആരംഭിച്ചതായി കാണുന്നുണ്ട്. ദൈവപ്രീതിക്കുവേണ്ടിയുള്ള കളം വരയ്ക്കലാണിത്. ആചാരം, അനുഷ്‌ഠാനം, മന്ത്രവാദക്രിയകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്നും കളങ്ങൾ വരയ്ക്കുന്നത്. പൊടികൊണ്ടുള്ള കളം വരയ്ക്കലാണ് ഏവരും ചെയ്യുന്നത്. ഭിത്തികളിലും പലകകളിലും മറ്റും ചായംകൊണ്ട് നിർമ്മിക്കുന്ന രസചിത്ര ങ്ങളും (വ്യത്യസ്‌തമായ ദേവീദേവന്മാരുടെ ചിത്രങ്ങൾ) പൂക്കൾ, തളിര് എന്നിവകൊണ്ടുള്ള പുഷ്‌പചിത്രങ്ങളും (ഓണക്കാലത്തെ പൂക്കളം) വർണപ്പൊടികൊണ്ടോ വെള്ളപ്പൊടികൊണ്ടോമാത്രം വരയ്ക്കുന്ന ധൂളചിത്രങ്ങളും കളങ്ങളിൽ ഉൾപ്പെടുന്നു.
കേരളത്തിൽ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനു ബന്ധിച്ചും അല്ലാതെയും ധൂളീചിത്രങ്ങൾ വരയ്ക്കാറുണ്ട്. സർപ്പപ്രീതി ക്കുവേണ്ടിയുള്ള സർപ്പക്കളത്തിന് സർപ്പത്തിൻ്റെ ആകൃതിയിലുള്ള കുളങ്ങൾ, മന്ത്രവാദത്തിൻ്റെ കളങ്ങളാണെങ്കിൽ ചാത്തൻ, മുത്തപ്പൻ, എന്നിവരുടെ ചിത്രങ്ങൾ, അയ്യപ്പൻപാട്ടാണെങ്കിൽ അയ്യപ്പൻ പുലി പ്പുറത്തേറി നില്ക്കുന്ന ചിത്രങ്ങൾ, കരിങ്കണ്ണ് പോവാൻ കരിങ്കണ്ണന്റെ ചിത്രങ്ങൾ എന്നിവയും കളമെഴുത്തിൻ്റെ ഭാഗമാണ്. ഹൈന്ദവർ ക്കിടയിൽമാത്രമാണ് ഇത്തരം കളമെഴുത്തുകൾ കാണുന്നത്.
പൊടികൊണ്ടുള്ള കളമാണു വരയ്ക്കുന്നതെങ്കിൽ പത്മക്കളം കൂടി രൂപപ്പെടുത്താറുണ്ട്. പത്മക്കളത്തിൽ ദേവതയുടെ രൂപം ഉണ്ടായി രിക്കില്ല. കള്ളികളിൽ പത്മം നിറച്ചിരിക്കും. അറുപത്തിനാലോ പതിനാറോ കള്ളികൾ വരച്ച് ഓരോന്നിലും പത്മം വെച്ച് പൂജിക്കുന്ന പതിവുണ്ട്. ഇതിൽനിന്നെല്ലാം വ്യത്യസ്‌തമാണ് ബ്രാഹ്മണ കുടുംബ ങ്ങളിൽ ഒരുക്കുന്ന കളങ്ങൾ. കളങ്ങൾ എന്നല്ല കോലം എന്നാണ് ഇവർ വിളിക്കുന്നത്. ഇവിടെ ഗൃഹൈശ്വര്യത്തിനാണു പ്രസക്തി.
കോലം
ആര്യാധിനിവേശത്തോടെ ഇവിടെയെത്തിയ ബ്രാഹ്മണർ സ്വന്തമായ ജീവിതമണ്ഡലം കരുപ്പിടിക്കുകയാണുണ്ടായത്. അതിൽനിന്നാണ് ഈശ്വരപൂജയ്ക്കുള്ള അവരുടെ പ്രമാണിത്വം വ്യക്തമാവുന്നത്.
നാടുവാഴുന്ന രാജാവ് കൊട്ടാരം സൂക്ഷിപ്പുകാരായി നിയമിച്ചത് പട്ടന്മാരെയാണ്. അവർക്കാകട്ടെ ഒരു സ്ഥലം പതിച്ചുകൊടുക്കു കയും ചെയ്‌തു. ഇരുവശവും വീടുകളും നടുവിലൂടെ ഒരു റോഡും.വീടുകൾ തമ്മിൽ, സൗഹൃദവും. ഇപ്രകാരം ഗൃഹങ്ങൾ ഒരുമിച്ചുള്ള തിനെ 'ഗ്രാമം' എന്നു പറഞ്ഞിരുന്നു. ചേലക്കര ഗ്രാമവും പൂങ്കുന്നം ഗ്രാമവും ഇപ്പോഴുമുണ്ട്. അഗ്രഹാരം എന്നും പേരുണ്ട്. ഈ ഗൃഹ ങ്ങളിൽ കോലത്തിൻ്റെ പ്രസക്തി ഏറെയാണ്.
കേരള ബ്രാഹ്മണർ ചിത്രീകരിക്കുന്ന കോലങ്ങളിൽ ശ്രീചക്രം, ചക്രാബ്ജം, വീരാളി, സ്വസ്തികം, അർദ്ധസ്വസ്തികം, അഷ്ടദളം ദുർഗ്ഗാചക്രം, ശക്തിചക്രം, ഭദ്രകം, സർവ്വതോഭദ്രം, പുഷ്‌പകമാല. എന്നിവ പ്രധാനമാണ്. സർപ്പബലി, വസ്തുബലി എന്നിവയ്ക്കു പ്രത്യേക പത്മങ്ങളുണ്ട്. ഓരോ പത്മത്തിൻ്റെയും കേന്ദ്രസ്ഥാനം മദ്ധ്യത്തിലാണ്. മറ്റ് അവയവങ്ങൾ ആ ബിന്ദുവിൽനിന്ന് വികസിക്കുന്നു. കോലം വരയ്ക്കൽ ഒരു സാമുദായിക കലയായതിനാൽ രീതിഭേദങ്ങൾ കാണുന്നതു സ്വാഭാവികമാണ്. രൂപങ്ങൾ ഉണ്ടാക്കുന്നതിലും ഈ വ്യത്യാസം കാണാം.
