|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | Thavidum Kozhimbidim |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>ജി.കെ. അമ്മുക്കുട്ടി. അയ്യന്തോൾ.</p>
|
"അരിപ്പൊടി, മഞ്ഞൾപ്പൊടി, തവിട്, മലര്, ഗുരുതി (മഞ്ഞൾപൊടിയും ചുണ്ണാമ്പും ചേർത്ത വെള്ളം - ചുവന്നിരിക്കും), നാളികേരം, ക...
"അരിപ്പൊടി, മഞ്ഞൾപ്പൊടി, തവിട്, മലര്, ഗുരുതി (മഞ്ഞൾപൊടിയും ചുണ്ണാമ്പും ചേർത്ത വെള്ളം - ചുവന്നിരിക്കും), നാളികേരം, കള്ള്, കോഴി മുതലായവ പൂജാദ്രവ്യങ്ങൾ. ഉണക്കനെല്ല് വെള്ളത്തിലിട്ട് കുതിർത്തു വറുത്തിടിച്ച് പൊടിയാക്കുന്നു. അത് കളം വരയ്ക്കാനും നിവേദ്യമായും പ്രസാദമായും ഉപയോഗിക്കുന്നു. മലവാഴയുടെ വട്ടിയിൽ തവിട് നിറച്ചിരിക്കും. അരിവാൾത്തലകൊണ്ട് വട്ടിയിലെ തവിടു കോരി ഭക്തർക്കു പ്രസാദമായി കൊടുക്കുന്നു. ഒരു പ്രത്യേകതകൂടിയുണ്ട്. കോഴിയുടെ ഹൃദയം പച്ചയ്ക്ക് തവിടിൽ തിരുമ്മി തേങ്ങാ പൂളും കൂട്ടി കഴിച്ചാൽ മാംസത്തിൻ്റെ പച്ചപ്പ് അനുഭവപ്പെടില്ല. ഇത് എഴുതുന്നയാൾ നേരിട്ടു പരീക്ഷിച്ച് അറിഞ്ഞിട്ടുള്ളതാണ്. 'മല വഴിയാട്ട'ത്തിന് പിറ്റേന്ന് ചില കാരണവന്മാർ കള്ളിനു കൂട്ടായി മേപ്പടി മിശ്രിതം ഉപയോഗിച്ചുവരുന്നു. ചില ദേവതകൾ വെളിച്ചപ്പെടുമ്പോൾ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി എരിയുന്ന പന്തത്തിലേക്കു തവിട് എറിഞ്ഞ് അഗ്നിഗോളങ്ങൾ ഉണ്ടാക്കാറുണ്ട്.
കോഴിമ്പിടി പഴയകാലത്ത് ക്രിസ്തീയസമുദായത്തിൽ മകന്റെ കല്യാണം കുഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞ് മറുപള്ളി കുമ്പിടുന്ന ദിവസം (കല്യാണം കെട്ടിയ പള്ളി കൂടാതെ വേറേ പള്ളിയിലേക്കു ചെക്കനും പെണ്ണും പോകുന്നതാണ് മറുപള്ളി കുമ്പിടൽ) പ്രധാന ബന്ധുക്കൾ വിരുന്നുണ്ടാകും. അന്ന് അവർക്കു കൊടുക്കാൻ ഉണ്ടാക്കുന്ന പലഹാരമാണ് കോഴിമ്പിടി. ഉണ്ടാക്കുന്ന വിധം:
അര കിലോ കോഴിയിറച്ചി വെറുതേ ഉപ്പും മഞ്ഞൾപ്പൊടിയും മാത്രമിട്ട് വേവിക്കുക. നാഴി നേർത്ത പൊടി വറുത്തതു, ഒരു മുറി നാളികേരം ചിരകിയതുംകൂടി തിളച്ചവെള്ളത്തിൽ പാകത്തിന് ഉപ്പും ചേർത്തു നല്ലവണ്ണം ചപ്പാത്തിപ്പാകത്തിൽ കുഴയ്ക്കുക. അത് ചെറിയ ചെറിയ ഉരുളകളാക്കി ഉരുട്ടിവെയ്ക്കുക. ഒരു മുറി നാളികേരവും ഒരു ടീസ്പൂൺ കുരുമുളക്, രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു കുടം വെളുത്തുള്ളി എന്നിവ കൂട്ടി അരച്ചുവയ്ക്കുക. നാലേകാൽനാഴി വെള്ളം ഉരുളിയിൽ തിളപ്പിക്കുക. അതിൽ ഉരുട്ടിവച്ച മണികൾ കുറേശ്ശ ഇടുക. ഇതിനോടൊപ്പം ഒരു നുള്ള് ഉപ്പ് ചേർത്താൽ നന്നായിരിക്കും. കട്ട പിടിക്കാതിരിക്കുവാൻ ഇടയ്ക്കിടയ്ക്ക് ഇളക്കണം. അത് വെന്തു എന്നായാൽ ഇറച്ചിയും അരച്ചതും കലക്കി അതിൽ ഒഴിക്കുക. കട്ടി പോരെങ്കിൽ കുറച്ചു പൊടി ചേർത്ത് ഇളക്കി തിളപ്പിച്ച് ഇറക്കിവച്ച് ഉപയോഗിക്കുക. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം: തവിട് (സി.ഡി.ശിവദാസ്), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 741..Link
|
| 2 | Thiruvananthapuram Jillayile Chanthakal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
തിരുവനന്തപുരം ജില്ലയിൽ ധാരാളം ഗ്രാമച്ചന്തകളുണ്ടായിരുന്നു. ഇന്നും ഇവ വലിയ മാറ്റമില്ലാതെ പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടെ ...
തിരുവനന്തപുരം ജില്ലയിൽ ധാരാളം ഗ്രാമച്ചന്തകളുണ്ടായിരുന്നു. ഇന്നും ഇവ വലിയ മാറ്റമില്ലാതെ പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടെ ചന്തകളെ പൊതുവേ 'കട' എന്നാണു വ്യവഹരിച്ചിരുന്നത്. കാട്ടാക്കട എന്ന സ്ഥലനാമം ഇപ്രകാരം ചന്തയിൽനിന്നുണ്ടായതിനുദാഹരണമാണ്. കാട്ടാലിനു സമീപം നടന്നുവന്നിരുന്ന കട അഥവാ ചന്ത കാട്ടാൽക്കടയും പിന്നീട് കാട്ടാക്കടയുമായി തീർന്നു. തിരുവനന്തപുരം ജില്ലയിലെ മലഞ്ചരക്കുവ്യാപാരത്തിൻ്റെ രണ്ടു പ്രധാന കേന്ദ്രങ്ങളായിരുന്നു കാട്ടാക്കടയും നെടുമങ്ങാടും. കളിയിക്കാവിള, ആറാലുംമൂട് എന്നിവ കന്നുകാലിച്ചന്തകളായിരുന്നു. ഇതിൽ ആറാംലുംമൂട്ടിൽ ശനിയാഴ്ച പശു, എരുമ, കാള, പോത്ത് എന്നിവയുടെയും ബുധനാഴ്ച ആടുകളുടെയും വ്യാപാരമാണു നടന്നുവന്നിരുന്നത്. തിരുവനന്തപുരം ജില്ലയിലെ എന്നത്തേയും പ്രധാന വാണിജ്യകേന്ദ്രം 'ചാല'യാണ്. കരിപ്പട്ടിക്കട, ഇരുമ്പുകട, മലക്കറിക്കട തുടങ്ങി ഓരോരോ സാധനവും വില്ക്കുന്നതിനു പ്രത്യേകം പ്രത്യേകം സ്ഥലങ്ങളുണ്ടായിരുന്നുവെന്നതു ചാല എന്ന ചന്തയ്ക്കുള്ളിലെ പ്രത്യേകമായ സ്ഥലനാമങ്ങളിൽനിന്നുതന്നെ തെളിയുന്നുണ്ട്. ചാലയ്ക്കു സമീപമുള്ള മണക്കാട് ചന്തയെപ്പറ്റിയും പ്രാചീന പരാമർശങ്ങളുണ്ട്. അനന്തപുരവർണ്ണനപ്രകാരം ഇന്നത്തെ പഴവങ്ങാടിയായിരുന്നു അന്നത്തെ പ്രധാന കമ്പോളമെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.
'അനന്തപുരവർണ്ണന'ത്തിൽ തിരുവനന്തപുരം നഗരത്തിനുള്ളിലെ രണ്ടങ്ങാടികളെപ്പറ്റിയുള്ള സൂചനയുണ്ട്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഈശാനകോണിലുള്ള അങ്ങാടിയിൽ
"നെല്ലിൻ്റെരിചിതാവെൻ്റു
ചൊല്ലിച്ചിലരഴയ്ക്കയും
തേങ്ങാ താ വെറ്റിലയ്ക്കെന്റും
മാങ്ങാതരുവനെൻകയും"
എന്നു സാധനക്കൈമാറ്റത്തിലൂടെ നടക്കുന്ന അങ്ങാടി വാണിഭത്തെപ്പറ്റിയുള്ള സൂചനയ്ക്കു വാണിജ്യമേഖലയിൽ വലിയ പ്രാമുഖ്യമുണ്ട്. എന്നാൽ രാവണശ്രേണിക്കടുത്തെത്തുമ്പോൾ ആനയച്ചു, കാശ്, പണം എന്നിങ്ങനെയുള്ള നാണയങ്ങളെ പരാമർശിക്കുന്നതിൽനിന്നു കച്ചവടത്തിൽ നാണയവിനിമയവുമുണ്ടായിരുന്നുവെന്നു വെളിപ്പെടുന്നു.
'അനന്തപുരവർണ്ണന'ത്തിൽ അങ്ങാടിവാണിഭത്തെപ്പറ്റിയുള്ള വിശദമായ സൂചനയുണ്ട്. അപ്പം, നെരിപ്പട തുടങ്ങിയ പലഹാരവില്പന; പൊന്ന്, മുത്ത്, നീലക്കല്ല്, വൈരം തുടങ്ങി ആഭരണമുണ്ടാക്കാനുള്ള വസ്തുക്കൾ; കാറ, മോതിരം, തോൾപ്പന്തി തുടങ്ങിയ ആഭരണങ്ങൾ; ചട്ടി, വട്ടക, ചട്ടുകം, കിണ്ടി, കോരിക, ചരക്ക്, ഉരുളി, മന്തി(മന്ത്-മത്ത്), കൽപ്പാന, താലം, തളിക, കിണ്ണം, പിഞ്ഞാണം തുടങ്ങിയ പാത്രങ്ങൾ; കരിമ്പടം, പട്ട്, കമ്പിളി, പരുത്തി, കാഞ്ചനപ്പട്ട്, വീരകാളി, തോര (കോണകം), മുലൈക്കച്ച, തലതുവർത്തി തുടങ്ങിയ വസ്ത്രങ്ങൾ; അമ്പ്, കത്തി, കമ്പ്, പിരമ്പ്, വില്ല്, അരിവാൾ, ചുരിക, കരവാളം തുടങ്ങിയ ആയുധങ്ങൾ എന്നിവയെല്ലാം വാണിജ്യത്തോടൊപ്പം അതതു മേഖലയുമായി ബന്ധപ്പെട്ട തൊഴിൽക്കൂട്ടങ്ങളെപ്പറ്റിയും സൂചന നല്കുന്നുണ്ട്. നെല്ലും അരിയും പയറുമൊഴികെയുള്ള ചോളം, കോതമ്പം, കടലയ്ക്ക ഇവയെല്ലാം ഇറക്കുമതികളായ ധാന്യങ്ങളാണ്. പൊന്ന്, വെള്ളി, ഈയം, ചെമ്പ്, ഇരുമ്പ്, തകരം, കമ്പി എന്നിവയും ഇറക്കുമതിതന്നെ. തേങ്ങ, അടയ്ക്ക, മാങ്ങ, കരിമ്പ്, വെള്ളരി, ചക്ക, അണ്ടി, പിണ്ടി, ചീര, അമ്പഴങ്ങ, കരുഞ്ചേമ്പ്, കുമ്പളങ്ങ, നാരകപ്പഴം, മാമ്പഴം, മുന്തിരി, കൈപ്പഴം, പഴം എന്നീ കാർഷികവിഭവങ്ങളും കായം, ഉള്ളി, ചുക്ക്, ഉപ്പ്, ജീരകം എന്നീ പലവ്യഞ്ജനങ്ങളും തൈലം, നത്തെണ്ണ, കൊമ്പെണ്ണ എന്നീ എണ്ണകളും തൈര്, മോര്, നെയ്യ് തുടങ്ങിയ പാലുത്പന്നങ്ങളും ഇവിടെത്തന്നെ ഉത്പാദിപ്പിച്ചിരുന്നവയായുമുണ്ട്. കടുക്ക, കസ്തൂരി, വെള്ളകിൽ, ചവർക്കാരം, അമുക്കിരം, അഞ്ജനം, താരി, മഞ്ച, മാഞ്ചി, കുഴിപ്പരൽ, തിപ്പലി, കർപ്പൂരം, പുഴുവിൻനെയ്, ഗോരോചന, മനോവെല, ശംഖ്, അയമോദകം, ചെറുതേൻ, ചാലിയം (ചായില്യം) എന്നീ അങ്ങാടി മരുന്നുകളും വീണ, കടുന്തുടി, നന്തുണി, അമ്മാന, ഓണവില്ല് എന്നീ വാദ്യങ്ങളും കേരളീയമായ ശീലങ്ങളിലൊതുങ്ങുന്നു. കട്ടിൽ, വട്ടി, ചാണ, കോണിയ, ചിക്ക്, ചൂരൽപ്പായ, കിളിക്കൂട്, ചിമിഴ്, അമ്മി, ഉലക്ക, ഉഷ്ണീഷം, കലക്കൊമ്പ്, കൃഷ്ണാജിനം, ഉറുപ്പ, ചാന്ത്, വിളക്ക് ഇവയെപ്പറ്റിയും ഇതുതന്നെ പറയാം. പൊത്തകം, പത്തിരം എന്നിവയെപ്പറ്റിയുള്ള സൂചന വിദ്യാഭ്യാസത്തിൻ്റെ പ്രചാരത്തെയാണ് ഓർമ്മിപ്പിക്കുന്നത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :അനന്തപുരിയിലെ ചന്തകൾ (ഡോ എൻ. അജിത്കുമാർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 650- 651 ..Link
|
| 3 | Uthsavachanthakal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ഉത്സവം, ആഘോഷം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചന്തകൾ സർവ്വസാധാരണമാണ്. ഓണം, വിഷു, ക്രിസ്തുമസ്, ബക്രീദ് തുടങ്ങിയ വ...
"ഉത്സവം, ആഘോഷം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചന്തകൾ സർവ്വസാധാരണമാണ്. ഓണം, വിഷു, ക്രിസ്തുമസ്, ബക്രീദ് തുടങ്ങിയ വിശേഷാഘോഷാവസരങ്ങളിൽ നഗരപ്രദേശങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും നിർദ്ദിഷ്ട സ്ഥലങ്ങളിൽ ചന്തകൾ പതിവുണ്ട്. ഓണച്ചന്തയിലും വിഷുച്ചന്തയിലും സദ്യവട്ടങ്ങൾക്കുള്ള പദാർത്ഥങ്ങളാണ് കൂടുതൽ കാണുക. നേന്ത്ര (ഏത്ത)ക്കായ, ഏത്തപ്പഴം, മറ്റു പഴങ്ങൾ, ചേന, ചേമ്പ്, കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കക്കിരിക്ക, പാവയ്ക്ക തുടങ്ങിയ പച്ചക്കറിസാധനങ്ങൾ നിശ്ചയമായും ഉണ്ടാകാറുണ്ട്. ഓണത്തിന് കുറേ ദിവസം മുമ്പുതന്നെ ചന്ത ആരംഭിക്കുമെങ്കിലും ഉത്രാടച്ചന്തയാണ് മുഖ്യം. വിഷുച്ചന്ത സംക്രമദിവസമാണ് പതിവ്. ചക്ക, മാങ്ങ, പഴുക്ക, വെറ്റില, കൊന്നപ്പൂവ് തുടങ്ങിയവയെല്ലാം വിഷുച്ചന്തയിൽ കാണാതിരിക്കുകയില്ല. ആഴ്ചച്ചന്തകളിലും മറ്റും ഉണ്ടാകാറുള്ള വസ്തുക്കളും ഇത്തരം ഉത്സവച്ചന്തകളിൽ ഉണ്ടായിരിക്കും.
കാവുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉത്സവം നടക്കുമ്പോൾ കാണാറുള്ള ചന്തകൾ മേൽപ്പറഞ്ഞ ചന്തകളിൽനിന്ന് കുറച്ചൊക്കെ വ്യത്യാസപ്പെട്ടവയാണ്. സ്ഥിരമായി നിർദ്ദേശിക്കപ്പെട്ട വിപണന സ്ഥലങ്ങളിലല്ല, ഉത്സവസങ്കേതങ്ങളിലാണ് അത്തരം ചന്തകൾ ഉണ്ടായിരിക്കുകയെന്നത് പ്രത്യേകം ഓർമിക്കണം. കാവുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധന നടക്കുന്ന പുണ്യസങ്കേതത്തിനു പുറത്ത്, മതിലിനു വെളിയിൽ ഉള്ള സ്ഥലങ്ങളിലായിരിക്കും ചന്തകളുടെ സ്ഥാനം. ചന്ത നടത്തുവാൻ അത്തരം സ്ഥാപനങ്ങളിൽ "ചന്തപ്പറമ്പുകൾ" / ഉത്സവപ്പറമ്പുകൾ കാണാറുണ്ട്. ഉത്തര കേരളത്തിൽ കളിയാട്ടമോ, പെരുംകളിയാട്ടമോ, തെയ്യാട്ടമോ നടക്കുന്ന സന്ദർഭങ്ങളിൽ കാവുകളുടെയും കഴകങ്ങളുടെയും മതിലിനു പുറത്തുള്ള പരിസരങ്ങളിൽ ഉത്സവച്ചന്തകൾ ഉണ്ടാവും. പൂരോത്സവം നടക്കുമ്പോഴും ഇത്തരം ചന്തകൾ കാണാം. കളിയാട്ടച്ചന്ത, പൂരച്ചന്ത എന്നിങ്ങനെയുള്ള വ്യവഹാരങ്ങൾ അപ്രകാരമുണ്ടായതാണ്. മധ്യകേരളത്തിലും പൂരോത്സവത്തിന് വലിയ ചന്തകൾ ഉണ്ടാകാറുണ്ട്. ദക്ഷിണ കേരളത്തിൽ കാളിയൂട്ട്, കുത്തിയോട്ടം, മുടിപ്പുരപ്പാട്ട്, പൊങ്കാല തുടങ്ങിയവയ്ക്കും ചന്തകൾ കാണാറുണ്ട്. പൂരോത്സവപ്പറമ്പുകളിൽ നടക്കുന്ന ചന്തകളുടെയും മറ്റും ശരിയായ ചിത്രം 'പൂരപ്രബന്ധാ'ദികൃതികളിൽ വരച്ചു കാട്ടിയിട്ടുണ്ടല്ലോ.
ഗ്രാമവാസികൾക്ക് ഇത്തരം ഉത്സവച്ചന്തകൾ വലിയ അനുഗ്രഹമാണ്. അവർക്ക് നാട്ടിൻപുറങ്ങളിൽ സാധാരണമായി / സുലഭമായി ലഭിക്കാത്ത പല വസ്തുക്കളും ഇത്തരം ചന്തകളിൽ ഉണ്ടാവും. അതിനാൽ, തെയ്യമോ ഉത്സവമോ കാണുന്നതിനേക്കാൾ, ചന്തപ്പറമ്പുകളിൽ ചുറ്റിത്തിരിഞ്ഞു നടക്കുവാനാണ് പ്രായേണ ജനങ്ങൾ താത്പര്യം കാണിക്കുക. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം : പ്രാദേശിക ചന്തകൾ (ഡോ. എം. വി. വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം . 588 -589 ..Link
|
| 4 | Mahabalicharitham Onappaatt |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"മഹാബലിചരിതം ഓണപ്പാട്ടിൽ ഏറ്റവും വിശദമായും വാചാലമായും വർണ്ണിക്കുന്നത് ഓണത്തിൻ്റെ ചടങ്ങുകളോ കഥയോ അല്ല, മറിച്ച് ഓണക്ക...
"മഹാബലിചരിതം ഓണപ്പാട്ടിൽ ഏറ്റവും വിശദമായും വാചാലമായും വർണ്ണിക്കുന്നത് ഓണത്തിൻ്റെ ചടങ്ങുകളോ കഥയോ അല്ല, മറിച്ച് ഓണക്കാലത്ത് സജീവമാകുന്ന വാണിഭവും അതിലെ ഉത്പന്നങ്ങൾ വാങ്ങുന്നവരുടെയും വാങ്ങാൻ ആഗ്രഹിക്കുന്നവരുടെയും പ്രതീക്ഷകളും പിണക്കങ്ങളും മറ്റുമാണ്.
ആകെ 231 വരികളുള്ള വെടിയൂർമന പാഠത്തിൽ 50 വരികളും 266 വരികളുള്ള ചിറക്കൽ കോവിലകം പാഠത്തിൽ 75 വരികളും വാണിഭവർണ്ണനയ്ക്കായി ഉപയോഗിക്കുന്നു. മറ്റു പാഠങ്ങളിലും സമാന അനുപാതം തന്നെ. ചിറക്കൽ കോവിലകം പാഠത്തിൽ മാത്രം ഇതര പാഠങ്ങളിലെ അനുപാതത്തേക്കാൾ അല്പംകൂടി കൂടുതൽ വരികൾ വാണിഭത്തിനായി നീക്കിവെക്കുന്നു. പല കാര്യങ്ങളിലും ഈ പാഠം ആപേക്ഷികമായി കൂടുതൽ വിശദാംശങ്ങൾ തരുന്നുമുണ്ട്.
മൂന്നു പാഠങ്ങളിലും 'മാനം വളച്ച വളപ്പകത്തു' നടക്കുന്ന 'വേണ്ടുന്ന വാണിഭ'ത്തെക്കുറിച്ചാണ് പാട്ടുകാർ വിസ്തരിക്കുന്നത്. ഓണക്കാലത്തു മാത്രം താൽക്കാലികമായി വലിയൊരു വളപ്പിൽ സജ്ജീകരിക്കുന്ന, ഇന്നത്തെ ഓണച്ചന്തയ്ക്കു സമാനമായ ഓണവാണിഭമാണിത്. എന്നാൽ ചിറക്കൽ കോവിലകം പാഠത്തിൻ്റെ പാട്ടുകാർ 'നല്ല നഗരങ്ങളെല്ലാടവും' ഒരുക്കുന്ന വാണിഭമാണ് വിവരിക്കുന്നത്.
“നല്ല നഗരങ്ങളെല്ലാടവും
നെല്ലുമരിയും പലതരത്തിൽ
വേണ്ടുന്ന വാണിഭമൊന്നു പോലെ
ആന കുതിരകളാടുമാടും
കെട്ടി വരുന്നതിനറ്റമില്ല
ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവിണിയും ചിറ്റാടയും
നല്ല മണപ്പാടെ ചെല്ലാരിയും
കായങ്കുളച്ചേല പോർക്കളിയൻ
മങ്കാരത്തോരനും വെള്ളുണ്ടയും
തഴ്ചരി നല്ലതു കോഴിക്കോടൻ
ചീനത്തെ മുണ്ടുകൾ വേണ്ടുവോളം
തോരനെഴുതിയ വാളും പിടി
തെക്കർ കിഴക്കർ കവിണിയുണ്ട്
ഓരോ തരങ്ങളിൽ വേണ്ടുവോളം
പട്ടുപുടവകൾക്കറ്റമില്ല
കണ്ണാടി കസ്തൂരി കർപ്പൂരവും
പച്ചപ്പുഴുച്ചാന്തും സിന്ദൂരവും
അഷ്ടഗന്ധങ്ങളും ചന്ദനവും
ഈ വണ്ണമുള്ള വിശേഷങ്ങളും
സന്നാഹം ചൊന്നാലൊടുക്കമില്ല
പച്ചക്കുലയും പഴക്കുലയും
പപ്പിടക്കെട്ടുകൾ വേണ്ടുവോളം
വെറ്റിലാടക്കയും നാളികേരം
ജീരകം നല്ല കടുമുളകും
ശർക്കര തേനോടു പഞ്ചസാര
എണ്ണയും നെയ്യും വെളിച്ചെണ്ണയും
അറ്റമില്ലാത്തോളമെന്നേ വേണ്ടൂ
കണ്ടവർ കൊണ്ടു കൊടുത്തു വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടുവോളം."
(രാഘവൻപിള്ള, 1964)
കേരളത്തിലെ പട്ടണങ്ങളും അങ്ങാടികളും വാണിഭങ്ങളും 17-19 നൂറ്റാണ്ടുകളിൽ അവശ്യവസ്തുക്കളുടെ കാര്യത്തിൽ മാത്രമല്ല, ആർഭാടവസ്തുക്കളുടെ ലഭ്യതയിലും ഒരേതരം ഉത്പന്നങ്ങളുടെ സൂക്ഷ്മമായ വൈവിധ്യത്തിലും എത്രത്തോളം സമൃദ്ധമായിരുന്നു എന്ന് തെളിയിക്കുന്നു ഇതുപോലുള്ള വർണനകൾ. ചരിത്രകാരന്മാർ സാധാരണയായി ആശ്രയിക്കുന്ന വിദേശികളുടെ കണക്കുകളെയും കുറിപ്പുകളെയും അപേക്ഷിച്ച്, അങ്ങാടിയുടെയും ചന്തയുടെയും ശബ്ദായമാനവും വിഭിന്നവികാരങ്ങൾ പ്രതിഫലിക്കുന്നതും ആയ അന്തരീക്ഷം ഒപ്പിയെടുക്കുന്നതാണ് പാട്ടുകാരുടെ ശീലുകൾ. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം : ഓണവാണിഭം (ഡോ. പി. രൺജിത്), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം . 579-580..Link
|
| 5 | Parambuvilakal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ചെറുകിഴങ്ങ്: പുതുമഴയിൽ കൃഷിയിറക്കി തുലാമാസത്തിൽ വിളവെടുക്കുകയാണ് ചെയ്യാറ്. വിത്തുകിഴങ്ങ് മണ്ണിൻ്റെ ഈർപ്പം നഷ്ടപ്പെ...
"ചെറുകിഴങ്ങ്: പുതുമഴയിൽ കൃഷിയിറക്കി തുലാമാസത്തിൽ വിളവെടുക്കുകയാണ് ചെയ്യാറ്. വിത്തുകിഴങ്ങ് മണ്ണിൻ്റെ ഈർപ്പം നഷ്ടപ്പെടാതെ എടുത്ത് ഓലക്കുട്ടയിലാക്കി കെട്ടിത്തൂക്കി വയ്ക്കുന്നു. കിഴങ്ങിൻ്റെ മുഖഭാഗം മുകളിൽ വരത്തക്കവിധം വെണ്ണീർ, ചാണകം ഇവ ഇട്ട് മൂടണം.
തൊണ്ടൻപയർ: ഒരടി വിസ്താരത്തിൽ വിത്ത് നട്ട് അഞ്ചോ ആറോ ഇല വന്നുകഴിയുമ്പോൾ തടത്തിൽ ചാണകം നുള്ളിവെച്ച് മണ്ണിടുന്നു. പടർന്നു തുടങ്ങിയാൽ താള് നുള്ളി ഉപ്പേരിവയ്ക്കാം. വീണ്ടും കൂടുതൽ തണ്ടുണ്ടാവാൻ സഹായകമാകുമിത്. കായ ഉണ്ടായി പഴുത്തു തുടങ്ങിയാൽ വെയിലത്തിട്ട് ഉണക്കി കുറച്ച് പുകമാത്രം കിട്ടുന്ന രൂപത്തിൽ തൂക്കിയിടും. പുതുമഴ വരുമ്പോൾ പൊളിച്ചെടുത്ത് നടാൻ തുടങ്ങാം.
കുരുമുളക്: കേരളത്തിൽ എല്ലാ സ്ഥലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഒരു വിളയാണിത്. പുതുമഴയ്ക്ക് തണ്ട് മുറിച്ചതിനുശേഷം-ഏകദേശം 21 ദിവസം തണലത്ത് വിതറുക. അതിനുശേഷം അവയിൽ കേടുവരാത്ത 45 തണ്ട് വീതം രണ്ട് മുട്ട് ആഴ്ത്തി തിരുവാതിര -ഞാറ്റുവേലയ്ക്ക് നടുക. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വളർച്ചയ്ക്കനുസരിച്ച് വള്ളി മരത്തിൽ പാളനാരുകൊണ്ട് കെട്ടണം. കയർ പെട്ടെന്ന് നശിക്കാതെ വള്ളിക്ക് ദോഷം ചെയ്യുന്നതിനാൽ കയർ ഉപയോഗിക്കരുത്. പിണ്ണാക്ക്, ചാണകം, ആട്ടിൻ കാഷ്ഠം, നെല്ലിന്റെ ഉമി എന്നിവ വളമായി നൽകാം.
ചേമ്പ്: മഴ പെയ്താൽ ചേമ്പ് നടാം. തൂപ്പും ചാണകവുമാണ് വളമായി ഉപയോഗിക്കുന്നത്. ബിലാത്തി, കരിംചേമ്പ് എന്നിവയാണ് കൂടുതലും കൃഷി ചെയ്യുന്നത്.
അവര: കർക്കിടകമാസത്തിലെ കറുത്തവാവിന് നടണം. നേരത്തെ കുഴിയെടുത്ത് പച്ചത്തൂപ്പും പച്ചച്ചാണകവും നിറച്ച് മണ്ണിട്ട് മൂടിയിട്ടാണ് വിത്ത് നടേണ്ടത്. വളരുംതോറും ചാണകം കലക്കി ഒഴിക്കണം. വെള്ളവും ധാരാളം ഒഴിക്കണം. കുംഭം, ഇടവം കാലത്തും അവര നടാറുണ്ട്.
വെറ്റില: കർക്കിടക മാസത്തിലാണ് വെറ്റില നടേണ്ടത്. വൃത്തത്തിൽ കുഴിയെടുത്ത് 4 കമ്പിൽ കെട്ടി ചാണകവും ഉപ്പിലതൂപ്പും ഇടണം.
ചന്തപ്പയർ: കുഴിയെടുത്ത് ചാണകപ്പൊടി, വെണ്ണീർ എന്നിവയിടണം. ഏത് കാലാവസ്ഥയിലും ഇത് നടാം. ഒരാഴ്ച കഴിയുമ്പോൾ ചിന്തി ചാണകവും വെണ്ണീറും ഇടണം. പടർന്നു കഴിഞ്ഞാൽ തൂപ്പ് ഇട്ട് നനയ്ക്കണം.
കക്കിരി: മീനമാസത്തിലാണ് കക്കിരി നടുന്നത്. പന്തൽ ഇട്ട് പടർത്തണം. കുഴിയെടുത്ത് ചാണകവും വെണ്ണീറും ഇട്ടശേഷം വിത്ത് നടണം.
അമര: തടത്തിൽ പച്ചിലകൾകൊണ്ട് തൂപ്പുണ്ടാക്കി ചീഞ്ഞളിഞ്ഞ ശേഷമാണ് വിത്തു നടുക. വളരുമ്പോൾ ചാണകം, ആട്ടിൻകാഷ്ഠം, കടലപ്പിണ്ണാക്ക്, ചാരം, മൂത്രം എന്നിവ വളമായി നൽകാം.
ചീര: വിത്തു പാകി മുളപ്പിച്ച് തൈകളാക്കി മൂന്നോ നാലോ ആഴ്ച കഴിയുമ്പോൾ പാകപ്പെടുത്തിയ തടങ്ങളിലേക്ക് പറിച്ചു നടണം. ആവശ്യത്തിനു വെള്ളവും വളവും നൽകിയാൽ രണ്ടു മാസംകൊണ്ട് വിളവെടുപ്പ് നടത്താം.
