|
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
|
| 1 | Kothiyum Uppoothalum |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
കൊതിപറ്റുക:
"കുഞ്ഞ് പാൽ കുടിക്കുന്നത് മറ്റുള്ളവർ കണ്ടിട്ട് ആശ്ചര്യപ്പെടുന്നതിൽ നിന്നാണ് കൊതിപറ്റുക എന്ന അസുഖം ഉണ...
കൊതിപറ്റുക:
"കുഞ്ഞ് പാൽ കുടിക്കുന്നത് മറ്റുള്ളവർ കണ്ടിട്ട് ആശ്ചര്യപ്പെടുന്നതിൽ നിന്നാണ് കൊതിപറ്റുക എന്ന അസുഖം ഉണ്ടാവുന്നത്. പാൽ കുടിക്കാൻ താത്പര്യം കാണിക്കാതിരിക്കുക, അസ്വസ്ഥതകൾ പ്രകടിപ്പിക്കുക എന്നിവയാണ് ഇവയുടെ ലക്ഷണങ്ങൾ. ഇവയ്ക്കും അമ്മൂമ്മയുടെ വൈദ്യവിശ്വാസമുണ്ട്. പ്രാദേശികമായ വ്യത്യാസങ്ങളോടെ വ്യത്യസ്ത രീതികളിൽ ഇവ പ്രയോഗിക്കുന്നു. കുട്ടിക്ക് ഏറ്റ കൊതിയെ ഇല്ലാതാക്കുക എന്നതാണ് പ്രമാണം. അതിനുള്ള മന്ത്രങ്ങൾ താഴെ കൊടുക്കുന്നു.
ഉപ്പൂതൽ:
1. കുറച്ച് ഉപ്പെടുത്ത് ഒരു കഷണം ഇലയിട്ട് കുഞ്ഞിനെ ഉഴിയും. നിശ്ശബ്ദമായി ഏവരും ഇരിക്കുന്നു. അമ്മൂമ്മ ഈ ഉപ്പെടുത്ത് മന്ത്രം ചൊല്ലിക്കൊണ്ട് ഉഴിയുന്നു. മന്ത്രം ഇങ്ങനെ.
"ഒന്നാം കടല്
രണ്ടാം കടല്
മൂന്നാം കടല്
നാലാം കടല്
അഞ്ചാം കടല്
ആറാം കടല്
ഏഴാം കടല്
ഏഴാം കടലിന്റ്പ്പുറത്ത് നില്ക്കുന്ന നാഗവള്ളിക്കരിമ്പന
അതിന് മുകളിലിരിക്കുന്ന പൂങ്കോഴിച്ചാത്തൻ
ഇറങ്ങിവന്ന് വെള്ളാരങ്കല്ലും ഒഴുക്ക് വെള്ളവും
ദഹിക്കും മുമ്പേ ഇയാളുടെ കൊതി ദഹിച്ചു പോണേ സത്യം ഗുരോ"
ഇപ്രകാരം മന്ത്രം ചൊല്ലി 21 പ്രാവശ്യം ഉഴിയുന്നു. ഇത്തിരിയെടുത്ത് നാക്കിൽ തൊടും. ബാക്കി അടുപ്പിൽ ഇടും. അതോടെ കൊതി പറ്റിയത് മാറി എന്നാണ് വിശ്വാസം. ഉപ്പൂതുമ്പോൾ ഊതുന്നയാൾക്ക് കോട്ടുവാ വന്നുകൊണ്ടിരുന്നാൽ കൊതി പറ്റിയതുതന്നെ എന്ന് ഉറപ്പിക്കാം.
2. ചിരവകൊണ്ട് കുട്ടിയെ ഉഴിഞ്ഞ് ചിരവനാക്ക് മണ്ണിൽ പൂഴ്ത്തി കുത്തി നിർത്തും. കൊതി തോന്നിയ നാക്കിനെ മണ്ണിലേക്ക് ആവാഹിച്ചു കളഞ്ഞു എന്നായിരിക്കും വിചാരം. കൊതി പറ്റിയതിൽ നിന്ന് വയറുവേദനയോ വയറ് വീർക്കുകയോ മറ്റോ ഉണ്ടായാലും ഇത്തരം സൂത്രഭാഷ്യങ്ങളുണ്ട്.
1. തിരി കത്തിച്ച് കുഞ്ഞിനെ ഉഴിഞ്ഞ് ചുമരിന്മേൽ കീഴ്പ്പോട്ടാക്കി നിർത്തുക. തിരികെടുന്നതോടെ വയറുവേദനയ്ക്ക് ശമനമുണ്ടാകും.
2. കായം കെട്ടുക എന്നൊരു ചടങ്ങും കുട്ടിക്ക് അസുഖമൊന്നും വരാതിരിക്കാൻ ചെയ്യാറുണ്ട്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം ഒന്ന്), പൈതൃകം ശേഖരിച്ച ലേഖനം: വിശ്വാസത്തിൻ്റെ മാന്ത്രികത (വി. ശോഭ ), ഡി.സി. ബുക്സ് ,കോട്ടയം, 2021, പുറം 1215 -1216..Link
|
| 2 | Kozhikkodan Oushadha Paaneeyangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
കേരളീയസമൂഹം ആദ്യകാലത്ത് ആരോഗ്യരക്ഷയ്ക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ദേഹരക്ഷയ്ക്ക് പ്രത്യേകം കാലഘട്ടംതന്നെ നിർവ്വചി...
കേരളീയസമൂഹം ആദ്യകാലത്ത് ആരോഗ്യരക്ഷയ്ക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ദേഹരക്ഷയ്ക്ക് പ്രത്യേകം കാലഘട്ടംതന്നെ നിർവ്വചിച്ചു വച്ചിട്ടുണ്ട്. വിവിധയിനം സൂപ്പുകൾ ആരോഗ്യപരിപാലനത്തിന് അനുപേക്ഷണീയമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. ഇതു കൂടാതെ പെട്ടെന്നുണ്ടാകുന്ന ചില അസുഖങ്ങൾക്കു പ്രതിവിധിയായും ചില പാനീയങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.
ആടുസൂപ്പ്:
കൈകാൽ തരിപ്പ്, വേദന, സന്നിപാതം മുതലായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോഴാണ് സൂപ്പ് കഴിക്കുന്നത്. കൈകാൽ വേദനയാണ് അസുഖമെങ്കിൽ ആടിൻറെ കൈയും കാലുമാണ് സൂപ്പ് വച്ചു കഴിക്കുന്നത്. സന്നിപാതം പോലുള്ള പ്രശ്നങ്ങൾക്ക് ആട്ടിൻ തലകൊണ്ടുള്ള സൂപ്പാണ് ഉത്തമം. ചെറുതായി കൊത്തിയരിഞ്ഞ ഇറച്ചി ധാരാളം ഉള്ളി ചേർത്ത് കുറുക്കി വേവിച്ചതിനുശേഷം പിഴിഞ്ഞ് എടുക്കുന്ന നീരാണ് സൂപ്പായി കഴിക്കുന്നത്. സൂപ്പ് കഴിക്കുന്ന ദിവസങ്ങളിൽ ഇറച്ചിയും മീനും വർജ്ജിക്കണം.
കർക്കിടകമാസത്തിൽ 'തിരിമുറിയാതെ മഴ പെയ്യുന്ന' തിരുവാതിര ഞാറ്റുവേലക്കാലത്താണ് സൂപ്പ് കഴിക്കേണ്ടത്. മഴക്കാലത്ത് പൊതുവേ നമ്മുടെ ദഹനശക്തി കൂടും. ശക്തമായി മഴ പെയ്യുന്ന ഞാറ്റുവേലക്കാലത്ത് ദേഹരക്ഷയ്ക്കായി കഴിക്കുന്ന മരുന്ന് വേഗം ശരീരത്തിൽ പിടിക്കും എന്നതുകൊണ്ടാണ് തിരുവാതിര ഞാറ്റുവേലക്കാലം ഔഷധസേവയ്ക്ക് ഉത്തമമായി കരുതപ്പെടുന്നത്. ശരീരം 'ഇളമിക്കുന്ന' സമയമാണെന്നാണ് കാരണവന്മാർ ഇക്കാലത്തെക്കുറിച്ച് പറയുക.
ബ്രാത്ത്:
പൊതുവായ ആരോഗ്യസംരക്ഷണത്തിന് സേവിക്കുന്ന ഔഷധമാണ് ബ്രാത്ത്. കുട്ടികൾക്കും ഈ മരുന്ന് നൽകാറുണ്ടായിരുന്നു. ഇളം പ്രായത്തിലുള്ള കോഴിയെയാണ് ബ്രാത്ത് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ഇറച്ചി വളരെ നേർമ്മയായി കൊത്തിയരിഞ്ഞ് ഒരു ഭരണിയിൽ ഇടുന്നു. ഇറച്ചിയുടെ അത്രതന്നെ ഉള്ളിയും ഭരണിയിൽ നിറയ്ക്കും. അതിൻ്റെ വായ്ത്തല വാട്ടിയ വാഴയിലകൊണ്ട് പൊതിയുന്നു. വാഴയിലയുടെ പുറത്തേക്കുള്ള ഭാഗം മുഴുവനായി വായു തെല്ലും കടക്കാതിരിക്കുന്നതിന് മൈദമാവുകൊണ്ട് അടയ്ക്കുകയും ചെയ്യും. ചെമ്പിലെ വെള്ളത്തിൽ ഈ ഭരണി ഇറക്കിവച്ച് മണിക്കൂറുകളോളം വേവിച്ച് കുറുക്കിയെടുക്കുന്നു. ഇറച്ചി പിഴിഞ്ഞുകിട്ടുന്ന സത്താണ് ബ്രാത്ത്.
കൂവപ്പൊടിവെള്ളം:
കൂവപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളം പല വീടുകളിലും വേനൽക്കാലത്ത് നല്ലൊരു ഔഷധപാനീയമായി ഉപയോഗിക്കാറുണ്ട്. കൂവ സംസ്കരിച്ചെടുക്കുന്നത് വളരെ ക്ഷമ ആവശ്യമുള്ള ജോലിയാണ്. കൂവച്ചെടിയുടെ കിഴങ്ങ് ഉരലിലിട്ട് നന്നായി ഇടിച്ചെടുക്കുക എന്നതാണ് ആദ്യഘട്ടം. ഒരു ചെമ്പിൻ്റെ വാവട്ടം തുണികൊണ്ടു മൂടിക്കെട്ടി ഇടിച്ചെടുത്ത കൂവ അതിനു മുകളിൽവച്ചു നന്നായി പിഴിയുകയും ഉരയ്ക്കുകയും ചെയ്യുന്നു. ചെമ്പിനടിയിൽ കലർപ്പില്ലാതെ ഊറിക്കൂടുന്ന കൂവ ഉണക്കിയെടുത്താൽ വളരെ നേർത്ത കൂവപ്പൊടി തയ്യാറായിക്കഴിഞ്ഞു. ഇത് പഞ്ചസാരയോ ഉപ്പോ ചേർത്തു തിളപ്പിച്ചാണ് കൂവപ്പൊടിവെള്ളം ഉണ്ടാക്കുന്നത്. ചികിത്സയിൽ കഴിയുന്നവർക്കും മറ്റും ക്ഷീണം അകറ്റുന്നതിനുള്ള ഉത്തമപാനീയമായി കൂവപ്പൊടി വെള്ളം നൽകാറുണ്ട്.
ചുക്കുകാപ്പി:
ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയിൽനിന്ന് ആശ്വാസം ലഭിക്കുവാൻ ചുക്കുകാപ്പി നല്ലൊരു ഔഷധമാണ്. കുരുമുളക്, ചുക്ക്, തുളസിയില, കാപ്പിപ്പൊടി എന്നിവയിട്ട് തിളപ്പിച്ചാണു ചുക്കുകാപ്പി ഉണ്ടാക്കുന്നത്. ചിലപ്പോൾ കാപ്പിപ്പൊടി ചേർക്കാതെയും ഈ ഔഷധപാനീയം ഉണ്ടാക്കാറുണ്ട്.
തുളസിയിട്ട് തിളപ്പിക്കുന്ന തുളസിവെള്ളം, പച്ചവെള്ളത്തിൽ രാമച്ചം ഇട്ടുവച്ച് ഉണ്ടാക്കുന്ന രാമച്ചവെള്ളം, മുത്താറിപ്പൊടി തിളപ്പിച്ചുണ്ടാക്കുന്ന മുത്താറിവെള്ളം എന്നിവയും ഔഷധമൂല്യമുള്ള പാനീയങ്ങളാണ്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം: കോഴിക്കോടിന്റെ പാനീയങ്ങൾ (ഡോ. എം. കെ. പ്രേമരാജൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 902-904..Link
|
| 3 | Thenum Paalum |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
അടിസ്ഥാന ആവശ്യമായ ദാഹം ശമിപ്പിക്കലിനുശേഷമേ സ്വാദുള്ള പാനീയചിന്ത വരുന്നുള്ളൂ. കുടിവെള്ളസംസ്കാരത്തിൻ്റെ രണ്ടാം ഘട്ടത...
അടിസ്ഥാന ആവശ്യമായ ദാഹം ശമിപ്പിക്കലിനുശേഷമേ സ്വാദുള്ള പാനീയചിന്ത വരുന്നുള്ളൂ. കുടിവെള്ളസംസ്കാരത്തിൻ്റെ രണ്ടാം ഘട്ടത്തിലേ നിർമ്മിച്ചെടുത്ത പാനീയങ്ങൾ വരുന്നുള്ളൂ. പക്ഷേ, പ്രകൃതിയിൽത്തന്നെയുള്ള മറ്റു പാനകങ്ങളുടെ കാര്യം ശ്രദ്ധിക്കേണ്ടതാണ്. പച്ചവെള്ളത്തിൽനിന്നു വേറിട്ടതും ദ്രാവകരൂപത്തിലുള്ളതും സ്വാദേറിയതുമായ തേൻ പ്രകൃതിയിൽനിന്നും ശേഖരിച്ച പാനീയങ്ങളെക്കുറിച്ചുള്ള അറിവും പുതിയവ നിർമ്മിക്കുന്നതിനുള്ള ശ്രമവും വിപുലമാക്കി. കാട്ടിൽ തേനിറ്റു വീഴുന്ന കൂടുകളിലെ ദ്രാവകം രുചിച്ചവൻ പാനീയങ്ങളുടെ രുചിഭേദങ്ങൾ വ്യക്തമായി അറിഞ്ഞിട്ടുണ്ടാകും. തേനെടുക്കുന്ന വിദ്യ ഏതു രാജ്യത്തെയും കാട്ടുനിവാസികളുടെ ഒരു പ്രധാന തൊഴിൽതന്നെയാണ്. നാട്ടിലെ മറ്റൊരു പാനീയം പാലാണ്. മനുഷ്യക്കുഞ്ഞിന് ആദ്യംതന്നെ ലഭിക്കുന്ന പാൽ എന്ന പാനീയം മഹത്തരമായ ഒന്നായിക്കണ്ടതു സ്വാഭാവികമാണ്. മറ്റു സസ്തനികൾക്കും പാലുണ്ട്. പശുക്കുട്ടിക്കു കുടിക്കാനുള്ള പാൽ അതിനെ മാറ്റിനിർത്തി മനുഷ്യനുപയോഗിച്ചപ്പോൾ (മൃഗചൂഷണമാ ണത്) പാനീയത്തിൻ്റെ മറ്റൊരു മേഖലയിലേക്കു കടന്നു. ഭാരതത്തിൽ പ്രത്യേകിച്ചും പശുവിൻ പാൽ പ്രധാന പാനീയമാണ്. ഇതിൽ നിന്നുണ്ടാക്കുന്ന തൈരും മോരും വെണ്ണയും നെയ്യും പാനീയത്തിൽ നിന്നുണ്ടാക്കിയെടുത്ത ദ്രാവക/ അർദ്ധദ്രാവക വസ്തുക്കളായി. പാലിനും വെണ്ണയ്ക്കും അതിവിപുലമായ ഒരു സാംസ്കാരിക/മിത്തിക് മാനം ലഭിച്ചത് ശ്രീകൃഷണകഥകളിലൂടെയാണ്. മറ്റു മൃഗങ്ങളുടെ പാലിനും മിത്തിക് മാനം കൊടുക്കുന്ന കഥകൾ നമുക്കുണ്ട്.