ചിലർ പാദത്തിൽനിന്ന് കേശത്തിലേക്ക്, മറ്റു ചിലർ കേശത്തിൽ നിന്ന് പാദത്തിലേക്ക്, മറ്റുചിലർ കേശാദിപാദത്തിലും കളമെഴുതുന്നു. കണ്ണ് മിഴിപ്പിക്കുന്നത് അവസാനമാവും ചിലർ. വർണപ്പൊടികളുടെ വ്യത്യാസവും ചിലപ്പോൾ കാണാറുണ്ട്. വെളുപ്പ്, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച വർണങ്ങളുണ്ട്. അരി പൊടിച്ചാണു വെളുപ്പ് നിറം ഉണ്ടാക്കുന്നത്. കറുപ്പ് ഉമിക്കരി പൊടിച്ചാണ്. മഞ്ഞളും ചുണ്ണാമ്പും ചേർത്താണ് ചുവപ്പ്. വാക, കൂവളം, മഞ്ചാടി, ഇത്തിൾ എന്നിവ ചേർത്ത് പച്ചനിറവും ഉണ്ടാക്കും. ഇങ്ങനെയൊക്കെ വർണപ്പൊടി കൾകൊണ്ട് കോലം അലങ്കരിക്കുന്നത് വടക്കേ ഇന്ത്യയിലാണു കണ്ടു വരുന്നത്. ഇതിനെ രംഗോലിക്കോലം എന്നു വിളിക്കുന്നു. വർണാഭമായ കളങ്ങളാണ് ഓരോ ആഘോഷത്തിനും അവർ ചമയ്ക്കുന്നത്. ഹോളി, ദീപാവലി, ഉത്സവങ്ങൾ ഇവയോടനുബന്ധിച്ച് കോലങ്ങളി ടുന്നു. ദക്ഷിണകേരളത്തിലെ ബ്രാഹ്മണർ കോലമിടുന്നതിൽ പ്രത്യേക നിഷ്ഠയുള്ളവരായിരുന്നു. മൂന്ന് തരത്തിലുള്ള കോലങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. കമ്പിക്കോലം, പുള്ളിക്കോലം, രംഗോലിക്കോലം. ഇതിൽ രംഗോലിക്കോലമാണ് വർണഭംഗിയോടെ രൂപപ്പെടുന്നത്. കമ്പിക്കോലം, കമ്പിയുടെ ആകൃതിയിൽ വരച്ച് അതിൽ സ്വസ്തിക ചിഹ്നമോ, ത്രികോണചിഹ്നമോ ലക്ഷ്മിയുടെ രൂപമോ വരയ്ക്കുകയാണ്. താമര വരച്ചാൽ അതിൽ ലക്ഷ്മി വന്നിരി ക്കും എന്നവർ വിശ്വസിക്കുന്നു.
സാധാരണ പച്ചരിപ്പൊടികൊണ്ടാണ് ഇവർ കോലമിടുന്നത്. അതിന് പ്രത്യേകം പലകയുണ്ട്. കുട്ടികൾക്കു പഠിക്കാൻ കുഞ്ഞുനാൾ മുതലേ കോലമിടാൻ പരിശീലിപ്പിക്കുന്നതുകൊണ്ട് ഇത് അവരുടെ ജീവിതനിഷ്ഠയായിത്തീരുന്നു. കോലമെഴുത്ത് പെൺകുട്ടികളുടെ ഒരു കലയാണ്.
സൂര്യൻ ഉദിക്കുന്നതിനേക്കാൾ മുമ്പ് കുളിച്ച് വന്ന് മുറ്റം ചാണക വെള്ളം തളിച്ച് ഒരു തുണികൊണ്ട് ചാണകം മെഴുകുന്നു. മുറ്റ ത്തുള്ള ക്ഷുദ്രകീടങ്ങളെല്ലാം ഇപ്രകാരം ഇല്ലാതാവുന്നു. (ചാണകം ഒരു ആന്റിസെപ്റ്റിക് ആണ്. അതിൽനിന്നാണല്ലോ ഭസ്‌മം ഉണ്ടാ ക്കുന്നത്). മെഴുകി മെഴുകി അല്പം കനത്തിലാവുമ്പോൾ അരിപ്പൊടി രണ്ടു വിരലുകളിൽ എടുത്ത് (അതിനിടയിൽ ഒരു വിടവുണ്ടാവും) വരയ്ക്കാൻ തുടങ്ങുന്നു. മനോഹരമായ ഒരു കലാനൈപുണ്യമാണിത്. ഇവരിൽതന്നെ വ്യത്യസ്‌തരായ ആളുകളുണ്ട്. അയ്യങ്കാരും അയ്യരും. അയ്യങ്കാർ വിഷ്ണുഭക്തരും അയ്യർ ശൈവഭക്തരുമാണ്. ഓരോ വിഭാഗത്തിന്റെയും കോലങ്ങൾക്കും ചില വ്യത്യാസങ്ങളുണ്ട്. അയ്യങ്കാരുടെ കോലത്തിൻ്റെ പ്രത്യേകതകൾ നോക്കാം.
വിഷ്‌ണുവിൻ്റെ നെറ്റിയിലുള്ള വരയെയാണ് 4 വരകളായി ഇവർ ചിത്രീകരിക്കുന്നത്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവയും കോലങ്ങ ളായി അവർ വരയ്ക്കാറുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കന്യാ ക്കോലങ്ങളാണ് ഇടുന്നത്. ചിലപ്പോൾ ത്രികോണാകൃതി, അതിനുള്ളിൽ താമര എന്നിങ്ങനെയും.
പുള്ളിക്കോലങ്ങൾ ഇടുന്നതു വിശേഷദിവസങ്ങളിലാണ്. ഹോളി, ദീപാവലി, വിവാഹത്തോടനുബന്ധിച്ചു നടത്തുന്ന മംഗളകർമ്മങ്ങൾ എന്നീ ദിവസങ്ങളിലാണ്. മംഗളകർമ്മങ്ങൾ ഉള്ള ദിവസങ്ങളിലാണെ ങ്കിൽ ഉമ്മറം മുഴുവൻ കോലം വരച്ചിടും. ഇതാകട്ടെ അരി പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു തുണിക്കഷണം കൈയിൽ പിടിച്ച് വേഗത്തിൽ വരയ്ക്കും. അത് ഉണങ്ങിക്കഴിഞ്ഞാൽ നല്ല വെളുപ്പ് നിറം ലഭിക്കും. ഇതിനെ മാക്കോലം എന്ന് വിളിക്കുന്നു.
ശിവരൂപത്തിന്റെ പ്രത്യേകതകൾ നിറഞ്ഞ കോലമാണ് ഇവർ വരയ്ക്കുന്നത്. ഉമ്മറപ്പടിയിലും മുറ്റത്തും കോലം വരച്ചിട്ടുണ്ടാകും. ചിഹ്നം കണ്ടാലറിയാം ഇവർ വിഷ്‌ണുഭക്തരോ ശിവഭക്തരോ എന്നത്.