വെള്ളരിക്ക, കുമ്പളം: വിത്തുകൾ വെണ്ണീർ പുരട്ടി ശീലയിൽ സൂക്ഷിക്കുന്നു. മീനം രണ്ടാംവാരത്തിലാണ് കുമ്പളം നടുക. ചിങ്ങമാസത്തോടെ വിളവെടുക്കാം. ചാണകപ്പൊടിയും ചാരവും വളമായി ഉപയോഗിക്കാം.
നേന്ത്രവാഴ: കുംഭം, മീനം മാസങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്. കുഴികളെടുത്ത് മൂന്ന് മീറ്റർ നീളത്തിൽ (അകലത്തിൽ) കന്നുകൾ നടണം. ആവശ്യാനുസരണം വെള്ളവും വളവും നൽകിയാൽ 10-12 മാസംകൊണ്ട് വിളവെടുക്കാം. 3 പ്രാവശ്യമായി വളം നൽകണം. ഒരു മാസത്തിനുള്ളിൽ ചാണകം, തൂപ്പ് എന്നിവ നൽകണം.
കദളി, പൂവൻ: കന്നുകൾ മാറ്റി നട്ടുതന്നെയാണ് ഇവയും കൃഷി ചെയ്യുന്നത്. കുഴിയെടുത്ത് ചാലുകൾ കീറി കന്നുകൾ നടണം. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :പറമ്പുകൃഷി (ദൃശ്യ എം. ആർ. ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം . 563 - 564..Link
|
| 6 | Njaattuvelachollukal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
ഞാറ്റുവേല:
"ഒരു ഞാറ്റുവേല ഏകദേശം രണ്ടാഴ്ച എന്നു കണക്കാക്കാം. 27 ഞാറ്റുവേലകളിൽ ആദ്യത്തേത് മേടമാസത്തിലാരംഭിക...
ഞാറ്റുവേല:
"ഒരു ഞാറ്റുവേല ഏകദേശം രണ്ടാഴ്ച എന്നു കണക്കാക്കാം. 27 ഞാറ്റുവേലകളിൽ ആദ്യത്തേത് മേടമാസത്തിലാരംഭിക്കുന്നു. ഞായറിൻ്റെ (സൂര്യൻ) വേല, സമയം, സ്ഥിതി എന്നിവയനുസരിച്ചു ഗണിക്കുന്ന ഒരു കലണ്ടറാണ് ഞാറ്റുവേല. മനുഷ്യൻ കൃഷിക്കുവേണ്ടി ചെയ്യുന്ന പ്രവൃത്തികൾ ഓരോ സമയത്ത് പ്രത്യേക രീതിയിൽ വേണമെന്ന് ഒരു രീതിയുണ്ട്. അതിനുള്ള കലണ്ടറുംകൂടിയാണ് ഞാറ്റുവേല. അശ്വതി എന്നു തുടങ്ങുന്ന ഞാറ്റുവേലകളിൽ രേവതിയാകുമ്പോഴേക്കും മിക്കവാറും മഴ ആരംഭിക്കും. രോഹിണി ഞാറ്റുവേലയിൽ തുള്ളി മഴയാണെന്നും പുണർതത്തിൽ പാടവും പറമ്പും ഒന്നാകുമെന്നുമുള്ള ചില ചൊല്ലുകളുണ്ട്. തിരുവാതിരയിൽ മഴയും വെയിലുമുണ്ടാകും. പരിമേഘം ചന്ദ്രനു ചുറ്റും കണ്ടാൽ മഴ പെയ്യുമെന്ന വിശ്വാസമുണ്ട്. പടിഞ്ഞാറുനിന്നു കാറ്റു വീശുന്നത് മഴസൂചനയാണ്. മഴയുടെ അളവിനെക്കുറിച്ച് ചില ചൊല്ലും വിശ്വാസങ്ങളുമുണ്ട്. ഒരു 'നാൾ' വിചാരിച്ചാൽ ഒരു 'പറ' മഴയും രണ്ടു 'നാൾ' വിചാരിച്ചാൽ രണ്ടും മൂന്നു 'നാൾ' എങ്കിൽ മൂന്നു പറ മഴയും ലഭിക്കും. 'മൂന്നു പറ പെയ്താൽ മൂന്നോടത്ത്' എന്നൊരു ചൊല്ലുണ്ട്. മൂന്നു ഭാഗത്തു കൃഷി നന്നാവുമെന്നും നാലാമത്തെ ഭാഗം (നാലിലൊന്ന്) നശിക്കുമെന്നുമാണ് ഇതിൻ്റെ സാരം. 'നാലു പറ പെയ്താൽ നാലു വശത്തും' ഉള്ള കൃഷി നന്നാവുമെന്നും നടുക്കുള്ളതു നശിക്കുമെന്നും വിശ്വാസമുണ്ട്. 'ഒരു പറ' വർഷം എപ്പോഴും ഗുണമാണത്രെ.
ഓരോയിനം വിത്തിറക്കുന്നതും ഞാറ്റുവേല നോക്കിയാണ്. ഓരോ ഞാറ്റുവേലയിലും കൃഷിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തി നിഷ്കർഷിച്ചിട്ടുണ്ടാകും. മുറിച്ചുനടേണ്ട ചെടികൾക്ക് തിരുവാതിരയാണ് യോജിച്ച കാലം. തിരുവാതിരയ്ക്ക് 'തിരിമുറിയാതെ മഴ' യെന്നും വെയിലാണെങ്കിൽ 'തീക്കട്ടപോലെ' എന്നും പറയാറുണ്ട്. 'കാർത്തിക വാഴയുടെ കൈയുണങ്ങും,' 'പുണർതത്തിൽ നെല്ല് പോത്തിൻപുറത്തും മുളയ്ക്കും,' 'പൂയത്തിലെ മഴ പൂന്തോണിപോലെ,' "തിരുവാതിര ഞാറ്റുവേല തിരുവോണം കണ്ടേ മടങ്ങൂ,' 'പുണർതത്തിൽ പുഴ തോണിപോലെ,' 'മകത്തിൻ്റെ മുഖത്തെള്ളെറിഞ്ഞാൽ കുടത്തിന്റെ മുഖത്തെണ്ണ,' 'മകരത്തിൽ പയർ മദിച്ചു നില്ക്കും, ' 'ആയില്യക്കള്ളൻ അകത്തോ പുറത്തോ,' 'കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം,' 'ചോതിപ്പെണ്ണ് അകത്തിരുന്നാൽ ചോറ് ഉറിയിൽ,' 'മൂലം മുടിഞ്ഞാൽ ഏറ് നിർത്തും,' 'നൂറു മഴയും നൂറു വെയിലും' തുടങ്ങി നിരവധി ചൊല്ലുകളുണ്ട്".
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം : കൃഷിമൊഴികൾ (വിജയകുമാർ മേനോൻ, ഷൈല ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം . 525..Link
|
| 7 | Jaivika Keeda Niyanthranam |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ദൃഷ്ടിഗോചര ജീവികളിൽ ഏറ്റവുമെളുപ്പം പെരുകുന്ന കീടങ്ങളെ നിയന്ത്രിച്ചേ വിസ്തൃതങ്ങളായ വയലേലകളിൽ കൃഷി ചെയ്യുന്ന മനുഷ്യന...
"ദൃഷ്ടിഗോചര ജീവികളിൽ ഏറ്റവുമെളുപ്പം പെരുകുന്ന കീടങ്ങളെ നിയന്ത്രിച്ചേ വിസ്തൃതങ്ങളായ വയലേലകളിൽ കൃഷി ചെയ്യുന്ന മനുഷ്യന് വിളവ് സമൃദ്ധമാക്കാനാവൂ. പോയ നൂറ്റാണ്ടിന്റെ പകുതിയോടെ രംഗത്തുവന്ന വിഷകൃഷിയിൽ മനുഷ്യൻ്റെ നിലനില്പുതന്നെ അവതാളത്തിലാക്കുന്ന തരത്തിൽ കീടങ്ങളെ കൈകാര്യം ചെയ്യുകയായിരുന്നുവെങ്കിൽ കൂടുതൽ ശാസ്ത്രാവബോധമാർജ്ജിച്ച് പുതിയ തലമുറ പരിസ്ഥിതിക്കനുയോജ്യമായി കീടനിയന്ത്രണം എങ്ങനെ നടത്താമെന്നാണ് അന്വേഷിക്കുന്നത്. രാസീക കൃഷിയിൽ അപ്രത്യക്ഷമായിപ്പോയ തദ്ദേശീയരുടെ കൃഷിരീതികൾ തിരിച്ചറിയുക എന്നത് അതിപ്രധാനമാവുകയാണ്. രാസീക കീടനിയന്ത്രണം വരുന്നതിനു മുമ്പുള്ള കാലങ്ങളിൽ അനുവർത്തിച്ച പൊടിക്കൈകൾ പ്രയോഗത്തിൽ കൊണ്ടുവരിക എന്ന ദൗത്യം പുതിയ തലമുറയ്ക്കുള്ളതാണ്.
സസ്യജന്യമായ ഒട്ടേറെ വസ്തുക്കൾ കീടനിയന്ത്രണത്തിന് കേരളത്തിൽ പലയിടത്തും ഉപയോഗിച്ചു വരുന്നുണ്ട്. അവയിൽ ചിലതു മാത്രം താഴെ കൊടുക്കുന്നു.
പിണ്ണാക്കുകൾ:
ചിതൽശല്യമുള്ള മണ്ണിൽ വേപ്പിൻപിണ്ണാക്ക് പൊടിച്ചു ചേർക്കുന്നത് കേരളത്തിലെ കർഷകർ അനുവർത്തിച്ചുവരുന്ന ഒരു രീതിയാണ്. വേപ്പിലയിലെ നിംബിൻ, നിംബിനിൻ, അസാഡിറാക്ടിൻ തുടങ്ങിയ ആൽക്കലോയ്ഡുകൾ ചിതലിനെ അകറ്റുന്നു. കൂടാതെ ഇത് ചെടികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കുരുമുളകിന് വേപ്പിൻപിണ്ണാക്കു കൊടുക്കുമ്പോൾ വാട്ടരോഗത്തെ ഒരു പരിധി വരെ ഇല്ലാതാക്കാനാവുന്നുണ്ട്.
വേപ്പിന്റെ സ്വരസത്തിന് കീടങ്ങളെ തുരത്താനുള്ള കഴിവുണ്ട്. മരോട്ടിപ്പിണ്ണാക്ക് ഒരിനം കീടത്തെ ആകർഷിക്കുന്നു. മരോട്ടിപ്പിണ്ണാക്ക് വെള്ളത്തിൽ കലക്കി ഒരു ദിവസം വെച്ചിരുന്ന് മൺകുടത്തിലാക്കി തെങ്ങിൻതോപ്പിൽ രാത്രിസമയത്ത് അവിടവിടെയായി വച്ചാൽ തെങ്ങിനെ ആക്രമിക്കുന്ന കൊമ്പൻചെല്ലികൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും വെള്ളത്തിൽ വീണ് ചാവുകയും ചെയ്യുന്നു.
മരോട്ടിപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, ആവണക്കിൻപിണ്ണാക്ക് എന്നിവ മണ്ണിലെ നിമാവിരകളെ നിയന്ത്രിക്കാൻ കഴിവുള്ളതാണ്.
ചാരം:
വളംതന്നെ കീടനിയന്ത്രണമേറ്റെടുക്കുന്ന അത്ഭുതമാണ് 'ചാരപ്രയോഗം.' പയർച്ചെടിയിൽ പറ്റിപ്പിടിച്ചു നീരൂറ്റി വളരുന്ന 'കുനിയൻ' എന്ന കീടം പടരുമ്പോൾ പുളിരസം കൂടുതലുള്ള വെണ്ണീർ ഇലനനഞ്ഞിരിക്കുന്ന സമയത്ത് ചെറിയ ചൂടോടെതന്നെ കർഷകർ വിതറിക്കൊടുക്കാറുണ്ട്. ശല്ക്കകീടങ്ങളെ പുളിവെണ്ണീർ കലക്കി ബ്രഷുകൊണ്ടു തേച്ചു കൊടുക്കുന്നതുവഴി ഒരു പരിധിവരെ ഇല്ലാതാക്കാം. പലതവണ വെണ്ണീർ വിതറുന്നത് മൃദുശരീരമുള്ള പുഴുക്കളെയും ഇല്ലാതാക്കും.
സസ്യഭാഗങ്ങൾ:
ജൈവിക കീടനിയന്ത്രണത്തിൽ വിവിധയിനം സസ്യങ്ങൾ പല പ്രകാരത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്.
മറ്റു കീടനിയന്ത്രണ മാർഗ്ഗങ്ങൾ:
1. നിലം തരിശിടൽ:
തുടർച്ചയായി വിളവെടുക്കുന്ന സ്ഥലങ്ങളിൽ തരിശിടുന്നതുവഴി പിന്നെയുള്ള വിളവ് നന്നാവുന്നു. ചെടിക്കുള്ള രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു.
2. നെൽവയലിലെ മുള്ളുവലി:
ഈന്തിൻപട്ട, മുള്ള്, തുടലിമുള്ള് എന്നിവ പാകമായ വലിപ്പത്തിൽ മുറിച്ചെടുത്ത് നെല്ലോലകൾക്ക് മീതെ വലിക്കുന്നു. ഓലചുരുട്ടിപ്പുഴുക്കൾ ഓല കീറി വെള്ളത്തിൽ വീണു ചാവുന്നു. കൊമ്പുമുറംകൊണ്ടടിച്ചും ഇത് ചെയ്യാറുണ്ട്.
3. വരമ്പുകളെ പ്രയോജനപ്പെടുത്തൽ:
വരമ്പുകളിൽ കീടങ്ങൾ പെരുകാനിടയുള്ള കളകൾ വളരാതെ തുവര, പയർ തുടങ്ങിയ പയർവർഗ്ഗത്തിലെ ചെടികൾ വളർത്തുന്നു.
4. പക്ഷികളെ പ്രയോജനപ്പെടുത്തൽ:
വയലുകളിൽ മടൽ കുത്തിനിർത്തുക, വരമ്പുകളിൽ മുള കെട്ടിവയ്ക്കുക ഇവ മൂങ്ങ, കാക്കക്കുയിൽ, ഓലേഞ്ഞാലി തുടങ്ങിയ കിളികളെ വയലിലേക്ക് ആകർഷിക്കുകയും അവ സ്വാഭാവിക കീടനിയന്ത്രണം നടത്തുകയും ചെയ്യും.
കീടനിയന്ത്രണത്തിന് മണ്ണിൻ്റെയും പരിസ്ഥിതിയുടെയും ആയ സ്വാഭാവിക മാർഗ്ഗങ്ങൾ ഒട്ടേറെയുള്ളപ്പോൾ വിലകൂടിയതും വിഷമേറിയതും ദൂരവ്യാപകമായ ദൂഷ്യഫലമുള്ളതുമായ രാസികമാർഗ്ഗം അവലംബിക്കുന്നതിന് സാംഗത്യമില്ല."
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന് ) ,പൈതൃകം ശേഖരിച്ച ലേഖനം: ജൈവിക കീടനിയന്ത്രണം (ഹരിനാരായണൻ മുല്ലമംഗലം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 499 -502..Link
|
| 8 | Bhakshana Samskaram |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"മൂന്നു നേരവും അരിഭക്ഷണം. രാവിലെകളിൽ പലഹാരം സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളിൽ മാത്രം. മറ്റ് കുടുംബങ്ങളിൽ തലേദിവസത്...