പാൽ ഒരു ഔഷധച്ചേരുവയായതിനാൽ അതിന് അവ്വിധമായ ഒരസ്തിത്വവുമുണ്ട്. പുലിപ്പാൽ വേണമെന്നാവശ്യപ്പെട്ട റാണിക്ക്
(അമ്മ) വേണ്ടി കാട്ടിൽപ്പോയി അനേകം അമ്മപ്പുലികളെ കൊണ്ടുവന്ന അയ്യപ്പൻ, പാല് എന്ന പാനീയത്തിൽ ക്രോഡീകരിച്ച സാഹസികമാനം കാണിക്കുന്ന കഥാപാത്രമാണ്. 'തേനും പാലും' എന്ന ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. സമൃദ്ധിയുടെ ചിഹ്നമാണ് ഈ രണ്ടു പാനീയങ്ങളും. പച്ചവെള്ളംപോലെ പ്രകൃതിയിൽനിന്നു നേരിട്ട് സമൃദ്ധിയായി (ഇന്നത്തെ അവസ്ഥയും എന്നും മറ്റു പലയിടത്തെ അവസ്ഥയും വെള്ളത്തെ ദുർല്ലഭവസ്തുവായി കാണാൻ മാത്രം പ്രേരിപ്പിക്കുന്നു.) നേരിട്ടു ലഭിക്കുന്നവയല്ല ഈ രണ്ടു പാനീയങ്ങളും. ഇതു സമ്പാദിക്കാൻ അദ്ധ്വാനം കൂടുതലാണ്. ഈ അധികാദ്ധ്വാനവും അതിന്റെ രുചി, പോഷകമൂല്യം എന്നിവയും അവയ്ക്ക് അധികമൂല്യം നല്കുന്നു. കാട്ടിൽ നിന്നു തേനെടുക്കുന്നതും കറവജീവികളെ വളർത്തി പാലെടുക്കുന്നതും പ്രകൃതിയെ മെരുക്കുന്ന സംസ്കാരത്തിലടങ്ങുന്നു. പ്രകൃതിയും (nature) സംസ്കാരവും (culture) എന്ന രണ്ടവസ്ഥകൾ മനുഷ്യന് നേരിടേണ്ടി വരുന്നു."
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :പാനീയത്തിന്റെ തലങ്ങൾ (വിജയകുമാർ മേനോൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 949 - 950.Link
|
| 4 | Paaneeyachollukal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"പാനീയങ്ങളെക്കുറിച്ച് നാടൻ മനസ്സിലുള്ള കാര്യങ്ങൾ ചൊല്ലുകളായി പ്രചരിച്ചുവരുന്നു. കഞ്ഞി, പഴങ്കഞ്ഞി, പാൽ, മോര്, തേൻ, ക...
"പാനീയങ്ങളെക്കുറിച്ച് നാടൻ മനസ്സിലുള്ള കാര്യങ്ങൾ ചൊല്ലുകളായി പ്രചരിച്ചുവരുന്നു. കഞ്ഞി, പഴങ്കഞ്ഞി, പാൽ, മോര്, തേൻ, കള്ള് എന്നിവയെ പരാമർശിക്കുന്ന ഏതാനും ചൊല്ലുകൾ താഴെ കൊടുക്കുന്നു.
കഞ്ഞി:
(i) കഞ്ഞി കഞ്ഞിയാണെങ്കിൽ ചോറു പുല്ല്
(ii) കഞ്ഞി കണ്ടയിടം കൈലാസം
(iii) കഞ്ഞിക്കും കാറ്റിനും അരികുവഴി
പഴങ്കഞ്ഞി:
(i) പഴങ്കഞ്ഞി കുടിച്ചാലും പത്രാസു വിടില്ല
(ii) പഴങ്കഞ്ഞി കുടിച്ച് വാ പൊള്ളി
(iii) പഴങ്കഞ്ഞി കുടിക്കയാണെങ്കിലും ഊതി കുടിക്കണം
(iv) ആറിയ കഞ്ഞി പഴങ്കഞ്ഞി
പാല്:
(i) പാലായാലും കാലംതെറ്റിക്കഴിക്കരുത്
(ii) പാലിൽ പിഴച്ചാൽ നീളെപ്പിഴയ്ക്കും
(iii) പാലിനു പഞ്ചസാരക്കൂട്ട്
(iv) പാലുതന്നെയായാലും കാലമറിഞ്ഞു കഴിക്കുക
(v) പാലുമാകും മരുന്നുമാകും
(vi) പാലോടു ചേർന്ന വെള്ളവും പാലാകും
മോര്:
(i) മോരിന് ഉറസ്വാദ്
(ii) മോരിലിട്ട മുളകിന് എരു കുറയും
(iii) മോരും മുതിരയും ചേരില്ല
(iv) മോരു കുടിച്ചാൽ മുഖത്തറിയാം
തേൻ:
(i) തേനുള്ളിടത്ത് ഈച്ചയാർക്കും
(ii) തേനുള്ളിടത്ത് ഉറുമ്പരിക്കും
(iii) തേൻ വടിക്കുന്ന കൈ നക്കാതിരിക്കില്ല
(iv) തേൻ കാണും കുണ്ടു കാണില്ല
കള്ള്:
(i) കള്ളു കുടിച്ചാൽ ഉള്ളതു പറയും
(ii) കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണം
(iii) കള്ളു തള്ളയ്ക്കു സമം
നാടോടിജീവിതത്തിൻ്റെ ആത്മീയവും ഭൗതികവുമായ തലത്തിൽ നാട്ടുപാനീയങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നു.
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :നാട്ടുപാനീയങ്ങൾ (ഡോ. ശശിധരൻ ക്ലാരി ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 943 - 944..Link
|
| 5 | Anushttaanappaaneeyangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
തരിക്കഞ്ഞി
"അനുഷ്ഠാനത്തിൻ്റെ ഭാഗമായി പാനീയങ്ങൾ ഒരുക്കുന്നത് സാധാരണമാണ്. ഏകാദശി, വാവ്, നോയമ്പ്...
തരിക്കഞ്ഞി
"അനുഷ്ഠാനത്തിൻ്റെ ഭാഗമായി പാനീയങ്ങൾ ഒരുക്കുന്നത് സാധാരണമാണ്. ഏകാദശി, വാവ്, നോയമ്പ് എന്നിങ്ങനെയുള്ള വ്രതാനുഷ്ഠാനം, ആരാധനയുടെ ഭാഗമായ അനുഷ്ഠാനം എന്നിവയ്ക്ക് വൈവിധ്യമാർന്ന പാനീയങ്ങൾ ഉണ്ടാക്കുകയും കുടിക്കുകയും ചെയ്യുന്നു. ഏകാദശിനാളിൽ തുളസീതീർത്ഥം മാത്രം കുടിച്ചു കഴിയണം എന്നാണ് വിശ്വാസം. തിരുവാതിരനോയമ്പിൻ്റെ ഭാഗമായി സ്ത്രീകൾ, കരിക്കിൻവെള്ളമാണു കുടിക്കുന്നത്. മുസ്ലിങ്ങൾ റംസാൻ വ്രതനാളിൽ നോമ്പ് തുറക്കുന്നതിനു കുടിക്കുന്നതാണ് 'തരിക്കഞ്ഞി'. അണ്ടിപ്പരിപ്പ്, മുന്തിരി, ഏലക്ക, ഉള്ളി എന്നിവ നെയ്യിൽ വറുത്ത് വെള്ളം ഒഴിച്ച് തിളപ്പിക്കുന്നു. അതിൽ അല്പം റവയിട്ട് ഇളക്കി പാലും ചേർത്ത് വേവിച്ചെടുക്കുന്നു. പിന്നെ പഞ്ചസാര ചേർത്ത് ഇളക്കി ഉണ്ടാക്കുന്നതാണ് 'തരിക്കഞ്ഞി.'
ആരാധനയുടെ ഭാഗമായി പ്രസാദം എന്ന നിലയ്ക്ക് കുടിക്കുന്ന പാനീയങ്ങളുമുണ്ട്. ക്ഷേത്രങ്ങളിൽ നിവേദ്യത്തിനും അഭിഷേകത്തിനും വേണ്ടി തയ്യാറാക്കി, പ്രസാദമായി നല്കുന്നവയാണ് പഞ്ചഗവ്യവും പഞ്ചാമൃതവും. പശുവിൽനിന്നും ലഭിക്കുന്ന പാൽ, ചാണകം, മൂത്രം എന്നിവയും പാലുത്പന്നങ്ങളായ തൈര്, വെണ്ണ എന്നിവയും ചേർത്തുണ്ടാക്കുന്നത് പഞ്ചഗവ്യം. ശർക്കര, പാൽ, മുന്തിരി, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്നതാണ് പഞ്ചാമൃതം. പഞ്ചസാര, തേൻ, പാൽ, നെയ്യ്, കദളിപ്പഴം എന്നിവ ചേർത്തും പഞ്ചാമൃതം ഉണ്ടാക്കാറുണ്ട്. പ്രസാദം എന്ന നിലയ്ക്ക് ചില ക്ഷേത്രങ്ങളിൽനിന്നും ഭക്തന്മാർക്കു ലഭിക്കുന്നതാണ് 'ആടിയ എണ്ണ' (അഭിഷേകം ചെയ്ത എണ്ണ. പാനകം, ഗുരുസി, കള്ള് എന്നിവയും അനുഷ്ഠാനത്തിന്റെ ഭാഗമായ പേയങ്ങളാണ്. ഉത്തരകേരളത്തിലെ ചില ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലങ്ങളിൽ പാനകം തയ്യാറാക്കുന്ന പതിവുണ്ട്. 'അടി' എന്ന അനുഷ്ഠാനപരമായ ശക്തിപ്രകടനം തുടങ്ങുന്നതിനു മുമ്പ് ദാഹശമനത്തിനായി പാനകമാണു കുടിക്കുന്നത് (വിഷ്ണു നമ്പൂതിരി. 2004:426). തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനകലകളിലെ ഒരു ചടങ്ങാണ് 'ഗുരുസി തർപ്പണം'. മഞ്ഞൾപ്പൊടി, അരിപ്പൊടി, ചുണ്ണാമ്പുപൊടി എന്നിവ വെള്ളത്തിൽ കലക്കിയാണ് ഗുരുസി തയ്യാറാക്കുന്നത്. പ്രസാദം എന്ന നിലയ്ക്ക് ഇതു സേവിക്കുന്നു. കള്ളു പൂജയും കള്ളുസേവയും അനുഷ്ഠാനത്തിൻ്റെ ഭാഗമായി പതിവുണ്ട്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം : നാട്ടുപാനീയങ്ങൾ (ഡോ. ശശിധരൻ ക്ലാരി ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 940..Link
|
| 6 | Avilum Malarum |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
സംഭാരംപോലെ ഒരു കാർഷികസംസ്കാരത്തിൻ്റെ സമ്യദ്ധിയും ചൂരും അനുഭവവേദ്യമാക്കുന്ന മറ്റൊരു പാനീയമാണ് അവിലുവെള്ളം. പുന്നെല്...
സംഭാരംപോലെ ഒരു കാർഷികസംസ്കാരത്തിൻ്റെ സമ്യദ്ധിയും ചൂരും അനുഭവവേദ്യമാക്കുന്ന മറ്റൊരു പാനീയമാണ് അവിലുവെള്ളം. പുന്നെല്ലു (ആദ്യവിളവെടുപ്പിലെ നെല്ല്) കൊണ്ടുണ്ടാക്കുന്ന കഞ്ഞിക്കു നല്ല സ്വാദാണ്. അതുപോലെതന്നെ സ്വാദിഷ്ഠമാണ് പുന്നെല്ലവിലും. കാർഷികകേരളത്തിൽ ഇവയ്ക്കെല്ലാം ഒരു കാലത്ത് വളരെ പ്രാധാന്യമുണ്ടായിരുന്നു. അവിൽ വെള്ളത്തിലിട്ട് പഞ്ചസാര ചേർത്താണ് അവിലുവെള്ളം ഉണ്ടാക്കുന്നത്. ഇതിനു കൂടുതൽ രുചി നൽകുന്നതിനായി ഉള്ളി, പഴം എന്നിവയും ചേർക്കുന്ന പതിവുണ്ട്. വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിക്കുവാൻ കഴിവുണ്ട് എന്നുള്ളതാണ് അവിലുവെള്ളത്തിൻ്റെ ഏറ്റവും വലിയ ഗുണം. മുകളിൽ തെളിഞ്ഞുനിൽക്കുന്ന അവിലിൻ്റെ ഗന്ധമുള്ള വെള്ളം ദാഹമകറ്റുകയും കുതിർന്ന അവിൽ വിശപ്പുമാറ്റുകയും ചെയ്യുന്നു. ശാരീരിക അദ്ധ്വാനം കൂടുതലുള്ള ജോലിയിലേർപ്പെട്ടിരിക്കുന്നവർ ഇഷ്ടപ്പെടുന്ന പാനീയമാണ് അവിലുവെള്ളം. ഇന്ന് ജ്യൂസുകടകളിൽ ലഭിക്കുന്ന അവിൽ മിൽക്ക് അവിലുവെള്ളത്തിൻ്റെ പരിഷ്കൃതരൂപമാണ്.
"അവിലുവെള്ളം ഏറ്റവും നല്ല പാനീയമാണ്. ചോരയുണ്ടാവാൻ ഏറ്റവും നല്ലത് ഈ അവിലുപ്രയോഗമാണ്. ചുവന്ന നെല്ല് (മട്ട) കൊണ്ടുള്ള അവിലാണ് പോഷകഗുണമുള്ളത്. വൃത്തിയാക്കിയ അവിലും വെള്ളവും പാകത്തിന് ശർക്കരയും ചേർത്ത് 2 മണിക്കൂർ വയ്ക്കുക. അതിനുശേഷം വെള്ളം ഊറ്റിയെടുത്തു കുടിക്കാവുന്നതാണ്. വിശപ്പിന് അവിൽ കഴിക്കുകയും ചെയ്യാം.
നെല്ല് പൊരിച്ചുണ്ടാക്കുന്ന മലർ നല്ല ദാഹശമനിയായി ഉപയോഗിക്കാം. മട്ടയുടെ നെല്ലുകൊണ്ട് (ചുവന്ന നെല്ല്) ഉണ്ടാക്കുന്ന മലരിനാണ് ഗുണം കൂടുതലുള്ളത്. നെല്ലിൻ്റെ ചുവന്ന തവിട് രക്തവർദ്ധനയ്ക്ക് ഉത്തമമാണ്. മലരും തണുത്ത ശുദ്ധജലവും ഒരു നുള്ള് മഞ്ഞളും ചേർത്ത് ഒരു മണിക്കൂർ വച്ചതിനുശേഷം വെള്ളം ഊറ്റിയെടുത്തു കുടിക്കാവുന്നതാണ്. ഛർദ്ദി വരുമ്പോൾ ഇപ്രകാരം മലരുകൊണ്ട് വെള്ളമുണ്ടാക്കിക്കുടിച്ചാൽ ക്ഷീണം അകലുകയും ശരീരത്തിനു ബലം ഉണ്ടാവുകയും ചെയ്യും."
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :കോഴിക്കോടിന്റെ പാനീയങ്ങൾ (ഡോ. എം. കെ. പ്രേമരാജൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 899, അതേ പുസ്തകം, പൈതൃകം ശേഖരിച്ച ലേഖനം: പാനകം - വീട്ടുപാനീയങ്ങൾ (ഡോ. ലീന എം. എ ), പുറം 916 - 917..Link
|
| 7 | Kalashamkettum Chillaattom |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"പാളയിൽ നിന്നും ഊറിവരുന്ന വീര്യമുള്ള കള്ള് കലശത്തിൽ വീഴുന്നതോടെ അക്കാനി ആകുന്നു. ഇങ്ങനെ വീര്യം നശിപ്പിക്കുന്ന...