മിക്കവാറും പെൺകുട്ടികളാണ് കോലം വരയ്ക്കുക. കോലം വരയ്ക്കുന്നതിൻ്റെ കാരണം അകത്തേക്ക് ലക്ഷ്മീദേവിയുടെ കടാക്ഷമുണ്ടാവാനാണത്രേ. ദോഷങ്ങളൊന്നും അകത്തേക്കു വരാതിരിക്കണം. ഇതിൽ ചവിട്ടാൻ പാടില്ല. ചൂലുകൊണ്ട് അടിച്ചുകളയാനും പാടില്ല. ലക്ഷ്മീകടാക്ഷമാണ് ഇതിൻ്റെ പിന്നിലുള്ളത്. അരിപ്പൊടി മാത്രമേ ഉപയോഗിക്കാവൂ എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നത് കുമ്മായപ്പൊടിക്ക് സ്ഥാനം മാറിക്കൊടുത്തിരിക്കുന്നു. അരിപ്പൊടി യായാൽ അത് തിന്നാൻ ഉറുമ്പുകൾ വരും. ഉറുമ്പുകൾക്കോ അപ്രകാരമുള്ള ജീവികൾക്കോ തിന്നാനാണു കോലമിടുന്നത്.
ഉറുമ്പായാലും കാക്കയായാലും അതൊരു ആത്മാവ് തന്നെയാണല്ലോ. അതിൽനിന്ന് ലഭിക്കുന്ന പുണ്യമാണ് ഇവരുടെ ബലം. ആദ്ധ്യാത്മികമായ കർമ്മമാണ് കോലമിടൽ. ഈശ്വരന്റെ പ്രീതിക്കു വേണ്ടിയും അടുത്ത തലമുറയ്ക്കു വേണ്ടിയുമാണ് ഈ കല മുറ്റത്തു ചെയ്യുന്നത്.
ദുഃഖമുള്ള അവസരങ്ങളിൽ കോലം വരയ്ക്കാൻ പാടില്ല. മരണം, ജനനം എന്നിവയുണ്ടാകൽ 'പുല'യുണ്ട്. അങ്ങനെയെങ്കിൽ ആ ദിവസങ്ങളിൽ ഉപേക്ഷിക്കണം. വിധവയ്ക്കും കോലമിടാൻ അവകാശമില്ല. വിധവ മറ്റുള്ളവരെ ആകർഷിക്കത്തക്ക ഒന്നും പ്രവർത്തിക്കരുതെന്നാണ് നിയമം. കോലമിടാത്ത വീട്ടിൽ ദുഃഖം നടന്നിട്ടുണ്ടാകാ മെന്ന് ഊഹിക്കുന്നു, വഴിപോക്കർ. പൂജാമുറിയിൽ കോലമിട്ടതിനു ശേഷമാണ് പുറത്ത് ഇടുന്നത്. ഏതു ദേവനെയാണോ പൂജിക്കുന്നത് ആ ദേവന്റെ രൂപമാണ് വരയ്ക്കുക. സന്ധ്യയ്ക്ക് വിളക്ക് വെക്കുന്നതുവരെ കോലം അവിടെത്തന്നെ ഉണ്ടാകും.
നവഗ്രഹങ്ങളുടെ പൂജയ്ക്ക് നവഗ്രഹ കോലങ്ങൾ ഇടാറുണ്ട്. സൂര്യൻ, ചന്ദ്രൻ, ശുക്രൻ, ബുധൻ, വ്യാഴം, ഗുരു, കേതു, രാഹു, ശനി തുടങ്ങിയ ഗ്രഹങ്ങളെ പ്രീതിപ്പെടുത്താൻ ശനിയാഴ്‌ച നടത്തുന്ന കോലങ്ങൾക്ക് സാധിക്കാറുണ്ടത്രേ. പിറന്നാളിനും കോലമിടും. ഇന്ന് കോലമിടൽ ഒരു വഴിപാട് മാത്രമാണ്. കോലം കുത്തിയ പാത്രങ്ങൾ കിട്ടാനുണ്ട്. അതു വാങ്ങിച്ച് അതിൽ അരിപ്പൊടിയിട്ട് കുത്തിയാൽ അരിക്കോ ലമായി.
അരിമാവ് കലക്കിയും കോലങ്ങൾ വരയ്ക്കാറുണ്ട്. മാത്രമല്ല വിശേ ഷദിവസങ്ങളിൽ മൈലാഞ്ചി, കൺമഷി എന്നിവ അണിയാറുണ്ട്. കോലം അണിയുക എന്നാണ് ഇതിനെ പറയുക. മറ്റ് ഗൃഹങ്ങളിൽ നിന്ന് വ്യത്യസ്തമായി കോലമിടുന്ന പതിവ് ബ്രാഹ്മണ ഗൃഹങ്ങൾക്കു മാത്രമാണ്. "
|
..Link | |
| 16 | വൈദികപാരമ്പര്യത്തിലെ മരങ്ങൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“വൈദികസംസ്‌കാരത്തിലും വൃക്ഷാരാധന പല രീതികളിൽ നിലനില്ക്കുന്നതായി കാണാം. അരയാല്, ആല്, എരിഞ്ഞി, പ്ലാവ്, പ്ലാശ് ഇ...