"മൂന്നു നേരവും അരിഭക്ഷണം. രാവിലെകളിൽ പലഹാരം സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളിൽ മാത്രം. മറ്റ് കുടുംബങ്ങളിൽ തലേദിവസത്തെ ചോറോ കഞ്ഞിയോ ആയിരിക്കും പ്രാതൽ. അരിയും ഉഴുന്നും ആട്ടിയ മാവുകൊണ്ടുള്ള ദോശയും ഇഡ്ഡലിയും അപ്പവും ഇന്ന് സർവ്വസാധാരണമായ പ്രാതൽ. അരിപ്പൊടികൊണ്ടുള്ള കുറ്റിപ്പുട്ടും നൂലപ്പവും പ്രാതൽവിഭവങ്ങൾതന്നെ. ബ്രാഹ്മണഗൃഹങ്ങളിൽ അരിമാവുകൊണ്ടുള്ള പലതരം കൊഴുക്കട്ടകൾ, അടകൾ, ദോശകൾ, അരിറവ, ഗോതമ്പുറവ, പട്ടണംറവകൊണ്ടുള്ള വിഭവങ്ങൾ. ബ്രാഹ്മണഗൃഹങ്ങളിൽ മാത്രം കാണുന്ന ഒരു പ്രത്യേക തരം അട-അരി, ഉഴുന്ന്, പരിപ്പ്, നവധാന്യങ്ങൾ ചേർത്തരച്ച് ഉണ്ടാക്കുന്നത്.
അരിപ്പൊടി, ഉഴുന്നുപൊടി, കടലമാവ്, എന്നിവ തനിച്ചും വിസ്ത്യതമായ ചേരുവകളിലുണ്ടാക്കുന്ന മുറുക്കും പൊക്കവടയും നെയ്യപ്പവും കൂടാതെ അവിലും മലരുമെല്ലാം ഇടനേരങ്ങളിലെ വിഭവങ്ങൾ. പരിപ്പുവട, ഉഴുന്നുവട എന്നിവയും ഇതിൽപ്പെടും. ഏത്തക്കായ, ചക്ക, ചേന എന്നിവ വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരികളും തഥൈവ. ബ്രാഹ്മണഗൃഹങ്ങളിൽ കാണുന്ന ചിലതുകൾ-മുത്തുസരം, തേൻ കുഴൽ, മനോഹരം, അതിരസം, ചീഡ, വെല്ലചീഡ, കലകല, പൊള്ളവട, പലതരം ബജ്ജികൾ- പ്രത്യേകിച്ചും വലിയ മുളകുകൊണ്ടുണ്ടാക്കുന്ന മുളകുബജ്ജി.
ചേന, മത്തൻ, പയറ്, വാഴക്കായ, കുമ്പളം, വെണ്ട, പടവലം തുടങ്ങിയവ പ്രധാന പച്ചക്കറികൾ. പഞ്ഞമാസത്തിൽ താളും തകരയും അടക്കമുള്ള ഇലക്കറികൾ. മുതിരപ്പുഴുക്കും മഴക്കാലത്തെ വിഭവംതന്നെ. വേനൽക്കാലത്ത് പഴുത്ത ചക്കയും മാങ്ങയും സമൃദ്ധം. ചക്കക്കാലത്ത് ചക്കപ്പുഴുക്ക്. വിശേഷ ദിവസങ്ങളിലെ കറികളിൽ എരിശ്ശേരി, ഓലൻ, സാമ്പാർ, കുറുക്കുകറി, ഇഞ്ചിപ്പുളി എന്നിവ. കറികളെല്ലാത്തിലും നാളികേരം അരച്ചോ, ചിരകിയോ ചേർക്കും. വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കുകയും അതിൻ്റെ ചിട്ട. വെളിച്ചെണ്ണ സമ്യദ്ധമല്ലാതിരുന്ന സന്ദർഭങ്ങളിൽ കടലയെണ്ണയും ഉപയോഗിച്ചിരുന്നു. എള്ളെണ്ണ ഇതിന് ഉപയോഗിച്ചിരുന്നില്ല. കണ്ണിമാങ്ങയും നെല്ലിക്കയും നാരങ്ങയും അച്ചാറിനുള്ള വിഭവങ്ങൾ. എന്നാൽ അഗ്രഹാരങ്ങളിലാവട്ടെ നല്ലെണ്ണയുടെ ഉപയോഗം കുറച്ച് അധികംതന്നെ. ദോശ, ഉഴുന്നുകൊണ്ടുണ്ടാക്കുന്ന അട എന്നിവയ്ക്ക് നല്ലെണ്ണയൊഴിച്ചാണ് കല്ലിൽ വേവിക്കുക. അച്ചാറുകളിലെല്ലാം നല്ലെണ്ണയാണ് ഉപയോഗി ക്കുന്നത്. ഉപ്പുമാങ്ങ (കണ്ണിമാങ്ങ), കടുകുമാങ്ങ, മാങ്ങാക്കറി, എണ്ണമാങ്ങ എന്നിങ്ങനെ മാങ്ങാഅച്ചാറുകൾ. വടുകപ്പുളിനാരകത്തിന്റെ ഇലയിടിച്ച് ഉണ്ടാക്കുന്ന വേപ്പിലക്കട്ടി, മാഹാണിക്കിഴങ്ങ് അച്ചാർ എന്നിങ്ങനെ പലതരം പ്രത്യേക അച്ചാറുകൾ. പലതരം വറ്റലുകൾ,കൊണ്ടാട്ടങ്ങൾ ഉണ്ടാക്കി സൂക്ഷിച്ചു വച്ച് ആവശ്യം പോലെ എടുത്ത് എണ്ണയിൽ വറുത്ത് ഉപയോഗിക്കുന്നു.
പിറന്നാൾ, അന്നപ്രാശം, വിവാഹം, ഓണം, വിഷു എന്നീ വിശേഷങ്ങളിൽ ഒരിനമെങ്കിലും പായസവും ഒഴിവാക്കാനാവാത്തവ-പാൽ പായസം, ഗോതമ്പ്പായസം, പഴപ്രഥമൻ, പരിപ്പ് പ്രഥമൻ, അടപ്രഥമൻ, ചക്കപ്രഥമൻ എന്നിവയാണ് പായസവിഭവങ്ങൾ.
അബ്രാഹ്മണർ, ആടും നാടൻകോഴിയും മത്സ്യങ്ങളും മാംസാഹാരത്തിന് ഉപയോഗിച്ചിരുന്നു. ഗ്രാമക്കുളങ്ങൾ തേകി വറ്റിച്ച് വേനൽക്കാലങ്ങളിൽ മീൻ പിടിക്കുന്നു. കൊറ്റി, ആമ, പ്രാവ് എന്നിവയെയും അബ്രാഹ്മണർ ഭക്ഷിക്കുന്നു. മാംസഭക്ഷണവും ഹോട്ടൽ ഭക്ഷണവും ഉത്തരേന്ത്യൻ വിഭവങ്ങളുമായ ചപ്പാത്തി, പൊറോട്ട തുടങ്ങിയവയും അവയുടെ കറികളും ഇന്നത്തെപ്പോലെ സാധാരണങ്ങളായിരുന്നില്ല. മദ്യപാനവും കഴിഞ്ഞ രണ്ട് മൂന്ന് ദശാബ്ദംകൊണ്ടാണ് വ്യാപകമായത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം (വിളയന്നൂർ ഗ്രാമം: ഒരു പാലക്കാടൻ വയൽക്കാടിന്റെ വൈവിധ്യതയിലേക്ക് ഒരെത്തിനോട്ടം, വി. എസ്. രാമചന്ദ്രൻ, കെ. സ്വരൂപാനന്ദൻ, ഡോ. സി.ആർ. രാജഗോപാലൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 418 - 419..Link
|
| 9 | Kozhikkood |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"കോഴികളെ മരംകൊണ്ടുണ്ടാക്കിയ കൂടുകളിലോ അരുകുകോലായിലുള്ള തിണ്ണയിൽ നിർമ്മിച്ച മണ്ണുകൊണ്ടുള്ള കൂടുകളിലോ സംരക്ഷിച്ചിരുന്...
"കോഴികളെ മരംകൊണ്ടുണ്ടാക്കിയ കൂടുകളിലോ അരുകുകോലായിലുള്ള തിണ്ണയിൽ നിർമ്മിച്ച മണ്ണുകൊണ്ടുള്ള കൂടുകളിലോ സംരക്ഷിച്ചിരുന്നു. പകലിൽ തീറ്റ തേടാനായി പുറത്തു വിടും. മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടിയാണ് അവയെ വളർത്തിയത്. കർക്കിടക സംക്രാന്തിക്ക് അബ്രാഹ്മണ ഗൃഹങ്ങളിലെ ശ്രാദ്ധകർമ്മത്തിന്, കോഴിക്കറിയും ദോശയും സാധാരണമായിരുന്നു. "
വീട്ടുവളപ്പിൽ തുറന്നു വിട്ടു വളർത്തുന്ന കോഴികളെ രാത്രികാലങ്ങളിൽ പാർപ്പിക്കുന്നതിന് ചെറിയ കൂടുകൾ മതിയാകും. തടിയിൽ നിർമിച്ച ചട്ടക്കൂട്ടിൽ വല ഉറപ്പിച്ച് തറനിരപ്പിൽ നിന്നും ഉയരത്തിൽ ഇവ സ്ഥാപിക്കേണ്ടതാണ്. ഇപ്രകാരമുള്ള ഒരു കൂട്ടിൽ 10-15 കോഴികളെ പാർപ്പിക്കുവാൻ കഴിയും. കൂടിൻ്റെ മേൽക്കൂരയായി ഓടോ ലൈറ്റ്റൂഫോ ഉപയോഗിക്കാം.
വ്യാവസായികമായി കോഴികളെ വളർത്തുമ്പോൾ കൂടുകൾ നിർമിക്കുന്നതിന് താഴ്ന്നതും ഈർപ്പമുള്ളതുമായ സ്ഥലം നന്നല്ല. കാറ്റ്, വെളിച്ചം, വെള്ളം, വൈദ്യുതി എന്നിവ ലഭിക്കുന്ന പ്രദേശം തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വിവിധ പ്രായത്തിലുള്ള കോഴികളെ പ്രത്യേകം പ്രത്യേകം പാർപ്പിക്കേണ്ടതാണ്. കൂടുകൾ തറനിരപ്പിൽ നിന്നും 30 സെ. മീ. ഉയരത്തിലായിരിക്കുന്നതാണ് ഉത്തമം. ഈർപ്പം കയറാതിരിക്കുവാൻ ഇതു സഹായിക്കും. തറ കോൺക്രീറ്റ് ചെയ്ത് വശങ്ങൾ ഇഷ്ടിക കൊണ്ട് 60 സെ.മീ. ഉയരത്തിൽ കെട്ടേണ്ടതാണ്. കൂടിൻ്റെ ഉയരം 1.8 - 2.00 മീറ്റർ വരെയാകാം. ഭിത്തിയുടെ മുകളിൽ തടികൊണ്ട് ചട്ടക്കൂട് സ്ഥാപിച്ച് കമ്പിവല (2.5x2.5 സെ.മീ) ഉറപ്പിക്കണം. മേൽക്കൂരയ്ക്ക് ഓട്, ലൈറ്റ്റൂഫ്, ഓല, ആസ്ബസ്റ്റോസ് എന്നിവ ഉപയോഗിക്കാം.
ഈർപ്പം വലിച്ചെടുക്കുന്നതിനും മറ്റുമായി കൂടുകളുടെ തറയിൽ ഉപയോഗിക്കുന്ന വസ്തുക്കളെ ലിറ്റർ (litter) എന്നുപറയുന്നു. ചിന്തേരുപൊടി, അറക്കപ്പൊടി, കരിമ്പിൻചണ്ടി, ഉമി, ചകിരിച്ചോറ് എന്നിവയൊക്കെ ലിറ്ററായി ഉപയോഗിക്കാം. തറ കഴുകി വൃത്തിയാക്കിയതിനുശേഷം കുമ്മായം വിതറി ലിറ്റർ വിരിക്കേണ്ടതാണ്. ആദ്യം 6-9 സെ.മീ. കനത്തിലും അതിനുശേഷം ഓരോ ആഴ്ച്ചയിലും രണ്ടു സെൻ്റിമീറ്റർ എന്ന തോതിലും ക്രമേണ കനം വർധിപ്പിച്ച് 15-18 സെ.മീ. കനമാകുന്നതുവരെ ലിറ്റർ വിരിക്കേണ്ടതാണ്. ഇപ്രകാരം ലിറ്റർ വിരിച്ച് കോഴികളെ വളർത്തുന്ന രീതിക്ക് ഡീപ്പ് ലിറ്റർ (deep litter) രീതി എന്നുപറയുന്നു.
കോഴികളെ പ്രത്യേകം പ്രത്യേകം കൂടുകളിലും വളർത്താവുന്നതാണ്. കമ്പിഗ്രില്ലുകൾ ഘടിപ്പിച്ചുണ്ടാക്കുന്ന കൂടുകളാണ് കേജുകൾ (cages). ഇവയ്ക്ക് 45 സെ.മീ. നീളവും പിൻഭാഗത്തിന് 23.5 സെ.മീ. ഉയരവും മുൻഭാഗത്തിന് 40 സെ.മീ. വീതിയുമുണ്ടായിരിക്കണം. തീറ്റയും വെള്ളവും നൽകുന്നതിന് പാത്തിപോലുള്ള പാത്രങ്ങൾ സജ്ജീകരിക്കേണ്ടതാണ്. ഓരോ തട്ടിന്റെയും അടിയിൽ കാഷ്ഠം ശേഖരിക്കുന്നതിനുള്ള സംവിധാനവും ക്രമീകരിക്കേണ്ടതാണ്. ഒരു കേജിൽ 1-4 വരെ കോഴികളെ വളർത്താൻ കഴിയും. ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ കോഴികളെ വളർത്തുവാൻ അനുയോജ്യമായ കേജ് സമ്പ്രദായം പട്ടണപ്രദേശങ്ങൾക്കിണങ്ങും. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1),പൈതൃകം ശേഖരിച്ച ലേഖനം (വിളയന്നൂർ ഗ്രാമം: ഒരു പാലക്കാടൻ വയൽക്കാടിൻ്റെ വൈവിധ്യതയിലേക്ക് ഒരെത്തിനോട്ടം, വി. എസ്. രാമചന്ദ്രൻ, കെ. സ്വരൂപാനന്ദൻ, ഡോ. സി.ആർ. രാജഗോപാലൻ ) ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 416, ഡോ. ജി. അജിത്കുമാർ, ഡോ. കെ. എസ്. അനിൽ, ഡോ. ടി. വി. ജയമോഹനൻ, ഡോ. ബി. പദ്മകുമാർ, ഡോ. പ്രസീദ , മൃഗസംരക്ഷണം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,1999, പുറം: 208-209..Link
|
| 10 | Kaattu Janthukkalude Vayvidhyam |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"കുറുക്കൻ,ഉടുമ്പ്, ആമ,അണ്ണാൻ, അരണ, ഓന്ത്, മരപ്പട്ടി, കാട്ടുപൂച്ച, മുയൽ, മയിൽ എന്നിവ വിരളമല്ല. മൂർഖൻ, ചേര, വെള്ളിക്ക...
"കുറുക്കൻ,ഉടുമ്പ്, ആമ,അണ്ണാൻ, അരണ, ഓന്ത്, മരപ്പട്ടി, കാട്ടുപൂച്ച, മുയൽ, മയിൽ എന്നിവ വിരളമല്ല. മൂർഖൻ, ചേര, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, അണലി, ദേവിപാമ്പ് തുടങ്ങിയ പാമ്പുവർഗ്ഗങ്ങളും പച്ചത്തവള, ചൊറിയൻ തവള, വാഴത്തവള തുടങ്ങിയ തവള വർഗ്ഗങ്ങളും ഇപ്പോഴും സാധാരണം. വലിയ തോതിൽ പിടിച്ച് അന്യനാട്ടിലേക്ക് കയറ്റി അയച്ചും വയലേലകളിൽ കീടനാശിനികളടിച്ചും വലിയ ഇനം പച്ചത്തവളകളുടെ എണ്ണം തീരെ കുറഞ്ഞു.