"പാളയിൽ നിന്നും ഊറിവരുന്ന വീര്യമുള്ള കള്ള് കലശത്തിൽ വീഴുന്നതോടെ അക്കാനി ആകുന്നു. ഇങ്ങനെ വീര്യം നശിപ്പിക്കുന്നതിന് കലയത്തിൻ്റെ ഉൾഭാഗത്ത് നൂറ് (ചുണ്ണാമ്പ്) തേച്ചുപിടിപ്പിച്ചിരിക്കും. കക്ക നീറ്റി എടുക്കുന്ന ശുദ്ധമായ ചുണ്ണാമ്പാണ് ഇതിനായി ഉപയോഗിക്കുക. രാവിലെ കലയം (മൺകുടം) കെട്ടിക്കഴിഞ്ഞാൽ വൈകുന്നേരം പാള ഇടുക്കി കൊടുക്കണം. അതിനുശേഷം അടുത്ത ദിവസം രാവിലെ ആണ് അക്കാനി ശേഖരിക്കുക. ഊറ്റുപാള അമർത്തിക്കൊടുക്കുന്നതിനെയാണ് 'ഇടുക്കുക' എന്നു പറയുന്നത്. ഇതിന് പ്രത്യേകം ഉപകരണങ്ങളും മറ്റും ഉപയോഗിക്കുന്നു. ഇത്തരം ഊറ്റുപാളകൾക്ക് 'മടല്' എന്നും പറയും. ഓരോ പാളയിൽനിന്നും 2 മുതൽ 3 ലിറ്റർ വരെ അക്കാനി ലഭിക്കും. ഒരു പനയിൽ ഇത്തരത്തിൽ 6- ഓളം ഊറ്റുപാളകൾ ഉണ്ടാകും.
ഊറ്റുപാളകൾ 'ഒരുക്കുന്നത്' അപകടകരമായ ഒരു പ്രവൃത്തിയാണ്. മടലിൻ്റെ വശങ്ങൾ വളരെ മൂർച്ചയുള്ളവയാണ്. ഈ മടലിൽ വയർ ഭാഗം വരത്തക്കവണ്ണം കമിഴ്ന്നു കിടന്നാണ് കലശം കെട്ടുക; മടലിൻറെ മൂർച്ചയുള്ള ഭാഗമെല്ലാം വെട്ടിക്കളഞ്ഞ് 'ഒരുക്കി' എടുത്തതിനു ശേഷമാണ് സ്ഥിരമായി അക്കാനി ശേഖരിക്കാറുള്ളത്.
അക്കാനി ശേഖരിക്കുവാനായി ഒരിക്കൽ ഒരു പാള ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് ഒരിക്കലും ഇതിൽനിന്നും കള്ള് ഊറുകയില്ല. പാളകളിൽ നൂറിന്റെ ഒരു ചെറിയ അംശം പറ്റിയാൽപ്പോലും കള്ളിന്റെ വീര്യം നഷ്ടപ്പെടും. കലശത്തിൽ ശേഖരിക്കപ്പെടുന്ന അക്കാനി പാളയിൽ വീണാൽ 'പാളക്കൂമ്പ്' ചീഞ്ഞുപോകും. ഇക്കാരണംകൊണ്ട് അക്കാനി ശേഖരിക്കുവാൻ അതിയായ ശ്രദ്ധ ആവശ്യമാണ്. അക്കാനി ശേഖരിക്കുന്നതുപോലെതന്നെ ശ്രമകരമാണ് ഇതു സംരക്ഷിക്കുന്നതും. രാവിലെ ശേഖരിക്കുന്ന അക്കാനി വൈകുന്നേരമാകുന്നതോടെ പുളിച്ചുതുടങ്ങും. കൂടുതൽ നൂറ് (ചുണ്ണാമ്പ്) കലക്കി പുളിപ്പിനെ തടയാൻ സാധിക്കുമെങ്കിലും ഇത് അക്കാനിയുടെ രുചിയെ കാര്യമായി ബാധിക്കും.
മഞ്ഞുകാലമായ ധനു, മകരം മാസങ്ങളിലാണ് കൂടുതൽ ഊറ്റ് ഉണ്ടാവുക. മാത്രമല്ല പനകേറാൻ അനുയോജ്യമായ കാലാവസ്ഥ കൂടിയായതിനാൽ അക്കാനിയുടെ 'സീസൺ' ആണ് ഈ മാസങ്ങൾ. മഴ ആരംഭിക്കുന്നതോടെ അക്കാനിയുടെ ലഭ്യത കുറയും. കലശങ്ങളിൽ മഴവെള്ളം ഉറയുന്നതും പനയിൽ തെന്നൽ ഉണ്ടാകുന്നതും കാരണം മടല് ഞെരിക്കാൻ സാധിക്കാത്തതും അക്കാനിയുടെ ലഭ്യത കുറയ്ക്കുന്നു. വേനൽക്കാലത്ത് പൊതുവേ ഊറ്റ് കുറവായിരിക്കും.
കലശങ്ങളിൽ അക്കാനി നിറയുന്നതോടെ വിവിധതരം ജീവികൾ പനയിൽ താമസമാരംഭിക്കും. ഈച്ച, വിവിധതരം ഉറുമ്പുകൾ, തേനീച്ച, കാക്ക, വവ്വാൽ ഇവയെല്ലാം അക്കാനിപ്രിയരാണ്. ചെറിയ നായക്കുട്ടിയുടെ രൂപമുള്ള 'പഴവണി' എന്നൊരു ജീവി അക്കാനിയും കള്ളും കുടിച്ച് പനച്ചോട്ടിൽ തളർന്നു വീഴുമത്രേ!
ഇത്തരം ജീവികളിൽനിന്ന് കലശം സംരക്ഷിക്കുന്നതിന് 'ചില്ലാട്ടം' കെട്ടും. പനയോല, ചൂട്ട്, മുള്ള് എന്നിവ ഉപയോഗിച്ച് കലശം മൂടിക്കെട്ടുന്നതിനെയാണ് 'ചില്ലാട്ടം' എന്നു പറയുന്നത്.
അക്കാനിയിൽതന്നെ 'മാലയക്കാനി' അഥവാ 'മലക്കാനി' വളരെ പ്രിയതരം ആണ്. അക്കാനി ഊറ്റുന്നത് 24 മണിക്കൂർ കൂടുമ്പോഴാണെങ്കിൽ മലയക്കാനി രാവിലെ കലശം കെട്ടി വൈകുന്നേരം ശേഖരിക്കും. എന്നാൽ മലയക്കാനി വളരെ കുറവ് മാത്രമേ ഊറിക്കിട്ടാറുള്ളൂ. അതിവിശേഷമായ മലയക്കാനിക്ക് ഔഷധഗുണമുണ്ടത്രേ! അക്കാനി കഴിക്കുന്നത് 'പട്ടപ്പിടിച്ച്' ആണ്. പനയോല കോട്ടി പാത്രം നിർമ്മിക്കുന്നതിനെയാണ് പട്ടപ്പിടിക്കുക എന്നു പറയുന്നത്; ഈ ഇലപ്പാത്രത്തിൽ അക്കാനി കുടിക്കുമ്പോൾ മാത്രമാണ് അതിന്റെ രുചിക്ക് പൂർണ്ണത ലഭിക്കുകയുള്ളൂ. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം : അക്കാനി - കരിമ്പനക്കാളിയുടെ പാല് (എൻ. കെ. കണ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 908- 909..Link
|
| 8 | Kozhikkodan Paaneeyangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ദാഹം ശമിപ്പിക്കുന്നതിന് വ്യത്യസ്തതരം പാനീയങ്ങൾ ഓരോ പ്രദേശത്തും കാണാം. അതത് പ്രദേശത്ത് ലഭ്യമായ ഫലവർഗങ്ങളും മറ...
"ദാഹം ശമിപ്പിക്കുന്നതിന് വ്യത്യസ്തതരം പാനീയങ്ങൾ ഓരോ പ്രദേശത്തും കാണാം. അതത് പ്രദേശത്ത് ലഭ്യമായ ഫലവർഗങ്ങളും മറ്റു ഭക്ഷണപദാർത്ഥങ്ങളും ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പാനീയങ്ങളാണ് ഓരോ സ്ഥലത്തും പ്രചാരം നേടുന്നത്. ദാഹശമനത്തോടൊപ്പം ആരോഗ്യരക്ഷകൂടി ഉറപ്പുവരുത്തുന്നവയാണ് പാനീയങ്ങളിൽ മിക്കവയും. ചില പ്രത്യേക ഭക്ഷണത്തോടൊപ്പമോ മുമ്പോ ശേഷമോ കഴിക്കേണ്ടതിനു തയ്യാക്കുന്ന പാനീയങ്ങളുമുണ്ട്.
നന്നാറി സർബ്ബത്ത്:
സർബത്ത് എന്ന സർവ്വസാധാരണമായ പാനീയത്തിന് ഹൃദ്യമായ മണവും സവിശേഷമായ രുചിയുമുണ്ട്. ഇതിൽ ഉപയോഗിക്കുന്ന നന്നാറി എന്ന ചെടിയുടെ വേര് ആണ് ഈ രണ്ടു ഗുണങ്ങളും ഈ പാനീയത്തിനു നൽകുന്നത്. പഞ്ചസാരയിൽ കോഴിമുട്ടയുടെ വെള്ളക്കരു ഒഴിച്ച്, നന്നാറിയുടെ വേര് ചതച്ചു കിഴി കെട്ടിയിട്ട് ഉരുക്കിയെടുത്താണ് സർബ്ബത്ത് ഉണ്ടാക്കുന്നത്. പഞ്ചസാര ഉരുകിക്കഴിയുമ്പോൾ അതിലെ പൊടികളും മറ്റ് മാലിന്യങ്ങളും പൊന്തിവരും. ഇവ അരിച്ച് ഒഴിവാക്കിയതിനുശേഷം സർബ്ബത്ത് കുപ്പികളിൽ സൂക്ഷിച്ചുവയ്ക്കുകയാണു ചെയ്യുക. ഇങ്ങനെയുണ്ടാക്കുന്ന സർബ്ബത്ത് ദിവസങ്ങളോളം കേടുകൂടാതെയിരിക്കും. ഇത് ഒന്നോ രണ്ടോ സ്പൂൺ എടുത്ത് വെള്ളം ഒഴിച്ച് ചെറുനാരങ്ങാനീര് കലർത്തിയാണു കുടിക്കുന്നത്. നാരങ്ങയും നന്നാറിയും ഈ പാനീയത്തിനു പരിശുദ്ധിയുടെ നറുമണം നൽകുന്നു. ദാഹം അനുഭവപ്പെടുന്ന വ്യക്തിക്ക് ആദ്യം നറുമണം കൊണ്ടും പിന്നെ സ്വാദുകൊണ്ടും ദാഹശാന്തി എന്ന ഫലംകൊണ്ടും സംതൃപ്തി നൽകുന്ന സർബ്ബത്ത് നാടൻപാനീയങ്ങളിൽ ഏറ്റവും മേന്മ അവകാശപ്പെടാവുന്ന ഒന്നാണ്.
വത്തക്കവെള്ളം:
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിലെ മിക്ക വയലുകളിലും നെല്ലിനു പകരം പച്ചക്കറികളാണ് വിളഞ്ഞുനിൽക്കുക. വെള്ളരി, കക്കിരി, വത്തക്ക എന്നിവ ഇക്കൂട്ടത്തിൽ പ്രധാനമാണ്. ഇതിൽതന്നെ വത്തക്ക അഥവാ തണ്ണിമത്തൻ ഉപയോഗിച്ചാണു വത്തക്കവെള്ളം ഉണ്ടാക്കുന്നത്. വത്തക്ക ചെറുകഷണങ്ങളായി മുറിച്ച് പഞ്ചസാര ചേർത്തു കലർത്തിയാണ് വത്തക്കവെള്ളം ഉണ്ടാക്കുന്നത്. തണുപ്പും വത്തക്കയുടെ കിരുകിരുപ്പുള്ള രുചിയും വത്തക്കവെള്ളത്തെ ജനപ്രിയമാക്കുന്നു.
അണ്ടിപ്പരിപ്പുവെള്ളം:
രുചികൊണ്ടും അന്തസ്സുകൊണ്ടും വേറിട്ടുനിൽക്കുന്ന പാനീയമാണ് അണ്ടിപ്പരിപ്പുവെള്ളം. പച്ച കശുവണ്ടിപ്പരിപ്പ് അരച്ച് വെള്ളത്തിൽ കലക്കി പഞ്ചസാരയിട്ട് ഉണ്ടാക്കുന്നതാണ് അതീവരുചികരമായ അണ്ടിപ്പരിപ്പുവെള്ളം. കൂടുതൽ സ്വാദ് ലഭിക്കുന്നതിനായി ഇതിൽ ബദാംപരിപ്പും ചേർക്കാറുണ്ട്. ഉന്മേഷവും പ്രസരിപ്പും നൽകുന്നതാണ് ഈ പാനീയം. വാതത്തെ ശമിപ്പിക്കുകയും ശരീരശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഫലമാണ് കശുവണ്ടി. അതുകൊണ്ട് ഈ പാനീയത്തിന് ഔഷധഗുണവുമുണ്ട്. നിരവധി ആളുകൾ സംബന്ധിക്കുന്ന വിവാഹനിശ്ചയം പോലുള്ള ചടങ്ങുകളിൽ അതിഥികൾക്കു നൽകുന്നതിന് ഈ പാനീയം ഉപയോഗിക്കാറുണ്ടായിരുന്നു.
തേൻവെള്ളം:
തേൻ സുലഭമായി ലഭിക്കുന്ന മലയോരപ്രദേശങ്ങളിലാണ് തേൻവെള്ളത്തിന് പ്രചാരം കൂടുതൽ. പച്ചവെള്ളത്തിൽ അല്പം തേനും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന തേൻവെള്ളം വീട്ടിൽ വരുന്ന അതിഥികൾക്കു പെട്ടെന്ന് ഉണ്ടാക്കി നൽകാവുന്ന ഒന്നാണ്. തേനും ഇഞ്ചിനീരും ചെറുനാരങ്ങനീരും സമം ചേർത്തു കഴിച്ചാൽ വയർസംബന്ധമായ അസുഖങ്ങൾ ശമിക്കുകയും ദഹനശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കാവ:
റബിഉൽ അവ്വൽ (നബി ജനിച്ച മാസം) മാസത്തിൽ നബിദിനത്തോടനുബന്ധിച്ച ദിവസങ്ങളിൽ മുസ്ലിംപള്ളികളിൽ മൗലീദ് എന്ന നബിയെ വാഴ്ത്തുന്ന സൂക്തങ്ങൾ ഉരുവിടുന്ന പതിവുണ്ട്. ഈ സന്ദർഭത്തിലാണ് കാവ എന്ന പാനീയം കുടിക്കുന്നത്. അതുപോലെ മരണവീ ടുകളിൽ ഖുറാൻ ഓതുമ്പോഴും ഈ പാനീയം കൊടുക്കാറുണ്ട്.
കുരുമുളക്, ചുക്ക്, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ പൊടിച്ച് വെള്ള ത്തിലിട്ടു തിളപ്പിച്ചതിനുശേഷം അരിച്ചെടുത്ത് അതിൽ ഉള്ളിയും കോഴിമുട്ടയും ചേർത്തു നെയ്യിൽ വറുത്തെടുത്താണ് കാവ തയ്യാറാക്കുന്നത്. നിർത്താതെ ഖുറാൻ ഓതുമ്പോൾ തൊണ്ടയ്ക്ക് സംരക്ഷണം നൽകുന്നതിനുവേണ്ടിയായിരിക്കാം കുരുമുളകും ചുക്കും ചേർത്ത ഈ പാനീയം നൽകുന്നത്.
പാൽവാഴക്ക:
ചെറുപഴം മുറിച്ച് ചെറിയ കഷണങ്ങളാക്കിയതും സാവലരിയും പശുവിൻപാലിലോ തേങ്ങാപ്പാലിലോ തിളപ്പിച്ച് പിന്നീട് ഏലക്കായുടെ പൊടിയും അണ്ടിപ്പരിപ്പുമിട്ട് നെയ്യിൽ വറുത്തെടുത്താണു പാൽവാഴക്ക ഉണ്ടാക്കുന്നത്. മുസ്ലിംസമുദായത്തിനു നോമ്പുകാലത്ത് വളരെ വിശേഷപ്പെട്ട പാനീയമാണ് ഇത്.