“വൈദികസംസ്‌കാരത്തിലും വൃക്ഷാരാധന പല രീതികളിൽ നിലനില്ക്കുന്നതായി കാണാം. അരയാല്, ആല്, എരിഞ്ഞി, പ്ലാവ്, പ്ലാശ് ഇവയ്ക്ക് ഉത്തമ പദവി കല്പിച്ചിട്ടുണ്ട്. അരയാൽവൃക്ഷത്തെ നേരിട്ട് ആരാധിക്കുന്നതിന് വളരെയധികം പ്രാധാന്യം കല്പിച്ചതായി കാണുന്നു. "അരയാല് നട്ടാലരയോളമാകുമ്പോൾ മോക്ഷം' എന്ന ചൊല്ലുതന്നെയുണ്ട്. അരയാലു നട്ടാൽ നട്ടവൻ്റെ പാപങ്ങൾ ഇല്ലാതാവുക മാത്രമല്ല, അതു വളർന്ന് നട്ട ആളുടെ അരയോളമാകുമ്പോൾ നട്ട ആൾക്ക് മോക്ഷം കിട്ടുകയും ചെയ്യും എന്നാണല്ലോ ഈ പ്രമാണത്തിനർത്ഥം. അതിനാൽ വൃദ്ധന്മാരേ അരയാൽ നടാവൂ എന്ന വിശ്വാസവും ഗ്രാമീണജനങ്ങളിൽ രൂഢമൂലമാണ്. 'ഊർദ്ധ്വമൂലമധ ഛാകാം വൃക്ഷയോ വേദസംപ്രതി' എന്ന സൂക്തത്തിലൂടെ പ്രപഞ്ചത്തെ മുകളിലോട്ടു വേരുകളും താഴോട്ടു ശാഖകളുമുള്ള ഒരു വൻ വടവൃക്ഷമായി വേദത്തിൽ കല്പിച്ചതായി കാണുന്നു. അരയാൽ വൃക്ഷത്തിൽ ത്രിമൂർത്തികൾ സാന്നിദ്ധ്യം ചെയ്യുന്നു എന്ന വിശ്വാസവും നിലനില്ക്കുന്നു. "മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ അഗ്രതഃ ശിവരൂപായ വൃക്ഷരാജായതേ നമഃ" എന്ന ശ്ലോകം ഇതിനു തെളിവാണ്. അരയാൽപ്രദക്ഷിണം വളരെ പുണ്യമുള്ളതായി കരുതുന്നു. ഏഴു തവണയാണ് അരയാലിനുപ്രദക്ഷിണം വയ്ക്കേണ്ടത്. എന്നാൽ ശനിയാഴ്ച മാത്രമേ അരയാലിനെ തൊട്ടു തലയിൽ വെക്കാവൂ. പ്രദക്ഷിണം വയ്ക്കുമ്പോൾ മുകളിൽ കൊടുത്ത ശ്ലോകം മന്ത്രംപോലെ ഉരുവിടുന്ന പതിവും കണ്ടുവരുന്നു. സർവ്വപാപങ്ങളിൽനിന്നും മോചനം നേടാൻ അരയാലിന് ഷോഡശകർമ്മങ്ങൾ ചെയ്‌താൽ മതി എന്നാണ് വൈദികവിശ്വാസം. ബ്രാഹ്മണർ അനുഷ്ഠിച്ചുപോരുന്ന പൂർവ്വഷോഡശകർമ്മങ്ങൾ അതേ രീതിയിൽ അരയാലിനും ചെയ്യാനാണ് വിധിച്ചുകാണുന്നത്. ജാതകർമ്മം, നാമകരണം, അന്നപ്രാശനം, ഉപനയനം, വിവാഹം തുടങ്ങിയ ഷോഡശകർമ്മങ്ങളെല്ലാംതന്നെ അരയാലിനും ചെയ്യുന്നു. അരയാൽ കല്യാണത്തിന് വധു അത്തിമരമാണ്. മന്ത്രപുരസ്സരമാണ് ഈ കർമ്മങ്ങൾ ചെയ്യുന്നത്. വൃക്ഷാരാധനയുടെ വൈദികമായ പ്രാധാന്യം ഇതുകൊണ്ടുതന്നെ വ്യക്തമാകുന്നു. പ്രളയകാലത്ത് അരയാലിലയിൽ ശ്രീകൃഷ്‌ണൻ ചുണ്ടീമ്പിക്കൊണ്ട് കിടക്കും എന്ന പുരാണസങ്കല്പവും അരയാലിന്റെ പ്രാമാണികത്വത്തെ ഹൈന്ദവമായ ഭാഷയിൽ ന്യായികരിക്കുന്നു. പല വൈദികക്രിയകളുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു വൃക്ഷം പിലാവാണ്. പഴയകാലത്ത് അവരവരുടെ വീട്ടിൽവെച്ചാണല്ലോ സ്ത്രീ പ്രസവിക്കുന്നത്. അതുകഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞാൽ 'വാതിൽ പുറപ്പാട്' എന്ന ഒരു ചടങ്ങുണ്ട്. കുട്ടിയെ നല്ല മുഹൂർത്തം നോക്കി പുറത്തേക്കു കൊണ്ടുവരൽ ചടങ്ങാണിത്. വരിക്കപ്പിലാവിൻ്റെ ചുവട്ടിൽ വിളക്കുവെച്ച് ഗണപതിനിവേദ്യം ചെയ്ത് പുണ്യാഹം തളിച്ച് അവിടെ ബലിതൂകുന്നു. വൈദിക വിധിപ്രകാരമുള്ള വിവാഹച്ചടങ്ങുകളിലും പിലാവ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. പിലാവിനു ചുവട്ടിൽ വിളക്കുവെച്ച് ഗണപതിനിവേദ്യം ചെയ്ത് വെളുത്ത നൂല് പിലാവിന് മന്ത്രം ചൊല്ലിക്കൊണ്ട് ചുറ്റുന്നു. വിവാഹത്തോടനുബന്ധിച്ചു ചെയ്യുന്ന പിതൃപ്രീതിക്രിയയായ 'ദശമേനി'യോട് അനുബന്ധിച്ചാണ് ഇതു ചെയ്യുന്നത്. പിതൃക്രിയകളിൽ 'തിലോദക ‘ത്തിന് പിലാവില ഉപയോഗിക്കുന്നതും പിലാവും പിതൃക്രിയയും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുന്നു. ബൗധായനീയകാരികയിൽ ഈ ചടങ്ങുകൾ വിവരിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലെ ബിംബനിർമ്മാണത്തിന് ശിലയ്ക്കും പഞ്ചലോഹത്തിനും പുറമേ മരവും ഉപയോഗിക്കുന്നു. വരിക്കപ്ലാവിൻ തടി മാത്രമേ ഇങ്ങനെ ഒരാവശ്യത്തിന് ഉപയോഗിക്കാവൂ എന്ന് 'തന്ത്രസമുച്ചയ'ത്തിൽ പറയുന്നുണ്ട്. ക്ഷേത്രത്തിന്റെ തച്ചുശാസ്ത്രപരമായ നിർമ്മാണപ്രവർത്തനങ്ങളിലും പിലാവിനാണു പ്രാമുഖ്യം കല്പിച്ചിരിക്കുന്നത്. ഇതുപോലെ കർമ്മങ്ങളിൽ അത്തിക്കും പ്ലാശിനും മറ്റും പ്രാധാന്യം കല്പിച്ചുകാണുന്നു. ബ്രാഹ്മണരുടെ സമാവർത്തനക്രിയയിൽ ബ്രഹ്മചര്യം അവസാനിപ്പിക്കുന്ന ചടങ്ങിൻ്റെ ഭാഗമായി "ഇവാം ഹൃത്വാന്യഗ്രോഥേവാ ഉദ്യംബര മൂലേ വാനിധത്താൽ" എന്ന മന്ത്രം ചൊല്ലി കൃഷ്‌ണാജിന സമർപ്പണം നടത്തുന്നത് അത്തി മരത്തിലാണ്. ചെടികളും ചില്ലകളും മരക്കമ്പുകളും മറ്റു പല കർമ്മങ്ങൾക്കും ഇതുപോലെ പ്രസക്ത വിഷയമായി മാറുന്ന കാഴ്‌ച വൈദികവും താന്ത്രികവും മാന്ത്രികവും ആയ കർമ്മങ്ങളിൽ നമുക്കു കണ്ടെത്താൻ കഴിയും. സമാവർത്തനം, വിവാഹം