അരിപ്രാവ്, അമ്പലപ്രാവ്, ചക്കിപ്പരുന്ത്, ഗരുഡൻ, കുയിൽ, മൂടുകുലുക്കിപ്പക്ഷി, കുട്ടൂറ, ബുൾബുൾ, ബലികാക്ക, കാവതിക്കാക്ക, ചെമ്പോത്ത്, മൈന, മരംകൊത്തി, പൊന്മാൻ, മൂങ്ങ, കൂമൻ, തത്ത, മയിൽ, കുളക്കോഴി, കൊറ്റി, മുങ്ങാൻകോഴി, ഓലേഞ്ഞാലി, കാക്കത്തമ്പുരാട്ടി, മണ്ണാത്തിക്കിളി, പൂത്താൻകുരുവി, മഞ്ഞക്കിളി തുടങ്ങിയ പക്ഷിവർഗ്ഗങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. വാഴപ്പൂവിലെ തേൻ കുടിക്കുന്ന കടവാതിലും തണൽവൃക്ഷങ്ങളിലും മറ്റും ചേക്കേറുന്ന വലിയ ഇനം വവ്വാലുകളും പക്ഷികളല്ലെങ്കിലും പക്ഷങ്ങളുള്ള സസ്തനികൾ. ഉഴവുചാലുകളിലും കുളക്കരകളിലും കൊറ്റികളും പൊന്മാനും മത്സ്യങ്ങളെ കാത്ത് തപസ്സിരിക്കുന്നു.
ഓന്ത്, പച്ച ഓന്ത്, ചെറുതും വലുതുമായ തേനീച്ചകൾ, മണിയനീച്ച, പൊട്ടനീച്ച എന്നിവ സാധാരണമായിരുന്നപ്പോഴും കൊതുകു ശല്യം കുറവായിരുന്നു. നെൽവയലേലകളിലെ വിളവിനെ ചാഴിക്കേട് കാര്യമായി ബാധിച്ചിരുന്നു. തോടുകളിലും കുളങ്ങളിലും ഞവുഞ്ഞിയും കലംകോരയും, പരൽ, കൊഴുവ, കാക്രാട്ടി, കടുക്, ചീക്, മൊയ്, പൂഴാൻ, ചൊടിയൻ, പോട്ട, അരൽ, കോലാമീൻ, ചെള്ളി തുടങ്ങിയവ മത്സ്യസമ്പത്തുകൾ. ഇവയെ പിടിച്ചു താഴ്ന്ന ജാതിക്കാരിലെ പലരും ഉപജീവനം നടത്തിയിരുന്നു.
ഞണ്ട്, കൽകുന്നൻ, തേരട്ട, ചിലന്തി, പുൽച്ചാടി, മിന്നാമിനുങ്ങ്, ഞാഞ്ഞൂൾ തുടങ്ങിയ അകശേരുകികൾ മണ്ണിലെയും കാട്ടിലെയും സ്ഥിരവാസക്കാർ. ചിത്രശലഭങ്ങളും തുമ്പികളും, മുറ്റത്തും പറമ്പിലും പൂച്ചെടികളിലും തത്തിക്കളിച്ചുകൊണ്ട് നടക്കുന്നു. തുമ്പികളെപ്പിടിച്ച് അവയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതും കുട്ടികൾക്ക് നേരമ്പോക്ക്. തെങ്ങോലകൊണ്ടും പനയോലകൊണ്ടും കാറ്റാടിയുണ്ടാക്കിക്കളിക്കുന്നതും ഓലപ്പന്ത് കളിക്കുന്നതും കുട്ടികളുടെ മറ്റു വിനോദങ്ങൾ.
കൊയ്തൊഴിഞ്ഞ പാടങ്ങളിൽ അന്യദേശങ്ങളിൽനിന്ന് താറാവ് കൂട്ടങ്ങളെ മേയ്ക്കാൻകൊണ്ടുവരുമ്പോൾ, അവയെ കാണാൻവേണ്ടി വയലിൽ പോയിരുന്ന ബാല്യം ഇപ്പോഴും ഈ ഗ്രാമത്തിൽ അന്യമല്ല. മഞ്ഞുകാലത്ത് വരുന്ന ചെമ്മരിയാടിൻകൂട്ടങ്ങളും ആളുകൾക്ക് കൗതുകംതന്നെ. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം (വിളയന്നൂർ ഗ്രാമം : ഒരു പാലക്കാടൻ വായൽക്കാടിന്റെ വൈവിധ്യതയിലേക്ക് ഒരെത്തിനോട്ടം, വി.എസ്. രാമചന്ദ്രൻ, കെ. സ്വരൂപാനന്ദൻ, ഡോ. സി. ആർ. രാജഗോപാലൻ ) , ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 417 ..Link
|
| 11 | Kulangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ഒരുകാലത്തു നമ്മുടെ ഗ്രാമങ്ങളിൽ നിരന്നുകിടക്കുന്ന നെൽവയലുകൾക്ക് അതിരിട്ടുകൊണ്ട് ധാരാളം കുളങ്ങളുണ്ടായിരുന്നു. ഇപ്പോഴ...
"ഒരുകാലത്തു നമ്മുടെ ഗ്രാമങ്ങളിൽ നിരന്നുകിടക്കുന്ന നെൽവയലുകൾക്ക് അതിരിട്ടുകൊണ്ട് ധാരാളം കുളങ്ങളുണ്ടായിരുന്നു. ഇപ്പോഴും അത്തരം കുളങ്ങൾ കുറെയെങ്കിലും പല ദിക്കിലും കാണാവുന്നതാണ്. ഭംഗിയായി കെട്ടിപ്പടുത്ത ചിലതെല്ലാം പഴയ പ്രൗഢിയും ഗാംഭീര്യവും പ്രകടിപ്പിച്ചുകൊണ്ടുനിൽക്കുന്നു. മറ്റുചിലതെല്ലാം കാലപ്പഴക്കത്താൽ ഇടിഞ്ഞുപൊളിഞ്ഞുപോയി. ഇവയ്ക്കെല്ലാം പുറമേ പല ദിക്കിലുമായി എത്രയോ കുണ്ടുകുളങ്ങളും കാണാം. പ്രധാനപ്പെട്ട കുളങ്ങളെല്ലാം അടുത്തുള്ള ക്ഷേത്രങ്ങൾ, തറവാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയത്രേ.
നമ്മുടെ പൂർവ്വികർ ഇത്തരത്തിലുള്ള കുളങ്ങൾ കുഴിപ്പിച്ചത് എന്തിനായിരുന്നു? പ്രധാനമായും കുളിക്കാനുള്ള സൗകര്യത്തിനു തന്നെ. അക്കാലത്തു മിക്കവാറും ജനങ്ങൾ കുളിച്ചിരുന്നത് കുളങ്ങളിലായിരുന്നു. വൈകുന്നേരമാകുമ്പോൾ സ്ത്രീകളും കുട്ടികളും കൂട്ടമായി കുളിക്കാൻ പോകുന്നത് ഒരു പതിവായിരുന്നു. കുളിയോടൊപ്പം വസ്ത്രം അലക്കുന്നതും ആ സമയത്തുതന്നെ.
അന്ന് എല്ലാ കുളങ്ങളും ഒരുപോലെ കുളിക്കുവാൻ പറ്റിയവയായിരുന്നില്ല. നന്നായി കെട്ടിപ്പടുത്ത ക്ഷേത്രക്കുളങ്ങളിലായിരുന്നു അധികപേരും കുളിച്ചിരുന്നത്. പുല, വാലായ്മ, ഋതുവാകൽ എന്നിങ്ങനെ അശുദ്ധി കല്പിച്ചിരുന്നവർക്ക് ഈ കുളങ്ങൾ ഉപയോഗിക്കുവാൻ പാടില്ലായിരുന്നു. അതിനാൽ അശുദ്ധികൾ തീരുന്നതുവരെ അവർ മറ്റു കുളങ്ങളിൽനിന്നു കുളിക്കുകയായിരുന്നു പതിവ്.
കുളിക്കുന്നതിനുപുറമേ വിനോദങ്ങൾക്കുവേണ്ടിയും കുളങ്ങൾ ഉപകരിക്കാറുണ്ടായിരുന്നു. ഇതിൽ കുട്ടികളാണ് പ്രധാനമായും താത്പര്യം കാണിച്ചിരുന്നത്. കുളത്തിൽനിന്നു കുളികൊണ്ടുമാത്രം അവർ തൃപ്തിപ്പെട്ടിരുന്നില്ല. അതിനിടയിൽ കളിച്ചുതിമർക്കുന്നത് അവർക്കൊരു ഹരംതന്നെയായിരുന്നു. വൈകുന്നേരമാകുന്നതോടെ അവർ സംഘമായി കുളക്കടവിലെത്തും. പിന്നെ അവരുടെ ബഹളം അവിടെയെല്ലാം ഉയർന്നുകേൾക്കും.
കുട്ടികളുടെ കളികൾ പലവിധത്തിലുമുണ്ടായിരുന്നു. കരയിൽ നിന്ന് ഓടിവന്നു വെളളത്തിലേക്കു ചാടുകയാണ് ഇതിലൊന്ന്. ഇങ്ങനെ ചാടുന്നതിനുവേണ്ടി ചില കുളങ്ങളിൽ 'ചാട്ടുകല്ല്' കെട്ടിയിരുന്നു. കരയിൽനിന്നു കുളത്തിലേക്കുള്ള ഒരുതരം കന്മതിൽതന്നെയായിരുന്നു ഇത്. ചാട്ടുകല്ലിന്മേൽ കയറിയാണ് വെള്ളത്തിലേക്കു ചാടിയിരുന്നത്.
കുളത്തിൽനിന്നുള്ള മറ്റൊരു വിനോദം നീന്തലാണ്. ഒരു കരയിൽ നിന്നു തുടങ്ങി മറുകരയിൽ ചെന്നു തിരിച്ചുവരികയാണ് ചെയ്യുക. പരസ്പര മത്സരത്തോടെ ഇതു നടത്തിയിരുന്നു. വിനോദത്തോടൊപ്പം നല്ലൊരു വ്യായാമവുമായിരുന്നു ഇത്.
'ഊളിയിടുക' എന്നതാണ് മറ്റൊരു വിനോദം. ഒരുത്തൻ വെള്ളത്തിൽ മുങ്ങി അടിയിൽക്കൂടി എങ്ങോട്ടെങ്കിലും നീങ്ങും. മറ്റുള്ളവൻ അവനെ തൊടാൻ പിന്നാലെ ചെല്ലും. തൊടാൻ അനുവദിക്കാതിരിക്കാൻ ഒന്നാമനും ശ്രദ്ധിക്കും. അവൻ വെള്ളത്തിൽ കഴിയുന്നത് താഴ്ന്നു പലഭാഗങ്ങളിലേക്കുമായി നീങ്ങിക്കൊണ്ടിരിക്കും. അങ്ങനെ ഊളിയിടുന്നവനെ മറ്റൊരുത്തൻ തൊട്ടാൽ അവനാണ് പിന്നെ ഊളിയിടുക. ശ്വാസംമുട്ടുമ്പോൾ ഏതെങ്കിലും ഭാഗത്തു പൊങ്ങുന്നു. മറ്റുള്ളവർ തൊടാൻ വരുന്നസമയത്തു വീണ്ടും മുങ്ങുകയോ അകന്നു പോകുകയോ ചെയ്യും. അങ്ങനെ ആ വിനോദം കുറെനേരം നീണ്ടു നിൽക്കുന്നു. ഒടുവിൽ സന്ധ്യവരെ കളിച്ചു കളിച്ചു കണ്ണുചുവപ്പിച്ചു കൊണ്ടാണ് അവൻ വെള്ളത്തിൽനിന്നു കയറിപ്പോകുന്നത്.
മഴക്കാലത്തു കുളത്തിൽ വെള്ളം നിറയുമ്പോഴാണ് ഇത്തരം വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നത്.
സ്ത്രീകൾ പ്രത്യേകിച്ചും യുവതികൾ തിരുവാതിര നോറ്റാൽ പുലർച്ചെ കുളത്തിൽ കുളിക്കാനെത്തും. അപ്പോൾ അവർ പല വിനോദങ്ങളിലും ഏർപ്പെടാറുണ്ട്. അതിലൊന്നു 'തുടിക്കുക' എന്നതാണ്. രണ്ടുകൈകളും വെള്ളത്തിലിട്ടു കൂട്ടി അടിച്ചു ശബ്ദമുണ്ടാക്കുന്നതാണ് ഇത്. കുറെപേർ ഒന്നിച്ചു താളത്തിനനുസരിച്ചു തുടിക്കുമ്പോൾ ആ ശബ്ദം ദൂരത്തോളം മാറ്റൊലികൊള്ളും.
വെള്ളത്തിൽവെച്ചു 'തൈര് കടയുക' എന്നതു മറ്റൊരു വിനോദമാണ്. ആ സമയത്ത് ഇരുമുഷ്ടികൾകൊണ്ടും വെള്ളത്തിൽ ഇടിക്കുകയാണ് ചെയ്യുന്നത്. ഈ വിനോദങ്ങൾക്കിടയിൽ ഈണത്തിൽ പാട്ടുകൾ പാടാറുമുണ്ട്.
വൃത്തിയില്ലാത്ത കുളങ്ങളിൽ മനുഷ്യർ കുളിക്കാറില്ല. അവ കന്നുകാലികളെയും മറ്റും കുളിപ്പിക്കാൻ ഉപയോഗിക്കുന്നു.
കൃഷിക്ക് വളരെയേറെ സഹായകമാണ് ഈ കുളങ്ങൾ. മഴയില്ലാതെ കൃഷി വരൾച്ചയെ നേരിടുമ്പോൾ വെള്ളം കിട്ടാൻ കർഷകർ കുളങ്ങളെ ആശ്രയിക്കുന്നു. കൂടാതെ വേനൽക്കാലത്ത് വയലുകളിൽ പലതരം പച്ചക്കറികളും മറ്റും കൃഷിചെയ്യാറുണ്ട്. ഇതിനും ആവശ്യമായ വെള്ളം കുളങ്ങളിൽനിന്നാണ് ലഭിക്കുന്നത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം: കുളങ്ങൾ - ജലസംഭരണികൾ (സി.ജി.എൻ. ) ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1693 -1694 ..Link
|
| 12 | Mannsamskruthi |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ഏറ്റവും പ്രാചീന സാംസ്കാരിക അടയാളമായി ലഭിക്കുന്നവ എവിടെയും മൺപാത്രങ്ങളായിരിക്കും. ചുമപ്പും കറുപ്പും എന്നു തിര...
"ഏറ്റവും പ്രാചീന സാംസ്കാരിക അടയാളമായി ലഭിക്കുന്നവ എവിടെയും മൺപാത്രങ്ങളായിരിക്കും. ചുമപ്പും കറുപ്പും എന്നു തിരിക്കാവുന്ന മൺപാത്രങ്ങളും ചിത്രപ്പണികളുള്ള മൺപാത്രങ്ങളും ഒരു സംസ്കൃതിയുടെ ദൃശ്യചിഹ്നങ്ങളാണ്. മൺപാത്രങ്ങളുടെ ആകൃതി, അവയിലെ ചിത്രപ്പണി എന്നിവ ഒരു സംസ്കൃതിയുടെ ശക്തി കാണിക്കുന്നു.