തരിക്കഞ്ഞി:
തേങ്ങയുടെ രണ്ടാം പാലിൽ റവ വേവിച്ച് നെയ്യും ഒന്നാംപാലും അണ്ടിപ്പരിപ്പും കിസ്മിസ്സും ചേർത്തു വറുത്തെടുത്താണ് തരിക്കഞ്ഞി ഉണ്ടാക്കുന്നത്. പാൽവാഴക്കപോലെതന്നെ നോമ്പുകാലത്താണ് ഈ പാനീയവും പ്രധാനമായി ഉണ്ടാക്കുന്നത്.
സുലൈമാനി:
ലൈംടിക്ക് നാടൻഭാഷയിൽ പറയുന്ന പേരാണ് സുലൈമാനി. ചെറുനാരങ്ങ നീരൊഴിച്ച് ഉണ്ടാക്കുന്ന കട്ടൻചായയാണ് ഇത്. ചായപ്പൊടി ഉണർവ്വ് നൽകുകയും ചെറുനാരങ്ങാനീര് ദഹനശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യും എന്നതുകൊണ്ട് നെയ്യും ഇറച്ചിയും കൂടുതലടങ്ങിയ ബിരിയാണിപോലുള്ള ഭക്ഷണം കഴിച്ചാൽ പൊതുവേ അനുഭവപ്പെടുന്ന മയക്കം ഒഴിവാക്കുന്നതിന് സുലൈമാനി വളരെ പ്രയോജനപ്രദമാണ്. അത്തരം സമയത്തുതന്നെയാണ് ഈ പാനീയം സാധാരണയായി നൽകുന്നത്.
ചായ:
ചായയും കാപ്പിയും സർവ്വസാധാരണമായ പാനീയങ്ങളാണെങ്കിലും ഇവയുടെ വിവിധ രൂപങ്ങൾക്ക് പ്രാദേശിക വ്യത്യാസങ്ങൾ കാണാം. മലബാറുകാരുടെ പൊടിച്ചായ എന്താണെന്ന് തിരുവിതാംകൂറുകാരന് അറിയാതിരിക്കുന്നത് ഈ പ്രാദേശികമായ വ്യത്യാസം നിമിത്തമാണ്. ചായയിൽ നിരവധി വകഭേദങ്ങൾ എല്ലാ സ്ഥലത്തും കാണുന്നുണ്ട്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :കോഴിക്കോടിൻ്റെ പാനീയങ്ങൾ (ഡോ. എം. കെ. പ്രേമരാജൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 898 -901..Link
|
| 9 | Sambhaarom Paanakom |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ഗ്രാമീണരായ സാധാരണക്കാരുടെ ദാഹശമനത്തിനുള്ള ഒരു പാനീയമാണ് സംഭാരംവെള്ളം. മോരുവെള്ളത്തിനാണ് ഉത്തരകേരളത്തിൽ 'സംഭാരം...
"ഗ്രാമീണരായ സാധാരണക്കാരുടെ ദാഹശമനത്തിനുള്ള ഒരു പാനീയമാണ് സംഭാരംവെള്ളം. മോരുവെള്ളത്തിനാണ് ഉത്തരകേരളത്തിൽ 'സംഭാരം' എന്നു പറയുന്നത്. പണ്ടുകാലങ്ങളിൽ വഴിപോക്കർക്കു വെള്ളം കൊടുക്കുവാൻ തണ്ണീർപ്പന്തൽ കെട്ടുക പതിവായിരുന്നു. വലിയ ധനികകുടുംബക്കാർ വഴിസ്ഥലങ്ങളിൽ വല്ല വൃക്ഷത്തിന്റെയും ചുവട്ടിൽ ഓലപ്പന്തൽ കെട്ടി യാത്രക്കാർക്കു ദാഹം തീർക്കുവാൻ സംഭാരംവെള്ളം കൊടുത്തുവരാറുണ്ടായിരുന്നു. അടുത്ത കാലംവരെ ഈ പതിവ് നിലനിന്നിരുന്നു. പച്ചവെള്ളത്തിൽ മോരും ഉപ്പും പച്ചമുളകും ചേർക്കും. മോര് കുറവാണെങ്കിൽ, പുളിയുള്ള മാങ്ങയും ഉപ്പും പച്ചമുളകും ചതച്ചു വെള്ളത്തിലിടും. വളരെ രുചികരമായ പാനീയമാണിത്. തണ്ണീർപ്പന്തലിനു സമീപം പ്രായേണ ചുമടുതാങ്ങി(അത്താണി)യും കാണാറുണ്ട്. ഭാരം വഹിച്ചു സഞ്ചരിക്കുന്നവർക്കു ഭാരം അത്താണിയിൽ ഇറക്കിവെച്ച്, വെള്ളം കുടിച്ചു പോകാം. മഴക്കാലത്ത് തണ്ണീർപ്പന്തലിൻ്റെ ആവശ്യമുണ്ടാവില്ല. വേനൽക്കാലത്താണ് അതിനു പ്രസക്തി. ഇത്തരം തണ്ണീർപ്പന്തലുകൾ പലേടത്തുമുണ്ടായിരുന്നതിന്റെ ഓർമകൾ ഗ്രാമീണർ ഇന്നും ഓർക്കാറുണ്ട്. തണ്ണീർപ്പന്തലുകൾ ഇന്നില്ലെങ്കിലും, സംഭാരം (മോരുവെള്ളം) പീടികകളിൽനിന്ന് ഇന്നും ലഭിക്കും. പക്ഷേ, പണ്ട് സൗജന്യമായി നൽകിവന്നത്, ഇന്നു പണം വാങ്ങി വിൽക്കുന്ന സമ്പ്രദായമായി മാറിയിരിക്കുന്നു.
മോരിനോ, മോരുവെള്ളത്തിനോ ആവശ്യപ്പെട്ടു വരുന്നവർക്ക് അതു കൊടുക്കാതിരിക്കുന്നത് പാപമാണെന്നാണു വിശ്വാസം. വണ്ണാന്മാർ 'കെന്ത്രോൻപാട്ടി' നു പാടുന്ന 'കന്നൽപ്പാട്ടി'ൽ ദേവലോകത്തുനിന്നു ഗോദാവരിപ്പശുവിനെ അർജുനപുരത്തേക്കു കൊണ്ടു വരുവാൻ 'ചൂതുവൻ' പോകുന്നുണ്ടെങ്കിലും, അത് കീഴ്ലോകത്തേക്കു വരുവാൻ ഇഷ്ടപ്പെടുന്നില്ല.
"എന്റിതോരു പാല് മോര് അകത്തിരിക്കേ
ഇല്ലായെന്നു ചതി പറയും ചെറുമനുഷ്യർ."
എന്നത് അതിനൊരു കാരണമാണ്. അമ്പാടിയിൽ വളരുന്ന ശ്രീകൃഷ്ണനു പാലുകൊടുക്കുവാൻവേണ്ടി ആയർപിള്ളർ ഗോദാവരിയെത്തേടി ദേവകലോകത്തു പോകുന്നതായി കോലത്തുനാട്ടിലെ പുള്ളുവർ പാടുന്ന 'കൃഷ്ണോല്പത്തി' യിൽ ആഖ്യാനം ചെയ്യുന്നുണ്ട്.
"കഷ്ടരെ, ദുഷ്ടരെ ഭൂമിയിൽ ചെറുമനുഷ്യരെ ഞാനുമെൻ്റകന്നുമയിമ്പാടിലോ ഉലകിഴിഞ്ഞോണ്ടാൽ
വയർ നൊന്ത് പുളിമോരിനാരാൻ ഇരന്നു വന്നാലും
കൊടുപ്പാൻ മടിക്കും ഭൂമിയിലുള്ള ചെറുമനുഷ്യര്."
എന്നിങ്ങനെയാണ് ഗോദാവരിയുടെ പ്രതികരണം. "
"ശുദ്ധജലത്തിൽ ശർക്കര, ജീരകം, ചുക്ക്, ഏലത്തരി, കുരുമുളക് എന്നിവ ചേർത്താണു പാനകം ഉണ്ടാക്കേണ്ടത്. ഒരിടങ്ങഴി വെള്ളത്തിനു കുറഞ്ഞത് ഒരു റാത്തൽ (അരക്കിലോ) വെല്ലം ചേർക്കണം. കൂടുതൽ മധുരം വേണമെങ്കിൽ കൂടുതൽ വെല്ലം ചേർക്കാം. ചുക്ക്, ജീരകം, ഏലക്കായ, കുരുമുളക് എന്നിവ ഇരുപത്തിയഞ്ച് ഗ്രാം വീതമെടുത്തു പൊടിച്ചോ, ചതച്ചോ ചേർക്കുക. ചിലർ പാനകത്തിൽ തേനും പഞ്ചസാരയും ചേർക്കാറുണ്ടത്രേ. വെല്ലത്തിനു (ശർക്കര) പകരം കരിമ്പുനീര് ഉപയോഗിക്കുന്നതും ഉത്തമമാണ്. പാനകം മൺപാത്രങ്ങളിലാക്കിയാണു വെക്കേണ്ടത്. എന്നാൽ, ശീതളഗുണം വർദ്ധിക്കും. പാനകം കുടിക്കുവാൻ കൊടുക്കുന്നതും ചെറിയ മൺകുടുക്കകളിൽ പകർന്നാണ്. അത്തരം ചെറിയ മൺപാത്രങ്ങളെ 'പാനകക്കുടുക്ക' എന്നു പറയും.
പാനകം ഒരു ദാനവസ്തുവാണ്. പാപപരിഹാരത്തിനും പുണ്യ സമാർജനത്തിനുംവേണ്ടി പാനകം ദാനംചെയ്യുന്ന പതിവുണ്ട്. പുരാണങ്ങളിലും വ്രതമാഹാത്മ്യങ്ങളിലും പാനകദാന ഫലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
'വൈശാഖേ പാനകം ദത്വാ
സായാഹനെ ശ്രമ ശാന്തയെ
സർവ്വ പാപ വിനിർമുക്തഃ
വിഷ്ണോസ്സായുജ്യമാപ്തയാൽ"
എന്ന ശ്ലോകത്തിൽ, വൈശാഖമാസത്തിൽ യാതൊരാൾ ക്ഷീണനിവൃത്തിക്കായി വൈകുന്നേരം പാനകം ദാനം ചെയ്യുന്നുവോ, അവൻ സർവപാപവും നശിച്ച് വിഷ്ണുലോകത്തിൽ എത്തി വിഷ്ണുരൂപത്തിൽ ലയിക്കുമെന്നാണ് ഉദ്ഘോഷിക്കുന്നത്. വൈശാഖമാഹാത്മ്യം മൂന്നാമധ്യായത്തിൽനിന്നെടുത്തതാണ് ഈ ശ്ലോകം:
“യോദദ്യാൽ ചൈത്ര ദർശേതു
കുംഭ പൂർണന്തു പാനകൈഃ
ഗയാശ്രാദ്ധ ശതം തേന
കൃതമേവ ന സംശയ"
യാതൊരുവൻ വൈശാഖമാസത്തിൽ അമാവാസ്യദിനത്തിൽ പാനകം നിറച്ച പാത്രം ദാനം ചെയ്യുന്നുവോ, അവൻ നൂറു ഗയാശ്രാദ്ധം ചെയ്ത ഫലത്തെ അനുഭവിക്കുന്നു എന്ന് അതേ ഗ്രന്ഥത്തിൽത്തന്നെ പ്രസ്താവിക്കുന്നുണ്ട്. കേരളത്തിൽ വൈശാഖത്തിലും മാഘത്തിലും പാനകദാനം ചെയ്യുന്ന പതിവുണ്ടായിരുന്നു. ചെറിയ മൺകുടുക്കകളിൽ പാനകം നിറച്ചാണ് ദാനം ചെയ്യുക. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :നാട്ടു പാനീയങ്ങൾ അനുഷ്ഠാനത്തിലും കലയിലും ജീവിതത്തിലും (ഡോ. എം. വി. വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 892-893, അതേ പുസ്തകം, പൈതൃകം ശേഖരിച്ച ലേഖനം: നാട്ടുപാനീയങ്ങൾ അനുഷ്ഠാനത്തിലും കലയിലും ജീവിതത്തിലും (ഡോ. എം.വി. വിഷ്ണുനമ്പൂതിരി), പുറം 888 -889..Link
|
| 10 | Malabar Mappila Palahaarangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>അഷറഫലി, സഫറുള്ള,</p>
<p>മുഹമ്മദ്, സനിയ്യ ഹബീബ, അരീക്കോട്</p>
|
മുട്ടമാല: മുട്ടയുടെ മഞ്ഞക്കരു എടുത്ത് പഞ്ചസാരയുടെ സീറയിൽ ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം.
മുട്ടസുറുക്ക: സീറ ചേർത്ത് വെള...
മുട്ടമാല: മുട്ടയുടെ മഞ്ഞക്കരു എടുത്ത് പഞ്ചസാരയുടെ സീറയിൽ ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം.
മുട്ടസുറുക്ക: സീറ ചേർത്ത് വെള്ളക്കരു ആവിയിൽ പുഴുങ്ങിയുണ്ടാക്കുന്ന ഒരു തരം കേക്ക്.
കോഴിയട: കോഴിയിറച്ചി ചെറുകഷണങ്ങളാക്കി മസാല ചേർത്ത് വറുത്ത് മാവിൽ പൊതിഞ്ഞ് പൊരിച്ചെടുക്കുന്നു.
മണ്ട: റവ, പഞ്ചസാര, എസൻസ്, അണ്ടിപ്പരിപ്പ്, മുന്തിരി, കടല ഇവ ചേർത്ത മിശ്രിതം നേർത്ത പത്തിരിയിൽ ത്രികോണാകൃതിയിൽ ഉണ്ടാക്കി പൊരിക്കുന്നത്.
അമ്പയാത്തിൻ അട: അരിമാവിൽ മുട്ട ചേർത്ത് നല്ല ജീരകവും എള്ളും കലർത്തി നൂൽപ്പുട്ടുപോലെ നാരാക്കി വാട്ടിയ വാഴയിലയിൽ ത്രികോണാകൃതിയിൽ പൊതിഞ്ഞ് എണ്ണയിൽ പൊരിക്കുന്നു.
ചുക്കപ്പം: അമ്പായത്തിനടയുടെ കൂട്ട് ഗോട്ടിവലിപ്പത്തിൽ ഉരുട്ടിയെടുത്ത് പൊരിക്കുന്നു.
അല്ലാഹൂ അഅല (പൊന്നാനിയിൽ പ്രസിദ്ധം): മൈദമാവിൽ മുട്ട ചേർത്ത് ഒന്നിനൊന്ന് വലിയവട്ടത്തിൽ പത്തിരി ഉണ്ടാക്കുന്നു. ഏറ്റവും ചെറുതിൽ അണ്ടിപ്പരിപ്പ്, മുന്തിരി ഇവ ചേർത്തുണ്ടാക്കുന്ന മധുരക്കൂട്ട് നിരത്തുന്നു. പിന്നെ രണ്ടാമത്തേതിൽ തേങ്ങയും അവലും ശർക്കരയും നിരത്തുന്നു. മൂന്നാമത്തേതിൽ പയറിനങ്ങൾ. ഇങ്ങനെ അനേകം എണ്ണം വിവിധയിനം കൂട്ടുകൾ നിരത്തിയത് ഒന്നിനുമേൽ ഒന്നുവെച്ച് അടുക്കി പഞ്ചസാര ഉരുക്കി ഒഴിക്കുന്നു. പിന്നെ ഇവ മുകളിൽ നിന്ന് താഴേക്കു മുറിച്ച് എടുക്കുന്നു. 'പെട്ടിപ്പത്തിരി' എന്നും ഇതിനു പേരുണ്ട്.
അവലോസുണ്ട: അരിമാവിൽ തേങ്ങ ചേർത്തു വറുത്ത് പഞ്ചസാരയുരുക്കിയത് ചേർത്തുണ്ടാക്കുന്ന കൂട്ട് ഉണ്ടകളാക്കിയെടുക്കുന്നത്.
അരീരപ്പം: അരിപ്പൊടിയിൽ ശർക്കരയും തേങ്ങയും ചേർത്ത് ഇടിച്ചെടുത്തു പന്ത്രണ്ട് നാഴികയോളം വയ്ക്കുന്നു. പിന്നെ വാട്ടിയ ഇലയിൽ എണ്ണ പുരട്ടി അടയുടെ ആകൃതിയിലാക്കി വറുത്തെടുക്കുന്നു. കറുമുറെത്തിന്നാൻ ഇതു രസകരമാണ്.