എന്നീ ചടങ്ങുകൾക്ക് തന്നോളം ഉയരമുള്ള മുളന്തണ്ട് കർമ്മി കൈയിൽ പിടിച്ചു കൊണ്ടാണ് കർമ്മങ്ങൾ മുഴുവൻ ചെയ്യുന്നത്. ഹോമകർമ്മങ്ങൾക്ക് പൂജാപാത്രമായ 'സുർവ്വം' കരിങ്ങാലികൊണ്ടും 'ജുഹു' പ്ലാശുകൊണ്ടും വേണമെന്നും ബൗധായനകാരികാവ്യാഖ്യാനമായ കൈരളിയിൽ പറയുന്നു. ചെമ്പുകൊണ്ട് ഇവ നിർമ്മിക്കാമെങ്കിലും അതിനെക്കാൾ ഉത്തമം മുകളിൽ പറഞ്ഞ മരംകൊണ്ടു നിർമ്മിക്കുന്നതാണെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. ആരെങ്കിലും മരിച്ചാൽ അയാളുടെ പിണ്ഡകർമ്മം ചൊവ്വാഴ്ചയോ വെള്ളിയാഴ്‌ചയോ വന്നാൽ ശാന്തിഹോമം ചെയ്യണമെന്നാണ് വൈദികവിധി. ഈ ഹോമത്തിന് ഉപയോഗിക്കുന്ന ചമത വഞ്ചിക്കുഴയാണ്. താന്ത്രികവും മാന്ത്രികവുമായ മറ്റ് എല്ലാ ഹോമകർമ്മങ്ങൾക്കും സമിത്തായി ഉപയോഗിക്കുന്നതും കൃത്യമായ അളവിൽ ഉള്ള മരക്കമ്പുകളാണ്. പ്ലാശ് എല്ലാ ക്രിയകൾക്കും എല്ലാ ദേവൻമാർക്കും പ്രാധാന്യമുള്ളതാണ്. ശമനക്രിയകൾക്കാണ് പ്ലാശ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഏതു ഹോമമായാലും പ്ലാശിൻ്റെ ഒരു കമ്പു കൂടിയേ കഴിയൂ. വിഷ്‌ണുസംഹിത, ശിവാഗമം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത്തരം ചമതകൾ ഹോമിച്ചാൽ ഉള്ള ഫലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പ്ലാശ്, അത്തി, ഇത്തി, ആല്, അരയാല്, കരിങ്ങാലി, പാടലം തുടങ്ങിയ സമിത്തുക്കൾ ഓരോതരം ഹോമത്തിന് വെവ്വേറെയായി കല്പിച്ചതായി തന്ത്രസമുച്ചയം പത്താം പടലത്തിൽ പ്രതിപാദിച്ചു കാണുന്നു. മന്ത്രവാദവിഷയങ്ങളിൽ ശാന്തി, വശ്യം, സ്‌തംഭനം, മാരണം തുടങ്ങിയ ക്രിയാഭേദങ്ങൾക്കനുസരിച്ച് പ്ലാശ്, ആല്, കാഞ്ഞിരം, അത്തി, ഇത്തി തുടങ്ങിയ ചമതകൾ വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ചമതകൾതന്നെയാണ് നാടോടി മന്ത്രവാദ ക്രിയകളിലും ഉപയോഗിച്ചുവരുന്നത്.”
|
..Link | ||
| 17 | സൗന്ദര്യവർദ്ധക ഔഷധങ്ങൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
1. രാമച്ചം തലേദിവസം രാത്രി വെള്ളത്തിലിട്ട് വെച്ച് പിറ്റേദിവസം അതുകൊണ്ട് കുളിക്കുക. നല്ല സുഗന്ധവും ശരീരത്തിന് കാന്തിയും ത...
1. രാമച്ചം തലേദിവസം രാത്രി വെള്ളത്തിലിട്ട് വെച്ച് പിറ്റേദിവസം അതുകൊണ്ട് കുളിക്കുക. നല്ല സുഗന്ധവും ശരീരത്തിന് കാന്തിയും തണുപ്പും അനുഭവപ്പെടും. വിയർപ്പ് അധികം ഉണ്ടാകുകയുമില്ല. 2. കസ്തൂരിമഞ്ഞൾ (മഞ്ഞക്കൂവ) അരച്ച് മുഖത്തും ശരീരത്തിലും തേക്കുക. പാൽപ്പാടകൂടി ചേർത്താൽ നല്ല മാർദ്ദവം ഉണ്ടാകും. തൊലി വിണ്ടുകീറുന്നതിൽനിന്ന് ആശ്വാസം ലഭിക്കും. 3. കോലരക്ക് പൊടിച്ചതും പാൽപ്പാടയും ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ ചുണ്ടിന് നല്ല ചുവപ്പു നിറം ഉണ്ടാകും 4. പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് ഉണങ്ങിയാൽ കഴുകിക്കളയുക. മുഖക്കുരുവെല്ലാം മാറി മുഖത്തിന് കാന്തി വർദ്ധിക്കും. 5. ബ്രഹ്മി നെയ്യിൽ വറുത്ത് പാലിലിട്ട് നിത്യവും വൈകിട്ട് സേവിക്കുക. ഭംഗിയും നിത്യയൗവനവും ലഭിക്കും. 6. ബലിക്കറുകനീര് ഒരു ഔൺസ് വീതം നിത്യവും രാവിലെ കഴിക്കുന്നത് രക്തം വർദ്ധിക്കാനും സൗന്ദര്യവും യൗവനവും നിലനിർത്താനും നല്ലതാണ്. 7. കുങ്കുമപ്പൂവ്, രക്തചന്ദനം എന്നിവ രാത്രി മുഖത്ത് അരച്ചിട്ടാൽ സൗന്ദര്യം വർദ്ധിക്കുകയും കലകൾ മാഞ്ഞുപോകുകയും ചെയ്യും. 8. എള്ള്, കടുക്ക, മഞ്ഞൾ, കൊട്ടം ഇവ അരച്ച് ശരീരത്തിലും മുഖത്തും തേച്ച് അര മണിക്കൂർ കഴിഞ്ഞ് കുളിക്കുക. നല്ല നിറം കിട്ടും. 9. രക്തചന്ദനവും തേനും മുഖത്തു തേച്ചാൽ മുഖത്തെ കറുത്ത പാടുകൾ പോയി ഭംഗി വർദ്ധിക്കും. 10. കടലമാവ്, പാൽപ്പാട, കസ്‌തൂരിമഞ്ഞൾ ഇവ ചേർത്ത് മുഖത്തും ശരീരത്തിലും അര മണിക്കൂർ തേക്കുക. തൊലിക്ക് നല്ല മിനുസം വരും. സൗന്ദര്യം വർദ്ധിക്കും. 11. മൈലാഞ്ചിയും കസ്‌തൂരിമഞ്ഞളും അരച്ച് എണ്ണ കാച്ചി ദേഹത്ത് തേച്ച് അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. തൊലിക്ക് നല്ല മിനുസം വരും. വിണ്ടുകീറൽ ഉണ്ടാകുകയില്ല. കാന്തിവർദ്ധിക്കും. 12. താമരത്തണ്ട് അരച്ച് മുഖത്തു തേച്ചാൽ മുഖത്തിൻ്റെ അഴക് വർദ്ധിക്കും. തണുപ്പ് നിലനില്ക്കും. 13. കുപ്പമഞ്ഞൾ അരച്ച് മുഖത്തു തേച്ചാൽ സൗന്ദര്യം വർദ്ധിക്കും. 14. തേക്കിന്റെ കൂമ്പ് വെളിച്ചെണ്ണയിൽ കാച്ചി മുഖത്തും ദേഹത്തും തേക്കുന്നത് തൊലിക്ക് മിനുസവും കാന്തിയും പ്രദാനം ചെയ്യും."