ഓരോയിടത്തെ പുരയിടവും അതിർത്തികെട്ടി തിരിക്കുന്ന കയ്യാലകൾ മണ്ണുകൊണ്ടുണ്ടാക്കുന്നത് എവിടെയുംപോലെ കേരളത്തിലുമുണ്ട്. മണ്ണു മതിലുകൾ (Mud Walls) ആണവ. പശിമയുള്ള മണ്ണ് പൊത്തിപ്പൊത്തി മതിലാകൃതിയുള്ള കയ്യാലകളുണ്ടാക്കും. കയ്യാലയുടെ ഇരുവശവും കൈകൊണ്ടോ ഏതെങ്കിലും പരന്ന ഉപകരണംകൊണ്ടോ കഴിയുന്നത്ര മിനുസപ്പെടുത്തും. മിനുസമുള്ളപ്രതലത്തിൽ മഴ വീണാൽ ഒലിച്ചുപൊയ്കൊള്ളും. കയ്യാലയ്ക്ക് വലിയ കേടു സംഭവിക്കില്ല. ഓരോ കൊല്ലവും മഴക്കാലം കഴിഞ്ഞാൽ കേടായ ഭാഗം വീണ്ടും മണ്ണുപൊത്തി നേരെയാക്കും. കയ്യാലയ്ക്ക്/മൺമതിലിന് മേൽക്കൂര വെക്കുന്ന പതിവുണ്ട്. മെടഞ്ഞ തെങ്ങോലയോ മറ്റേതെങ്കിലുമോ മൺമതിലിൻ്റെ മുകളിൽ മതിലിൻ്റെ നീളം മുഴുവനും വെക്കും. മതിലിൻ്റെ മുകളിൽ മഴവെള്ളം നേരിട്ടുവീണ് മണ്ണ് കുത്തിയൊലിക്കാതെ അത് ഒരു സംരക്ഷണകൂരയായി നിലകൊള്ളും. ചില കയ്യാലമതിലുകൾ കല്ലുകൾ ഒന്നിനു മുകളിൽ ഒന്നായി പടുത്തുയർത്തിയതാകും. അത് ഒന്നാകെ മണ്ണുകൊണ്ടു പൊതിഞ്ഞ് കൂടുതൽ ഉറപ്പാക്കും. അല്ലെങ്കിൽ കല്ലുകൾ കൂട്ടിവെക്കുമ്പോൾ ഇടയ്ക്ക് മണ്ണു നിറച്ച് 'പൊത്തടയ്ക്കും'. ഇന്നും മതിലിന് കല്ലുകൾ കൂട്ടിവെച്ച് ഉയർത്തുമ്പോൾ കല്ലുകൾക്കിടയിലെ സ്ഥലം നിറയ്ക്കാൻ മണ്ണുപയോഗിക്കുന്നുണ്ട്. ഈ മണ്ണുകളിൽ ചെറുസസ്യം വളരും. ഇവയുടെ വേരുകൾ ഭിത്തിക്കുള്ളിലേക്കിറങ്ങി മണ്ണിനെ കൂടുതൽ ബലപ്പെടുത്തും.
പഴയ പല വീടുകളുടെപോലും ഭിത്തികൾ മണ്ണുകൊണ്ടായിരുന്നപോലെ, വെട്ടുകല്ലുപയോഗിച്ച് ഭിത്തി നിർമ്മിക്കുമ്പോഴും രണ്ടു കല്ലുകൾക്കിടയിൽ മണ്ണുകുഴച്ചുവെച്ചാണ് അവ 'പതിപ്പിക്കുന്നത്'. സിമൻ്റിൻ്റെയും മറ്റും ഉപയോഗത്തിനു മുമ്പ് മണ്ണായിരുന്നു ഉറപ്പിക്കുന്ന പദാർത്ഥ (Binding material) മായി ഉപയോഗിച്ചിരുന്നത്. വെട്ടു കല്ലുപോലും ഉപയോഗിക്കാതെ പശിമയുള്ള മണ്ണുവെച്ച് ഭിത്തിയുണ്ടാക്കി മേൽക്കൂര മേയുന്ന നിർമ്മാണവിദ്യ ഏറ്റവും ലളിതമാണ്. മൺഭിത്തികളിൽ ചാണകം തേച്ചുപിടിപ്പിച്ച് മിനുസപ്പെടുത്തും. തറയിലും മണ്ണിട്ട് ഇടിച്ചു നിരത്തി ഉറപ്പാക്കിയശേഷം ചാണകം മെഴുകുന്നത് ഒരുകാലത്ത് വളരെ പ്രചാരമുള്ള ഒരു നിർമ്മാണ രീതിയായിരുന്നു. മണ്ണ്, ഓല, മുള, കയർ, ചാണകം എന്നിങ്ങനെ പ്രകൃതിയിലെ അടിസ്ഥാന വിഭവങ്ങളുപയോഗിച്ചുള്ള വീടുനിർമ്മാണമാണ് ഇന്നും പല ആദിവാസി/കുഗ്രാമപ്രദേശങ്ങളിലുള്ളത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1) പൈതൃകം ശേഖരിച്ച ലേഖനം: മണ്ണും വയലും (വിജയകുമാർ മേനോൻ), ഡി.സി. ബുക്സ് ,കോട്ടയം, 2021, പുറം: 406 - 408..Link
|
| 13 | Vettukunnatth Bhagavathikkaav |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"കന്നിമാസത്തിൽ തിരുവോണം നാളിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് 'പോത്തോട്ടം നടത്താറുണ്ട്. സാധാരണയായി പുലയർ, പറ...
"കന്നിമാസത്തിൽ തിരുവോണം നാളിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് 'പോത്തോട്ടം നടത്താറുണ്ട്. സാധാരണയായി പുലയർ, പറയർ, മണ്ണാന്മാർ എന്നീ സമുദായക്കാരാണ് പോത്തോട്ടം നടത്തുന്നത്. ഒന്നാംവിള കഴിഞ്ഞ്, രണ്ടാംവിളയ്ക്ക് മുമ്പുള്ള വയലിലാണ് ഇത് അരങ്ങേറുക പതിവ്. മണ്ണും കൃഷിയുമായി അടുത്ത ബന്ധമുള്ളവരുടെയാണ് ആഘോഷം എന്ന് ഇതിൽനിന്ന് തന്നെ വ്യക്തമാകുന്നു. ഇങ്ങനെ 'പോത്തോട്ടം' നടത്തേണ്ടുന്നതിനുള്ള പോത്തുകളെ കർക്കിടകത്തിൽ 41 ദിവസം 'നൊയമ്പും രക്ഷയും ചെയ്ത് സംരക്ഷിക്കുന്ന പതിവുണ്ട്. പോത്തോട്ടത്തിന് ഏഴുദിവസം മുമ്പ് ചിലർ, പോത്തിന് കള്ളും കഞ്ചാവും കൊടുക്കാറുണ്ട്. ഒപ്പം നല്ല തീറ്റയും നൽകുന്നു. കർക്കിടകത്തിൽ പൊതുവെ കൃഷിപ്പണി ഇല്ലാത്ത സമയമാണല്ലോ. അധ്വാനിക്കുന്നവർക്കൊക്കെ വിശ്രമിക്കാനുള്ള വേളയാണത്. ഒപ്പം അവൻ്റെ സന്തതസഹചാരിയായ മൃഗങ്ങൾക്കും അതേ ശ്രദ്ധയും ശുശ്രൂഷയും നൽകുന്നു. പോത്തോട്ടത്തിനുള്ള പോത്തിനെ അണിയിച്ചൊരുക്കി, വിത്തെറിഞ്ഞ് ആനയിക്കുന്നു. വെട്ടുകുന്നത്ത് ഭഗവതിക്കാവിൽ വടക്കേ നടയിലായി 'വള്ളോൻ്റെ കല്ല് കാണുന്നു. അവിടെ ഓലക്കുടയും പിടിച്ച് വള്ളോൻ ഇരിക്കും. പൈങ്കിളിപ്പാടത്തെ പോത്തോട്ടത്തിന് വള്ളോൻ്റെ കയ്യിലിരിക്കാനുള്ള അവകാശം, ആഴ്ച്ചങ്ങാട്ടിൽ മാണിക്കൻ 'കുട്ടാട്ട് ചവിരിക്കാണ്. ഈ വിഭാഗത്തിനിടയിൽ മരുമക്കത്തായമാണ് കീഴ്നടപ്പ്. പോത്തുകളുടെ കായികക്ഷമതകൂടി പരീക്ഷിക്കപ്പെടുന്ന ഒരു ചടങ്ങാണിത്. ദേവിക്ക് ഈ കാർഷികകല ഇഷ്ടമാണെന്നാണ് പണിയാളരുടെ വിശ്വാസം. പോത്തോട്ടത്തിന് ശേഷം ഇവിടെ ദേവിപ്രീതിയും മുടിയാട്ടവും നടത്താറുണ്ട്. ക്ഷേത്രനടയിൽ പോത്തോടിവന്നശേഷം 'കുതിരയും കാളികെട്ടും എല്ലാം കെട്ടിയാടാറുണ്ട്. അന്നേ ദിവസമെങ്കിലും അകത്തു കടന്ന് പ്രാർത്ഥിക്കാൻ ഈ വിഭാഗക്കാരെ അനുവദിക്കാത്ത മേധാവിത്വത്തോടുള്ള കലഹം ചില്ലറ പ്രശ്നങ്ങൾക്കിടയായിട്ടുണ്ട്. ഈ സമയത്ത് നട അടച്ചിടും. അതിനാൽ ദേവി ഉറക്കമാണെന്നാണ് തണ്ടാന്മാരുടെ വാദം. എന്നാൽ 'കാർത്തിക' നാളിൽ ദേവി മുടിയാട്ടക്കാരോടൊപ്പമാണ് എന്നാണ് പണിയാളരുടെ വിശ്വാസം. പറയന്മാരാണ് ഇവിടത്തെ പ്രധാന കലാകാരന്മാർ. കളിക്കാർ ഒരു കാലിന്മേൽ വൈക്കോലും മറ്റേക്കാലിൽ വാഴച്ചാമ്പലയും വച്ചുകെട്ടി, വൈക്കോൽ കാല്, വാഴച്ചാമ്പലക്കാല് എന്നിങ്ങനെ താളത്തിൽ പാടി വരിയൊഴിപ്പിച്ച് കളിക്കുന്നു. കുരുത്തോലതോരണങ്ങളാൽ ക്ഷേത്രപരിസരം അലങ്കരിച്ചിരിക്കും. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: പൈങ്കിളിപ്പാടം (ഡോ. ഉഷാ ബാലകൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 384-385..Link
|
| 14 | Athaloor Paadam |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>തെക്കത്ത് പത്മനാഭൻനായർ, പാലക്കാട്. </p>
|
"പുതുക്കള്ളി, വട്ടക്കണ്ടം, മാളികത്താഴം, അടങ്ങല്, ഇരുപത്തിനാല് കണ്ടം, ഒമ്പത് കണ്ടം, പത്ത് കണ്ടം, പതിനഞ്ച് കണ്ടം എന്ന...
"പുതുക്കള്ളി, വട്ടക്കണ്ടം, മാളികത്താഴം, അടങ്ങല്, ഇരുപത്തിനാല് കണ്ടം, ഒമ്പത് കണ്ടം, പത്ത് കണ്ടം, പതിനഞ്ച് കണ്ടം എന്നിവയാണ്. കണ്ടങ്ങളുടെ ആകൃതി, എണ്ണം, വലിപ്പം എന്നിവ വ്യക്തമാക്കുന്നതായിരുന്നു പല പേരുകളും.
തോണിക്കടവ്, കീഴ്പ്പുറം, രായനി, പൊറവ പറമ്പിൻ്റെ താഴം എന്നിവ തവനൂർ പാടത്ത് ഉൾപ്പെടുന്നു. ചീരോല്, പനയ്ക്കൽ, കുറുമ്പടകുന്നിന്റെ താഴം, കടിർ, ചൂലായ എന്നിവയും ഇവിടെത്തന്നെ. വെള്ള, പൂന്ത, ചീര, വട്ടംപള്ള്യാല്, പാണ്ടി, തവളക്കണ്ണൻ എന്നിവയാണ് ഇവിടെ ഉപയോഗിച്ചിരുന്ന വിത്തിനങ്ങൾ.
കുണ്ടോത്ത് പാടം മേപ്പാടം
വിരിപ്പാടം ചെറിയേട്ടത്താഴം
പള്ളിയിൽ പാടം പള്ളിത്താഴം
മേലേപാടം മാങ്കുളം പാടം
ഇടത്തോട് പാടം പനവില്ല് പാടം
ചെമ്പകനിലം എന്നിങ്ങനെയും പേരുകളുണ്ട്. ഓരോ ചെറിയ വിളനിലങ്ങൾക്കും പേരുകളുണ്ടായിരുന്നു. അവയെല്ലാം കാത്തുരക്ഷിച്ചിരുന്നത് പ്രാദേശികകൂട്ടായ്മ്മകളായിരുന്നു.
ഇവിടങ്ങളിൽ ചിറ്റേനി, വെള്ളക്കാളി, ചുവപ്പ് ചിറ്റേനി, കുട്ടാടം വിത്ത് എന്നിവയാണ് ഉപയോഗിച്ചിരുന്നത്.
പന്നിക്കോട് മൂത്തേടത്ത് മന
കൊടപ്പാടം കാട്ടുള്ളി നിലം
ദേവസ്വം കളത്തിൽത്താഴം
മൂതൂർപ്പാടം കീഴ്പ്പാടം
മുഴോക്ക് നിലം വെള്ളിത്തൃത്തായ നിലം
കല്ലാനിപ്പാടം എന്നിവിടങ്ങളിൽ വിരിപ്പും മുണ്ടകനും നടക്കാറുണ്ട്. വെറൂർ, മുതൂർ, മാങ്ങൂർദേശങ്ങളിലെ പാടങ്ങളാണിത്. ഇവിടങ്ങളിൽ കുട്ടാടം വിത്ത്, തവളക്കണ്ണൻ, കൊക്കൻ, വെള്ളക്കാളി, കുട്ടി, ചിറ്റേനി, നവര തുടങ്ങിയ വിത്തുകളാണ് ഉപയോഗിച്ചിരുന്നത്.
കുമരനെല്ലൂരിലെ പാടമാണ് 'നൂനിപാടം'. പൊന്നാര്യൻ, വട്ടൻ, ചീര, പാണ്ടി, കൊക്കൻ എന്നിവ കരിങ്കൊറയായി കൃഷി ചെയ്യുന്നു.
പള്ളിപ്പുറത്തുള്ള വിശാലമായ പാടമാണ് മംഗലം പാടം. മുകളിൽ പറഞ്ഞ വിത്തുകൾതന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. ആതവനാട് ഭാഗത്തെ പാടങ്ങളാണ് പാത്തിക്കിലാറാടി, ഒടോടിക്കണ്ടം, നമ്പ്യാര് കണ്ടം, കൊളങ്ങര, തെക്കഞ്ചീരി, കുണ്ടങ്കണ്ടം, വേളിപാടം, മദ്ക്ക് തുടങ്ങിയവ. ചിറ്റേനി, ആര്യൻ, വെള്ളാര്യൻ, ചെമ്പാവ്, തൊണ്ണൂറാൻ തുടങ്ങിയവയാണ് വിത്തുകൾ.
പറമ്പുകളിൽ വിതച്ചിരുന്ന വിത്തുകളും ഉണ്ട്. അരിമോടൻ, പറമ്പ് വെട്ടൻ, തോട്ടച്ചീര, വെള്ളാറമോടൻ, വലിമോടൻ - തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽ പെടുന്നത്. തോട്ടച്ചീര തെങ്ങിൻ്റെ ചുവട്ടിലാണ് വിതയ്ക്കാറ്.
കൂറ്റനാട്, ചങ്ങരംകുളംഭാഗങ്ങളിൽ വയലുകളെ കായൽ എന്നും വിളിച്ചുവന്നു. ഇവിടത്തെ പ്രധാന കായലുകളാണ് ഭട്ടിക്കായൽ, പുളിയാമ്പറ്റക്കായൽ എന്നിവ. ചെരിഞ്ഞ കണ്ടങ്ങളെ 'ഓടി' എന്നു വിളിച്ചുവന്നു. ഉദാഹരണം കാവുങ്കലോടി. കക്കാട്, മങ്ങാട്ടു പുഞ്ച, ഇഞ്ചിത്തോട്, പാറ പള്ള്യാല് എന്നും വയലുകൾക്ക് അവയുടെ ഭൂമിശാസ്ത്രഭേദമനുസരിച്ച് പേരുകളുണ്ട്.
വയൽക്കണ്ടൽ വിളവുനിലം മാത്രമല്ല പ്രാദേശിക സംസ്കൃതിയുടെയും വിളവുനിലമായിരുന്നു. അത്രകണ്ട് ജൈവവൈവിധ്യം നിറഞ്ഞതായിരുന്നു വയലുകൾ. അവിടത്തെ ജലപ്രകൃതി വേറെ, മണ്ണിന്റെ പ്രകൃതി വേറെ, വിത്തുകളുടെ പ്രകൃതി വേറെ, ഇടവിളകളുടെ പ്രകൃതി വേറെ, സസ്യങ്ങളുടെ പ്രകൃതി വേറെ. സാധാരണക്കാരുടെ നിത്യോപയോഗത്തിനുള്ള ഔഷധസസ്യങ്ങളുടെ കേദാരമായ വയൽ പ്രാദേശികജനതയുടെ സർവസ്വമായിരുന്നു. വെള്ളവും ആവശ്യത്തിനുള്ള ചുള്ളിയും വൈക്കോലും കിട്ടിയിരുന്നു.