തരിപ്പോള: റവ, പഞ്ചസാരകളുടെ കൂട്ട് വലിയൊരു കിണ്ണത്തിൽ അടിയിലും മുകളിലും തീയിട്ട് വേവിക്കുന്നു. മുകളിൽ അണ്ടിപ്പരിപ്പും മുന്തിരിയും വിതറുന്നു.
മുട്ടക്കേക്ക്: മുട്ടയും പഞ്ചസാരയും ചേർത്ത മിശ്രിതം മൈദ ചേർത്തു പാത്രത്തിലാക്കി അടിയിലും മുകളിലും തീയിട്ട് പാകപ്പെടുത്തുന്നു.
മുട്ടപ്പാലട: മുട്ട അടിച്ചുപതപ്പിച്ച് ദോശയുടെ ആകൃതിയിൽ ചുട്ടെടുത്ത് അതിൽ തേങ്ങയും പഞ്ചസാരയും ചേർത്ത് ചുരുട്ടി വയ്ക്കുന്നു.
ചിരട്ടമാല: കേക്കിൻ്റെ മാവുകൂട്ട് ചിരട്ടക്കണ്ണിലൂടെ ജിലേബിയെന്ന പോലെ പൊരിച്ചെടുക്കുന്നു. ചിരട്ടയ്ക്കുപകരം പ്ലാവില കോട്ടിയത് ഉപയോഗിക്കാറുണ്ട്.
പഴം നൊച്ചുപൊരി: ഉരുക്കിയ പഞ്ചസാരയിൽ വേവിച്ച പരിപ്പും തേങ്ങയും ചേർത്ത് (ഏലക്കയും ചേർക്കും) നേന്ത്രപ്പഴത്തിന്റെ നാലു വശത്തുകൂടിയും അടിച്ചുനിറച്ച് അരിപ്പൊടി മുക്കി പൊരിച്ചെടുക്കുന്നു.
ഉന്നക്കായ: നന്നായി പഴുക്കാത്ത നേന്ത്രപ്പഴം പുഴുങ്ങി അരച്ച് അടയുണ്ടാക്കി ഉന്നക്കാപോലെ ഉരുട്ടി നെയ്യിൽ പൊരിക്കുന്നു. ഇതിൽ തേങ്ങ, പഞ്ചസാര, അണ്ടിപ്പരിപ്പ് ഇവയുടെ കൂട്ട് നിറച്ചിരിക്കും.
പഴംവെട്ടി: പഴം നുറുക്കി നെയ്യിൽ പൊരിച്ചെടുക്കുന്നതുതന്നെയാണ്.
പഴക്കേക്ക്: പഴം അരച്ചതിൽ മുട്ട ചേർത്തു പാത്രത്തിലാക്കി അടിയിലും മുകളിലും തീയിട്ട് പാകപ്പെടുത്തുന്നു.
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം : അന്നവഴക്കവും സംസ്കൃതികളും (ഡോ. എ.നുജും), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 817 -818..Link
|
| 11 | Panamkurum Eenthikkaayum |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ഈന്തൽപന:
പനയുടെ കുരു എടുത്ത് വെട്ടിപ്പിളർന്ന് അരിയെടുത്തു വെയിലത്ത് ഉണക്കിവയ്ക്കുന്നു. 6 മാസത്തിനുശേഷം വെള്ളത്ത...
"ഈന്തൽപന:
പനയുടെ കുരു എടുത്ത് വെട്ടിപ്പിളർന്ന് അരിയെടുത്തു വെയിലത്ത് ഉണക്കിവയ്ക്കുന്നു. 6 മാസത്തിനുശേഷം വെള്ളത്തിൽ ഇട്ട് കുതിർത്ത് ഇടിച്ചുപൊടിക്കുന്നു. ഈ പൊടി വെള്ളത്തിൽ കലക്കിവെച്ചതിനു ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തെളിവെള്ളം കളഞ്ഞ് നൂറ് എടുക്കുന്നു. ഇടയ്ക്കിടയ്ക്ക് തെളിവെള്ളം കളയുകയും പുതിയ വെള്ളത്തിൽ കലക്കുകയും വേണം. കട്ട് കളയുവാനാണ് ഇങ്ങനെ ചെയ്യുന്നത്. നൂറ് വൃത്തിയുള്ള തുണിയിൽ കെട്ടി വെള്ളം വാർന്നു പോകാൻ വയ്ക്കുന്നു. പിന്നീട് ഉണക്കി കട്ടയെല്ലാം പൊടിച്ച് ശേഖരിച്ചുവയ്ക്കുന്നു. ഈ പൊടി ഉപയോഗിച്ച് പുട്ട്, കൊഴുക്കട്ട, അട എന്നിവ ഉണ്ടാക്കുന്നു.
പന:
പനത്തടിയുടെ ഉൾഭാഗം ചെറിയ കഷണങ്ങളാക്കി എടുത്ത് ഉരലിൽ ഇടിച്ച് ഇതിന്റെ നൂറ് എടുക്കുന്നു. 10 ലിറ്റർ വെള്ളം കൊള്ളുന്ന ചരുവത്തിലിട്ട് കലക്കി നാരു കളഞ്ഞ് പൊടി താഴാൻ വച്ച് അടുത്ത ദിവസം തെളിവെള്ളം കളഞ്ഞ് വീണ്ടും കലക്കി ഇങ്ങനെ മൂന്നു ദിവസം ആവർത്തിച്ചു തുണിയിൽ കെട്ടി വെള്ളം വാർന്നശേഷം ഉണക്കി എടുക്കുന്നു. പിന്നീട് കട്ടയെല്ലാം പൊടിച്ച് ശേഖരിച്ചു വയ്ക്കുന്നു. ഈ പൊടി പച്ചവെള്ളം ചേർത്ത് കുറുക്കി തേങ്ങാച്ചമ്മന്തി കൂട്ടി കഴിക്കാം (ചൂടുവെള്ളത്തിൽ കലക്കിയാൽ പശയാവും). നാളികേരം ചേർത്ത് അടയുണ്ടാക്കാം. ദോശക്കല്ലിൽ പരത്തിക്കഴിഞ്ഞാൽ അടച്ചുവേവിക്കണം. വേവ് കൂടുതലാണ്. നാടൻകാപ്പിയുടെ ഇലയിൽ പരത്തി അടയുണ്ടാക്കാം. ഇതും ദോശക്കല്ലിൽതന്നെ ചെയ്യണം. മൈദമാവിനോട് സാമ്യം ഉണ്ടിതിന്. "
ഈന്തുമ്പുടി:
ഈന്തിക്കായ ഉണക്കി പരിപ്പെടുത്ത് വീണ്ടും ഉണക്കി ഒരു മാസത്തോളം സൂക്ഷിക്കുന്നു. പിന്നെ വെള്ളത്തിൽ കുതിർത്തു പൊടിച്ച് ചൂടുവെള്ളത്തിൽ കുഴച്ച് കൈപ്പിടികളാക്കി തിളപ്പിക്കുന്നു. എത്ര വേവിച്ചാലും ഒരു പരിധിക്കപ്പുറം വെന്തുപോകുന്നില്ല. 'ഈന്തുമ്പുടിന്റെ വേവ്' എന്നൊരു ചൊല്ലുതന്നെ മലബാർ പ്രദേശത്ത് ഉണ്ട്. പോത്തിറച്ചി കുഴമ്പുപരുവത്തിൽ പാകപ്പെടുത്തി ഈന്തുപ്പുടികൾ അതിൽ ഇടകലർത്തുന്നു. ഇത്ര രുചിയും ഗുണവുമുള്ള മറ്റൊരു അന്നം ഇല്ലെന്നുതന്നെ പറയാം. മലബാർ പ്രദേശത്ത് ഇന്നും ഈ ആഹാരം അപൂർവ്വമായെങ്കിലും പ്രചാരത്തിലുണ്ട്.
പന വെരകിയത്:
പന മുറിച്ചുകിട്ടുന്ന ചോറ് ഇടിച്ചു തുണിയിൽ പൊതിഞ്ഞ് വെള്ളത്തിൽ മുക്കി മാവൂറ്റിയെടുക്കുന്നു. ആ മാവ് പത്തിരിയാക്കി അവിലും ശർക്കരയും തേങ്ങയും ചേർത്ത് മടക്കിപ്പൊരിക്കുന്നു. പുഴുങ്ങുകയുമാവാം. പൂവാട എന്നും പൂകാട എന്നും ഇതറിയപ്പെടുന്നുണ്ട്. പഞ്ഞകാലങ്ങളിൽ ഗ്രാമീണരുടെ ആശ്രയമാകുന്ന അന്നങ്ങളിൽ ഒന്നാണിത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :അന്നത്തിന്റെ നാട്ടറിവുകൾ (എൻ. കെ. കണ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 742, അതേ പുസ്തകം,പൈതൃകം ശേഖരിച്ച ലേഖനം : അന്നവഴക്കവും സംസ്കൃതികളും ഡോ. എ. നുജും, പുറം 815 - 816 ..Link
|
| 12 | Chaamachorum Pachilakkariyum |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"പണ്ടുകാലത്ത് (1940-നു മുമ്പ്) സാധാരണജനങ്ങൾക്കു ജീവിതമാർഗങ്ങൾ വളരെ പരിമിതമായിരുന്നു. കാലത്തുമുതൽ വൈകുന്നേരം വരെ ജന്...
"പണ്ടുകാലത്ത് (1940-നു മുമ്പ്) സാധാരണജനങ്ങൾക്കു ജീവിതമാർഗങ്ങൾ വളരെ പരിമിതമായിരുന്നു. കാലത്തുമുതൽ വൈകുന്നേരം വരെ ജന്മിയുടെ കീഴിൽ അച്ഛനും അമ്മയും മക്കളും പണിയെടുത്താൽപോലും ഒരു നേരത്തെ സുഭിക്ഷമായ ഭക്ഷണത്തിനുള്ള വക കിട്ടുമായിരുന്നില്ല.
പ്രകൃതി ഏറക്കുറെ അനുകൂലമായിരുന്നു. മഴ സമയത്തിന് കിട്ടിയിരുന്നു. ജന്മിയായാലും പാവപ്പെട്ടവനായാലും ഉള്ള സ്ഥലത്ത് കൃഷി ചെയ്യാനും തയ്യാറായിരുന്നു. മേടമാസത്തിൽ മഴ തുടങ്ങിയാൽ പറമ്പുകളിൽ കൃഷിചെയ്യാൻ തുടങ്ങും. ചാമ, മോടൻ, പയറ്, കഞ്ഞിപ്പുല്ല്, കൂർക്ക, ചേമ്പ് എന്നിവ കൃഷി ചെയ്യും.
മിഥുനം അവസാനം കർക്കിടകം ആദ്യം ചാമ വിളവെടുക്കും. ചാമച്ചുരുട്ടുകൾ മെതിച്ചു കിട്ടുന്ന ധാന്യം വൃത്തിയാക്കി വട്ടക്കലത്തിലിട്ടു വറുത്ത് ആറിയാൽ കുത്തിക്കിട്ടുന്ന അരി വെച്ചാണ് ഏറക്കുറെ പാവങ്ങളെല്ലാവരും അക്കാലത്ത് ഊണു കഴിച്ചിരുന്നത്.
പയറിലക്കറി:
കാലമാവുമ്പോൾ പയറ് വളർന്ന് ഇല തിങ്ങിയിട്ടുണ്ടാകും. ഈ പയറ്റിലകൊണ്ടാണ് ചാമച്ചോറിനുള്ള കറിയൊരുക്കിയിരുന്നത്. ഒരു വലിയ സഞ്ചിനിറയെ പയറിൻ്റെ നല്ല ഇല നോക്കി നുള്ളിയെടുക്കുന്നു. മാറാലയും പുഴുക്കളെയും മാറ്റി ഇല വെള്ളത്തിലിട്ട് കഴുകുന്നു.
ഇല കുടഞ്ഞെടുത്ത് ഞെട്ടിയെല്ലാം മുകൾഭാഗത്തേക്കാക്കി കൈയിൽ ഒതുക്കിപ്പിടിച്ച് ഞെട്ടി അരിഞ്ഞു കളഞ്ഞ് ചെറുതാക്കി അരിയുന്നു. ഈ അരിഞ്ഞ ഇല വെള്ളത്തിലിട്ട് നല്ലവണ്ണം കുഴയുന്നതുവരെ വേവിക്കുന്നു. വെന്തുകഴിഞ്ഞാൽ അത് ഇറക്കിവച്ച് ഒരു പരന്ന പാത്രത്തിലേക്കു ചൂടാറാൻവേണ്ടി ഊറ്റിയിടുന്നു. ചൂടാറിയാൽ കുറേശ്ശയെടുത്ത് വെള്ളം പിഴിഞ്ഞുകളഞ്ഞ് പിണ്ടി വേറേയൊരു പാത്രത്തിലിട്ട് നല്ലവണ്ണം ഉലർത്തുന്നു. അതിൽ പാകത്തിനു പച്ചമുളകും ഉപ്പും കൂടി അരച്ചതും പുളിപ്പിണ്ണാക്കും പച്ചവെളിച്ചെണ്ണയും കൂട്ടിത്തിരുമ്മി ഉലത്തിയ പയറിലയിലിട്ട് വീണ്ടും കൂട്ടിത്തിരുമ്മി ഉലർത്തി ഉപയോഗിക്കാം. അങ്ങനെ പയറിലക്കറി തയ്യാറായി. ഒരു കാലത്ത് ഈ ചാമച്ചോറും പയറിലക്കറിയുമാണു പാവപ്പെട്ടവൻ്റെ ജീവൻ അണയാതെ പഞ്ഞമാസങ്ങളിൽ നിലനിർത്തിയിരുന്നത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :പഞ്ഞമാസവും പാവങ്ങളുടെ ഭക്ഷണവും (ജി. കെ. അമ്മുക്കുട്ടി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 802..Link
|
| 13 | Graama Vibhavangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"ഇന്നു മറ്റു കാര്യങ്ങളിലെന്നപോലെതന്നെ നമ്മുടെ ഭക്ഷണത്തിൻ്റെ കാര്യത്തിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പട്...
"ഇന്നു മറ്റു കാര്യങ്ങളിലെന്നപോലെതന്നെ നമ്മുടെ ഭക്ഷണത്തിൻ്റെ കാര്യത്തിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പട്ടണങ്ങളിൽ വളർന്നു വരുന്ന പരിഷ്കാരങ്ങൾ നാട്ടിൻപുറങ്ങളിലേക്കും ക്രമേണ വ്യാപിച്ചുവരുന്നു. മുമ്പ് ആരോഗ്യകരവും സ്വാദേറിയവയും ചെലവ് കുറഞ്ഞവയുമായ പലതരം ഭക്ഷണപദാർത്ഥങ്ങൾ സാധാരണക്കാരുടെ വീടുകളിൽ തയ്യാറാക്കിയിരുന്നു. എന്നാൽ ഇന്ന് അവയെല്ലാം പരിഷ്കരിച്ച ആഹാരസമ്പ്രദായങ്ങൾക്കു വഴിമാറിക്കൊടുത്തിരിക്കുകയാണ്.
പണ്ട് ഗ്രാമങ്ങളിലെ വീടുകളിൽ രുചികരമായ ചില ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കിയിരുന്നു.