|
..Link | ||
| 18 | വയൽച്ചെടികൾ | ![]() | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ഒരുകാലത്ത് വയൽ കേരളീയർക്ക് എല്ലാമായിരുന്നു. പരന്നുകിടക്കുന്ന പച്ചപ്പരവതാനിപ്പാടങ്ങൾ കണികണ്ടുണരുന്നത് ഐശ്വര്യമായി ...
“ഒരുകാലത്ത് വയൽ കേരളീയർക്ക് എല്ലാമായിരുന്നു. പരന്നുകിടക്കുന്ന പച്ചപ്പരവതാനിപ്പാടങ്ങൾ കണികണ്ടുണരുന്നത് ഐശ്വര്യമായി അവർ കരുതി. ജന്മികളും കുടിയാന്മാരും അടിയാന്മാരും എല്ലാം അതിൽ അലിഞ്ഞുചേർന്നു. വയലുകളവർക്ക് അന്നവും അഭയവും നല്കി. കാവൽച്ചാളകളിൽ പാടങ്ങളെക്കാത്ത് തലപ്പുലയന്മാർ കനവുകൾ കണ്ടു. നല്ല വിളവിനായി കയരനും മുണ്ട്യനും, തട്ടകത്തമ്മയ്ക്കും പൂജ നടത്തി. കോഴിയറുത്തും പനങ്കള്ള് നേദിച്ചും അവരെ പ്രസാദിപ്പിച്ചു. പൊറാട്ടുനാടകവും കണ്യാർകളിയും പൂരക്കളിയും അവരുടെ ദിനങ്ങളെ നിറമുള്ളതാക്കി. രാത്രികാലങ്ങളിൽ തവളയും ഞണ്ടും പിടിക്കാൻ പന്തങ്ങളുമായിറങ്ങി. നല്ല നെല്ലു തമ്പ്രാനു കൊടുത്ത് വയ്ക്കോൽനെല്ലു കുത്തി കഞ്ഞിവച്ചു. ഏറ്റുമീൻ പിടിക്കാൻ കരുതിവച്ചു. ഒട്ടകിൻകായും മുളങ്കൂമ്പും കരിമ്പനച്ചോറും ചൂണ്ടപ്പനക്കായുംകൊണ്ട് കഴായകളിൽ നഞ്ചുകലക്കി. മഴക്കാലത്ത് ചീഞ്ഞ വയ്ക്കോൽ കുണ്ടകളിൽ വലിയ വയ്ക്കോൽക്കൂണുണ്ടായി. വയൽവരമ്പിൽ അരിക്കൂണും പെരുക്കാലിയും അണ്ണക്കാലിയും ഉണ്ടായി. വാഴയിലയിൽപ്പൊതിഞ്ഞ് അത് മഞ്ഞളും മുളകും ചേർത്ത് ചുട്ടെടുത്തു. രോഗഗ്രസ്ഥരായപ്പോൾ വയൽവരമ്പിൽനിന്ന് അവർ പച്ചിലകൾ പറിച്ചെടുത്തു. അടയ്ക്കാമണിയനും കയ്യോന്ന്യവും, പാടക്കിഴങ്ങും കുറുന്തോട്ടിയും, കടലകവും കറുകയും, മുയൽച്ചെവിയനും മുക്കുറ്റിയും, തഴുതാമയും നിലപ്പാലയും, ആനച്ചുവടിയും തുമ്പയും, എരുക്കും കടലാടിയും എല്ലാം അവർക്ക് ഔഷധമായി. ഒഴിവുവേളകളിൽ പനയോലകൊണ്ടും തെങ്ങോല കൊണ്ടും ആറ്റുകൈതോലകൊണ്ടും പായ നെയ്‌തുണ്ടാക്കി. പാടത്തു പണികഴിഞ്ഞു വന്ന് അതിൽ തളർന്നുറങ്ങി. കൈതപ്പൂക്കളിറുത്ത് പെട്ടകത്തിലെ മുണ്ടിനു മണമുണ്ടാകാൻ പൊതിഞ്ഞുവച്ചു. താമരക്കിഴങ്ങ് പിഴുതെടുത്ത് കൊണ്ടാട്ടമുണ്ടാക്കി. മുഞ്ഞപ്പുല്ലുകൊണ്ടും ഈർക്കിലുകൊണ്ടും ചൂലുകളുണ്ടാക്കി. കൈതത്തണ്ടുകളും വെള്ളക്കടമ്പിന്റെ വേരുകളും ചതച്ച് ബ്രഷുണ്ടാക്കി വീടുകളിൽ കുമ്മായം പൂശി. വയൽവരമ്പുകളിൽ തുവര, അമരപ്പയർ, ഉഴുന്ന്, ചെറുപയറ്, വെണ്ട, പാവൽ, മത്തൻ, കുമ്പളങ്ങ, വൻപയർ എന്നിങ്ങനെ കായ്കറികളുണ്ടാക്കി. പപ്പടപ്പുല്ലും മുള്ളൻചീരയും പൊന്നാംകണ്ണിച്ചീരയും തഴുതാമയും വെള്ളത്തഴുതാമയും കൊഴുപ്പയും (ചെറുതഴുതാമയും) തകരയിലയും മത്തയിലയും കുമ്പളത്തിലയും ചേമ്പിലയും ചേനയിലയുമെല്ലാം പഞ്ഞമാസങ്ങളിൽ അവരുടെ രക്ഷയ്ക്കെത്തി. ഇങ്ങനെ ചുറ്റുപാടിൽനിന്ന് കണ്ടെടുത്തതും കേട്ടറിഞ്ഞതുമായ നാട്ടാചാരങ്ങളും നാട്ടറിവുകളും കോർത്തിണക്കി വയലിനെ ഒരു ജീവിതസംസ്‌കാരമാക്കി.”