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: വയലും കൃഷിരീതികളും (ഹരി ആനന്ദകുമാർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 361-362..Link
|
| 15 | Palatharam Nelvithukal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
വയലുകൾ ജീവികാസമ്പാദനത്തിനുള്ള പ്രധാന കേന്ദ്രങ്ങളായിരുന്നു. കൃഷി എങ്ങനെയാണ് മനുഷ്യനെ സംസ്കാരമുള്ളവനാക്കി തീർക്കുന്നത് എന്...
വയലുകൾ ജീവികാസമ്പാദനത്തിനുള്ള പ്രധാന കേന്ദ്രങ്ങളായിരുന്നു. കൃഷി എങ്ങനെയാണ് മനുഷ്യനെ സംസ്കാരമുള്ളവനാക്കി തീർക്കുന്നത് എന്ന് വയലുകളെക്കുറിച്ചുള്ള പഠനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയും. മണ്ണുമായി മനുഷ്യന്റെ ഇടപെടൽ എങ്ങനെയായിരുന്നു. ആ ഇടപെടൽ എത്രത്തോളം സർഗ്ഗാത്മകമായിരുന്നു എന്നെല്ലാം വ്യക്തമാകുന്നത് ഇത്തരം അവസരങ്ങളിലാണ്.
വിരിപ്പ്:
മേടമാസത്തിലാണ് വിത്ത് വിതയ്ക്കുന്നത്. വിഷുവിനുശേഷം വിതച്ച് ഇരുപത് ദിവസം കഴിഞ്ഞാൽ കള പറിക്കണം. ചിങ്ങം, കന്നി മാസങ്ങളിലായിട്ടാണ് കൊയ്ത്ത് നടക്കുന്നത്. ഇതൊരു വേനൽകൃഷിയാണ്.
വട്ടൻ, വെളുത്ത വട്ട്, വട്ടം പള്ള്യാല്, വെള്ള പൂന്ത, ചീര, ചെള്ളിച്ചീര, പൊന്നാരൻ തുടങ്ങിയവയാണ് വിരിപ്പുകൃഷിക്ക് ഉപയോഗിക്കുന്ന വിത്തുകൾ. പൊതുവെ കേടു കുറവായിരിക്കും. എന്നാൽ കൃത്യമായ നന ആവശ്യമാണ്. അതിനായി ചാലുകളിൽ വെള്ളം കെട്ടിനിറുത്തിയിരിക്കും.
പത്ത് ചാല് പൂട്ടിയതിനുശേഷമേ വിതയ്ക്കാവൂ. മാസത്തിൽ രണ്ട് ചാല് എന്ന നിലയിൽ പത്ത് ചാല് പൂട്ടണം. നല്ലവണ്ണം പൂട്ടുന്നത് വായു മണ്ണിനകത്ത് പ്രവേശിക്കുന്നതിനാണ്. ഓരോ പാടശേഖരങ്ങളിലും പൂട്ടുന്നതിന് എരുതുകളെയാണുപയോഗിച്ചിരുന്നത്.
മുണ്ടകൻ:
തിരുവാതിര ഞാറ്റുവേലയിലാണ് മുണ്ടകൻ വിതയ്ക്കുന്നത്. മുളപ്പിച്ചെടുത്ത വിത്ത് പാടത്ത് കൊണ്ടുപോയി വിതയ്ക്കുകയാണ് ചെയ്യാറ്. മുളപ്പിക്കാൻ പ്രത്യേക രീതിയുണ്ട്. വാഴയുടെ പിണ്ടികൊണ്ട് തടമുണ്ടാക്കി അതിനു ചുറ്റും കൂവയുടെ ഇലവെച്ച് അതിൽ നാല് വിരൽ കനത്തിൽ നെല്ലിടുന്നു. നന്നായി ചവിട്ടി അമർത്തണം. അതിനു ശേഷം ഇല ചീന്തി മുകളിൽ ഇടണം. അല്ലെങ്കിൽ വൈക്കോലോ ഓലയോ വയ്ക്കണം. അതിനു മുകളിൽ കനം വയ്ക്കുകയും വേണം. അരമണിക്കൂർ വെള്ളത്തിലിട്ട് വച്ചതിനുശേഷം മാത്രമേ തടത്തിലിടാവൂ. മൂന്നുദിവസം രണ്ട് നേരങ്ങളിലായി നന്നായി നനയ്ക്കണം. വൈക്കോലിനു പകരം കനംകുറഞ്ഞ ചാക്ക് മുകളിലിട്ടാലും മതി. മൂന്നാം ദിവസം മുളപൊട്ടും. നാലാംദിവസം തടം പൊളിക്കാം. അല്ലെങ്കിൽ അഞ്ചാം ദിവസം. അതിലധികം പോകാൻ പാടില്ല. അപ്പോഴേക്കും വിത്തിന്റെ കാല് നീളും. ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കും. ഇങ്ങനെ സജ്ജമാക്കിയ കണ്ടത്തിലാണ് വിതയ്ക്കുക. മുപ്പത് ദിവസം മൂപ്പെത്തിയാൽ ഞാറ് പറിക്കാം. ചെറുവിത്ത് ഇരുപത്തിനാല് ദിവസം മൂപ്പെത്തിയാലും മതി. ചിറ്റിയാനി നാല്പത് ദിവസംവരെ മൂക്കാം.
തോലും ചാണകവുമിട്ട് പൂട്ടി തയ്യാറാക്കിയ പാടത്ത് ഞാറ് നടുന്നു. വളപ്പൊടിയും ഈ സമയത്ത് ഉപയോഗിക്കാറുണ്ട്. ഏക്രയ്ക്ക് പത്ത് ചാക്ക് വെണ്ണീറ് ഉപയോഗിക്കും. നന്നായി തോല് ചിന്നണം.
ഒടിയൻ, വെള്ളാര്യൻ, ചിറ്റിയാനി, പാണ്ടി, കൂട്ട്മുണ്ടകം, കറുത്ത ചിരോതി, ചോന്ന ചിരോതി എന്നിവയാണ് സാധാരണ ഉപയോഗിക്കാറുള്ള വിത്തിനങ്ങൾ. പുഴു വന്നാൽ ചാഴിപ്പൊടി ചിന്നണം. മുഞ്ഞ അടിയിൽനിന്ന് വരുന്ന രോഗമാണ്. ക്യമി വേരുകളൊക്കെ തിന്നുകയും പോള ഉണങ്ങുകയും ചെയ്യും. ചാഴിപ്പൊടി മണലിൽ കലർത്തി എറിയുകയാണ് ചെയ്യേണ്ടത്. ചാഴിരോഗവും വരാറുണ്ട്. ഉള്ള കതിരെല്ലാം പതിരാക്കും. നീളത്തിൽ ഈർക്കിലി വണ്ണത്തിൽ ഏകദേശം 1/2 ഇഞ്ച് നീളം കാണും ചാഴിക്ക്. ചീത്ത വാസനയാണ്.
കല്ലൻചാഴി വരാനും സാധ്യതയുണ്ട്. ചുവന്ന നിറത്തിൽ കൊത്തമ്പാലയുടെ ആകൃതിയിലാണിത്. കല്ലൻചാഴി കതിരിന്മേൽ നടന്നു കൊണ്ടിരിക്കും. നെല്ല് മുഴുവൻ കറക്കും. കുമ്പളക്കൊറ്റൻ്റെ ആകൃതിയിലുള്ള ചുവന്ന പാറ്റയും ഉണ്ട്.
ഓരോ വിത്തിനും ഓരോ തരത്തിലാണ് മൂപ്പ്. നാടൻവിത്തുകൾക്ക് നൂറ്റിപ്പത്ത് ദിവസമാണ് മൂപ്പ്. ത്രിവേണി നൂറ് ദിവസം മൂപ്പായാലും മതി. ചീര തൊണ്ണൂറ്.
ഞാറ് നട്ട് കഴിഞ്ഞാൽ വളരെ ശ്രദ്ധ ആവശ്യമാണ്. നാല് വിരൽ വെള്ളം എപ്പോഴും കടയ്ക്കൽ ഉണ്ടായിരിക്കണം. വളം ചിന്നുമ്പോൾ വെള്ളം വാർക്കണം. ചെനച്ച് വരുന്ന സമയത്തും വെള്ളം വാർക്കണം. അടി വ്യക്തമായി കാണത്തക്ക രീതിയിൽ വാർക്കണം.
പുഞ്ച:
കായൽപ്രദേശങ്ങളിലെ വെള്ളം വറ്റിച്ചാണ് പുഞ്ചക്കൃഷി നടത്തുന്നത്. വളരെ മൂപ്പ് കുറഞ്ഞ വിത്തുകൾ മാത്രമേ പുഞ്ചക്ക്യഷിക്ക് ഉപയോഗിക്കൂ. തെക്കൻ ചീര, നവര തുടങ്ങിയ വിത്തുകളാണ് പണ്ട് ഉപയോഗിച്ചിരുന്നത്. തെക്കൻ ചീരക്ക് തൊണ്ണൂറ് ദിവസമാണ് മൂപ്പ്. നവരയ്ക്ക് അറുപത് ദിവസവും . ഇപ്പോൾ പുതിയ വിത്തുകളാണ് ധാരാളം ഉപയോഗിക്കുന്നത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: വയലും കൃഷിരീതികളും (ഹരി ആനന്ദകുമാർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 359 - 361..Link
|
| 16 | Vayal Samskrithi |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
" 'വയൽ' എന്ന പദത്തിന് വിസ്താരമേറിയ വെളിപ്രദേശം എന്ന് സാമാന്യമായ അർത്ഥം മലയാളനിഘണ്ടുവിൽ കാണാമെങ്കിലും,...
" 'വയൽ' എന്ന പദത്തിന് വിസ്താരമേറിയ വെളിപ്രദേശം എന്ന് സാമാന്യമായ അർത്ഥം മലയാളനിഘണ്ടുവിൽ കാണാമെങ്കിലും, അതിന്റെ ധർമം അമരാദി കോശഗ്രന്ഥങ്ങളിൽനിന്നേ വ്യക്തമാകുകയുള്ളൂ. വയലിനു സംസ്കൃതത്തിൽ പ്രശസ്തമായ അർത്ഥം 'ക്ഷേത്ര'മെന്നാണ്.
“പുന്ന പുംസകയോർ വപ്രഃ
കേദാരഃ ക്ഷേത്രമസ്യതു
കൈദാരകം സ്യാൽ കൈദാര്യം
ക്ഷൈത്രം കേദാരികം ഗണേ"
എന്നാണ് 'അമരകോശ'ത്തിൽ കാണുന്നത്. വിത്തു വിതയ്ക്കുന്ന സ്ഥലമാണെന്ന് 'വപ്ര' എന്ന പദവും വെള്ളംകൊണ്ട് നനയ്ക്കുന്ന സ്ഥലമാണെന്ന് 'കേദാരം' എന്ന പദവും ധാന്യങ്ങൾ വസിക്കുന്നിടമാണെന്ന് 'ക്ഷേത്രം' എന്ന പദവുംകൊണ്ട് സൂചിപ്പിക്കുന്നു. കൈദാരകം, കൈദാര്യം, ക്ഷൈത്രം, കേദാരികം എന്നിവയൊക്കെ കൃഷി ചെയ്യുന്ന കണ്ടങ്ങളുടെ സമൂഹത്തിൻ്റെ പേരുകളത്രേ. പാടം, കണ്ടം, നിലം, ഏല തുടങ്ങി പല പദങ്ങളും വയലിൻ്റെ വ്യവഹാരഭേദങ്ങളായി മലയാളത്തിലുണ്ട്.
വയൽസംസ്കൃതി:
വേദാനുസാരിയായ യാഗകർമങ്ങൾമുതൽ താന്ത്രികക്രിയകൾ വരെ വയൽസംസ്കൃതിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നതാണ് വാസ്തവം. മനുഷ്യജീവിതത്തിൻറെ അതിപ്രധാനമായ കർമരംഗം വയലായിരുന്നു. ആദിമകാലങ്ങളിൽ മനുഷ്യരെല്ലാം കർഷകരായിരുന്നു. തൊഴിൽവിഭജനമാണ് മാനവസമൂഹത്തെ പല 'ഭാഗ'ങ്ങളായി തിരിക്കുവാനും പലരും കാർഷികരംഗത്തുനിന്നു മാറിനിൽക്കുവാനുമുള്ള സാഹചര്യം സൃഷ്ടിച്ചത്. എന്നിരുന്നാലും, വയൽസംസ്കൃതിയുടെ അതിജീവനം മനുഷ്യവർഗത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പ്രവർത്തനമണ്ഡലങ്ങളിലെല്ലാം പ്രത്യക്ഷപ്പെടാതിരിക്കുകയില്ല. വയൽസംസ്കൃതി നാട്ടറിവുകളിൽ എത്ര മാത്രം പ്രതിഫലിക്കുന്നുവെന്നതാണ് ഇവിടെ ചിന്താവിഷയം. നാടൻ പാട്ടുകളിൽ പലതിലും അതിൻ്റെ വിരലടയാളങ്ങൾ കാണുവാൻ കഴിയും."
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: വയൽ സംസ്കൃതിയും വയൽപ്പേരുകളും (ഡോ. എം. വി . വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 341..Link
|
| 17 | Vithukalikal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
" നാടൻകളികൾ കേരളത്തിൻ്റെ സാംസ്കാരിക ജീവിതത്തിൽ പ്രാധാന്യം വഹിക്കുന്നവയാണ്. കാർഷിക ജീവിതവും നാടൻകളികളുമായി വളര...
" നാടൻകളികൾ കേരളത്തിൻ്റെ സാംസ്കാരിക ജീവിതത്തിൽ പ്രാധാന്യം വഹിക്കുന്നവയാണ്. കാർഷിക ജീവിതവും നാടൻകളികളുമായി വളരെ അടുത്ത ബന്ധമുണ്ട്. വിനോദോപാധികളായിട്ടാണ് നാടൻകളികൾ രംഗപ്രവേശം ചെയ്തത്. നേരംപോക്കുക എന്നതാണ് നാടൻകളികളുടെ ഉദ്ദേശ്യം. കൊയ്ത്ത് കഴിഞ്ഞ വയലേലകളിൽ കർഷകരുടെ കുട്ടികൾ നാടൻകളികളിൽ ഏർപ്പെടുന്നു. വയൽകളികളിൽ പഴഞ്ചൊല്ലുകളുടെ സ്വാധീനം കാണാം. കളികൾക്ക് വായ്ത്താരിയായി പാടുന്ന കുറുമൊഴികൾ പഴഞ്ചൊൽ സംസ്കാരത്തിൽനിന്ന് ഉരുവം കൊണ്ടവയാണ്. ആ നിലയിൽ ഇത്തരം കളികളെയും ഇവിടെ പരാമർശവിഷയമാക്കുന്നു. കളിക്കുന്നതിന് ഇവർ വിവിധ ഇനം വിത്തുകളാണ് ഉപയോഗിക്കുന്നത്.കുന്നിക്കുരു, മഞ്ചാടിക്കുരു, പുളിങ്കുരു, പനങ്കുരു, പൂമരക്കുരു, കൊടപ്പനക്കായ ഇവയാണ് സാധാരണ എടുക്കാറുള്ളത്. കശിനണ്ടിയും കോട്ടിക്കായയും ഉപയോഗിക്കാറുണ്ട്. കളിയുടെ രീതികൾ ഇപ്രകാരമാണ്.
1. കുന്നിക്കുരു കുട്ടികളോട് കണ്ണടച്ച് നിൽക്കാൻ പറഞ്ഞിട്ട് മുകളിലേക്ക് എറിയും. അത് കണ്ണ് തുറന്ന് കൂടുതൽ പെറുക്കുന്നവർ ജയിക്കും.
2. മഞ്ചാടിക്കുരു: മഞ്ചാടിക്കുരു പെറുക്കി പാത്രത്തിലാക്കി അമ്പലങ്ങളിൽ കൊണ്ടുപോയി (ഗുരുവായൂരിൽ പ്രധാനം) വലിയ പാത്രങ്ങളിലിട്ട് കുട്ടികളെക്കൊണ്ട് അത് വാരിച്ചു കളിപ്പിക്കും. കുട്ടികൾക്ക് ഉശിരും വേഗവും കൂടുവാൻവേണ്ടി അമ്മമാർ ചെയ്യിക്കുന്നതാണിത്.