ഉണ്ണിയപ്പം കറി:
നാട്ടിൻപുറങ്ങളിലെ തൊടികളിൽ വളർന്നുവരുന്ന ഒരുതരം ചെറുവൃക്ഷമാണ് ഈന്ത്. ഇതിന്റെ പട്ട (ഓല) വിശേഷസന്ദർഭങ്ങളിൽ അലങ്കരിക്കാനും മറ്റും ഉപയോഗിക്കാറുണ്ട്. ഈന്തിന് വർഷംതോറും ധാരാളം കായകളുണ്ടാകും. ഇവ മരത്തിൻ്റെ നെറുകയിലാണ് ഉണ്ടാകുന്നത്. കായകൾ മൂത്തുപഴുത്താൽ മരത്തിൽനിന്നു വെട്ടിയെടുക്കും. പിന്നെ ചീന്തി വെയിലത്തിട്ട് ഉണക്കുന്നു. അപ്പോൾ തോടുകൾ വേറിട്ടുപോകും. പരിപ്പ് വീണ്ടും നന്നായി ഉണക്കിയെടുക്കണം. അതിനുശേഷം ഇടിച്ച് നല്ലപോലെ അരച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി തിളയ്ക്കുന്ന വെള്ളിത്തിലിടും. അതു വെന്തുകഴിഞ്ഞാൽ ശർക്കരയിട്ടു വരട്ടുന്നു. തേങ്ങ ചിരകി ആദ്യം പിഴിഞ്ഞെടുക്കുന്ന പാൽ വെള്ളം ചേർക്കാതെ പ്രത്യേകം എടുത്തുവെക്കണം. പിന്നീട് പിഴിഞ്ഞെടുക്കുന്ന പാൽ ഈ വരട്ടിയ ഈന്തിലൊഴിച്ചു തിളപ്പിക്കുക. അതിനുശേഷം ഇറക്കിവെച്ച് ആദ്യത്തെ പാലിൽ ഏലക്കായും ജീരകവും പൊടിച്ചുചേർത്ത് ഒഴിക്കണം. അപ്പോഴേക്കും അതു നല്ല മധുരമുള്ള കറിയായിരിക്കും. ഇതിൻ്റെ മാവ് ഉണ്ണിയപ്പംപോലെ ഉരുട്ടിയെടുത്തു വേവിക്കുന്നതുകൊണ്ടാണ് ഇതിന് ഉണ്ണിയപ്പം കറി എന്നു പറയുന്നത്. മുമ്പ് മിഥുനമാസത്തിലെ അവസാനദിവസം 'കലിയൻ' എന്ന പേരിലുള്ള ചടങ്ങ് ആഘോഷിച്ചുവന്നിരുന്നു. ഇതിൽ ഉണ്ണിയപ്പം കറിക്കു വലിയ പ്രാധാന്യമാണുണ്ടായിരുന്നത്.
അണ്ടി വെരകൽ:
ഗ്രാമങ്ങളിൽ കർക്കിടകമാസം പൊതുവേ പഞ്ഞം പിടിച്ച കാലമാണ്; പണ്ട് പ്രത്യേകിച്ചും. അക്കാലത്തു നാട്ടിൽ വലിയ ദാരിദ്ര്യമായിരുന്നതിനാൽ ഭക്ഷണത്തിൻ്റെ കാര്യങ്ങളെല്ലാം വിഷമം തന്നെയായിരുന്നു. മഴക്കാലാരംഭത്തിൽ അണ്ണാൻ മാങ്ങയണ്ടി കടിച്ചു കൊണ്ടുപോകുന്നതു പതിവാണല്ലോ. മഴ തുടങ്ങിയാൽ കൂട്ടിലിരുന്നു തിന്നാൻ വേണ്ടിയാണ് ഈ അണ്ടി കൊണ്ടുപോകുന്നത്. അണ്ണാൻ മാത്രമല്ല മനുഷ്യരും അണ്ടിപ്പരിപ്പ് ഭക്ഷിക്കാനെടുത്തിരുന്നു. മഴ തുടങ്ങുമ്പോഴേക്കും മാങ്ങാക്കാലം കഴിഞ്ഞിരിക്കും. എങ്കിലും മാങ്ങയണ്ടി പലരും ഉണക്കി ശേഖരിച്ചുവെക്കാറുണ്ട്. അതുടച്ചു പരിപ്പെടുത്ത് ഇടിച്ച് പൊടിയാക്കണം. പിന്നെ അരച്ചു കലക്കിവെക്കും. അണ്ടിയുടെ കിളർപ്പു പോകാൻ അണ്ടിത്തൂവ എന്ന ചെടി അതിലിടുന്നു. പൊടി ഊറിയാൽ മീതേയുള്ള വെള്ളം ഒഴിച്ചുകളയും. ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം ചെയ്തശേഷം അരിമാവും ഉപ്പും ചേർത്ത് വിരകിയെടുക്കുന്നു. പിന്നീട് ഇതു ഭക്ഷണമായി കഴിക്കാം.
'അണ്ടികുടിച്ചു മടുത്തിട്ട് അമ്മാത്തു ചെന്നപ്പോൾ അവിടെ അണ്ടിപ്പുത്തരി' എന്നൊരു ചൊല്ലുണ്ട്.
കിണ്ണത്തപ്പം:
പണ്ടു പ്രചാരത്തിലുണ്ടായിരുന്ന അപ്പങ്ങളിൽ സ്വാദേറിയ ഒന്നാണ് കിണ്ണത്തപ്പം. ഇതുണ്ടാക്കാൻ പുഴുക്കലരി നന്നായി പൊതിർത്ത ശേഷം ഏലക്കായ, ജീരകം, കരയാമ്പൂ എന്നിവ ചേർത്തു നെയ്പോലെ അരച്ചെടുക്കണം. പിന്നെ ഉരുക്കിയ ശർക്കരയും തേങ്ങാപ്പാലും ഇതിലൊഴിച്ച് കലക്കി മാവാക്കുക. അടുപ്പത്ത് ഒരു പാത്രത്തിൽ വെള്ളം വെച്ച് അതിന്റെ മീതെ ഒരു ചെറുപാത്രത്തിൽ വെള്ളം വച്ച് അതിന്റെ മീതെ ഒരു ചെറുപാത്രത്തിൽ മാവൊഴിച്ചുവെക്കണം. അതു മറ്റൊരു പാത്രംകൊണ്ടു മൂടുക. ആവി പുറത്തു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശക്തിയായി തീ കത്തിക്കുകയും വേണം. മാവു വെന്തുകഴിഞ്ഞാൽ വേറെ ഒരു പാത്രത്തിലേക്കു കമിഴ്ത്തണം. അതു തണുത്താൽ പാത്രത്തിൻ്റെ ആകൃതിയിലുള്ള അപ്പമായി.
കലത്തപ്പം:
കിണ്ണത്തപ്പംപോലെതന്നെ കലത്തപ്പവും നല്ലൊരു പലഹാരമാണ്. ആദ്യം പച്ചരി ഇടിച്ച് പൊടിയാക്കണം. ഇതിൽ ഉരുക്കിയ ശർക്കരയും അല്പം ജീരകപ്പൊടിയും ചേർത്തു നല്ലപോലെ കലക്കിവെക്കുക. ഒരു ഉരുളിയിൽ വെളിച്ചെണ്ണ തിളപ്പിച്ചു ചെറിയ ഉള്ളി മുറിച്ചിട്ട് മൂത്തുവരുമ്പോൾ കലക്കിവെച്ച മാവ് അതിലേക്കൊഴിക്കണം. അതു നന്നായി തിളച്ചാൽ തീ കുറയ്ക്കേണ്ടതാണ്. പിന്നെ മാവിൻ്റെ മീതേ വാഴയില വെച്ചു മൂടുക.അതിൻറെ മുകളിൽ ഒരു പരന്ന പാത്രത്തിൽ തീക്കനലിട്ടു വെക്കണം. മീതെയുള്ള കനലും അടുപ്പിലെ കനലും കാരണം മാവ് പാകത്തിൽ വെന്തു വരും ഇതാണ് കലത്തപ്പം.
പന വിരകിയത്:
കുടയോലപ്പനയോ ഈറമ്പനയോ മുറിച്ചു ചീന്തുന്നു. അതിന്റെ കാമ്പ് ചെത്തിയെടുത്തു തറിച്ചു ചെറുകഷണങ്ങളാക്കി വെയിലത്തു വെച്ചു നന്നായി ഉണക്കി സൂക്ഷിച്ചുവെക്കും. മഴക്കാലം വരുമ്പോൾ ഇതെടുത്ത് ഇടിച്ചു പൊടിയാക്കുന്നു. പിന്നെ ഒരു പാത്രത്തിൻ്റെ മുകൾഭാഗം നല്ലൊരു തുണികൊണ്ടു കെട്ടി അതിൽ ഇടിച്ചെടുത്ത പൊടിയിട്ട് ഇളക്കി അരിച്ചെടുക്കണം. അതെടുത്തു വെള്ളത്തിൽ കലക്കി ചിരകിയ തേങ്ങയും ഉപ്പും ചേർത്ത് അടുപ്പത്തുവെച്ചു വിരകിയെടുക്കുന്നു.
പന പച്ചയായും പാകപ്പെടുത്താറുണ്ട്. ഇതിനു പനയുടെ കാമ്പ് ഇടിച്ചു വെള്ളത്തിൽ കലക്കുന്നു. പിന്നെ ഒരു പാത്രത്തിൻ്റെ വായ തുണികൊണ്ടു മൂടിക്കെട്ടി പനകലക്കിയ വെള്ളം അതിലൊഴിക്കുന്നു. അപ്പോൾ പാത്രത്തിൻ്റെ അടിയിൽ പൊടി ഊറിക്കിടക്കും. മുകളിലുള്ള വെള്ളം ഒഴിച്ചു വീണ്ടും അതിൽ വെള്ളം ചേർത്തു രണ്ടാ മൂന്നോ പ്രാവശ്യം മാറ്റി മാറ്റി ഊറ്റാറുണ്ട്. ഇങ്ങനെ കിട്ടിയ പൊടി വെള്ളത്തിൽ കലക്കി അടുപ്പത്തുവെച്ചു തേങ്ങയും ശർക്കരയും ചേർത്തു വിരകിയെടുക്കുന്നു. ശർക്കരയില്ലെങ്കിൽ ഉപ്പും തേങ്ങയും ചേർക്കാം. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :സ്വാദേറിയ നാടൻവിഭവങ്ങൾ (സി.ജി.എൻ.), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 783 -785..Link
|
| 14 | Naattu Bhakshanangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"കുളുത്ത ചോറ്:
നമ്മുടെ പഴയകാരണവന്മാർ രാവിലെ കുളുത്ത ചോറും കഴിച്ചായിരുന്നു വയലിൽ കാർഷികജോലിക്കു പോയിരുന്നത്. ശരീര...
"കുളുത്ത ചോറ്:
നമ്മുടെ പഴയകാരണവന്മാർ രാവിലെ കുളുത്ത ചോറും കഴിച്ചായിരുന്നു വയലിൽ കാർഷികജോലിക്കു പോയിരുന്നത്. ശരീരത്തിന് ഉന്മേഷവും ബലവും ഈ ഭക്ഷണരീതി അവർക്ക് പ്രദാനം ചെയ്തിരുന്നു. പക്ഷേ, ബുദ്ധി മന്ദീഭവിക്കുമെന്ന ഒരു ചൊല്ല് കുളുത്ത ചോറിനെക്കുറിച്ചു പറഞ്ഞു കേൾക്കുന്നു. തലേദിവസം ബാക്കിവന്ന ചോറ് പച്ചവെള്ളത്തിലിട്ട് പിറ്റേ ദിവസം ഉപ്പും തൈരും പച്ചമുളകും കൂട്ടി തിന്നുക. ഇതാണു കുളുത്ത ചോറ്.
ചക്കപ്പുഴുക്ക്:
വരിക്കയോ കൂഴയോ ഏതു ചക്കയായാലും മടൽ ചെത്തി ചകിണിയും പോണിയും കുരുവും കളഞ്ഞ് ചുള ചെറുതായി അരിഞ്ഞിട്ട് മഞ്ഞൾ, മുളക് (വറ്റൽമുളക്), ഉപ്പ്, ജീരകം ഇവ ചേർത്തു പുഴുങ്ങിയെടുക്കുക. വെളിച്ചെണ്ണയിൽ കറിവേപ്പില, വറ്റൽമുളക്, ഉഴുന്നുപരിപ്പ് എന്നിവ കൂട്ടി വറവിട്ട്, തേങ്ങയും ചിരകിയിട്ട് കഴിക്കുക.
ഇഞ്ചിച്ചമ്മന്തി:
ഇഞ്ചി, പച്ചമുളക്, ഉപ്പ്, രണ്ടു മല്ലിയില ഇവ കൂട്ടി അരച്ചു തൈരിൽ കലക്കി വറ്റൽമുളകും കടുകും വറവിട്ടുപയോഗിക്കാം. ഇത് നൂറ്റൊന്നു കറിയുടെ ഫലം ചെയ്യുമത്രേ.
പുളിയിഞ്ചി:
പുളി, കുരുവും നാരും കളഞ്ഞ് കുതിർത്തു പിഴിഞ്ഞെടുക്കുക. ഈ സത്തിൽ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, സ്വല്പം മഞ്ഞൾ ഇവ ചേർത്ത് നല്ലവണ്ണം തിളപ്പിക്കുക. കടുക്, വറ്റൽമുളക് എന്നിവ വറവിട്ട് വാങ്ങി വെച്ചശേഷം ഒരു കഷണം ശർക്കര പൊടിച്ചു ചേർക്കുക. ഈ പുളിയിഞ്ചി ഒരാഴ്ചയിലധികം സൂക്ഷിച്ചാലും കേടാവുകയില്ല.
കടുമാങ്ങ:
മാങ്ങ തൊലികളഞ്ഞ് ചെറുതായരിഞ്ഞ് കടുകും തേങ്ങയും പച്ചമുളകും ഉപ്പും കൂട്ടിയരച്ച് അല്പം തൈരും ചേർത്ത് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ വറവിടുക. ഇതാണ് കടുമാങ്ങ.
പഴയരിക്കഞ്ഞി:
തവിടുകളയാത്ത നുറുക്കരി കഞ്ഞിവെച്ച് ഉരുക്കുനെയ്യും ഉപ്പും ചേർത്ത് ചുട്ടപപ്പടവും കൂട്ടി കഴിക്കുക.
കയ്പക്കക്കൊണ്ടാട്ടം:
കയ്പക്ക വട്ടനെ അരിഞ്ഞ് ഉപ്പു പുരട്ടി വെയിലിൽ ഉണക്കി സൂക്ഷിക്കുക. ആവശ്യത്തിന് വെളിച്ചെണ്ണയിൽ വറുത്തുപയോഗിക്കുക.
തവര ഉപ്പേരി:
പറമ്പിൽ പാഴ്ചെടിയായി വളരുന്ന തവരയില പറിച്ചു കഴുകി നുറുക്കി പച്ചമുളകും ഉപ്പും ചേർത്തു കുഴച്ച് ഉഴുന്നുപരിപ്പ്, കടുക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വറവിട്ട്, നേരത്തേ കുഴച്ചുവെച്ച തവരയില അതിലിട്ട് തേങ്ങയും ചിരകി ഉപയോഗിക്കുക (ഇങ്ങനെ എല്ലാ ഇലക്കറികളും ഉപയോഗപ്പെടുത്താം.)
കണ്ടിക്കിഴങ്ങ് കഞ്ഞി:
കണ്ടിക്കിഴങ്ങ് തൊലികളഞ്ഞ് കഴുകി ചെറുതായരിഞ്ഞ് ഉപ്പും കൂട്ടി അടുപ്പിൽ വെച്ചു വേവിക്കുക. തേങ്ങ ചിരകി നല്ലവണ്ണം പിഴിഞ്ഞ് കഞ്ഞിയിൽ ചേർക്കുക.
വെളി-കറി:
ചേമ്പുവർഗത്തിൽപെട്ട വെളി പറമ്പിൽ പാഴ്ചെടിയായി വളരുന്നു. ഇതിന്റെ വിത്ത് വേവിച്ചു വെള്ളം കളഞ്ഞശേഷം സാധാരണ കറിവെക്കുംപോലെ തയ്യാറാക്കുക (വെള്ളം കളഞ്ഞില്ലെങ്കിൽ ചൊറിയുന്ന സ്വഭാവമിതിനുണ്ട്).
മത്തങ്ങ പ്രഥമൻ:
മത്തങ്ങ ചെറുതായി അരിഞ്ഞ് നല്ലപോലെ വേവിച്ചു വറ്റി വരുമ്പോൾ ശർക്കര ചേർക്കുക. തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും എടുത്ത് രണ്ടാം പാലു ചേർത്തു കുറുക്കുക. ഒടുവിൽ ഒന്നാം പാലും ചേർത്ത് സ്വല്പം ഏലത്തരിയും ജീരകവും പൊടിച്ചുചേർത്ത് മിതമായ ചൂടിൽ ഉപയോഗിക്കുക. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :നാടൻ ഭക്ഷണം (ബാലൻ കുറുങ്ങോട്ട്), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 780-781..Link
|
| 15 | Maangakkari |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"പപ്പായി (പപ്പക്കായി) തുടങ്ങിയ ചില മാങ്ങകൾ അമിതമായി ഭക്ഷിച്ചാൽ വയറ്റിൽ അസുഖം വരുമെന്നത് അനുഭവസിദ്ധമാണ്. പച്ചമാങ്ങ ക...