|
..Link | |
| 19 | ജന്തുജന്യഔഷധങ്ങൾ | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“ജന്തുജന്യ ഔഷധങ്ങൾ ജന്തുജന്യ ഔഷധങ്ങളും വംശീയവൈദ്യത്തിൽ ഒട്ടും കുറവല്ല. എത്തനോ സുവോളജി അഥവാ വംശീയ ജന്തുശാസ്ത്രം എന്...
“ജന്തുജന്യ ഔഷധങ്ങൾ ജന്തുജന്യ ഔഷധങ്ങളും വംശീയവൈദ്യത്തിൽ ഒട്ടും കുറവല്ല. എത്തനോ സുവോളജി അഥവാ വംശീയ ജന്തുശാസ്ത്രം എന്ന പഠനശാഖയുടെ പരിധിയിൽ വരുന്ന വിജ്ഞാന ശകലങ്ങളാണിവ. ജന്തുജന്യ ഔഷധങ്ങൾ ഭൂരിഭാഗവും താഴെപ്പറയുന്ന രീതിയിലുള്ളതാണ്. 1. ജന്തുക്കളുടെ ബാഹ്യശരീരഭാഗങ്ങൾ: ഉദാ. വേഴാമ്പലിന്റെ ചുണ്ട്, പരുന്തിൻ്റെ കാല്, മുള്ളൻപന്നിയുടെ മുള്ള്, തോൽ, ആമത്തോട്, വരയാടിൻ്റെ കുളമ്പ്, കാട്ടുപോത്തിന്റെ കുളമ്പ്, പക്ഷികളുടെ തൂവൽ. 2. ജന്തുക്കളുടെ ആന്തരാവയവങ്ങൾ: ഉദാ. കോഴിക്കരൾ, കുടൽ, നാക്ക്, ഈനാംപേച്ചിയുടെ നാക്ക്. 3. മൃഗക്കൊഴുപ്പ്: ഉദാ. പന്നിനെയ്യ്, പെരുമ്പാമ്പിൻ്റെ നെയ്യ്, ഉടുമ്പിന്റെ നെയ്യ്, വേഴാ മ്പലിന്റെ നെയ്യ്, കോഴിയുടെ നെയ്യ്. 4. അസ്ഥിയും പല്ലും: ഉദാ. കല്ലാടിൻ്റെ അസ്ഥി, പന്നിയുടെ അസ്ഥി, ആനപ്പല്ല്. 5. ജന്തുക്കളുടെ മാംസവും രക്തവും: ഉദാ. ഉടുമ്പ്, വരയാട്, മുയൽ, ആമ, തവള, കാട്ടെലി തുടങ്ങിയവയുടെ മാംസവും രക്തവും ഔഷധമായി വിവിധ ആദിവാസികൾ കരുതുന്നു. 6. ജന്തുക്കളുടെ വിസർജ്ജ്യം: ഉദാ. എലിക്കാഷ്‌ഠം, ആട്ടിൻകാഷ്‌ഠം, വെരുകിൻ്റെ കാഷ്‌ഠം, കോഴിക്കാഷ്ഠം, കാട്ടുപോത്തിൻ്റെ ചാണകം. 7. പ്രാണികളും മറ്റു ചെറുജീവികളും: ഉദാ. ഉറുമ്പ്, മണ്ണിര, തേനീച്ചപ്പുഴു. ഔഷധയോഗ്യമായ മറ്റു വസ്‌തുക്കൾ: മറ്റ് ഔഷധയോഗ്യമായ വസ്‌തുക്കൾ എന്നുദ്ദേശിക്കുന്നത് സസ്യജന്യമോ, ജന്തുജന്യമോ അല്ലാത്തവയാണ്. ചിതൽപ്പുറ്റ്, ചെളി തുടങ്ങിയവ ഉപയോഗിച്ചുള്ള ചില ഔഷധപ്രയോഗങ്ങൾ അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികളുടെ ഇടയിൽ നിലവിലുണ്ട്. വെള്ളാരംകല്ല് ഉപയോഗിച്ചുള്ള ചില ചികിത്സാവിധിയും നിലവിലുണ്ട്. പാറയിൽനിന്ന് ഒലിച്ചിറങ്ങുന്ന ശിലാജിത്തുപോലുള്ള വസ്തുക്കളും ധാതുപദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനു പുറമേ ആദിവാസിവൈദ്യൻ മന്ത്രം ജപിച്ചുകൊടുത്ത പച്ചവെള്ളവും അവരുടെ ഔഷധ വിജ്ഞാനത്തിന്റെ ഭാഗമാണ്.”
|
..Link | ||
| 20 | സ്മാരകശിലകളും കൂണുകളും | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ |
“അനന്യമായതും കൂണിൻ്റെ ആകൃതിയുമുള്ള സ്മാരകശിലകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്നുണ്ട്. കുടക്കല്ലുക...