3. പനങ്കുരു: കുരു രണ്ടു തരമുണ്ട്. മുഴുവനായുള്ളതും പകുതി പിളർന്നതും. അതിൽ പകുതി പിളർന്ന പോലെയുള്ള കുരു കവടി, തായം ഇങ്ങനെയുള്ള കളികളാണ് പനങ്കുരു ഉപയോഗിച്ച് കളിക്കു ന്നത്.
4. പൂമരക്കുരു: പൂമരക്കുരുകൊണ്ട് ആറാട്ടുകളി കളിക്കും. കളിക്കുന്ന വിധം ഇപ്രകാരമാണ്. പന്ത്രണ്ടെണ്ണം കൈയുടെ പുറംഭാഗത്ത് ഇട്ട് വെട്ടിപ്പിടിക്കണം. കൈയിൽ കിട്ടിയ എണ്ണം ജയിച്ചതും താഴെ വീണത് തോറ്റതും ആണ്. ഇതുപോലെ കല്ലും കളിക്കും.
5. കൊടപ്പനക്കായ: കൊടപ്പന മൂത്ത് കൊലച്ചാൽ അത് മൂത്ത് കായ്കൾ പഴുത്ത് വീഴും. ആ കായ ഉരുണ്ട് തുടുത്തിരിക്കും. അതുകൊണ്ട് ആറാട്ട്, തപ്പിപ്പിടിക്കൽ എന്നിങ്ങനെ പല കളികളും കളിക്കാറുണ്ട്. വേനൽക്കാലത്ത് ചെറിയ വടികൊണ്ട് കുറ്റിയും കോലും കളിക്കും.
6. അണ്ടിക്കുഴി: അണ്ടിക്കുഴി കളിക്കാൻ കശിനണ്ടി ഉപയോഗിക്കും. അതിൽ വലിയ ഒരെണ്ണം വക്കനായി എടുക്കും. എന്നിട്ട് അകലെ നിന്ന് അണ്ടികൾ എടുത്ത് അവയിൽ എതിരാളി പറയുന്ന അണ്ടി, വലിയ അണ്ടി(വക്കൻ) കൊണ്ട് എറിഞ്ഞ് നീക്കുക. ഇതാണ് ഈ കളിയുടെ സമ്പ്രദായം. കോട്ടികൾകൊണ്ടും ഇങ്ങനെ പലവിധ കളികൾ ഉണ്ട്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം:വാമൊഴി വയൽനാട്ടറിവ് (ഡോ. മോളി ജോസഫ് മാമ്പള്ളി) ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 326 - 327..Link
|
| 18 | Kachippaatt |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"താതിനുന്ത - താതിനുന്ത
താതിനുന്ത-താതിനുന്ത
താതിനുന്തെ - തൈയ്താരാ
ആരിക്കുവെട്ടാം ഇതാരിക്കു ...
"താതിനുന്ത - താതിനുന്ത
താതിനുന്ത-താതിനുന്ത
താതിനുന്തെ - തൈയ്താരാ
ആരിക്കുവെട്ടാം ഇതാരിക്കു വെട്ടാം
കാളി നീലി കരിമ്പന
തെക്കും കുറ്റി അകംപടിമാരിക്കു
വെട്ടാം
കുത്താം
ആടാം
ചൂടാം
കൈയിലെടുക്കാം
കൊണ്ടു നടക്കാം
.................................
മത്തപൂത്തതും
കാപിടിച്ചതും
കറിക്കരിഞ്ഞതും
കൂട്ടാൻ വച്ചതും
നെയ്യിപൊരിച്ചതും
നെയ്യുപ്പുനോക്കിയതും
നീയറിഞ്ഞോടീ
കറുത്തവീട്ടിലെ
കറുത്തപെണ്ണേ."
കച്ചിപ്പാട്ടിലെ കുറുമൊഴികൾക്ക് പഴഞ്ചൊൽ രൂപത്തോട് സാദൃശ്യമുണ്ട്. മത്തപൂത്തതും കാപിടിച്ചതും എന്നും മറ്റുമുള്ള പ്രയോഗങ്ങൾ 'മത്തകുത്തിയാൽ കുമ്പളം മുളയ്ക്കുമോ' എന്ന ചൊല്ലിനെക്കുറിച്ചുള്ള സൂചന നൽകുന്ന മൊഴിയാണ്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: വാമൊഴി വയൽ നാട്ടറിവ് (ഡോ. മോളി ജോസഫ് മാമ്പള്ളി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 319..Link
|
| 19 | Koythupaatt |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"പുഞ്ച കൊയ്യാൻ പോകുമ്പോൾ പാടുന്ന പാട്ടാണിത്.
"കൊയ്യാകൊയ്യാ കൊയ്യടാ കൊയ്യ
കൊയ്യാകൊയ്യാ കൊയ്യടാ കൊയ്യ
അ...
"പുഞ്ച കൊയ്യാൻ പോകുമ്പോൾ പാടുന്ന പാട്ടാണിത്.
"കൊയ്യാകൊയ്യാ കൊയ്യടാ കൊയ്യ
കൊയ്യാകൊയ്യാ കൊയ്യടാ കൊയ്യ
അങ്ങേലെ കോരന്റെ പെണ്ണേ
കൊയ്യടാ കൊയ്യാ കൊയ്യാ...
നാത്തൂനേ പിന്നെ കൂത്തൂനേ
കൊയ്യാൻ പോകടി നാത്തൂനേ
അരിവാളും വള്ളീം എട്ത്തേ
കൊയ്യാൻ പോകുന്ന നാത്തൂനേ
നാത്തൂനേ പിന്നെ കൂത്തൂനേ
കൊയ്യാൻ പാടത്തിറങ്ങുന്നു
വല്ല്യ മനയ്ക്കലേ തമ്പുരാനേ
കൊയ്ത്ത് കാണാൻ വന്നല്ലോ
കൊയ്ത്ത് കാണാൻ വന്നപ്പോ
മൊളയൻമാരും കൊയ്യുന്നേ."
"നെന്മണി താഴത്തു പോകാതെ
നെന്മണി താഴത്തു പോകാതെ
കൊയ്തോളൂ നിങ്ങള് വല്യാളേ.”
'നെന്മണി താഴത്തു കളയാതെ കൊയ്യണം' എന്ന പഴഞ്ചൊൽപ്രായമായ വരികളിൽ നെൽക്കതിരിനെ ലക്ഷ്മീദേവിയുടെ സാന്നിധ്യമായി വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൻ്റെ മനസ്സാണ് തുറക്കുന്നത്. ഇതിന് ഒരു നിർദ്ദേശാത്മക ചൊല്ലിൻ്റെ രൂപഭാവമുണ്ട്.
2. "ഏലയ്യേലയ്യ........
ഏലഞ്ചും കൈതോല
എന്തും ചോടാണ്ടോ
കാവേറിപ്പോകണത്
ഉപ്പും ചോടാണ്ടോ
കാവേറിപ്പോകണത്
ഉപ്പും ചോടിൻ്റെ ചുങ്ക-
വിടെത്തന്നില്ലെങ്കിൽ
ചുങ്കത്താലുങ്ങ വച്ചു
പിരിക്കും ഞാൻ
ഏലയ്യേലയ്യാ..........
ഏലഞ്ചും കൈതോല
എന്തും ചോടാണ്ടോ
കാവേറിപ്പോകണത്
അരീം ചോടാണ്ടോ
കാവേറിപ്പോകണത്
അരീംചോടിന്റെ
ചുങ്കവിടെതന്നില്ലെങ്കിൽ
ചുങ്കത്താലുങ്ങ
വച്ചു പിരിക്കും ഞാൻ
ഏലയ്യേലയ്യാ
ഏലഞ്ചും കൈതോല
എന്തും ചോടാണ്ടോ
അടയ്ക്കാ ചോടാണ്ടോ
കാവേറിപ്പോകണത്
അടയ്ക്കാ ചോടിൻ്റെ
ചുങ്കവിടെത്തന്നില്ലെങ്കിൽ
ചുങ്കത്താലുങ്ങ വച്ചു പിരിക്കും ഞാൻ."
കൊയ്ത്തിന് ഉത്സാഹം കൊടുക്കുന്ന ഒരു തോന്ന്യാസപ്പാട്ടായി ഇതിനെ വ്യാഖ്യാനിക്കാം. അവ്യക്തമായ ഒരു വായ്ത്താരിയോടെയാണ് ഈ പാട്ടു തുടങ്ങുന്നത്. ഈ പാട്ടിന് ഒരു അവസാനം എളുപ്പമല്ല. കൊയ്ത്തുകാർ മാറിമാറി ഉപ്പ്, അരി, തേങ്ങ, അടയ്ക്ക ,മത്തങ്ങ ഇത്തരം കാർഷിക വിഭവങ്ങളുടെ വിപണനവുമായി ബന്ധപ്പെടുത്തി പാട്ട് തുടരുന്നു. ഇതിൽ തന്റെ വിഭവത്തിന് ചന്തയിൽ ചുങ്കം നൽകേണ്ടതിന്റെ പ്രാധാന്യത്തെ പരസ്പരം ഓർമിപ്പിക്കുന്ന നൈതിക ബോധം കൂടി കാണാവുന്നതാണ്."
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: വാമൊഴി വയൽ നാട്ടറിവ് (ഡോ. മോളി ജോസഫ് മാമ്പള്ളി) ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 317 - 319..Link
|
| 20 | Chakramchavittu Paatt |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"കായൽനിലങ്ങളിൽ വെള്ളം വറ്റിക്കുന്നതിനും നിലങ്ങളിലേക്ക് വെള്ളം തേവാനും ഇവ സഹായിച്ചിരുന്നു. വൃത്താകൃതിയിൽ മരംകൊണ്ടുണ്...
"കായൽനിലങ്ങളിൽ വെള്ളം വറ്റിക്കുന്നതിനും നിലങ്ങളിലേക്ക് വെള്ളം തേവാനും ഇവ സഹായിച്ചിരുന്നു. വൃത്താകൃതിയിൽ മരംകൊണ്ടുണ്ടാക്കിയ ഒരു ഉപകരണമാണ് ചക്രം. പുറത്തേക്ക് തള്ളിനിൽക്കുന്ന മരംകൊണ്ടുണ്ടാക്കിയ ദളങ്ങൾ ഇവയ്ക്കുണ്ട്. ചക്രങ്ങൾ പലവലിപ്പത്തിലുണ്ട്. ചക്രത്തിൻ്റെ വലിപ്പത്തിന് ആനുപാതികമായാണ് ചക്രപ്പല്ലുകളുടെ എണ്ണം. നാലുദളങ്ങൾ മുതൽ 25 ദളങ്ങൾ വരെ ഉണ്ടാകും. 25 ദളങ്ങളുള്ള ചക്രത്തിന് പത്തടിയോളം വ്യാസം ഉണ്ടായിരിക്കും. അടിയിലെ പല്ലുകൾ വെള്ളത്തിൽ മുങ്ങത്തക്കവിധം മുളംകാലിൽ ഉറപ്പിച്ചുനിർത്തിയ ചക്രത്തെ മുളകൊണ്ടോ കവുങ്ങിൻപാളികൊണ്ടോ ഉണ്ടാക്കുന്ന പടിയിന്മേലിരുന്ന് ഓരോ പല്ലിലും മാറിമാറി ചവിട്ടിയാണ് ചക്രം തിരിക്കുന്നത്. ചക്രം തിരിയുമ്പോൾ വെള്ളത്തിൽ മുട്ടിനിൽക്കുന്ന ചക്രപ്പല്ലുകൾ വെള്ളത്തെ മുകളിലേക്ക് തള്ളുന്നു.
ചക്രത്തിന്റെ വലിപ്പം കൂടുന്നതനുസരിച്ച് ചവിട്ടുകാരുടെ എണ്ണവും വർദ്ധിക്കുന്നു. 20-25 ദളങ്ങളുള്ള ഒരു വലിയ ചക്രം ചവിട്ടണമെങ്കിൽ ഇരുപത്തഞ്ചോളം ആളുകൾ ഒരേസമയം വേണ്ടിവരും. തട്ടുകളായി ചാരുകൾ കെട്ടിയുണ്ടാക്കി അതിന്മേൽ ഇരുന്നും നിന്നും ഒക്കെയാണ് ചവിട്ടുകാർ ചക്രം തിരിക്കുക. ചവിട്ടുതുടങ്ങിയാൽ പാടത്തെ വെള്ളം വറ്റുന്നതുവരെ രാപകൽ ഭേദമില്ലാതെ രണ്ടുമൂന്നുദിവസം തുടർച്ചയായി ചക്രം തിരിച്ചുകൊണ്ടിരിക്കും. മൂന്നു ചക്രങ്ങളും 36 ആളുകളുമുണ്ടെങ്കിൽ ഒന്നേകാൽ ഏക്കർ സ്ഥലത്തുനിന്ന് മൂന്നടി വെള്ളം വറ്റിക്കാൻ ഒരു ദിവസംകൊണ്ടു സാധിക്കുന്നു.
ഒരു ചക്രംകൊണ്ട് രണ്ടടിയിലധികം ഉയരത്തിലേക്ക് വെള്ളം കയറ്റാൻ സാധിക്കുകയില്ല. അതിൽ അധികം ഉയരത്തിലേക്ക് വെള്ളം കയറ്റേണ്ടിവരുന്ന അവസരങ്ങളിൽ തട്ടുകളായി ഒന്നിൽ കൂടുതൽ ചക്രംവെച്ച് വെള്ളം കയറ്റുന്നു. തേക്ക്, ആഞ്ഞിലി മരങ്ങളാണ് ചക്രമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. "
"ചക്രം പാട്ട്: 'കോള് കുളം പോലെ' എന്ന ചൊല്ലറിയുന്ന കർഷകൻ കോൾപ്പാടത്ത് ചക്രം ചവിട്ടി വെള്ളം വറ്റിക്കുന്ന സമയത്ത് പാടുന്ന പാട്ട് :
“കുട്ടോർത്തെ തമ്പ്രാനും ഓക്കോരനും കൂടി
ആയിരം മുറിക്കോള് പണിയുന്നുണ്ടേ
കോളൊന്നു നടന്നു നോക്കാൻ പോണം
ഞാറൊന്നു പറിക്കണം നാട്ടിവേണം നമ്മക്കേ
വെള്ളം നോക്കാൻ പോകട്ടെ ഓക്കോരാ
കൊടയും വടിയും എടുക്കുന്നു തമ്പുരാൻ
കൊടയും വടിയും മേൽമുണ്ടുടുത്തേ
ഓക്കോരനേം കൂട്ടി പോകുന്നതുണ്ടേ
കോളിന്റെ വക്കത്തു ചെന്നങ്ങു നിന്നേ
അപ്പോളെ നിൽക്കുന്നു കോരനുമല്ലോ
ഓക്കോരനെയും വിളിക്കുന്നതുണ്ടേ
വെള്ളം നിറഞ്ഞിട്ട് കെടക്കുന്നുകോളേ
ഒന്നിതാ കേൾക്കെടാ ഓക്കോരാ നീയേ
ആയിരം മുറിക്കോളിലും വെള്ളം നിറഞ്ഞേ
ഞാറ് പറിക്കണ്ടേ നടുവണ്ടേ കോരാ
അതിനെന്തു വെഷമോണ്ട് തമ്പുരാനേ
കുട്ടോർത്തെ തമ്പ്രാൻറെ ചക്രം
കുട്ടോർത്തെ തമ്പ്രാൻ്റെ കുട്ടിമാണി ചക്രം..."
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം രണ്ട്), പൈതൃകം ശേഖരിച്ച ലേഖനം: നാടോടി ജലസംരക്ഷണ രീതികളും ജലസേചന യന്ത്രങ്ങളും (കെ. പി. ദിലീപ്കുമാർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1689 -1690, ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം:വാമൊഴി വയൽനാട്ടറിവ് (ഡോ. മോളി ജോസഫ് മാമ്പള്ളി ) ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 316-317..Link
|