"പപ്പായി (പപ്പക്കായി) തുടങ്ങിയ ചില മാങ്ങകൾ അമിതമായി ഭക്ഷിച്ചാൽ വയറ്റിൽ അസുഖം വരുമെന്നത് അനുഭവസിദ്ധമാണ്. പച്ചമാങ്ങ കടിച്ചു തിന്നാൻ കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും രസമാണ്. ഗർഭിണികൾക്ക് പച്ചമാങ്ങ തിന്നുവാൻ 'കൊതി' ഉണ്ടാകാറുണ്ട്. 'അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ' എന്ന ചൊല്ല് സത്യമാണ്. മാങ്ങാക്കുരട്ട(അണ്ടി)യോടടുക്കുമ്പോൾ പുളി അസഹ്യമായിത്തീരും. 'അണ്ടികടിച്ച അണ്ണാനെപ്പോലെ' എന്നു പറയാറുണ്ടല്ലോ. ഇതൊക്കെ മനുഷ്യൻ്റെ അനുഭവജ്ഞാനമാണ്. "
"മാങ്ങാക്കറിയും പഴുത്ത മാങ്ങാപ്പുളിശ്ശേരിയും ചിലപ്പോൾ സദ്യയുടെ വിഭവങ്ങളിൽപെടാറുണ്ട്.
"മാങ്ങാപ്പച്ചടി ഇഞ്ചിപ്പച്ചടി
ചേനവറുത്തും പയറുവറുത്തും
ചക്കപ്രഥമനടപ്രഥമൻ വിധ-
മൊക്കെപ്പറവാൻ നേരം പോരാ"
(രുക്മിണീസ്വയംവരം)
"പച്ചടികിച്ചടി വേപ്പില മാങ്ങ
ചക്കപ്രഥമനടപ്രഥമനും പുനഃ"
(സീതാസ്വയംവരം)
എന്നിങ്ങനെയുള്ള കുഞ്ചൻനമ്പ്യാരുടെ സദ്യാവർണ്ണനകൾ അതിനു തെളിവാണല്ലോ. ചക്കയ്ക്കും മാങ്ങയ്ക്കും കുടിൽതൊട്ട് കൊട്ടാരംവരെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പ്രവേശം ലഭിച്ചിട്ടുണ്ടെന്നും ഇന്നും കറിക്കുള്ള വിഭവങ്ങളുടെ കൂട്ടത്തിൽ ഇവയ്ക്ക് സ്ഥാനമുണ്ടെന്നും ചുരുക്കിപ്പറയാം. "
പച്ചയുടെ സംസ്കരണം:
പച്ചമാങ്ങ ചെറുതായി നുറുക്കി ഉപ്പും നാളികേരവും അല്പം കടുകും കൂടി അരച്ചതും ചേർത്ത് 'പിരക്ക്' (മാങ്ങാപ്പിരക്ക്) ഉണ്ടാക്കാറുണ്ട്. അതിൽ അല്പം മോര് ചേർക്കുന്നതിനു വിരോധമില്ല. മാവിൻപൂവ് തേങ്ങയും മുളകും ഉപ്പും കൂട്ടി അരച്ച് ചമ്മന്തി ഉണ്ടാക്കാം. പച്ചമാങ്ങനുറുക്കി മുളകുപൊടി (അച്ചാർപ്പൊടി)യും ഉപ്പും ചേർത്ത് മാങ്ങ അച്ചാർ ഉണ്ടാക്കുന്നു.
മാങ്ങയുടെ മറ്റൊരു സംസ്കരണം ഉപ്പിലിടലാണ്. ഉരുണി (കണ്ണി) മാങ്ങയോ, കൊരട്ടകെട്ടിയമാങ്ങയോ ചുനയോടുകൂടി ഉപ്പു ചേർത്ത് (ഉപ്പുവെള്ളത്തിൽ) സൂക്ഷിക്കാം. കണ്ണിമാങ്ങ (ചുനയുള്ളത്)യിൽ ഉപ്പും മുളകുപൊടിയും കടുകുപൊടി(അല്പം)യും ചേർത്ത് 'കണ്ണി കടുമാങ്ങ' ഉണ്ടാക്കാം. ഇവ ഒരു വർഷത്തോളം കേടുകൂടാതെ നിൽക്കും.
വെയിലത്തുവെച്ച് ഉണക്കി സൂക്ഷിക്കുന്നതാണ് മറ്റൊരു സംസ്കരണരീതി. പച്ചമാങ്ങ നുറുക്കി ഉപ്പ് (മുളകുപൊടിയും ചേർക്കാം) ചേർത്ത് വെയിലത്തുവെച്ചുണക്കി സൂക്ഷിക്കാം. അതിന് 'എരമാങ്ങ' എന്നാണ് ഉത്തരകേരളത്തിൽ പറഞ്ഞുവരുന്നത്. എരമാങ്ങ ആവശ്യാനുസരണം എടുത്തുപയോഗിക്കാം. "
"മാങ്ങയുടെ കാലമായാൽ മാഞ്ചുവട്ടിൽ ഉണ്ണിമാങ്ങ പെറുക്കുന്ന കുട്ടികൾ ഇന്ന് പഴയ കഥകളിൽ മാത്രമേ കാണൂ. നല്ല ചുനയുള്ള ഉണ്ണിമാങ്ങ കടിച്ചു തിന്ന് വായും ചുണ്ടും പൊള്ളിച്ച് വരുന്ന കുട്ടികൾ പണ്ടത്തെ സ്ഥിരം കാഴ്ചയാണ്. മാമ്പഴക്കാലമായാൽ, ഈ മാങ്ങ കടിച്ചീമ്പിക്കുടിക്കുന്ന കുട്ടികളും ഇന്നില്ല. തൊലി ചെത്തി പൂളി മേശപ്പുറത്തു വയ്ക്കുന്ന മാമ്പഴം ഫോർക്കുകൊണ്ടെടുത്ത് തിന്നുന്ന കുട്ടിക്കു നഷ്ടപ്പെടുന്നത് ബാല്യത്തിന്റെ എത്രവലിയ ആഹ്ലാദമാണ്. 'മാമ്പഴ'നീര് എന്തായാലും നല്ലൊരു പാനീയംതന്നെ. ഇന്നത് ജ്യൂസായി പാക്കറ്റുകളിൽ വരുന്നത് എത്രമാത്രം ആശാസ്യമാണ് എന്നു ചിന്തിക്കേണ്ടതുണ്ട്. ഫ്രഷ് ഏൻ്റ് ജ്യൂസി എന്നാണ് പരസ്യവാചകം. എന്നാൽ 'ഫ്ലഷ്' എന്റ്റ് ജ്യൂസി എന്നതാണു സത്യം. ശുദ്ധമായ മാങ്ങ വീട്ടുമുറ്റത്തുണ്ടെങ്കിൽപോലും നമുക്കതു വേണ്ട. പണ്ട് മാമ്പഴംപോലെ തന്നെ പ്രിയമാണ് ഉപ്പുമാങ്ങയും. ഉപ്പുമാങ്ങയുടെ വെള്ളം (ഉപ്പിലിട്ട ഭരണിയിലെ വെള്ളം) എടുത്തു തിളപ്പിച്ച് മുളകും കടുകും വറുത്ത് ചോറിനു കറിയായി കൂട്ടാറുണ്ട്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :ചക്കയും മാങ്ങയും പാചക - സംസ്കരണ തത്ത്വങ്ങൾ (ഡോ. എം. വി. വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 754-757, അതേ പുസ്തകം, പൈതൃകം ശേഖരിച്ച ലേഖനം: നാട്ടുപാനീയങ്ങളിൽ നിറഞ്ഞ ബാല്യം (ഡോ. ഉഷാ ബാലകൃഷ്ണൻ), പുറം 932..Link
|
| 16 | Maangayandi Vibhavangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>അമ്മു, വടക്കൻവീട്, വാടാനപ്പിള്ളി, തൃശൂർ.</p>
<p>സിലസ്തീന ലാസർ , കൊല്ലം.</p>
|
"ചീനയുദ്ധത്തിന്റെ ക്ഷാമകാലത്ത് ഞങ്ങളുടെ നാട്ടിൻപുറം പരമദരിദ്രമായിരുന്നു. അല്ലാത്തപ്പോൾത്തന്നെ അരിയും നെല്ലും സുലഭലാ...
"ചീനയുദ്ധത്തിന്റെ ക്ഷാമകാലത്ത് ഞങ്ങളുടെ നാട്ടിൻപുറം പരമദരിദ്രമായിരുന്നു. അല്ലാത്തപ്പോൾത്തന്നെ അരിയും നെല്ലും സുലഭലായിരുന്നില്ല. ഈ സയങ്ങളിൽ കല്ലടയിലും പരിസരങ്ങളിലും - തിരുവിതാംകൂറിൻറെ മിക്ക ഭാഗങ്ങളിലും- സാർവത്രികമായി ഉപയോഗപ്പെടുത്തിയിരുന്ന ഒരാഹാരം മാങ്ങയുടെ അണ്ടിയായിരുന്നു.
മാവ് സുലഭമായിരുന്ന ഇവിടത്തെ നാട്ടുകാർ മാങ്ങയുടെ അണ്ടി പൊട്ടിച്ചെടുത്ത് വെയിലത്തുവച്ചുണക്കി പരിപ്പ് വെള്ളത്തിൽ പുഴുങ്ങി വെള്ളം പല പ്രാവശ്യം തെളിച്ചുകഴുകി 'കട്ടു' കളയും. ഈ പരിപ്പിനെ തേങ്ങാപ്പാലിൽ വേവിച്ചു കഞ്ഞിപോലെയും വഴനയിലയിൽ കുമ്പിളപ്പമായും പാകപ്പെടുത്തിക്കഴിക്കും. "
"മിഥുനം, കർക്കിടകം എന്നീ മാസങ്ങളിൽ നല്ല മാങ്ങയുടെ അണ്ടി ഉപയോഗിച്ചു ചില ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്നു. നല്ല മാങ്ങയുടെ അണ്ടി വെട്ടിപ്പൊളിച്ചു കാമ്പെടുത്ത് ഉണക്കി ഇടിച്ച് വെള്ളത്തിൽ ഇടുക. എന്നിട്ട് അതിൻ്റെ കട്ടുകളഞ്ഞ് ഊറ്റിയെടുത്ത് അരിപ്പൊടി, ശർക്കര, നാളികേരം, ഉള്ളി, ജീരകം എന്നിവ ചേർത്ത് കുറുക്ക്, അട, കുമ്പിളിയപ്പം എന്നീ വിഭവങ്ങൾ തയ്യാറാക്കാം. ശരീരത്തിനു നല്ല പോഷകഗുണം പ്രദാനം ചെയ്യുന്ന ഒരു ഭക്ഷണപദാർത്ഥമാണ് മാങ്ങയണ്ടി. സന്ധിവേദനയ്ക്ക് മാങ്ങയണ്ടി അരച്ചു കട്ടുകളഞ്ഞ് ശർക്കരയിട്ട് കുറുക്കി സേവിക്കുക പതിവായിരുന്നു, പണ്ട്. "
Show more
|
.സി.ആർ.രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: മാങ്ങാണ്ടിക്കഞ്ഞിയും പുളിങ്കുരുപ്പുട്ടും (ഡോ. എൽ. തോമസ് കുട്ടി), ഡി. സി. ബുക്സ്, കോട്ടയം, 2021, പുറം 761, അതേ പുസ്തകം, പൈതൃകം ശേഖരിച്ച ലേഖനം: നാടൻ ഭക്ഷണയിനങ്ങൾ (സന്തോഷ് സി. കെ.), പുറം 775 ..Link
|
| 17 | Grihavaidyathile Kannmashi |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
" തിളക്കമാർന്ന കണ്ണോടുകൂടിയുള്ള ഉണ്ണികൾ ജനിക്കുന്നതിനായുള്ള ഭക്ഷ്യ-പോഷക ഔഷധ ഗുണങ്ങളുള്ള ആഹാര പാനീയവിധികൾ കാരണവക്കൂട...
" തിളക്കമാർന്ന കണ്ണോടുകൂടിയുള്ള ഉണ്ണികൾ ജനിക്കുന്നതിനായുള്ള ഭക്ഷ്യ-പോഷക ഔഷധ ഗുണങ്ങളുള്ള ആഹാര പാനീയവിധികൾ കാരണവക്കൂട്ടങ്ങൾ നല്കിവന്നു. ആട്ടിൻപാലും പഴവർഗങ്ങളും കണ്ണിന് ഉപകാരപ്രദമാകുമത്രേ. അമ്മ കഴിക്കുന്ന ഇലക്കറികളുടെ ഗുണങ്ങൾ കുഞ്ഞിനുതന്നെയാണു ലഭിക്കുന്നത്. പത്തെലകൾ ഒരു ഗർഭിണി ഭക്ഷണക്രമത്തിൻ്റെ ഭാഗമാക്കണം. പ്രത്യേകിച്ച് മുരിങ്ങയില, ചീരയില, തവിഴായ്മയില എന്നിവ.
കുഞ്ഞു ജനിച്ചുകഴിഞ്ഞാൽ കണ്ണും മുഖവും കഴുകുന്ന ഒരു ചടങ്ങുണ്ട്. ആൺകുഞ്ഞാണെങ്കിൽ അമ്മാവനും പെൺകുഞ്ഞാണെങ്കിൽ അമ്മായിയുമാണ് ഈ 'മുഖം കഴുകൽ' നടത്തുന്നത്. ആദ്യം കുട്ടിയുടെ ശ്രവണേന്ദ്രിയമാണു തെളിയുന്നത്. പിന്നീടാണ് കണ്ണു തെളിയുന്നത്. മുഖം കഴുകുന്നയാളുടെ സ്വഭാവം കുഞ്ഞിനും ലഭിക്കുമത്രേ. കിണറിൽനിന്നുള്ള ശുദ്ധജലമോ ഇളനീർ വെള്ളമോ ഇതിനുപയോഗിച്ചു വന്നു. കണ്ണു തുടയ്ക്കാൻ വെളുത്ത കോട്ടൻ തുണി തന്നെ വേണം. ജനിച്ച് 28 ദിവസം കഴിയുമ്പോൾ കൺമഷി എഴുതിത്തുടങ്ങുന്നതിൽനിന്ന് കണ്ണിൻ്റെ രക്ഷ ആരംഭിക്കുന്നുവെന്നു പറയാം. ആൺകുട്ടിയായാലും പെൺകുട്ടിയായാലും 'വാലിട്ട് നീട്ടിയെ ഴുതണം.' നാടൻ കരിമഷി പ്രയോഗങ്ങൾ പലതുണ്ട്.
വെറ്റില, നാരങ്ങ, ദശപുഷ്പങ്ങൾ ഇവയുടെ നീര് നല്ല വെള്ളത്തുണിയിൽ മുക്കി ഉണക്കുന്നു. ഇത് പല പ്രാവശ്യം ആവർത്തിക്കണം. തുടർന്ന് നിലവിളക്കിൽ എള്ളെണ്ണ ഒഴിച്ച് തിരി തെറുത്തു കത്തിച്ച് നാളം ഒരു പുത്തൻ ചട്ടിയിലോ ഓട്ടുപാത്രത്തിലോ കാണിച്ച് കരിപിടിപ്പിക്കണം. ഇത് എത്ര സമയം പിടിപ്പിക്കുന്നുവോ അത്ര കണ്ട് കരിമഷി കിട്ടുന്നു. കരിമഷി നിറഞ്ഞാൽ പ്ലാവിലകൊണ്ട് വടിച്ചെടുത്ത് വാഴപ്പോളയിൽ സൂക്ഷിക്കുന്നു. ഇതിൽ ആവശ്യത്തിന് നെയ്യ് ചേർത്ത് ഓരോ പ്രാവശ്യവും ഉപയോഗിക്കാം.
കുഞ്ഞിനെ കുളിപ്പിച്ച് എന്നും കണ്ണെഴുതിപ്പിക്കും. കരിങ്കണ്ണ് ഏല്ക്കാതിരിക്കാൻ കൈയിൽ കുപ്പിവളകൾ അണിയിക്കും. പണ്ടൊക്കെ വീട്ടിൽ കൺമഷി ഉണ്ടാക്കുകയാണു പതിവ്. പൂവാംകുറുന്നിലയുടെ നീരിൽ തിരിമുക്കി വെയിലത്തുവെച്ച് ഉണക്കിയത് ഒരു പുത്തൻ മൺച്ചട്ടി കമിഴ്ത്തിപ്പിടിച്ച് ഉള്ളിലേക്കു കത്തിച്ച് പിടിക്കുക. ആ കരിയും വെണ്ണയും ചാലിച്ചാണ് കൺമഷി ഉണ്ടാക്കുന്നത്. കണ്ണ് ഏല്ക്കാതിരിക്കാൻ കുട്ടികളുടെ കവിളത്ത് ഒരു 'ബ്യൂട്ടിസ്പോട്ടും' തൊട്ടിരിക്കും. നെറ്റിയിലെ പൊട്ട് അല്പം ചെരിച്ചിട്ടാണ് തൊട്ടുകൊടുക്കുക. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 3), പൈതൃകം ശേഖരിച്ച ലേഖനം :കണ്ണഴക് (ഡോ. വി. ശോഭ ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 2516, ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച ലേഖനം: പ്രസവവും പരിരക്ഷയും കേട്ടറിവും ചെയ്തറിവും (ഡോ. ലീന എം. എ.), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 767..Link
|
| 18 | Uppuchollukal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | <p>സാവിത്രി ബ്രാഹ്മണിയമ്മ,</p>
<p>എം.പി.വാസുദേവൻ,</p>
<p>കെ. വിജയകുമാർ.</p>
|
1. ഉപ്പധികമായാൽ വെള്ളം, വെള്ളം അധികമായാൽ ഉപ്പ്
2. ഉപ്പിനോടൊക്കുമോ ഉപ്പിലിട്ടത്
3. ഉപ്പിടാക്കൈ ഉടലോടെ തുലയും
4. ...
1. ഉപ്പധികമായാൽ വെള്ളം, വെള്ളം അധികമായാൽ ഉപ്പ്
2. ഉപ്പിനോടൊക്കുമോ ഉപ്പിലിട്ടത്
3. ഉപ്പിടാക്കൈ ഉടലോടെ തുലയും
4. അറുത്തകൈക്കുപ്പു തേയ്ക്കാത്തവൻ
5. ഉപ്പിട്ടവരെ ഉള്ളകാലം നിനയ്ക്ക
6. ഉപ്പിട്ട കഞ്ഞീം ചെരിപ്പിട്ട കാലും (രണ്ടും ദുശ്ശീലമെന്നു വ്യംഗ്യം)
7. ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനവും പഴക്കത്തിനില്ല
8. ഉപ്പിലും കയറിയോ അട്ട?
9. ഉപ്പുകേറ്റുമ്പോൾ വെള്ളം കേറ്റും (പരസ്പരവിരുദ്ധമായ സ്വഭാവം)
10. ഉപ്പില്ലാക്കറി കുപ്പയിൽക്കളയണം
11. ഉപ്പുകൂട്ടിക്കൊടുത്താൽ ഉചിതമുണ്ടാകും
12. ഉപ്പിനേക്കാളേറെ ഉപ്പിലിട്ടത്
13. ഉപ്പിനോടൊക്കുമോ ഉപ്പിലിട്ട വട്ടി?
14. ഉപ്പും വിൽക്കാം ഊട്ടും കാണാം
15. ഉപ്പും പുളിയും തട്ടുന്ന നാവല്ലേ, തപ്പും പിഴയും ഉണ്ടാകും
16. ഉയിരിരുന്നാൽ ഉപ്പുവിറ്റും കഴിയാം
17. ഉപ്പുകൊണ്ട് വേണ്ടത് കർപ്പൂരംകൊണ്ടരുത്
18. ഉപ്പുണ്ടെങ്കിൽ പരിപ്പില്ല, പരിപ്പില്ലെങ്കിൽ ഉപ്പില്ല
19. ഉപ്പു തിന്നവൻ വെള്ളം കുടിക്കും
20. ഉപ്പും കൊള്ളാം വാവും കുളിക്കാം
21. ഉപ്പുതൊട്ട് ഉരലു വിഴുങ്ങുമോ?
22 ഉപ്പും തിന്ന് ഉച്ചയ്ക്കാണു വരുന്നത് (പ്രതിഫലം മുൻകൂർ വാങ്ങിയിട്ട് പണിക്കു വരുന്നത് വൈകുമ്പോൾ)
23. ഉപ്പും ചിരട്ട തോണ്ടിക്കും (പാപ്പരാവും)
24. ഉപ്പും വിൽക്കാം ഊരും കാണാം
25. ഉപ്പും കർപ്പൂരവും ഒന്നിച്ചുചേരുമോ?
26. ഉപ്പു വിറ്റുനടക്കുന്നവന് കർപ്പൂരത്തിന്റെ വില അറിയാമോ?"
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം :കറിയുപ്പും കേരളീയരും (ഇ.എച്ച്.ദേവി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 749 - 750..Link
|
| 19 | Chakka Vibhavangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"വിളഞ്ഞ ചക്ക നീളത്തിൽ അരിഞ്ഞ് ഉണക്കി സൂക്ഷിക്കുന്നു. വളരെക്കാലം കേട് വരികയില്ല. ഇത് ആവശ്യാനുസരണം ഉപ്പേരിക്കായും മെഴ...
"വിളഞ്ഞ ചക്ക നീളത്തിൽ അരിഞ്ഞ് ഉണക്കി സൂക്ഷിക്കുന്നു. വളരെക്കാലം കേട് വരികയില്ല. ഇത് ആവശ്യാനുസരണം ഉപ്പേരിക്കായും മെഴുക്കുപുരട്ടിക്കായും ഉപയോഗിക്കുന്നു. ചക്കയുടെ കരിമുള്ളും ചവിണിയും മാറ്റി കൂഞ്ഞി എടുത്ത് ചതുരത്തിൽ ചെറിയ കഷണങ്ങളാക്കി ഇറച്ചി വയ്ക്കുന്നപോലെ വയ്ക്കാം.
ചക്കക്കുരു പുലയൽ: ചക്കക്കുരു കനം കുറച്ച് നീളത്തിൽ അരിഞ്ഞ് ചുവന്നുള്ളി, പച്ചമുളക് ഇവ കനം കുറച്ചരിഞ്ഞതും തേങ്ങയും കൂട്ടി കൈ കൊണ്ട് ഇളക്കി കൂട്ടിച്ചേർത്ത് മാറ്റിവയ്ക്കുന്നു. ശേഷം കടുകു വറുത്ത് പൊട്ടുമ്പോൾ ഇതും ചേർത്ത് വേവിക്കുന്നു. വെള്ളം ഉപയോഗിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ചക്കക്കുരു തോരൻ: തൊലി ചുരണ്ടി, മഞ്ഞൾ, ഉപ്പ്, മുളക് അരച്ചത് ഇവ ചേർത്ത് വേവിച്ചതിനുശേഷം കുരു അരകല്ലിൽ വച്ച് ഇടിച്ചു പൊടിക്കുന്നു. നാളികേരവും ഇതിൽ കൂട്ടിച്ചേർത്തു കടുകു വറുത്ത് ഉപയോഗിക്കുന്നു. ഇതുപോലെ വേവിച്ചെടുത്ത ചക്കക്കുരു മുഴുവനോടെ വെളിച്ചെണ്ണയിൽ വറുത്തും കഴിക്കാം. ചക്കക്കുരു കനം കുറഞ്ഞ് വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് ഉപ്പേരിയായി ഉപയോഗിക്കുന്നു. "
ഇടിയൻ ചക്കത്തോരൻ: ചക്ക കൂപ്പാവുന്നതിനു മുമ്പ് പറിച്ചെടുത്ത് ചെറിയ കഷണമാക്കി മുകളിലെ മുള്ള് ചെത്തിക്കളയണം. മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ച ശേഷം നല്ലപോലെ ചതയ്ക്കണം. അരി, കടുക്, മുളക്, കറിവേപ്പില ഇവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചക്ക ചതച്ചത് അതിലിട്ട് ചിരവിയ നാളികേരം കൂടി ചേർത്ത് ഇളക്കി വാങ്ങുക. ഇടിയൻ ചക്ക ആനയ്ക്ക് വളരെയിഷ്ടമാണ്.
ചക്കമുളകോഷ്യം: മൂത്ത ചക്ക ഞവിണികളഞ്ഞ് കുരുനീക്കി ചുള ചെറുതാക്കി അരിഞ്ഞ് കഴുകി വേവിക്കുക. മുളക്, മഞ്ഞൾ, ഉപ്പ് ഇവ ചേർക്കണം. വെന്തു കഴിയുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കണം.
ചക്ക എരിശ്ശേരി: ചക്ക ചെറുതാക്കി നുറുക്കി കഴുകി കുറച്ചു വെള്ളത്തിൽ മഞ്ഞൾ പ്പൊടി, ഉപ്പ്, മുളകുപൊടി അല്ലെങ്കിൽ കുരുമുളകുപൊടി ചേർത്ത് വേവിക്കുക. ചക്ക വേവുമ്പോൾ നാളികേരം, ജീരകം ഇവ അരച്ച് ചേർക്കുക. വാങ്ങിയിട്ട് നാളികേരം ചിരകിയത് വെളിച്ചെണ്ണയിൽ ചുവക്കെ മൂപ്പിച്ച് ചേർക്കുക.
ചക്ക വറുത്തത്: ചക്കച്ചുള ഒരു വിരൽ നീളത്തിൽ മൂന്നോ നാലോ ആയി മുറിച്ച് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ആവശ്യത്തിന് ഉപ്പ് തളിക്കണം.
ചക്കവരട്ടി: നല്ല വരിക്കച്ചക്ക നാരും കുരുവും നീക്കി ചെറുതാക്കി അരിഞ്ഞ് ഉരുളിയിൽ അല്പം വെള്ളത്തിൽ നാളികേരപ്പാലിൽ വേവിക്കുക. വേകുമ്പോൾ നല്ലതുപോലെ ഉടയ്ക്കുക. ശർക്കര ഉരുക്കി അരിച്ചെടുത്ത് ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക. ഇളക്കിക്കൊണ്ടിരിക്കണം. അല്പം നെയ്യ് ചേർക്കണം. ഹലുവ പാകമാകുമ്പോൾ വാങ്ങിവയ്ക്കുക. വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ കുറേ നാൾ കേടുകൂടാതിരിക്കും. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം: അന്നത്തിന്റെ നാട്ടറിവുകൾ (എൻ. കെ. കണ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 743 - 744, അതേ പുസ്തകം, പൈതൃകം ശേഖരിച്ച ലേഖനം: ചക്കവിഭവങ്ങൾ (രാജു കുണ്ടൂർ), പുറം 751 ..Link
|
| 20 | Kappa Vibhavangal |  | ഡോ. സരിത എസ്. എസ്. | പുസ്തകങ്ങൾ | |
"കപ്പ ഇന്നും എല്ലായിടത്തും ലഭിക്കുമെങ്കിലും പഴയ കാലത്തെ പ്രധാന ആഹാരങ്ങളിൽ ഒന്നായിരുന്നു. കപ്പകൊണ്ട് ധാരാളം വിഭവങ്ങൾ...
"കപ്പ ഇന്നും എല്ലായിടത്തും ലഭിക്കുമെങ്കിലും പഴയ കാലത്തെ പ്രധാന ആഹാരങ്ങളിൽ ഒന്നായിരുന്നു. കപ്പകൊണ്ട് ധാരാളം വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. പഞ്ഞമാസത്തിലെ സാധാരണക്കാരുടെ ഭക്ഷണം തന്നെ കപ്പയായിരുന്നു. കപ്പ പല രീതിയിൽ തയ്യാറാക്കി ശേഖരിച്ചിരുന്നു.
വെള്ളുകപ്പ: പുറംതൊലി കളഞ്ഞു കൊത്തിയെടുത്ത് ഉണക്കി സൂക്ഷിക്കുന്നു. വെള്ളുകപ്പകൊണ്ടുള്ള പുട്ട് ഉണ്ടാക്കുന്നത്- മൺകലത്തിന്റെ അകത്ത് ചിരട്ട, വിറകുകഷണം, തൊണ്ട് ഇവ ഇട്ട് വെള്ളം ഒഴിച്ച് കലത്തിൻ്റെ വായ് തുണികൊണ്ട് മൂടിക്കെട്ടി അടുപ്പത്ത് വയ്ക്കുന്നു. തുണിക്കു മീതേ കപ്പപ്പൊടി നനച്ചത് ഇടുന്നു. പിന്നീട് ഇത് മറ്റൊരു അടപ്പുപാത്രം വച്ച് മൂടുന്നു. ഇടയ്ക്ക് ഇത് ഇളക്കിക്കൊടുക്കണം. കട്ട കെട്ടാതിരിക്കാനാണിത്. തേങ്ങ ആവശ്യത്തിന് ഉപയോഗിക്കും. ഇപ്പോഴത്തെ പ്രഷർ കുക്കറിൻ്റെ പഴയ രൂപമാണിത്.
വാട്ടുകപ്പ: കപ്പ പുറം തൊലി കളഞ്ഞ് കുറച്ച് കനത്തിൽ വിരൽ നീളത്തിൽ ചീന്തി അരിഞ്ഞ് വലിയ വാർപ്പിൽ വെള്ളം തിളപ്പിച്ചതിനു ശേഷം വാട്ടുന്നു. കപ്പയിട്ടതിനുശേഷം വെള്ളം തിളപ്പിക്കുവാൻ പാടില്ല. ചെറിയ വാട്ടം വന്നാൽ എടുത്ത് പറമ്പിലോ പാറപ്പുറത്തോ ഇട്ട് ഉണക്കി എടുക്കാം. ചിക്കുവാനോ ഒരിടത്തുനിന്ന് മാറ്റുവാനോ പാടില്ല. അങ്ങനെ ചെയ്താൽ കപ്പ പിളർക്കും. വാട്ടുകപ്പയുടെ കൂടെ പയർ, മുതിര എന്നിവ ചേർത്തു പുഴുക്കുണ്ടാക്കി കഴിക്കാം. വെറുതേ വേവിച്ച് തേങ്ങ ചേർത്തും കഴിക്കാം.
അവിലുകപ്പ: തൊലി കളഞ്ഞ് വളരെ ചെറുതാക്കി അവില് വലിപ്പത്തിലും കനത്തിലും അരിഞ്ഞതിനുശേഷം തിളച്ചവെള്ളം അടുപ്പിൽനിന്നിറക്കി ഇതിൽ കപ്പയിട്ട് വേഗം കോരുക. പനമ്പിലിട്ട് ഉണക്കി വൃത്തിയായി സൂക്ഷിക്കാം. ശർക്കരയും തേങ്ങയും ചേർത്ത് പൊടിച്ച് തിരുമ്മി ഉണ്ടയാക്കി കാപ്പിപ്പലഹാരമായി ഉപയോഗിച്ചിരുന്നു.
ഉപ്പേരിക്കപ്പ: പൂർണ്ണമായും തൊലികളഞ്ഞ് അര ഇഞ്ച് നീളത്തിൽ കനം കുറച്ച് അരിഞ്ഞ് വെള്ളം തിളപ്പിച്ചു വാങ്ങിവച്ച് അതിലിട്ട് വാട്ടി വെയിലത്തുണക്കിയശേഷം വെളിച്ചെണ്ണയിൽ വറുത്ത് ഉപ്പേരിയായി ഉപയോഗിക്കാം. ഇതിൽ ശർക്കരയും തേങ്ങയും ചേർത്ത് ഉരലിൽ പൊടിച്ചാണ് പല്ലു പോയവർ കഴിച്ചിരുന്നത്. "
Show more
|
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1 ), പൈതൃകം ശേഖരിച്ച ലേഖനം : അന്നത്തിന്റെ നാട്ടറിവുകൾ (എൻ. കെ. കണ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം: 743 - 744..Link
|