“അനന്യമായതും കൂണിൻ്റെ ആകൃതിയുമുള്ള സ്മാരകശിലകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്നുണ്ട്. കുടക്കല്ലുകൾ എന്നറിയപ്പെടുന്ന വെട്ടുകല്ലിൽ നിർമ്മിച്ച ഇവ മെഗാലിത്തിക് കാലത്തെ, ഉദ്ദേശം ക്രി.മു. 1000-500 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പുരാതന ജനവിഭാഗങ്ങളുടെ ശവക്കല്ലുകളത്രേ! സവിശേഷമായ ആകൃതിയുൾക്കൊള്ളുന്ന ഇവ സൈലോസൈബെ, അമാനിറ്റ തുടങ്ങിയ മാരകവിഷമേറുന്ന കൂണുകളുമായി ഏറെ സാദൃശ്യം കാണിക്കുന്നു. മതിഭ്രമമുണ്ടാക്കുന്ന രാസവസ്‌തുക്കളടങ്ങിയ ചില കൂണുകൾ ആഹരിക്കുകയും അതുവഴി നിഗൂഢശക്തി ലഭിക്കുന്നതായും ചില ആദിവാസി വിഭാഗങ്ങൾ കരുതുന്നുണ്ട്. പൂർവ്വികരുടെ ആത്മാക്കളും ദൈവങ്ങളുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണിയായി അവരതിനെ കാണുന്നു. ഇത്തരം കൂണുകളോടുള്ള ആദരവും ഭയവും മൂലമാകാം അന്നു ജീവിച്ചിരുന്നവർ ഇത്തരം കൂണുകൾ പോലെയുള്ള സ്‌മാരകശിലകളുണ്ടാക്കാൻ കാരണം. മരിച്ചുപോയ പ്രമുഖരുടെ നേതൃ ത്വപാടവവും ഗുണങ്ങളും അതുവഴി പിൻഗാമികൾക്ക് ലഭിക്കുമെന്ന് അവർ കരുതിയിരിക്കാം. വലിയ കൂണുകളുടെ ആകൃതിയിൽ വെട്ടുകല്ലിൽ തീർത്ത 'കുടക്കല്ലുകൾ' (കൃഷ്‌ണസ്വാമി 1949. റാവു 1972) പോർക്കുളം, കുന്നംകുളം, എയ്യാൽ, മൊറയൂർ, ദേവികുളം, മായനാട്, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ക്രി.മു. 1000-500 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ സ്‌മാരകശിലകൾ അക്കാലത്തെ പ്രമുഖരെ മറവുചെയ്‌ത സ്ഥലമത്രേ. പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മധ്യേഷ്യ മുതൽ മലേഷ്യ വരെയുള്ള ഭാഗങ്ങളിൽ ഇത്തരം സ്‌മാരകസ്‌തൂപങ്ങൾ കാണുന്നുണ്ട്. ഇന്ത്യയിൽ കേരളത്തിലാണധികമായി ഇവ കണ്ടെത്തിയിട്ടുള്ളത്. വ്യത്യസ്‌ത മനുഷ്യസംസ്കാരമുള്ള ഈ ലോകരാജ്യങ്ങളിൽ നിർമ്മിക്കപ്പെട്ട കുടക്കല്ലുകളിലെ ഈ സമാനതയ്ക്ക് ഇന്നും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. പ്രധാനമായും മൂന്നു തരത്തിൽ പെട്ട സ്‌മാരകശിലകളാണുള്ളത്. 1. ചതുരത്തിലുള്ള ഒരറയ്ക്ക് നാലു വശവും മുകൾത്തട്ടും പരന്ന കല്ലുകൾകൊണ്ടു നിർമ്മിച്ചത്. 2 ചതുരത്തിലുള്ള ഒരറയും മൂന്നു വശവും കൽക്കെട്ടും. 3. മൂന്നാമത്തെ വിഭാഗം-നാലു കല്ലുകൾകൊണ്ട് തീർത്ത കാലുകളും അതിനു മുകളിൽ അടി പരന്നതും മുകൾവശം അർദ്ധ വൃത്താകൃതിയിലുള്ളതുമായ ഒറ്റക്കല്ലുള്ളവയാണിത്. കാലുകൾ ക്കടിയിലെ അറയിൽ ചാരവും എല്ലുകളും അടക്കം ചെയ്തതിന്റെ മറ്റ് അവശിഷ്ടങ്ങളും ചിലതിൽ മരിച്ചയാളുടെ അവശ്യവസ്‌തുക്കളും കാണുന്നു. ഇവയിൽ മൂന്നാമത്തെ വിഭാഗത്തിൽപെടുന്നവയാണ് കുടക്കല്ലുകൾ, ഇവ കേരളത്തിൽ മാത്രം കണ്ടെടുത്തവയാണ്. കുടക്കല്ലുകളുടെ സവിശേഷമായ ആകൃതി പ്രത്യേകം പരിഗണനാർഹമാണ്. മറ്റനവധി രൂപങ്ങളിൽ ശിലാസ്‌മാരകങ്ങളുണ്ടാകാമെന്നിരിക്കെ എന്തുകൊണ്ടാണ് കൂണുകളുടെ ആകൃതി സ്വീകരിക്കാൻ അക്കാലത്തെ മനുഷ്യരെ പ്രേരിപ്പിച്ചത് എന്നാലോചിക്കാം. തീർച്ചയായും തദ്ദേശീയമായ ചെങ്കല്ലുകളിൽനിന്ന് എളുപ്പത്തിൽ രൂപപ്പെടുത്താവുന്ന ആകൃതി മട്ടത്തിലുള്ളവയാണെന്നത് ഒരു കാരണമാകാം. ഭൂപ്രകൃതിക്കനുസരിച്ച് തീരദേശമണൽതിട്ടുകളെന്നും ഇടനാടൻ ചെങ്കൽകുന്നുകളെന്നും മലനാടൻ കരിങ്കല്ലുകളെന്നും കേരളത്തെ മൂന്നാക്കി തിരിക്കുമ്പോൾ ഇടനാട്ടിലാണ് ഇവയുടെ ധാരാളിത്തം രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം സ്‌മാരകശിലകൾക്ക് ഒരുപക്ഷേ, ചാരവും ചിതാവശിഷ്ടങ്ങളും സൂക്ഷിക്കാനുള്ള ധർമ്മം മാത്രമല്ലാ യിരിക്കും കാരണം. അതായിരുന്നെങ്കിൽ ഇതിലും നല്ല രൂപത്തിലും കുറവ് അദ്ധ്വാനത്തിലും ഇത് സാധിക്കുമായിരുന്നു. ഉറപ്പ് എന്നുള്ളതുമാത്രമല്ല ഒരു മാനദണ്ഡം, കാരണം, വെട്ടിയ കല്ലിൻ്റെ കൂർത്ത ഭാഗത്തു നിർത്തിയ കൂറ്റൻ കുടക്കല്ല് ഉറപ്പ് ഉദ്ദേശിച്ചു വച്ചതല്ല എന്നും വ്യക്തം. ഇതിൽനിന്നും അതിൻ്റെ രൂപത്തിനാണ് മുൻഗണന കൊടുത്തിരിക്കുന്നത് എന്നും മനസ്സിലാക്കാം. “
|
..Link | ||
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല










